പ്രധാനമന്ത്രിയുടെ ഓഫീസ്
ഡെല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ ഡ്രൈവറില്ലാ തീവണ്ടിയോട്ടം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
Posted On:
28 DEC 2020 1:29PM by PIB Thiruvananthpuram
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ ശ്രീ. ഹര്‍ദീപ് സിങ് പുരി ജി, ഡെല്‍ഹി മുഖ്യമന്ത്രി ശ്രീ. അരവിന്ദ് കെജ്രിവാള്‍, ഡി.എം.ആര്‍.സി. മാനേജിങ് ഡയറക്ടര്‍ ശ്രീ. മാങ്കു സിങ്, രാജ്യത്തെ പുരോഗമിക്കുന്ന മെട്രോ പദ്ധതികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ, പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ,
ഏതാണ്ടു മൂന്നു വര്‍ഷം മുന്‍പ് മജന്ത ലൈന്‍ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. ഇന്ന് അതേ റൂട്ടില്‍ ഡ്രൈവറില്ലാ മെട്രോ എന്നു നാം വിളിക്കുന്ന പൂര്‍ണമായും ഓട്ടോമാറ്റിക് ആയ മെട്രോ സേവനം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുകയും ചെയ്തു. സ്മാര്‍ട് സംവിധാനത്തില്‍ എത്ര വേഗത്തിലാണ് ഇന്ത്യ മുന്നേറുന്നത് എന്നാണ് ഇതു കാണിക്കുന്നത്. ഇന്നു നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുമായി ഡെല്‍ഹി മെട്രോ ബന്ധിപ്പിക്കപ്പെടുകയാണ്. അതു കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍നിന്ന് ആരംഭിച്ചതാണ്. ഇന്ന് ഡെല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനിലേക്കു വികസിപ്പിക്കപ്പെടുകയാണ്.
സുഹൃത്തുക്കളെ,
ഭാവിയിലെ ആവശ്യങ്ങള്‍ക്കായി രാജ്യത്തെ സജ്ജമാക്കുക എന്നതു ഭരണത്തിന്റെ പ്രധാന ഉത്തരവാദിത്തമാണ്. എന്നാല്‍, ഏതാനും ദശാബ്ദങ്ങള്‍ക്കു മുന്‍പ് നഗരവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങളും ഭാവിയും വ്യക്തമായിരുന്നപ്പോള്‍ ഭാവികാലത്തെ ആവശ്യങ്ങളെക്കുറിച്ചു കൂടുതല്‍ ശ്രദ്ധയുണ്ടായിരുന്നില്ല. അര്‍ധ മനസ്സോടെ കാര്യങ്ങള്‍ ചെയ്യപ്പെട്ടു. ആശയക്കുഴപ്പം നിലനിന്നിരുന്നു. അതിവേഗമുള്ള നഗരവല്‍ക്കരണം നടക്കുകയായിരുന്നു അപ്പോഴെങ്കിലും പ്രത്യാഘാതങ്ങളെ നേരിടാന്‍ തക്കവണ്ണമല്ല നമ്മുടെ നഗരങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടത്. തത്ഫലമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും നഗര അടിസ്ഥാന സൗകര്യത്തിന്റെ ആവശ്യകതയ്ക്കും ലഭ്യതയ്ക്കും ഇടയില്‍ വലിയ വിടവുണ്ടായി.
സുഹൃത്തുക്കളെ,
2014ല്‍ ഞങ്ങളുടെ ഗവണ്‍മെന്റ് രൂപീകൃതമായപ്പോള്‍ അഞ്ചു നഗരങ്ങളില്‍ മാത്രമാണ് മെട്രോ റെയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 18 നഗരങ്ങളില്‍ മെട്രോ സര്‍വീസുണ്ട്. 2025 ആകുമ്പോഴേക്കും 25ലേറെ നഗരങ്ങളില്‍ മെട്രോ ആരംഭിക്കാനാണു നാം ഉദ്ദേശിക്കുന്നത്. 2014ല്‍ രാജ്യത്ത് 248 കിലോമീറ്റര്‍ മെട്രോ ലൈനിലായിരുന്നു തീവണ്ടി ഗതാഗതം ഉണ്ടായിരുന്നത്. ഇപ്പോള്‍ അതു മൂന്നിരട്ടിയോളം വര്‍ധിച്ച് 700 കിലോമീറ്ററായി. 2025 ആകുമ്പോഴേക്കും അത് 1700 കിലോമീറ്ററിലേറെയാക്കാന്‍ നാം ശ്രമിച്ചുവരികയാണ്. 2014ല്‍ മെട്രോ യാത്രക്കാരുടെ എണ്ണം പ്രതിദിനം 17 ലക്ഷമായിരുന്നു. ഇപ്പോള്‍ പ്രതിദിനം 85 ലക്ഷം പേര്‍ മെട്രോ വഴി യാത്ര ചെയ്യുന്നു. ഇതൊക്കെ കേവലം അക്കങ്ങളല്ല, മറിച്ചു ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം എളുപ്പമായിത്തീരുന്നതിന്റെ തെളിവാണ്.
സുഹൃത്തുക്കളെ,
ഇതു സാധ്യമായതു നാം നഗരവല്‍ക്കരണത്തെ വെല്ലുവിളിക്കു പകരം അവസരമായി കണ്ടതുകൊണ്ടാണ്. അതിനു മുന്‍പുവരെ നമ്മുടെ രാജ്യത്തിനു മെട്രോ സംബന്ധിച്ചു നയം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഗവണ്‍മെന്റ് മെട്രോ സംബന്ധിച്ചു നയം രൂപീകരിക്കുകയും എല്ലാ അര്‍ഥത്തിലുമുള്ള തന്ത്രങ്ങളോടുകൂടി നടപ്പാക്കുകയും ചെയ്തു. പ്രാദേശികമായ ആവശ്യങ്ങള്‍ക്കനുസൃതമായി ജോലി ചെയ്യുന്നതിനു നാം ഊന്നല്‍ നല്‍കി. പ്രാദേശിക മികവുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു നാം പ്രാധാന്യം നല്‍കി. മെയ്ക്ക് ഇന്‍ ഇന്ത്യ വികസിപ്പിക്കുന്നതില്‍ നാം ശ്രദ്ധിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനു നാം മുന്‍ഗണന നല്‍കി.
സുഹൃത്തുക്കളെ,
രാജ്യത്തെ വിവിധ നഗരങ്ങള്‍ക്കു വ്യത്യസ്ത ആവശ്യങ്ങളും ആഗ്രഹങ്ങളും വെല്ലുവിളികളുമാണ് ഉള്ളതെന്നു നിങ്ങളില്‍ മിക്കവര്‍ക്കും അറിയാമായിരിക്കും. ഒറ്റ മാതൃക മാത്രമാണ് അംഗീകരിച്ചിരുന്നതെങ്കില്‍ മെട്രോ റെയിലിന്റെ വികസനം സാധ്യമാകുമായിരുന്നില്ല. നഗരത്തിലെ ജനങ്ങളുടെ ആവശ്യകതയും ജീവിത ശൈലിയും പരിഗണിച്ചുവേണം മെട്രോ വികസിപ്പിക്കുന്നതും നവീന ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതുമെന്നു നാം മനസ്സിലാക്കി. അതാണു വിവിധ തരം മെട്രോ റെയിലുകള്‍ വിവിധ നഗരങ്ങളില്‍ യാഥാര്‍ഥ്യമാകാന്‍ കാരണം. ഞാന്‍ ഏതാനും ഉദാഹരണങ്ങള്‍ പറയാം. റീജനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ അഥവാ ആര്‍.ആര്‍.ടി.എസ്സിന്റെ മഹത്തായ മാതൃകയായ ഡെല്‍ഹി-മീററ്റ് ആര്‍.ആര്‍.ടി.എസ്. ഡെല്‍ഹിക്കും മീററ്റിനും ഇടയിലുള്ള യാത്രാസമയം ഒരു മണിക്കൂറില്‍ താഴെയായി കുറയ്ക്കും.
മെട്രോയുടെ ചെറിയ രൂപമായ മെട്രോ ലൈറ്റ് യാത്രക്കാരുടെ എണ്ണം കുറവായ നഗരങ്ങളില്‍ ഉപയോഗപ്പെടുത്തുകയാണ്. സാധാരണ മെട്രോയുടെ 40 ശതമാനം തുകകൊണ്ട് ഇവ പൂര്‍ത്തിയാക്കാം. പിന്നെയും യാത്രക്കാര്‍ കുറവായ നഗരങ്ങളില്‍ മെട്രോ നിയോ നടപ്പാക്കിവരുന്നു. വലിയ ജലാശയങ്ങള്‍ ഉള്ള നഗരങ്ങളില്‍ വാട്ടര്‍ മെട്രോ തയ്യാറാക്കപ്പെടുന്നുണ്ട്. ഇതു നഗരങ്ങള്‍ തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുകയും തൊട്ടടുത്ത ദ്വീപുകളിലെ ജനങ്ങള്‍ക്ക് കണക്റ്റിവിറ്റിയുടെ നേട്ടങ്ങള്‍ അവസാന നിമിഷം വരെ ലഭ്യമാക്കുകയും ചെയ്യും. കൊച്ചിയിലെ ജോലി അതിവേഗം പുരോഗമിക്കുകയാണ്.
സുഹൃത്തുക്കളെ,
ഇപ്പോള്‍ മെട്രോ കേവലം ഗതാഗത സംവിധാനമല്ല എന്ന് ഓര്‍ക്കണം. മാലിന്യം ഗണ്യമായി കുറയ്ക്കുന്ന സംവിധാനംകൂടിയാണ് അത്. മെട്രോ ശൃംഖല നിമിത്തം വായു മലിനീകരണവും ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്ന ആയിരക്കണക്കിനു വാഹനങ്ങള്‍ റോഡില്‍നിന്ന് ഒഴിവാക്കപ്പെട്ടു.
സുഹൃത്തുക്കളെ,
മെട്രോ വികസിപ്പിക്കുന്നതിനു മെയ്ക്ക് ഇന്‍ ഇന്ത്യ വളരെയധികം പ്രധാനമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ ചെലവു കുറയ്ക്കാനും വിദേശ നാണ്യ ശേഖരം ലാഭിക്കാനും കൂടുതല്‍ പേര്‍ക്കു തൊഴില്‍ ലഭ്യമാക്കാനും സഹായിക്കുന്നു. കംപാര്‍ട്ട്‌മെന്റുകള്‍ അടിസ്ഥാന മാതൃക പോലെ നിര്‍മിക്കുക വഴി ഇന്ത്യന്‍ ഉല്‍പാദകര്‍ക്കു നേട്ടമായി. കോച്ചിന്റെ വില 12 കോടി രൂപയില്‍നിന്ന് എട്ടു കോടി രൂപയായി കുറഞ്ഞു.
സുഹൃത്തുക്കളെ,
ഇപ്പോള്‍ രാജ്യത്തു നാലു വലിയ കമ്പനികള്‍ മെട്രോ കോച്ചുകള്‍ നിര്‍മിക്കുന്നുണ്ട്. എത്രയോ കമ്പനികള്‍ മെട്രോയുടെ ഘടകങ്ങള്‍ നിര്‍മിക്കുകയാണ്. ഇത് മെയ്ക്ക് ഇന്‍ ഇന്ത്യക്കും ആത്മനിര്‍ഭര്‍ ഭാരതിനും ഗുണകരമാണ്.
സുഹൃത്തുക്കളെ,
ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തേണ്ടത് ഇപ്പോഴത്തെ ആവശ്യമാണ്. ഇപ്പോഴെനിക്ക് ഡ്രൈവറില്ലാ മെട്രോ തീവണ്ടി ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചു. ഈ നേട്ടത്തോടെ ഈ സംവിധാനമുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ നമ്മുടെ രാജ്യത്തിന് ഇടം ലഭിച്ചു. ബ്രേക്കുകളില്‍ നല്‍കപ്പെടുന്ന ഊര്‍ജത്തിന്റെ പകുതി ഗ്രിഡിലേക്കു തിരികെ ലഭിക്കുന്ന ബ്രെക്കിങ് സംവിധാനവും നാം പരീക്ഷിക്കുകയാണ്. ഇപ്പോള്‍ 130 മെഗാവാട്ട് സൗരോര്‍ജമാണ് മെട്രോ റെയിലില്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് 600 മെഗാവാട്ടായി ഉയര്‍ത്തുകയാണ്. പ്ലാറ്റ്‌ഫോമുകള്‍ പോലുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. നിര്‍മിത ബുദ്ധിയാല്‍ പ്രവര്‍ത്തിക്കുന്ന വാതിലുകളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.
സുഹൃത്തുക്കളെ,
ആധുനികവല്‍ക്കരണത്തിന് ഒരേ മാനദണ്ഡങ്ങളും സൗകര്യങ്ങളും ലഭ്യമാക്കേണ്ടതു വളരെ പ്രധാനമാണ്. ദേശീയ തലത്തിലുള്ള കോമണ്‍ മൊബിലിറ്റി കാര്‍ഡ് ഈ ദിശയില്‍ വലിയ ചുവടാണ്. കോമണ്‍ മൊബിലിറ്റി കാര്‍ഡിന്റെ ലക്ഷ്യം സുവ്യക്തമാണ്. നിങ്ങള്‍ എവിടെയും ഏതു പൊതു ഗതാഗത സംവിധാനവും ഉപയോഗപ്പെടുത്തി സഞ്ചരിക്കുമ്പോഴും സമഗ്രമായി കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും. എന്നുവെച്ചാല്‍, എവിടെയും ഒരു കാര്‍ഡ് തന്നെ മതി.
സുഹൃത്തുക്കളെ,
മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അറിയാമല്ലോ, ടോക്കണ്‍ എടുക്കാന്‍ എത്ര സമയം ക്യൂ നില്‍ക്കണമെന്ന്. മെട്രോയില്‍നിന്ന് ഇറങ്ങിയാല്‍ ബസ് ടിക്കറ്റ് എടുക്കണം. ഇപ്പോള്‍ എല്ലാവര്‍ക്കും സമയം കുറവാണെന്നിരിക്കെ, യാത്രയ്ക്കു സമയം കളയാന്‍ കഴിയില്ല. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പോകുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുതെന്ന ചിന്തയില്‍ നാം ഈ ദിശയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
സുഹൃത്തുക്കളെ,
എല്ലാ സംവിധാനങ്ങളും ഏകോപിപ്പിക്കുക വഴി രാജ്യത്തിന്റെ കരുത്തു വര്‍ധിപ്പിക്കുകയാണ്. ഒരു രാജ്യം, ഒരു മൊബിലിറ്റി കാര്‍ഡ് പോലെ രാജ്യത്തെ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നമ്മുടെ ഗവണ്‍മെന്റ് പല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരു രാജ്യം ഒരു ഫാസ്ടാഗ് രാജ്യത്താകമാനം ഹൈവേകളിലൂടെ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കി. ഒരു രാജ്യം ഒരു നികുതി, അതായത് ജി.എസ്.ടി., വഴി രാജ്യത്തെ നികുതി സ്തംഭനം ഇല്ലാതാക്കി. പൊതുവായ നേരിട്ടുള്ള നികുതി സമ്പ്രദായം യാഥാര്‍ഥ്യമായി. ഒരു രാജ്യം ഒരു പവര്‍ ഗ്രിഡ് വഴി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തടസ്സമില്ലാതെ ആവശ്യത്തിനു വൈദ്യുതി ഉറപ്പാക്കുന്നു.
ഒരു രാജ്യം ഒരു വാതക ഗ്രിഡ് വഴി വാതകാധിഷ്ഠിത ജീവിതവും സമ്പദ്‌വ്യവസ്ഥയും സ്വപ്‌നം മാത്രമായി അവശേഷിച്ചിരുന്ന, കടലില്‍നിന്ന് അകലെയുള്ള സ്ഥലങ്ങളില്‍ പരിമിതികള്‍ ഇല്ലാതെ ഗ്യാസ് കണക്റ്റിവിറ്റി ഉറപ്പാക്കി. ഒരു സംസ്ഥാനത്തു മാത്രമല്ല, രാജ്യത്താകമാനം ദശലക്ഷക്കണക്കിനു പേര്‍ ഒരു രാജ്യം, ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍നിന്നു നേട്ടമുണ്ടാക്കുന്നു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് വഴി രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്നു മറ്റൊരു ഭാഗത്തേക്കു പോകുന്നവര്‍ക്കു പുതിയ റേഷന്‍ കാര്‍ഡ് നേടിയെടുക്കേണ്ട ബുദ്ധിമുട്ട് ഇല്ലാതാക്കുന്നു. ഒറ്റ റേഷന്‍ കാര്‍ഡ് വഴി രാജ്യത്താകമാനം കുറഞ്ഞ വിലയ്ക്കു റേഷന്‍ ലഭിക്കുന്നു. അതുപോലെ, ഇ-നാം പോലുള്ള പുതിയ കാര്‍ഷിക പരിഷ്‌കാര സംവിധാനങ്ങള്‍ വഴി ഒരു രാജ്യം ഒരു കാര്‍ഷിക വിപണി എന്ന സംവിധാനത്തിലേക്കു മാറുകയാണ്.
സുഹൃത്തുക്കളെ,
രാജ്യത്തെ ഓരോ ചെറു നഗരവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വന്‍ കേന്ദ്രങ്ങളായി 21ാം നൂറ്റാണ്ടില്‍ മാറും. 21ാം നൂറ്റാണ്ടിലെ ഇന്ത്യ ലോകത്തു പുതിയ വ്യക്തിത്വം നേടിയെടുക്കുന്നതോടെ ആ മഹിമ നമ്മുടെ തലസ്ഥാനത്തും പ്രതിഫലിക്കണം. പഴയ നഗരമാണെന്ന വെല്ലുവിളിയുണ്ട്. എന്നാല്‍, അതിനെ തരണംചെയ്തുകൊണ്ട് ആധുനികതയുടെ പുതിയ വ്യക്തിത്വം പകര്‍ന്നുനല്‍കേണ്ടതുണ്ട്. അതിനാല്‍, ഇന്ന് ഡല്‍ഹിക്കു പുതിയ മുഖം നല്‍കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ഡല്‍ഹിയില്‍ വൈദ്യുതി വാഹനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് അവ വാങ്ങുമ്പോഴുള്ള നികുതി ഒഴിവാക്കിയിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഡല്‍ഹിയില്‍ പഴയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു പുറമെ, 21ാം നൂറ്റാണ്ടിന്റെ സംഭാവനയായ പുതിയ കേന്ദ്രങ്ങള്‍ തയ്യാറായിവരികയാണ്. രാജ്യാന്തര സമ്മേളനങ്ങളുടെയും രാജ്യാന്തര പ്രദര്‍ശനങ്ങളുടെയും രാജ്യാന്തര ബിസിനസ് ടൂറിസത്തിന്റെയും പ്രധാന കേന്ദ്രമായി ഡല്‍ഹി മാറാന്‍ പോവുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രം ദ്വാരകയില്‍ വരികയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ഒരു കൂറ്റന്‍ ഭാരത വന്ദന പാര്‍ക്കും വികസിപ്പിച്ചുവരികയാണ്. അത്തരം പ്രവൃത്തികള്‍ ഡല്‍ഹിയിലുള്ളവര്‍ക്ക് ആയിരക്കണക്കിനു തൊഴിലവസരം സൃഷ്ടിക്കുന്നതോടൊപ്പം നഗരത്തിന്റെ മുഖച്ഛായ മാറ്റുകയും ചെയ്യുന്നു.
130 കോടി ജനങ്ങളുടെയും ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, തന്ത്രപ്രധാന ശക്തിയുടെയും തലസ്ഥാനമാണ് ഡല്‍ഹി. ആ മഹത്വം ഇവിടെ പ്രതിഫലിക്കണം. ഡല്‍ഹിയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നാം ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും ഡല്‍ഹി കൂടുതല്‍ ആധുനികവല്‍ക്കരിക്കും എന്നുമുള്ള ആത്മവിശ്വാസം എനിക്കുണ്ട്.
പുതിയ സൗകര്യങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി രാജ്യത്തെ ജനങ്ങളെയും ഡല്‍ഹിയിലെ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുകയാണ്.
നന്ദി.
കുറിപ്പ്: ഇതു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ തര്‍ജമയാണ്. അദ്ദേഹം പ്രസംഗിച്ചിരുന്നത് ഹിന്ദിയിലാണ്.
***
(Release ID: 1684576)
Visitor Counter : 236
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada