തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കി ഒരു മാസം പിന്നിടുമ്പോൾ തൽസ്ഥിതി വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ


എല്ലാ പാർട്ടികളെയും/ സ്ഥാനാർത്ഥികളെയും പരിഗണിക്കുന്നത് തുല്യമായി; സുതാര്യതയും തുല്യതയും നടപ്പിലാക്കുക എന്നതാണ് ഏക മാർഗനിർദേശം

നിയമ - ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെടാനോ മറികടക്കാനോ കമ്മീഷൻ ശ്രമിക്കില്ല

നിരീക്ഷണം കൂടുതൽ കർശനമാക്കും; നിയമലംഘനം നടത്തുന്നവർക്കെതിരെ മാതൃകാപരമായ നടപടി

ഫീൽഡ് ഉദ്യോഗസ്ഥർ എംസിസി നിർവഹണവും പ്രചാരണ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നു

Posted On: 16 APR 2024 2:25PM by PIB Thiruvananthpuram

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാപെരുമാറ്റച്ചട്ടം നടപ്പിലാക്കി ഒരു മാസം പിന്നിടുമ്പോൾ അത് സംബന്ധിച്ച തൽസ്ഥിതി പൊതുരംഗത്തു വ്യക്തമാക്കുന്നു. ഇത്തരം നടപടിയ്ക്ക് കമ്മീഷൻ ഒരുതരത്തിലും ബാധ്യസ്ഥമല്ലെങ്കിലും സുതാര്യത ഉറപ്പു വരുത്തുന്നത്തിന്റെ ഭാഗമായി  ഇത് ആദ്യമായാണ് ഈ നടപടി. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നിർവഹണത്തിന് സ്വീകരിച്ച നടപടികളുടെ ചില വിശദാംശങ്ങളും ഇതിൽ വ്യക്തമാക്കുന്നു. ചെറിയതോ പരിമിതമോ ആയാലും ചില ഭാഗങ്ങളിൽ നിന്ന് വരുന്ന സംശയങ്ങളും ചോദ്യങ്ങളും  പരിഹരിക്കാനും  അവസാനിപ്പിക്കാനും ഇത് സഹായിക്കും.

മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച തൽസ്ഥിതിയും, ശേഷിക്കുന്ന കാലയളവിൽ തുടരേണ്ടതുമായ ചട്ടങ്ങളും

  1 . മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) പ്രാബല്യത്തിൽ വന്ന് ഒരു മാസം തികയുമ്പോൾ, ചട്ടം പാലിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തൃപ്തരാണ്. വിവിധ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും പ്രചാരണം സമാധാനപരമായി  തുടരുന്നു.

  2 .അതേസമയം, അസ്വസ്ഥതയുണ്ടാക്കുന്ന ചില പ്രവണതകൾ കർശനമായി നിരീക്ഷിക്കാനും ചട്ടങ്ങളിൽ നിന്നും വ്യതിചലിച്ചിട്ടുള്ള  സ്ഥാനാർത്ഥികൾ, നേതാക്കൾ, പ്രയോഗങ്ങൾ എന്നിവയെ കൂടുതൽ നിരീക്ഷിക്കാനും കമ്മീഷൻ തീരുമാനിച്ചു.

    3 . സ്ത്രീകൾക്കെതിരെ അപകീർത്തികരവും കുറ്റകരവുമായ പരാമർശങ്ങൾ നടത്തിയ പാർട്ടി നേതാക്കൾക്ക് നോട്ടീസ് നൽകി, സ്ത്രീകളുടെ   അന്തസും ആദരവും  സംരക്ഷിക്കുന്ന  കാര്യത്തിൽ കമ്മീഷൻ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്. തങ്ങളുടെ പാർട്ടി നേതാക്കളും പ്രചാരകരും അത്തരം അനാദരപൂർണവും നിന്ദ്യവുമായ അഭിപ്രായങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ  ഉത്തരവാദിത്വം പാർട്ടി മേധാവികൾ/അധ്യക്ഷന്മാർ എന്നിവരിൽ നിക്ഷിപ്തമാക്കി കമ്മീഷൻ ഇക്കാര്യത്തിൽ ഒരുപടി മുന്നോട്ട് പോയി. നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ വാഗ്ദാനം ചെയ്തതുപോലെ എംസിസി നിർവഹണം, പ്രതികരണശേഷി, സുതാര്യത, ദൃഢത എന്നിവയ്ക്ക് അനുസൃതമായി നടക്കുന്നു

    4 .ക്രിമിനൽ അന്വേഷണങ്ങളെ അടിസ്ഥാനമാക്കി കോടതികളുടെ സജീവ പരിഗണനയിലും ഉത്തരവുകളിലും രാഷ്ട്രീയ വ്യക്തികൾ ഉൾപ്പെടുന്ന  സാഹചര്യങ്ങളിൽ  കമ്മീഷൻ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും തുല്യതാ സംരക്ഷണത്തിനും പ്രചാരണ അവകാശത്തിനും കമ്മീഷൻ അചഞ്ചലമായ പ്രതിജ്ഞാബദ്ധത പുലർത്തുന്നുണ്ടെങ്കിലും, നിയമപരമായ ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെടുന്നതോ മറികടക്കുന്നതോ ആയ ഒരു നടപടിയും സ്വീകരിക്കുന്നത് ശരിയാണെന്ന് കമ്മീഷൻ കരുതുന്നില്ല

  5 .   ഉത്തരവാദിത്വം, സ്ഥാപനപരമായ വിവേചന അധികാരം, സമത്വം, ഇടപാടുകളിലെ സുതാര്യത എന്നിവയോടൊപ്പം നിയമാനുസൃതമായും  മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിൽ കമ്മീഷൻ പ്രതിബദ്ധമാണ് .ബന്ധപ്പെട്ട വ്യക്തികളുടെ പദവിയും സ്വാധീനവും പരിഗണിക്കാതെയും രാഷ്ട്രീയ ബന്ധങ്ങൾ കണക്കിലെടുക്കാതെയും കമ്മീഷൻ പ്രവർത്തിക്കുന്നു.

   6 . 2024 മാർച്ച് 16-ന് ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അന്നുമുതൽ തിരഞ്ഞെടുപ്പ് കമ്മീഷൻ, സ്ഥാനാർത്ഥികളുടെ  ജയസാധ്യത  തടസ്സപ്പെടുത്താതിരിക്കാനും പ്രചാരണ രീതികൾ അസ്വീകാര്യമായ തലത്തിലേക്ക് പോകാതിരിക്കാനും വേഗത്തിലുള്ള കാര്യക്ഷമമായ  നടപടി സ്വീകരിച്ചു.

  7 .  ഒരു മാസത്തെ കാലയളവിൽ, 07 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 16 പ്രതിനിധികൾ കമ്മീഷനെ സന്ദർശിച്ച് മാതൃകാ ചട്ടലംഘനവും അനുബന്ധ കാര്യങ്ങളും സംബന്ധിച്ച് പരാതികൾ സമർപ്പിച്ചു. സംസ്ഥാനങ്ങളിൽ  ചീഫ് ഇലക്ടറൽ ഓഫീസർ തലത്തിലും പ്രതിനിധികൾ പരാതികൾ നൽകി

8. എല്ലാ രാഷ്ട്രീയ പാർട്ടികളേയും തുല്യമായി പരിഗണിച്ചു, എല്ലാവർക്കും സമയം നൽകുകയും അവരുടെ പരാതികൾ ക്ഷമയോടെ കേൾക്കുകയും ചെയ്തു.

   9 .മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ  ശ്രീ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ  അംഗങ്ങളായ  ശ്രീ ഗ്യാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിംഗ് സന്ധു എന്നിവർ പെരുമാറ്റ ചട്ട ലംഘനങ്ങൾ ആരോപിക്കപ്പെടുന്ന തീർപ്പുകൽപ്പിക്കാത്ത കേസുകൾ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് നിരീക്ഷിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ്, ഒരു വിട്ടുവീഴ്ചയും കൂടാതെ  ചട്ടം നടപ്പിലാക്കാൻ എല്ലാ ഡിഎം/കളക്ടർ/ഡിഇഒമാർ, എസ്പിമാർ എന്നിവർക്ക് പ്രത്യേകമായും നേരിട്ടും കമ്മീഷൻ ബോധവൽക്കരണം നൽകി . മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ ഡൽഹിയിലെ ഐഐഐഡിഇഎമ്മിലെ ഇസിഐ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 10 ബാച്ചുകളിലായി 800 ഡിഎം/ഡിഇഒമാർക്ക് നേരിട്ട് പരിശീലനം നൽകി. ഫീൽഡിലെ ഉദ്യോഗസ്ഥർ ഈ ചുമതലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

 മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന  കഴിഞ്ഞ ഒരു മാസ കാലയളവിൽ തുല്യത നിലനിർത്തുന്നതിനായി കമ്മീഷൻ സ്വീകരിച്ച   ചില തീരുമാനങ്ങൾ ഇനിപ്പറയുന്നവയാണ്:

1. വിവിധ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഇസിഐ തലത്തിലും സംസ്ഥാനത്തുടനീളവും ഏകദേശം 200 പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ 169 കേസുകളിൽ നടപടി സ്വീകരിച്ചു.

2. പരാതികളുടെ കണക്കുകൾ : ബിജെപിയിൽ നിന്ന് ആകെ ലഭിച്ച പരാതികൾ 51 ആയിരുന്നു, അതിൽ 38 കേസുകളിൽ നടപടി സ്വീകരിച്ചു; INC-യിൽ നിന്നുള്ള പരാതികൾ 59 ആയിരുന്നു, 51 കേസുകളിൽ നടപടി സ്വീകരിച്ചു; മറ്റ് കക്ഷികളിൽ നിന്ന് 90 പരാതികൾ ലഭിച്ചു, അതിൽ 80 കേസുകളിൽ നടപടി സ്വീകരിച്ചു.

3. ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാരായും   ആഭ്യന്തര / പൊതുഭരണ വകുപ്പുകളുടെ ചുമതലയും ഉൾപ്പെടെ ഇരട്ട ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥരെ സ്വമേധയാ നീക്കം ചെയ്തു.   ഡിഎം/ഡിഇഒ/ആർഒ, എസ്പിമാർ എന്നിവരുടെ മേൽ നിയന്ത്രണമുള്ള, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അകറ്റി നിർത്താനായിരുന്നു ഈ നടപടി .

4 . മുൻ തിരഞ്ഞെടുപ്പുകളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് വിലക്കപ്പെട്ടതിനാൽ പശ്ചിമ ബംഗാൾ ഡിജിപിയെ സ്വമേധയാ നീക്കി.

5.  ഗുജറാത്ത്, പഞ്ചാബ്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിൽ ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം), പോലീസ് സൂപ്രണ്ട് (എസ്‌പി) എന്നീ സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ട നോൺ-കേഡർ ഓഫീസർമാരെ സ്വമേധയാ സ്ഥലംമാറ്റി.
    6 .തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികളുമായുള്ള ബന്ധമോ കുടുംബബന്ധമോ കാരണം പഞ്ചാബ്, ഹരിയാന, അസം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ സ്വമേധയാ സ്ഥലംമാറ്റി
   7 .INC, AAP എന്നിവയിൽ നിന്നുള്ള പരാതിയിൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം വാട്ട്‌സ്ആപ്പിൽ കേന്ദ്ര  ഗവൺമെന്റിന്റെ വികസിത് ഭാരത് സന്ദേശം സംപ്രേക്ഷണം ചെയ്യുന്നത് നിർത്താൻ കേന്ദ്ര ഇലക്ട്രോണിക്സ്  മന്ത്രാലയത്തിന് നിർദ്ദേശം നൽകി.
    8 .INC, AAP എന്നിവയിൽ നിന്നുള്ള പരാതിയിൽ, ഗവൺമെൻറ് /പൊതു സ്ഥലങ്ങളിൽ നിന്നും   അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണപ്രദേശങ്ങൾക്കും കമ്മീഷൻ നിർദ്ദേശം നൽകി .
   9 . ഡിഎംകെയുടെ പരാതിയിൽ, രാമേശ്വർ കഫേ സ്‌ഫോടനത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത ആരോപണങ്ങളുടെ പേരിൽ ബിജെപി മന്ത്രി ശ്രീമതി ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
 10 .   INC-യിൽ നിന്നുള്ള പരാതിയിൽ, DMRC ട്രെയിനുകൾ, പെട്രോൾ പമ്പ്, ഹൈവേകൾ മുതലായവയിലെ  ഹോർഡിംഗുകൾ, ഫോട്ടോകൾ, സന്ദേശങ്ങൾ എന്നിവയുൾപ്പെടെ സർക്കാർ/പൊതു സ്ഥലങ്ങളിൽ നിന്നുള്ള പരസ്യങ്ങൾ നീക്കം ചെയ്യുന്നതിനായി കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ കാബിനറ്റ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

11 .ഐഎൻസിയുടെ പരാതിയിൽ, കേന്ദ്രമന്ത്രി ശ്രീ ചന്ദ്രശേഖരൻ സമർപ്പിച്ച  സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെ  സ്വത്ത് പ്രഖ്യാപനത്തിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാൻ സിബിഡിടിക്ക് നിർദ്ദേശം നൽകി.
 12 .എഐടിഎംസിയുടെ പരാതിയിൽ, ശ്രീമതി മംമ്ത ബാനർജിയോട് ആക്ഷേപകരവും അനാദരവുള്ളതുമായ പരാമർശങ്ങൾ നടത്തിയതിന് ബിജെപി നേതാവ് ദിലീപ് ഘോഷിന് നോട്ടീസ്.
 13 .ബി.ജെ.പിയുടെ പരാതിയിൽ,  കംഗന റണൗത്തിനും ഹേമ മാലിനിക്കുമെതിരെ  മോശമായ പരാമർശങ്ങൾ നടത്തിയതിന് INC-യിൽ നിന്നുള്ള യഥാക്രമം സുപ്രിയ ശ്രീനേത് , ശ്രീ സുർജേവാല എന്നിവർക്ക് നോട്ടീസ്.
14 .നരേന്ദ്ര മോദിക്കെതിരെ ഡിഎംകെ നേതാവ് ശ്രീ അനിത ആർ രാധാകൃഷ്ണൻ നടത്തിയ പരാമർശങ്ങൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു
15 .ഡൽഹി മുനിസിപ്പൽ കമ്മീഷൻ ഏരിയയിലെ ഹോർഡിംഗുകളിലും പരസ്യബോർഡുകളിലും പ്രസാധകരുടെ പേരുകൾ നൽകാതെ അജ്ഞാത പരസ്യങ്ങൾ നൽകിയതിനെതിരെ ആം ആദ്മി പാർട്ടിയുടെ പരാതിയിൽ ,നിയമത്തിലെ വിടവ് നികത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിലവിലുള്ള നിയമത്തിലെ 'ലഘുലേഖയും പോസ്റ്ററും' എന്നതിന്റെ അർത്ഥത്തിന് ഹോർഡിംഗുകൾ ഉൾപ്പെടുത്തി വിശാലമാക്കി. പ്രചാരണ ആശയവിനിമയങ്ങളിൽ ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് സംബന്ധിയായ ഹോർഡിംഗുകൾ ഉൾപ്പെടെയുള്ള അച്ചടി രേഖകളിൽ  പ്രസാധകർ, അച്ചടിച്ചവർ എന്നിവരുടെ വ്യക്തമായ തിരിച്ചറിയൽ നിർബന്ധമാക്കി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
16 .ഐഎൻസിയുടെ പരാതിയിൽ, വിവിധ കോളേജുകളിൽ നിന്ന് താര  പ്രചാരകരുടെ കട്ട് ഔട്ടുകൾ നീക്കം ചെയ്യാൻ ഡൽഹിയിലെ മുനിസിപ്പൽ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
 17 .നിയമലംഘനങ്ങളെക്കുറിച്ചുള്ള  പരാതികൾ നല്കാൻ പൗരന്മാർക്കായുള്ള  കമ്മീഷന്റെ പോർട്ടലായ സി വിജിലിൽ ആകെ 2,68,080 പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ 2,67,762 കേസുകളിൽ നടപടി സ്വീകരിച്ചു. ഇതിൽ  92% ശരാശരി 100 മിനിറ്റിനുള്ളിൽ പരിഹരിച്ചു. സി വിജിലിന്റെ ഫലപ്രാപ്തി കാരണം, അനധികൃത ഹോർഡിങ്ങുകൾ, വസ്തുവകകൾ നശിപ്പിക്കൽ, അനുവദനീയമായ സമയത്തിനപ്പുറമുള്ള പ്രചാരണം, അനുവദനീയമായതിൽ കൂടുതൽ വാഹനങ്ങൾ വിന്യസിക്കൽ എന്നിവയിൽ ഗണ്യമായ കുറവുണ്ടായി.

പശ്ചാത്തലം:

മാതൃകാ പെരുമാറ്റച്ചട്ടം ഒരു നിയന്ത്രണ ചട്ടക്കൂടാണ്.  കർശനമായ അർത്ഥത്തിലുള്ള  നിയമപരമായ പിന്തുണയില്ലെങ്കിലും ,ഓരോ സ്ഥാനാർത്ഥിയ്ക്കും  ജയസാധ്യത തുല്യമായി ഉറപ്പാക്കാനും ധാർമ്മിക പ്രചാരണത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും വേണ്ടി ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു.  തിരഞ്ഞെടുപ്പ് പ്രചാരണ സ്വാതന്ത്ര്യവും തുല്യ അവസരവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് കമ്മീഷൻ പ്രയത്നിക്കുന്നു. ലംഘനങ്ങളെ ഉടനടി  അഭിസംബോധന ചെയ്യുന്നതിലൂടെ, സുതാര്യത, നീതി, ഉത്തരവാദിത്വം, സമത്വം എന്നീ  ജനാധിപത്യ ആശയങ്ങളെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തിപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത ഉയർത്തിപ്പിടിക്കുന്നത് പരമപ്രധാനമാണ്.

 

NK



(Release ID: 2018044) Visitor Counter : 97