രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2026-ലെ റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധന

प्रविष्टि तिथि: 25 JAN 2026 7:50PM by PIB Thiruvananthpuram

എന്റെ പ്രിയപ്പെട്ട സഹപൗരന്മാരേ,

നമസ്കാരം!

സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരായ നാമേവരും അത്യുത്സാഹത്തോടെ റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഈ ദേശീയ ഉത്സവവേളയിൽ നിങ്ങൾക്കേവർക്കും ഞാൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

നമ്മുടെ രാജ്യത്തിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും കുറിച്ച് ചിന്തിക്കാനുള്ള അവസരമാണു ശുഭകരമായ ഈ റിപ്പബ്ലിക് ദിനം നമുക്കു നൽകുന്നത്. നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കരുത്ത്, 1947 ഓഗസ്റ്റ് 15-നു നമ്മുടെ രാജ്യത്തിന്റെ അവസ്ഥയ്ക്കു മാറ്റംവരുത്തി. ഇന്ത്യ സ്വതന്ത്രമായി. നമ്മുടെ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന ശിൽപ്പികളായി നാം മാറി.

1950 ജനുവരി 26 മുതൽ, നമ്മുടെ റിപ്പബ്ലിക്കിനെ ഭരണഘടനാപരമായ ആദർശങ്ങളിലേക്കു നാം നയിച്ചുകൊണ്ടിരിക്കുകയാണ്. അന്നേ ദിവസമാണു നമ്മുടെ ഭരണഘടന പൂർണമായും നിലവിൽ വന്നത്. ജനാധിപത്യത്തിന്റെ ജന്മനാടായ ഇന്ത്യ, ആധിപത്യവ്യവസ്ഥിതിയിൽ നിന്നും മോചിപ്പിക്കപ്പെടുകയും നമ്മുടെ ജനാധിപത്യ റിപ്പബ്ലിക് നിലവിൽവരികയും ചെയ്തു.

ലോകചരിത്രത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക്കിന്റെ അടിസ്ഥാനരേഖയാണു നമ്മുടെ ഭരണഘടന. നമ്മുടെ ഭരണഘടനയിൽ വിഭാവനംചെയ്തിട്ടുള്ള നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങളാണു നമ്മുടെ റിപ്പബ്ലിക്കിനെ നിർവചിക്കുന്നത്. ഭരണഘടനാവ്യവസ്ഥകളിലൂടെ ദേശീയതയുടെ ചൈതന്യത്തിനും രാജ്യത്തിന്റെ ഐക്യത്തിനും കരുത്തുറ്റ അടിത്തറ പാകാൻ ഭരണഘടനാസ്രഷ്ടാക്കൾക്കു സാധിച്ചു.

നമ്മുടെ രാഷ്ട്രത്തെ ഏകീകരിച്ചത് ‘ഉരുക്കുമനുഷ്യൻ’ സർദാർ വല്ലഭ്ഭായ് പട്ടേലാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 31-ന് കൃതജ്ഞതയുള്ള ജനത അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികം ആവേശപൂർവ്വം ആഘോഷിച്ചു. അദ്ദേഹത്തിന്റെ 150-ാം ജയന്തിയോടനുബന്ധിച്ചുള്ള അനുസ്മരണപരിപാടികൾ ഇപ്പോഴും ആഘോഷിക്കുന്നു. ഈ ആഘോഷങ്ങൾ ജനങ്ങൾക്കിടയിൽ ദേശീയ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും ചൈതന്യത്തിനു കരുത്തുപകരുന്നു. വടക്കുമുതൽ തെക്കുവരെയും കിഴക്കുമുതൽ പടിഞ്ഞാറുവരെയും വ്യാപിച്ചിട്ടുള്ള നമ്മുടെ പുരാതന സാംസ്കാരിക ഐക്യത്തിന്റെ ഇഴകൾ നെയ്തതു നമ്മുടെ പൂർവികരാണ്. ഈ ഐക്യബോധത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഓരോ ശ്രമവും അത്യന്തം പ്രശംസനീയമാണ്.

കഴിഞ്ഞ വർഷം നവംബർ 7 മുതൽ, നമ്മുടെ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന്റെ രചനയുടെ 150 വർഷം അടയാളപ്പെടുത്തുന്ന ആഘോഷങ്ങളും സംഘടിപ്പിച്ചുവരുന്നു. ഭാരതമാതാവിന്റെ ദിവ്യരൂപത്തോടുള്ള പ്രാർത്ഥനയായ ഈ ഗീതം ഓരോ ഇന്ത്യക്കാരനിലും ദേശസ്നേഹം നിറയ്ക്കുന്നു. “നമുക്കു വന്ദേമാതരം ജപിക്കാം” എന്ന അർത്ഥത്തിൽ, മഹാനായ ദേശീയ കവി സുബ്രഹ്മണ്യ ഭാരതി തമിഴ് ഭാഷയിൽ “വന്ദേമാതരം യെൻപോം” എന്ന ഗാനം രചിക്കുകയും, വന്ദേമാതരത്തിന്റെ ചൈതന്യവുമായി ജനസമൂഹത്തെ കൂടുതൽ ആഴത്തിൽ കൂട്ടിയിണക്കുകയും ചെയ്തു. മറ്റ് ഇന്ത്യൻ ഭാഷകളിലുള്ള ഈ ഗാനത്തിന്റെ വിവർത്തനങ്ങളും ജനപ്രിയമായി മാറി. ശ്രീ അരബിന്ദോ ഈ ഗാനം ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. അഭിവന്ദ്യനായ ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച ‘വന്ദേമാതരം’ കാവ്യാത്മകമായ നമ്മുടെ ദേശീയ പ്രാർത്ഥനയാണ്.

രണ്ടുദിവസം മുമ്പ്, ജനുവരി 23-നു രാജ്യം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരപൂർവം പ്രണാമം അർപ്പിച്ചു. 2021 മുതൽ, നേതാജിജയന്തി ‘പരാക്രം ദിവസ്’ ആയി ആഘോഷിക്കുന്നു. ജനങ്ങൾക്ക്, പ്രത്യേകിച്ചു യുവാക്കൾക്ക്, അദ്ദേഹത്തിന്റെ അചഞ്ചലമായ ദേശസ്നേഹത്തിൽനിന്നു പ്രചോദനം ഉൾക്കൊള്ളാൻ വേണ്ടിയാണിത്. നേതാജിയുടെ ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം നമ്മുടെ ദേശീയ അഭിമാനത്തിന്റെ  പ്രഖ്യാപനമാണ്.

പ്രിയപ്പെട്ട സഹപൗരന്മാരേ,

നിങ്ങളേവരും ചേർന്നു നമ്മുടെ ഊർജസ്വലമായ റിപ്പബ്ലിക്കിനു കരുത്തുപകരുകയാണ്. നമ്മുടെ മൂന്നു സായുധസേനകളിലെയും ധീരരായ സൈനികർ മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി എപ്പോഴും ജാഗരൂകരാണ്. പൊലീസ് സേനയിലെയും കേന്ദ്ര സായുധ പൊലീസ് സേനയിലെയും അർപ്പണബോധമുള്ള ഉദ്യോഗസ്ഥർ ജനങ്ങളുടെ ആഭ്യന്തരസുരക്ഷയ്ക്കായി നിരന്തരം അശ്രാന്തപരിശ്രമം നടത്തുന്നു. നമ്മുടെ കർഷകർ ജനങ്ങൾക്കു ഭക്ഷണമുണ്ടാക്കാൻ കഠിനാധ്വാനം ചെയ്യുന്നു. നമ്മുടെ രാജ്യത്തിനു വഴിവിളക്കാകുന്ന കഴിവുറ്റ വനിതകൾ, പല മേഖലകളിലും പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കുന്നു. നമ്മുടെ പ്രഗത്ഭരായ ഡോക്ടർമാരും നേഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ശുചീകരണത്തൊഴിലാളികൾ രാജ്യത്തെ വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. നമ്മുടെ പ്രബുദ്ധരായ അധ്യാപകർ ഭാവിതലമുറകളെ വാർത്തെടുക്കുന്നു. ലോകോത്തര നിലവാരമുള്ള നമ്മുടെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും രാജ്യത്തിന്റെ വികസനത്തിനു പുതിയ ദിശാബോധം നൽകുന്നു. കഠിനാധ്വാനികളായ തൊഴിലാളികൾ രാഷ്ട്രത്തെ പുനർനിർമിക്കുന്നു. നമ്മുടെ വാഗ്ദാനങ്ങളായ യുവാക്കളും കുട്ടികളും അവരുടെ കഴിവും സംഭാവനകളും വഴി രാജ്യത്തിന്റെ മഹത്തായ ഭാവിയിലുള്ള നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കുന്നു. പ്രതിഭാധനരായ കലാകാരരും കരകൗശല വിദഗ്ധരും എഴുത്തുകാരും നമ്മുടെ സമ്പന്നമായ പാരമ്പര്യങ്ങൾക്ക് ആധുനിക ആവിഷ്കാരം നൽകുന്നു. വിവിധ മേഖലകളിലെ വിദഗ്ധർ രാജ്യത്തിന്റെ ബഹുമുഖവികസനത്തിനു മാർഗനിർദേശമേകുന്നു. നമ്മുടെ ഊർജസ്വലരായ സംരംഭകർ രാജ്യത്തെ വികസിതവും സ്വയംപര്യാപ്തവുമാക്കുന്നതിനു വലിയ സംഭാവനകൾ നൽകുന്നു. സ്വാർത്ഥരഹിതമായി സമൂഹത്തെ സേവിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ അസംഖ്യം മനുഷ്യരുടെ ജീവിതത്തിലേക്കു വെളിച്ചം വീശുന്നു. ഗവണ്മെന്റ് – ഗവണ്മെന്റ് ഇതര മേഖലകളിൽ ആത്മാർത്ഥമായും കാര്യക്ഷമമായും കടമകൾ നിർവഹിക്കുന്ന ഏവരും രാഷ്ട്രനിർമാണത്തിന്റെ ഭാഗമാകുന്നു. ജനസേവനത്തിനായി പ്രതിജ്ഞാബദ്ധരായ ജനപ്രതിനിധികൾ, ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസൃതമായി ക്ഷേമ-വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നു. അങ്ങനെ, പ്രബുദ്ധരും സംവേദനക്ഷമതയുള്ളവരുമായ എല്ലാ പൗരന്മാരും നമ്മുടെ റിപ്പബ്ലിക്കിന്റെ പുരോഗതിയെ മുന്നോട്ടുനയിക്കുന്നു. നമ്മുടെ റിപ്പബ്ലിക്കിനു കരുത്തേകാൻ പ്രവർത്തിക്കുന്ന എല്ലാ സഹപൗരന്മാരെയും ഞാൻ പൂർണമനസോടെ അഭിനന്ദിക്കുന്നു. പ്രവാസി ഇന്ത്യക്കാർ ആഗോളതലത്തിൽ നമ്മുടെ റിപ്പബ്ലിക്കിന്റെ പ്രതിച്ഛായക്കു തിളക്കം കൂട്ടുന്നു. അവരെയും ഞാൻ പ്രത്യേകമായി അഭിനന്ദിക്കുന്നു.

പ്രിയപ്പെട്ട സഹപൗരന്മാരേ,

ഇന്ന്, ജനുവരി 25, നമ്മുടെ രാജ്യം ‘ദേശീയ സമ്മതിദായക ദിനമായി’ ആഘോഷിക്കുകയാണ്. പ്രായപൂർത്തിയായ നമ്മുടെ പൗരന്മാർ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായി അതീവ ആവേശത്തോടെ വോട്ടു രേഖപ്പെടുത്തുന്നു. വോട്ടവകാശം വിനിയോഗിക്കുന്നതു രാഷ്ട്രീയ വിദ്യാഭ്യാസത്തിനു വഴിതെളിക്കുമെന്നു ബാബാസാഹേബ് ഡോ. ഭീംറാവു അംബേദ്കർ വിശ്വസിച്ചിരുന്നു. ബാബാസാഹേബിന്റെ ആ കാഴ്ചപ്പാടിനനുസൃതമായി നമ്മുടെ വോട്ടർമാർ തങ്ങളുടെ രാഷ്ട്രീയബോധം പ്രകടിപ്പിക്കുന്നു. വോട്ടെടുപ്പിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുന്നത് നമ്മുടെ റിപ്പബ്ലിക്കിനു കരുത്തുറ്റ പുതിയ മാനം നൽകുന്നു.

രാജ്യത്തിന്റെ വികസനത്തിനു സ്ത്രീകളുടെ സജീവവും ശാക്തീകരിക്കപ്പെട്ടതുമായ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, സാമ്പത്തിക ശാക്തീകരണം എന്നിവയ്ക്കായുള്ള ദേശീയതലത്തിലുള്ള പരിശ്രമങ്ങൾ പല മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിച്ചിട്ടുണ്ട്. ‘ബേട്ടീ ബച്ചാവോ, ബേട്ടീ പഠാവോ’ യജ്ഞം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു. ‘പ്രധാനമന്ത്രി ജൻ ധൻ യോജന’ പ്രകാരം ഇതുവരെ 57 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചു. ഈ അക്കൗണ്ടുകളിൽ ഏകദേശം 56 ശതമാനവും സ്ത്രീകളുടേതാണ് എന്നത് ശ്രദ്ധേയമാണ്.

നമ്മുടെ സ്ത്രീകൾ പരമ്പരാഗത വാർപ്പുമാതൃകകൾ തകർത്തു മുന്നേറുകയാണ്. രാജ്യത്തിന്റെ സമഗ്രവികസനത്തിൽ അവർ സജീവമായ സംഭാവനകൾ നൽകുന്നു. സ്വയംസഹായസംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പത്തുകോടിയിലധികം സ്ത്രീകൾ വികസനപ്രക്രിയക്കു പുതിയ നിർവചനം നൽകുന്നു. കൃഷിമുതൽ ബഹിരാകാശംവരെയും, സ്വയംതൊഴിൽമുതൽ സായുധസേനവരെയും എല്ലാ മേഖലകളിലും സ്ത്രീകൾ മുദ്ര പതിപ്പിക്കുന്നു. കായികരംഗത്തു നമ്മുടെ പെൺമക്കൾ ആഗോളതലത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു. കഴിഞ്ഞ വർഷം നവംബറിൽ, ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പും, തുടർന്ന്, കാഴ്ചപരിമിതിയുള്ള വനിതകൾക്കായുള്ള ടി-20 ലോകകപ്പും വിജയിച്ച്, ഇന്ത്യയുടെ പുത്രിമാർ കായികചരിത്രത്തിൽ സുവർണ അധ്യായം കുറിച്ചു. കഴിഞ്ഞ വർഷം ചെസ്സ് ലോകകപ്പിന്റെ ഫൈനൽ മത്സരം, രണ്ട് ഇന്ത്യൻ വനിതകൾ തമ്മിലാണു നടന്നത്. കായികലോകത്ത് ഇന്ത്യയുടെ പുത്രിമാർ നേടിയ ആധിപത്യത്തിന്റെ തെളിവാണ് ഈ ഉദാഹരണങ്ങൾ. രാജ്യത്തെ ജനങ്ങൾ അവരെയോർത്ത് അഭിമാനിക്കുന്നു.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ വനിതാപ്രതിനിധികളുടെ എണ്ണം ഏകദേശം 46 ശതമാനമാണ്. സ്ത്രീകളുടെ രാഷ്ട്രീയശാക്തീകരണം പുതിയ ഉയരങ്ങളിലെത്തിക്കാൻ ലക്ഷ്യമിടുന്ന ‘നാരീശക്തി വന്ദൻ അധിനിയം’, സ്ത്രീകൾ നയിക്കുന്ന വികസനം എന്ന ആശയത്തിന് അഭൂതപൂർവമായ കരുത്തുപകരും. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നാരീശക്തിയുടെ പങ്കു നിർണായകമാകും. സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിലൂടെ, ലിംഗസമത്വത്തിലധിഷ്ഠിതമായ സമഗ്ര റിപ്പബ്ലിക്കിന് നമ്മുടെ രാജ്യം മാതൃകയാകും.

അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി ഏവരെയും ഉൾക്കൊള്ളുന്ന സമീപനത്തോടെ ഒട്ടനവധി പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം നവംബർ 15-ന്, ‘ധർത്തീ ആബാ’ ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികത്തിൽ നമ്മുടെ രാജ്യം അഞ്ചാമതു ‘ജൻജാതീയ ഗൗരവ് ദിവസ്’ ആഘോഷിച്ചു. ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികാഘോഷങ്ങളുടെ സമാപനം കൂടിയായിരുന്നു അത്. ‘ആദി കർമയോഗി’ യജ്ഞത്തിലൂടെ ഗോത്രജനതയുടെ നേതൃപാടവം വളർത്തിയെടുക്കാൻ സാധിച്ചു. ഗോത്രസമൂഹത്തിന്റെ മഹത്തായ ചരിത്രം രാജ്യത്തെ ജനങ്ങൾക്കു പരിചയപ്പെടുത്താൻ മ്യൂസിയങ്ങൾ നിർമിക്കുന്നതുൾപ്പെടെയുള്ള നിരവധി നടപടികൾ അടുത്ത കാലത്തായി ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ട്. ഗോത്രജനതയുടെ ക്ഷേമത്തിനും വികസനത്തിനും ഉയർന്ന മുൻഗണനയാണു നൽകുന്നത്. ‘അരിവാൾകോശ രോഗനിർമാർജന ദേശീയദൗത്യ’ത്തിനു കീഴിൽ ഇതുവരെ 6 കോടിയിലധികം പരിശോധനകൾ നടത്തി. ഏകദേശം ഒരുലക്ഷത്തി നാൽപ്പതിനായിരത്തോളം വിദ്യാർത്ഥികൾ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാഭ്യാസം നേടുന്നു. പല വിദ്യാർത്ഥികളും മത്സരപരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ഇത്തരം യജ്ഞങ്ങൾ ഗോത്രസമൂഹങ്ങളുടെ പാരമ്പര്യങ്ങളും ആധുനിക വികസനവും യോജിപ്പിച്ചു കൊണ്ടുപോകാൻ സഹായിക്കുന്നു. ‘ധർത്തീ ആബാ ജൻജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ’’, ‘പിഎം-ജൻമൻ യോജന’ എന്നിവ പ്രത്യേക കരുതൽവേണ്ട (PVTG) വിഭാഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഗോത്രസമൂഹങ്ങളെയും ശാക്തീകരിച്ചു.

 

അന്നദാതാക്കളായ നമ്മുടെ കർഷകർ സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ്. തലമുറകളോളം വരുന്ന കഠിനാധ്വാനികളായ കർഷകരാണ് ഭക്ഷ്യധാന്യോല്പാദനത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കിയത്. നമ്മുടെ കർഷകരുടെ കഠിനാധ്വാനത്തിലൂടെയാണ് കാർഷിക ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ നമുക്ക് സാധിക്കുന്നത്. നിരവധി കർഷകർ ശ്രദ്ധേയമായ വിജയഗാഥകൾ കാഴ്ചവെച്ചിട്ടുണ്ട്. രാജ്യത്തെ കർഷകർക്ക് അവരുടെ ഉല്പന്നങ്ങളുടെ ന്യായവില ഉറപ്പാക്കാനും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാനും ഫലപ്രദമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും നാം മുൻഗണന നൽകിവരുന്നു. കൂടാതെ ഗുണനിലവാരമേറിയ വിത്തുകൾ, ജലസേചന സൗകര്യങ്ങൾ, ഉല്പാദനം വർധിപ്പിക്കാന്‍ വളങ്ങൾ, ആധുനിക കൃഷിരീതികൾ, ജൈവകൃഷിയുടെ പ്രോത്സാഹനം എന്നിവയ്ക്കും ഏറെ പ്രാധാന്യം നൽകുന്നു. 'പിഎം കിസാൻ സമ്മാൻ നിധി' നമ്മുടെ കർഷകരുടെ സംഭാവനകളെ ആദരിക്കുകയും അവരുടെ പരിശ്രമങ്ങൾക്ക് കരുത്തു പകരുകയും ചെയ്യുന്നു.

 

പതിറ്റാണ്ടുകളായി ദാരിദ്ര്യത്തോട് പൊരുതി ജീവിച്ച ദശലക്ഷക്കണക്കിന് പേരെ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് ഉയർത്താൻ നമുക്ക് സാധിച്ചു. അവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് വീണുപോകില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 140 കോടിയിലേറെ ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ ആരും വിശന്നിരിക്കരുതെന്ന ആശയം അടിസ്ഥാനമാക്കിയാണ് അന്ത്യോദയ എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുന്ന ലോകത്തെ ഏറ്റവും വലിയ പദ്ധതിയായ 'പിഎം ഗരീബ് കല്യാൺ അന്ന യോജന' ആവിഷ്ക്കരിച്ചത്. ഈ പദ്ധതി ഏകദേശം 81 കോടി ഗുണഭോക്താക്കൾക്ക് ആശ്വാസം പകരുന്നു. ദരിദ്ര കുടുംബങ്ങൾക്കായി വൈദ്യുതിയും വെള്ളവും ശൗചാലയ സൗകര്യങ്ങളുമടങ്ങുന്ന നാല് കോടിയിലേറെ കെട്ടുറപ്പുള്ള വീടുകൾ നിർമിച്ച് നൽകിയതിലൂടെ അവര്‍ക്ക് അന്തസ്സാര്‍ന്ന ജീവിതത്തിനും കൂടുതൽ പുരോഗതിക്കും ആവശ്യമായ അടിത്തറ നൽകി. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നടത്തുന്ന ഇത്തരം പരിശ്രമങ്ങൾ മഹാത്മാഗാന്ധിയുടെ ‘സർവോദയ’ ആദർശത്തെ പ്രാവര്‍ത്തികമാക്കുന്നു.  

ലോകത്ത് ഏറ്റവും വലിയ യുവ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. നമ്മുടെ യുവജനങ്ങള്‍ക്ക് അപാരമായ കഴിവുണ്ടെന്നത് രാജ്യത്തിന് പ്രത്യേകം അഭിമാനം പകരുന്നു. നമ്മുടെ യുവ സംരംഭകരും കായികതാരങ്ങളും ശാസ്ത്രജ്ഞരും പ്രൊഫഷണലുകളും രാജ്യത്തിന് പുതിയ ഊർജം പകരുകയും ആഗോളതലത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തെ യുവജനങ്ങളില്‍ വലിയൊരു വിഭാഗം ഇന്ന് സ്വയംതൊഴിലിലൂടെ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസന യാത്രയുടെ പതാകവാഹകരാണ് നമ്മുടെ യുവത. നേതൃത്വപരമായ കഴിവുകളും തൊഴിൽ നൈപുണ്യ വികസനവും ഉൾപ്പെടെ വിവിധ മേഖലകളിലെ അവസരങ്ങളുമായി യുവ പൗരന്മാരെ ബന്ധിപ്പിക്കുന്നതിന് 'മേരാ യുവ ഭാരത്' അഥവാ 'മൈ ഭാരത്' സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠന സംവിധാനമൊരുക്കുന്നു. രാജ്യത്തെ സ്റ്റാർട്ടപ്പുകൾ പ്രകടിപ്പിക്കുന്ന ശ്രദ്ധേയ വിജയത്തിന് പ്രധാനമായും നേതൃത്വം നല്‍കുന്നത് യുവ സംരംഭകരാണ്. യുവതലമുറയുടെ അഭിലാഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയങ്ങളിലൂടെയും പരിപാടികളിലൂടെയും രാജ്യവികസനം ത്വരിതപ്പെടും. 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ രാജ്യത്തെ യുവശക്തി സുപ്രധാന പങ്കുവഹിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. 

പ്രിയ സഹപൗരന്മാരെ, 

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും തുടർച്ചയായ സാമ്പത്തിക വളർച്ചയാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്. സമീപഭാവിയിൽ തന്നെ ലോകത്തെ മൂന്നാമത് വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് നാം മുന്നേറുകയാണ്.  

ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നടത്തുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക കരുത്തിനെ വന്‍തോതിൽ പുനർനിർമിക്കുകയാണ് നാം. രാജ്യത്തിന്റെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്ന ഈ യാത്രയിൽ സ്വയംപര്യാപ്തതയും സ്വദേശിയുമാണ് നമ്മുടെ മാര്‍ഗനിര്‍ദേശക തത്വങ്ങൾ.

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ സാമ്പത്തിക സംയോജനം ലക്ഷ്യമിട്ട് കൈക്കൊണ്ട സുപ്രധാന തീരുമാനമായിരുന്നു ചരക്കുസേവന നികുതി നടപ്പാക്കൽ. 'ഒരു രാജ്യം, ഒരു വിപണി' എന്ന സംവിധാനം ഇതുവഴി സ്ഥാപിച്ചു. ജിഎസ്ടി സംവിധാനം കൂടുതൽ ഫലപ്രദമാക്കാന്‍ ഈയിടെ കൈക്കൊണ്ട തീരുമാനങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകും. തൊഴിൽ പരിഷ്കരണ മേഖലയില്‍ നടപ്പാക്കിയ നാല് തൊഴിൽ നിയമങ്ങള്‍ രാജ്യത്തെ തൊഴിലാളികൾക്ക് ഗുണം ചെയ്യുകയും സംരംഭ വികസനത്തിന് വേഗം പകരുകയും ചെയ്യും.

പ്രിയ സഹപൗരന്മാരെ, 

പുരാതന കാലം മുതൽ നമ്മുടെ സംസ്കാരവും നാഗരികതയും ആത്മീയ പാരമ്പര്യവും മാനവികതയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആയുർവേദത്തെയും യോഗയെയും പ്രാണായാമയെയും ആഗോള സമൂഹം അഭിനന്ദിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. നിരവധി മഹദ്‌വ്യക്തികൾ രാജ്യത്തെ ആത്മീയവും സാമൂഹ്യവുമായ ഐക്യത്തിന്റെ പ്രവാഹം നിരന്തരം സമ്പന്നമാക്കി. ജാതി-മത വിവേചനങ്ങളില്ലാതെ എല്ലാ മനുഷ്യരും സാഹോദര്യത്തോടെ കഴിയുന്ന ഇടമാണ് മാതൃകാപരമെന്ന് കേരളത്തിൽ ജനിച്ച മഹാനായ കവിയും സാമൂഹ്യ പരിഷ്കർത്താവും ആത്മീയാചാര്യനുമായ ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ഈ ചിന്ത അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ അവതരിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു:

"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും 

സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്."

മഹത്തായ പാരമ്പര്യങ്ങളെക്കുറിച്ചുള്ള അവബോധത്തോടെ പുതിയ ആത്മവിശ്വാസം കൈമുതലാക്കി വര്‍ത്തമാന ഇന്ത്യ മുന്നേറുന്നുവെന്നത് അഭിമാനകരമായ കാര്യമാണ്. നമ്മുടെ ആത്മീയ പാരമ്പര്യവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളെ സമീപ വർഷങ്ങളിൽ ജനമനസ്സുകളുമായി വീണ്ടും കൂട്ടിയിണക്കാൻ സാധിച്ചിട്ടുണ്ട്. 

കൊളോണിയൽ മനോഭാവത്തിന്റെ ശേഷിപ്പുകള്‍ സമയബന്ധിതമായി ഇല്ലാതാക്കാൻ നാം തീരുമാനിച്ചുകഴിഞ്ഞു. ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ദാർശനികതയിലും വൈദ്യശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലും സാഹിത്യത്തിലും കലയിലുമെല്ലാം വലിയ പാരമ്പര്യമുണ്ട്. ഭാരതീയ പാരമ്പര്യത്തിലെ സർഗാത്മകതയെ 'ജ്ഞാന ഭാരത ദൗത്യം' പോലുള്ള പരിശ്രമങ്ങളിലൂടെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അഭിമാനകരമാണ്. ഇന്ത്യയുടെ വിലമതിക്കാനാവാത്ത ലക്ഷക്കണക്കിന് കൈയെഴുത്തുപ്രതികളിലെ പൈതൃകത്തെ ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ ഈ ദൗത്യം മുന്നോട്ടുകൊണ്ടുപോകും. ഇന്ത്യൻ ഭാഷകൾക്കും ഭാരതീയ വിജ്ഞാന പാരമ്പര്യത്തിനും ഊന്നൽ നൽകി സ്വാശ്രയത്വത്തിനായി നടത്തുന്ന പരിശ്രമങ്ങൾക്ക് നാം സാംസ്കാരിക അടിത്തറ നൽകുന്നു.

ഇന്ത്യൻ ഭരണഘടന ഇപ്പോൾ എട്ടാം ഷെഡ്യൂളിലെ എല്ലാ ഇന്ത്യൻ ഭാഷകളിലും ലഭ്യമാണ്. ഭരണഘടന ഇന്ത്യൻ ഭാഷകളിൽ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ ഭരണഘടനാപരമായ ദേശീയത വളർത്താനും അവരുടെ അഭിമാനബോധം ശക്തിപ്പെടുത്താനും സഹായിക്കും.

സര്‍ക്കാരും പൊതുജനങ്ങളും തമ്മിലെ അകലം നിരന്തരം കുറഞ്ഞുവരികയാണ്. പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ സദ്ഭരണത്തിനാണ് ഊന്നൽ നൽകുന്നത്. നിരവധി അനാവശ്യ നിയമങ്ങൾ റദ്ദാക്കുകയും പല നിയമപാലന നിബന്ധനകളും ഒഴിവാക്കുകയും ജനങ്ങളെ സഹായിക്കുന്നതിനായി സംവിധാനങ്ങൾ ലളിതവല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യയിലൂടെ ഗുണഭോക്താക്കളെ സൗകര്യങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ദൈനംദിന ജീവിതം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 'ഈസ് ഓഫ് ലിവിങി’ന് പ്രാധാന്യം നൽകുന്നു.

ജനപങ്കാളിത്തത്തിലൂടെ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ ശ്രമങ്ങള്‍ നടന്നത്. സുപ്രധാന ദേശീയ കാമ്പയിനുകൾ ജനകീയ പ്രസ്ഥാനങ്ങളായി മാറി. ഓരോ ഗ്രാമത്തിലെയും നഗരത്തിലെയും പ്രാദേശിക സ്ഥാപനങ്ങളെ പുരോഗമനപരമായ മാറ്റത്തിന്റെ ഉപകരണങ്ങളാക്കി മാറ്റി. വികസിത ഭാരതം കെട്ടിപ്പടുക്കുകയെന്നത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. സമൂഹത്തിന് അപാരമായ ശക്തിയുണ്ട്. സര്‍ക്കാരിന്റെ പരിശ്രമങ്ങൾക്ക് സമൂഹത്തിന്റെ സജീവ പിന്തുണ ലഭിക്കുമ്പോൾ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുന്നു. ഉദാഹരണത്തിന്, രാജ്യത്തെ ജനങ്ങൾ ഡിജിറ്റൽ പണമിടപാട് സംവിധാനം വൻതോതിൽ സ്വീകരിച്ചിരിക്കുന്നു. ഇന്ന് ലോകത്തെ ഡിജിറ്റൽ പണമിടപാടുകളുടെ പകുതിയിലേറെയും ഇന്ത്യയിലാണ് നടക്കുന്നത്. ചെറിയ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് മുതൽ ഓട്ടോറിക്ഷാ കൂലി നൽകുന്നത് വരെ ഡിജിറ്റൽ പണമിടപാടിന്റെ ഉപയോഗം ആഗോള സമൂഹത്തിന് മുന്നിൽ ശ്രദ്ധേയ മാതൃകയായി മാറിയിരിക്കുന്നു. മറ്റ് ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും രാജ്യത്തെ എല്ലാ പൗരന്മാരും ഇതുപോലെ സജീവമായി പങ്കുചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

പ്രിയ സഹപൗരന്മാരെ,

കഴിഞ്ഞ വർഷം 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിലൂടെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ രാജ്യം കൃത്യതയാർന്ന ആക്രമണങ്ങൾ നടത്തി. ഭീകര കേന്ദ്രങ്ങൾ തകർക്കപ്പെടുകയും നിരവധി ഭീകരർ വധിക്കപ്പെടുകയും ചെയ്തു. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ചരിത്രപരമായ വിജയത്തിന് കരുത്തേകിയത്.  

സിയാച്ചിൻ ബേസ് ക്യാമ്പിൽ അത്യന്തം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും രാജ്യത്തെ സംരക്ഷിക്കാൻ പൂർണസജ്ജരും ആവേശഭരിതരുമായ ധീര സൈനികരെ ഞാൻ കണ്ടു. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്, റാഫേൽ യുദ്ധവിമാനങ്ങളിൽ പറക്കാനും എനിക്ക് അവസരമുണ്ടായി. വ്യോമസേനയുടെ യുദ്ധസന്നദ്ധത ഞാൻ നേരിൽ കണ്ടു. ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ അസാധാരണ കഴിവുകൾക്ക് ഞാൻ സാക്ഷ്യം വഹിച്ചു. ഐഎൻഎസ് വക്ഷീർ അന്തർവാഹിനിയിലും ഞാൻ യാത്ര ചെയ്തു. കര, വ്യോമ, നാവിക സേനകളുടെ കരുത്തിലും രാജ്യത്തിന്റെ പ്രതിരോധ സന്നദ്ധതയിലും ജനങ്ങൾ പൂർണ വിശ്വാസമര്‍പ്പിക്കുന്നു.  

എന്റെ പ്രിയ സഹപൗരന്മാരെ,

പരിസ്ഥിതി സംരക്ഷണം ഇന്ന് വലിയൊരു മുൻഗണനയാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പല മേഖലകളിലും ആഗോള സമൂഹത്തിന് ഇന്ത്യ നേതൃത്വം നല്‍കിയതില്‍ എനിക്ക് അഭിമാനമുണ്ട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ജീവിതരീതി ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമാണ്. ഈ ജീവിതരീതിയാണ് 'പരിസ്ഥിതിയ്ക്ക് വേണ്ടിയുള്ള ജീവിതശൈലി' അഥവാ 'ലൈഫ്' എന്ന പേരിൽ ആഗോള സമൂഹത്തിന് നാം നൽകുന്ന സന്ദേശത്തിന്റെ അടിസ്ഥാനം. ഭൂമി മാതാവിന്റെ വിലപ്പെട്ട വിഭവങ്ങൾ വരുംതലമുറകൾക്കും ലഭ്യമാണെന്ന് ഉറപ്പാക്കാൻ നമുക്ക് പരിശ്രമിക്കാം.

നമ്മുടെ പാരമ്പര്യത്തിൽ പ്രപഞ്ചം മുഴുവൻ സമാധാനം നിലനിൽക്കാനായി നാം പ്രാർത്ഥിക്കാറുണ്ട്. ലോകമെങ്ങും സമാധാനമുണ്ടെങ്കിൽ മാത്രമേ മനുഷ്യരാശിയുടെ ഭാവി സുരക്ഷിതമാവൂ. ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ ലോകസമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് ഇന്ത്യ. 

പ്രിയ സഹപൗരന്മാരെ, 

ഭാരതത്തിന്റെ മണ്ണില്‍ ജീവിക്കാൻ സാധിക്കുന്നത് നമ്മുടെ വലിയ ഭാഗ്യമാണ്. മാതൃഭൂമിയെക്കുറിച്ച് കവിഗുരു രവീന്ദ്രനാഥ ടാഗോർ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

"അമർ ദെഷേർ മാട്ടി, തോമർ പോരെ ഠെകായ് മാഥാ"

"എന്റെ രാജ്യത്തിന്റെ പവിത്രമായ മണ്ണേ! നിന്റെ പാദങ്ങളിൽ ഞാൻ വണങ്ങുന്നു" -  എന്നാണ് ഇതിനർത്ഥം. 

ഈ ദേശസ്നേഹം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമാണ് റിപ്പബ്ലിക് ദിനമെന്ന് ഞാൻ വിശ്വസിക്കുന്നു. 'രാജ്യം പ്രഥമം' എന്ന മനോഭാവത്തോടെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, നമ്മുടെ റിപ്പബ്ലിക്കിന് കൂടുതൽ പ്രതാപമേകാം.  

ഒരിക്കൽ കൂടി, ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. നിങ്ങളുടെ ജീവിതം സന്തോഷവും സമാധാനവും സുരക്ഷയും ഐക്യവും നിറഞ്ഞതാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. 

നിങ്ങൾക്കെല്ലാവര്‍ക്കും തിളക്കമാർന്ന ഭാവി ആശംസിക്കുന്നു.

നന്ദി! ജയ് ഹിന്ദ്! ജയ് ഭാരത്!

*****


(रिलीज़ आईडी: 2218586) आगंतुक पटल : 32
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Assamese , English , Khasi , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Odia , Kannada