ധനകാര്യ മന്ത്രാലയം
2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ആഭ്യന്തര ഉൽപ്പാദനം 7.4% വളർച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു; 8% ആയിരിക്കും നാമമാത്ര ജിഡിപി (Nominal GDP) വളർച്ച
നാമമാത്ര ജിഡിപി (Nominal GDP) 2025-26 ലെ ആദ്യ മുൻകൂർ കണക്കുകളെക്കാൾ 10.0% വളരുമെന്ന് പ്രതീക്ഷിക്കുന്നു
സേവന മേഖല 9.1% വളർച്ചയോടെ വികാസം പ്രാപിച്ചുകൊണ്ട് വളർച്ചയുടെ പ്രധാന ചാലകശക്തിയായി തുടരുന്നു
ധനകാര്യ കമ്മീഷൻ വഴി സംസ്ഥാനങ്ങളുമായി പങ്കിടുന്ന ആകെ വിഭവങ്ങൾ 2026-27 -ൽ 16.56 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു; ഇതിൽ നികുതി വിഹിതവും (15.26 ലക്ഷം കോടി രൂപ), ധനകാര്യ കമ്മീഷൻ ഗ്രാന്റുകളും (1.4 ലക്ഷം കോടി രൂപ) ഉൾപ്പെടുന്നു
2026-27 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ഗവണ്മെന്റിന്റെ ഫലപ്രദമായ മൂലധനച്ചെലവ് 17.15 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു, അതായത് ജിഡിപിയുടെ 4.4%
കേന്ദ്ര ഗവണ്മെന്റിന്റെ ഫലപ്രദമായ മൂലധനച്ചെലവിൽ കേന്ദ്രത്തിന്റെ മൂലധനച്ചെലവും (12.22 ലക്ഷം കോടി രൂപ), മൂലധന ആസ്തികൾ സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങൾക്കുള്ള ധനസഹായവും (4.93 ലക്ഷം കോടി രൂപ) ഉൾപ്പെടുന്നു
2025-26 സാമ്പത്തിക വർഷത്തിൽ 56.1 ശതമാനമായിരുന്ന കേന്ദ്ര ഗവണ്മെന്റിന്റെ കടബാധ്യത 2026-27 ൽ ജിഡിപിയുടെ 55.6% ആകുമെന്ന് കണക്കാക്കപ്പെടുന്നു
സ്വകാര്യ അന്തിമ ഉപഭോഗച്ചെലവ് (PFCE) 7% വളർച്ച കൈവരിക്കുമെന്ന് കരുതപ്പെടുന്നു, ഇത് ജിഡിപിയുടെ 61.5% വരും. 2012 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്
2026 സാമ്പത്തിക വർഷത്തെ മൊത്തം സ്ഥിര മൂലധന രൂപീകരണത്തിൽ (GFCF) 7.8% വർദ്ധന
ധനക്കമ്മി 4.3% ആയി കണക്കാക്കുന്നു, അതേസമയം 2025-26 ലെ പരിഷ്കരിച്ച കണക്കുകൾ പ്രകാരം 4.4% മാണ് ധനക്കമ്മി
2026-27 ലെ റവന്യൂ കമ്മി 1.5% ആയും ഫലപ്രദമായ റവന്യൂ കമ്മി 0.3% ആയും കണക്കാക്കുന്നു
2026-27 ലെ മൊത്തം നികുതി വരുമാനം ജിഡിപിയുടെ 11.2% ആയി കണക്കാക്കുന്നു.
കറന്റ് അക്കൗണ്ട് കമ്മി 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ 1.3 ശതമാനത്തിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ജിഡിപിയുടെ 0.8 ശതമാനമായി കുറഞ്ഞു.
അനിശ്ചിതമായ ആഗോള താരിഫ് സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയുടെ മൊത്തം കയറ്റുമതി 2025 സാമ്പത്തിക വർഷത്തിൽ 825.3 ബില്യൺ യുഎസ് ഡോളറിലെത്തി
2025 സാമ്പത്തിക വർഷത്തിൽ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) 81.0 ബില്യൺ യുഎസ് ഡോളറായി രേഖപ്പെടുത്തി
प्रविष्टि तिथि:
01 FEB 2026 12:36PM by PIB Thiruvananthpuram
ശക്തമായ ആഭ്യന്തര ആവശ്യകത, ഘടനാപരമായ പരിഷ്കാരങ്ങൾ, സുസ്ഥിരമായ സ്ഥൂല സാമ്പത്തിക (മാക്രോ ഇക്കണോമിക്) അന്തരീക്ഷം എന്നിവയുടെ പിന്തുണയാൽ ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ ശുഭസൂചകമായി തുടരുന്നു. ഈ വർഷം രാജ്യത്തിന് മൂന്ന് സോവറിൻ റേറ്റിംഗ് അപ്‌ഗ്രേഡുകൾ ലഭിച്ചു. കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിനൊപ്പം പാർലമെന്റിൽ സമർപ്പിച്ച മാക്രോ ഇക്കണോമിക് ഫ്രെയിംവർക്ക് സ്റ്റേറ്റ്‌മെന്റ്, മീഡിയം ടേം ഫിസ്ക്കൽ പോളിസി കം ഫിസ്ക്കൽ പോളിസി സ്ട്രാറ്റജി സ്റ്റേറ്റ്‌മെന്റ് എന്നിവ പ്രകാരം, പണപ്പെരുപ്പ സാഹചര്യം ആശങ്കയില്ലാത്ത വിധം നിയന്ത്രണവിധേയമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നു. പൊതു നിക്ഷേപം, നിയന്ത്രണങ്ങൾ ഒഴിവാക്കൽ, തൊഴിൽ വിപണി പരിഷ്കാരങ്ങൾ, മനുഷ്യവിഭവശേഷിയിലെ നിക്ഷേപം, നികുതി പരിഷ്കാരങ്ങൾ, ഡിജിറ്റൽ പരിവർത്തനം, സമ്പദ്‌വ്യവസ്ഥയുടെ ഔദ്യോഗികവൽക്കരണം എന്നിവ സമ്പദ്‌വ്യവസ്ഥയെ ഉയർന്ന വളർച്ചാ പാതയിലേക്ക് നയിക്കുമെന്ന് രേഖ സൂചിപ്പിക്കുന്നു. കോർപ്പറേറ്റ്, സാമ്പത്തിക മേഖലകളിലെ ശക്തമായ ബാലൻസ് ഷീറ്റുകൾ സ്വകാര്യ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും അത് വളർച്ചാ ഗതിയെ ത്വരിതപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
സമഗ്ര സാമ്പത്തിക രൂപരേഖ (മാക്രോ-ഇക്കണോമിക് ഫ്രെയിംവർക്ക് സ്റ്റേറ്റ്മെൻ്റ്)
സാമ്പത്തിക വളർച്ച
ദേശീയ സ്ഥിതിവിവര കാര്യാലയം പ്രസിദ്ധീകരിച്ച ആദ്യ മുൻകൂർ കണക്കുകൾ പ്രകാരം, 2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 7.4 ശതമാനം വളർച്ച നേടുമെന്ന് കണക്കാക്കപ്പെടുന്നു; ഇതേ കാലയളവിലെ നാമമാത്ര ജിഡിപി (Nominal GDP) വളർച്ച 8 ശതമാനമാണ്. 9.1 ശതമാനം വളർച്ചയോടെ സേവന മേഖലയാണ് പ്രധാന വളർച്ചാ ചാലകമായി തുടരുന്നത്. ഉല്പാദന, നിർമ്മാണ പ്രവർത്തന മേഖലകൾ 7 ശതമാനം വളർച്ച രേഖപ്പെടുത്തി. കാർഷിക മേഖല 3.1 ശതമാനം വളർച്ച നേടുമെന്നും കണക്കാക്കപ്പെടുന്നു. 2025-26 ലെ ആദ്യ മുൻകൂർ കണക്കുകളെ അപേക്ഷിച്ച് നോമിനൽ ജിഡിപി 10.0 ശതമാനം വളർച്ച നേടുമെന്ന് ബജറ്റിൽ വ്യക്തമാക്കുന്നു.
ഉപഭോഗവും നിക്ഷേപവും
ആഭ്യന്തര ആവശ്യകത വളർച്ചയുടെ ആണിക്കല്ലായി തുടരുന്നു. സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് (PFCE) 7 ശതമാനം വളർച്ച നേടുമെന്ന് പ്രവചിക്കപ്പെടുന്നു; ഇത് ജിഡിപിയുടെ 61.5 ശതമാനമാണ്, 2012 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗവൺമെൻ്റിൻ്റെ അന്തിമ ഉപഭോഗച്ചെലവും 2025 സാമ്പത്തികവർഷത്തെ 2.3 ശതമാനത്തിൽ നിന്ന് 2026 ൽ 5.2 ശതമാനം വളർച്ചയോടെ ശക്തമായി തിരിച്ചുവരുമെന്ന് കണക്കാക്കപ്പെടുന്നു. യുപിഐ (UPI) ഇടപാടുകൾ, വിമാന-റെയിൽ ഗതാഗതം, ഇ-വേ ബില്ലുകൾ തുടങ്ങിയ ഹൈ-ഫ്രീക്വൻസി സൂചകങ്ങൾ നഗര-ഗ്രാമ ഉപഭോഗത്തിൽ പ്രകടമായ മുന്നേറ്റം പ്രതിഫലിപ്പിക്കുന്നു. നിക്ഷേപ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു; മൊത്തം സ്ഥിര മൂലധന രൂപീകരണം (GFCF) 2026 സാമ്പത്തിക വർഷത്തിൽ 7.8 ശതമാനം വർദ്ധിച്ചു, ഇത് മുൻവർഷത്തേക്കാൾ കൂടുതലാണ്. കൂടാതെ, കഴിഞ്ഞ മൂന്ന് വർഷമായി ജിഡിപിയുടെ ഏകദേശം 30 ശതമാനമായി ജിസിഎഫ്സി (GFCF) സ്ഥിരമായി നിലനിൽക്കുന്നു.
ബാഹ്യ മേഖല
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആകെ കയറ്റുമതി (ചരക്കുകളും സേവനങ്ങളും) 825.3 ബില്യൺ ഡോളറിലെത്തുകയും ഈ മുന്നേറ്റം 2026 സാമ്പത്തിക വർഷത്തിലും തുടരുകയും ചെയ്യുന്നു. അമേരിക്ക ഏർപ്പെടുത്തിയ താരിഫുകൾ നിലനിൽക്കെ തന്നെ, ചരക്ക് കയറ്റുമതി 2.4 ശതമാനവും (2025 ഏപ്രിൽ-ഡിസംബർ), സേവന കയറ്റുമതി 6.5 ശതമാനവും വളർച്ച രേഖപ്പെടുത്തി. 2025 ഏപ്രിൽ-ഡിസംബർ കാലയളവിലെ ചരക്ക് ഇറക്കുമതിയിൽ 5.9 ശതമാനം വർദ്ധനവുണ്ടായി. 2025 സാമ്പത്തിക വർഷത്തിൽ നേരിട്ടുള്ള വിദേശനിക്ഷേപം (FDI) മൊത്തം 81.0 ബില്യൺ ഡോളറായി രേഖപ്പെടുത്തി; 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിൽ മറ്റേതൊരു സാമ്പത്തിക വർഷത്തെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിക്ഷേപം ലഭിച്ചതോടെ ഈ മുന്നേറ്റം കൂടുതൽ ശക്തമായി. കറന്റ് അക്കൗണ്ട് കമ്മി (CAD), 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ (H1) 1.3 ശതമാനത്തിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ജിഡിപിയുടെ 0.8 ശതമാനമായി കുറഞ്ഞു.
മീഡിയം ടേം ഫിസ്ക്കൽ പോളിസി കം സ്ട്രാറ്റജി സ്റ്റേറ്റ്‌മെൻ്റ്
ധനകാര്യ സൂചകങ്ങൾ
2024-25 (പതിവ്), 2025-26 ബജറ്റുകളിൽ സൂചിപ്പിച്ചിട്ടുള്ള കബാധ്യത കുറയ്ക്കാനുള്ള മാർഗം (Debt glide path) തന്നെയാണ് 2026-27 കേന്ദ്ര ബജറ്റിന്റെയും പ്രധാന ധനകാര്യ അടിസ്ഥാനം. 2021-22 സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിച്ച 'ഫിസ്ക്കൽ കൺസോളിഡേഷൻ' (ധനപരമായ ഏകീകരണം) പ്രക്രിയയുടെ പശ്ചാത്തലത്തിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക അച്ചടക്കത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വികസന മുൻഗണനകൾക്ക് ആവശ്യമായ വിഭവങ്ങൾ ലഭ്യമാക്കാൻ ഈ നടപടി ശക്തമായ അടിത്തറ നൽകിയിട്ടുണ്ട്. 2021-22 ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ, 2025-26 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെ എത്തിക്കുക എന്ന ലക്ഷ്യം ഗവണ്മെന്റ് യാഥാർഥ്യമാക്കി. വരും വർഷങ്ങളിൽ കേന്ദ്ര ഗവണ്മെന്റിന്റെ കടബാധ്യത കുറഞ്ഞുവരുന്ന തരത്തിലുള്ള സാമ്പത്തിക നിലപാട് സ്വീകരിക്കാനായിരിക്കും ഗവണ്മെന്റ് പരിശ്രമിക്കുക. 2025-26 ലെ പരിഷ്കരിച്ച കണക്കുകളും (RE), 2026-27 ലെ ബജറ്റ് എസ്റ്റിമേറ്റുകളും(BE) പ്രകാരമുള്ള പ്രധാന ധനകാര്യ സൂചകങ്ങൾ ജിഡിപിയുടെ ശതമാനമായി ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു.


വരവ്
2026-27 ലെ ബജറ്റിൽ, മൊത്തം നികുതി വരുമാനം 44.04 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ഇത് 2025-26 ലെ പരിഷ്ക്കരിച്ച കണക്കുകളേക്കാൾ (RE) 8.0 ശതമാനം വർധന രേഖപ്പെടുത്തുന്നു. മൊത്തം നികുതി വരുമാനത്തിന്റെ 61.2 ശതമാനവും സംഭാവന ചെയ്യുന്നത് പ്രത്യക്ഷ നികുതികളാണ്, ഇത് 26.97 ലക്ഷം കോടി രൂപ വരും. പരോക്ഷ നികുതികൾ 17.07 ലക്ഷം കോടി രൂപയാകുമെന്ന് കണക്കാക്കപ്പെടുന്നു. 2026-27 സാമ്പത്തിക വർഷത്തിൽ മൊത്തം നികുതി വരുമാനവും ജിഡിപിയും തമ്മിലുള്ള അനുപാതം (GTR to GDP ratio) 11.2 ശതമാനമായിരിക്കും. പതിനാറാം ധനകാര്യ കമ്മീഷന്റെ (SFC) നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ആദ്യ വർഷം കൂടിയാണ് 2026-27. വിഭജനാത്മക നികുതി വിഹിതത്തിന്റെ (Divisible pool) 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നത് തുടരണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. കേന്ദ്രത്തിന് ലഭിക്കുന്ന അറ്റ നികുതി വരുമാനം (Net Tax Revenue) 28.67 ലക്ഷം കോടി രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ നികുതിയേതര വരുമാനം 6.66 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. കേന്ദ്രത്തിന്റെ ആകെ റവന്യൂ വരവുകൾ [അറ്റ നികുതി വരുമാനവും നികുതിയേതര വരുമാനവും ചേർത്ത്] 35.33 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. റവന്യൂ വരവുകളിൽ 2025-26 ലെ പരിഷ്കരിച്ച കണക്കുകളേക്കാൾ 5.7 ശതമാനം വളർച്ചയാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
ചെലവ്
കേന്ദ്ര ഗവണ്മെന്റിന്റെ ആകെ ചെലവ് 53.47 ലക്ഷം കോടി രൂപയായിരിക്കുമെന്ന് 2026-27 ലെ ബജറ്റിൽ വ്യക്തമാക്കുന്നു. (ഇത് ജിഡിപിയുടെ 13.6 ശതമാനമാണ്). 2025-26 ലെ പരിഷ്കരിച്ച കണക്കായ (RE) 49.65 ലക്ഷം കോടി രൂപയേക്കാൾ 7.7 ശതമാനം വർദ്ധനവാണ് ഇത് കാണിക്കുന്നത്. ബജറ്റിൽ മൂലധന ചെലവിനായി 12.22 ലക്ഷം കോടി രൂപ (ജിഡിപിയുടെ 3.1 ശതമാനം) ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക മൂലധന സഹായമായ SASCI (Special Assistance as Loan to States for Capital Expenditure) വഴി നൽകുന്ന 2.0 ലക്ഷം കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ മൂലധന ചെലവും, ആസ്തികൾ സൃഷ്ടിക്കുന്നതിനായി നൽകുന്ന ധനസഹായവും (Grants-in-aid) ചേർന്നതാണ് 'ഫലപ്രദമായ മൂലധന ചെലവ്' (Effective Capital Expenditure). ഇവ രണ്ടും ചേർന്ന് സമ്പദ്‌വ്യവസ്ഥയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന നിക്ഷേപങ്ങളായി മാറുന്നു. 2026-27 ബജറ്റിൽ ആസ്തികൾ സൃഷ്ടിക്കുന്നതിനുള്ള ഗ്രാൻഡ്-ഇൻ-എയ്ഡിനായി 4.93 ലക്ഷം കോടി രൂപ (ജിഡിപിയുടെ 1.3 ശതമാനം) മാറ്റിവെച്ചിട്ടുണ്ട്. അതനുസരിച്ച്, 2026-27 സാമ്പത്തിക വർഷത്തിലെ ആകെ ഫലപ്രദമായ മൂലധന ചെലവ് 17.15 ലക്ഷം കോടി രൂപയായി (ജിഡിപിയുടെ 4.4 ശതമാനം) കണക്കാക്കപ്പെടുന്നു.
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതവും ധനകാര്യ കമ്മീഷൻ ഗ്രാന്റുകളും
ധനകാര്യ കമ്മീഷന്റെ (FC) ശുപാർശകൾ പ്രകാരം, കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള കാലയളവിൽ കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം കൈമാറുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, വിഭജനാത്മക നികുതി സമാഹരണത്തിന്റെ (divisible pool) 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന പതിനാറാം ധനകാര്യ കമ്മീഷന്റെ (SFC) ശുപാർശ ഗവണ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. 2026-27 ലെ ബജറ്റിൽ, സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 15.26 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. 2025-26 ലെ പരിഷ്കരിച്ച (RE) 13.93 ലക്ഷം കോടി രൂപയേക്കാൾ കൂടുതലാണിത്. മുൻവർഷങ്ങളിലെ നികുതി വിഹിതവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രത്തിന് ലഭിക്കാനുള്ള കുടിശ്ശികയിനത്തിലുള്ള 9,084.02 കോടി രൂപ കൂടി ഇതിൽ ഉൾപ്പെടുന്നു. 2026-27 ലെ ബജറ്റ് കണക്കുകൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം ജിഡിപിയുടെ 3.9 ശതമാനമാണ്; ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (കുടിശ്ശിക ഉൾപ്പെടെ) 1.33 ലക്ഷം കോടി രൂപ കൂടുതലാണ്. കൂടാതെ, 2026-27 ബജറ്റിൽ ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ 1.4 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. അതനുസരിച്ച്, നികുതി വിഹിതവും ഗ്രാന്റുകളും ഉൾപ്പെടെ ധനകാര്യ കമ്മീഷൻ വഴി സംസ്ഥാനങ്ങൾക്ക് കൈമാറുന്ന ആകെ തുക 16.56 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു.

2026-27 സാമ്പത്തിക വർഷത്തേക്കുള്ള ധനനയ തന്ത്രം
2026-27 സാമ്പത്തിക വർഷത്തെ ധനനയ തന്ത്രം, 2025-26 ലെ ബജറ്റിൽ സൂചിപ്പിച്ചിട്ടുള്ള കടബാധ്യത കുറയ്ക്കാനുള്ള മാർഗം എന്നതിന് അനുസൃതമായി തുടരും. ധനക്കമ്മിയെ പ്രധാന പ്രവർത്തന ലക്ഷ്യമായി നിലനിർത്തിക്കൊണ്ട്, 2030-31 സാമ്പത്തിക വർഷത്തോടെ കടബാധ്യത -ജിഡിപി അനുപാതം 50±1 ശതമാനത്തിൽ എത്തിക്കുക എന്നതാണ് ഇടക്കാല ലക്ഷ്യം. ഈ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, 2026-27 ലെ ബജറ്റ് കണക്കുകൾ പ്രകാരം കേന്ദ്ര ഗവണ്മെന്റിന്റെ കടബാധ്യത-ജിഡിപി അനുപാതം 55.6 ശതമാനവും, ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 4.3 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മൂലധനച്ചെലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുന്നതിലൂടെ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകുക, ആഗോള സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ ആവശ്യമായ സാമ്പത്തിക സാഹചര്യം ഒരുക്കുക, വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ രാജ്യത്തിന്റെ സുസ്ഥിരമായ അഭിവൃദ്ധി ഉറപ്പാക്കുക എന്നിവയാണ് ഈ ധനനയത്തിന്റെ മറ്റ് വശങ്ങൾ. നികുതി നയത്തിലെ പരിഷ്കാരങ്ങൾ, ചെലവ് നയം, ഗവണ്മെന്റ് കടമെടുക്കൽ, വായ്പ ലഭ്യമാക്കൽ, നിക്ഷേപം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
****
NK
(रिलीज़ आईडी: 2221731)
आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
Kannada
,
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Punjabi
,
Gujarati
,
Telugu