ആഭ്യന്തരകാര്യ മന്ത്രാലയം

രാജ്യത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ഇര കേന്ദ്രീകൃതവും നീതി അധിഷ്ഠിതവുമെന്ന് ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ

Posted On: 01 JUL 2024 7:32PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 01 ജൂലൈ 2024 

രാജ്യത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന 3 പുതിയ ക്രിമിനൽ നിയമങ്ങളെ ഇര കേന്ദ്രീകൃതവും നീതി അധിഷ്ഠിതവുമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ. പുതിയ നിയമങ്ങൾ വേഗത്തിലുള്ള വിചാരണയ്ക്കും ചടുലമായ നീതിനിർവ്വഹണത്തിനും മുൻഗണന നൽകുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ, പുതിയ നിയമങ്ങളുടെ എല്ലാ വശങ്ങളും അതുമായി ബന്ധപ്പെട്ട  വിദഗ്ധരുമായി വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും സ്വതന്ത്ര ഇന്ത്യയിൽ ഒരു നിയമത്തിന്മേലും ഇത്രയേറെ ദൈർഘ്യമേറിയ ചർച്ചകൾ നടന്നിട്ടില്ലെന്നും ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ശ്രീ അമിത് ഷാ വ്യക്തമാക്കി.

സ്വാതന്ത്ര്യം ലഭിച്ച് 77 വർഷം പിന്നിടുമ്പോൾ ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ പൂർണമായും തദ്ദേശീയമായി മാറുകയാണെന്നും ഈ മൂന്ന് പുതിയ നിയമങ്ങൾ ഇന്ന് മുതൽ രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നടപ്പിലായതായും ആഭ്യന്തരമന്ത്രി പറഞ്ഞു. മുൻകാല നിയമങ്ങൾ പോലീസിൻ്റെ അവകാശങ്ങൾ മാത്രമാണ് സംരക്ഷിച്ചിരുന്നതെന്നും എന്നാൽ പുതിയ നിയമങ്ങളിൽ ഇരകളുടെയും പരാതിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള വ്യവസ്ഥകൾക്കാണ് പ്രാധാന്യമെന്നും ശ്രീ അമിത് ഷാ പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ നേരിടാൻ 35 വകുപ്പുകളും 13 ഉപവകുപ്പുകളുമുള്ള പുതിയ അധ്യായം കൂട്ടിച്ചേർത്തുകൊണ്ട് ഇത്തരം കുറ്റകൃത്യങ്ങൾക്ക്  പ്രഥമ പരിഗണനയാണ് നല്കിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് ആൾക്കൂട്ട കൊലപാതകം   നിർവ്വചിക്കുകയും കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹ നിയമം റദ്ദായതായും ശ്രീ ഷാ പറഞ്ഞു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നേരിടാനായി, ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഹാനി വരുത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുംവിധം പുതിയ നിയമത്തിൽ പുതിയ വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമപ്രകാരം, സീറോ-എഫ്ഐആർ, ഇ-എഫ്ഐആർ, ചാർജ് ഷീറ്റ് എന്നിവയെല്ലാം ഡിജിറ്റലാകുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിക്കുന്നതിന് പുതിയ നിയമങ്ങളിൽ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു. എഫ്ഐആർ ഫയൽ ചെയ്ത് 3 വർഷത്തിനുള്ളിൽ സുപ്രീം കോടതി വരെയുള്ള നീതിനിർവ്വഹണം പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങൾ 7 വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ ഫോറൻസിക് അന്വേഷണം നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രോണിക് തെളിവുകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിന് ഭാരതീയ സാക്ഷ്യ അധീനിയം 2023-ൽ ഒട്ടേറെ വ്യവസ്ഥകൾ ഉണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. സെർവർ ലോഗുകൾ, ലൊക്കേഷൻ തെളിവുകൾ, ശബ്ദ സന്ദേശങ്ങൾ എന്നിവ തെളിവായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പുതിയ മൂന്ന് നിയമങ്ങളും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഭാഷകളിലും ലഭ്യമാകുമെന്നും കോടതി വ്യവഹാരങ്ങൾ അതത് ഭാഷകളിൽ തന്നെ നടക്കുമെന്നും ശ്രീ ഷാ പറഞ്ഞു.

പുതിയ നിയമങ്ങൾ ലോക്‌സഭ 9 മണിക്കൂറും 29 മിനിറ്റും ചർച്ച ചെയ്‌തു. 34 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. രാജ്യസഭയിൽ 6 മണിക്കൂറും 17 മിനിറ്റും നടന്ന ചർച്ചയിൽ 40 അംഗങ്ങൾ പങ്കെടുത്തു. പാർലമെൻ്റ് അംഗങ്ങളെ പുറത്താക്കിയതിന് ശേഷമാണ് നിയമങ്ങൾ പാസാക്കിയതെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പുറത്താക്കപ്പെട്ട അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സഭയിൽ വന്ന് ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറയാൻ അവസരമുണ്ടായിരുന്നതായും  എന്നാൽ ഒരംഗം പോലും അതിന് മുതിർന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
SKY/GG


(Release ID: 2030135) Visitor Counter : 71