ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

2026 ജൂലൈ 01 മുതൽ ഗ്രാമീണ ഇന്ത്യയിലുടനീളം വിക്സിത് ഭാരത് - ജി റാം ജി ആക്ടിന് ചരിത്രപരമായ തുടക്കം

പോസ്റ്റഡ് ഓണ്‍: 11 MAY 2026 12:09PM by PIB Thiruvananthpuram
ഗ്രാമീണ വികസന യാത്രയിലെ നിർണായകമായ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, ഇന്ത്യാ ഗവണ്മെന്റ്  2026 മെയ് 11-ന് 'വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)' [VB–G RAM G] ആക്ട് 2025 നടപ്പിലാക്കുന്നത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. 2026 ജൂലൈ 1 മുതൽ രാജ്യവ്യാപകമായി ഇത് പ്രാബല്യത്തിൽ വരും.
 
വിബി –ജി റാം ജി ആക്ട് നിലവിൽ വരുന്നതോടെ, 2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) അതേ തീയതി മുതൽ റദ്ദാക്കപ്പെടും. ഇന്ത്യയുടെ ഗ്രാമീണ വികസന ചട്ടക്കൂടിലെ ചരിത്രപരമായ മാറ്റത്തെയാണിത് സൂചിപ്പിക്കുന്നത്. വികസിത് ഭാരത് @2047 എന്ന ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി, സംയോജിതവും ഭാവി ലക്ഷ്യമാക്കിയുള്ളതും ഉൽപ്പാദനക്ഷമതയുള്ളതുമായ ഗ്രാമീണ പരിവർത്തനത്തിന്റെ പുതിയ യുഗത്തിന് ഇത് തുടക്കം കുറിക്കുന്നു.
 
പുതിയ നിയമപ്രകാരം, അവിദഗ്ധ തൊഴിൽ ചെയ്യാൻ സന്നദ്ധരായ മുതിർന്ന (18 വയസ്സിനു മുകളിൽ പ്രായമുള്ളവർ)  അംഗങ്ങളുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഓരോ സാമ്പത്തിക വർഷവും 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴിൽ നിയമപരമായ ഗ്യാരണ്ടിയായി ലഭിക്കാൻ അർഹതയുണ്ട്. ഉപജീവന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഗ്രാമതലത്തിലുള്ള സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനുമാണ് ഈ മെച്ചപ്പെടുത്തിയ തൊഴിലുറപ്പ് ലക്ഷ്യമിടുന്നത്.
 
വിബി–ജി റാം ജി ആക്ട്മായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
 
തൊഴിലാളികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ അവർക്ക് തൊഴിൽ നൽകും. ഇതിൽ വീഴ്ച വരുത്തിയാൽ, നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തൊഴിലില്ലായ്മ വേതനം ലഭിക്കാൻ തൊഴിലാളികൾക്ക് അർഹതയുണ്ടായിരിക്കും.
 
സമയബന്ധിതവും സുതാര്യവുമായി വേതനം നൽകുന്നതിന് ഈ നിയമം വലിയ പ്രാധാന്യം നൽകുന്നു. നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം (Direct Benefit Transfer) വഴി തൊഴിലാളികളുടെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിലേക്ക് നേരിട്ട് വേതനം കൈമാറുന്നത് തുടരും. ആഴ്ചതോറും അല്ലെങ്കിൽ മസ്റ്റർ റോൾ അവസാനിപ്പിച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ വേതനം നൽകേണ്ടതാണ്. ഇതിൽ കാലതാമസമുണ്ടായാൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നഷ്ടപരിഹാരത്തിന് തൊഴിലാളികൾക്ക് അർഹതയുണ്ടായിരിക്കും.
 
വികസിത് ഭാരത് - ജി റാം ജി ആക്ട് 2025-ന്റെ ഫലപ്രദമായ നടത്തിപ്പിനായി ഇന്ത്യാ ഗവണ്മെന്റ് സമഗ്രമായ സാമ്പത്തിക വ്യവസ്ഥകൾ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി, 2026-27 സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര ഗവണ്മെന്റ്  95,692.31 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇത് ഗ്രാമീണ തൊഴിൽ പദ്ധതിക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് ഘട്ടത്തിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിഹിതമാണ്. സംസ്ഥാനങ്ങളുടെ വിഹിതം കൂടി ഉൾപ്പെടുത്തിയാൽ, പദ്ധതിയുടെ ആകെ ചെലവ് 1.51 ലക്ഷം കോടി രൂപയിലധികം വരുമെന്നാണ് കണക്കാക്കുന്നത്. ഈ വിഹിതം ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഗ്രാമീണ വരുമാനം വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് പുതിയ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.
 
തടസ്സമില്ലാത്തതും സുഗമവും തൊഴിലാളി കേന്ദ്രീകൃതവുമായ മാറ്റം ഉറപ്പാക്കുന്നതിനായി, പുതിയ നിയമം നിലവിൽ വരുന്നത് വരെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) കീഴിലുള്ള തൊഴിൽ, തടസ്സമില്ലാതെ തുടരും. ജൂൺ 30 വരെയുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ നിലവിലുള്ള പ്രവൃത്തികൾ പുതിയ ചട്ടക്കൂടിലേക്ക് സുഗമമായി മാറ്റുന്നതാണ്. ഗ്രാമീണ തൊഴിലാളികൾക്ക് ജോലി സമയബന്ധിതമായി ലഭ്യമാക്കുന്നതിനും വേതനം വേഗത്തിൽ നൽകുന്നതിനും ഗവൺമെന്റ് മുൻഗണന നൽകുന്നു. പുതിയ നിയമം നിലവിൽ വരുന്നതിന് മുൻപുള്ള കാലയളവിൽ അർഹരായ ഒരു ഗ്രാമീണ കുടുംബത്തിനും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ, ആവശ്യകതയ്ക്കും ഫീൽഡ് തലത്തിലെ ആവശ്യങ്ങൾക്കും അനുസൃതമായി ഗവൺമെന്റ് മതിയായ ലേബർ ബജറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ട്.
 
നിലവിലുള്ള ഇ-കെ‌വൈസി പരിശോധിച്ചുറപ്പിച്ച തൊഴിലുറപ്പ് ജോബ് കാർഡുകൾ, ഗ്രാമീണ റോസ്‌ഗാർ ഗ്യാരണ്ടി കാർഡുകൾ നൽകുന്നത് വരെ പുതിയ പദ്ധതിയിലും സാധുവായിരിക്കും. ജോബ് കാർഡുകൾ ഇല്ലാത്ത തൊഴിലാളികൾക്ക് ഗ്രാമപഞ്ചായത്ത് തലത്തിൽ രജിസ്റ്റർ ചെയ്യുന്നത് തുടരാം. ഇ-കെ‌വൈസി പൂർത്തിയാകാത്തതിന്റെ പേരിൽ മാത്രം തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കില്ല. ഇ-കെ‌വൈസി പൂർത്തിയാക്കുന്നതിനുള്ള സൗകര്യങ്ങൾ സംസ്ഥാന ഗവൺമെന്റുകൾ ഫീൽഡ് തലത്തിൽ തുടർന്നും നൽകുന്നതാണ്.
 
വിബി–ജി റാം ജി ആക്ട് 2025-ന് കീഴിലുള്ള വിവിധ കരട് ചട്ടങ്ങൾ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച് ഗ്രാമവികസന മന്ത്രാലയം തയ്യാറാക്കി വരികയാണ്. അടിസ്ഥാന മാനദണ്ഡങ്ങൾ പ്രകാരമുള്ള വിഹിതം നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങൾ, പരിവർത്തന വ്യവസ്ഥാ നിയമങ്ങൾ, ദേശീയതല സ്റ്റിയറിംഗ് കമ്മിറ്റി നിയമങ്ങൾ, സെൻട്രൽ ഗ്രാമീൺ റോസ്‌ഗാർ ഗ്യാരണ്ടി കൗൺസിൽ നിയമങ്ങൾ, ഭരണപരമായ ചെലവുകൾ സംബന്ധിച്ച നിയമങ്ങൾ, പരാതി പരിഹാര നിയമങ്ങൾ, വേതനവും തൊഴിലില്ലായ്മ വേതനവും നൽകുന്ന രീതിയെക്കുറിച്ചുള്ള നിയമങ്ങൾ, അധിക ചെലവ് വഹിക്കുന്ന രീതിയും നടപടിക്രമങ്ങളും സംബന്ധിച്ച നിയമങ്ങൾ, നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള പദ്ധതിയുടെ ചെലവുകൾ വഹിക്കുന്ന രീതിയെക്കുറിച്ചുള്ള നിയമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
 
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് പുതിയ പദ്ധതിയിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിന് ആവശ്യമായ നിയമ വ്യവസ്ഥകൾ, അനുബന്ധ വ്യവസ്ഥകൾ സംബന്ധിച്ച ചട്ടങ്ങളിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുകളിൽ സൂചിപ്പിച്ച മറ്റ് ചട്ടങ്ങളും തയ്യാറാക്കിയിട്ടുണ്ട്. പൊതുജന അഭിപ്രായങ്ങൾക്കായി അവ ഉടൻ പ്രസിദ്ധീകരിക്കും.
 
വികസിത് ഭാരത് - ജി റാം ജി ആക്ട് 2025, തൊഴിൽ സൃഷ്ടിയിലും ഗ്രാമവികസനത്തിലും ഗ്രാമങ്ങളുടെ സ്വയംപര്യാപ്തതയിലും പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രാമപഞ്ചായത്തുകളെ ഗ്രാമീണ പരിവർത്തനത്തിന്റെ കേന്ദ്രസ്തംഭമായി പ്രതിഷ്ഠിക്കുന്നതിലൂടെ, ശാക്തീകരിക്കപ്പെട്ടതും സമൃദ്ധവും വികസിതവുമായ ഒരു ഗ്രാമീണ ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഈ നിയമം ഒരു സുപ്രധാന നാഴികക്കല്ലായി മാറും.
 
പതിവുചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
 
വിശദമായ ലേഖനം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
*****

( റിലീസ് ഐ.ഡി: 2259788) സന്ദര്‍ശക കൗണ്ടര്‍ : 10