ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ അസം റൈഫിൾസ് സംഘടിപ്പിച്ച 'ഐക്യ ഉത്സവം - ഒരു ശബ്ദം, ഒരു രാഷ്ട്രം' പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുത്തു

വടക്കുകിഴക്കൻ മേഖലയിൽ വിനോദസഞ്ചാരം മുതൽ സാങ്കേതികവിദ്യ, കായികം, ബഹിരാകാശം, കൃഷി, സംരംഭകത്വം, ബാങ്കിംഗ്, ബിസിനസ്സ് എന്നിങ്ങനെ എല്ലാ മേഖലകളുടെയും വികസനത്തിന് മോദി ഗവൺമെന്റ് നിരവധി പുതിയ മാർഗ്ഗങ്ങൾ തുറന്നിട്ടുണ്ട്

Posted On: 20 FEB 2025 7:30PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ അസം റൈഫിൾസ് സംഘടിപ്പിച്ച 'ഐക്യ ഉത്സവം - ഒരു ശബ്ദം, ഒരു രാഷ്ട്രം' പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അസം റൈഫിൾസ് ഡയറക്ടർ ജനറൽ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
 
വടക്കുകിഴക്കൻ മേഖലയെ സംബന്ധിച്ചിടത്തോളം ഐക്യം എന്ന വാക്ക് വളരെ പ്രധാനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കുശേഷം വർഷങ്ങളോളം, വടക്കുകിഴക്കൻ മേഖലയുടെ ഒരു വലിയ പ്രദേശം ഡൽഹിയിൽ നിന്ന് സ്ഥലപരമായും വൈകാരികമായും അകലെയായിരുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, കണക്ടിവിറ്റി സംവിധാനങ്ങളിലൂടെ വടക്കുകിഴക്കും ഡൽഹിയും തമ്മിലുള്ള സ്ഥലപരവും വൈകാരികവുമായ അകലം ഇല്ലാതാക്കിയതായി അദ്ദേഹം പറഞ്ഞു. ഇന്ന് വടക്കുകിഴക്ക് മേഖല പൂർണ്ണമായും ഇന്ത്യയിലും ഇന്ത്യ പൂർണ്ണമായും വടക്കുകിഴക്കിലും ഉൾ ചേർന്നിരിക്കുന്നു. വടക്കുകിഴക്കൻ മേഖലയ്ക്കായി മോദി ഗവൺമെന്റ് ബജറ്റ് വിഹിതം പല രൂപത്തിൽ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും വടക്കുകിഴക്കൻ മേഖലയ്ക്ക് 3-4 മടങ്ങ് കൂടുതൽ ബജറ്റ് അനുവദിച്ചിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു. 2027 ആകുമ്പോഴേക്കും വടക്കുകിഴക്കൻ മേഖലയിലെ എട്ട് സംസ്ഥാനങ്ങളെയും റെയിൽ, വ്യോമ ഗതാഗത സംവിധാനങ്ങൾ വഴി ഡൽഹിയുമായി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
പ്രധാനമന്ത്രി മോദി വടക്കുകിഴക്കൻ മേഖലയെ അഷ്ടലക്ഷ്മിയായി ഉയർത്തിക്കാട്ടി പ്രശസ്തമാക്കിയിട്ടുണ്ടെന്നും മേഖലയിലെ 8 സംസ്ഥാനങ്ങൾക്കും രാജ്യത്തെ എല്ലാ മേഖലകളെയും സമ്പന്നമാക്കാൻ കഴിയുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ യുവാക്കൾക്ക് സാമ്പത്തികം, സാംസ്കാരികം, സുരക്ഷ, കായികം, ഗവേഷണം, വികസനം എന്നീ മേഖലകളിൽ ധാരാളം അവസരങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ വി നോദസഞ്ചാരം, സാങ്കേതികവിദ്യ, കായികം, ബഹിരാകാശം, കൃഷി, സംരംഭകത്വം,ബാങ്കിംഗ്, ബിസിനസ്സ് എന്നിങ്ങനെ എല്ലാ മേഖലകളുടെയും വികസനത്തിന് മോദി ഗവൺമെന്റ് നിരവധി മാർഗ്ഗങ്ങൾ തുറന്നിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
നമ്മുടെ വടക്കുകിഴക്കൻ മേഖലയിൽ 220 ലധികം വംശീയ വിഭാഗങ്ങളും 160 ലധികം ഗോത്രവിഭാഗങ്ങളും താമസിക്കുന്നുണ്ടെന്നും 200 ലധികം ഭാഷകളും പ്രാദേശിക ഭാഷാഭേദങ്ങളും സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഈ മേഖലയിൽ 50 ലധികം സവിശേഷ ഉത്സവങ്ങൾ ആഘോഷിക്കുന്നുണ്ട്. 30 ലധികം പരമ്പരാഗത നൃത്തങ്ങളും 100 ലധികം പാചകരീതികളും ഈ ഈ പ്രദേശത്ത് നിലനിൽക്കുന്നുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഇതെല്ലാം സമ്പന്നമായ പൈതൃകത്തിൽ അഭിമാനിക്കുന്ന ഇന്ത്യയുടെ മുഴുവൻ പൈതൃക നിധിയാണെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്ക് ഇല്ലാത്ത ഇന്ത്യയും ഇന്ത്യയില്ലാത്ത വടക്കുകിഴക്കും അപൂർണ്ണമാണെന്നും ശ്രീ ഷാ പറഞ്ഞു.
 
 വടക്കുകിഴക്കൻ ഐക്യോത്സവത്തിന്റെ പ്രമേയം 'ഒരു ശബ്ദം, ഒരു രാഷ്ട്രം' എന്നതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം, വ്യത്യസ്തങ്ങളായ ഭാഷകളുടെയും സംസ്കാരങ്ങളുടെയും പാചകരീതികളുടെയും വസ്ത്രങ്ങളുടെയും സവിശേഷ സങ്കര കേന്ദ്രമാണെന്നും വൈവിധ്യത്തിലെ ഈ ഐക്യമാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതയും ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. 5 ദിവസത്തെ ഐക്യ ഉത്സവത്തിലൂടെ, വടക്കുകിഴക്കൻ മേഖലയുടെ ഐക്യം ഡൽഹിയിൽ പ്രദർശിപ്പിക്കുന്നു . അസം റൈഫിൾസ് ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക സേനയാണെന്നും ഈ സേനയെ 'വടക്കുകിഴക്കിന്റെ സുഹൃത്ത്' ആയി വിശേഷിപ്പിക്കുന്നതായും ശ്രീ ഷാ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയെ നിരവധി പ്രതിസന്ധികളിൽ നിന്ന് രക്ഷിക്കുന്നതിൽ അസം റൈഫിൾസ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.ഈ പരിപാടിയിലൂടെ, ഇന്ന് അസം റൈഫിൾസ് വടക്കുകിഴക്കൻ മേഖലയുടെ ഐക്യവും സാംസ്കാരിക ശക്തിയും രാജ്യമെമ്പാടും ലോകത്തിനും മുന്നിൽ പ്രദർശിപ്പിക്കുന്നതിൽ വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
 
ഈ പരിപാടിയിൽ 212 ടീമുകളും 1500 വിദ്യാർത്ഥികളും കായിക മത്സരങ്ങളിൽ പങ്കെടുത്തതായും 150 ൽ അധികം വിദ്യാർത്ഥികളും സാംസ്കാരിക പരിപാടികളിൽ പങ്കെടുത്തതായും ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ന് മിക്ക സമ്മാനങ്ങളും മണിപ്പൂരാണ് നേടിയിരിക്കുന്നത്, ഇത് മണിപ്പൂരിലെ കായിക മേഖലയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. വടക്കുകിഴക്കൻ മേഖലയിൽ കായിക മേഖലയുടെജനപ്രീതി കണക്കിലെടുത്ത്, മണിപ്പൂരിൽ രാജ്യത്തെ ആദ്യത്തെ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തീരുമാനിച്ചതായി ശ്രീ ഷാ പറഞ്ഞു. 'എല്ലാവർക്കും സ്‌പോർട്‌സ്, മികവിനായി സ്‌പോർട്‌സ്' എന്നത് രാജ്യത്തെ കായിക മേഖലയുടെ വികസനത്തിനുള്ള സൂത്രവാക്യമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2036 ൽ ഇന്ത്യ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുമെന്നും,രാജ്യം ആദ്യ പത്തിൽ ഇടം നേടുമെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഈ നേട്ടത്തിൽ പ്രധാന പങ്ക് വഹിക്കുമെന്നും ആഭ്യന്തര മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ, പ്രത്യേകിച്ച് കഴിഞ്ഞ 5 വർഷത്തിനിടയിൽ, വടക്കുകിഴക്കൻ മേഖലയിലെ ക്രമസമാധാന സ്ഥിതിയിൽ ഗണ്യമായ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ അക്രമ സംഭവങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണവും 70 ശതമാനവും സാധാരണക്കാരുടെ മരണനിരക്ക് 85 ശതമാനവും നിരക്കിൽ കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. അക്രമ സംഭവങ്ങളുടെ കണക്കുകളിലെ ഈ കുറവ് വടക്കുകിഴക്കൻ മേഖലയിൽ ഇപ്പോൾ ക്രമേണ സമാധാനം പുലരുന്നതിന്റെ തെളിവാണ്. വികസനത്തിന്റെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും ഒരു പുതിയ യുഗപ്പിറവിയുടെ തുടക്കം കൂടിയാണ് ഇതൊന്നും ശ്രീ ഷാ പറഞ്ഞു.
 
2014 മുതൽ വടക്കുകിഴക്കൻ മേഖലയിൽ 10,500-ലധികം തീവ്രവാദികൾ ആയുധം ഉപേക്ഷിച്ചിട്ടുണ്ടെന്നും 2019 നും 2024 നും ഇടയിൽ മേഖലയിൽ 12 സമാധാന കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. പതിറ്റാണ്ടുകളായി ഇവിടെ നിരവധി തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും മോദി ഗവൺമെന്റ് രണ്ട് ചുവടുകൾ മുന്നോട്ട് വെച്ചുകൊണ്ട് യുവാക്കൾക്ക് ധാരാളം അവസരങ്ങൾ ലഭ്യമാണെന്ന് അവരെ വിശ്വസിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. അക്രമത്തിൽ ഏർപ്പെടുന്ന യുവാക്കളോട് ആയുധം ഉപേക്ഷിച്ച്, മുഖ്യധാരയിൽ ചേരാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അഭ്യർത്ഥിച്ചു.
 
വടക്കുകിഴക്കൻ മേഖലയെ രാജ്യത്തിന്റെ സ്വന്തമാണെന്ന് കരുതാത്തതും ഈ മേഖലയിലെ ജനങ്ങളോട് സ്നേഹമില്ലാത്തതുമായ ഒരു പ്രദേശവും ഇന്ന് ഇന്ത്യയിൽ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ഹൃദയങ്ങളിൽ വടക്കുകിഴക്കൻ മേഖലയിലെ ജനതയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.
വടക്കുകിഴക്കൻ മേഖലയിലെ ഓരോ സംസ്ഥാനവും മുന്നോട്ട് വന്ന് രാജ്യത്തിന്റെ സമഗ്ര വികസനത്തിന് സംഭാവന നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വടക്കുകിഴക്കൻ മേഖല ഇപ്പോൾ സമാധാനവും വികസനവും ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി പ്രവർത്തിക്കാൻ തയ്യാറാണെന്നും ശ്രീ ഷാ പറഞ്ഞു.
***************
 

(Release ID: 2105168) Visitor Counter : 24