ധനകാര്യ മന്ത്രാലയം
പ്രധാനമന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ): പരിവർത്തനാത്മക സ്വാധീനത്തിന്റെ 11 വർഷം പൂർത്തീകരിച്ച് ദേശീയ സാമ്പത്തിക ഉൾച്ചേർക്കൽ ദൗത്യം
Posted On:
28 AUG 2025 9:33AM by PIB Thiruvananthpuram
2014 ഓഗസ്റ്റ് 28-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ച പ്രധാനമന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) ഇന്ത്യൻ സാമ്പത്തിക മേഖലയിൽ പരിവര്‍ത്തനാത്മക സ്വാധീനത്തിന്റെ 11 വർഷം പൂർത്തീകരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ഉൾച്ചേർക്കൽ പദ്ധതിയായ പിഎംജെഡിവൈ ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന ദശലക്ഷക്കണക്കിന് പേര്‍ക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കി പുതുചരിത്രം രചിക്കുന്നു.
സാമ്പത്തിക ഉൾച്ചേർക്കൽ എന്നത് സാമ്പത്തിക വളർച്ചയുടെയും വികസനത്തിന്റെയും സുപ്രധാന ചാലകശക്തിയാണെന്ന് ഈ അവസരത്തിൽ പങ്കുവെച്ച സന്ദേശത്തില്‍ കേന്ദ്ര ധന - കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ ലഭ്യമാക്കുന്നത് ദരിദ്രരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ഔപചാരിക സാമ്പത്തിക വ്യവസ്ഥയിൽ പൂർണ പങ്കാളികളാകാനും അതിന്റെ അവസരങ്ങൾ പ്രയോജനപ്പെടുത്താനും പ്രാപ്തരാക്കുന്നുവെന്നും അവര്‍ പറഞ്ഞു.
വിവിധ പദ്ധതി ആനുകൂല്യങ്ങൾ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) വഴി ലഭ്യമാക്കാനും വായ്പാ സൗകര്യങ്ങൾ, സാമൂഹ്യസുരക്ഷ, സമ്പാദ്യം, നിക്ഷേപം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കുന്ന പ്രധാന മാർഗങ്ങളിലൊന്നാണ് പദ്ധതിയെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ 11 വർഷത്തിനിടെ 56 കോടിയിലധികം ജൻ ധൻ അക്കൗണ്ടുകൾ തുറക്കുകയും ആകെ 2.68 ലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയും ചെയ്തു. 38 കോടിയിലധികം റൂപേ കാർഡുകൾ സൗജന്യമായി വിതരണം ചെയ്തത് ഡിജിറ്റൽ ഇടപാടുകള്‍ കൂടുതൽ സുഗമമാക്കിയെന്നും ശ്രീമതി സീതാരാമൻ പറഞ്ഞു.
പ്രധാനമന്ത്രി ജൻ ധൻ യോജനയ്ക്ക് കീഴിലെ 67% അക്കൗണ്ടുകളും ഗ്രാമീണമേഖലകളിലോ അർധനഗര പ്രദേശങ്ങളിലോ ആണെന്നതും 56% അക്കൗണ്ടുകള്‍ സ്ത്രീകളുടെ പേരിലാണെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ വിദൂരദേശങ്ങളില്‍ വസിക്കുന്ന പിന്നാക്കവിഭാഗം ജനങ്ങളെ ഔപചാരിക സാമ്പത്തിക വ്യവസ്ഥയിലേക്ക് എങ്ങനെ കൊണ്ടുവന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണിതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
രാജ്യത്ത് മാത്രമല്ല, ലോകത്തെ തന്നെ ഏറ്റവും വിജയകരമായ സാമ്പത്തിക ഉൾച്ചേർക്കൽ പദ്ധതികളിലൊന്നാണ് പിഎംജെഡിവൈ എന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരി തന്റെ സന്ദേശത്തിൽ പറഞ്ഞു. ആത്മാഭിമാനവും ശാക്തീകരണവും അവസരവും ഉറപ്പാക്കുന്ന പദ്ധതിയാണ് ജൻ ധൻ യോജനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓരോ വീട്ടിലും ഒരു ബാങ്ക് അക്കൗണ്ട് വേണമെന്നും എല്ലാ മുതിർന്നവർക്കും ഇൻഷുറൻസ് - പെൻഷൻ പരിരക്ഷ ലഭിക്കണമെന്നും 2021-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പ്രഖ്യാപിച്ചു. രാജ്യമെങ്ങും വിവിധ പ്രചാരണപരിപാടികളിലൂടെ ഈ ലക്ഷ്യത്തിനായി നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായി ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തിൽ നാം ഏറെക്കുറെ പൂർണതോതില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തുടനീളം ഇൻഷുറൻസ് - പെൻഷൻ പരിരക്ഷയില്‍ തുടർച്ചയായി വർധനയുണ്ടെന്നും ശ്രീ. പങ്കജ് ചൗധരി പറഞ്ഞു.
രാജ്യവ്യാപകമായി അക്കൗണ്ട് തുറക്കല്‍ പൂര്‍ത്തീകരണ യജ്ഞത്തിന്റെ ഭാഗമായി 2.7 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും കുറഞ്ഞത് ഒരു ക്യാമ്പെങ്കിലും നടത്തുന്ന രീതിയില്‍ പ്രചാരണത്തിന് തുടക്കമിട്ടു. അർഹരായവര്‍ക്ക് പിഎംജെഡിവൈ അക്കൗണ്ടുകൾ തുറക്കാനും സുരക്ഷാ പദ്ധതികളിൽ ചേരാനും കെവൈസി വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ നോമിനേഷൻ വിവരങ്ങളും പുതുക്കാനും ക്യാമ്പുകളില്‍ അവസരമൊരുക്കി. സാധാരണക്കാരുടെ വീട്ടുപടിയ്ക്കൽ സാമ്പത്തിക സേവനങ്ങളെത്തിക്കാനാണ് ഇതുവഴി ശ്രമിക്കുന്നത്. ഈ പ്രചാരണ പരിപാടി സെപ്റ്റംബർ 30-ന് അവസാനിക്കുമെങ്കിലും ആദ്യഘട്ട റിപ്പോർട്ടുകൾ പ്രോത്സാഹജനകമാണെന്ന് പറഞ്ഞ ധനകാര്യ സഹമന്ത്രി പ്രചാരണത്തിന്റെ പൂർണ ആനുകൂല്യങ്ങൾ എല്ലാവരും സ്വന്തമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
പദ്ധതി പങ്കാളികളുടെയും ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും സംസ്ഥാന സർക്കാരുകളുടെയും പിന്തുണയോടെ സാമ്പത്തികമായി കൂടുതൽ ഉൾച്ചേർന്ന സമൂഹത്തിലേക്ക് നാം മുന്നേറുകയാണ്. രാജ്യത്തെ സാമ്പത്തിക ഉൾച്ചേർക്കലില്‍ വലിയ മാറ്റം കൊണ്ടുവന്ന പദ്ധതിയായി പ്രധാനമന്ത്രി ജൻ ധൻ യോജന എന്നും ഓർക്കപ്പെടും. ദൗത്യരൂപേണയുള്ള ഭരണനിര്‍വഹണത്തിന്റെ കേവല ഉദാഹരണം മാത്രമല്ല, മറിച്ച് ജനക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെങ്കിൽ എന്തെല്ലാം നേടാനാവുമെന്ന് ഈ പദ്ധതി തെളിയിക്കുന്നതായി ശ്രീ പങ്കജ് ചൗധരി പറഞ്ഞു.
സാമ്പത്തിക ഉൾച്ചേർക്കലിന്റെ വ്യാപനം:
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പാർശ്വവല്‍ക്കരിക്കപ്പെട്ടവർക്കും ശക്തമായ സാമ്പത്തിക ഉൾച്ചേർക്കൽ തന്ത്രങ്ങളിലൂടെ പിന്തുണയേകാന്‍ ധനമന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ബാങ്കിങ് സേവനം ലഭ്യമല്ലാത്ത എല്ലാ മുതിർന്നവർക്കും മിനിമം ബാലൻസ് ആവശ്യമില്ലാത്തതും നടത്തിപ്പ് ചാർജ് ഇല്ലാത്തതുമായ അടിസ്ഥാന ബാങ്ക് അക്കൗണ്ട് പിഎംജെഡിവൈ ഉറപ്പാക്കുന്നു.
ഓരോ അക്കൗണ്ടിനുമൊപ്പം ലഭിക്കുന്ന രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയടങ്ങുന്ന സൗജന്യ റുപേ ഡെബിറ്റ് കാർഡ് ഡിജിറ്റൽ ഇടപാടുകളും സാമ്പത്തിക സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നു. അക്കൗണ്ട് ഉടമകൾക്ക് അടിയന്തര ഘട്ടങ്ങളിൽ 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യത്തിനും അർഹതയുണ്ട്.
പിഎംജെഡിവൈ അക്കൗണ്ടുകളുടെ സവിശേഷതകൾ:
കെവൈസി പൂർത്തിയാക്കിയ പിഎംജെഡിവൈ അക്കൗണ്ടുകളിൽ നിക്ഷേപത്തിനോ ഇടപാടുകളുടെ തുകയ്‌ക്കോ പരിധികളില്ല. ഇതൊരു അടിസ്ഥാന സേവിങ്സ് ബാങ്ക് നിക്ഷേപ (ബിഎസ്ബിഡി) അക്കൗണ്ടാണ്. പിഎംജെഡിവൈ അക്കൗണ്ട് ഉടമകൾക്ക് താഴെ പറയുന്ന സൗജന്യ സേവനങ്ങൾ ലഭിക്കും
ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും/സിഡിഎമ്മുകളിലും പണം നിക്ഷേപിക്കാം.
ഇലക്ട്രോണിക് ചാനലുകൾ വഴിയോ കേന്ദ്ര/സംസ്ഥാന സർക്കാർ ഏജൻസികളും വകുപ്പുകളും നൽകുന്ന ചെക്കുകൾ വഴിയോ പണം സ്വീകരിക്കാനും അക്കൗണ്ടിൽ നിക്ഷേപിക്കാനും സാധിക്കും.
മാസത്തിൽ എത്ര തവണ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ഇതിന് പരിധിയില്ല.
മെട്രോ എടിഎമ്മുകൾ ഉൾപ്പെടെ ഏത് എടിഎമ്മിൽ നിന്നും മാസത്തില്‍ കുറഞ്ഞത് നാല് തവണ സൗജന്യമായി പണം പിൻവലിക്കാം. അധിക പിൻവലിക്കലുകൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കിയേക്കാം.
രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയോടുകൂടിയ സൗജന്യ റുപേ ഡെബിറ്റ് കാർഡ് ലഭിക്കുന്നു.
ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന പരിവർത്തനം:
കഴിഞ്ഞ 11 വർഷത്തിനിടെ ബാങ്കിങ് രംഗത്ത് വലിയ മാറ്റങ്ങളാണ് പിഎംജെഡിവൈ കൊണ്ടുവന്നത്. അതിദരിദ്രരും വിദൂര ദേശങ്ങളില്‍ വസിക്കുന്നവരുമായ ജനങ്ങളെ സേവിക്കാനാവുംവിധം ബാങ്കിങ് സംവിധാനം ശക്തിപ്പെടുത്താൻ ഇത് വഴിയൊരുക്കി. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ (ഡിബിടി) ആധാരശിലയായി മാറിയ പദ്ധതി സർക്കാർ സബ്സിഡികളും മറ്റ് പണമിടപാടുകളും സുതാര്യവും, കാര്യക്ഷമവും, അഴിമതിരഹിതവുമായി നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു.
കൂടാതെ അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ജനസുരക്ഷാ പദ്ധതികളായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നിവ വഴി ജീവന്‍ - അപകട ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കുന്നതിലും പിഎംജെഡിവൈ അക്കൗണ്ടുകൾ നിർണായക പങ്കുവഹിച്ചു.
ജന്‍ധന്‍-ആധാര്‍-മൊബൈല്‍ സംയോജനം - ഒരുവഴിത്തിരിവ്
പിഎംജെഡിവൈയുടെ പ്രധാന ഘടകങ്ങളിലൊന്നായ ജൻ-ധൻ-ആധാർ-മൊബൈൽ സംയോജനം സബ്‌സിഡി വിതരണത്തിൽ അഴിമതി തുടച്ചുനീക്കുന്ന സംവിധാനമാണെന്ന് തെളിയിച്ചു. ഇതുവഴി ഇടനിലക്കാരെയും കാലതാമസവും ഒഴിവാക്കി അര്‍ഹരായവര്‍ക്ക് സർക്കാർ ക്ഷേമാനുകൂല്യങ്ങൾ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിജയകരമായി കൈമാറി. 2024-25 സാമ്പത്തിക വർഷം വിവിധ ഡിബിടി പദ്ധതികൾക്ക് കീഴിൽ ആകെ 6.9 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത്.
സാമ്പത്തിക ഉൾച്ചേർക്കൽ പദ്ധതി പൂര്‍ത്തീകരണ ക്യാമ്പയിൻ (2025 ജൂലൈ 1 - 2025 സെപ്തംബര്‍ 30):
കെവൈസി വിവരങ്ങൾ പുതുക്കാനും പുതിയ അക്കൗണ്ടുകൾ തുറക്കാനും ചെറുകിട ഇൻഷുറൻസ് - പെൻഷൻ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനും ബാങ്കുകൾ 2025 ജൂലൈ 1 മുതൽ 2025 സെപ്റ്റംബർ 30 വരെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ബാങ്കിങ് സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകുന്നത് തടയാനും അക്കൗണ്ട് ഉടമകളെ ബോധവത്കരിക്കുന്നതിൽ തുടർച്ചയായി ഊന്നൽ നൽകിവരുന്നു. അക്കൗണ്ട് ഉടമകളെ നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ എണ്ണം കുറയ്ക്കാനും ബാങ്കുകൾ ശ്രമിക്കുന്നു. 2025 ജൂലൈ 1-ന് ക്യാമ്പയിൻ ആരംഭിച്ചതുമുതല്‍ പ്രധാന പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കാനും സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കാനും വിവിധ ജില്ലകളില്‍ ആകെ 1,77,102 ക്യാമ്പുകളാണ് സംഘടിപ്പിച്ചത്.
നാഴികക്കല്ലുകളും നേട്ടങ്ങളും:
പിഎംജെഡിവൈ അക്കൗണ്ടുകൾ: 56.16 കോടി (2025 ഓഗസ്റ്റ് 13 വരെ)
2025 ഓഗസ്റ്റ് 13 വരെ ആകെ പിഎംജെഡിവൈ അക്കൗണ്ടുകളുടെ എണ്ണം 56.16 കോടിയിലെത്തി. ഇതിൽ 55.7% (31.31 കോടി) അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്. 66.7% (37.48 കോടി) അക്കൗണ്ടുകൾ ഗ്രാമീണ - അർധനഗരപ്രദേശങ്ങളിലാണ്.

പിഎംജെഡിവൈ അക്കൗണ്ടുകളിലെ നിക്ഷേപം - 2.68 ലക്ഷം കോടി രൂപ (2025 ഓഗസ്റ്റ് 13 വരെ)
പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 2,67,756 കോടി രൂപയായി. അക്കൗണ്ടുകളുടെ എണ്ണം മൂന്ന് മടങ്ങായി വർധിച്ചപ്പോൾ ആകെ നിക്ഷേപം ഏകദേശം 12 മടങ്ങാണ് ഉയര്‍ന്നത്. (2025 ഓഗസ്റ്റ് / 2015 ഓഗസ്റ്റ്)

പിഎംജെഡിവൈ അക്കൗണ്ടിലെ ശരാശരി നിക്ഷേപം - 4,768 രൂപ (2025 ഓഗസ്റ്റ് 13 വരെ)
2025 ഓഗസ്റ്റ് 13 ലെ കണക്കനുസരിച്ച് ഒരു അക്കൗണ്ടിലെ ശരാശരി നിക്ഷേപം 4,768 രൂപയാണ്. 2015 ഓഗസ്റ്റിനെ അപേക്ഷിച്ച് ശരാശരി നിക്ഷേപം 3.7 മടങ്ങാണ് വര്‍ധിച്ചത്. അക്കൗണ്ടുകളുടെ ഉപയോഗം കൂടിയതായും അക്കൗണ്ട് ഉടമകളിൽ സമ്പാദ്യശീലം വളർന്നതായും ഈ വർധന സൂചിപ്പിക്കുന്നു.

പിഎംജെഡിവൈ അക്കൗണ്ട് ഉടമകൾക്ക് വിതരണം ചെയ്ത റുപേ കാർഡുകൾ - 38.68 കോടി (2025 ഓഗസ്റ്റ് 13 വരെ)
പിഎംജെഡിവൈ അക്കൗണ്ട് ഉടമകൾക്ക് 38.68 കോടി റുപേ കാർഡുകൾ വിതരണം ചെയ്തു. കാർഡുകളുടെ എണ്ണത്തിലും ഉപയോഗത്തിലും കാലക്രമേണ വർധനയുണ്ടായി.

ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് കീഴിൽ 38.68 കോടിയിലധികം റുപേ ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തതിലൂടെയും 1.11 കോടി പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) / മൊബൈൽ പോയിന്റ് ഓഫ് സെയിൽ (എംപിഒഎസ്) സംവിധാനങ്ങള്‍ സ്ഥാപിച്ചതിലൂടെയും യുപിഐ പോലുള്ള മൊബൈൽ അധിഷ്ഠിത പണമിടപാട് സൗകര്യങ്ങള്‍ അവതരിപ്പിച്ചതിലൂടെയും ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം 2018-19 സാമ്പത്തിക വർഷത്തെ 2,338 കോടിയിൽ നിന്ന് 2024-25 സാമ്പത്തിക വർഷം 22,198 കോടിയായി വർധിച്ചു. യുപിഐ പണമിടപാടുകള്‍ 2018-19 സാമ്പത്തിക വർഷത്തെ 535 കോടിയിൽ നിന്ന് 2024-25 സാമ്പത്തിക വർഷം 18,587 കോടിയായി ഉയര്‍ന്നു. സമാനമായി പിഒഎസ്, ഇ-കൊമേഴ്‌സ് മേഖലകളിലെ റുപേ കാർഡ് ഇടപാടുകള്‍ 2017-18 സാമ്പത്തിക വർഷത്തെ 67 കോടിയിൽ നിന്ന് 2024-25 സാമ്പത്തിക വർഷം 93.85 കോടിയായി ഉയർന്നു.
ദൗത്യരൂപേണയുള്ള സമീപനവും നിയന്ത്രണപരമായ പിന്തുണയും പൊതു-സ്വകാര്യ പങ്കാളിത്തവും ഒപ്പം ബയോമെട്രിക് പരിശോധനയ്ക്ക് ആധാർ ഉള്‍പ്പെടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയതുമാണ് പിഎംജെഡിവൈയുടെ ഈ വിജയത്തിലേക്ക് നയിച്ചത്.
ഔപചാരിക സാമ്പത്തിക മേഖലയിൽ നിന്ന് നേരത്തെ പുറന്തള്ളപ്പെട്ടവര്‍ക്ക് ഈ പദ്ധതി വഴി സമ്പാദ്യത്തിനും വായ്പകൾക്കും അവസരം ലഭിച്ചു. സമ്പാദ്യശീലം വളർന്നതോടെ മുദ്രാ വായ്പകൾ ഉൾപ്പെടെ വായ്പകള്‍ പ്രയോജനപ്പെടുത്തുന്ന അക്കൗണ്ട് ഉടമകൾക്ക് വരുമാനവർധനയ്ക്കും സാമ്പത്തിക ശാക്തീകരണത്തിനും പദ്ധതി വഴിയൊരുക്കി.
പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്ന പിഎംജെഡിവൈ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും ഡിജിറ്റൽ നൂതനാശയങ്ങളുടെയും സാമ്പത്തിക ശാക്തീകരണത്തിന്റെയും ദീപസ്തംഭമായി തുടരുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിൽ ഒരു പൗരനും പിന്നിലാകില്ലെന്ന ഇന്ത്യയുടെ പ്രതിബദ്ധതയാണ് പദ്ധതി വിജയത്തിലൂടെ പ്രതിഫലിക്കുന്നത്.
SKY
****
(Release ID: 2161466)
Visitor Counter : 15
Read this release in:
Odia
,
English
,
Urdu
,
Marathi
,
Nepali
,
Hindi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Tamil
,
Telugu
,
Kannada