വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

2,539.61 കോടി രൂപയുടെ സംപ്രേഷണ അടിസ്ഥാനസൗകര്യ ശൃംഖല വികസന പദ്ധതിയില്‍ ദൂരദർശനും ആകാശവാണിയും നവീകരിക്കാനൊരുങ്ങി കേന്ദ്ര ഗവണ്മെന്റ്; എച്ച്ഡി ചാനലുകലും വേവ്സ് ഒടിടിയും ഉള്ളടക്ക പരിഷ്കാരങ്ങളും നടപ്പാക്കും

प्रविष्टि तिथि: 18 DEC 2025 2:06PM by PIB Thiruvananthpuram
വർധിച്ചുവരുന്ന മത്സരാധിഷ്ഠിത സാഹചര്യത്തിൽ ദൂരദർശന്റെയും ആകാശവാണിയുടെയും പ്രവർത്തനം ശക്തിപ്പെടുത്താനും പ്രേക്ഷക സ്വാധീനം മെച്ചപ്പെടുത്താനും കേന്ദ്ര ഗവണ്മെന്റ്  സുസ്ഥിര നടപടികൾ സ്വീകരിച്ചു വരുന്നു.  

ഉള്ളടക്ക ഗുണനിലവാരവും വൈവിധ്യവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉയര്‍ന്ന പങ്കാളിത്തം ഉറപ്പാക്കാനും പരിപാടികള്‍ വേഗത്തിൽ ഏറ്റെടുക്കാനും ലക്ഷ്യമിട്ട് ലളിതവല്‍ക്കരിച്ച 'ഉള്ളടക്ക ശേഖരണ നയം'  2024-ൽ അവതരിപ്പിച്ചു.

പുതിയ പരിപാടികള്‍ കൃത്യമായ ഇടവേളകളിൽ പുറത്തിറക്കുകയും  പ്രാദേശിക ഭാഷകളിൽ ഉള്ളടക്കം നിർമിക്കാന്‍ സംസ്ഥാനതല പ്രാദേശിക കേന്ദ്രങ്ങളില്‍ പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തുകയും ചെയ്യുന്നു.  പ്രതിഭകളെ ആകർഷിക്കാനും ദൂരദർശന്റെ പരിപാടികള്‍ നിര്‍മിക്കുന്ന 66 കേന്ദ്രങ്ങളിലും മികച്ച പ്രാദേശിക ഉള്ളടക്കം ഉറപ്പാക്കാനുമായി കലാകാരന്മാരുടെയും താൽക്കാലിക സേവനദാതാക്കളുടെയും വേതന നിരക്കുകൾ പരിഷ്കരിച്ചു.

പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതൽ സ്വീകാര്യത നേടാന്‍ പ്രധാന ദേശീയ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം പതിവായി നടത്തുന്നു. 2025-ലെ മഹാകുംഭമേള (പ്രയാഗ്‌രാജ്), വേവ്സ് ഉച്ചകോടി (മുംബൈ), ISRO ഉപഗ്രഹ വിക്ഷേപണങ്ങൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

സാങ്കേതിക നവീകരണത്തിന്റെ ഭാഗമായി നിരവധി ദൂരദര്‍ശന്‍ ചാനലുകൾ ഉയര്‍ന്ന HD ദൃശ്യമികവില്‍  സംപ്രേക്ഷണം ചെയ്യുകയും വേവ്സ് ഒടിടി പ്ലാറ്റ്‌ഫോം ആരംഭിച്ച് ഡിജിറ്റൽ സാന്നിധ്യം ശക്തമാക്കുകയും ചെയ്തു. ദൂരദര്‍ശനും മറ്റ് ചാനലുകളും വേവ്സ് ഒടിടി-യിലും ന്യൂസ് ഓൺ എയർ മൊബൈൽ അപ്ലിക്കേഷനിലും  സംയോജിപ്പിച്ചിട്ടുണ്ട്.  

"ദി ആകാശവാണി പോഡ്‌കാസ്റ്റ്", "ആകാശവാണി ഒറിജിനൽസ്"  എന്നീ പേരുകളില്‍  ദൃശ്യ-ശ്രാവ്യ പോഡ്‌കാസ്റ്റ് പരമ്പരകള്‍ക്ക് ആകാശവാണി തുടക്കം കുറിച്ചു.  

ക്ലസ്റ്റർ മേധാവികള്‍ക്കും ഓഫീസ് മേധാവികള്‍ക്കും  വ്യക്തമായ ചുമതലകൾ നൽകൽ, വരുമാന വര്‍ധനയില്‍  ശ്രദ്ധ കേന്ദ്രീകരിക്കൽ, ഉള്ളടക്കം മെച്ചപ്പെടുത്തൽ, വിപണി സ്വാധീനം വര്‍ധിപ്പിക്കല്‍ എന്നിവയുൾപ്പെടെ ഘടനാപരമായ പരിഷ്കാരങ്ങൾ ആകാശവാണിയിൽ നടപ്പാക്കി.

ബഹുതല മാധ്യമ പ്രചാരണത്തിന്റെയും ഏകോപിത വിപണന പ്രവർത്തനങ്ങളുടെയും പിന്തുണയോടെ ആപ്പുകളും ഒടിടി-യും സമൂഹ മാധ്യമങ്ങളുമടക്കം ബദൽ സംപ്രേക്ഷണ മാർഗങ്ങളും പ്രയോജനപ്പെടുത്തി വരുന്നു.

2021-26 കാലയളവില്‍ 2,539.61 കോടി രൂപ ചെലവില്‍ സംപ്രേഷണ അടിസ്ഥാനസൗകര്യ ശൃംഖലാ വികസന (BIND) പദ്ധതിയ്ക്ക് കീഴിൽ പ്രസാർഭാരതിയുടെ ആധുനികവൽക്കരണവും നവീകരണവും പുരോഗമിക്കുകയാണ്.  

ഡിജിറ്റല്‍വല്‍ക്കരണം, പഴയ സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കൽ, സ്റ്റുഡിയോകളുടെയും പ്രസരണ സംവിധാനങ്ങളുടെയും നവീകരണം, സംപ്രേക്ഷണ വ്യാപ്തി വർധിപ്പിക്കൽ, പുതിയ സാങ്കേതിക വിദ്യകൾ അവലംബിക്കല്‍ എന്നിവയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  

ഉപഭോക്തൃ ഇടപെടൽ മെച്ചപ്പെടുത്തുക, വരുമാനത്തിന് മുൻതൂക്കം നൽകുന്ന ഉള്ളടക്കങ്ങള്‍ ആസൂത്രണം ചെയ്യുക,  വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ  പ്രചാരണം ശക്തിപ്പെടുത്തുക,  സംയോജിത പരസ്യ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുക എന്നിവയും വരുമാന വര്‍ധനാ നടപടികളുടെ ഭാഗമാണ്.  

2022–25 കാലയളവിൽ സർക്കാർ-ഇതര പരസ്യ വിഭാഗത്തിൽ  ആകാശവാണിയും ദൂരദർശനും ആകെ നേടിയ വരുമാനം 587.78 കോടി രൂപയാണ്.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന്  ലോക്സഭയിൽ ശ്രീ പരഷോത്തംഭായ് രൂപാലയുടെ ചോദ്യത്തിന് മറുപടിയായാണ് ഈ വിവരങ്ങള്‍ നല്‍കിയത്. 
 
LPSS
 
***

(रिलीज़ आईडी: 2205908) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: Bengali-TR , English , Urdu , हिन्दी , Marathi , Assamese , Bengali-TR , Bengali , Gujarati , Tamil , Telugu , Kannada