പ്രധാനമന്ത്രിയുടെ ഓഫീസ്‌

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 2550-ാമത് ഭഗവാൻ മഹാവീർ നിർവാൺ മഹോത്സവത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 21 APR 2024 12:52PM by PIB Thiruvananthpuram

ജയ് ജിനേന്ദ്ര, ജയ് ജിനേന്ദ്ര, ജയ് ജിനേന്ദ്ര! ബഹുമാനപ്പെട്ട ശ്രീ പ്രജ്ഞാസാഗർജി മുനിരാജ്, ബഹുമാനപ്പെട്ട ഉപാധ്യായ ശ്രീ രവീന്ദ്ര മുനി ജി മഹാരാജ് സാഹിബ്, ബഹുമാനപ്പെട്ട സാധ്വി ശ്രീ സുലക്ഷണശ്രീജി മഹാരാജ് സാഹിബ്, ബഹുമാനപ്പെട്ട സാധ്വി ശ്രീ അനിമശ്രീജി മഹാരാജ് സാഹിബ്, സർക്കാരിലെ എന്റെ സഹപ്രവർത്തകർ, അർജുൻ റാം മേഘ്വാൾ ജി, ശ്രീമതി. മീനാക്ഷി ലേഖി ജി, ബഹുമാന്യ സന്യാസിമാരേ, സഹോദരീ സഹോദരന്മാരേ..

ഇന്ന് തുടക്കം കുറിക്കുന്ന മഹാവീരന്റെ 2550-ാമത് നിർവാണ മഹോത്സവത്തിന് ഭാരത മണ്ഡപത്തിന്റെ ഈ ഗംഭീരമായ കെട്ടിടം സാക്ഷ്യം വഹിക്കുകയാണ്. മഹാവീരന്റെ ജീവിതത്തെക്കുറിച്ച് വിദ്യാർത്ഥി സുഹൃത്തുക്കൾ തയ്യാറാക്കിയ ചിത്രീകരണം ഞങ്ങൾ ഇപ്പോൾ കണ്ടു! യുവ സഹയാത്രികർ 'വർത്തമാൻ മേ വർദ്ധമാൻ' സാംസ്‌കാരിക പരിപാടിയും അവതരിപ്പിച്ചു. നമ്മുടെ കാലാതീതമായ മൂല്യങ്ങളോടും മഹാവീരനോടുമുള്ള യുവതലമുറയുടെ ഈ പ്രതിബദ്ധതയും സമർപ്പണവും, രാജ്യം ശരിയായ ദിശയിലാണ് പോകുന്നതെന്ന വിശ്വാസം ജനിപ്പിക്കുന്നു. ഈ ചരിത്ര സന്ദർഭത്തിൽ, പ്രത്യേക തപാൽ സ്റ്റാമ്പുകളും നാണയങ്ങളും പുറത്തിറക്കാനുള്ള സവിശേഷാവസരവും എനിക്ക് കൈവന്നു.  നമ്മുടെ ജൈന സന്യാസിമാരുടെയും സാധ്വികളുടെയും മാർഗനിർദേശവും അനുഗ്രഹവും കൊണ്ടാണ് ഈ സംഭവം സാധ്യമായത്. അതിനാൽ, ഞാൻ നിങ്ങളെ എല്ലാവരെയും വണങ്ങുന്നു. മഹാവീർ ജയന്തിയുടെ ഈ പുണ്യ വേളയിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. തെരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലും ഇത്തരം പുണ്യ പരിപാടികളിൽ പങ്കെടുക്കുന്നത് മനസ്സിന് ഏറെ ആശ്വാസം നൽകുന്നുവെന്ന കാര്യം നിങ്ങൾക്കറിയാം. ബഹുമാന്യരായ സന്യാസിമാരേ, ഈ അവസരത്തിൽ മഹാനായ ആദ്ധ്യാത്മിക നേതാവ് ആചാര്യ ശ്രീ 108 വിദ്യാസാഗർജി മഹാരാജിനെ ഇന്ന് ഞാൻ ഓർക്കുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ വർഷം ഛത്തീസ്ഗഡിലെ ചന്ദ്രഗിരി ക്ഷേത്രത്തിൽ വച്ച് അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചു. അദ്ദേഹം ഭൗതിക ശരീരം നമുക്കിടയിൽ ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ തീർച്ചയായും നമ്മോടൊപ്പമുണ്ട്.

സുഹൃത്തുക്കളേ,

മഹാവീരന്റെ 2550-ാമത് നിർവാണ മഹോത്സവം ആയിരക്കണക്കിന് വർഷങ്ങളുടെ അപൂർവ സന്ദർഭമാണ്. അത്തരം സന്ദർഭങ്ങൾ, സ്വാഭാവികമായും, നിരവധി പ്രത്യേക യാദൃശ്ചികതകൾ ഒരുമിച്ച് കൊണ്ടുവരുന്നു. ഭാരതം 'അമൃത് കാലിന്റെ' പ്രാരംഭഘട്ട സമയത്തിലാണ്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷം സുവർണ ശതാബ്ദിയാക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ഈ വർഷം നമ്മുടെ ഭരണഘടനയും 75 വർഷത്തോട് അടുക്കുകയാണ്. അതോടൊപ്പം രാജ്യത്ത് ഒരു മഹത്തായ ജനാധിപത്യ ഉത്സവം നടക്കുകയാണ്. ഇവിടെ നിന്ന് ഭാവിയുടെ പുതിയ യാത്ര ആരംഭിക്കുമെന്ന് രാഷ്ട്രം വിശ്വസിക്കുന്നു. ഈ യാദൃശ്ചികതകൾക്കിടയിൽ, ഇന്ന് ഞങ്ങൾ എല്ലാവരും ഇവിടെ ഒരുമിച്ച് ഒത്തുകൂടി. ഒരുമിച്ച് ഒത്തുകൂടുക എന്നതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കണം? നിങ്ങളുമായുള്ള എന്റെ ബന്ധം വളരെ പഴയതാണ്. ഓരോരുത്തർക്കും അവരവരുടെ ലോകമുണ്ട്.

സഹോദരീ സഹോദരന്മാരേ,

രാഷ്ട്രത്തിനായുള്ള 'അമൃത് കാൽ' എന്ന ആശയം കേവലം ഒരു വലിയ പ്രമേയം മാത്രമല്ല; അത് അനശ്വരതയിലും നിത്യതയിലും ജീവിക്കാൻ നമ്മെ പഠിപ്പിക്കുന്ന ഭാരതത്തിന്റെ ആത്മീയ പ്രചോദനമാണ്. 2500 വർഷങ്ങൾക്ക് ശേഷവും നമ്മൾ ഇന്ന് മഹാവീരന്റെ നിർവാണ ദിനം ആഘോഷിക്കുകയാണ്. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ഈ രാജ്യം മഹാവീരനുമായി ബന്ധപ്പെട്ട ഇത്തരം ഉത്സവങ്ങൾ ആഘോഷിക്കുന്നത് തുടരുമെന്ന് നമുക്കറിയാം. നൂറ്റാണ്ടുകളിലും സഹസ്രാബ്ദങ്ങളിലും ചിന്തിക്കാനുള്ള കഴിവ്... ഈ ദർശനാത്മകവും ദൂരവ്യാപകവുമായ ചിന്ത... അതുകൊണ്ടാണ് ഭാരതം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികത മാത്രമല്ല, മനുഷ്യരാശിയുടെ സുരക്ഷിത സങ്കേതം കൂടിയാകുന്നത്. 'സ്വയം' മാത്രമല്ല 'എല്ലാവർക്കും' വേണ്ടി ചിന്തിക്കുന്ന ഭാരതമാണിത്. 'സ്വന്തം' എന്ന് തോന്നാതെ 'സാർവത്രികം' എന്ന് തോന്നുന്ന ഭാരതമാണിത്. 'അഹംഭാവ'മല്ല മറിച്ച് 'നമ്മൾ' എന്ന് ചിന്തിക്കുന്ന ഭാരതമാണിത്. 'പരിമിതി'കളിലല്ല 'പരിധിയില്ലായ്മ'യിൽ വിശ്വസിക്കുന്ന ഭാരതമാണിത്. നയത്തെക്കുറിച്ച് സംസാരിക്കുന്ന ഭാരതം 'നേതി' (ഇതല്ല) 'നേതി' (അതുമല്ല) എന്നതിനെക്കുറിച്ച് സംസാരിക്കുന്നു.അണുവിലെ പ്രപഞ്ചത്തെക്കുറിച്ച് പറയുന്ന, പ്രപഞ്ചത്തിലെ ദൈവത്തെക്കുറിച്ച് സംസാരിക്കുന്ന, ആത്മാവിലെ ശിവനെക്കുറിച്ച് പറയുന്ന ഭാരതമാണിത്.

സുഹൃത്തുക്കളേ,

ഓരോ കാലഘട്ടത്തിലും ആവശ്യങ്ങൾക്കനുസരിച്ച് പുതിയ ആശയങ്ങൾ ഉയർന്നുവരുന്നു. എന്നിരുന്നാലും, ആശയങ്ങളിൽ സ്തംഭനാവസ്ഥ ഉണ്ടാകുമ്പോൾ, ചിന്തകൾ വാദപ്രതിവാദങ്ങളായും വാദപ്രതിവാദങ്ങൾ തർക്കങ്ങളായും മാറുന്നു. എന്നാൽ തർക്കങ്ങളിൽ നിന്ന് അമൃത് ഉയർന്നുവരുകയും അമൃതിന്റെ പിന്തുണയോടെ മുന്നോട്ട് പോവുകയും ചെയ്യുമ്പോൾ, നാം പുനരുജ്ജീവനത്തിലേക്ക് നീങ്ങുന്നു. എന്നിരുന്നാലും, തർക്കങ്ങളിൽ നിന്ന് വിഷം പുറത്തുവരുന്നുവെങ്കിൽ, ഓരോ നിമിഷവും നാം നാശത്തിന്റെ വിത്ത് പാകുന്നു. സ്വാതന്ത്ര്യത്തിനു ശേഷം 75 വർഷമായി നമ്മൾ തർക്കിച്ചു, വാദിച്ചു, സംവാദങ്ങൾ നടത്തി, 75 വർഷത്തിനു ശേഷം ഈ കടഞ്ഞെടുക്കലിൽ നിന്ന് എന്താണ് ഉരുത്തിരിഞ്ഞത്, ഇപ്പോൾ ആ അമൃത് എടുക്കുക, വിഷത്തിൽ നിന്ന് സ്വയം മോചിപ്പിക്കുക, ഈ അമൃത യുഗത്തിൽ ജീവിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ആഗോള സംഘർഷങ്ങൾക്കിടയിൽ, രാജ്യങ്ങൾ യുദ്ധഭീതിയിലാണ്. അത്തരം സമയങ്ങളിൽ, നമ്മുടെ തീർത്ഥങ്കരന്മാരുടെ ഉപദേശങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. വാദപ്രതിവാദങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കാൻ അനേകാന്തവാദം, സ്യാദ്‌വാദം തുടങ്ങിയ തത്ത്വചിന്തകൾ അവർ നൽകിയിട്ടുണ്ട്. അനേകാന്തവാദ എന്നാൽ ഒരു വിഷയത്തിന്റെ ഒന്നിലധികം വശങ്ങൾ മനസ്സിലാക്കുക, മറ്റുള്ളവരുടെ വീക്ഷണങ്ങൾ കാണാനും അംഗീകരിക്കാനും തുറന്നിരിക്കുന്നു. വിശ്വാസത്തിന്റെ അത്തരമൊരു വിമോചന വ്യാഖ്യാനമാണ് ഭാരതത്തിന്റെ പ്രത്യേകത, ഇത് ഭാരതത്തിൽ നിന്നുള്ള മാനവികതയുടെ സന്ദേശമാണ്.

സുഹൃത്തുക്കളേ,

ഇന്ന്, സംഘർഷങ്ങൾക്കിടയിൽ, ലോകം സമാധാനത്തിനായി ഭാരതത്തിലേക്ക് നോക്കുകയാണ്. പുതിയ ഭാരതത്തിന്റെ പുതിയ ഭാവത്തിന ലഭിക്കുന്ന അംഗീകാരത്തിന് കാരണം നമ്മുടെ വർദ്ധിച്ചുവരുന്ന കഴിവുകളും വിദേശനയവുമാണ്. ഇതോടൊപ്പം നമ്മുടെ സാംസ്‌കാരിക പ്രതിച്ഛായക്കും ഇതിൽ കാര്യമായ സംഭാവനയുണ്ടെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. സത്യവും അഹിംസയും പോലുള്ള പ്രതിജ്ഞകൾ ആഗോള വേദികളിൽ പൂർണ്ണ ആത്മവിശ്വാസത്തോടെ ഉയർത്തിപ്പിടിച്ചതുകൊണ്ടാണ് ഇന്ന് ഭാരതത്തിന് ഈ പങ്ക് ലഭിച്ചത്. ആഗോള പ്രതിസന്ധികൾക്കും സംഘർഷങ്ങൾക്കും പരിഹാരം ഭാരതത്തിന്റെ പൗരാണിക സംസ്‌കാരത്തിലും പാരമ്പര്യത്തിലുമാണെന്ന് ഞങ്ങൾ ലോകത്തോട് പറയുന്നു. അതിനാൽ, വിഭജിക്കപ്പെട്ട ലോകത്തിന് 'വിശ്വ ബന്ധു' (ലോകത്തിന്റെ സുഹൃത്ത്) എന്ന നിലയിൽ ഭാരതം അതിന്റെ സ്ഥാനം കൊത്തിവയ്ക്കുകയാണ്. 'കാലാവസ്ഥാ വ്യതിയാനം' പോലുള്ള പ്രതിസന്ധികൾക്കുള്ള പരിഹാരങ്ങൾക്കായി, ഇന്ന് ഭാരതം 'മിഷൻ ലൈഫ്' പോലുള്ള ആഗോള പ്രസ്ഥാനങ്ങൾക്ക് അടിത്തറയിട്ടിരിക്കുന്നു. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന കാഴ്ചപ്പാടാണ് ഇന്ന് ഭാരതം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ശുദ്ധമായ ഊർജത്തിനും സുസ്ഥിര വികസനത്തിനുമായി, ഒരു ലോകം, ഒരു സൂര്യൻ, ഒരു ഗ്രിഡ് എന്നിവയ്ക്കായി ഞങ്ങൾ ഒരു റോഡ്മാപ്പ് നൽകിയിട്ടുണ്ട്. ഇന്ന് നമ്മൾ ഇന്റർനാഷണൽ സോളാർ അലയൻസ് പോലെയുള്ള ഭാവി ആഗോള സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു. നമ്മുടെ പ്രയത്നങ്ങൾ ലോകത്ത് പ്രത്യാശ ഉളവാക്കുക മാത്രമല്ല, ഭാരതത്തിന്റെ പുരാതന സംസ്‌കാരത്തെക്കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണത്തെ മാറ്റിമറിക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

ജൈനമതത്തിന്റെ സാരാംശം വിജയത്തിന്റെ പാതയാണ്, അതായത് സ്വയം ജയിക്കാനുള്ള പാത. മറ്റ് രാജ്യങ്ങളെ കീഴടക്കാൻ ഞങ്ങൾ ഒരിക്കലും ആക്രമണം നടത്തിയിട്ടില്ല. സ്വയം പരിഷ്‌കരിച്ചും പോരായ്മകൾ പരിഹരിച്ചുമാണ് നാം വിജയം നേടിയത്. അതിനാൽ, പ്രയാസകരമായ സമയങ്ങളിൽ നമ്മെ നയിക്കാൻ ചില ഋഷികളും ചില ജ്ഞാനികളും ഓരോ കാലഘട്ടത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഹത്തായ പല നാഗരികതകളും നശിപ്പിക്കപ്പെട്ടു, പക്ഷേ ഭാരതം അതിന്റെ വഴി കണ്ടെത്തി.

സഹോദരീ സഹോദരന്മാരേ,

വെറും 10 വർഷം മുമ്പ് നമ്മുടെ രാജ്യത്ത് നിലനിന്നിരുന്ന അന്തരീക്ഷം നിങ്ങൾ ഓർക്കണം. എല്ലായിടത്തും നിരാശയും പ്രതീക്ഷയില്ലായ്മയും ഉണ്ടായിരുന്നു! ഈ രാജ്യത്തിൽ് ഒന്നും നടക്കില്ലെന്ന് വിശ്വസിച്ചു! ഈ നിരാശ ഒരു പോലെ ഇന്ത്യൻ സംസ്‌കാരത്തെ വിഷമിപ്പിക്കുന്നതായിരുന്നു. അതിനാൽ, 2014 ന് ശേഷം, ഭൗതിക വികസനത്തോടൊപ്പം, നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കാനുള്ള ഒരു പ്രമേയവും ഞങ്ങൾ എടുത്തു. ഇന്ന് നമ്മൾ മഹാവീരന്റെ 2550-ാമത് നിർവാണ മഹോത്സവം ആഘോഷിക്കുകയാണ്. ഈ 10 വർഷത്തിനിടയിൽ, അത്തരം നിരവധി സുപ്രധാന സന്ദർഭങ്ങൾ ഞങ്ങൾ ആഘോഷിച്ചു. നമ്മുടെ ജൈന ആചാര്യന്മാർ എന്നെ ക്ഷണിച്ചപ്പോഴെല്ലാം ആ പരിപാടികളിൽ പങ്കെടുക്കാൻ ഞാനും ശ്രമിച്ചിട്ടുണ്ട്. പാർലമെന്റിന്റെ പുതിയ മന്ദിരത്തിലേക്ക് കടക്കുന്നതിനുമുമ്പ്, എന്റെ മൂല്യങ്ങളെ ഓർത്തു കൊണ്ട് 'മിച്ഛാമി ദുക്കഡം' ചൊല്ലിയത് ഞാൻ ഓർക്കുന്നു. അതുപോലെ, നമ്മുടെ പൈതൃകം സംരക്ഷിക്കാൻ നാം തുടങ്ങിയിരിക്കുന്നു. യോഗയെക്കുറിച്ചും ആയുർവേദത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. നമ്മുടെ വ്യക്തിത്വമാണ് നമ്മുടെ അഭിമാനമെന്ന് ഇന്ന് രാജ്യത്തെ പുതുതലമുറ വിശ്വസിക്കുന്നു. രാഷ്ട്രത്തിൽ അഭിമാനബോധം ഉണരുമ്പോൾ അതിനെ തടയുക അസാധ്യമാകും. ഭാരതത്തിന്റെ പുരോഗതി ഇതിന്റെ് തെളിവാണ്.

സുഹൃത്തുക്കളേ,

ഭാരതത്തിന് ആധുനികത ശരീരമാണ്, ആത്മീയത അതിന്റെ ആത്മാവാണ്. ആധുനികതയിൽ നിന്ന് ആത്മീയത നീക്കം ചെയ്താൽ, അത് നിയമലംഘനത്തിന് ജന്മം നൽകുന്നു. പെരുമാറ്റത്തിൽ ത്യാഗമില്ലെങ്കിൽ, ഏറ്റവും വലിയ ആശയങ്ങൾ പോലും വികലമാകും. നൂറ്റാണ്ടുകൾക്ക് മുമ്പ് മഹാവീർ നമുക്ക് നൽകിയ കാഴ്ചപ്പാടാണിത്. ഈ മൂല്യങ്ങൾ സമൂഹത്തിൽ പുനരുജ്ജീവിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

സഹോദരീ സഹോദരന്മാരേ,

നമ്മുടെ രാജ്യവും പതിറ്റാണ്ടുകളായി അഴിമതിയുടെ വേദന സഹിച്ചു. ദാരിദ്ര്യത്തിന്റെ അഗാധമായ യാതനകൾ നാം കണ്ടു. ഇന്ന്, 250 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിന്റെ ചെളിക്കുണ്ടിൽ നിന്ന് കരകയറ്റിയ അവസ്ഥയിലേക്ക് രാഷ്ട്രം എത്തിയിരിക്കുന്നു. നിങ്ങൾ ഓർക്കും, ഞാൻ ചെങ്കോട്ടയിൽ നിന്ന് പറഞ്ഞു, ആദരണീയ മഹാരാജും അത്് ആവർത്തിച്ചു - ഇതാണ് സമയം, ശരിയായ സമയം. നമ്മുടെ സമൂഹത്തിൽ 'അസ്‌തേയ', 'അഹിംസ' എന്നീ ആശയങ്ങൾ ശക്തിപ്പെടുത്താനുള്ള ശരിയായ സമയമാണിത്. രാജ്യം ഈ ദിശയിലുള്ള ശ്രമങ്ങൾ തുടരുമെന്ന് എല്ലാ വിശുദ്ധർക്കും ഞാൻ ഉറപ്പ് നൽകുന്നു. ഭാരതത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള യാത്രയിൽ നിങ്ങളുടെ പിന്തുണ രാജ്യത്തിന്റെ അഭിലാഷങ്ങളെ ശക്തിപ്പെടുത്തുമെന്നും ഭാരതത്തെ 'വികസിത്' (അഭിവൃദ്ധി) ആക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.

മഹാവീരന്റെ അനുഗ്രഹം 1.4 ബില്യൺ പൗരന്മാരുടെയും മുഴുവൻ മനുഷ്യരുടെയും ക്ഷേമം ഉറപ്പാക്കും... കൂടാതെ എല്ലാ ബഹുമാന്യരായ സന്യാസിമാരെയും ഞാൻ ആദരവോടെ വണങ്ങുന്നു. ഒരു തരത്തിൽ പറഞ്ഞാൽ അവരുടെ പ്രസംഗങ്ങളിൽ മുത്തുകൾ പ്രത്യക്ഷപ്പെട്ടു. സ്ത്രീ ശാക്തീകരണമോ, വികസനത്തിന്റെ യാത്രയോ, മഹത്തായ പാരമ്പര്യമോ ആകട്ടെ, ഇന്നത്തെ വ്യവസ്ഥിതിയിൽ എന്താണ് സംഭവിക്കുന്നത്, എന്താണ് സംഭവിക്കേണ്ടത്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, അത്യധികം അത്ഭുതകരമായി എല്ലാ വിശുദ്ധരും അവതരിപ്പിച്ചിട്ടുണ്ട്. ഇതിനായി ഞാൻ അവരോട് എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു, അവരുടെ ഓരോ വാക്കുകളും ഒരു അനുഗ്രഹമായി ഞാൻ കരുതുന്നു. അവർ എന്റെ അമൂല്യ നിധിയാണ്, അവരുടെ ഓരോ വാക്കുകളും രാജ്യത്തിന് പ്രചോദനമാണ്. ഇതാണ് എന്റെ ബോധ്യം. ഒരു പക്ഷേ തിരഞ്ഞെടുപ്പ് അന്തരീക്ഷം അല്ലായിരുന്നുവെങ്കിൽ, ഞാൻ മറ്റൊരു മാനസികാവസ്ഥയിൽ ആയിരുന്നേനെ. പക്ഷേ അതെല്ലാം മാറ്റിവെച്ച് ഇവിടെ വരാൻ ഞാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഞാൻ അവരെ കൊണ്ടുവന്നില്ലായിരിക്കാം, പക്ഷേ നിങ്ങൾ തീർച്ചയായും അവരെ കൊണ്ടുവന്നു. എത്ര ചൂടുണ്ടായാലും, വീട്ടിൽ നിന്ന് ഇറങ്ങാൻ ചൂട് കുറയുന്നത് വരെ കാത്തിരിക്കരുത്. അതിരാവിലെ പുറത്തിറങ്ങൂ, നമ്മുടെ എല്ലാ സന്യാസിമാരുമായും, മഹാന്മാരുമായും, ദിവ്യവ്യക്തികളുമായി താമരയ്ക്ക് നേരിട്ടുള്ള ബന്ധമുണ്ട്. നിങ്ങളുടെ എല്ലാവരുടെയും ഒപ്പം ആയിരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഈ വികാരത്തോടെ ഞാൻ ഒരിക്കൽ കൂടി മഹാവീരന്റെ പാദങ്ങളിൽ പ്രണമിക്കുന്നു. എല്ലാ വിശുദ്ധരെയും ഞാൻ വണങ്ങുന്നു. വളരെ നന്ദി!

--SK--

 



(Release ID: 2018586) Visitor Counter : 21