സിനിഡബ്‌സ് സംയോജനത്തിലൂടെ പ്രവേശനക്ഷമതയും ഉള്‍ച്ചേര്‍ക്കല്‍ സമീപനവും മെച്ചപ്പെടുത്തി 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള
'സിനിഡബ്‌സ്' സംയോജനത്തിലൂടെ ചലച്ചിത്രാനുഭവം എല്ലാവര്‍ക്കും പ്രാപ്യമാക്കി ഉള്‍ച്ചേര്‍ക്കല്‍ സമീപനം മെച്ചപ്പെടുത്തി 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള
സിനിമ എല്ലാവര്‍ക്കും പ്രാപ്യമാക്കുകയെന്ന പ്രതിബദ്ധതയ്ക്ക് കരുത്തേകി സിനിഡബ്‌സ് എന്ന ബഹുഭാഷാ ശ്രവ്യസഹായ അപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്‌ഐ). ചലച്ചിത്രമേളയിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ട ഭാഷയില്‍ ആസ്വദിക്കാന്‍ ഈ നൂതന സംവിധാനം വഴിയൊരുക്കുന്നു. വൈവിധ്യത്തെ ഉള്‍ക്കൊള്ളാനും ഉള്‍ച്ചേര്‍ക്കല്‍ പ്രോത്സാഹിപ്പിക്കാനും സിനിമ എല്ലാവര്‍ക്കും പങ്കുവെയ്ക്കലിന്റെ അനുഭവമാണെന്ന് ഉറപ്പാക്കാനും ലക്ഷ്യമിടുന്ന മേളയുടെ കാഴ്ചപ്പാടാണ് ഈ നൂതന ചുവടുവെപ്പിലൂടെ പ്രതിഫലിക്കുന്നത്.
സിനിഡബ്‌സ്: സിനിമ തടസങ്ങളില്ലാതെ
സിനിമ ഏത് ഭാഷയിലാണോ പ്രദര്‍ശിപ്പിക്കുന്നത് എന്നത് പരിഗണിക്കാതെ പ്രേക്ഷകരുടെ ഇഷ്ട ഭാഷയില്‍ തിയറ്ററിനകത്ത് സിനിമ ആസ്വദിക്കാന്‍ സിനിഡബ്‌സ് ആപ്പ് ഉപയോഗിച്ച് സാധിക്കുന്നു. ലളിതവും സുഗമവുമായ പ്രക്രിയയിലൂടെ ഉപയോക്താക്കള്‍ക്ക്:
ഇഷ്ട ഭാഷയിലെ ഓഡിയോ ട്രാക്ക് ആപ്പില്‍ ഡൗണ്‍ലോഡ് ചെയ്യാം.
പേറ്റന്റ് നേടിയ ഓഡിയോ സമന്വയ സാങ്കേതികവിദ്യ ഉപയോഗിച്ച് സിനിമയുടെ ശബ്ദവുമായി ആപ്പിന് സ്വയം സംയോജിപ്പിക്കാനാവുന്നു.
തടസരഹിതവും വ്യക്തിഗതവും വിസ്മയകരവുമായ ചലച്ചിത്രാനുഭവം ഇതുവഴി നേടാം.
ഭാഷാപരമായ അതിരുകള്‍ ഭേദിക്കുന്നതിലൂടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഭാഷാ പശ്ചാത്തലങ്ങളില്‍ നിന്നും എത്തുന്ന പ്രേക്ഷകര്‍ക്ക് ഒത്തുചേരാനും എല്ലാവരെയും യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന അന്തരീക്ഷത്തില്‍ സിനിമ ആഘോഷിക്കാനും സിനിഡബ്‌സ് അവസരമൊരുക്കുന്നു.
സിനിഡബ്‌സിന്റെ പ്രയോജനങ്ങള്‍
തിയറ്ററുകളിലും പ്രദര്‍ശനങ്ങളിലും ഒരേ പ്രദര്‍ശനത്തില്‍ ബഹുഭാഷാ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സിനിഡബ്‌സിന് സാധിക്കുന്നു. ഭാഷാ നിര്‍ദിഷ്ട പ്രദര്‍ശനങ്ങളിലെ പങ്കാളിത്തം മെച്ചപ്പെടുത്തുന്ന ഈ സാധ്യത തിയറ്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നു. സിനിമാ പ്രേമികള്‍ക്ക് ഇഷ്ട ഭാഷയില്‍ ചലച്ചിത്രങ്ങള്‍ ആസ്വദിക്കാനും ഭാഷാ പരിമിതികള്‍ക്കപ്പുറം പ്രാദേശികവും ആഗോളവുമായ സിനിമകള്‍ കണ്ടെത്താനും ആസ്വദിക്കാനും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചലച്ചിത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കാനും ഇതുവഴി സാധിക്കുന്നു.
മികച്ച ഓഡിയോ ലഭ്യതയുമായി 56-ാമത് ചലച്ചിത്രമേള
ചലച്ചിത്രാനുഭവം എല്ലാവര്‍ക്കും പ്രാപ്യമാക്കുകയെന്ന ലക്ഷ്യം മികച്ച നിലയില്‍ കൈവരിക്കാന്‍ ഐഎഫ്എഫ്‌ഐ അവതരിപ്പിച്ച പ്രത്യേക പ്രദര്‍ശനങ്ങളില്‍ ചിലത്:
ഓഡിയോ വിവരണം (എഡി):
ദൃശ്യ ഘടകങ്ങള്‍ വിവരണാത്മകമായി നല്‍കുന്നു. കാഴ്ചപരിമിതിയുള്ള പ്രേക്ഷകരെ സിനിമയുടെ കഥാവിഷ്‌ക്കാരത്തില്‍ പൂര്‍ണമായി പങ്കുചേരാന്‍ ഇത് സഹായിക്കുന്നു.
ക്ലോസ്ഡ് ക്യാപ്ഷനുകള്‍ (സിസി)
സംഭാഷണങ്ങളും ശബ്ദ സൂചനകളും മറ്റ് പ്രധാന ശബ്ദ ഘടകങ്ങളും സ്‌ക്രീനില്‍ എഴുതി നല്‍കുന്നു. കേള്‍വി പരിമിതരായ പ്രേക്ഷകരെ ഇത് സഹായിക്കുന്നു.
കാഴ്ചയുടെയോ കേള്‍വിയുടെയോ ശേഷി പരിഗണിക്കാതെ എല്ലാ പ്രേക്ഷകര്‍ക്കും സിനിമയുടെ മാന്ത്രികത അനുഭവിക്കാനാവുന്ന ഉള്‍ച്ചേര്‍ക്കലിന്റെ ചലച്ചിത്രാന്തരീക്ഷം ഓഡിയോ വിവരണത്തിലൂടെയും ക്ലോസ്ഡ് ക്യാപ്ഷനുകളിലൂടെയും ഉറപ്പാക്കുന്നു.
കൂടുതല്‍ ഉള്‍ച്ചേര്‍ക്കലിന്റെ ഭാവിയ്ക്കായി ഒരു ചുവട്
സിനിഡബ്‌സിന്റെ സംയോജനത്തിലൂടെയും ചലച്ചിത്രാനുഭവം എല്ലാവര്‍ക്കും പ്രാപ്യമാക്കുന്ന മറ്റ് മികച്ച സവിശേഷതകളിലൂടെയും 56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള ആഗോള ചലച്ചിത്രോത്സവങ്ങളില്‍ ഉള്‍ച്ചേര്‍ക്കലിന്റെ അതിരുകള്‍ ഭേദിക്കുന്നത് തുടരുകയാണ്. ഭാഷയും പ്രാപ്യതയുമായി ബന്ധപ്പെട്ട തടസങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം അവ പ്രേക്ഷകരെ ഒരുമിപ്പിക്കുന്ന പാലങ്ങളായി മാറുന്ന ചലച്ചിത്ര വേദിയൊരുക്കാന്‍ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള മുന്നോട്ടുവെയ്ക്കുന്ന പ്രതിബദ്ധത ഈ സംരംഭം ആവര്‍ത്തിച്ചുറപ്പിക്കുന്നു.
***
Release ID:
2195041
| Visitor Counter:
5