വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിന് ഇനി രാജ്യത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളും വേദിയാകുന്നു
പോസ്റ്റഡ് ഓണ്‍:
22 SEP 2026 1:09PM by PIB Thiruvananthpuram
ദേശീയതലത്തിലുള്ള പ്രധാന പരിപാടികൾ പരമ്പരാഗത വേദികൾക്കപ്പുറത്തേക്ക് കൊണ്ടുപോകാനും രാജ്യത്തുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുമായി അവയെ ബന്ധിപ്പിക്കാനുമുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിന് രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും വേദിയാകുമെന്ന് കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് പറഞ്ഞു.
മാധ്യമങ്ങളുമായി സംസാരിക്കവെ ശ്രീ അശ്വിനി വൈഷ്ണവ് “പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിന് രാജ്യത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളും ഞങ്ങൾ വേദിയാക്കുകയാണ്.” എന്ന് അഭിപ്രായപ്പെട്ടു.
സർദാർ വല്ലഭായ് പട്ടേലിൻ്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്ന ഏക്താ നഗർ ലോകമെമ്പാടും ശ്രദ്ധ നേടിയിട്ടുള്ളതും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതുമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ രാഷ്ട്രപതിയും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ചലച്ചിത്ര പ്രവർത്തകരും ഇത്തരമൊരു വിഖ്യാത വിനോദസഞ്ചാര കേന്ദ്രത്തിലെത്തുമ്പോൾ, ഈ പ്രദേശത്തെക്കുറിച്ച് ആളുകൾക്ക് കൂടുതൽ മനസ്സിലാക്കുന്നതിനും ഇവിടം നേരിട്ട് അനുഭവിച്ചറിയുന്നതിനും ഇതിലൂടെ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് കേവലമൊരു കോൺഫറൻസ് ഹാളിനുള്ളിൽ ഒതുക്കാതെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനും, വിനോദസഞ്ചാരത്തെ കൂടുതൽ പ്രോത്സാഹിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനുമാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നതിനായി മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ശ്രീ അശ്വിനി വൈഷ്ണവ് എല്ലാ സംസ്ഥാനങ്ങളെയും ക്ഷണിച്ചു. മികച്ച സൗകര്യങ്ങളും അതോടൊപ്പം ആ വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതിയും ഉൾപ്പെടുന്നതായിരിക്കണം നിർദ്ദേശങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെടുന്ന നിർദ്ദേശം സമർപ്പിക്കുന്ന സംസ്ഥാനത്തിനായിരിക്കും നിർദ്ദിഷ്ട വിനോദസഞ്ചാര കേന്ദ്രത്തിൽ അടുത്ത ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിക്കുക.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജി20 ഉച്ചകോടി സംഘടിപ്പിച്ചപ്പോൾ, അതിൻ്റെ അനുബന്ധ പരിപാടികൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും വ്യത്യസ്ത സംസ്ഥാനങ്ങളിലായി നടത്തുകയും ചെയ്ത കാര്യം കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു. സിനിമയെയും വിനോദസഞ്ചാരത്തെയും എങ്ങനെ പരസ്പരം കോർത്തിണക്കാം എന്ന് പരിശോധിക്കുന്ന വിപുലമായ ഒരു കാഴ്ചപ്പാടിൻ്റെ ഭാഗമായാണ് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിന് രാജ്യത്തുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും വേദിയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയും വിനോദസഞ്ചാരവും ഒരുമിച്ച് കൊണ്ടുപോകുന്നത് ആ വിനോദസഞ്ചാര കേന്ദ്രത്തിന് ഗുണം ചെയ്യുമെന്നും അതോടൊപ്പം ഒരു കോൺഫറൻസ് ഹാളിൻ്റെ നാല് ചുവരുകൾക്കപ്പുറത്തേക്ക് കടന്ന് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിനെ രാജ്യത്തെ യഥാർത്ഥ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്നും ശ്രീ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
*****
( റിലീസ് ഐ.ഡി: 2313406)
സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Nepali
,
Marathi
,
हिन्दी
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada