പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ വന്യജീവി സംരക്ഷണ നാഴികക്കല്ലുകൾ


നയങ്ങളും നേട്ടങ്ങളും ആഗോള പ്രതിജ്ഞാബദ്ധതകളും

Posted On: 03 MAR 2025 6:47PM by PIB Thiruvananthpuram

“ഇന്ന്, ലോക വന്യജീവിദിനത്തിൽ, നമ്മുടെ ഭൂമിയുടെ അവിശ്വസനീയമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും കരുതിവയ്ക്കുന്നതിനുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത നമുക്ക് ആവർത്തിക്കാം! ഓരോ ജീവിവർഗവും സുപ്രധാന പങ്കുവഹിക്കുന്നു - വരും തലമുറകൾക്കായി അവയുടെ ഭാവി നമുക്കു സംരക്ഷിക്കാം! വന്യജീവികൾക്കു കരുതലേകുന്നതിനും സംരക്ഷിക്കുന്നതിനും ഇന്ത്യ നൽകുന്ന സംഭാവനകളിൽ നമുക്ക് അഭിമാനിക്കാം.”

-      ശ്രീ നരേന്ദ്ര മോദി, ഇന്ത്യൻ പ്രധാനമന്ത്രി

 

ആമുഖം

നമ്മുടെ ജീവിതത്തിലും ഭൂമിയുടെ ആരോഗ്യത്തിലും വന്യമൃഗങ്ങളുടെയും സസ്യങ്ങളുടെയും സുപ്രധാന പങ്കിനെ ആദരിക്കുന്നതിനായി എല്ലാ വർഷവും മാർച്ച് മൂന്നിനു ലോകം ഐക്യരാഷ്ട്രസഭയുടെ ലോക വന്യജീവിദിനം (WWD) ആഘോഷിക്കുന്നു. ഭാവിതലമുറകൾക്കായി ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെയും കരുതിവയ്ക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ ദിനം. 2025ലെ WWD-യുടെ പ്രമേയം “വന്യജീവി സംരക്ഷണ ധനകാര്യം: ജനങ്ങളിലും ഭൂമിയിലുമുള്ള നിക്ഷേപം” എന്നതാണ്. 

 

ദേശീയ വന്യജീവി ബോർഡിന്റെ ഏഴാമതു യോഗത്തിൽ അധ്യക്ഷത വഹിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ഗിർ ദേശീയോദ്യാനം സന്ദർശിച്ചു. സംരക്ഷിത പ്രദേശങ്ങളുടെ വിപുലീകരണവും പ്രോജക്റ്റ് ടൈഗർ, പ്രോജക്റ്റ് എലിഫന്റ്, പ്രോജക്റ്റ് സ്നോ ലെപ്പാർഡ് തുടങ്ങിയ മുൻനിര പദ്ധതികളും ഉൾപ്പെടെയുള്ള ഗവണ്മെന്റിന്റെ  പ്രധാന വന്യജീവിസംരക്ഷണശ്രമങ്ങൾ ബോർഡ് അവലോകനം ചെയ്തു. ഡോൾഫിനുകളുടെയും ഏഷ്യൻ സിംഹങ്ങളുടെയും സംരക്ഷണത്തിനായുള്ള സംരംഭങ്ങളും അന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യത്തിന്റെ സ്ഥാപനവും ചർച്ചകളുടെ ഭാഗമായി.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗിർ ദേശീയോദ്യാനത്തിൽ

ഭൂമിയുടെ കരഭാഗത്തിന്റെ 2.4% മാത്രമേ ഉൾക്കൊള്ളുന്നുവെങ്കിലും ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 45,000-ത്തിലധികം തരം സസ്യങ്ങളും 91,000 തരം ജന്തുക്കളും ഉൾപ്പെടെ അറിയപ്പെടുന്ന എല്ലാ ജീവജാലങ്ങളുടെയും 7-8% ഇവിടെയുണ്ട്. രാജ്യത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥയും വനങ്ങൾ, തണ്ണീർത്തടങ്ങൾ, പുൽമേടുകൾ, മരുഭൂമികൾ, തീരദേശ-സമുദ്ര ആവാസവ്യവസ്ഥകൾ എന്നിങ്ങനെ വ്യത്യസ്ത ആവാസവ്യവസ്ഥകൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ ആവാസവ്യവസ്ഥകൾ സമ്പന്നമായ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുകയും ജനങ്ങൾക്കു പലതരത്തിൽ പ്രയോജനമേകുകയും ചെയ്യുന്നു. ഹിമാലയം, പശ്ചിമഘട്ടം, വടക്കുകിഴക്കൻ മേഖല, നിക്കോബാർ ദ്വീപുകൾ എന്നിങ്ങനെ ലോകത്തിലെ 34 പ്രധാന ജൈവവൈവിധ്യ കേന്ദ്രങ്ങളിൽ നാലെണ്ണം ഇന്ത്യയിലാണ്. ഇത് ഇന്ത്യയെ ആഗോളസംരക്ഷണത്തിനുള്ള പ്രധാന മേഖലയാക്കി മാറ്റുന്നു.

പ്രകൃതിയുടെ ഈ പൈതൃകം സംരക്ഷിക്കുന്നതിനും കരുതലിനുമായി ഇന്ത്യാഗവൺമെന്റ്, പ്രധാനമായും പരിസ്ഥിതി-വനം-കാലാവസ്ഥവ്യതിയാന മന്ത്രാലയം (MoEFCC) വഴി, നയങ്ങളുടെയും നിയമനിർമാണ നടപടികളുടെയും സംരംഭങ്ങളുടെയും സമഗ്ര ചട്ടക്കൂട് സ്ഥാപിച്ചിട്ടുണ്ട്.

ബജറ്റ് വിഹിതം 

2025-26 ലെ കേന്ദ്ര ബജറ്റിൽ പരിസ്ഥിതി-വനം-കാലാവസ്ഥവ്യതിയാന മന്ത്രാലയത്തിന് ₹3,412.82 കോടി വകയിരുത്തി. ഇത് 2024-25 ലെ പുതുക്കിയ എസ്റ്റിമേറ്റായ 3125.96 കോടി രൂപയേക്കാൾ 9% കൂടുതലാണ്.

·     ₹3,276.82 കോടി (96%) റവന്യൂ ചെലവിനുള്ളതാണ്. ഇത് 8% വർധിച്ചു.

·     ₹136 കോടി (4%) മൂലധന ചെലവിനുള്ളതാണ്. ഇത് 2024-25ലെ പുതുക്കിയ എസ്റ്റിമേറ്റായ 93.25 കോടി രൂപയേക്കാൾ 46% വർധിച്ചു.

 

കേന്ദ്രഗവണ്മെന്റ് കേന്ദ്രാവിഷ്കൃത പദ്ധതിപ്രകാരം വന്യജീവി ആവാസവ്യവസ്ഥകളുടെ സംയോജിത വികസനത്തിനായി 2025-26ൽ ₹450 കോടി അനുവദിച്ചു. കൂടാതെ, പ്രോജക്ട് ടൈഗർ ആൻഡ് എലിഫന്റിനായി ₹290 കോടി (മൊത്തം വിഹിതത്തിന്റെ 64%) നീക്കിവച്ചിട്ടുണ്ട്. ഇത് 2024-25ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 18% വർധന പ്രതിഫലിപ്പിക്കുന്നു.

ദേശീയ വന്യജീവി വിവരസഞ്ചയ സെൽ

ഇന്ത്യയുടെ വന്യജീവി സ്ഥാപനത്തിന്റെ ദേശീയ വന്യജീവി വിവരസഞ്ചയ കേന്ദ്രം (WII) രാജ്യത്തെ സംരക്ഷിത പ്രദേശങ്ങളെക്കുറിച്ചുള്ള ദേശീയ വന്യജീവി വിവരസംവിധാനം (NWIS) വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2023 നവംബർ 27 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യക്ക് 1014 സംരക്ഷിത പ്രദേശങ്ങളുടെ ശൃംഖലയുണ്ട്. ഇതിൽ 106 ദേശീയോദ്യാനങ്ങൾ, 573 വന്യജീവി സങ്കേതങ്ങൾ, 115 സംരക്ഷണകേന്ദ്രങ്ങൾ, 220 കമ്മ്യൂണിറ്റി റിസർവുകൾ എന്നിവ ഉൾപ്പെടുന്നു. ഇതു മൊത്തത്തിൽ രാജ്യത്തിന്റെയാകെ വിസ്തൃതിയുടെ 1,75,169.42 കിലോമീറ്റർ, അതായത് ഏകദേശം 5.32%, വരും.

 

വിഭാഗം

എണ്ണം

ദേശീയോദ്യാനങ്ങൾ

106

വന്യജീവി സങ്കേതങ്ങൾ

573

സംരക്ഷണകേന്ദ്രങ്ങൾ

115

കമ്മ്യൂണിറ്റി റിസർവുകൾ

220

ആകെ

1014

 

 

ദേശീയ വന്യജീവി വിവരസഞ്ചയ കേന്ദ്രം (NWDC) ഇന്ത്യയിലെ ജന്തുജാലങ്ങളുടെ സംരക്ഷണ നില, ജൈവഭൂമിശാസ്ത്ര മേഖലകൾ, പരിപാലന യൂണിറ്റുകൾ, ആവാസവ്യവസ്ഥകൾ, സംരക്ഷിത പ്രദേശങ്ങളുടെ ശൃംഖല എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വിവിധ രൂപത്തിൽ നൽകുന്നു. കൂടാതെ വന്യജീവി ഗവേഷണത്തിനു വിപുലമായ ഗ്രന്ഥസൂചിക പിന്തുണയും നൽകുന്നു.

1. നിയമനിർമാണ-നയചട്ടക്കൂട്

 

  • ദേശീയ വന്യജീവി കർമപദ്ധതി (2017-2031): തന്ത്രപരമായ ഈ പദ്ധതി ഭൂപ്രകൃതിതല സംരക്ഷണം, സാമൂഹ്യപങ്കാളിത്തം, കാലാവസ്ഥ വ്യതിയാന പരിഗണനകൾ വന്യജീവി പരിപാലനത്തിൽ സംയോജിപ്പിക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.
  • ദേശീയ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തന്ത്രവും കർമപദ്ധതിയും: വന്യജീവി സംരക്ഷണം, ആവാസവ്യവസ്ഥയുടെ സംരക്ഷണം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം മനുഷ്യ-വന്യജീവി സംഘർഷം (HWC) വ്യവസ്ഥാപിതമായി കുറയ്ക്കുക എന്നതാണ് ദേശീയ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തന്ത്രവും കർമപദ്ധതിയും (2021-26) (HWC-NAP) ലക്ഷ്യമിടുന്നത്. HWC ലഘൂകരണത്തെക്കുറിച്ചുള്ള ഇൻഡോ-ജർമൻ പദ്ധതിക്കുകീഴിൽ നാലുവർഷത്തെ കൂടിയാലോചന പ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്ത ഈ പരിപാടി, മനുഷ്യന്റെ ക്ഷേമത്തെ വന്യജീവി സംരക്ഷണവുമായി സന്തുലിതമാക്കുന്നതിനുള്ള ശാസ്ത്രീയ-നയ-സമൂഹാധിഷ്ഠിത സമീപനങ്ങൾ സമന്വയിപ്പിക്കുന്നു.

 

2. സ്പീഷീസ് അടിസ്ഥാനമാക്കിയുള്ള സംരക്ഷണ സംരംഭങ്ങൾ - വിജയഗാഥകൾ

2.1 പ്രോജക്റ്റ് ഡോൾഫിൻ: പ്രധാന സംഭവവികാസങ്ങളും സംരക്ഷണ ശ്രമങ്ങളും

2020 ഓഗസ്റ്റ് 15-ന് ആരംഭിച്ച പ്രോജക്റ്റ് ഡോൾഫിൻ, ആവാസവ്യവസ്ഥ സംരക്ഷണം, ശാസ്ത്രീയ ഗവേഷണം, സമൂഹ അവബോധം എന്നിവയിലൂടെ സമുദ്ര-നദീതീര ഡോൾഫിനുകളെയും അനുബന്ധ സസ്തനികളെയും സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു. സിഎസ്എസ്: വന്യജീവി ആവാസ വ്യവസ്ഥകളുടെ വികസനവും സംരക്ഷണവും പദ്ധത‌ിപ്രകാരം, പ്രവർത്തനങ്ങൾക്കായി 2022-23ൽ, ₹241.73 ലക്ഷവും 2023-24ൽ ₹248.18 ലക്ഷവും അനുവദിച്ചു. ജീവിവർഗങ്ങളുടെ സംരക്ഷണം, ആവാസവ്യവസ്ഥ മെച്ചപ്പെടുത്തൽ, നിരീക്ഷണം, പട്രോളിങ്, ബോധവൽക്കരണ പരിപാടികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ശ്രമങ്ങൾ നടത്തി അസം, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പ്രധാന ഡോൾഫിൻ ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സമഗ്ര കർമപദ്ധതിക്കു (2022-2047) രൂപംനൽകുകയും നടപ്പാക്കലിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തു.

നയ-പരിപാലന മെച്ചപ്പെടുത്തലുകൾ

 

  • 1972 ലെ വന്യജീവി (സംരക്ഷണ) നിയമം 2022 ഡിസംബറിൽ ഭേദഗതി ചെയ്ത്, ഇന്ത്യയുടെ തീരസംരക്ഷണസേനയ്ക്ക് നിർവഹണ അധികാരങ്ങൾ നൽകുകയും ഷെഡ്യൂൾ I പ്രകാരം ഗംഗാ, സിന്ധു നദി ഡോൾഫിനുകളെ വ്യത്യസ്ത ഇനങ്ങളായി അംഗീകരിക്കുകയും ചെയ്തു.
  • പ്രോജക്റ്റ് ഡോൾഫിൻ സ്റ്റിയറിങ് കമ്മിറ്റി പുനഃസംഘടിപ്പിക്കുകയും, 2023 സെപ്റ്റംബർ ആറിനു ചേർന്ന ആദ്യ കമ്മിറ്റി യോഗത്തിൽ പ്രോജക്റ്റ് ഡോൾഫിൻ വാർത്താപത്രികയുടെ ആദ്യ പതിപ്പ് ആരംഭിക്കുകയും ചെയ്തു.
  • സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഡോൾഫിൻ-തിമിംഗല കമ്മീഷണർമാരെ നിയമിച്ച്, അന്താരാഷ്ട്ര തിമിംഗല കമ്മീഷൻ ചട്ടങ്ങൾ പാലിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.

 

ശാസ്ത്രഗവേഷണവും അന്താരാഷ്ട്ര ഇടപെടലും

 

  • നദീതീര ഡോൾഫിനുകളുടെ കണക്കെടുപ്പ് പൂർത്തിയായി. റിപ്പോർട്ട് അന്തിമഘട്ടത്തിലാണ്.
  • ഇരവാഡി ഡോൾഫിനുകളെക്കുറിച്ചുള്ള യോഗം ഒഡിഷയിൽ പരിസ്ഥിതി-വനം-കാലാവസ്ഥവ്യതിയാന മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നു.
  • ആഗോളതലത്തിൽ ഡോൾഫിനുകളുടെ സംരക്ഷണത്തോടുള്ള പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുന്നതിനായി നദീതീര ഡോൾഫിനുകൾക്കായുള്ള ആഗോള പ്രഖ്യാപനത്തെക്കുറിച്ചുള്ള ചർച്ചകളിൽ (2023 ഒക്ടോബർ 23-24, ബൊഗോട്ട, കൊളംബിയ) ഇന്ത്യ പങ്കെടുത്തു.
  • ചമ്പൽ നദീ സംരക്ഷണ മേഖല: മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 200 കിലോമീറ്റർ ദൈർഘ്യമുള്ള പ്രദേശം, സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഡോൾഫിൻ സംരക്ഷണ മേഖലയായി നിയോഗിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.

 

ഇന്ത്യയിലെ ആദ്യത്തെ ഗംഗാനദി ഡോൾഫിൻ ടാഗിങ്: ചരിത്ര സംരക്ഷണ നാഴികക്കല്ല്

2024 ഡിസംബർ 18-ന്, പ്രോജക്റ്റ് ഡോൾഫിനു കീഴിൽ അസമിലെ ആദ്യത്തെ ഗംഗാ നദി ഡോൾഫിനിനെ (പ്ലാറ്റാനിസ്റ്റ ഗംഗെറ്റിക്ക) വിജയകരമായി ഉപഗ്രഹ ടാഗിങ് നടത്തി ഇന്ത്യ വിപ്ലവകരമായ നാഴികക്കല്ല് കൈവരിച്ചു. ഇന്ത്യയുടെ വന്യജീവി സ്ഥാപനം (WII) അസം വനം വകുപ്പുമായും ആരണ്യകുമായും സഹകരിച്ച്, ദേശീയ CAMPA അതോറിറ്റിയുടെ (MoEFCC) ധനസഹായത്തോടെയാണ് ഈ സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നത്. ഡോൾഫിൻ സംരക്ഷണത്തിൽ ആഗോളതലത്തിൽ ആദ്യത്തേതാണ് ഈ സംരംഭം.

 

  • ലോക ജനസംഖ്യയുടെ 90% ഇന്ത്യയിലായതിനാൽ, അവയുടെ ചലനത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള അറിവിന്റെ അന്തരങ്ങൾ സംരക്ഷണശ്രമങ്ങളെ തടസ്സപ്പെടുത്തിയിട്ടുണ്ട്.
  • ഈ സംരംഭം അവയുടെ ആവാസവ്യവസ്ഥ, കുടിയേറ്റ രീതികൾ, പരിസ്ഥിതിസമ്മർദങ്ങൾ എന്നിവ പഠിക്കുകയും മികച്ച സംരക്ഷണ തന്ത്രങ്ങളെ സഹായിക്കുകയും ചെയ്യും.

 

സാങ്കേതികവിദ്യയും ഭാവിനടപടികളും

 

  • ആർഗോസ് ഉപഗ്രഹ സംവിധാനങ്ങളുമായി പൊരുത്തപ്പെടുന്ന ഭാരം കുറഞ്ഞ നൂതനമായ ഉപഗ്രഹ ടാഗുകൾ, ഡോൾഫിനുകളുടെ ഉപരിതലസമയം കുറഞ്ഞിരുന്നിട്ടും പിന്തുടരൽ സാധ്യമാക്കുന്നു.
  • മറ്റു സംസ്ഥാനങ്ങളിലേക്കും ടാഗിങ് വ്യാപിപ്പിക്കുന്നതിനും സമഗ്രമായ സംരക്ഷണ മാർഗരേഖ സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതികൾ പുരോഗമിക്കുന്നു.

 

2.2 പ്രോജക്റ്റ് ടൈഗറിന്റെ 50 വർഷങ്ങൾ:

1973 ൽ ആരംഭിച്ച പ്രോജക്റ്റ് ടൈഗർ, ഇന്ത്യയുടെ മുൻനിര സംരക്ഷണ സംരംഭമാണ്. ഇത് 2023ൽ വിജയകരമായി 50 വർഷം പൂർത്തിയാക്കി. സമർപ്പിത സംരക്ഷണകേന്ദ്രങ്ങളിലൂടെയും കർശനമായ സംരക്ഷണ നടപടികളിലൂടെയും കടുവ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഈ പദ്ധതി കടുവകളുടെ എണ്ണം പുനരുജ്ജീവിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ നാഴികക്കല്ല് അടയാളപ്പെടുത്തി, 2023 ഏപ്രിൽ ഒമ്പതിനു കർണാടകയിലെ മൈസൂരുവിൽ നടന്ന അനുസ്മരണ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2022ലെ അഖിലേന്ത്യാ കടുവ കണക്കെടുപ്പിന്റെ അഞ്ചാം ചക്രം അനുസരിച്ച്, ലോകത്തിലെ കാട്ടുകടുവകളുടെ എണ്ണത്തിന്റെ 70 ശതമാനത്തിലധികം ഇന്ത്യയിലാണ്. ഇത് ആഗോള കടുവ സംരക്ഷണത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ നേതൃത്വം ഊട്ടിയുറപ്പിക്കുന്നു.

 

സ്ഥിതിവിവരക്കണക്ക്

മൂല്യം

ആഗോള കാട്ടുകടുവകളിൽ ഇന്ത്യയുടെ പങ്ക്

70 ശതമാനത്തിലധികം

കടുവകളുടെ കുറഞ്ഞ എണ്ണം

3,167

കണക്കാക്കിയ ഉയർന്ന പരിധി

3,925

ശരാശരി എണ്ണം

3,682

വാർഷിക വളർച്ചനിരക്ക്

6.1%

 

2022ലെ അഖിലേന്ത്യാ കടുവ കണക്കെടുപ്പ് പ്രകാരം കടുവകളുടെ എണ്ണം 3682 ആയി (3167-3925 പരിധി) വർധിച്ചതോടെ, കടുവസംരക്ഷണത്തിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 2018-ൽ 2967 ഉം 2014-ൽ 2226 ഉം ആയിരുന്ന കടുവകളുടെ എണ്ണം ക്രമാനുഗതമായി വർധിച്ചു. സ്ഥിരമായി സാമ്പിൾ പരിശോധിക്കുന്ന പ്രദേശങ്ങളിൽ ഇവയുടെ എണ്ണം പ്രതിവർഷം 6.1% എന്ന നിരക്കിൽ വളരുന്നു.

പ്രോജക്ട് ടൈഗറിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച്, ‘കടുവ സംരക്ഷണത്തിനായുള്ള അമൃതകാല കാഴ്ചപ്പാട്’, കടുവസംരക്ഷണകേന്ദ്രങ്ങളുടെ പരിപാലന ഫലപ്രാപ്തി വിലയിരുത്തലിന്റെ അഞ്ചാം ചക്രം (MEE), 2022-ലെ അഖിലേന്ത്യാ കടുവ കണക്കെടുപ്പിന്റെ ഔദ്യോഗിക സംഗ്രഹം എന്നിവ ഉൾപ്പെടെയുള്ള പ്രധാന റിപ്പോർട്ടുകൾ പ്രധാനമന്ത്രി പുറത്തിറക്കി. സ്മരണികാനാണയവും പുറത്തിറക്കി.

പ്രധാന സംരക്ഷണ ശ്രമങ്ങൾ

കടുവ സംരക്ഷണകേന്ദ്ര വികസനവും പരിപാലനവും

 

  • 78,000 ചതുരശ്ര കിലോമീറ്ററിലധികം (രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 2.30%) ഉൾക്കൊള്ളുന്ന 54 കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഇപ്പോൾ ഇന്ത്യയിലുണ്ട്. റാണി ദുർഗാവതി കടുവ സംരക്ഷണ കേന്ദ്രം (മധ്യപ്രദേശ്) ആണ് ഏറ്റവും പുതിയത്.
  • 51 കടുവസംരക്ഷണകേന്ദ്രങ്ങളെ MEE 2022 വിലയിരുത്തി. 12 എണ്ണം ‘മികച്ചത്’ എന്നും 21 എണ്ണം ‘വളരെ നല്ലത്’ എന്നും 13 എണ്ണം ‘നല്ലത്’ എന്നും 5 എണ്ണം ‘ഉചിതം’ എന്നും വർഗീകരിച്ചു.

 

വംശനാശം സംഭവിച്ച പ്രദേശങ്ങളിൽ കടുവകളെ വീണ്ടും എത്തിക്കൽ

 

  • രാജാജി (ഉത്തരാഖണ്ഡ്), മാധവ് (മധ്യപ്രദേശ്), മുകുന്ദ്ര കുന്നുകൾ (രാജസ്ഥാൻ), രാംഗഢ് വിഷ്ധാരി (രാജസ്ഥാൻ) കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ കടുവകളെ വീണ്ടും അവതരിപ്പിച്ചു. ബുക്സ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് ഇനി ഇവയെ എത്തിക്കുക.

 

ആഗോള സംരക്ഷണ അംഗീകാരവും സഹകരണവും

 

  • സംരക്ഷണത്തിൽ ആഗോളതലത്തിൽ മികച്ച രീതികൾ ഉറപ്പാക്കുന്ന രാജ്യത്തെ 23 കടുവ സംരക്ഷണ കേന്ദ്രങ്ങൾക്ക് ഇപ്പോൾ CA|TS അംഗീകാരം ലഭിച്ചു. ഈ വർഷം പുതിയ ആറു സംരക്ഷണകേന്ദ്രങ്ങൾക്ക് അംഗീകാരം ലഭിച്ചു.
  • കടുവകളുടെ എണ്ണം ഇരട്ടിയാക്കിയതിന് പെഞ്ച്, സത്പുര കടുവ സംരക്ഷണകേന്ദ്രങ്ങൾക്ക് അഭിമാനകരമായ Tx2 പുരസ്കാരം ലഭിച്ചു.
  • കടുവ പുനരവതരിപ്പിക്കലിനായി ഇന്ത്യ കംബോഡിയയുമായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു, സുന്ദർബൻസിലെ അതിർത്തി കടന്നുള്ള സംരക്ഷണത്തിനായി ബംഗ്ലാദേശുമായി ഉഭയകക്ഷിചർച്ചകൾ നടത്തി.

 

2.3 ഉടമ്പടി അടിസ്ഥാനമാക്കിയുള്ള സംഘടനയായി മാറുന്ന അന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യം (ഐബിസിഎ)

നിക്കരാഗ്വ, എസ്വറ്റീനി, ഇന്ത്യ, സൊമാലിയ, ലൈബേരിയ എന്നീ രാജ്യങ്ങൾ കരാർ അംഗീകരിച്ചതോടെ 2025 ജനുവരി 23ന് അന്താരാഷ്ട്ര ബൃഹദ് മാർജാര സഖ്യം (ഐബിസിഎ) ഔദ്യോഗികമായി ഉടമ്പടി അടിസ്ഥാനമാക്കിയുള്ള അന്തർഗവണ്മെന്റ് സംഘടനയായി മാറി. 27 രാജ്യങ്ങളുമായി ചേർന്ന്, അതിർത്തി കടന്നുള്ള സഹകരണത്തിലൂടെ ആഗോളതലത്തിൽ വലിയ പൂച്ചകളുടെ സംരക്ഷണം വർധിപ്പിക്കാൻ ഐബിസിഎ ലക്ഷ്യമിടുന്നു.

ഐബിസിഎയെക്കുറിച്ച്

 

  • പ്രോജക്ട് ടൈഗർ പരിപാടിയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ ഒമ്പതിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി സമാരംഭിച്ചത്.
  • 2024 ഫെബ്രുവരിയിൽ ഇന്ത്യ ആസ്ഥാനമായി ഈ സംവിധാനം സ്ഥാപിക്കുന്നതിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
  • 2024 മാർച്ച് 12-ന് MoEFCC-യുടെ കീഴിലുള്ള ദേശീയ കടുവ സംരക്ഷണ അതോറിറ്റി (NTCA) സ്ഥാപിച്ചു.
  • കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, ചീറ്റ, ജാഗ്വർ, പ്യൂമ എന്നീ ഏഴു വലിയ മാർജാര ഇനങ്ങളുടെ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

പ്രധാന ലക്ഷ്യങ്ങളും സ്വാധീനവും

 

  • ഗവണ്മെന്റുകൾ, സംരക്ഷകർ, സന്നദ്ധസംഘടനകൾ എന്നിവയ്ക്കിടയിൽ ആഗോള സഹകരണം വർധിപ്പിക്കുന്നു.
  • ഗവേഷണത്തിനും സംരക്ഷണ ശ്രമങ്ങൾക്കുമായി കേന്ദ്രനിധിയും സാങ്കേതിക കേന്ദ്രവും സ്ഥാപിക്കുന്നു.
  • ആവാസവ്യവസ്ഥയുടെ സംരക്ഷണം, വേട്ടയാടൽവിരുദ്ധ തന്ത്രങ്ങൾ, വന്യജീവി നിയമനിർവഹണം എന്നിവ ശക്തിപ്പെടുത്തുന്നു.
  • നിയമവിരുദ്ധ വന്യജീവിവ്യാപാരത്തെ ചെറുക്കുകയും സുസ്ഥിര സംരക്ഷണ രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
  • കാലാവസ്ഥവ്യതിയാന ലഘൂകരണത്തെ സംരക്ഷണ തന്ത്രങ്ങളുമായി സംയോജിപ്പിക്കുന്നു.

 

ഐ‌ബി‌സി‌എയുടെ നിയമപരമായ പദവി ഇപ്പോൾ ഔപചാരികമാക്കിയതോടെ, ആഗോളതലത്തിൽ ബൃഹദ് മാർജാര സംരക്ഷണത്തിൽ ഇത് ചരിത്രപരമായ നാഴികക്കല്ലായി. ഈ ഉന്നത വേട്ടക്കാരെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് കരുത്തുറ്റ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നു.

കാസിരംഗ ദേശീയോദ്യാനം, കടുവ സംരക്ഷണ കേന്ദ്രം എന്നിവയുമായി സഹകരിച്ച്, ഐ‌ബി‌സി‌എ വന്യജീവി സംരക്ഷണത്തിനും സംരക്ഷകർക്കും ശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള എക്സിക്യൂട്ടീവ് കോഴ്‌സ് സംഘടിപ്പിച്ചു. 27 രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഒരുമിച്ചു കൊണ്ടുവന്ന ഈ പരിപാടി, വന്യജീവി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള പൊതുവായ ആഗോള പ്രതിജ്ഞാബദ്ധതയ്ക്ക് അടിവരയിടുന്നു.

2.4 പ്രോജക്റ്റ് ചീറ്റ

1940 കളുടെ അവസാനത്തിലും 1950 കളുടെ തുടക്കത്തിലും വംശനാശം സംഭവിച്ച ചീറ്റകളെ ഇന്ത്യയിലേക്കു വീണ്ടും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 2022 സെപ്റ്റംബർ 17ന് ആരംഭിച്ച നാഴികക്കല്ലായ വന്യജീവി സംരക്ഷണ സംരംഭമാണ് പ്രോജക്റ്റ് ചീറ്റ. ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര വന്യ മാംസഭോജി ഇടംമാറ്റൽ പദ്ധതി എന്ന നിലയിൽ, ഇത് പ്രോജക്റ്റ് ടൈഗറിനു കീഴിൽ പ്രവർത്തിക്കുകയും ജീവിവർഗങ്ങളെ പുനഃസ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ചീറ്റ കർമപദ്ധതിയുമായി യോജിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ പുൽമേടുകളുടെ ആവാസവ്യവസ്ഥയിൽ ദീർഘകാല നിലനിൽപ്പും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ഉറപ്പാക്കി, അനുയോജ്യമായ ആവാസവ്യവസ്ഥകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

പ്രധാന നേട്ടങ്ങൾ:

 

  • ഭൂഖണ്ഡാന്തര ഇടംമാറ്റൽ: 2022 സെപ്റ്റംബറിൽ, നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലേക്കു കൊണ്ടുവന്നു. തുടർന്ന് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് 12 ചീറ്റകളെ കൊണ്ടുവന്നു.
  • വിജയകരമായ പൊരുത്തപ്പെടൽ: ഈ ചീറ്റകളിൽ ഭൂരിഭാഗവും അവയുടെ പുതിയ പരിസ്ഥിതിയുമായി നന്നായി പൊരുത്തപ്പെട്ടു. വേട്ടയാടൽ, പ്രദേശം സ്ഥാപിക്കൽ, ഇണചേരൽ തുടങ്ങിയ സ്വാഭാവിക പെരുമാറ്റങ്ങൾ പ്രകടിപ്പിച്ചു. 75 വർഷത്തിനുശേഷം ഇന്ത്യൻ മണ്ണിൽ പെൺ ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നതു ശ്രദ്ധേയമായി. അതിജീവിച്ച ഒരു കുഞ്ഞിന് ആറ് മാസം പ്രായമുണ്ടെന്നും 2023 സെപ്റ്റംബർ വരെ സാധാരണ വളർച്ചാ രീതികൾ കാണിക്കുന്നുവെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ജനുവരി മുന്നിന് കുനോ ദേശീയോദ്യാനത്തിൽ നമീബിയൻ ചീറ്റ ‘ആശ’യ്ക്കു മൂന്നു കുഞ്ഞുങ്ങൾ ജനിച്ചു.
  • സാമൂഹ്യ ഇടപെടൽ: ഈ പദ്ധതിയിൽ പ്രാദേശിക സമൂഹങ്ങളെ സജീവമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ നൽകുന്നു. ചീറ്റകളുടെ പെരുമാറ്റത്തെക്കുറിച്ചും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും സമാധാനപരമായ സഹവർത്തിത്വം വളർത്തുന്നതിനും ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ള 350-ലധികം ‘ചീറ്റ മിത്രങ്ങളെ’ നിയോഗിച്ചിട്ടുണ്ട്.
2.5 പ്രോജക്റ്റ് എലിഫന്റ്:

 

ആഗോള ഏഷ്യൻ ആനകളുടെ എണ്ണത്തിൽ 60 ശതമാനത്തിലധികവും വസിക്കുന്ന ഇന്ത്യ, ഗാംഭീര്യമാർന്ന ഈ മൃഗങ്ങളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി വലിയ തോതിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച പ്രോജക്റ്റ് എലിഫന്റ്, ആനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മുൻനിര സംരംഭമാണ്. ആവാസവ്യവസ്ഥ സംരക്ഷണം, മനുഷ്യ-ഗജ സംഘർഷം ലഘൂകരിക്കൽ, തടവിലാക്കപ്പെട്ട ആനകളുടെ ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പരിപാടി, ആന സംരക്ഷണത്തിനായുള്ള ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്കാരിക-പാരിസ്ഥിതിക പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നു.

പ്രധാന നേട്ടങ്ങളും സംരംഭങ്ങളും

 

1.      ആനകളുടെ എണ്ണം വർധിക്കുന്നു: ഇന്ത്യയിലെ കാട്ടാനകളുടെ എണ്ണം 26,786-ൽനിന്ന് (2018 കണക്കെടുപ്പ്) 2022ൽ 29,964 ആയി വർധിച്ചു. ഇതു രാജ്യത്തിന്റെ വിജയകരമായ സംരക്ഷണ ശ്രമങ്ങൾക്കു കരുത്തേകുന്നു.

വർഷം

ഇന്ത്യയിലെ ആനകളുടെ എണ്ണം

2018

26,786

2022

29,964

 

2. സംരക്ഷിതമേഖലകളുടെ വികസനം: ഇന്ത്യയിൽ 14 സംസ്ഥാനങ്ങളിലായി 33 ആന സംരക്ഷണ കേന്ദ്രങ്ങളുണ്ട്. 80,777 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവ ആനകൾക്കു സുരക്ഷിതമായ ദേശാടന ഇടനാഴികളും സംരക്ഷിത ആവാസവ്യവസ്ഥകളും ഉറപ്പാക്കുന്നു.

3. സംയോജിത വന്യജീവി സംരക്ഷണം: ആന സംരക്ഷണ കേന്ദ്രങ്ങൾ പലപ്പോഴും കടുവ സംരക്ഷണ കേന്ദ്രങ്ങൾ, വന്യജീവി സങ്കേതങ്ങൾ, സംരക്ഷിത വനങ്ങൾ എന്നിവയിലേക്കു  വ്യാപിച്ചിരിക്കുന്നു. വിവിധ വന-വന്യജീവി നിയമങ്ങൾക്കുകീഴിൽ സമഗ്രമായ സംരക്ഷണം ഇതുറപ്പാക്കുന്നു.

4. സംരക്ഷണത്തിനുള്ള സാമ്പത്തിക നിക്ഷേപം: 15-ാം ധനകാര്യ കമ്മീഷൻ പ്രകാരം, വന്യജീവി സംരക്ഷണത്തിനായി ഗവണ്മെന്റ് ₹2,602.98 കോടിയുടെ മൊത്തം വിഹിതം അംഗീകരിച്ചു. സംരക്ഷണ നടപടികൾ ശക്തിപ്പെടുത്തുന്നതിനും മനുഷ്യ-ഗജ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും പ്രോജക്ട് എലിഫന്റിന് പ്രത്യേകമായി ₹236.58 കോടി അനുവദിച്ചു.

2.6 ഇന്ത്യയിലെ ഏഷ്യൻ സിംഹങ്ങളുടെ സംരക്ഷണം

വംശനാശത്തിന്റെ വക്കിലെത്തിയ ഏഷ്യൻ സിംഹം (പാന്ഥെറ ലിയോ പെർസിക്ക) ഇന്ത്യയിൽ, പ്രധാനമായും ഗുജറാത്തിലെ ഗിർ ദേശീയോദ്യാനത്തിലും അതിനു ചുറ്റുമുള്ള ഭൂപ്രകൃതിയിലും, ശ്രദ്ധേയമായ പുനരുജ്ജീവനത്തിനു സാക്ഷ്യം വഹിച്ചു. ഇന്ത്യാ ഗവൺമെന്റ്, ഗുജറാത്ത് സംസ്ഥാന ഗവൺമെന്റ്, തദ്ദേശീയ സമൂഹങ്ങൾ എന്നിവരുടെ സമർപ്പിത പരിശ്രമങ്ങളുടെ ഫലമായാണ് ഈ സംരക്ഷണ വിജയം.

പ്രധാന സംരംഭങ്ങൾ

പ്രോജക്റ്റ് ലയൺ:

ഒരു മുൻനിര സംരംഭമായി ആരംഭിച്ച പ്രോജക്റ്റ് ലയൺ, ഇനിപ്പറയുന്നവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു:

·     സുസ്ഥിരമായ സിംഹ ആവാസവ്യവസ്ഥകൾ ഉറപ്പാക്കുന്നതിന് ഭൂദൃശ്യ പരിസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണം.

·     സിംഹങ്ങൾക്കായി ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കലും കൂടുതൽ പ്രദേശങ്ങൾ സുരക്ഷിതമാക്കലും.

·     തദ്ദേശവാസികൾക്ക് ഉപജീവനമാർഗത്തിനായുള്ള അവസരങ്ങൾ സൃഷ്ടിക്കുന്ന സമൂഹ പങ്കാളിത്തം.

·     രോഗങ്ങൾ കൈകാര്യം ചെയ്യൽ, വലിയ പൂച്ചകളുടെ ആരോഗ്യ ഗവേഷണത്തിനും ചികിത്സയ്ക്കുമുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കുന്നു.

പ്രാധാന്യവും നേട്ടങ്ങളും

1.     എണ്ണത്തിലെ വീണ്ടെടുക്കൽ:

കഠിനമായ സംരക്ഷണ ശ്രമങ്ങളിലൂടെ, ഏഷ്യൻ സിംഹങ്ങളുടെ എണ്ണം സ്ഥിരമായ വർധനയുടെ പ്രവണത കാണിക്കുന്നു:

·     2010: 411 സിംഹങ്ങൾ

·     2015: 523 സിംഹങ്ങൾ

·     2020: 674 സിംഹങ്ങൾ

2.   സംരക്ഷണത്തിനായി വർധ‌ിച്ച ധനസഹായം:

സിംഹ സംരക്ഷണത്തിനായുള്ള സാമ്പത്തിക പ്രതിജ്ഞാബദ്ധത ഗുജറാത്ത് ഗവണ്മെന്റ് ക്രമാനുഗതമായി വർധിപ്പിച്ച്, 2023-24ൽ ₹155.53 കോടിയാക്കി.

3.    അന്താരാഷ്ട്ര അംഗീകാരം:

ഇന്ത്യയുടെ സംരക്ഷണ സംരംഭങ്ങളാൽ, 2008-ൽ പ്രകൃതിസംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര യൂണിയൻ (IUCN) ഏഷ്യൻ സിംഹങ്ങളെ “ഗുരുതര വംശനാശഭീഷണി നേരിടുന്നവ” എന്നതിൽനിന്ന് “വംശനാശഭീഷണി നേരിടുന്നവ” എന്ന വിഭാഗത്തിലേക്കു പുനഃക്രമീകരിച്ചു. ഇത് ഇന്ത്യയുടെ ശ്രമങ്ങളുടെ വിജയം അംഗീകരിക്കുന്നു.

2.7 ഇന്ത്യയിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണം

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്കു (റൈനോസറസ് യൂണികോർണിസ്) കരുതലേകുന്നതിനും  സംരക്ഷിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റ് തന്ത്രപരമായ നിരവധി സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഇത് അവയുടെ എണ്ണം വീണ്ടെടുക്കലിലും ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിലും ഗണ്യമായ നേട്ടങ്ങൾക്ക് കാരണമായി.

പ്രധാന സംരക്ഷണ സംരംഭങ്ങൾ:

·     ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്കായുള്ള ദേശീയ സംരക്ഷണ തന്ത്രം (2019): പരിസ്ഥിതി-വനം-കാലാവസ്ഥവ്യതിയാന മന്ത്രാലയം 2019-ൽ ആരംഭിച്ച ഈ തന്ത്രം, ശാസ്ത്രീയവും ഭരണപരവുമായ നടപടികളിലൂടെ നിലവിലുള്ള സംരക്ഷണ ശ്രമങ്ങൾ വർധിപ്പിച്ച്, കാണ്ടാമൃഗങ്ങളുടെ എണ്ണം മുമ്പ് നിലനിന്നിരുന്ന പ്രദേശങ്ങളിൽ വീണ്ടും വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

·     ഇന്ത്യൻ കാണ്ടാമൃഗ കാഴ്ചപ്പാട് (IRV) 2020: കാണ്ടാമൃഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിലും, അനുയോജ്യമായ ആവാസവ്യവസ്ഥകളിലേക്ക് മാറ്റുന്നതിലൂടെ അവയുടെ വ്യാപനം വികസിപ്പിക്കുന്നതിലും ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുവഴി ജനിതക വൈവിധ്യം വർധിപ്പിക്കുകയും പ്രാദേശികവൽക്കരിച്ച ഭീഷണികളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

സ്വാധീനവും നേട്ടങ്ങളും:

·     എണ്ണത്തിലെ വർധന: 2022ലെ കണക്കനുസരിച്ച്, യുനെസ്കോയുടെ ലോക പൈതൃകപ്രദേശമായ കാസിരംഗ ദേശീയോദ്യാനത്തിൽ 2613 വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുണ്ട്. ഇതു ഫലപ്രദമായ സംരക്ഷണ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു.

·     ആഗോള പ്രാധാന്യം: ലോകത്തിലെ വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഏകദേശം 68 ശതമാനവും അസമിലെ കാണ്ടാമൃഗങ്ങളാണ്. ഇത് ആഗോള സംരക്ഷണത്തിൽ സംസ്ഥാനത്തിന്റെ നിർണായക പങ്കിന് അടിവരയിടുന്നു.

·     സാമൂഹ്യ ഇടപെടൽ: കാസിരംഗ ദേശീയോദ്യാനത്തിലെ ലോക കാണ്ടാമൃഗ ദിനാചരണം പോലുള്ള സംരംഭങ്ങളിൽ പ്രാദേശിക സമൂഹങ്ങൾ ഉൾപ്പെടുകയും കാണ്ടാമൃഗ സംരക്ഷണത്തെക്കുറിച്ച് പൊതുജന അവബോധം വളർത്തുകയും ചെയ്യുന്നു. ഇത് ഐതിഹാസികമായ ഈ ഇനത്തെ സംരക്ഷിക്കുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്വബോധം വളർത്തുന്നു. 

3. സ്വാഭാവിക വാസസ്ഥല-ആവാസവ്യവസ്ഥ സംരക്ഷണം

സസ്യ-ജന്തുജാലങ്ങളുടെയും ഹെർബേറിയം രേഖകളുടെയും ഡിജിറ്റൈസേഷൻ: 2024-ൽ, ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയും (BSI) സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (ZSI) 16,500 മാതൃകകളുടെ ഡിജിറ്റൈസേഷൻ നടത്തി, അതിൽ 45000 ടൈപ്പ്,  നോൺ ടൈപ്പ് ഇന്ത്യൻ ജന്തുജാല മാതൃകകളുടെ ചിത്രങ്ങൾ ഉൾപ്പെടുന്നു. 27 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നും രാജ്യത്തുടനീളമുള്ള 10 ബയോജിയോഗ്രാഫിക് സോണുകളിൽനിന്നുമുള്ള ജന്തുജാലവിവരങ്ങൾ രേഖപ്പെടുത്തുന്നത് ZSI പൂർത്തിയാക്കി. 11 IHR സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും (ജമ്മു കശ്മീർ) 6124 നീരുറവകളുടെ വിവരങ്ങൾ HIMAL ജിയോ പോർട്ടലിൽ സ്ഥലപരമായി ഓൺലൈനായി ജിയോ-ടാഗ് ചെയ്തിട്ടുണ്ട്.

തീരദേശവാസസ്ഥലത്തിനും സ്പഷ്ടമായ വരുമാനത്തിനുമായുള്ള കണ്ടൽക്കാട് സംരംഭം (MISHTI): 2024ലെ ലോക പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച MISHTI, തീരദേശ സുസ്ഥിരത വർധിപ്പിക്കുന്നതിനായി കണ്ടൽക്കാടുകളുടെ പുനഃസ്ഥാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നശിച്ചുപോയ ഏകദേശം 22,561 ഹെക്ടർ നശിച്ച കണ്ടൽക്കാടുകൾ പുനഃസ്ഥാപിച്ചു.

ഹരിത ഇന്ത്യക്കായുള്ള ദേശീയ ദൗത്യം (GIM): കാലാവസ്ഥവ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമപദ്ധതിയുടെ ഭാഗമായി, ഇന്ത്യയുടെ വനവിസ്തൃതി സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും വർധിപ്പിക്കുകയും ചെയ്യുക, അതുവഴി കാലാവസ്ഥവ്യതിയാന ലഘൂകരണത്തിനും പൊരുത്തപ്പെടുത്തലിനും സംഭാവന നൽകുക എന്നീ ലക്ഷ്യങ്ങളോടെ 2014 ഫെബ്രുവരിയിലാണ് GIM ആരംഭിച്ചത്.

വന്യജീവി ആവാസവ്യവസ്ഥകളുടെ സംയോജിത വികസനം (IDWH): വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഗവണ്മെന്റുകൾക്ക് ഈ കേന്ദ്രീകൃത പദ്ധതി സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകുന്നു. 15-ാം ധനകാര്യ കമ്മീഷൻ ചക്രത്തിൽ ആകെ ₹2,602.98 കോടി വകയിരുത്തി, വന്യജീവി ആവാസവ്യവസ്ഥകൾ, പ്രോജക്റ്റ് ടൈഗർ, പ്രോജക്റ്റ് എലിഫന്റ് എന്നിവയുടെ വികസനം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

4. ഗവേഷണവും നിരീക്ഷണവും

നൂതന ഗവേഷണ സൗകര്യങ്ങൾ: 2024 ഡിസംബറിൽ, ഡെറാഡൂണിലെ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അടുത്ത തലമുറ ഡിഎൻഎ ശ്രേണീകരണസൗകര്യത്തിന് MoEFCC തുടക്കംകുറിച്ചു. ഈ സൗകര്യം വന്യജീവി ജനിതകശാസ്ത്രത്തിലെ ഗവേഷണ ശേഷി വർധിപ്പിക്കുകയും ഫലപ്രദമായ സംരക്ഷണ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു.

5. സാമൂഹ്യ പങ്കാളിത്തവും അവബോധവും

‘ഏക് പേഡ് മാ കേ നാം’ യജ്ഞം: 2024ലെ ലോക പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച ഈ സംരംഭം, അമ്മമാരെയും ഭൂമിമാതാവിനെയും ആദരിച്ച്, മരങ്ങൾ നടാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. 2024 ഡിസംബറോടെ, ഈ യജ്ഞത്തിനു  കീഴിൽ 102 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു, 2025 മാർച്ചോടെ 140 കോടി മരങ്ങൾ എന്നതാണു ലക്ഷ്യം.

ലോക വന്യജീവി ദിനാചരണങ്ങൾ: “ജനങ്ങളെയും ഭൂമിയെയും കൂട്ടിയിണക്കൽ: വന്യജീവി സംരക്ഷണത്തിൽ ഡിജിറ്റൽ നൂതനാശയങ്ങൾ അനാവരണം ചെയ്യൽ” എന്ന പ്രമേയത്തോടെ, 2024ലെ ലോക വന്യജീവി ദിനം ഓഖ്‌ല പക്ഷിസങ്കേതത്തിൽ ആഘോഷിച്ചു. പരിസ്ഥിതിപിന്തുടരൽ, പോസ്റ്റർ നിർമാണ മത്സരങ്ങൾ, വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള സംവേദനാത്മക സെഷനുകൾ എന്നിവ പരിപാടിയുടെ ഭാഗമായി.

6. സമുദ്ര ജീവികളുടെ സംരക്ഷണം

 

  • ദേശീയ കടലാമ കർമപദ്ധതി: MoEFCC പുറത്തിറക്കിയ ഈ പദ്ധതി, ഇന്ത്യൻ തീരപ്രദേശങ്ങളിലെ കടലാമകളുടെയും അവയുടെ ആവാസ വ്യവസ്ഥകളുടെയും സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • തീരദേശ നിയന്ത്രണ മേഖല (CRZ) വിജ്ഞാപനം, 2019: കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ, കടലാമ കൂടുകൂട്ടുന്ന ഇടങ്ങൾ തുടങ്ങിയ പരിസ്ഥിതിലോല പ്രദേശങ്ങളുടെ സംരക്ഷണത്തിന് ഈ നിയന്ത്രണം ഊന്നൽ നൽകുന്നു. അനിയന്ത്രിതമായ വികസന പ്രവർത്തനങ്ങളിൽ നിന്ന് അവയുടെ സംരക്ഷണം ഉറപ്പാക്കുന്നു.

 

7. വന്യജീവി കുറ്റകൃത്യങ്ങളെ ചെറുക്കൽ

 

  • വന്യജീവി കുറ്റകൃത്യ നിയന്ത്രണ ബ്യൂറോ (WCCB): സംഘടിതമായ വന്യജീവി കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനായി സ്ഥാപിതമായ WCCB, നിർവഹണ നടപടികൾ ഏകോപിപ്പിക്കുകയും, രഹസ്യ വിവരങ്ങൾ ശേഖരിക്കുകയും, നിയമവിരുദ്ധ വന്യജീവി വ്യാപാരം തടയുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സഹായിക്കുകയും ചെയ്യുന്നു. 2019 നും 2023 നും ഇടയിൽ, WCCB വടക്കുകിഴക്കൻ മേഖലയിൽ 166 സംയുക്തനീക്കങ്ങൾ നടത്തി. ഇതിലൂടെ 375 കുറ്റവാളികളെ അറസ്റ്റ് ചെയ്തു.

 

2025 ലെ ലോക വന്യജീവി ദിനത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ പ്രധാന പ്രഖ്യാപനങ്ങൾ

·     എട്ട് സംസ്ഥാനങ്ങളിലായി 28 നദികളെ ഉൾപ്പെടുത്തി ഇന്ത്യയിലെ ആദ്യത്തെ നദീതീര ഡോൾഫിൻ എസ്റ്റിമേഷൻ റിപ്പോർട്ട് പുറത്തിറക്കി. ഡോൾഫിൻ സംരക്ഷണത്തിൽ പ്രാദേശിക സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു.

·     വന്യജീവി ആരോഗ്യ പരിപാലനത്തിൽ  ഏകോപനം വർധിപ്പിക്കുന്നതിനായി ജുനാഗഢിൽ നാഷണൽ റഫറൽ സെന്റർ ഫോർ വൈൽഡ്‌ലൈഫിന് തറക്കല്ലിട്ടു.

·     മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി കോയമ്പത്തൂരിലെ SACON-ൽ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കൽ.

·     നൂതനമായ പിന്തുടരൽ സാങ്കേതികവിദ്യ, നിരീക്ഷണ സംവിധാനങ്ങൾ, നിർമിതബുദ്ധി അധിഷ്ഠിത  നുഴഞ്ഞുകയറ്റം കണ്ടെത്തൽ സംവിധാനം എന്നിവയുള്ള ദ്രുതപ്രതികരണസംഘങ്ങൾ വിന്യസിക്കൽ.

·     ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് കാട്ടുതീ പ്രവചനം, കണ്ടെത്തൽ, പ്രതിരോധം, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഡെറാഡൂണിലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയും BISAG-Nഉം തമ്മിലുള്ള സഹകരണം.

·     വന്യജീവി സംരക്ഷണത്തിനും സംഘർഷ ലഘൂകരണത്തിനുമായി നിർമിതബുദ്ധി (AI), മെഷീൻ ലേണിങ് (ML) എന്നിവയുടെ സംയോജനം.

·     ഗാന്ധിസാഗർ സങ്കേതം (മധ്യപ്രദേശ്), ബന്നി പുൽമേടുകൾ (ഗുജറാത്ത്) എന്നിവയുൾപ്പെടെ ചീറ്റപ്പുലികളെ പുനരവതര‌ിപ്പിക്കുന്നതിനായി പുതിയ സ്ഥലങ്ങൾ തിരിച്ചറിഞ്ഞു.

·     പരമ്പരാഗത കടുവ സംരക്ഷണ കേന്ദ്രങ്ങൾക്കു പുറത്തുള്ള കടുവകളെയും സഹ-വേട്ടക്കാരെയും സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കടുവ സംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം.

·     ചീങ്കണ്ണികളുടെ എണ്ണം കുറഞ്ഞുവരുന്നതു പരിഹരിക്കുന്നതിനായി സമർപ്പിത പദ്ധതിയുടെ സമാരംഭം.

·     സംരക്ഷണ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ദേശീയ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് സംരക്ഷണ കർമപദ്ധതിയുടെ പ്രഖ്യാപനം.

·     AI ഉപയോഗിച്ച് ഇന്ത്യയുടെ പരമ്പരാഗത വന-വന്യജീവി സംരക്ഷണ രീതികളുടെ രേഖപ്പെടുത്തലും ഗവേഷണവും.

·     അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഐക്യരാഷ്ട്രസഭയുടെ വന്യജീവി സംരക്ഷണ കൺവെൻഷനുമായുള്ള (CMS) ഇന്ത്യയുടെ ഇടപെടലുകളുടെ വിപുലീകരണം.

ഉപസംഹാരം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വന്യജീവി സംരക്ഷണത്തോടുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത, പാരമ്പര്യത്തെയും നൂതന സാങ്കേതികവിദ്യയെയും സമന്വയിപ്പിക്കുന്ന പരിവർത്തനാത്മക സംരംഭങ്ങളുടെ ശ്രേണിയിൽ പ്രതിഫലിക്കുന്നു. പ്രോജക്റ്റ് ടൈഗർ, പ്രോജക്റ്റ് എലിഫന്റ് പോലുള്ള മുൻനിര പരിപാടികൾ ശക്തിപ്പെടുത്തുന്നത് മുതൽ ചീങ്കണ്ണി, ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് തുടങ്ങിയ ജീവിവർഗങ്ങൾക്കായുള്ള പുതിയ സംരക്ഷണ ശ്രമങ്ങൾക്ക് തുടക്കമിടുന്നത് വരെ, ഗവണ്മെന്റ് സമഗ്രവും ശാസ്ത്രാധിഷ്ഠിതവുമായ സമീപനമാണ് സ്വീകരിച്ചത്. നിർമിതബുദ്ധി, ഭൗമസ്ഥലപര മാപ്പിങ്, സമൂഹം നയിക്കുന്ന സംരക്ഷണം എന്നിവയുടെ സംയോജനം ജൈവവൈവിധ്യ സംരക്ഷണത്തിൽ ഇന്ത്യയുടെ ആഗോള നേതൃത്വത്തെ അടിവരയിടുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ശ്രദ്ധേയമായ പുനരുജ്ജീവനം, നിയമ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തൽ, സാങ്കേതികവിദ്യയുടെ തന്ത്രപരമായ സംയോജനം എന്നിവ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഇന്ത്യാഗവണ്മെന്റിന്റെ സജീവമായ സമീപനത്തെ അടിവരയിടുന്നു. മാത്രമല്ല, അന്താരാഷ്ട്ര സംഘടനകൾ, ബഹുരാഷ്ട്ര സ്ഥാപനങ്ങൾ, സംരക്ഷണ പങ്കാളികൾ എന്നിവയുമായുള്ള ഇന്ത്യയുടെ സഹകരണം ആഗോള ജൈവവൈവിധ്യ വെല്ലുവിളികളെ നേരിടുന്നതിൽ അതിന്റെ നേതൃത്വത്തിനു കരുത്തുപകർന്നിട്ടുണ്ട്. അതിർത്തികൾക്കപ്പുറത്തേക്കുള്ള സഹകരണം വളർത്തിയെടുക്കുന്നതിലൂടെയും, ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെയും, സമൂഹ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെയും, ഇന്ത്യ സമഗ്രവും ബഹുമുഖവുമായ സംരക്ഷണകാര്യപരിപാടി നിരന്തരം മുന്നോട്ടു കൊണ്ടുപോകുകയാണ്. 2025ലെ ലോക വന്യജീവി ദിനം ആഘോഷിക്കുമ്പോൾ, വരുംതലമുറകൾക്ക് സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ ഭാവി ഉറപ്പാക്കിക്കൊണ്ട്, ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനുമുള്ള ദൃഢനിശ്ചയം രാഷ്ട്രം ആവർത്തിച്ചുറപ്പിക്കുകയാണ്.

അവലംബം

​​​​​​​

 
***

(Release ID: 2108713) Visitor Counter : 17