പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ ജാംനഗറിൽ 1450 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു
"പ്രതാപത്തിലും പ്രൗഢിയിലും സ്മൃതിവൻ, 9/11-നോ ഹിരോഷിമ സ്മാരകത്തിനോ പിന്നിലല്ല"
"പോളണ്ട് ഗവണ്മെന്റിന്റെ സഹായത്തിനുപിന്നിൽ എവിടെയോ മഹാരാജ ദിഗ്‌വിജയ് സിങ്ങിന്റെ ദയ വലിയപങ്കു വഹിച്ചിട്ടുണ്ട്"
"ജനശക്തി, ജ്ഞാനശക്തി, ജലശക്തി, ഊർജശക്തി, രക്ഷാശക്തി എന്നീ അഞ്ച് ഉറച്ച അടിത്തറകളെ അടിസ്ഥാനമാക്കി ഗുജറാത്ത് പുതിയ ഉയരങ്ങൾ കീഴടക്കുന്നു"
"സൗനി പദ്ധതിപ്രകാരം നർമദാമാതാവ് ഓരോ മുക്കിലും മൂലയിലും എത്തുന്നു"
"മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കാൻ 80 കോടിയിലധികംപേർക്കു സൗജന്യ റേഷൻ നൽകി"
"നിർമാണത്തിന്റെയും തീരദേശവികസനത്തിന്റെയും കേന്ദ്രമായി ജാംനഗർ ഉയർന്നുവരുന്നു"
“ഏകദേശം 33,000 ചട്ടങ്ങളും പാലിക്കലുകളും ഒഴിവാക്കി”
Posted On:
10 OCT 2022 8:32PM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ജാംനഗറിൽ ജലസേചനം, വൈദ്യുതി, ജലവിതരണം, നഗര അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഏകദേശം 1450 കോടിരൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു. കളവാഡ്/ജാംനഗർ താലൂക്കിന്റെ കളവാഡ് ഗ്രൂപ്പ് ഓഗ്മെന്റേഷൻ ജലവിതരണപദ്ധതിയായ മോർബി-മാലിയ-ജോഡിയ ഗ്രൂപ്പ് ഓഗ്മെന്റേഷൻ ജലവിതരണപദ്ധതി, ലാൽപുർ ബൈപാസ് ജങ്ഷൻ മേൽപ്പാലം, ഹാപ്പ മാർക്കറ്റ് യാർഡ് റെയിൽവേ ക്രോസിങ്, മലിനജലശേഖരണ പൈപ്പ്‌ലൈനിന്റെയും പമ്പിങ് സ്റ്റേഷന്റെയും നവീകരണം എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. സൗരാഷ്ട്ര അവതരൺ ഇറിഗേഷൻ (സൗനി) യോജന ലിങ്ക് 3 (ഉണ്ട് അണക്കെട്ടുമുതൽ സോന്മതി അണക്കെട്ടുവരെ) പാക്കേജ് 7, സൗനി യോജന ലിങ്ക് 1 ന്റെ പാക്കേജ് 5 (ഉണ്ട്-1 അണക്കെട്ടിൽനിന്നു സാനി അണക്കെട്ടുവരെ), ഹരിപാർ 40 മെഗാവാട്ട് സൗര പിവി പദ്ധതി എന്നിവയും പ്രധാനമന്ത്രി സമർപ്പിച്ചു.
സമ്മേളനത്തെ അഭിസംബോധനചെയ്യവേ, വേദിയിലേക്കുള്ള തന്റെ യാത്രയിൽ തനിക്കു ലഭിച്ച മഹത്തായ സ്വീകരണത്തിനും ആശീർവാദങ്ങൾക്കും പ്രധാനമന്ത്രി ജനങ്ങളോടു നന്ദിപറഞ്ഞു. വെള്ളം, വൈദ്യുതി, സമ്പർക്കസൗകര്യം എന്നിവയുമായി ബന്ധപ്പെട്ട എട്ടുപദ്ധതികളുടെ സമർപ്പണത്തിനും തറക്കല്ലിടലിനും പ്രധാനമന്ത്രി ജനങ്ങളെ അഭിനന്ദിച്ചു. വാൽമീകിസമുദായത്തിലെ ജനങ്ങൾക്കു സാംസ്കാരികപരിപാടികളും മറ്റും സംഘടിപ്പിക്കുന്നതിന് ഏറെ പ്രയോജനപ്രദമാകുന്ന കമ്യൂണിറ്റി ഹാളിനു തറക്കല്ലിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടുപതിറ്റാണ്ടുമുമ്പു ഭൂകമ്പം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു. ഭൂകമ്പത്തെത്തുടർന്നുണ്ടായ ദുരന്തവും നാശവും സംസ്ഥാനത്തുടനീളം നിരാശയുടെ അന്തരീക്ഷം സൃഷ്ടിച്ചു. എന്നിരുന്നാലും, ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും കരുത്തിനാൽ ഒരിക്കൽകൂടി ഗുജറാത്ത് ഉയർന്നു. നിരാശയെയും നാശത്തെയും തുരത്തി രാജ്യത്തിന്റെ നെറുകയിലേക്കു നീങ്ങി. കച്ച് ഭൂകമ്പത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി ജാംനഗറിലെ ജനങ്ങളോടു സ്മൃതിവൻ സന്ദർശിച്ച് ആദരം പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി അഭ്യർഥിച്ചു. പ്രൗഢിയിലും പ്രതാപത്തിലും ഈ സ്മാരകം 9/11നോ ഹിരോഷിമ സ്മാരകത്തിനോ പിന്നിലല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ജാംസാഹെബ് മഹാരാജാ ദിഗ്‌വിജയ് സിങ്ങിനെ അനുസ്മരിക്കുകയും രണ്ടാം ലോകമഹായുദ്ധസമയത്തു പോളണ്ടിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ദയാവായ്പിനു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഇതു പോളണ്ടിലെ ജനങ്ങളുമായി ശാശ്വതമായ ബന്ധത്തിനിടയാക്കി. നിലവിലുള്ള പ്രതിസന്ധിഘട്ടത്തിൽ യുക്രൈനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന സമയത്ത് ഇതു വളരെയധികം സഹായിച്ചു. പോളണ്ട് ഗവണ്മെന്റിന്റെ സഹായത്തിനുപിന്നിൽ എവിടെയോ മഹാരാജ ദിഗ്‌വിജയ് സിങ്ങിന്റെ ദയ വലിയപങ്കു വഹിച്ചിട്ടുണ്ട്"- അദ്ദേഹം പറഞ്ഞു. ജാംസാഹെബ്‌നഗരത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനാണു ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ലോകത്തിനും ജാംനഗർ മഹത്തായ സംഭാവന നൽകിയിട്ടുണ്ടെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സൗരാഷ്ട്രയുടെ രഞ്ജി ക്രിക്കറ്റ് ടീം 2020ൽ ട്രോഫി തിരികെയെത്തിച്ച് ഏവർക്കും അഭിമാനമായി.
വികസനത്തിന്റെ അഞ്ചു ദൃഢനിശ്ചയങ്ങൾ ഗുജറാത്ത് സംസ്ഥാനത്തിനു ശക്തമായ അടിത്തറ സൃഷ്ടിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ആദ്യത്തേതു ജനങ്ങളുടെ ശക്തി; രണ്ടാമത്തേതു ജ്ഞാനശക്തി; മൂന്നാമത്തേതു ജലശക്തി; നാലാമത്തേത് ഊർജശക്തി; ഒടുവിലായി രക്ഷാശക്തി. ഈ അഞ്ച് ഉറച്ച അടിത്തറകളെ അടിസ്ഥാനമാക്കിയാണു ഗുജറാത്ത് പുതിയ ഉയരങ്ങൾ കീഴടക്കുന്നത്- ശ്രീ മോദി കൂട്ടിച്ചേർത്തു.
20–25 വർഷംമുമ്പു പ്രദേശത്തും സംസ്ഥാനത്തുമുണ്ടായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരാത്ത യുവതലമുറ ഭാഗ്യവാന്മാരാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജലസംഭരണിയുടെ ഉദ്ഘാടനത്തിന് ഒരു മുഖ്യമന്ത്രി വന്നിരുന്ന കാലംമുതൽ ഇന്ന് ഒരു സന്ദർശനത്തിൽ, മുൻകാലത്തെ ബജറ്റിനേക്കാൾ വിലയുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതുവരെ, ഒരുപാടു മാറ്റങ്ങൾ സംഭവിച്ചു. സൗനി പദ്ധതിക്കുകീഴിൽ നർമദമാതാവ് ഓരോ മുക്കിലും മൂലയിലും എത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, ജൽ ജീവൻ ദൗത്യം എല്ലാ വീട്ടിലും പൈപ്പിലൂടെ വെള്ളം എത്തിക്കുന്നു. കേന്ദ്രഗവണ്മെന്റ് പദ്ധതികൾ അർപ്പണബോധത്തോടെയും വേഗത്തിലും നടപ്പാക്കിയതിനു മുഖ്യമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു.
പാവപ്പെട്ടവരുടെ ക്ഷേമമാണു തന്റെ ഗവണ്മെന്റിന്റെ പ്രഥമപരിഗണനയെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. ഒരുകുടുംബവും പട്ടിണികിടക്കരുതെന്നതായിരുന്നു മഹാമാരിയുടെ കാലത്ത് ആദ്യം ശ്രദ്ധിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 80 കോടിയിലധികം ജനങ്ങൾക്കു പട്ടിണികിടക്കാതെ, മഹാമാരിയുടെ ബുദ്ധിമുട്ടുകൾ മറികടക്കാൻ സൗജന്യ റേഷൻ നൽകി. പാവപ്പെട്ട ഒരുകുടുംബംപോലും അവരുടെ ദുഷ്കരമായ സമയങ്ങളിൽ വെറുംവയറ്റിൽ ഉറങ്ങാതിരിക്കാൻ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ഈ വർഷം ഡിസംബർവരെ നീട്ടിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രം ഒരു റേഷൻകാർഡ് പദ്ധതിയുടെ നേട്ടങ്ങളും അദ്ദേഹം പരാമർശിച്ചു, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽനിന്നും ജാംനഗറിലേക്ക് ഉപജീവനത്തിനായി വരുന്നവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാംനഗറിലെ എണ്ണശുദ്ധീകരണശാലയെയും എണ്ണ സമ്പദ്‌വ്യവസ്ഥയെയുംകുറിച്ചു സംസാരിക്കവെ, ഈ നാട്ടിൽതന്നെ അസംസ്കൃത എണ്ണ ശുദ്ധീകരിക്കപ്പെടുന്നു എന്ന വസ്തുതയിൽ ഓരോ പൗരനും അഭിമാനിക്കുമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വ്യാവസായിക-അടിസ്ഥാനസൗകര്യവികസനത്തിനായി കേന്ദ്ര-സംസ്ഥാന ഇരട്ട എൻജിൻ ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ടെന്നു ശ്രീ മോദി പറഞ്ഞു. നഗരം ഗതാഗതപ്രശ്നങ്ങളാൽ വലഞ്ഞിരുന്ന സമയം അനുസ്മരിച്ച്, പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതിന് ആസൂത്രിതമായ റോഡുകളും മേൽപ്പാലങ്ങളും അടിപ്പാതകളും സൃഷ്ടിച്ചു സമ്പർക്കസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു ശ്രീ മോദി പറഞ്ഞു. 26000 കോടിരൂപ ചെലവിൽ അമൃത്‌സർ-ഭട്ടിൻഡ-ജാംനഗർ ഇടനാഴി നിർമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉൽപ്പാദനത്തിന്റെയും തീരദേശവികസനത്തിന്റെയും കേന്ദ്രമായി ജാംനഗർ ഉയർന്നുവരുന്നു. ജാംനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരമ്പരാഗത ഔഷധങ്ങൾക്കായുള്ള ലോകാരോഗ്യസംഘടനയുടെ അന്താരാഷ്ട്രകേന്ദ്രം, ദേശീയ സർവകലാശാലയായി ഇടംനേടിയ ജാംനഗർ ആയുർവേദ സർവകലാശാലയുടെ ശിരോലങ്കാരമാണ്- അദ്ദേഹം പറഞ്ഞു. വളകൾ, സിന്ദൂരം, ബന്ധാനി തുടങ്ങിയ ശുഭസൂചകമായ വസ്തുക്കളുമായി ബന്ധപ്പെട്ട കേന്ദ്രമായി ജാംനഗർ ഉയർന്നുവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനുള്ള പ്രതിബദ്ധതയും പ്രധാനമന്ത്രി ആവർത്തിച്ചു. ചട്ടങ്ങൾ പാലിക്കൽ ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഏകദേശം 33,000 ചട്ടങ്ങൾ പാലിക്കലുകളും നിയമങ്ങളും ഒഴിവാക്കി. അതുപോലെ, കമ്പനിനിയമങ്ങൾ ക്രിമിനൽവൽക്കരിക്കുന്നത് ഒഴിവാക്കിയതും വ്യവസായ സമൂഹത്തിനു സഹായകമായി. വിവിധ സാമ്പത്തികസൂചികകളിലെ ഇന്ത്യയുടെ ഉയർച്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2014ലെ 10-ാം സ്ഥാനത്തുനിന്ന് അഞ്ചാംസ്ഥാനത്തേയ്ക്കുയർന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിലും 2014ലെ 142ൽനിന്ന് 2020ൽ ഇന്ത്യ 63-ാം റാങ്കിലേക്കുയർന്നു. പുരോഗമനപരമായ വ്യാവസായികനയം കൊണ്ടുവന്ന സംസ്ഥാന ഗവണ്മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാനത്തെ കൈയേറ്റങ്ങൾ നീക്കംചെയ്യുന്നതിനും തീരദേശശുചീകരണത്തിനുമുള്ള സംസ്ഥാന ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ജാംനഗർ തീരപ്രദേശത്ത് ഇക്കോടൂറിസത്തിന് അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യത്തിന്റെ കലവറ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ മികച്ച ക്രമസമാധാനനിലയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇരട്ട എൻജിൻ നരേന്ദ്ര-ഭൂപേന്ദ്ര ഗവണ്മെന്റ് അർപ്പണബോധത്തോടെയും വേഗത്തിലുമാണു വികസനപദ്ധതികൾ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, പാർലമെന്റ് അംഗങ്ങളായ സി ആർ പാട്ടീൽ, പൂനംബെൻ മാഡം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം:
പ്രധാനമന്ത്രി 1450 കോടി രൂപയുടെ വിവിധ പദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ജലസേചനം, വൈദ്യുതി, ജലവിതരണം, നഗര അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ പദ്ധതികൾ.
സൗരാഷ്ട്ര അവതരൺ ഇറിഗേഷൻ (സൗനി) യോജന ലിങ്ക് 3 (ഉണ്ട് അണക്കെട്ടുമുതൽ സോന്മതി അണക്കെട്ടുവരെ) പാക്കേജ് 7, സൗനി യോജന ലിങ്ക് 1ന്റെ പാക്കേജ് 5 (ഉണ്ട്-1 അണക്കെട്ടുമുതൽ സാനി അണക്കെട്ടുവരെ), ഹരിപാർ 40 മെഗാവാട്ട് സൗര പിവി പദ്ധതി എന്നിവ പ്രധാനമന്ത്രി സമർപ്പിച്ചു.
കളവാഡ്/ജാംനഗർ താലൂക്കിന്റെ കളവാഡ് ഗ്രൂപ്പ് ഓഗ്മെന്റേഷൻ ജലവിതരണപദ്ധതിയായ മോർബി-മാലിയ-ജോഡിയ ഗ്രൂപ്പ് ഓഗ്മെന്റേഷൻ ജലവിതരണ പദ്ധതി, ലാൽപുർ ബൈപാസ് ജങ്ഷൻ മേൽപ്പാലം, ഹാപ്പ മാർക്കറ്റ് യാർഡ് റെയിൽവേ ക്രോസിങ്, മലിനജലശേഖരണ പൈപ്പ്‌ലൈനിന്റെയും പമ്പിങ് സ്റ്റേഷന്റെയും നവീകരണം എന്നിവ പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതികളിൽ ഉൾപ്പെടുന്നു.
--ND--
Development works being launched in Jamnagar will significantly improve 'Ease of Living' for the people. https://t.co/3GrNAbDMIe
— Narendra Modi (@narendramodi) October 10, 2022
(Release ID: 1866637)
Visitor Counter : 156
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada