പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ - ശ്രീലങ്ക സംയുക്ത പ്രസ്താവന: പൊതുവായ ഭാവിക്കായുള്ള പങ്കാളിത്തം പരിപോഷിപ്പിക്കൽ

Posted On: 16 DEC 2024 3:26PM by PIB Thiruvananthpuram

1. ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ​2024 ഡിസംബർ 16ന്, ശ്രീലങ്ക​ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ നടത്തി.

 

2. ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി പങ്കാളിത്തം ആഴത്തിൽ വേരൂന്നിയ സാംസ്കാരിക-നാഗരിക ബന്ധങ്ങൾ, ഭൂമിശാസ്ത്രപരമായ സാമീപ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഇരുനേതാക്കളും ആവർത്തിച്ചു.

 

3. 2022 ലെ അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും അതിനുശേഷവും ശ്രീലങ്കയിലെ ജനങ്ങൾക്ക് ഇന്ത്യ നൽകിയ അചഞ്ചലമായ പിന്തുണക്ക് പ്രസിഡന്റ് ദിസനായകെ അഗാധമായ അഭിനന്ദനം അറിയിച്ചു. സമൃദ്ധമായ ഭാവി, കൂടുതൽ അവസരങ്ങൾ, സുസ്ഥിരമായ സാമ്പത്തിക വളർച്ച എന്നിവയ്ക്കായി ശ്രീലങ്കൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള അഗാധമായ പ്രതിബദ്ധത അനുസ്മരിച്ച അദ്ദേഹം, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇന്ത്യയുടെ തുടർച്ചയായ പിന്തുണ പ്രതീക്ഷുന്നതായി വ്യക്തമാക്കി. ഇന്ത്യയുടെ ‘അയൽപക്കത്തിന് ആദ്യം’ എന്ന നയത്തിലും ‘സാഗർ’ കാഴ്ചപ്പാടിലും ശ്രീലങ്കയ്ക്കുള്ള പ്രത്യേക സ്ഥാനം കണക്കിലെടുത്ത്, ഇക്കാര്യത്തിൽ ഇന്ത്യയുടെ പൂർണ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി മോദി, പ്രസിഡന്റ് ദിസനായകെയ്ക്ക് ഉറപ്പ് നൽകി.

 

4. ഉഭയകക്ഷി ബന്ധങ്ങൾ വർഷങ്ങളായി ആഴത്തിലുള്ളതാണെന്നും ശ്രീലങ്കയുടെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് കാര്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും ഇരുനേതാക്കളും അംഗീകരിച്ചു. കൂടുതൽ സഹകരണത്തിനുള്ള സാധ്യതകൾ അടിവരയിട്ട്, ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി പരസ്പര പ്രയോജനകരമായ സമഗ്ര പങ്കാളിത്തത്തിലേക്ക് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം പുരോഗമിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.

 

രാഷ്ട്രീയ വിനിമയങ്ങൾ

 

5. കഴിഞ്ഞ ദശകത്തിൽ വർധിച്ച രാഷ്ട്രീയ ഇടപെടലുകളും ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് നൽകിയ സംഭാവനകളും അംഗീകരിച്ച്, നേതൃത്വത്തിലും മന്ത്രിതലത്തിലും രാഷ്ട്രീയ ഇടപെടലുകൾ കൂടുതൽ ശക്തമാക്കാൻ ഇരുനേതാക്കളും ധാരണയായി.

 

6. ജനാധിപത്യ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സ്ഥാപനപരമായ മികച്ച സമ്പ്രദായങ്ങളിൽ വൈദഗ്ധ്യം പങ്കിടുന്നതിനുമായി പതിവ് പാർലമെന്ററിതല വിനിമയങ്ങളുടെ പ്രാധാന്യത്തിനും ഇരുനേതാക്കളും അടിവരയിട്ടു.

 

വികസനസഹകരണം

 

7. ശ്രീലങ്കയുടെ സാമൂഹ്യ സാമ്പത്തിക വളർച്ചയിൽ ഗണ്യമായ സംഭാവന നൽകിയ ഇന്ത്യയുടെ വികസന സഹായത്തിന്റെ ക്രിയാത്മകവും ഫലപ്രദവുമായ പങ്ക് ഇരുനേതാക്കളും അംഗീകരിച്ചു. കടബാധ്യത പുനഃക്രമീകരിക്കുന്നുണ്ടെങ്കിലും പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ തുടർച്ചയായ പിന്തുണയെ പ്രസിഡന്റ് ദിസനായകെ അഭിനന്ദിച്ചു. ലൈൻസ് ഓഫ് ക്രെഡിറ്റ് മുഖേന ആദ്യം ഏറ്റെടുത്ത പദ്ധതികൾക്ക് ധനസഹായം നൽകാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അദ്ദേഹം അംഗീകരിച്ചു; അതിലൂടെ ശ്രീലങ്കയുടെ കടബാധ്യത കുറയ്ക്കാനാകും.

 

8. ജനാധിഷ്ഠിത വികസന പങ്കാളിത്തം കൂടുതൽ ഊർജസ്വലമാക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു. ഇനി പറയുന്ന കാര്യങ്ങളിൽ ഇരുനേതാക്കളും ധാരണയായി:

 

i. ഇന്ത്യൻ ഭവന പദ്ധതിയുടെ മൂന്നും നാലും ഘട്ടങ്ങൾ, 3 ദ്വീപുകളുടെ  ഹൈബ്രിഡ് പുനരുപയോഗ ഊർജ പദ്ധതി, ശ്രീലങ്കയിലുടനീളം ഉന്നതസ്വാധീനമുള്ള സാമൂഹ്യ വികസന പദ്ധതികൾ തുടങ്ങിയ നിലവിലുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കൽ;

 

ii. ഇന്ത്യൻ വംശജരായ തമിഴ് സമൂഹത്തിനും കിഴക്കൻ പ്രവിശ്യയ്ക്കും വേണ്ടിയുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ശ്രീലങ്കയിലെ ആരാധനാലയങ്ങളിൽ സൗരോർജ വൈദ്യുതീകരണത്തിനും പൂർണ്ണ പിന്തുണ നൽകൽ;

 

iii. ശ്രീലങ്കൻ ഗവൺമെന്റിന്റെ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായി, വികസന പങ്കാളിത്തത്തിനായി പുതിയ പദ്ധതികളും സഹകരണ മേഖലകളും തിരിച്ചറിയൽ.

 

പരിശീലനവും ശേഷിവികസനവും

 

9. ശ്രീലങ്കയ്ക്ക് ശേഷി വികസനത്തിനുള്ള പിന്തുണ നൽകുന്നതിൽ ഇന്ത്യയുടെ പങ്ക് അടിവരയിടുകയും, ശ്രീലങ്കയിലെ വിവിധ മേഖലകളിൽ നിർദിഷ്ട പരിശീലനത്തിന്റെയും ശേഷി വർധിപ്പിക്കലിന്റെയും ആവശ്യകത കണക്കിലെടുക്കുകയും ചെയ്തു.

ഇരുനേതാക്കളും:

​i. ഇന്ത്യയിലെ മികച്ച ഭരണനിർവഹണത്തിനായുള്ള ദേശീയ കേന്ദ്രം വഴി മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി 1500 ശ്രീലങ്കൻ സിവിൽ സർവീസുകാർക്ക് കേന്ദ്രീകൃത പരിശീലനം സംഘടിപ്പിക്കാൻ ധാരണയായി; ഒപ്പം

 

ii. ശ്രീലങ്കയുടെ ആവശ്യകതകൾക്ക് അനുസൃതമായി, മറ്റു മേഖലകളിൽ പൊതു, പ്രതിരോധ, നിയമ മേഖലകളിലെ ശ്രീലങ്കൻ ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലന പരിപാടികൾ അനാവരണം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധത അറിയിച്ചു.

 

കടം പുനഃക്രമീകരിക്കൽ

 

​10. അടിയന്തര ധനസഹായവും 4 ശതകോടി ഡോളറിന്റെ ഫോറെക്‌സ് പിന്തുണയും ഉൾപ്പെടെ സമാനതകളില്ലാത്തതും ബഹുമുഖവുമായ സഹായങ്ങളിലൂടെ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിൽ ഇന്ത്യയുടെ പിന്തുണയ്‌ക്ക് പ്രസിഡന്റ് ദിസനായകെ പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു. ഒഫീഷ്യൽ ക്രെഡിറ്റേഴ്‌സ് കമ്മിറ്റിയുടെ (ഒസിസി) സഹ-അധ്യക്ഷൻ എന്ന നിലയിൽ ഉൾപ്പെടെ ശ്രീലങ്കയുടെ കടം പുനഃക്രമീകരിക്കൽ പ്രക്രിയയിൽ ഇന്ത്യയുടെ നിർണായക സഹായം, കടം പുനഃക്രമീകരിക്കൽ ചർച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി അദ്ദേഹം അംഗീകരിച്ചു. നിലവിലുള്ള ക്രെഡിറ്റ് ലൈനുകൾക്ക് കീഴിൽ പൂർത്തീകരിച്ച പദ്ധതികൾക്ക് ശ്രീലങ്കയിൽ നിന്നുള്ള പണമിടപാടുകൾ തീർപ്പാക്കുന്നതിന് 20.66 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക സഹായം നൽകിയതിന് ഇന്ത്യാ ഗവൺമെന്റിന് അദ്ദേഹം നന്ദി പറഞ്ഞു. അതുവഴി നിർണായക സമയത്ത് ശ്രീലങ്കയുടെ കടത്തിന്റെ ഭാരം ഗണ്യമായി കുറയ്ക്കാൻ സാധിച്ചു. ശ്രീലങ്കയുമായുള്ള അടുത്തതും സവിശേഷവുമായ ബന്ധത്തിന് അടിവരയിട്ടുകൊണ്ട്, സാമ്പത്തിക വീണ്ടെടുക്കലിനും സുസ്ഥിരതയ്ക്കും ജനങ്ങളുടെ അഭിവൃദ്ധിയ്ക്കും വേണ്ടിയുള്ള അന്വേഷണത്തിലും ആവശ്യമുള്ള സമയങ്ങളിലും രാജ്യത്തിന് നിരന്തരമായ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ചു. കടം പുനഃക്രമീകരിക്കുന്നതിനുള്ള ഉഭയകക്ഷി ധാരണാപത്രം സംബന്ധിച്ച ചർച്ചകൾ അന്തിമമാക്കാൻ നേതാക്കൾ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

 

​11. കടബാധ്യതയുള്ള മാതൃകയിൽനിന്ന് വ്യത്യസ്ത മേഖലകളിലുടനീളം നിക്ഷേപാധിഷ്ഠിത പങ്കാളിത്തത്തിലേക്കുള്ള തന്ത്രപരമായ മാറ്റം ശ്രീലങ്കയുടെ സാമ്പത്തിക വീണ്ടെടുക്കലിനും വികസനത്തിനും സമൃദ്ധിക്കും കൂടുതൽ സുസ്ഥിരമായ പാത ഉറപ്പാക്കുമെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.

 

സമ്പർക്കസൗകര്യങ്ങൾ കെട്ടിപ്പടുക്കൽ

 

12. സമ്പർക്കസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ പ്രാധാന്യം നേതാക്കൾ അടിവരയിടുകയും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വികസനത്തിനും വളർച്ചയ്ക്കും പ്രയോജനപ്പെടുത്താവുന്ന രണ്ട് സമ്പദ്‌വ്യവസ്ഥകൾ പരസ്പര പൂരകമാകുന്നതരത്തിലുള്ള സാന്നിധ്യം അംഗീകരിക്കുകയും ചെയ്തു.

ഇക്കാര്യത്തിൽ:

i. നാഗപട്ടണത്തിനും കാങ്കേശൻതുറൈക്കുമിടയിൽ യാത്രക്കാർക്കായുള്ള ഫെറി സർവീസ് പുനരാരംഭിച്ചതിൽ സംതൃപ്തി പ്രകടിപ്പിച്ച നേതാക്കൾ, രാമേശ്വരത്തിനും തലൈമന്നാറിനും ഇടയിൽ യാത്രക്കാർക്കായുള്ള ഫെറി സർവീസ് എത്രയും വേഗം പുനരാരംഭിക്കുന്നതിന് ഉദ്യോഗസ്ഥർ​പ്രവർത്തിക്കണമെന്നും നിർദേശിച്ചു.

 

ii. ശ്രീലങ്കയിലെ കാങ്കേശൻതുറൈ തുറമുഖത്തിന്റെ പുനരുദ്ധാരണത്തിനായി സംയുക്തമായി പ്രവർത്തിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയും ഇന്ത്യാ ഗവണ്മെന്റിന്റെ ധനസഹായത്തോടെ നടപ്പിലാക്കുകയും ചെയ്യും.

 

ഊർജ വികസനം

 

13. ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിശ്വസനീയവും താങ്ങാനാകുന്നതും സമയബന്ധിതവുമായ ഊർജസ്രോതസ്സുകളുടെ ആവശ്യകതയ്ക്ക് ഊന്നൽ നൽകിയ ഇരുനേതാക്കളും ഊർജമേഖലയിലെ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തിനും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഊർജ സഹകരണ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനു സൗകര്യമൊരുക്കേണ്ടതിന്റെ പ്രാധാന്യത്തിനും അടിവരയിട്ടു. ഇക്കാര്യത്തിൽ, ഇനി പറയുന്ന കാര്യങ്ങളിൽ നേതാക്കൾ ധാരണയായി:

i. സാമ്പൂരിൽ സൗരോർജ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ശ്രീലങ്കയുടെ ആവശ്യങ്ങൾക്കനുസരിച്ച് അതിന്റെ ശേഷി കൂടുതൽ വർധിപ്പിക്കുകയും ചെയ്യും.

 

ii. ഇനി പറയുന്നതുൾപ്പെടെ ചർച്ചയുടെ വിവിധ ഘട്ടങ്ങളിലുള്ള നിരവധി നിർദേശങ്ങൾ തുടർന്നും പരിഗണിക്കും:

 

(a) ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്കുള്ള എൽഎൻജി വിതരണം.

 

(b) ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഉയർന്നശേഷിയുള്ള പരസ്പര ഊർജശൃംഖല ബന്ധം സ്ഥാപിക്കൽ.

 

(c) താങ്ങാനാകുന്നതും വിശ്വസനീയവുമായ ഊർജം വിതരണം ചെയ്യുന്നതിനായി ഇന്ത്യയിൽനിന്നു ശ്രീലങ്കയിലേക്ക് വിവിധോൽപ്പന്ന പൈപ്പ്‌ലൈൻ നടപ്പാക്കുന്നതിന് ഇന്ത്യയും ശ്രീലങ്കയും യുഎഇയും തമ്മിലുള്ള സഹകരണം.

 

(d) ജന്തുജാലങ്ങളും സസ്യജാലങ്ങളും ഉൾപ്പെടെയുള്ള പാരിസ്ഥിതിക സംരക്ഷണത്തിന് മുൻഗണന നൽകി, പാക് കടലിടുക്കിൽ കടൽത്തീരത്ത് കാറ്റിൽനിന്നുള്ള ഊർജശേഷിയുടെ സംയുക്ത വികസനം.

 

​14. ട്രിങ്കോമാലി ടാങ്ക് ഫാമുകളുടെ വികസനത്തിൽ നിലവിലുള്ള സഹകരണം അംഗീകരിച്ച്, ട്രിങ്കോമാലിയെ പ്രാദേശിക ഊർജ-വ്യാവസായിക കേന്ദ്രമായി വികസിപ്പിക്കുന്നതിന് പിന്തുണ നൽകാൻ ഇരുനേതാക്കളും ധാരണയായി.

 

ജനകേന്ദ്രീകൃത ഡിജിറ്റൽവൽക്കരണം

 

15. ഭരണം മെച്ചപ്പെടുത്തുന്നതിനും സേവന വിതരണം പരിവർത്തനം ചെയ്യുന്നതിനും സുതാര്യത കൊണ്ടുവരുന്നതിനും സാമൂഹിക ക്ഷേമത്തിന് സംഭാവന നൽകുന്നതിനും സഹായിച്ച ജനകേന്ദ്രീകൃത ഡിജിറ്റൽവൽക്കരണത്തിലെ ഇന്ത്യയുടെ വിജയകരമായ അനുഭവം അംഗീകരിച്ച്, ഇന്ത്യയുടെ സഹായത്തോടെ ശ്രീലങ്കയിൽ സമാനമായ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ താൽപ്പര്യം പ്രസിഡന്റ് ദിസനായകെ അറിയിച്ചു. ഇക്കാര്യത്തിൽ ശ്രീലങ്കയുടെ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകാനുള്ള സന്നദ്ധത പ്രധാനമന്ത്രി മോദി അറിയിച്ചു. ഈ സാഹചര്യത്തിൽ, ഇരുനേതാക്കളും ഇനി പറയുന്ന കാര്യങ്ങളിൽ ധാരണയായി:

 

​ 

i. ഗവണ്മെന്റ് സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളിൽ രാജ്യത്തെ സഹായിക്കുന്നതിന് ശ്രീലങ്ക യുണീക്ക് ഡിജിറ്റൽ ഐഡന്റിറ്റി (SLUDI) പദ്ധതി വേഗത്തിൽ നടപ്പിലാക്കൽ;

 

ii. ഇന്ത്യയുടെ സഹായത്തോടെ ശ്രീലങ്കയിൽ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ (ഡിപിഐ) പൂർണമായി വികസിപ്പിക്കാനുള്ള വഴികളിൽ സഹകരിക്കൽ.

 

iii. ശ്രീലങ്കയിൽ ഡിജിലോക്കർ നടപ്പിലാക്കുന്നത് സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന സാങ്കേതിക ചർച്ചകൾ ഉൾപ്പെടെ, ഇന്ത്യയിൽ ഇതിനകം സ്ഥാപിച്ചിട്ടുള്ള അനുഭവവും സംവിധാനങ്ങളും അടിസ്ഥാനമാക്കി ശ്രീലങ്കയിൽ ഒരു ഡിപിഐ സ്റ്റാക്ക് നടപ്പിലാക്കുന്ന കാര്യം പരിശോധിക്കുന്നതിന് സംയുക്ത കർമസമിതിക്കു രൂപംനൽകൽ.

 

iv. ഇരുരാജ്യങ്ങളുടെയും പ്രയോജനത്തിനായി യുപിഐ ഡിജിറ്റൽ പണമിടപാടുകളുടെ ഉപയോഗം വിപുലീകരിച്ചും ഇരുരാജ്യങ്ങളുടെയും പണമിടപാടു സംവിധാനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണ മാർഗനിർദേശങ്ങൾ പാലിച്ചും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കൽ.

 

v. ശ്രീലങ്കയിൽ തത്തുല്യമായ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന്റെ പ്രയോജനങ്ങൾ പരിശോധിക്കുന്നതിനായി ഇന്ത്യയുടെ ആധാർ പ്ലാറ്റ്‌ഫോം, ജിഇഎം പോർട്ടൽ, പിഎം ഗതി ശക്തി ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ഡിജിറ്റൈസ്ഡ് കസ്റ്റംസ്, മറ്റ് നികുതി നടപടിക്രമങ്ങൾ എന്നിവയിൽ നിന്ന് പാഠങ്ങൾ നേടുന്നതിന് ഉഭയകക്ഷി വിനിമയം തുടരൽ.

 

വിദ്യാഭ്യാസവും സാങ്കേതികവിദ്യയും

 

16. ശ്രീലങ്കയിൽ മാനവ വിഭവശേഷി വികസനത്തെ പിന്തുണയ്ക്കുന്നതിനും നവീകരണവും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിനും ഇനി പറയുന്ന കാര്യങ്ങളിൽ ഇരുനേതാക്കളും ധാരണയായി:

 

i. കൃഷി, അക്വാകൾച്ചർ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ആരോഗ്യം തുടങ്ങിയ മേഖലകളിലും പരസ്പര താൽപ്പര്യമുള്ള മറ്റ് മേഖലകളിലും ഗവേഷണത്തിലും വികസനത്തിലും സഹകരണം വിപുലീകരിക്കാനുള്ള ശ്രമം.

 

ii. ഇരുരാജ്യങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ആരായൽ.

 

iii. ശ്രീലങ്കൻ സ്റ്റാർട്ടപ്പുകൾക്കുള്ള മാർഗനിർദേശം ഉൾപ്പെടെ, സ്റ്റാർട്ട്-അപ്പ് ഇന്ത്യയും ശ്രീലങ്കയിലെ വിവര വിനിമയ സാങ്കേതികവിദ്യ ഏജൻസിയും (ഐസിടിഎ) തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കൽ.

 

വ്യാപാര നിക്ഷേപ സഹകരണം

 

17. ഇന്ത്യ-ശ്രീലങ്ക സ്വതന്ത്ര വ്യാപാര കരാർ (ISFTA) ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പങ്കാളിത്തം വർധിപ്പിച്ചതിനെ ഇരു നേതാക്കളും അഭിനന്ദിച്ചു. ഇന്ത്യയിലെ സാമ്പത്തിക വളർച്ചയുടെയും അവസരങ്ങളുടെയും വേഗതയും വർധിച്ചുവരുന്ന വിപണി വലിപ്പവും ശ്രീലങ്കയുടെ വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും അടിവരയിട്ട്, ഇനിപ്പറയുന്ന പ്രതിജ്ഞാബദ്ധതകളിലൂടെ വ്യാപാര പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരമാണിതെന്ന് ഇരു നേതാക്കളും വിലയിരുത്തി:

 

​i. സാമ്പത്തിക-സാങ്കേതിക-സഹകരണ കരാറിലെ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകൽ.

 

ii. ഇരു രാജ്യങ്ങളും തമ്മിലുള്ള INR-LKR വ്യാപാര കരാറുകൾ മെച്ചപ്പെടുത്തൽ.

 

iii. ശ്രീലങ്കയുടെ കയറ്റുമതി സാധ്യതകൾ വർധിപ്പിക്കുന്നതിന് പ്രധാന മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ.

18. നിർദിഷ്ട ഉഭയകക്ഷി സാമൂഹിക സുരക്ഷാ ഉടമ്പടിയുടെ എത്രയും വേഗത്തിലുള്ള അന്തിമരൂപീകരണ ചർച്ചകൾ തുടരേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു.

കൃഷിയും മൃഗസംരക്ഷണവും

19. സ്വയം പര്യാപ്തതയും പോഷക സുരക്ഷയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശ്രീലങ്കയിലെ ക്ഷീരമേഖലയുടെ വികസനത്തിനായുള്ള നിലവിലെ സഹകരണത്തെ ഇരു നേതാക്കളും അഭിനന്ദിച്ചു.

20. കാർഷിക ആധുനികവൽക്കരണത്തിന് പ്രസിഡൻ്റ് ദിസനായകെ നൽകുന്ന പ്രാധാന്യം കണക്കിലെടുത്ത്, ശ്രീലങ്കയിലെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു.

നയതന്ത്ര- പ്രധിരോധ മേഖലകളിലെ സഹകരണം 

21. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷാ താൽപ്പര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള ,പരസ്പര വിശ്വാസത്തിലും സുതാര്യതയിലും അധിഷ്‌ഠിതമായ പതിവ് സംഭാഷണത്തിൻ്റെ പ്രാധാന്യം ഇരു നേതാക്കളും അംഗീകരിക്കുകയും ഇരു രാജ്യങ്ങളുടെയും സുരക്ഷാ ആശങ്കകൾക്ക് പ്രഥമ പരിഗണന നൽകുകയും ചെയ്തു. സ്വാഭാവിക പങ്കാളികൾ എന്ന നിലയിൽ  ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇരു രാജ്യങ്ങളും നേരിടുന്ന പൊതുവായ വെല്ലുവിളികൾക്ക്  നേതാക്കൾ അടിവരയിടുകയും പരമ്പരാഗതവും പാരമ്പര്യേതരവുമായ ഭീഷണികളെ ചെറുക്കുന്നതിനും സ്വതന്ത്രവും തുറന്നതും സുരക്ഷിതവുമായ ഇന്ത്യൻ മഹാസമുദ്ര മേഖല ഉറപ്പാക്കുന്നതിലും ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. തങ്ങളുടെ ഏറ്റവും അടുത്ത സമുദ്രതീര അയൽരാജ്യമെന്ന നിലക്ക് ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രാദേശിക സ്ഥിരതയ്ക്കും ഹാനികരമായ രീതിയിൽ തങ്ങളുടെ പ്രദേശം ആരെയും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന ശ്രീലങ്കയുടെ പ്രഖ്യാപിത നിലപാട് പ്രസിഡൻ്റ് ദിസനായകെ ആവർത്തിച്ചു.

22. പരിശീലനം, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, കപ്പൽ സന്ദർശനങ്ങൾ, ഉഭയകക്ഷി സൈനിക അഭ്യാസങ്ങൾ, പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള സഹായം എന്നിവയിലുള്ള നിലവിലെ പ്രതിരോധ സഹകരണത്തിൽ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട്, സമുദ്ര-സുരക്ഷാ സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ ഇരു നേതാക്കളും തീരുമാനിച്ചു.

23. സമുദ്ര നിരീക്ഷണത്തിനായി ഒരു ഡോർണിയർ വിമാനം നൽകിയതും ശ്രീലങ്കയുടെ സമുദ്ര മേഖലയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് സുപ്രധാനമായ മറ്റ് സഹായങ്ങൾക്കൊപ്പം ശ്രീലങ്കയിൽ മാരിടൈം റെസ്ക്യൂ ആൻഡ് കോർഡിനേഷൻ സെൻ്റർ സ്ഥാപിക്കുന്നതും ഉൾപ്പെടെ ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് പ്രസിഡൻ്റ് ദിസനായകെ നന്ദി പറഞ്ഞു. ശ്രീലങ്കയുടെ മാനുഷിക സഹായത്തിനും ദുരന്തനിവാരണത്തിനും ആദ്യ പ്രതികരണം എന്ന നിലയിലുള്ള  ഇന്ത്യയുടെ പങ്കിനെ അദ്ദേഹം ഏറെ അഭിനന്ദിച്ചു. പ്രധാനമായും,  വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതായി സംശയിക്കപ്പെടുന്ന കപ്പലുകൾ പിടിച്ചെടുക്കുന്നതിൽ ഇന്ത്യ-ശ്രീലങ്ക നാവിക സേനകളുടെ സംയുക്ത ശ്രമങ്ങളുടെ സമീപകാല വിജയം പരാമർശിച്ച പ്രസിഡൻ്റ് ദിസനായകെ  ഇന്ത്യൻ നാവികസേനയ്ക്ക് നന്ദി രേഖപ്പെടുത്തി .

24. വിശ്വസ്ത പങ്കാളി എന്ന നിലയിൽ, ശ്രീലങ്കയുടെ പ്രതിരോധ, സമുദ്ര സുരക്ഷാ ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സമുദ്ര വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ശേഷി വർധിപ്പിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്നതിനും ആ രാജ്യവുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധത ഇന്ത്യ അറിയിച്ചു.

25. തീവ്രവാദം, മയക്കുമരുന്ന്/മയക്കുമരുന്ന് കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ വിവിധ സുരക്ഷാ ഭീഷണികൾ മനസിലാക്കി, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ, രഹസ്യാന്വേഷണം, വിവരങ്ങൾ പങ്കിടൽ എന്നിവയിൽ നിലവീലുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇരു നേതാക്കളും തീരുമാനിച്ചു. 

ഈ സാഹചര്യത്തിൽ, ഇരുനേതാക്കളും ഇനിപ്പറയുന്ന കാര്യങ്ങളിൽ യോജിപ്പിലെത്തി: 

i. പ്രതിരോധ സഹകരണത്തിനുള്ള ഒരു  ഉടമ്പടി ചട്ടക്കൂട് അന്തിമമാക്കുന്നതിനുള്ള സാധ്യത ആരായുക;

ii. സമുദ്രസംബന്ധ സഹകരണം വളർത്തുക;

iii. ശ്രീലങ്കയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് പ്രതിരോധ പ്ലാറ്റ്‌ഫോമുകളും ആസ്തികളും നൽകുക;

iv. സംയുക്ത അഭ്യാസങ്ങൾ, സമുദ്ര നിരീക്ഷണം, പ്രതിരോധ സംഭാഷണങ്ങൾ, കൈമാറ്റങ്ങൾ എന്നിവയിലൂടെ സഹകരണം തീവ്രമാക്കുക;

v. പരിശീലനം, സംയുക്ത അഭ്യാസങ്ങൾ, മികച്ച സമ്പ്രദായങ്ങൾ പരസ്പരം പങ്കുവയ്ക്കൽ എന്നിവയിലൂടെ  ഉൾപ്പെടെ, ദുരന്ത ലഘൂകരണം, ദുരിതാശ്വാസം, പുനരധിവാസം എന്നിവ ഉൾപ്പെടെ ശ്രീലങ്കയുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നത്തിനുള്ള സഹായം വിപുലീകരിക്കുക; 

vi. ശ്രീലങ്കൻ പ്രതിരോധ സേനയുടെ ശേഷിയും  പരിശീലനവും വർദ്ധിപ്പിക്കുകയും ആവശ്യമുള്ള സമയങ്ങളിൽ അനുയോജ്യമായ പരിശീലന പരിപാടികൾ നടത്തുകയും ചെയ്യുക.

സാംസ്കാരിക-വിനോദസഞ്ചാര വികസനം

26. സാംസ്കാരിക ബന്ധം, ഭൂമിശാസ്ത്രപരമായ സാമീപ്യം, നാഗരിക ബന്ധങ്ങൾ എന്നിവയ്ക്ക് അടിവരയിട്ട്, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക, ടൂറിസം ബന്ധങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ ആവശ്യകത നേതാക്കൾ അംഗീകരിച്ചു. ശ്രീലങ്കയുടെ ഏറ്റവും വലിയ ടൂറിസം സ്രോതസ്സാണ് ഇന്ത്യ എന്നതിനാൽ, ഇരു നേതാക്കളും ഇനിപ്പറയുന്ന കാര്യങ്ങളിൽ പ്രതിജ്ഞാബദ്ധരാണ്:

i.ചെന്നൈയ്ക്കും ജാഫ്‌നയ്ക്കും ഇടയിലുള്ള വിമാനങ്ങൾ വിജയകരമായി പുനരാരംഭിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്  ഇന്ത്യയിലെയും ശ്രീലങ്കയിലെയും വിവിധ സ്ഥലങ്ങളിലേക്കുള്ള എയർ കണക്റ്റിവിറ്റി വർധിപ്പിക്കൽ.

ii. ശ്രീലങ്കയിലെ വിമാനത്താവളങ്ങളുടെ വികസനം സംബന്ധിച്ച ചർച്ചകൾ തുടരൽ.

iii. ശ്രീലങ്കയിലെ ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യൻ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ 

iv. മതപരവും സാംസ്കാരികവുമായ ടൂറിസത്തിൻ്റെ വികസനത്തിന് സുഗമമായ ചട്ടക്കൂട് സ്ഥാപിക്കൽ.

v. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും ഭാഷാപരവുമായ ബന്ധങ്ങളുടെ പ്രോത്സാഹനത്തിനും പുരോഗതിക്കുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കൽ.

മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങൾ

27. ഇരുഭാഗത്തുമുള്ള മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കിയും ഉപജീവനത്തിൻ്റെ ആശങ്കകൾ ഘടകമായി പരിഗണിച്ചും, മാനുഷികമായ രീതിയിൽ ഇവ പരിഹരിക്കുന്നത് തുടരേണ്ടതിൻ്റെ ആവശ്യകത നേതാക്കൾ അംഗീകരിച്ചു. ഇക്കാര്യത്തിൽ, ആക്രമണാത്മക പെരുമാറ്റമോ അക്രമമോ ഒഴിവാക്കാൻ നടപടികൾ കൈക്കൊള്ളേണ്ടതിൻ്റെ ആവശ്യകതയും അവർ അടിവരയിട്ടു. കൊളംബോയിൽ സമീപകാലത്തു നടന്ന മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആറാമത് സംയുക്ത വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഇക്കാര്യത്തിൽ ചർച്ചകളിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയും ദീർഘകാലം നിലനിൽക്കുന്നതും പരസ്പര സ്വീകാര്യവുമായ പരിഹാരം കൈവരിക്കാനാകുമെന്ന് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പ്രത്യേക ബന്ധം കണക്കിലെടുത്ത്, ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പരസ്പര ശ്രമങ്ങൾ തുടരാൻ അവർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

28. പോയിൻ്റ് പെഡ്രോ ഫിഷിംഗ് ഹാർബറിൻ്റെ വികസനം, കാരൈനഗർ ബോട്ട് യാർഡിൻ്റെ പുനരുദ്ധാരണം, ഇന്ത്യൻ സഹായത്തോടെയുള്ള അക്വാകൾച്ചറിലെ സഹകരണം എന്നിവ ഉൾപ്പെടെ ശ്രീലങ്കയിലെ മത്സ്യബന്ധനത്തിൻ്റെ സുസ്ഥിരവും വാണിജ്യപരവുമായ വികസനത്തിനുള്ള ഇന്ത്യയുടെ ഉദ്യമങ്ങൾക്ക് പ്രസിഡൻ്റ് ദിസനായകെ നന്ദി പറഞ്ഞു.

പ്രാദേശികവും ബഹുമുഖവുമായ സഹകരണം

29. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പരസ്പരമുള്ള സമുദ്ര സുരക്ഷാ താൽപ്പര്യങ്ങൾ കണക്കിലെടുത്തുകൊണ്ട്, ഉഭയകക്ഷിപരമായും നിലവിലുള്ള പ്രാദേശിക ചട്ടക്കൂടുകൾ വഴിയും സംയുക്തമായി പ്രാദേശിക സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നത് തുടരാൻ ഇരു നേതാക്കളും തീരുമാനിച്ചു. ഇക്കാര്യത്തിൽ, കൊളംബോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൻ്റെ സ്ഥാപക രേഖകളിൽ അടുത്തിടെ ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. കോൺക്ലേവിൻ്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ശ്രീലങ്കയ്ക്കുള്ള  പിന്തുണ ഇന്ത്യ ആവർത്തിച്ചു.

30. ഐഒആർഎയിലെ ശ്രീലങ്കയുടെ അധ്യക്ഷസ്ഥാനത്തിന് ഇന്ത്യ പൂർണ പിന്തുണ അറിയിച്ചു. മേഖലയിലെ എല്ലാവരുടെയും സുരക്ഷയ്ക്കും വികസനത്തിനുമായി ഐഒആർഎ അംഗരാജ്യങ്ങളുടെ സ്ഥിരമായ കർമപദ്ധതിയുടെ ആവശ്യകത ഇരു നേതാക്കളും അടിവരയിട്ടു.

31. ബിംസ്റ്റെക്കിന് കീഴിലുള്ള പ്രാദേശിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും അടിവരയിട്ടു.

32. ബ്രിക്‌സിൽ അംഗമാകാനുള്ള ശ്രീലങ്കയുടെ അപേക്ഷയ്ക്ക് പ്രധാനമന്ത്രി മോദിയുടെ പിന്തുണ പ്രസിഡൻ്റ് ദിസനായകെ അഭ്യർത്ഥിച്ചു.

33. 2028-2029 ലെ യുഎൻ രക്ഷാ കൗൺസിലിലെ സ്ഥിര അംഗമല്ലാതെയുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തിനുള്ള  ശ്രീലങ്കയുടെ പിന്തുണ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.

ഉപസംഹാരം

34. രൂപരേഖയിൽ പറഞ്ഞിരിക്കുന്നതുപോലെ, യോജിച്ച നടപടികൾ ഫലപ്രദവും സമയബന്ധിതവുമായി നടപ്പാക്കുന്നത്  ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ ആഴത്തിലാക്കുമെന്നും സൗഹൃദപരവും അയൽരാജ്യപരവുമായ ബന്ധങ്ങളുടെ ഒരു പുതിയ മാനദണ്ഡമാക്കി മാറ്റുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. അതനുസരിച്ച് പരസ്പരം എത്തിച്ചേർന്നിട്ടുള്ള ധാരണകൾ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിക്കാൻ നേതാക്കൾ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. ശ്രീലങ്കയുടെ സുസ്ഥിര വികസന ആവശ്യങ്ങൾ നിറവേറ്റുകയും ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സ്ഥിരതയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്ന ഉഭയകക്ഷി ബന്ധങ്ങൾ ഗുണപരമായി മെച്ചപ്പെടുത്തുന്നതിന് നേതൃതലത്തിൽ ഇടപഴകുന്നത് തുടരാൻ നേതാക്കൾ തീരുമാനിച്ചു. സൗകര്യം പോലെ ശ്രീലങ്ക സന്ദർശിക്കാൻ പ്രസിഡണ്ട് ദിസനായകെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുകയും ചെയ്തു .

 

-SK-


(Release ID: 2085033) Visitor Counter : 31