വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കാശിയിൽ പുരോഗതിയുടെ മണി മുഴക്കം
ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നു
Posted On:
16 APR 2025 2:28PM by PIB Thiruvananthpuram
"ഇന്ന്, കാശി പൗരാണികതയുടെ പ്രതീകം മാത്രമല്ല, പുരോഗതിയുടെ ദീപസ്തംഭം കൂടിയാണ്."
~ പ്രധാനമന്ത്രി നരേന്ദ്ര മോദി
ആമുഖം
ഏപ്രിൽ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാശിയിൽ ₹3,880 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു. പൗരാണിക നഗരം ആധുനികതയിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണ്. റോഡുകൾക്ക് വീതികൂട്ടുന്നു; സ്കൂളുകൾ നവീകരിക്കുന്നു, പുതിയ ഊർജ്ജ നിലയങ്ങൾ സ്ഥാപിക്കപ്പെടുന്നു. പൗരാണികതയ്ക്ക് തെല്ലും കോട്ടം തട്ടാതെ കാശി വളരുകയാണ്. 2014 മുതൽ 2025 മാർച്ച് വരെ, കാശിയുടെ വികസനത്തിനായി ₹48,459 കോടി നിക്ഷേപത്തോടെയുള്ള 580 പദ്ധതികൾ നടപ്പിലാക്കി. വാരണാസിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പൈതൃകം സംരക്ഷിക്കുക, വിനോദസഞ്ചാരത്തെ പിന്തുണയ്ക്കുക എന്നിവയാണ് പദ്ധതികളുടെ ലക്ഷ്യം.

കാശിയുടെ വികസന യാത്ര: പ്രധാന നാഴികക്കല്ലുകൾ
2014 നവംബർ 7 : യന്ത്രത്തറി സേവന കേന്ദ്രം (Powerloom Service Centre) ഉദ്ഘാടനം ചെയ്തു, ജില്ലാ സഹകരണ ബാങ്കുകൾക്കായി ₹2,375 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ചു.
2015 സെപ്റ്റംബർ 18: കാശിയുടെ നവീകരണത്തിനായി ₹572 കോടി പ്രഖ്യാപിച്ചു, അതോടൊപ്പം സമീപ ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡുകൾക്കായി ₹11,000 കോടിയും പ്രഖ്യാപിച്ചു.
2016 ഡിസംബർ 22: വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും ഉൾപ്പെടെ ₹2,100 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം.
2017 സെപ്റ്റംബർ 22: കരകൗശല വസ്തുക്കൾക്കായുള്ള വ്യാപാര സൗകര്യ കേന്ദ്രമായ ദീൻദയാൽ ഹസ്തകല സങ്കുൽ പ്രധാനമന്ത്രി മോദി രാഷ്ട്രത്തിന് സമർപ്പിച്ചു.
2018 ജൂലൈ 14: ₹900 കോടി വകയിരുത്തിയുള്ള സുപ്രധാന പദ്ധതികളുടെ ശിലാസ്ഥാപനം.
2019 മാർച്ച് 8: കാശി വിശ്വനാഥ് ഇടനാഴിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.
2020 നവംബർ 30: പ്രയാഗ്‌രാജിനും വാരണാസിക്കും മധ്യേയുള്ള ഗതാഗതം സുഗമമാക്കുന്നതിനായി ₹2,447 കോടി ചെലവഴിച്ച് നിർമ്മിച്ച 73 കിലോമീറ്റർ ആറ് വരിപ്പാത (NH19) ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ രാത്രികാല സ്വകാര്യ ട്രെയിനായ മഹാ കാൽ എക്‌സ്പ്രസ് ആരംഭിച്ചു.
2021 ഡിസംബർ 13-14: 339 കോടി രൂപ ചെലവിൽ നിർമ്മിച്ച ശ്രീ കാശി വിശ്വനാഥ് ധാമിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു.
2022 ജൂലൈ 7: ₹1,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇതിൽ വാരണാസിയുമായി ബന്ധപ്പെട്ട ₹590 കോടിയുടെ സ്മാർട്ട് സിറ്റി, നഗര പദ്ധതികൾ ഉൾപ്പെടുന്നു.
2023 ജനുവരി 13: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീയാന സേവനമായ 'എംവി ഗംഗാ വിലാസ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു.
2023 ഡിസംബർ 18: വാരണാസിയിൽ ₹19,150 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും സമർപ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു.
2024 ഒക്ടോബർ 10: 6,100 കോടി രൂപയുടെ വിവിധ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും സമർപ്പണവും പ്രധാനമന്ത്രി നിർവ്വഹിച്ചു.
തീർത്ഥാടനം മുതൽ മൂല്യവത്തായ അനുഭവങ്ങൾ വരെ
വാരണാസിയിലെ വിനോദസഞ്ചാരം വെറുമൊരു യാത്ര എന്നതിലുപരി, ചരിത്രം, വിശ്വാസം, ഊർജ്ജസ്വലമായ സംസ്ക്കാരം എന്നിവയിലൂടെയുള്ള ഒരു പ്രയാണമാണ്. നഗരത്തിലെ വിനോദസഞ്ചാര അനുഭവത്തെ പുനർനിർവ്വചിക്കുന്ന ചില പ്രധാന സംരംഭങ്ങൾ ചുവടെചേർക്കുന്നു:
1. എംവി ഗംഗാ വിലാസ്: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീ ക്രൂയിസ്
2023 ജനുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്ത എംവി ഗംഗാ വിലാസ് ആഡംബര വിനോദസഞ്ചാര യാത്ര എന്ന നിലയിൽ ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ നദീ ക്രൂയിസാണ്. ആദ്യ യാത്ര വാരണാസിയിൽ നിന്ന് ആരംഭിച്ച് 2023 ഫെബ്രുവരി 28 ന് ദിബ്രുഗഡിൽ അവസാനിച്ചു.
2. ടെന്റ് സിറ്റി: നദീതീര ആഡംബര അനുഭവം
2023 ജനുവരി 13 ന് ഗംഗയുടെ നഗര ഘാട്ടുകളുടെ മറുകരയിൽ ടെന്റ് സിറ്റി ഉദ്ഘാടനം ചെയ്തു. വർഷം തോറും ഒക്ടോബർ മുതൽ ജൂൺ വരെ പ്രവർത്തനക്ഷമമായ ടെന്റ് സിറ്റി, അതുല്യവും ശാന്തവുമായ നദീതീര താമസം ഉറപ്പാക്കി വർദ്ധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാൻ സഹായിക്കുന്നു.
3. ശ്രീ കാശി വിശ്വനാഥ് ഇടനാഴി
2021 ഡിസംബർ 13 ന് ഉദ്ഘാടനം ചെയ്യപ്പെട്ട കാശി വിശ്വനാഥ് ഇടനാഴി, 5.5 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ₹355 കോടി രൂപയുടെ പരിവർത്തനാത്മക പദ്ധതിയാണ്. കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിയുമായി നേരിട്ട് നാലുവരി പാതയിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ഇത് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ പ്രവേശനം സുഗമമാക്കുന്നു.
4. സ്മാരകങ്ങളെ പ്രകാശമാനമാക്കുന്ന പദ്ധതികൾ
വാരാണസിയിലെ ചരിത്ര സ്മാരകങ്ങളുടെ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിനായി സ്മാരകങ്ങളെ പ്രകാശമാനമാക്കുന്ന പദ്ധതികൾ ഏറ്റെടുത്തു:
2015 ൽ, ധമേഖ് സ്തൂപം, ചൗഖണ്ഡി സ്തൂപം, ലാൽകന്റെ ശവകുടീരം, മാൻ മഹൽ തുടങ്ങിയ സ്മാരകങ്ങൾ പ്രകാശമാനമാക്കുന്നതിന് ₹5.12 കോടി അനുവദിച്ചു. 2017 ൽ, ദശാശ്വമേധ ഘാട്ട് മുതൽ ദർഭംഗ ഘാട്ട് വരെയും, തുളസി മാനസ് മന്ദിർ, സാരനാഥ് മ്യൂസിയം എന്നിവയും പ്രകാശമാനമാക്കുന്നതിന് ₹2.93 കോടി അനുവദിച്ചു.
കാശിയുടെ അടിസ്ഥാന സൗകര്യ വികസനം
2021 മുതൽ 2025 വരെ കാശിയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ പുരോഗതിയാണ് ദൃശ്യമായിരിക്കുന്നത്. 72.16 കിലോമീറ്റർ ദൈർഘ്യമുള്ള വാരാണസി-ഗോരഖ്പൂർ NH-20 (പാക്കേജ്-2), 2021 ഒക്ടോബർ 25 ന് ഉദ്ഘാടനം ചെയ്തു. ₹3,509 കോടിയായിരുന്നു പദ്ധതി ചെലവ്. നമോ ഘാട്ടിന്റെ (ഖിദ്കിയ ഘാട്ട്) പുനർവികസനം 2024 നവംബർ 15 ന് പൂർത്തിയായി. പുനർവികസനത്തിന് ₹95.2 കോടി ചെലവഴിച്ചു. കഫറ്റീരിയ, കാഴ്ചകൾ കാണുന്നതിനുള്ള പ്ലാറ്റ്‌ഫോമുകൾ, പൈതൃക ചുവർച്ചിത്രങ്ങൾ എന്നിവ ഇപ്പോൾ ഘാട്ടിലുണ്ട്. രാജ് ഘാട്ടിലെ ജെട്ടിയുടെ നിർമ്മാണത്തിന് ഏകദേശം 10 കോടി രൂപ ചെലവായി. ഓരോ ക്രൂയിസ് ബോട്ടും 20 കോടി രൂപ ചെലവിലാണ് വാങ്ങിയത്. കൂടാതെ, നദീതീരത്തുള്ള വിനോദസഞ്ചാര സർക്യൂട്ടിൽ ഒരു നടപ്പാത,കാഴ്ചകൾ കാണുന്നതിനുള്ള ഡെക്ക്, ഫുഡ് കോർട്ട് എന്നിവയും ഉണ്ടാകും. ക്രൂയിസ് ബോട്ടുകളുടെ പ്രവർത്തനം 2023 മാർച്ചിൽ ആരംഭിച്ചു. കൂടാതെ, 2025 ഏപ്രിൽ 11 ന് മേൽപ്പാലങ്ങൾ, റോഡു ഗതാഗതവുമായി ബന്ധപ്പെട്ട പാലങ്ങൾ, വിമാനത്താവള അടിപ്പാത എന്നിവയ്ക്കായി ₹980 കോടിയിലധികം അനുവദിച്ചു.

കാശിയിലെ നഗര പരിവർത്തനം
സുസ്ഥിരതയിലും നാഗരിക നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് വാരണാസി സുപ്രധാനമായ നഗര പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗംഗയിലെ മലിനീകരണം കുറയ്ക്കുന്നതിനായി, ഡീസൽ/പെട്രോൾ ബോട്ടുകൾ CNG യിലേക്ക് പരിവർത്തനം ചെയ്തു. ₹29.7 കോടി ചെലവ് വരുന്ന ഈ പദ്ധതി 2022 ജൂലൈ 7 ന് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. വാരണാസി സ്മാർട്ട് സിറ്റി ലിമിറ്റഡും ഗെയ്‌ലും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രതിദിനം 120 ദശലക്ഷം ലിറ്റർ (MLD) ശേഷിയുള്ള ഗോയിത മലിനജല സംസ്ക്കരണ പ്ലാന്റ് (STP) 2019 ഫെബ്രുവരി 19 ന് ഉദ്ഘാടനം ചെയ്തു. ₹217.57 കോടി ചെലവിൽ നിർമ്മിച്ച ഇത് മലിനജലം സംസ്ക്കരിക്കുന്നതിനും ഗംഗയിലെ മലിനീകരണം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. നമാമി ഗംഗേ പദ്ധതി പ്രകാരം, ₹300 കോടി ചെലവിൽ പ്രതിദിനം 55 ദശലക്ഷം ലിറ്റർ (MLD) ശേഷിയുള്ള ഒരു മലിനജല സംസ്ക്കരണ പ്ലാന്റും (STP) നിർമ്മിക്കുന്നു. 2025 ഏപ്രിൽ 11 ന്, ഗ്രാമീണ കുടിവെള്ള പദ്ധതികൾക്കായി ജൽ ജീവൻ ദൗത്യത്തിന് കീഴിൽ ₹345 കോടി അനുവദിച്ചു. 2017 മാർച്ചോടെ, അമൃത് (അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ) പദ്ധതി പ്രകാരം വാരണാസിയിലെ 55,000 വീടുകളെ മലിനജല നിവാരണ സംവിധാനവുമായി ബന്ധിപ്പിച്ചു. ഇതിനായി ₹105 കോടി ചെലവഴിച്ചു. പാർക്കിംഗിനും ഗതാഗതക്കുരുക്കൊഴിവാക്കുന്നതിനുംവേണ്ടി, 375 വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന നാല് നില ഗൊഡോലിയ മൾട്ടിലെവൽ ടൂ വീലർ പാർക്കിംഗ് സൗകര്യം ₹19.55 കോടി ചെലവഴിച്ച് നിർമ്മിച്ചു. പൂർണ്ണ സുരക്ഷയോടെ 24/7 പ്രവർത്തിക്കുന്നു.

വാരണാസിയുടെ കൈത്തറി, കരകൗശല പാരമ്പര്യങ്ങളുടെ പുനരുജ്ജീവനം
ആത്മീയ പ്രഭാവത്തിന് മാത്രമല്ല, കൈത്തറി, കരകൗശല വസ്തുക്കളുടെ സമ്പന്നമായ പാരമ്പര്യത്തിനും പേരുകേട്ട സ്ഥലമാണ് വാരണാസി. തലമുറകളായി കരകൗശല വിദഗ്ധർ പട്ടുനൂൽ നെയ്ത്ത്, മരം, കല്ല് എന്നിവയിലെ കൊത്തുപണി, ലോഹപ്പണി, മൺപാത്രങ്ങൾ, ആഭരണ നിർമ്മാണം എന്നിവയിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അവരുടെ കലാസൃഷ്ടികൾ അവിശ്വസനീയമായ വൈദഗ്ധ്യത്തെയും സാംസ്‌ക്കാരിക പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നു. ബനാറസ് സാരികൾ, സോഫ്റ്റ് സ്റ്റോൺ ജാലി വർക്ക്, ബനാറസ് ഗുലാബി മീനാകാരി, തടി കൊണ്ട് നിർമ്മിച്ച അലങ്കാര വസ്തുക്കളും കളിപ്പാട്ടങ്ങളും തുടങ്ങിയ കരകൗശല വസ്തുക്കൾക്ക് ആധികാരികതയും മികവും അടയാളപ്പെടുത്തുന്ന ഭൗമശാസ്‌ത്ര സൂചിക (GI) ടാഗുകൾ ലഭിച്ചിട്ടുണ്ട്.
ഈ പരമ്പരാഗത കലകളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 2014-15 ലെ കേന്ദ്ര ബജറ്റിൽ ഒരു വ്യാപാര സൗകര്യ കേന്ദ്രവും കരകൗശല മ്യൂസിയവും സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. നെയ്ത്തുകാർ, കരകൗശല വിദഗ്ധർ, സംരംഭകർ എന്നിവർ അവരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടു കൂടിയതാണ് ഈ സംരംഭം . 7.93 ഏക്കറിൽ 300 കോടി രൂപ ചെലവഴിച്ച് സമുച്ചയത്തിന്റെ പണി പൂർത്തിയാക്കി. പ്രാദേശിക കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും വിൽക്കുന്നതിനുമുള്ള സ്ഥലമാണിത്. 2017 സെപ്റ്റംബർ 22 ന് ഉദ്ഘാടനം ചെയ്ത ഈ കേന്ദ്രം ഇന്ന് വാരണാസിയുടെ കലാ പൈതൃകം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി നിലകൊള്ളുന്നു.
കാശിയുടെ വിദ്യാഭ്യാസ, ആരോഗ്യ മുന്നേറ്റങ്ങൾ
ഗവേഷണം, ആരോഗ്യ സംരക്ഷണം, ഊർജ്ജം, വിദ്യാഭ്യാസം എന്നിവയിലെ പ്രധാന നിക്ഷേപങ്ങളിലൂടെ കാശി അതിവേഗ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. വാരണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ (BHU) ഇന്റർ-യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ (IUTEC) 2021 ഡിസംബർ 23 ന് ഉദ്ഘാടനം ചെയ്തു. ₹107.36 കോടി ചെലവിൽ നിർമ്മിച്ച സെന്ററിൽ 1,000 വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ എം.എഡ്. കോഴ്സ് പഠിക്കാനാകും. 2019 ഫെബ്രുവരിയിൽ, പ്രധാനമന്ത്രി ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ 3.3 പെറ്റാഫ്ലോപ്പ് പീക്ക് പ്രകടനവും ₹32.5 കോടി ചെലവും വരുന്ന (PARAM) പരം ശിവായ് സൂപ്പർ കമ്പ്യൂട്ടിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി, 2025 ഏപ്രിൽ 11 ന്, പാൽ വിതരണക്കാർക്ക് ₹105 കോടി ബോണസായി ബനാസ് ഡയറി കൈമാറി. വൈദ്യുതി മേഖലയിൽ, പുതിയ സബ്‌സ്റ്റേഷനുകൾക്കും പ്രസരണ നവീകരണത്തിനുമായി ₹1,820 കോടി അനുവദിച്ചു. സിഗ്രയിലെ സ്‌പോർട്‌സ് സ്റ്റേഡിയത്തിന്റെ പുനർവികസനം ₹180.03 കോടി ബജറ്റ് വിഹിതമുള്ള ഒരു അഭിലാഷ പദ്ധതിയാണ് (ഘട്ടം 1: ₹90.01 കോടി, ഘട്ടം 2: ₹90.02 കോടി). ലോകോത്തര കായിക കേന്ദ്രമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2024 ഒക്ടോബർ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

ഉപസംഹാരം
പൈതൃകത്തിനും ആധുനികതയ്ക്കും എങ്ങനെ ഒരുമിച്ച് അഭിവൃദ്ധി പ്രാപിക്കാമെന്നതിന്റെ തിളക്കമാർന്ന ഉദാഹരണമായി കാശി ഇന്ന് നിലകൊള്ളുന്നു. അടിസ്ഥാന സൗകര്യങ്ങൾ, വിനോദസഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം, സംസ്ക്കാരം എന്നീ മേഖലകളിലെ പരിവർത്തനാത്മക പദ്ധതികളിലൂടെ, നഗരം അതിന്റെ ആത്മീയ സത്ത സംരക്ഷിക്കുക മാത്രമല്ല, ഭാവിസജ്ജമായ ആധുനിക അസ്തിത്വം സൃഷ്ടിക്കുകയും ചെയ്യുന്നു. ഘാട്ടുകൾ മുതൽ വികസനത്തിന്റെ കവാടങ്ങൾ വരെ, കാശിയിൽ യഥാർത്ഥ പുരോഗതിയുടെ മണി മുഴങ്ങുകയാണ്.
സൂചനകൾ:
Click here to see PDF.
SKY
(Release ID: 2123082)
Visitor Counter : 12