പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചെന്നൈയില്‍ വികസന പദ്ധതികള്‍ക്കു ശിലാസ്ഥാപനം നിര്‍വഹിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 26 MAY 2022 8:58PM by PIB Thiruvananthpuram

തമിഴ്നാട് ഗവര്‍ണര്‍ ശ്രീ ആര്‍ എന്‍ രവി, തമിഴ്നാട് മുഖ്യമന്ത്രി, ശ്രീ എം കെ സ്റ്റാലിന്‍, കേന്ദ്ര മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ തമിഴ്നാട് സര്‍ക്കാരിലെ മന്ത്രിമാരെ, പാര്‍ലമെന്റ് അംഗങ്ങളെ, തമിഴ്നാട് നിയമസഭാ സാമാജികരെ, തമിഴ്നാട്ടിലെ സഹോദരീ സഹോദരന്മാരെ, വണക്കം! തമിഴ്നാട്ടില്‍ തിരിച്ചെത്തുന്നത് എല്ലായ്‌പ്പോഴും അത്ഭുതകരമാണ്! ഈ ഭൂമി സവിശേഷമാണ്. ഈ സംസ്ഥാനത്തെ ജനങ്ങളും സംസ്‌കാരവും ഭാഷയും മികച്ചതാണ്. മഹാനായ ഭാരതിയാര്‍ അത് മനോഹരമായി പ്രകടിപ്പിച്ചു:

सेंतमिल नाडु एन्नुम पोथीनीले इन्बा तेन वन्तु पायुतु कादिनीले |

സുഹൃത്തുക്കളെ,
എല്ലാ മേഖലയിലും തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാളോ മറ്റോ എപ്പോഴും മികവ് പുലര്‍ത്തുന്നു. അടുത്തിടെ, ഞാന്‍ എന്റെ വസതിയില്‍ ഇന്ത്യന്‍ ബധിര ഒളിമ്പിക്സ് സംഘത്തിന് ആതിഥേയത്വം വഹിച്ചിരുന്നു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്തവണത്തേതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. പക്ഷേ, ഞങ്ങള്‍ നേടിയ 16 മെഡലുകളില്‍ 6 മെഡലുകളിലും തമിഴ്നാട്ടില്‍ നിന്നുള്ള യുവാക്കള്‍ക്ക് പങ്കുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ! ടീമിനുള്ള ഏറ്റവും മികച്ച സംഭാവനകളിലൊന്നാണിത്. തമിഴ് ഭാഷ ശാശ്വതവും തമിഴ് സംസ്‌കാരം ആഗോളവുമാണ്. ചെന്നൈ മുതല്‍ കാനഡ വരെയും മധുരയില്‍ നിന്ന് മലേഷ്യ വരെയും നാമക്കല്‍ മുതല്‍ ന്യൂയോര്‍ക്ക് വരെയും സേലം മുതല്‍ ദക്ഷിണാഫ്രിക്ക വരെയും പൊങ്കലിന്റെയും പുത്താണ്ടിന്റെയും വേളകള്‍ വളരെ ആവേശത്തോടെയാണ് അടയാളപ്പെടുത്തുന്നത്. ഫ്രാന്‍സിലെ കാനില്‍ ഒരു ചലച്ചിത്രോല്‍സവം നടക്കുകയാണ്. അവിടെ തമിഴ് നാടിന്റെ ഈ മഹത്തായ മണ്ണിന്റെ മകന്‍ തിരു എല്‍.മുരുകന്‍ പരമ്പരാഗത തമിഴ് വേഷത്തില്‍ ചുവന്ന പരവതാനിയിലൂടെ നടന്നു. ലോകമെമ്പാടുമുള്ള തമിഴര്‍ക്ക് അത് അഭിമാനമായി.

സുഹൃത്തുക്കളെ,
തമിഴ്നാടിന്റെ വികസന യാത്രയിലെ മഹത്തായ മറ്റൊരു അധ്യായം ആഘോഷിക്കാനാണ് നാം ഇവിടെ ഒത്തുകൂടിയത്. മുപ്പത്തിയൊന്നായിരം കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്യുകയാണ്. ഈ പദ്ധതികളുടെ വിശദാംശങ്ങള്‍ നാം കണ്ടു. പക്ഷേ ഞാന്‍ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. റോഡ് നിര്‍മ്മാണത്തില്‍ ശ്രദ്ധ ചെലുത്തുന്നത് വ്യക്തമായി കാണാം. സാമ്പത്തിക അഭിവൃദ്ധിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് നാം ആ പ്രവൃത്തി ചെയ്യുന്നത്. വളര്‍ച്ചയുടെ രണ്ട് പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബംഗളൂരു-ചെന്നൈ അതിവേഗ പാത. ചെന്നൈ തുറമുഖത്തെ മധുരവോയലുമായി ബന്ധിപ്പിക്കുന്ന 4 വരി ഉയര്‍ന്ന പാത ചെന്നൈ തുറമുഖത്തെ കൂടുതല്‍ കാര്യക്ഷമമാക്കുകയും നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കുകയും ചെയ്യും. നെരലൂര്‍ മുതല്‍ ധര്‍മപുരി വരെയും മീന്‍സുരുട്ടി മുതല്‍ ചിദംബരം വരെയും വിപുലീകരിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. 5 റെയില്‍വേ സ്റ്റേഷനുകള്‍ പുനര്‍വികസിപ്പിച്ചുകൊണ്ടിരിക്കുന്നതില്‍ ഞാന്‍ പ്രത്യേകിച്ചും സന്തോഷവാനാണ്. ഭാവിയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഈ നവീകരണവും വികസനവും നടത്തുന്നത്. അതോടൊപ്പം പ്രാദേശിക കലയും സംസ്‌കാരവുമായി അതു ലയിക്കുകയും ചെയ്യും. മധുരയ്ക്കും തേനിക്കും ഇടയിലുള്ള ഗേജ് പരിവര്‍ത്തനം എന്റെ കര്‍ഷക സഹോദരിമാരെയും സഹോദരന്‍മാരെയും സഹായിക്കുകയും അവര്‍ക്ക് കൂടുതല്‍ വിപണികളിലേക്ക് പ്രവേശനം നല്‍കുകയും ചെയ്യും.

സുഹൃത്തുക്കളെ,
പ്രധാനമന്ത്രി-ആവാസ് യോജനയ്ക്ക് കീഴില്‍ ചരിത്രപ്രസിദ്ധമായ ചെന്നൈ ലൈറ്റ് ഹൗസ് പദ്ധതിയുടെ ഭാഗമായി വീടുകള്‍ ലഭിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നമുക്കു വളരെ സംതൃപ്തി നല്‍കുന്ന ഒരു പദ്ധതിയാണ്. താങ്ങാനാവുന്നതും മോടിയുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന മികച്ച രീതി ലഭിക്കുന്നതിനായി നാമൊരു ആഗോള തലത്തില്‍ ശ്രമം നടത്തിയിരുന്നു. റെക്കോര്‍ഡ് സമയത്തിനുള്ളില്‍, ഇത്തരമൊരു ലൈറ്റ് ഹൗസ് പദ്ധതി യാഥാര്‍ത്ഥ്യമായി. അത് ചെന്നൈയില്‍ ആയതില്‍ എനിക്ക് സന്തോഷമുണ്ട്. തിരുവള്ളൂരില്‍ നിന്ന് ബെംഗളൂരുവിലേക്കും എന്നൂര്‍ മുതല്‍ ചെങ്കല്‍പേട്ട് വരെയും പ്രകൃതിവാതക പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് എല്‍എന്‍ജി ലഭ്യത എളുപ്പമാകും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും ചെന്നൈ തുറമുഖത്തെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രമാക്കുക എന്ന കാഴ്ചപ്പാടോടെയും ചെന്നൈയില്‍ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കിന് ഇന്ന് തറക്കല്ലിട്ടു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത്തരം മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഈ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നമ്മുടെ രാജ്യത്തിന്റെ ചരക്കുനീക്ക ആവാസവ്യവസ്ഥയില്‍ ഒരു മാതൃകാപരമായ മാറ്റമായിരിക്കും. വിവിധ മേഖലകളില്‍ ഉടനീളമുള്ള ഈ പദ്ധതികള്‍ ഓരോന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ആത്മനിര്‍ഭര്‍ ആകാനുള്ള നമ്മുടെ ദൃഢനിശ്ചയം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,
നിങ്ങളോരോരുത്തരും നിങ്ങളുടെ കുട്ടികള്‍ നിങ്ങളേക്കാള്‍ മികച്ച ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ മക്കള്‍ക്ക് ശോഭനമായ ഭാവി ആഗ്രഹിക്കുന്നു. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മുന്‍വ്യവസ്ഥകളില്‍ ഒന്നാണ് ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം നല്‍കിയ രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളില്‍ നിന്ന് വികസിത രാജ്യങ്ങളായി മാറിയെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. മികച്ച നിലവാരമുള്ളതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റ് പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, സാമൂഹികവും ഭൗതികവുമായ അടിസ്ഥാന സൗകര്യങ്ങളെയാണ് ഞാന്‍ പരാമര്‍ശിക്കുന്നത്. സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിലൂടെ ഗരീബ് കല്യാണ്‍ കൈവരിക്കാനാണ് നാം ലക്ഷ്യമിടുന്നത്. സാമൂഹിക അടിസ്ഥാന സൗകര്യത്തിനു നാം നല്‍കുന്ന ഊന്നല്‍ 'സര്‍വ ജന്‍ ഹിതായ, സര്‍വ ജന്‍ സുഖായ' എന്ന ആശയത്തോടുള്ള നമ്മുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. പ്രധാന പദ്ധതികളുടെ പരമാവധി നേട്ടം ലഭിക്കാനായി നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നു. ഏത് മേഖലയായാലും - ശൗചാലയങ്ങള്‍, പാര്‍പ്പിടം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍... എല്ലാവര്‍ക്കും പദ്ധതിയുടെ നേട്ടം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുന്നു. എല്ലാ വീട്ടിലും കുടിവെള്ളം ഉറപ്പാക്കാന്‍ നാം പ്രവര്‍ത്തിക്കുന്നു - ?? ?? ?? നാം അത് ചെയ്യുമ്പോള്‍, ഒഴിവാക്കലിനോ വിവേചനത്തിനോ ഒരു സാധ്യതയുമില്ല. കൂടാതെ, ഭൗതിക അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഇന്ത്യയിലെ യുവാക്കള്‍ക്ക് ഏറ്റവും പ്രയോജനം ലഭിക്കും. യുവാക്കളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇത് സഹായിക്കുകയും യുവാക്കള്‍ക്കു സമ്പത്തും മൂല്യവും നേടിയെടുക്കാന്‍ സഹായകമാവുകയും ചെയ്യും.

സുഹൃത്തുക്കളെ,
പരമ്പരാഗതമായി അടിസ്ഥാന സൗകര്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നതിലും അപ്പും ചിന്തിക്കാന്‍നമ്മുടെ ഗവണ്‍മെന്റിനു കഴിഞ്ഞിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നതുകൊണ്ട് റോഡുകള്‍, വൈദ്യുതി, വെള്ളം എന്നിവയാണ് ഉദ്ദേശിച്ചിരുന്നത്. ഇന്ന് നാം ഇന്ത്യയുടെ ഗ്യാസ് പൈപ്പ്‌ലൈന്‍ ശൃംഖല വിപുലീകരിക്കാനായി പ്രവര്‍ത്തിക്കുകയാണ്. ഐ-വേകളില്‍ ജോലി നടക്കുന്നു. എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക എന്നത് നമ്മുടെ വീക്ഷണത്തിന്റെ ഭാഗമാണ്. ഇതിനു സൃഷ്ടിക്കാന്‍ സാധിക്കുന്ന പരിവര്‍ത്തന സാധ്യതകള്‍ ചിന്തിക്കുക. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നാം പ്രധാനമന്ത്രി-ഗതിശക്തി പദ്ധതി ആരംഭിച്ചു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ പരിപാടി എല്ലാ പങ്കാളികളെയും മന്ത്രാലയങ്ങളെയും ഒരുമിച്ച് കൊണ്ടുവരും. ചെങ്കോട്ടയില്‍ നിന്ന് ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ് ലൈനിനെക്കുറിച്ച് ഞാന്‍ സംസാരിച്ചു. നൂറു ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതിയാണിത്. ഈ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ മൂലധനച്ചെലവിനായി ഏഴര ലക്ഷം കോടി രൂപ വകയിരുത്തിയത് ചരിത്രപരമായ വര്‍ധനയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ തന്നെ ഈ പദ്ധതികള്‍ കൃത്യസമയത്തു സുതാര്യമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു.

സുഹൃത്തുക്കളെ,
തമിഴ് ഭാഷയെയും സംസ്‌കാരത്തെയും കൂടുതല്‍ ജനകീയമാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. ഈ വര്‍ഷം ജനുവരിയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കാമ്പസ് ചെന്നൈയില്‍ ഉദ്ഘാടനം ചെയ്തു. പുതിയ കാമ്പസിന് പൂര്‍ണമായും ധനസഹായം നല്‍കുന്നത് കേന്ദ്ര ഗവണ്‍മെന്റാണ്. വിശാലമായ ലൈബ്രറി, ഇ-ലൈബ്രറി, സെമിനാര്‍ ഹാളുകള്‍, മള്‍ട്ടിമീഡിയ ഹാള്‍ എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ തമിഴ് പഠനത്തെക്കുറിച്ചുള്ള ഒരു 'സുബ്രഹ്‌മണ്യ ഭാരതി ചെയര്‍' അടുത്തിടെ പ്രഖ്യാപിച്ചു. ബി.എച്ച്.യു. എന്റെ നിയോജക മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, സന്തോഷം അധികമായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, സാങ്കേതിക, മെഡിക്കല്‍ കോഴ്‌സുകള്‍ പ്രാദേശിക ഭാഷകളില്‍ പഠിക്കാന്‍ കഴിയും. തമിഴ്‌നാട്ടില്‍ നിന്നുള്ള യുവാക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളെ,
പ്രയാസകരമായ സമയങ്ങളിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. അവിടത്തെ സംഭവവികാസങ്ങളില്‍ നിങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്ത സുഹൃത്തും അയല്‍ക്കാരനും എന്ന നിലയില്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. സാമ്പത്തിക സഹായം, ഇന്ധനം, ഭക്ഷണം, മരുന്നുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയുടെ പിന്തുണ ഇതില്‍ ഉള്‍പ്പെടുന്നു. വടക്ക്, കിഴക്ക്, മലയോര പ്രദേശങ്ങളിലുള്ള തമിഴര്‍ ഉള്‍പ്പെടെ ശ്രീലങ്കയിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കായി നിരവധി ഇന്ത്യന്‍ സംഘടനകളും വ്യക്തികളും സഹായം അയച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി അന്താരാഷ്ട്ര ഫോറത്തില്‍ ഇന്ത്യ ശക്തമായി സംസാരിച്ചു. ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ശ്രീലങ്കയിലെ ജനാധിപത്യം, സ്ഥിരത, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി വീണ്ടെടുക്കല്‍ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാഫ്‌ന സന്ദര്‍ശിച്ചത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ജാഫ്ന സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഞാനാണ്. ശ്രീലങ്കയിലെ തമിഴ് ജനതയെ സഹായിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികളില്‍ ആരോഗ്യ സംരക്ഷണം, ഗതാഗതം, പാര്‍പ്പിടം, സംസ്‌കാരം എന്നീ മേഖലകളിലേത് ഉള്‍ക്കൊള്ളുന്നു.

സുഹൃത്തുക്കളെ,
നാം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന സമയമാണിത്. 75 വര്‍ഷം മുമ്പ് നാം ഒരു സ്വതന്ത്ര രാഷ്ട്രമായി യാത്ര ആരംഭിച്ചു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് നമ്മുടെ നാടിനെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അവ നിറവേറ്റേണ്ടത് നമ്മുടെ കടമയാണ്. നാം അവസരത്തിനൊത്ത് ഉയര്‍ന്ന് അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മള്‍ ഒരുമിച്ച് ഇന്ത്യയെ കൂടുതല്‍ ശക്തവും സമൃദ്ധവുമാക്കും. ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.

വണക്കം!
നന്ദി!

-ND-(Release ID: 1828607) Visitor Counter : 208