ധനകാര്യ മന്ത്രാലയം

പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ വളർച്ചയുടെ ഏഴ് എഞ്ചിനുകളേ ഏകോപിപ്പിക്കുന്നു

Posted On: 01 FEB 2022 12:49PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഫെബ്രുവരി 01, 2022
 
റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പൊതു ഗതാഗതം, ജലപാതകൾ, ചരക്ക് നീക്ക അടിസ്ഥാനസൗകര്യങ്ങൾ എന്നിങ്ങനെ ഏഴ് എഞ്ചിനുകളാണ് പിഎം ഗതിശക്തിയെ മുന്നോട്ട് നയിക്കുന്നത്. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ പരിധിയിൽ ലോകോത്തര ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക പരിവർത്തനം, തടസ്സമില്ലാത്ത ബഹുമുഖ ഗതാഗത സംവിധാനവും, ചരക്ക് നീക്ക കാര്യക്ഷമതയും ലക്ഷ്യമിട്ടുള്ള ഈ ഏഴ് എഞ്ചിനുകൾ ഉൾപ്പെടുന്നതായി ഇന്ന് പാർലമെന്റിൽ, 2022-23 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ആസൂത്രണം, ധനസഹായം, സാങ്കേതികവിദ്യയുടെ ഉപയോഗം, വേഗത്തിലുള്ള നിർവ്വഹണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

 
ഈ 7 എഞ്ചിനുകളുമായി ബന്ധപ്പെട്ട, ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ് ലൈനിലെ പദ്ധതികൾ പ്രധാനമന്ത്രി ഗതിശക്തി ചട്ടക്കൂടുമായി സംയോജിപ്പിക്കുമെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു.


റോഡ് ഗതാഗതം:

ജനങ്ങളുടെ വേഗത്തിലുള്ള സഞ്ചാരവും ചരക്കുനീക്കവും സുഗമമാക്കുന്നതിന് 2022-23ൽ അതിവേഗ പാതകൾക്കുള്ള (Expressways) പ്രധാനമന്ത്രി ഗതിശക്തി മാസ്റ്റർ പ്ലാൻ രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 2022-23ൽ ദേശീയപാത ശൃംഖല 25,000 കിലോമീറ്റർ വികസിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.  പൊതു വിഭവങ്ങൾക്ക് ഒപ്പം 20,000 കോടി രൂപയുടെ സമാഹരണവും സാധ്യമാക്കും.

തടസ്സരഹിതമായ സഞ്ചാരവും ചരക്കുനീക്കവും ഉറപ്പാക്കുന്ന ബഹുമുഖ സംവിധാനം:

വിവിധ ഓപ്പറേറ്റർമാർക്കിടെ വിവര കൈമാറ്റം സാധ്യമാക്കുന്ന ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസിനായി (API) രൂപകൽപ്പന ചെയ്ത യൂണിഫൈഡ് ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്ഫോമിന് (ULIP) കീഴിൽ കൊണ്ടുവരുമെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു. വ്യത്യസ്‌ത രീതികളിലൂടെയുള്ള ചരക്കുകളുടെ കാര്യക്ഷമമായ നീക്കത്തിനും ചെലവും സമയവും കുറയ്ക്കാനും മടുപ്പിക്കുന്ന ലിഖിത രേഖകൾ ഒഴിവാക്കാനും ഇത് സഹായിക്കും. ഇത് ബന്ധപ്പെട്ട എല്ലാവർക്കും തത്സമയ വിവരങ്ങൾ ലഭ്യമാക്കുകയും അന്താരാഷ്ട്ര മത്സരക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. യാത്രക്കാരുടെ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിന് ഓപ്പൺ സോഴ്‌സ് മൊബിലിറ്റി സ്റ്റാക്കും നടപ്പാക്കുമെന്ന് അവർ പറഞ്ഞു.

മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ:

മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ (PPP) നാല് സ്ഥലങ്ങളിൽ നടപ്പിലാക്കുന്നതിനുള്ള കരാറുകൾ 2022-23ൽ നൽകും.

റെയിൽവേ:

ചെറുകിട കർഷകർക്കും, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുമായി റെയിൽവേ പുതിയ ഉത്പന്നങ്ങളും കാര്യക്ഷമമായ ലോജിസ്റ്റിക്സ് സേവനങ്ങളും വികസിപ്പിക്കുമെന്നും പാഴ്സലുകളുടെ നീക്കത്തിന് തടസ്സമില്ലാത്ത സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന് തപാൽ, റെയിൽ ശൃംഖലകളുടെ സംയോജനത്തിന് നേതൃത്വം നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

പ്രാദേശിക ബിസിനസുകളെയും വിതരണ ശൃംഖലകളെയും സഹായിക്കുന്നതിന് ‘ഒരു സ്റ്റേഷൻ-ഒരു ഉത്പന്നം’ എന്ന ആശയം ജനകീയമാക്കുമെന്ന് അവർ പറഞ്ഞു.

ആത്മനിർഭർ ഭാരതിന്റെ ഭാഗമായി, 2022-23-ൽ സുരക്ഷയ്ക്കും ശേഷി വർധിപ്പിക്കുന്നതിനുമുള്ള തദ്ദേശീയ ലോകോത്തര സാങ്കേതികവിദ്യയായ കവചിന് (Kavach) കീഴിൽ 2,000 കിലോമീറ്റർ ശൃംഖല ഉൾപ്പെടുത്തും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നാനൂറ് പുതു തലമുറ വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുമെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു.

മൾട്ടിമോഡൽ ലോജിസ്റ്റിക്സ് സൗകര്യങ്ങൾക്കായി നൂറ് പ്രധാനമന്ത്രി ഗതിശക്തി കാർഗോ ടെർമിനലുകൾ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വികസിപ്പിക്കുമെന്ന് അവർ പറഞ്ഞു.

റെയിൽവേയിലേക്കുള്ള കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള ബഹുജന നഗര ഗതാഗതം:

മെട്രോ സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് ധനസഹായത്തിനുള്ള നൂതന മാർഗങ്ങളും വേഗത്തിലുള്ള നിർവ്വഹണവും പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ബഹുജന നഗരഗതാഗതവും റെയിൽവേ സ്റ്റേഷനുകളും തമ്മിലുള്ള ബഹുമുഖ കണക്റ്റിവിറ്റി, മുൻഗണനാടിസ്ഥാനത്തിൽ സുഗമമാക്കും.
 
പർവ്വത്മാല - ദേശീയ റോപ്‌വേ വികസന പദ്ധതി:

പൊതുസ്വകാര്യ പങ്കാളിത്തത്തിൽ ദേശീയ റോപ്‌വേ വികസന പദ്ധതി നടപ്പാക്കുമെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു. തിരക്കേറിയ നഗരപ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും. 60 കിലോമീറ്റർ ദൈർഘ്യമുള്ള 8 റോപ്‌വേ പദ്ധതികളുടെ കരാർ 2022-23ൽ നൽകും.

അടിസ്ഥാന സൗകര്യ പദ്ധതികൾക്കുള്ള ശേഷി വർദ്ധിപ്പിക്കൽ:

2022-23-ൽ സമ്പദ്‌വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനായി സംസ്ഥാനങ്ങളെ സഹായിക്കുക ലക്ഷ്യമിട്ട് 1 ലക്ഷം കോടി രൂപ ധനമന്ത്രി അനുവദിച്ചു. അമ്പത് വർഷം കാലയളവുള്ള ഈ പലിശ രഹിത വായ്പകൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള സാധാരണ വായ്പ കൂടാതെയാണ്.

 
RRTN/SKY
 
*****
 
 
 


(Release ID: 1794284) Visitor Counter : 276