പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ കാമ്പസില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം
Posted On:
12 NOV 2020 9:05PM by PIB Thiruvananthpuram
തുടക്കത്തില്‍ തന്നെ എല്ലാ യുവാക്കളോടും ഒരു മുദ്രാവാക്യം ഉച്ചത്തില്‍ ആവര്‍ത്തിക്കുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, നിങ്ങളും എന്നോടൊപ്പം പറയുക. ഞാന്‍ പറയും സ്വാമി വിവേകാനന്ദ - നിങ്ങള്‍ പറയും നീണാള്‍ വാഴട്ടെ, നീണാള്‍ വാഴട്ടെ.
നീണാള്‍ വാഴട്ടെ. സ്വാമി വിവേകാനന്ദ. നീണാള്‍ വാഴട്ടെ, നീണാള്‍ വാഴട്ടെ.
രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രി ഡോ.രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ജി, ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രൊഫ.ജഗദീഷ് കുമാര്‍ ജി, പ്രൊവൈസ് ചാന്‍സലര്‍ പ്രൊഫ.ആര്‍ പി സിംങ് ജി, ഇന്നത്തെ ഈ പരിപാടി സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ഡോ.മനോജ് കുമാര്‍ ജി, പ്രതിമ നിര്‍മ്മിച്ച ശില്പി ശ്രീ നരേഷ് കുമാര്‍വത് ജി, വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള അധ്യാപകരെ, ഈ പരിപാടിയില്‍ സംബന്ധിക്കുന്ന എണ്ണമറ്റ എന്റെ യുവ സുഹൃത്തുക്കളെ,
ഒരു പ്രതിമയിലുള്ള വിശ്വാസത്തിന്റെ രഹസ്യം അതില്‍ നിങ്ങള്‍ ദൈവികമായ കാഴ്ച്ചപ്പാട് വികസിപ്പിക്കുന്നു എന്നതാണ് എന്ന് സ്വാമി വിവേകാനന്ദന്‍ പറയും. സ്വാമിജിയുടെ ഈ പ്രതിമ ജെഎന്‍യുവിലെ ഓരോരുത്തരെയും പ്രചോദിപ്പിക്കുകയും അവരില്‍ ഊര്‍ജ്ജം നിറയ്ക്കുകയും ചെയ്യട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ഓരോരുത്തരിലും സ്വാമി വിവേകാനന്ദന്‍ കാണാന്‍ ആഗ്രഹിച്ച ആ ധൈര്യം ഈ പ്രതിമ പ്രദാനം ചെയ്യട്ടെ. സ്വാമിജിയുടെ ദര്‍ശനത്തിന്റെ മുഖ്യ ആശയമായ അനുകമ്പ ഈ പ്രതിമ നമ്മെ പഠിപ്പിക്കട്ടെ.
സ്വാമിജിയുടെ ജീവിതത്തിലെ അത്യുത്കൃഷ്ട സന്ദേശമായ തീവ്രമായ രാഷ്ട്രസമര്‍പ്പണവും, അഗാധമായ രാജ്യസ്‌നേഹവും ഈ പ്രതിമ നമ്മെ പഠിപ്പിക്കട്ടെ. സ്വാമിജിയുടെ ചിന്തകളുടെ പ്രചോദനമായ ഐക്യ ദര്‍ശനത്താല്‍ ഈ പ്രതിമ രാജ്യത്തെ പ്രചോദിപ്പിക്കട്ടെ. സ്വാമിജിയുടെ ആഗ്രഹമായ യുവജനങ്ങളുടെ നേതൃത്വത്തിലുള്ള വികസന വീക്ഷണത്തിലൂടെ മുന്നേറുവാന്‍ ഈ രാജ്യത്തെ ഈ പ്രതിമ പ്രേരകമാവട്ടെ. ശക്തവും സമ്പന്നവുമായ ഇന്ത്യ എന്ന സ്വാമിജിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുവാന്‍ ഈ പ്രതിമ പ്രചോദനമാകട്ടെ.
സുഹൃത്തുക്കളെ,
ഇത് വെറും ഒരു പ്രതിമയല്ല, മറിച്ച് ഇന്ത്യയെ സമസ്ത ലോകത്തിനും പരിചയപ്പെടുത്തി കൊടുത്ത ഒരു താപസന്റെ ആശയ ഔന്നത്യത്തിന്റെ പ്രതീകമാണ്. വേദാന്തത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ജ്ഞാനം അഗാധമായിരുന്നു. അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായിരുന്നു. ലോകത്തിന് എന്തു നല്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സാര്‍വത്രിക സാഹോദര്യം എന്ന ഇന്ത്യയുടെ സന്ദേശം അദ്ദേഹം ലോകത്തില്‍ പ്രചരിപ്പിച്ചു. ഇന്ത്യയുടെ പാരമ്പര്യങ്ങളും, ആശയങ്ങളും, സാംസ്‌കാരിക ശോഭയും ശ്രേഷ്ഠമായ രീതിയില്‍ അദ്ദേഹം ലോകത്തിനു മുന്നില്‍ സമര്‍പ്പിച്ചു.
സുഹൃത്തുക്കളെ,
ഇന്ന് രാജ്യം സ്വാശ്രയ ഇന്ത്യ എന്ന പ്രതിജ്ഞയും ലക്ഷ്യവുമായി മുന്നോട്ടു നീങ്ങുകയാണ്. ഇന്ന് സ്വാശ്രയ ഇന്ത്യ എന്ന ആശയം 130 കോടി ഇന്ത്യക്കാരുടെ ആശയാഭിലാഷങ്ങളുടെയും സാമൂഹിക പ്രബുദ്ധതിയുടെയും ഭാഗമായി മാറിയിരിക്കുന്നു. സ്വാശ്രയ ഇന്ത്യയെ കുറിച്ച് നാം സംസാരിക്കുമ്പോള്‍, ഭൗതികമോ മൂര്‍ത്തമോ ആയ സ്വാശ്രയത്തില്‍ മാത്രമായി ലക്ഷ്യം പരിമിതപ്പെടുത്തിയിട്ടില്ല. സ്വാശ്രയം എന്നതിന്റെ അര്‍ത്ഥം വളരെ സമഗ്രമാണ്, വ്യാപ്തി വളരെ വിശാലമാണ്, അത് അത്യഗാധവും അത്യുന്നതവും ആണ്. വിഭവങ്ങളിലും അതുപോലെ ചിന്തയിലും സംസ്‌കാരത്തിലും സ്വാശ്രയമാകുമ്പോള്‍ മാത്രമാണ് ഏതൊരു രാഷ്ട്രവും സ്വാശ്രയമാകുന്നത്.
സുഹൃത്തുക്കളെ,
ഇന്ന് അഭൂതപൂര്‍വകമായ നവീകരണങ്ങളാണ് സ്വയം പര്യാപ്തതയുടെ ചൈതന്യത്തോടെ എല്ലാ മേഖലകളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സമ്മതിദാനത്തിലൂടെ രാജ്യത്തെ ജനങ്ങള്‍ ഈ പരിഷ്‌കാരങ്ങള്‍ക്കു പിന്തുണയും നല്കിയിരിക്കുന്നു. ജെഎന്‍യുവില്‍ നിങ്ങള്‍ എല്ലാവരും വളരെ ഗൗരവമായി ഇന്ത്യയുടെ സാമൂഹിക രാഷ്ടിയ ഘടനയെ അപഗ്രഥിക്കാറുണ്ടല്ലോ. ഇന്ത്യയിലെ പരിഷ്‌കാരങ്ങളെ കുറിച്ച് നിങ്ങളെക്കാള്‍ നന്നായി ആര്‍ക്കാണ് പറയാന്‍ സാധിക്കുക. ഇന്ത്യയില്‍ നല്ല പരിഷ്‌കാരങ്ങള്‍ മോശം രാഷ്ട്രിയമായി പരിഗണിക്കുന്നു എന്നത് ശരിയല്ലേ. അപ്പോള്‍ നല്ല പരിഷ്‌കാരങ്ങള്‍ നല്ല രാഷ്ട്രിയമാകുന്നത് എങ്ങിനെയാണ്?.
ജെഎന്‍യുവില്‍ നിങ്ങള്‍ എ
ല്ലാവരും ഇതെ കുറിച്ച് ഗവേഷണം നടത്തണം. അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു മുന്നില്‍ ഞാന്‍ ഒരു വശം അവതരിപ്പിക്കാം. ഇന്നത്തെ വ്യവസ്ഥിതിയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കി കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളുടെ പിന്നില്‍ എല്ലാ വിധത്തിലും ഇന്ത്യയെ മെച്ചപ്പെടുത്തുക എന്ന തീരുമാനമാണ്. ഇന്നു നടപ്പിലാക്കുന്ന എല്ലാ പരിഷ്‌കാരങ്ങളുടെയും ഉദ്ദേശ്യങ്ങള്‍ സമഗ്രവും വിശുദ്ധവുമാണ്. ഇന്നു പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനു മുമ്പെ അതിനു ചുറ്റും ഒരു സുരക്ഷാ കവചം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ സുരക്ഷാ വലയത്തിന്റെ ഏറ്റവും വലിയ പരിസരം വിശ്വാസത്തിന്റെതാണ്. ഉദാഹരണം, നമുക്ക് കര്‍ഷകാനുകൂല പരിഷ്‌കാരങ്ങളെ കുറിച്ച് സംസാരിക്കും. ദശകങ്ങളായി കൃഷിക്കാര്‍ രാഷ്ട്രിയ വാദപ്രതിവാദങ്ങളുടെ മാത്രം വിഷയമായിരുന്നു. അവരുടെ താല്പര്യങ്ങള്‍ക്കായി ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങള്‍, വിപണികളുടെ ആധുനികവത്ക്കരണം, യൂറിയയുടെ ലഭ്യത, മണ്ണിന്റെ ആരോഗ്യ കാര്‍ഡുകള്‍, നല്ല വിത്തുകള്‍, വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍, താങ്ങുവിലയില്‍ ഉത്പാദനചെലവിന്റെ ഒന്നര ഇരട്ടിയോളം വര്‍ധന, ഓണ്‍ ലൈന്‍ സംവിധാനത്തിന് ഇ - വിപണികള്‍, പ്രധാന്‍ മന്ത്രി സമ്മാന്‍ നിധി പദ്ധതിലൂടെ നേരിട്ടുള്ള സഹായങ്ങള്‍ തുടങ്ങിയവ വഴി കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളായി നാം കൃഷിക്കാര്‍ക്കു ചുറ്റും ഒരു സുരക്ഷാ വലയം വികസിപ്പിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താങ്ങുവില പല തവണ വര്‍ധിപ്പിച്ചു. കൃഷിക്കാരില്‍ നിന്ന് റെക്കോഡ് സംഭരണമാണ് നടന്നത്. കൃഷിക്കാര്‍ക്കു ചുറ്റം സുരക്ഷാ ശൃംഖല നെയ്യുകയും അവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തതിനു ശേഷം മാത്രമാണ് നാം കാര്‍ഷിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടു നീങ്ങിയത്.
സുഹൃത്തുക്കളെ,
കൃഷിക്കാരെ പോലെ തന്നെ സമാന സമീപനം സ്വീകരിച്ചുകൊണ്ടായിരുന്നു പാവപ്പെട്ടവരുടെ താല്പര്യങ്ങള്‍ പരിഷ്‌കരിച്ചതും. ദീര്‍ഘനാളായി പാവപ്പെട്ടവരും മുദ്രാവാക്യങ്ങളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. രാജ്യത്തിന്റെ സംവിധാനവുമായി പാവപ്പെട്ടവരെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. നേരത്തെ ഏറ്റവും അവഗണിക്കപ്പെട്ട, മാറ്റി നിര്‍ത്തപ്പെട്ട, സാമ്പത്തിക ബഹിഷ്‌കൃതരായ വ്യക്തികളായിരുന്നു അവര്‍. മറ്റു പൗരന്മാര്‍ക്കുള്ളപോലെ ഇപ്പോള്‍ പാവങ്ങള്‍ക്കും സൗകര്യങ്ങള്‍ ലഭിക്കുന്നു, അവര്‍ക്ക് നല്ല വീടുകളുണ്ട്, ശുചിമുറികള്‍ ഉണ്ട്, വൈദ്യുതിയുണ്ട്, ഗ്യാസ് ഉണ്ട്, കുടിക്കാന്‍ ശുദ്ധജലം ഉണ്ട്, കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്. പാവങ്ങള്‍ക്കു ചുറ്റും നെയ്യപ്പെട്ടിരിക്കുന്ന ഈ സുരക്ഷാ വലയം അവരുടെ ആഗ്രങ്ങളുടെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിന് ആവശ്യമാണ്.
സുഹൃത്തുക്കളെ,
ഒരു പരിഷ്‌കാരം ദേശീയ വിദ്യാഭ്യാസ നയമാണ്. ജെഎന്‍യു പോലുള്ള രാജ്യത്തെ സ്ഥാപനങ്ങളെ ഇത് നേരിട്ട് ബാധിക്കുനനു. ഇന്ത്യയിലെ യുവതയെ ആത്മവിശ്വസവും ബോധ്യവും സദ്‌സ്വഭാവവുമുള്ളവരാക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ സത്ത. ഇതാണ് സ്വാമിജിയുടെ കാഴ്ച്ചപ്പാടും. ഇന്ത്യയുടെ വിദ്യാഭ്യാസം എല്ലാ രൂപത്തിലും സ്വാശ്രയമാകണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.
സുഹൃത്തുക്കളെ,
പരിഷ്‌കാരങ്ങള്‍ തീരുമാനിക്കുക മാത്രം പോരാ. അതിലും പ്രധാന കാര്യം നമ്മുടെ ജീവിതത്തില്‍ അവ എപ്രകാരം നടപ്പാക്കുന്നു എന്നതിലാണ്.നാമെല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ വളരെ വേഗത്തില്‍ അര്‍ത്ഥപൂര്‍ണമായ മാറ്റങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ വരും. അത് അദ്ധ്യാപകന്റെയും പ്രത്യേകിച്ച് ബുദ്ധിയുള്ള ക്ലാസിന്റെയും ഏറ്റവും വലിയ ഉത്തരവാദിത്വമാണ്.
സുഹൃത്തുക്കളെ
ജെഎന്‍യു കാമ്പസില്‍ വളരെ ജനപ്രിയമായ ഒരു കേന്ദ്രം ഉണ്ട്. ഏതാണ് അത്. സബര്‍മതി ഡാബ. ശരിയല്ലേ. അവിടെ വിദ്യാര്‍ത്ഥികളുടെ എത്ര എത്ര ഇടപാടുകളാണ് നടക്കുക. നിങ്ങള്‍ ക്ലാസുകള്‍ക്കു ശേഷം അവിടെയ്ക്കു പോകുന്നു. ചായകളുടെയും ലഘുഭക്ഷണങ്ങലുടെയും അകമ്പടിയോടെ അനേകം വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നാണ് ഞാന്‍ അറിഞ്ഞത്. വയര്‍ നിറയുമ്പോള്‍ എല്ലാവരും ചര്‍ച്ചകള്‍ ഇഷ്‌പ്പെടുന്നു. ഇന്ന് നിങ്ങളുടെ ആശയങ്ങള്‍ക്കും ,തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായുള്ള നിങ്ങളുടെ വിശപ്പ് സബര്‍മതി ഡാബയില്‍ പൂര്‍ണമായും തൃപ്തമാക്കപ്പെടുന്നു. ഇനി നിങ്ങള്‍ക്ക് ഒരു സ്ഥലം കൂടി ഉണ്ട്. സ്വാമിജിയുടെ ഈ പ്രതിമയുടെ നിഴലില്‍.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് വലിയ ഹാനി സൃഷ്ടിക്കുന്ന ഒന്നുണ്ടെങ്കില്‍ അത് ദേശ താല്പര്യത്തിനു എതിരായുള്ള ആശയമാണ്. നമ്മുടെ ആദര്‍ശങ്ങള്‍ ദേശിയ താത്പര്യത്തിന്റെ കാര്യമായിരിക്കണം. അത് രാഷ്ട്രത്തിനൊപ്പം പ്രതിഫലിക്കണം. രാഷ്ട്രത്തിന് എതിരെ ആകരുത്.
രാജ്യത്തിന്റെ ചരിത്രത്തിലേയ്ക്കു നോക്കൂ. പോയ കാലത്ത് നാം കഠിന സാഹചര്യങ്ങളെ നേരിട്ടപ്പോള്‍ വ്യത്യസ്ത ആശയസംഹിതകളുള്ളവര്‍ രാജ്യത്തിന്റെ പൊതു താത്പര്യത്തിനായി ഒന്നിച്ചു. സ്വാതന്ത്ര്യ സമര കാലത്ത് വിവിധ ചിന്താധാരകളില്‍ നിന്നു വന്നവര്‍ മഹാത്മഗാന്ധിയുടെ നേതൃത്വത്തില്‍ ഒന്നിച്ചു ചേര്‍ന്നു. അവര്‍ രാജ്യത്തിനു വേണ്ടി ഒരുമിച്ചു പോരാടി.
ബാപ്പുവിന്റെ നേതൃത്വത്തിന്‍ കീഴില്‍ ആര്‍ക്കും സ്വന്തം ആദര്‍ശങ്ങള്‍ ത്യജിക്കേണ്ടി വന്നില്ല. അതായിരുന്നു അന്നത്തെ സാഹചര്യം. എല്ലാവരും പൊതു കാരണത്തിന് പ്രാധാന്യം നല്കി.
അടിയന്തിരാവസ്ഥയിലും രാജ്യം അതെ ഐക്യം ദര്‍ശിച്ചു. അന്ന് കോണ്‍ഗ്രസിന്റെയും ആര്‍എസ്എസിന്റെയും ജനസംഘത്തിന്റെയും പ്രവര്‍ത്തകരുണ്ടായിരുന്നു. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഉണ്ടായിരുന്നു. അടിയന്തിരാവസ്ഥയ്ക്ക് എതിരെ പോരാടാന്‍ ജെഎന്‍യുവില്‍ നിന്ന് ധാരാളം പേരുണ്ടായിരുന്നു. പക്ഷെ പോരാട്ടത്തില്‍ ആര്‍ക്കും സ്വന്തം ആദര്‍ശങ്ങള്‍ ത്യജിക്കേണ്ടി വന്നില്ല. ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍ - ദേശീയ താത്പര്യം.
അതെ ഞാന്‍ സമ്മതിക്കുന്നു. അവസരവാദത്തിനും സ്വാര്‍ത്ഥ താത്പര്യത്തിനും വേണ്ടി ആദര്‍ശവുമായി വിട്ടുവീഴ്ച്ച നടത്തുന്നത് തെറ്റാണ്. ഈ വിവര സാങ്കേതിക യുഗത്തില്‍ അത്തരം അവസരവാദം വിജയിക്കില്ല. നാം അതിനു സാക്ഷികളുമാണ്. അവസരവാദത്തില്‍ നിന്നും നാം അകന്നു നില്ക്കണം. എന്നാല്‍ ആരോഗ്യകരമായ ജനാധിപത്യത്തെ കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ സജീവമായി നടക്കുകയും വേണം.
സുഹൃത്തുക്കളെ,
ഗംഗ, സബര്‍മതി, ഗോദാവരി, തപ്തി, കാവേരി, നര്‍മദ, ഝലം, സത്‌ലജ് എന്നൊക്കെയാണ് ഇവിടുത്തെ ഹോസ്റ്റലുകള്‍ക്ക് പേരുകള്‍ നല്കിയിരിക്കുന്നത്. അതെ നദികളെ പോലെ നിങ്ങള്‍ ഓരോരുത്തരും വന്നിരിക്കുന്നത് ഈ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് വ്ത്യസ്ത ചിന്താധാരകളില്‍ നിന്നാണ്. ആശയങ്ങളുടെ ഈ പങ്കുവയ്ക്കല്‍ തുടര്‍ന്നും ഒഴുകണം. അത് വറ്റി വരണ്ടു പോകരുത്. വ്യത്യസ്തങ്ങളായ ബൗദ്ധിക ആശങ്ങള്‍ മുളയ്ക്കുകയും തളിര്‍ക്കുകയും പിടിച്ചു നില്ക്കുകയും ചെയ്ത മഹത്തായ ഭൂമിയാണ് നമ്മുടെ രാജ്യം. ഈ പാരമ്പര്യം ശക്തമാക്കണം എന്നതാണ് നിങ്ങള്‍ ചെറുപ്പക്കാരുടെ പ്രത്യേകമായ ഉത്തരവാദിത്വം. ഈ പൈതൃകം മൂലം ലോകത്തിലെ ഏറ്റവും ഊര്‍ജസ്വലമായ ജനാധിപത്യ രാജ്യമായിരിക്കുന്നു ഇന്ന് ഇന്ത്യ.
നിലവിലുള്ളതല്ലാത്തത് ഒന്നും ഈ രാജ്യത്തെ ചെറുപ്പക്കാര്‍ സ്വീകരിക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കരുത്. നിങ്ങളുടെ ചിന്ത, ചര്‍ച്ച, സംവാദം, തുറന്ന തര്‍ക്കങ്ങള്‍ ബോധവത്ക്കരണം, ആശവിനിമയം, നടത്തട്ടെ. എന്നിട്ട് ഒരു തീരുമാനത്തില്‍ എത്തുക. സ്വാമി വിവേകാനന്ദന്‍ ഒരിക്കലും നിലവിലുള്ളവയെ അംഗീകരിച്ചിരുന്നില്ല.
യുവസുഹൃത്തുക്കളെ,
സ്വയം തിരിച്ചറിയാനുള്ള മഹത്തായ അവസരമാണ് വിദ്യാര്‍ത്ഥി ജീവിതം. ആത്മസാക്ഷാത്ക്കാരം ജീവിതത്തിലെ പ്രധാനപ്പെട്ട കാല്‍വയ്പ്പാണ്. അതിനാല്‍ ഈ കാലഘട്ടം പൂര്‍ണമായി നിങ്ങള്‍ വിനിയോഗിക്കണം എന്നാണ് എന്റെ ആഗ്രഹം. ജെഎന്‍യു കാമ്പസിലെ ഈ സ്വാമിജി പ്രതിമ ഇവിടെ വരുന്ന ഓരോയുവാവിനും യുവതിക്കും രാഷ്ട്ര നിര്‍മ്മിതിക്ക്, ദേശഭക്തിക്ക്, ദേശീയോദ്ഗ്രഥനത്തിന് പ്രചോദനമാകട്ടെ. ഈ ആശംസയോടെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ മംഗളങ്ങള്‍ നേരുന്നു.
നിങ്ങള്‍ എല്ലാവരും വിജയിക്കട്ടെ, ആരോഗ്യത്തോടെ ഇരിക്കട്ടെ. വരുന്ന ഉത്സവങ്ങള്‍ ആഘോഷിക്കുക. നിങ്ങളും അതെ ചൈതന്യത്തില്‍ ഇവിടെ ദീപാവലി ആഘോഷിക്കുന്നു എന്ന സംതൃപ്തി നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഉണ്ടാവട്ടെ. ഈ പ്രതീക്ഷയോടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും മംഗളാശസകള്‍ അര്‍പ്പിക്കുന്നു.
വളരെ വളരെ നന്ദി.
***
(Release ID: 1673072)
Visitor Counter : 281
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada