പ്രധാനമന്ത്രിയുടെ ഓഫീസ്‌

100-ാമത് കിസാന്‍ തീവണ്ടിക്ക് പച്ചക്കൊടി കാണിച്ച്‌കൊണ്ടു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 28 DEC 2020 9:25PM by PIB Thiruvananthpuram

കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംങ് തോമര്‍ജി, റെയില്‍വെ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ജി, മറ്റ് എം പിമാരെ, എംഎല്‍എ മാരെ, എന്റ് പ്രിയ സഹോദരി സഹോദരന്മാരെ,
 

ആദ്യമായി രാജ്യത്തെ കോടിക്കണക്കിനു കർഷകരെ ഞാന്‍ അഭിനന്ദിക്കട്ടെ.

രാജ്യത്തെ കൃഷിക്കും കൃഷിക്കാര്‍ക്കും വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ച ആദ്യത്തെ തീവണ്ടി യാത്ര ആരംഭിച്ചത് കഴിഞ്ഞ ഓഗസ്റ്റിലാണ്. ഇക്കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ അതായത് കൊറോണ മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും കിസാന്‍ തീവണ്ടികളുടെ എണ്ണം ഇന്ന് 100 ല്‍ എത്തിയിരിക്കുന്നു. ഇന്ന് അല്പം മുമ്പ്, 100-ാമതു കിസാന്‍ തീവണ്ടി മഹാരാഷ്ട്രയിലെ സങ്കോളയില്‍ നിന്നു പശ്ചിമ ബംഗാളിലെ ഷാലിമാറിലേയ്ക്കു പുറപ്പെട്ടിരിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് വഴി പശ്ചിമ ബംഗാളിലെ കൃഷിക്കാരും,  മൃഗപാലകരും, മത്സ്യതൊഴിലാളികളും മഹാരാഷ്ട്രയിലെ  മുംബൈ, പുനെ, നാഗ്പൂര്‍ തുടങ്ങിയ ബൃഹദ് വിപണികളിലേയ്ക്ക് എത്തി ചേരുന്നു. അതുപോലെ തന്നെ മഹാരാഷ്ട്രയിലെ കര്‍ഷക സുഹൃത്തുക്കള്‍ക്ക് പശ്ചിമ ബംഗാളിലെ വിപണികളുമായി ബന്ധപ്പെടാന്‍ ചെലവു കുറഞ്ഞതും താങ്ങാവുന്നതുമായ സൗകര്യങ്ങളും ഉറപ്പായിരിക്കുന്നു.
 

സുഹൃത്തുക്കളെ,

രാജ്യത്തെ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള സുപ്രധാന ചുവടുകളില്‍ ഒന്നാണ് കിസാന്‍ റെയില്‍ സേവനം. രാജ്യത്തെ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ഇത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. രാജ്യത്തെ ശീതീകരണ വിതരണ ശൃംഖലയെ ഇതു ശാക്തീകരിക്കും. പ്രധാന സംഗതി രാജ്യത്തെ 80 ശതമാനം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് കിസാന്‍ റെയില്‍ പദ്ധതി വഴി വലിയ ശക്തിയാണ് ലഭിച്ചിരിക്കുന്നത്.  കാരണം ഇതിനു കുറഞ്ഞ അളവ് നിശ്ചയിച്ചിട്ടില്ല. ഒരു കൃഷിക്കാരന്‍ 50 കിലോ ചരക്ക് അയക്കണമെങ്കില്‍ അയാള്‍ക്കും അത് അയക്കാം. അതായത് ചെറിയ കൃഷിക്കാരന്റെ  ചെറിയ അളവ് ഉത്പ്പന്നം പോലും സുരക്ഷിതമായും കുറഞ്ഞ ചെലവിലും വലിയ വിപണിയില്‍ എത്തുന്നു.

 

സുഹൃത്തുക്കളെ,

സംഭരണശാലകളുടെയും വിതരണ ശൃംഖലകളുടെയും ആധുനികവത്ക്കരണത്തിനും, കിസാന്‍ റെയില്‍ പോലുള്ള നൂതന സംരംഭങ്ങള്‍ക്കുമായി കോടിക്കണക്കിനു രൂപയാണ് നമ്മുടെ ഗവണ്‍മെന്റ് നിക്ഷേപിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ അതിവിശാലമായ റെയില്‍ ശൃംഖല ഇന്ത്യയില്‍ ഉണ്ടായിരുന്നു. ശീതീകരണ സംഭരണ ശൃംഖലയും നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇത് കിസാന്‍ റെയില്‍ വഴി മെച്ചപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ്.
 

സുഹൃത്തുക്കളെ,

നമ്മുടെ ഉദ്ദേശ്യങ്ങളും നയങ്ങളും വളരെ വ്യക്തമാണ്. വളരെ കുറഞ്ഞ ചെലവില്‍ ചെറുകിട കര്‍ഷകര്‍ക്ക് വലുതും ചെറുതുമായ വിപണികള്‍ ലഭ്യമാക്കുക എന്നതാണ് അത്. ജറ്റില്‍ തന്നെ ഇതു സംബന്ധിച്ച പ്രധാന പ്രഖ്യാപനങ്ങള്‍ നമ്മള്‍ നടത്തിയിട്ടുള്ളതുമാണ്. ആദ്യത്തെത് കിസാന്‍ റെയില്‍, രണ്ടാമത്തെത്, കിസാന്‍ ഉഡ്ഡാന്‍( കിസാന്‍ വിമാനങ്ങള്‍).

നമ്മുടെ കൃഷിക്കാരുടെ പ്രാപ്തി രാജ്യത്തിന്റെ വിദൂര മേഖലകളിലും രാജ്യാന്തര തലത്തിലുമുള്ള വിപണികളില്‍ എത്തിക്കും എന്നു ഞങ്ങള്‍ വെറുതെ പറയുകയായിരുന്നില്ല.

 

സുഹൃത്തുക്കളെ,

ആദ്യം കിസാന്‍ റെയില്‍ ആഴ്ച്ച വണ്ടികളായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ട്രെയിനിന്റെ ആവശ്യകത വളരെ വര്‍ദ്ധിച്ച്  ഇപ്പോള്‍ അത് മൂന്നു ദിവസത്തില്‍ ഒരിക്കല്‍ ഓടുന്നു. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിലാണ് 100-ാമതു തീവണ്ടി പുറപ്പെട്ടിരിക്കുന്നത് എന്നു ചിന്തിക്കണം.
 

സുഹൃത്തുക്കളെ,

കൃഷിക്കാരെ സേവിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇതു പ്രകടമാക്കുന്നത്. പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിന് എത്രത്തോളം വേഗത്തില്‍ നമ്മുടെ കൃഷിക്കാര്‍ സ്വയം സജ്ജരായി എന്നതിന്റെ സാക്ഷ്യം കൂടിയാണ് ഇത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അന്യ സംസ്ഥാനങ്ങളിലെ വില്‍പ്പന ഉറപ്പാക്കുന്നതിന് കിസാന്‍ റെയിലിനും കിസാന്‍ ഉഡ്ഡാനും വലിയ പങ്കാണ് ഉള്ളത്. രാജ്യത്തിന്റെ വടക്കു കിഴക്ക് സംസ്ഥാനങ്ങളിലെ കൃഷിക്കാര്‍ കിസാന്‍ ഉഡ്ഡാന്‍ പ്രയോജനപ്പെടുത്തി തുടങ്ങിയിരിക്കുന്നു.
 

സഹോദരി സഹോദരന്മാരെ,

കിസാന്‍ റെയിലിന് മറ്റൊരു പ്രധാന വശം കൂടിയുണ്ട്. ഈ കിസാന്‍ റെയില്‍ ഒരു ശീതസംഭരണ കൂടിയാണ്. അതായത് പെട്ടെന്നു കേടായി പോകുന്ന പഴങ്ങളള്‍, പച്ചക്കറികള്‍, പാല്‍, മത്സ്യം തുടങ്ങിയവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലം വരെ സുരക്ഷിതമായി എത്തുന്നു. നേരത്തെ കൃഷിക്കാര്‍ ഇതെ ഉല്‍പന്നങ്ങള്‍ ട്രക്കുകളില്‍ റോഡുമാര്‍ഗ്ഗമാണ് അയച്ചിരുന്നത്. റോഡു മാര്‍ഗ്ഗമുള്ള ചരക്കു നീക്കത്തിന് നിരവധി പ്രശ്‌നങ്ങളുണ്ട്. ഒന്ന് അതിന് വളരെയേറെ സമയം എടുക്കും. രണ്ടാമത്, ട്രക്കിനു വാടക വളരെ കൂടുതലാണ്. അതായത് ഇത് ഗ്രാമത്തിലെ കൃഷിക്കാരനും നഗരത്തിലെ ഉപഭോക്താവിനും നഷ്ടമാണ്. ഇന്ന് മഹാരാഷ്ട്രയില്‍ നിന്ന് പശ്ചിമ ബംഗാളിലേയ്ക്കു പോയിരിക്കുന്ന ട്രെയിനില്‍ മാതളനാരങ്ങ, മുന്തിരി, ഓറഞ്ച്, സീതപ്പഴം തുടങ്ങിയ ഉല്‍പ്പന്നങ്ങളും ഉണ്ട്. വെറും 40 മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ അവിടെ എത്തും.എന്നാല്‍ റോഡ് വഴി പോയാല്‍ 2000 കിലോമീറ്ററുകള്‍ ദൂരം താണ്ടി ട്രക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് എത്രയോ ദിവസങ്ങള്‍ എടുക്കും. വിവിധ സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളില്‍ മാത്രമെ ട്രെയിന്‍ നിറുത്തുകയുള്ളു. അവിടെ നിന്നു കൃഷിക്കാര്‍ക്ക് എന്തെങ്കിലും ഉല്‍പന്നങ്ങള്‍ അയക്കാന്‍ ഉണ്ടെങ്കില്‍ അതും ഈ കിസാന്‍ ട്രെയിനില്‍ ആവാം.ഈ റൂട്ടിലെ ട്രെയിനിന്റെ ചരക്കു കൂലി നോക്കുമ്പോഴും ട്രക്കിനെ അപേക്ഷിച്ച് വളരെ കുറവാണ്. 1700 രൂപ മാത്രം. മാത്രവുമല്ല ഗവണ്‍മെന്റ് കിസാന്‍ റെയിലിന് ഗവണ്‍മെന്റ് 50 ശതമാനം സബ്‌സിഡിയും നല്കുന്നു.
 

സുഹൃത്തുക്കളെ,

കിസാന്‍ റെയില്‍ പോലുള്ള സൗകര്യങ്ങള്‍ നാണ്യ വിളകളുടെയും പോഷകവിളകളുടെയും ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും മുന്തിയ വില ലഭ്യമാക്കുകയും ചെയ്യും.  മുമ്പ് ചെറുകിട കൃഷിക്കാര്‍ ഇത്തരം വിളകള്‍ കൃഷി ചെയ്തിരുന്നില്ല. കാരണം അവര്‍ക്ക് ശീതികരണികളും വലിയ വിപണികളും അനഭിഗമ്യമായിരുന്നു. ദൂരെയുള്ള വിപണിയില്‍ ചരക്കുകള്‍ എത്തിക്കുന്നതിന് അവര്‍ വളരെ പണം ചെലവഴിച്ചിരുന്നു. ഈ പ്രശ്‌നം മനസിലാക്കിയാണ്  തക്കാളി, ഉരുളക്കിഴങ്ങ്, സവാള, എന്നിവയുടെ ചരക്കു ഗതാഗതത്തിന് ഗവണ്‍മെന്റ് 50 ശതമാനം സബ്‌സിഡി നല്കുന്നത്. ഇപ്പോള്‍ ആത്മനിര്‍ഭര്‍ പ്രചാരണത്തിന്റെ ഭാഗമായി മറ്റ് ഒരു ഡസനോളം പഴങ്ങളുടെയും പച്ചക്കറികളുടെയും ചരക്കു നീക്കത്തിനും ഈ സബ്‌സിഡി  ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

സഹോദരി സഹോദരന്മാരെ,

ഇന്ന് പശ്ചിമ ബംഗാളിലെ കൃഷിക്കാരെയും ഈ സൗകര്യങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. പശ്ചിമ ബംഗാളില്‍ ഉരുളകിഴങ്ങ്, ചക്ക, കാബേജ്, വഴുതനങ്ങ തുടങ്ങി ധാരാളം പച്ചക്കറികള്‍ കൃഷി ചെയ്യുന്നു.   അതു പോലെ  പൈനാപ്പിള്‍, ലിച്ചി, മാങ്ങ, നേന്ത്രപ്പഴം തുടങ്ങിയ പഴവിളകളും ധാരാളമായി അവിടെ കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്നു. ശുദ്ധജല മത്സ്യമായാലും ലവണജല മത്സ്യമായാലും പശ്ചിമ ബംഗാളില്‍ ഒരു ക്ഷാമവും ഇല്ല. ഒരു പ്രശ്‌നമേയുള്ള അത് വില്‍ക്കുവാന്‍ സംവിധാനം ഇല്ല. ഇപ്പോഴാകട്ടെ, പശ്ചിമ ബംഗാളിലെ ലക്ഷക്കണക്കിനു ചെറുകിട കര്‍ഷകര്‍ക്ക് കിസാന്‍ റെയില്‍ വലിയ സൗകര്യമാണ് നല്കുന്നത്. കൃഷിക്കാര്‍ക്കു മാത്രമല്ല പ്രാദേശിക വിപണികളിലെ ചെറിയ വ്യാപാരികള്‍ക്കും പുതിയ  അവസരം ലഭ്യമായിരിക്കുന്നു. കൂടിയ വിലയ്ക്ക് കൃഷിക്കാരില്‍ നിന്നു ചരക്കുകള്‍ സംഭരിച്ച് കിസാന്‍ റെയില്‍ വഴി മറ്റു സംസ്ഥാനങ്ങളില്‍ എത്തിച്ച് അവര്‍ക്കു വിപണനം നടത്താം.
 

സഹോദരി സഹോദരന്മാരെ,

ഗ്രാമങ്ങളില്‍ പരമാവധി തൊഴിലവസരങ്ങളുടെ സൃഷ്ടിക്കാവശ്യമായ പുതിയ മാര്‍ഗ്ഗങ്ങളാണ് ഇപ്പോള്‍ അത്യാവശ്യം. ഒപ്പം കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളുടെ സൃഷ്ടിയും. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കാര്‍ഷിക പരിഷ്‌കാരങ്ങള്‍ ഓരോന്നായി നടപ്പാക്കി വരുന്നത്. കൃഷിയുമായി ബന്ധപ്പെട്ട വിദഗ്ധര്‍, ലോകമെമ്പാടും നിന്നുള്ള അനുഭവങ്ങള്‍, പുതിയ സാങ്കേതിക വിദ്യകള്‍ എല്ലാം ഇന്ത്യന്‍ കാര്‍ഷിക മേഖലയുമായി ഏകോപിപ്പിക്കുകയാണ്.സംഭരണവുമായി ബന്ധപ്പെട്ട  അടിസ്ഥാന സൗകര്യങ്ങളാകട്ടെ, കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യ വര്‍ധനവുമായി ബന്ധപ്പെട്ട സംസ്‌കരണ വ്യവസായമാകട്ടെ, എല്ലാം ഗവണ്‍മെന്റിന്റെ മുന്‍ഗണനകളാണ്.   കൃഷിക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് രാജ്യമെമ്പാടുമുള്ള റെയില്‍വെ സ്റ്റേഷനുകളോടനുബന്ധിച്ച്, പെട്ടെന്നു കേടാകുന്ന ചരക്കുകളുടെ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു വരുന്നു. വീടുകളില്‍ നേരിട്ട് പഴങ്ങളും പച്ചക്കറികലും എത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. മിച്ചം വരുന്നവ സംരംഭകര്‍ക്കു നല്കും. അവര്‍ അതുപയോഗിച്ച് ജ്യൂസം, സോസും, ചട്‌നിയും, ചിപ്‌സും നിര്‍മ്മിക്കും.

പ്രധാന്‍ മന്ത്രി കൃഷി സമ്പാദ യോജന വഴി ഫുഡ് പാര്‍ക്കുകള്‍, ശീതികരണ ശ്രുംഖല സൗകര്യങ്ങള്‍, കാര്‍ഷികോത്പന്ന സംസ്‌കരണ കൂട്ടായ്മകള്‍, സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങിയ 600 പദ്ധതികള്‍ക്ക് അനുമതി നല്കിയിട്ടുണ്ട്. ഇതില്‍ തന്നെ നിരവധി പദ്ധതികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.  ഇതില്‍ നിന്നു ലക്ഷക്കണക്കിനു കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രയോജനങ്ങളും ലഭിച്ചു വരുന്നു.  മൈക്രോ ഫുഡ് പ്രോസസിംങ് വ്യവസായ യൂണിറ്റുകള്‍ക്ക് സ്വാശ്രയ പ്രചാരണ പാക്കേജില്‍ 10000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
 

സുഹൃത്തുക്കളെ,

ഈ പരിഷ്‌കാരങ്ങളുടെയെല്ലാം ശക്തി എന്നു പറയുന്നത് ഗ്രാമങ്ങളിലെ ജനങ്ങളുടെയും കൃഷിക്കാരുടെയും യുവാക്കളുടെയും പങ്കാളിത്തമാണ്. മുന്തിയ പരിഗണന കൃഷിക്കാരുടെ ഉല്‍പാദക സംഘങ്ങള്‍ക്കും ഇതര സഹകരണ സംഘങ്ങള്‍, സ്ത്രീകളുടെ സ്വാശ്രയ സംഘങ്ങള്‍ക്കും കാര്‍ഷിക വ്യവസായങ്ങള്‍ക്കും കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ക്കുമാണ്.

കാര്‍ഷിക വ്യവസായ മേഖലയിലെ സ്വകാര്യ നിക്ഷേപവും ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ക്കു ശക്തി പകരുന്നു.ഇന്ത്യന്‍ കാര്‍ഷിക മേഖലയെയും കൃഷിക്കാരെയും ശക്തിപ്പടുത്തുന്നതിനുള്ള മാര്‍ഗ്ഗത്തിലൂടെ ആത്മാര്‍ത്ഥതയോടെയും പൂര്‍ണ ശക്തിയോടെയും ഞങ്ങള്‍ ഇനിയും യാത്ര തുടരും. ഒരിക്കല്‍ കൂടി 100-ാമത് കിസാന്‍ റെയിലിന്റെയും അതിന്റെ പുതിയ സാധ്യതകളുടെയും പേരില്‍ രാജ്യത്തെ എല്ലാ കൃഷിക്കാരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഒപ്പം കൃഷി, റെയില്‍ മന്ത്രാലയങ്ങളെയും ഞാന്‍ അഭിനന്ദിക്കുകയും രാജ്യത്തെ എല്ലാ കൃഷിക്കാര്‍ക്കും എന്റെ മംഗളാശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.

എല്ലാവര്‍ക്കും വളരെ വളരെ നന്ദി.

 

കുറിപ്പ്. ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ മാത്രമാണ്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.

 

 

***


(Release ID: 1685081) Visitor Counter : 183