പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലക്‌നോ സര്‍വകലാശാലയുടെ സ്ഥാപകദിന ശതാബ്ദിയാഘോഷ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 25 NOV 2020 9:02PM by PIB Thiruvananthpuram

നമസ്‌കാര്‍,

മന്ത്രിസഭയിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനും ലക്‌നോ ലോകസഭാംഗവുമായ ശ്രീ രാജ്‌നാഥ് സിംങ് ജി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ഡോ. ദിനേശ് ശര്‍മ ജി, ഉന്നത വിദ്യാഭ്യാസ വകുപ്പ സഹമന്ത്രി  ശ്രീമതി നീലിമ കഠ്യാര്‍ ജി, യുപി ഗവണ്‍മെന്റിലെ മറ്റു മന്ത്രിമാരെ, ലക്‌നോ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീ. അശോക് കുമാര്‍ ജി, സര്‍വകാലാശാലയിലെ അധ്യാപകരെ, വിദ്യാര്‍ത്ഥികളെ മഹതീ മഹാന്മാരെ,
 

100 വര്‍ഷം പൂര്‍ത്തിയാക്കിയ ലക്‌നോ സര്‍വകലാശാലാ കുടുംബത്തിന് എന്റെ ഊഷ്മളമായ ആശംസകള്‍ നേരുന്നു.  ഇതു വെറും നൂറു വര്‍ഷങ്ങളല്ല, മറിച്ച് അതിബൃഹത്തായ നേട്ടങ്ങളുടെ വ്യക്തമായ ചരിത്രം കൂടിയാണ് ഈ കാലം. ഇതിന്റെ ഭാഗമായി സ്മാരക തപാല്‍ മുദ്ര, സ്മാരക നാണയങ്ങള്‍, 100-ാം വാര്‍ഷിക സ്മാരകമായി പ്രത്യേക തപാല്‍ കവര്‍ എന്നിവ പുറത്തിറക്കാന്‍ അവസരം ലഭിച്ചതിലും എനിക്ക് സന്തോഷമുണ്ട്.
 

സുഹൃത്തുക്കളെ,

ലക്‌നോ സര്‍വകലാശാലയുമായി അനേകം പേരുകള്‍ ഉണ്ട്, എണ്ണമറ്റ ആളുകളുടെ നാമങ്ങള്‍. എല്ലാവരെയും പേരെടുത്തു പരാമര്‍ശിക്കുക എളുപ്പമല്ല. അവരെയെല്ലാം ഈ മംഗളവേളയില്‍ ഞാന്‍ ആദരിക്കുന്നു. ഈ 100 വര്‍ഷത്തെ യാത്രയില്‍ ഇവരില്‍ ഓരോരുത്തരും ഓരോ തരത്തിലുള്ള സംഭാവനകളാണ് നല്കിയത്. അവരെല്ലാവരും ആദരം അര്‍ഹിക്കുന്നു. ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്. ഇവിടെ  നിന്നു പഠനം പൂര്‍ത്തിയാക്കി പോയവരുമായി ഈ സര്‍വകലാശാലയെ കുറിച്ച് സംസാരിക്കുവാന്‍ അവസരം ലഭിച്ചപ്പോഴൊക്കെ അവരുടെയെല്ലാം കണ്ണുകളില്‍ ഒരു തിളക്കമുണ്ട്. അനേകം തവണ എനിക്ക് ഇത് അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട്. സര്‍വകലാശാലാ ദിനങ്ങളെ കുറിച്ചുള്ള ജ്വലിക്കുന്ന സ്മരണകളാണ്  ഇപ്പോഴും അവര്‍ക്കുള്ളത്.
 

സുഹൃത്തുക്കളെ,

ലക്‌നോ സര്‍വകലാശാലയുടെ അധികാര പരിധി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി അറിഞ്ഞു. പുതിയ ഗവേഷണ കേന്ദ്രങ്ങളും സര്‍വകലാശാല ആരംഭിച്ചിരിക്കുന്നു. എന്നാല്‍ ഏതാനും ചില അഭിപ്രായങ്ങള്‍ കൂടി കൂട്ടി ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇവ ചര്‍ച്ച ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രാദേശിക വിജ്ഞാന ശാഖയെ കുറിച്ച്, പ്രാദേശിക ഉത്പ്പന്നന്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച്, സര്‍വകലാശാലയുടെ പ്രവര്‍ത്തന പരിധിയിലുള്ള ജില്ലകളുടെ നൈപുണ്യ വികസനത്തെ കുറിച്ച്  എന്തുകൊണ്ട്  നമ്മുടെ സര്‍വ കലാശാലയ്ക്ക്  വിശദമായ അപഗ്രഥനം നടത്തി കൂടാ എന്നാണ് എന്റെ നിര്‍ദ്ദേശം. പ്രാദേശിക ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം, അവയുടെ മൂല്യ വര്‍ധനവിന് ആധുനിക മാര്‍ഗ്ഗങ്ങള്‍, നവീന സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളിലും സര്‍വകലാശാല ഗവേഷണങ്ങള്‍ നടത്തണം. അവയുടെ ബ്രാന്‍ഡിംങ്ങുമായി  ബന്ധപ്പെട്ട തന്ത്രങ്ങള്‍,  വിപണനം, നടത്തിപ്പ് തുടങ്ങിയവയും നിങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. അത് സര്‍വകലാശാലാവിദ്യാര്‍ത്ഥികളുടെ നിത്യാനുഷ്ഠാനങ്ങളുടെ ഭാഗമാക്കുകയും വേണം. ഉദാഹരണത്തിന് എങ്ങിനെയാണ് ലക്‌നോ ചിക്കന്‍ കറി, അലിഗഡിലെ താഴുകള്‍, മൊറാദാബാദിലെ പിച്ചള ഉപകരണങ്ങള്‍, ആഗോള പ്രശസ്തമായ ഭദോഹി കമ്പളങ്ങള്‍ തുടങ്ങിയ ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. തീര്‍ച്ചയായും നമുക്ക് പുതിയ തുടക്കം കുറിക്കാം, പുതിയ പഠനം, പുതിയ ഗവേഷണം ആരംഭിക്കാം. നയങ്ങള്‍ തീരുമാനിക്കുന്നതിനും രൂപീകരിക്കുന്നതിനും ഈ പഠനങ്ങള്‍ ഗവണ്‍മെന്റിനും വലിയ സഹായമാകും. അപ്പോള്‍ മാത്രമെ ഒരു ജില്ലയുടെ,  ഒരു ഉത്പ്പന്നത്തിന്റെ ചൈതന്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പുറത്തിങ്ങുകയുള്ളു.
 

സുഹൃത്തുക്കളെ,

സര്‍വകലാശാല എന്നാല്‍ കേവലം ഉന്നതവിദ്യാഭ്യാസത്തിനുള്ള കേന്ദ്രം മാത്രമല്ല. അത് ബൃഹത്തായ ഊര്‍ജ്ജ നിലയമാണ്, വിശാലമായ  ശക്തികേന്ദ്രമാണ്,  ലക്ഷ്യങ്ങളും പ്രതിജ്ഞകളും സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രചോദന നിലമാണ്.നമ്മുടെ സ്വഭാവ രൂപീകരണത്തിനുള്ള പ്രേരണയാണ്, നമ്മുടെ ആത്മശക്തിയുടെ ഉണര്‍വാണ്. വര്‍ഷങ്ങള്‍ പിന്നിടും തോറും സര്‍വകലാശാല അധ്യാപകര്‍ അവരുടെ വിദ്യാര്‍ത്ഥികളുടെ ബൗദ്ധികവും വൈജ്ഞാനികവും കായികവുമായ വികാസം പോഷിപ്പിക്കുകയും അവരുടെ ശേഷി വളര്‍ത്തുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ സാധ്യതകള്‍ സാക്ഷാതക്കരിക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്.
 

എന്നാല്‍ സുഹൃത്തുക്കളെ,

വളരെക്കാലമായി നാം നമ്മുടെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തിയില്ല എന്നതാണ് നമ്മുടെ പ്രശ്‌നം. ഇതേ പ്രശ്‌നം തന്നെയായിരുന്നു നമ്മുടെ ഭരണത്തിലും, ഭരണ നിര്‍വഹണത്തിലും. കഴിവുകള്‍ കൃത്യമായി ഉപയോഗപ്പെടുത്താതിരിക്കുമ്പോള്‍ എന്തു സംഭവിക്കും എന്നതിന്റെ ഒരു ഉദാഹരണം ഞാന്‍ ചൂണ്ടിക്കാണിക്കാം. ഇത് കൂടുതല്‍ യോജിക്കുന്നത് ഉത്തര്‍ പ്രദേശിനാണ്. റായ്ബലേറിയിലെ കോച്ച് ഫാക്ടറി ലക്‌നോവില്‍ നിന്ന് അധികം അകലെയല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് നിക്ഷേപം നടത്തി, ആവശ്യമായ സാധനങ്ങളും യന്ത്രങ്ങളും സ്ഥാപിച്ചു. റെയില്‍ കോച്ചുകളുടെ നിര്‍മ്മാണം സംബന്ധിച്ച്  പല വലിയ പ്രഖ്യാപനങ്ങളും നടന്നു. എന്നാല്‍ വര്‍ഷങ്ങളോളം ചളുക്കുകള്‍ നിവര്‍ക്കുകയും ചായം പൂശുകയും മാത്രമായിരുന്നു ഇവിടെ നടന്നത്. അതായത് കപുര്‍ത്തലയിലും മറ്റും നിര്‍മ്മിച്ചിരുന്ന കോച്ചുകളുടെ പെയിന്റിംങ്ങും ചില സാധനങ്ങള്‍ ഘടിപ്പിക്കലും മാത്രം. കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഫാക്ടറിക്ക് ശേഷിയുണ്ടായിരുന്നു. പക്ഷേ ഒരിക്കലും ആ ശേഷി വിനിയോഗിക്കപ്പെട്ടില്ല. ഒടുവില്‍ 2014 നു ശേഷം ഞങ്ങള്‍ ആ മാനസികാവസ്ഥയും പ്രവര്‍ത്തന രീതിയും മാറ്റി. ഫലമോ, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇവിടെ ആദ്യ കോച്ച് നിര്‍മ്മാണം പൂര്‍ത്തിയായി. ഇന്ന് ഈ ഫാക്ടറിയില്‍ നിന്ന് ആയിരക്കണക്കിനു കോച്ചുകളാണ് ഉത്പാദിപ്പിക്കുന്നത്.
 

സുഹൃത്തുക്കളെ,

സാധ്യതകളുടെ ഉചിതമായ വിനിയോഗത്തിനൊപ്പം പ്രാധാന്യമുണ്ട് ഇഛാശക്തിക്കും നിശ്ചയദാര്‍ഢ്യത്തിനും. ഇഛാശക്തി ഇല്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കില്ല. ഇഛാശക്തിക്ക് എങ്ങിനെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നതിന് രാജ്യത്തിനു മുമ്പില്‍ ഉദാഹരണങ്ങള്‍ നിരവധി. അതില്‍ ഒരു മേഖലയെ മാത്രം ഞാന്‍ സൂചിപ്പിക്കാം. അത് യൂറിയ ആണ്. രാജ്യത്ത് ഒരു കാലത്ത് അനേകം ഫാക്ടറികള്‍ യൂറിയ ഉത്പാദിപ്പിച്ചിരുന്നു. എന്നിട്ടും ഇന്ത്യ വന്‍തോതില്‍ യൂറിയ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നു. ഇതിന്റെ ഒരു കാരണം ഇന്ത്യയിലെ വളനിര്‍മ്മാണ ശാലകള്‍ അവയുടെ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നതാണ്.
 

സുഹൃത്തുക്കളെ,

ഞങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന രീതിയില്‍ നയ തീരുമാനങ്ങള്‍ സ്വീകരിച്ചു. അതിന്റെ ഫലമായി ഇന്ന് രാജ്യത്തെ യൂറിയ ഫാക്ടറികള്‍ എല്ലാം പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. യൂറിയായുടെ കരിംചന്തയും മറ്റൊരു പ്രശ്‌നമായിരുന്നു. കൃഷിക്കാര്‍ക്ക് വേണ്ടിയായിരുന്നെങ്കിലും വിതരണം ചെയ്തിരുന്ന യൂറിയ മറ്റ് എവിടെയൊക്കെയോ ആണ് എത്തിയിരുന്നത്. യൂറിയ പതിവായി മോഷ്ടിക്കപ്പെട്ടിരുന്നു. അതിന്റെ കഷ്ടപ്പാടു മുഴുവന്‍ രാജ്യത്തെ കര്‍ഷകരാണ് സഹിച്ചത്.  100 ശതമാനം യൂറിയായിക്കും ഞങ്ങള്‍ വേപ്പ് ആവരണം നല്കികൊണ്ട് യൂറിയയുടെ കരിംചന്ത പ്രശ്‌നം ഞങ്ങള്‍  പരിഹരിച്ചു. ഇന്ന് ആവശ്യത്തിന് യൂറിയ വിപണിയില്‍ സുലഭമാണ്.
 

സുഹൃത്തുക്കളെ,

പുതിയ സാങ്കേതിക വിദ്യ നടപ്പിലാക്കിക്കൊണ്ട് കാലഹരണപ്പെട്ടതും അടച്ചുപൂട്ടിയിട്ടിരുന്നതുമായ എല്ലാ വളം നിര്‍മ്മാണ ശാലകളും ഞങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു.  ഗോരഖ്പൂര്‍, സിന്ദ്രി, ബറൂണി തുടങ്ങിയ വളം ഫാക്ടറികള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങും. ഇതിനായി അതിബൃഹത്തായ ഒരു വാതക പൈപ്പ് ലൈന്‍ കിഴക്കന്‍ ഇന്ത്യയില്‍ സ്ഥാപിച്ചു കഴിഞ്ഞു.ഞാന്‍ പറഞ്ഞു വരുന്നത്, ക്രിയാത്മകമായ ചിന്തകളും സമീപനത്തിലെ സാധ്യതകളും എപ്പോഴും സജീവമാക്കി നിര്‍ത്തണം. ഈ സമീപനത്തിലൂടെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ വെല്ലുവിളികളെ പോലും അഭിമുഖീകരിക്കുന്നതിന് നിങ്ങള്‍ക്കു സാധിക്കും.
 

സുഹൃത്തുക്കളെ,

മുഖ്യമന്ത്രിയായപ്പോള്‍ ഞാനും ഖാദിയുടെ പ്രചാരണം തുടങ്ങി. എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടാം തിയതി ഞാനും പതിവായി ഖാദി വില്പന ശാല സന്ദര്‍ശിച്ച് കുറെ തുണി വാങ്ങും. എന്റെ തീരുമാനങ്ങള്‍ വ്യക്തവും ലക്ഷ്യം ന്യായവുമായിരുന്നു. മറു വശത്ത്  എന്നെ നിരുത്സാഹപ്പെടുത്തുന്നവരും ഉണ്ടായിരുന്നു. ഞാന്‍ ഖാദി പ്രചരിപ്പിച്ചു തുടങ്ങിയപ്പോള്‍, ഖാദി പരുക്കന്‍ വസ്ത്രമാണ് ധരിക്കാന്‍ സുഖമില്ല എന്നും മറ്റുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു തുടങ്ങി. അഭിപ്രായങ്ങളൊക്കെ  അവഗണിച്ചുകൊണ്ട് ഞാന്‍ പുതിയ തുടക്കവും അനുകൂലമായ ചിന്തകളും ആരംഭിച്ചു.  മഹാത്മഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2002 ല്‍ പോര്‍ബന്ധറില്‍ ഞാന്‍ ഖാദി വസ്ത്രങ്ങളുടെ ഫാഷന്‍ പ്രദര്‍ശനം ആസുത്രണം ചെയ്തു. അതിന്റെ നടത്തിപ്പിന്റെ ഉത്തരവാദിത്വം സര്‍വകലാശാലയിലെ ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളെ ഏല്‍പ്പിക്കുകയും ചെയ്തു. ഫാഷന്‍ പ്രദര്‍ശനങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഖാദിയും യുവാക്കളും ചേര്‍ന്ന് അന്നു സൃഷ്ടിച്ച ആ മാസ്മരികത ഖാദിയെ കുറിച്ച് അന്നുവരെ ഉണ്ടായിരുന്ന  എല്ലാ മുന്‍വിധികളെയും തകര്‍ത്തുകളഞ്ഞു. ആ ചെറുപ്പക്കാര്‍ക്ക് അതു സാധിച്ചു.  പിന്നീട് ഈ സംഭവം വലിയ ചര്‍ച്ചയായി. ആ സമയത്ത് ഞാന്‍ ഒരു മുദ്രാവാക്യവും ഉണ്ടാക്കി. സ്വാതന്ത്ര്യത്തിനു മുമ്പ് ഖാദി രാഷ്ട്രത്തിന്, സ്വാതന്ത്ര്യത്തിനു ശേഷം ഖാദി പരിഷ്‌കാരത്തിന്... ഖാദിക്ക് എങ്ങിനെ പരിഷ്‌കൃതമാകാനാകും,  ഖാദി വസ്ത്രങ്ങള്‍ വച്ച് എങ്ങിനെ ഫാഷന്‍ പ്രദര്‍ശനം നടത്താനാവും എന്നൊക്കെ ജനം അമ്പരന്നു.
 

സുഹൃത്തുക്കളെ,

2014 നു മുമ്പ് 20 വര്‍ഷത്തെ ഖാദി വില്പനയിലൂടെ ലഭിച്ച തുകയെക്കാള്‍ എത്രയോ ഇരട്ടിയാണ് കഴിഞ്ഞ ആറു വര്‍ഷത്തെ ഖാദി വില്പനയിലൂടെ ലഭിച്ചത് എന്ന് അറിയുമ്പോള്‍ നിങ്ങള്‍ അമ്പരന്നു പോകും. നിങ്ങള്‍ 20 വര്‍ഷത്തെയും ആറു വര്‍ഷത്തെയും ഖാദിയുടെ വില്പന പരിശോധിച്ചു നോക്കൂ.
 

സുഹൃത്തുക്കളെ,

കലാലയ ജീവിതം അമൂല്യമാണ്. അത് തിരിച്ചു കിട്ടുക അസാധ്യവുമാണ്. അതിനാല്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലമത്രയും നിങ്ങള്‍ ആസ്വദിക്കണം, ആത്മവിശ്വാസം വര്‍ധിപ്പിക്കണം. ഇന്നു നിങ്ങള്‍ സമ്പാദിക്കുന്ന സൗഹൃദങ്ങള്‍ എക്കാലത്തേയ്ക്കുമുള്ളതാണ്. പില്ക്കാലത്തു നിങ്ങള്‍ ആയിരിക്കുന്ന പദവി എന്തുമാകട്ടെ, ചെയ്യുന്ന ജോലി ഏതുമാകട്ടെ സ്‌കൂള്‍ പഠന കാലത്തും  കോളജു ജീവിത കാലത്തുമായി  നിങ്ങള്‍ സമ്പാദിക്കുന്ന സൗഹൃദങ്ങള്‍ക്ക്  നിങ്ങളുടെ ജീവിതത്തില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ടാവും. അതിനാല്‍ ധാരാളം കൂട്ടുകാരെ സമ്പാദിക്കുക, സന്തോഷമായി ജീവിക്കുക.
 

സുഹൃത്തുക്കളെ,

രാജ്യത്തെ ഓരോ യുവാവിനും യുവതിക്കും സ്വയം അറിയാനും കഴിവുകള്‍ സ്വയം പരിശോധിക്കാനും സാധിക്കുക എന്നതാണ് രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. മനസില്‍ ഈ ലക്ഷ്യത്തോടെ,  നഴ്‌സറി പരിശീലനം മുതല്‍ പിഎച്ച് ഡി വരെ അടിസ്ഥാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം ഉണ്ടായിരിക്കണം. സ്വന്തമായി  തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യവും വഴക്കവും ഉള്ളവര്‍ക്കു മാത്രമെ ആത്മവിശ്വാസം ഉണ്ടാവുള്ളു. ബന്ധനത്തില്‍ പെട്ട ശരീരത്തിനും പൊഴികള്‍ വീണ മനസിനും ഒരിക്കലും ക്രിയാത്മകമാവാന്‍ സാധിക്കില്ല. ഓര്‍ക്കുക, മാറ്റങ്ങളെ എതിര്‍ക്കുന്ന അനേകം ആളുകളെ നിങ്ങള്‍ക്ക് ഈ സമൂഹത്തില്‍ കാണാന്‍ സാധിക്കും. അവര്‍ എതിര്‍ക്കുന്നതിനു കാരണം പഴയ എടുപ്പുകള്‍ ഇടിഞ്ഞുപൊളിഞ്ഞു വീഴും എന്ന ഭയമാണ്. മാറ്റങ്ങള്‍ വിള്ളലുകളും അവിഛിന്നതയും ഉണ്ടാക്കും എന്നതാണ് അവരുടെ അഭിപ്രായം. പുതിയ തുടക്കങ്ങളുടെ സാധ്യതകളെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. നിങ്ങള്‍ ചെറുപ്പക്കാരായ സുഹൃത്തുക്കള്‍ ഈ ഭയത്തില്‍ നിന്നു പുറത്തു വരണം. അതിനാല്‍ ലക്‌നോ സര്‍വകലാശാലയിലെ എല്ലാ അധ്യാപകരോടും യുവസുഹൃത്തുക്കളോടുമുള്ള എന്റെ അഭ്യര്‍ത്ഥന ഇതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് മസ്തിഷ്‌കോദ്ദീപനവും, വാദപ്രതിവാദവും ആശയവിനിമയവും നടത്തുക. ഇത് എത്രയും വേഗം നടപ്പാക്കുന്നതിനായി എല്ലാ ശക്തിയും സംഭരിച്ച് പ്രവര്‍ത്തിക്കുക.  പുതിയ വിദ്യാഭ്യാസ നയം രൂപത്തിലും ഉള്ളടക്കത്തിലും നിങ്ങളുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാകുമ്പോഴേയ്ക്കും രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ പിന്നിട്ടിരിക്കും.
 

സുഹൃത്തുക്കളെ,

1947 ല്‍ നമുക്കു ലഭിച്ച സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം 2047 ലാണ്. അതിനാല്‍ ഞാന്‍ ലക്‌നോ സര്‍വകലാശാലയോട്, അതിന്റെ നയ രൂപീകരണ വിദഗ്ധരോട് ഒരു അഭ്യര്‍ത്ഥന നടത്തുകയാണ്. നിങ്ങള്‍ അഞ്ചു മുതല്‍ ഏഴു വരെ ദിവസങ്ങള്‍ ദീര്‍ഘിക്കുന്ന കുറെ ഡിബേറ്റുകള്‍ സംഘടിപ്പിക്കണം. വിഷയങ്ങള്‍ വളരെ ലളിതം- രാജ്യം സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ലക്‌നോ  സര്‍വകലാശാലയുടെ അവസ്ഥ എന്തായിരിക്കും, അതിനായി അടുത്ത 25 വര്‍ഷം സര്‍വകലാശാല എന്തു സംഭാവന നല്കണം, അതിന്റെ സഫലീകരണത്തിനു ലക്‌നോ സര്‍വകലാശാല നേതൃത്വം നല്കാന്‍ രാജ്യം എന്തു ചെയ്യണം.  നിങ്ങള്‍ വലിയ പ്രതിജ്ഞകളും പുതിയ ബോധ്യങ്ങളുമായി നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഭൂതകാലത്തിന്റെ കഥകള്‍ വരാന്‍ പോകുന്ന ദിനങ്ങള്‍ക്ക് പ്രചോദനവും, നടത്താരയും, അതിവേഗം മുന്നേറുവാനുള്ള നവേന്മേഷവുമാകട്ടെ.

ഈ ആഘോഷം 100 ന്റെ ഓര്‍മ്മയില്‍ ഒതുങ്ങുവാന്‍ പാടില്ല. മറിച്ച് സ്വാതന്ത്ര്യത്തിന്റെ 100 -ാം വാര്‍ഷികത്തിനുള്ള 25 വര്‍ഷത്തെ മാര്‍ഗ്ഗഭൂപടം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ്.  2047 ല്‍ രാജ്യം  100-ാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ലക്‌നോ സര്‍വകലാശാല രാജ്യത്തിന് എന്തു നല്കും എന്നു നിങ്ങള്‍ ചിന്തിക്കണം. രാജ്യത്തെ പുതുയ ഉയരങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ഈ സര്‍വകലാശാല അതിന്റെ അടുത്ത 25 വര്‍ഷങ്ങള്‍ സമര്‍പ്പിച്ചാല്‍  എതിന്റെ ഫലം എന്തെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പോലും സാധിക്കില്ല. ലക്‌നോ സര്‍വകലാശാലയും നേട്ടങ്ങള്‍ക്കാണ് കഴിഞ്ഞ 100 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത്. അതിനാല്‍  രാജ്യത്തിന്റെ 100 -ാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ വ്യക്തി എന്ന നിലയില്‍  ഞാന്‍ എന്തു സംഭാവന നല്കണം, സര്‍വകലാശാല എന്തു നല്കണം, രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ നമ്മുടെ പങ്ക് എന്താണ്  എന്ന് 2047 നെ കുറിച്ച്  നിങ്ങള്‍ മനസില്‍ പ്രതിജ്ഞയെടുക്കുക. ഈ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഒരിക്കല്‍ കൂടി എല്ലാ ആശംസകളും ഞാന്‍ അര്‍പ്പിക്കുന്നു. നിങ്ങളെ കാണുവാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് നിങ്ങളോട് അതിയായ കൃതജ്ഞതയുണ്ട്.

നന്ദി.
 

കുറിപ്പ്

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലാണ്.

 

***



(Release ID: 1676669) Visitor Counter : 185