പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി20 നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം നടപ്പാക്കുന്നതിലെ പുരോഗതി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര അവലോകനം ചെയ്തു


പ്രചാരണത്തിനും ഫലപ്രദമായ നടപ്പാക്കലിനുമായി പ്രധാന വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഏഴു വെബിനാറുകൾ സംഘടിപ്പിക്കും

രാജ്യത്തുടനീളമുള്ള ചിന്തകരെ ഉൾപ്പെടുത്തി സെമിനാർ നടത്തും

ജി20 വെർച്വൽ ഉച്ചകോടിക്കും ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി 2.0’നുമുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു

Posted On: 18 OCT 2023 7:27PM by PIB Thiruvananthpuram

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ അധ്യക്ഷതയിൽ ഇന്നു ​ചേർന്ന യോഗം ജി20 നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം നടപ്പാക്കുന്നതിലെ പുരോഗതി അവലോകനം ചെയ്തു. നിതി ആയോഗ് വൈസ് ചെയർമാൻ, ജി20 ഷെർപ്പ, ജി20 ചീഫ് കോർഡിനേറ്റർ, വിദേശകാര്യ മന്ത്രാലയ(എംഇഎ)ത്തിലെയും സാമ്പത്തികകാര്യ വകുപ്പിലെയും (ഡിഇഎ) നിതി ആയോഗിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

നിലവിലെ ശ്രമങ്ങളുടെ ഭാഗമായി, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ നേതൃത്വം നൽകുന്ന പ്രസക്തമായ എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി ഏഴു വെബിനാറുകളുടെ പരമ്പര സംഘടിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. (i) കരുത്തുറ്റതും സുസ്ഥിരവും സന്തുലിതവും സമഗ്രവുമായ വളർച്ച, (ii) സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്ഡിജി) പുരോഗതി ത്വരിതപ്പെടുത്തൽ (iii) സുസ്ഥിര ഭാവിക്കായുള്ള ഹരിത വികസന ഉടമ്പടി, (iv) 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങൾ, (v) സാങ്കേതിക പരിവർത്തനവും ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളും, (vi) സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, (vii) ഭീകരവാദത്തെയും കള്ളപ്പണം വെളുപ്പിക്കലിനെയും നേരിടൽ എന്നീ വിഷയങ്ങളിലാണു വെബിനാറുകൾ നിർദേശിച്ചിരിക്കുന്നത്.

കൂടാതെ, നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം ഫലപ്രദമായി നടപ്പിലാക്കുന്നതിനെക്കുറിച്ചു ​മേഖലയിലെ വിദഗ്ധരിൽനിന്ന് ഉൾക്കാഴ്‌ചകൾ തേടുന്നതിനു രാജ്യത്തുടനീളമുള്ള വിവിധ ചിന്തകരെ ഉൾപ്പെടുത്താനും സെമിനാർ ആസൂത്രണം ചെയ്തിട്ടുണ്ട്.

പ്രഖ്യാപനം നടപ്പാക്കുന്നതിനു സ്ഥിരമായി മേൽനോട്ടം വഹിക്കാൻ ഉന്നതതല നിരീക്ഷണ സംവിധാനത്തിനു രൂപം നൽകുമെന്നു പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു.

വരാനിരിക്കുന്ന ജി20 വെർച്വൽ ഉച്ചകോടിയെക്കുറിച്ചും പ്രിൻസിപ്പൽ സെക്രട്ടറി ചർച്ചചെയ്തു. ന്യൂഡൽഹി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി തന്റെ പരാമർശത്തിൽ നിർദേശിച്ചിരുന്നതാണ് ഈ സംരംഭം. പ്രധാന ഉച്ചകോടിക്കുശേഷം ഇത്തരമൊരു വെർച്വൽ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായതിനാൽ, എല്ലാ അംഗരാജ്യങ്ങളിലേക്കും അതിഥിരാജ്യങ്ങളിലേക്കും വിവരങ്ങൾ വേഗത്തിൽ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പ്രിൻസിപ്പൽ സെക്രട്ടറി ഊന്നൽ നൽകി.

2023 നവംബറിൽ നടക്കാനിരിക്കുന്ന രണ്ടാമതു ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയുടെ ഒരുക്കങ്ങളെക്കുറിച്ചു വിദേശകാര്യ സെക്രട്ടറി ശ്രീ വിനയ് ക്വാത്ര പ്രിൻസിപ്പൽ സെക്രട്ടറിയോടു വിശദീകരിച്ചു.

നേതാക്കളുടെ പ്രഖ്യാപനം വിജയകരമായി നടപ്പാക്കുന്നത് ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയും, വികസനത്തിലും ക്ഷേമത്തിലും ആഗോള സഹകരണം വളർത്തിയെടുക്കുന്നതിനുള്ള അർപ്പണബോധവും യോഗം എടുത്തുകാട്ടി.

 

NS



(Release ID: 1968914) Visitor Counter : 63