പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാഷ്ട്രീയ സ്വച്ഛതാ കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 08 AUG 2020 6:01PM by PIB Thiruvananthpuram

 

ഇന്ന് ചരിത്രദിനമാണ്. ഇന്ന്, അതായത് ഓഗസ്റ്റ് എട്ട് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കു വഹിച്ച ദിനമാണ്. 1942ലെ ഈ ദിവസമാണ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ജനകീയ മുന്നേറ്റം ആരംഭിച്ചത്. അന്ന് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ക്വിറ്റ് ഇന്ത്യ (ഇന്ത്യ വിടുക) എന്ന മുദ്രാവാക്യം ഉയര്‍ന്നു. ഇത്തരത്തിലൊരു ചരിത്ര ദിനത്തില്‍ രാജ്ഘട്ടിനു സമീപം തന്നെ രാഷ്ട്രിയ സ്വച്ഛത കേന്ദ്രം ആരംഭിക്കുന്നതില്‍ വളരെ പ്രസക്തിയുണ്ട്. ബാപ്പുജിയുടെ സ്വച്ഛഗ്രഹത്തിനുള്ള 130 കോടി ഇന്ത്യന്‍ ജനതയുടെ ശ്രദ്ധാഞ്ജലി കൂടിയാണ് ഈ കേന്ദ്രം.
സുഹൃത്തുക്കളെ,
പൂജ്യനായ ബാപ്പു ശുചിത്വത്തിലാണു മിക്കവാറും സ്വരാജിന്റെ പ്രതിച്ഛായ കണ്ടിരുന്നത്. പൊതുശുചിത്വത്തെയാണ് സ്വരാജ് എന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാര മാര്‍ഗമായി അദ്ദേഹം പരിഗണിച്ചിരുന്നത്. ശുചിത്വത്തോടും ശുചീകരണത്തോടും ബാപ്പുവിനുണ്ടായിരുന്ന നിര്‍ബന്ധത്തെ ആധുനിക സ്മാരകത്തിന്റെ പേരില്‍ സമര്‍പ്പിച്ചിരിക്കുന്നത് ഇപ്പോള്‍ രാജ്ഘട്ടമുയി ബന്ധപ്പെട്ടാണ് എന്നതില്‍ എനിക്കു സന്തോഷമുണ്ട്.  
സുഹൃത്തുക്കളെ,
സ്വച്ഛഗ്രഹം അഥവാ ശുചിത്വം സംബന്ധിച്ച ഗാന്ധിയന്‍  ആശയങ്ങളും ഒപ്പം അതേ ആശയങ്ങള്‍ക്കായി സമര്‍പ്പിതമായ ഇന്ത്യക്കാരുടെ തീവ്രമായ ഇച്ഛാശക്തിയും സംഗമിക്കുന്ന ഇടമാണ് രാഷ്ട്രീയ സ്വച്ഛതാ കേന്ദ്രങ്ങള്‍. അല്പസമയം മുമ്പ്  ഈ കേന്ദ്രത്തിനുള്ളില്‍ കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രയത്നങ്ങള്‍ വീക്ഷിച്ചപ്പോള്‍ ഞാന്‍ അവരെ അഭിവാദനം ചെയ്യുന്നതു പോലെ എനിക്ക് അനുഭവപ്പെട്ടു. ആറു വര്‍ഷം മുമ്പ്, ചെങ്കോട്ടയുടെ കൊത്തളങ്ങള്‍ എന്റെ കണ്‍മുന്നില്‍ മിന്നിത്തെളിഞ്ഞപ്പോഴാണ് ഈ യാത്രയുടെ ഓര്‍മ്മകളും മാതൃകകളും ആരംഭിച്ചത്. ആയിരക്കണക്കിന് സുഹൃത്തുക്കള്‍ എല്ലാ അതിരുകളും ഭേദിച്ചും എല്ലാ നിയന്ത്രണങ്ങളും  ഉല്ലംഘിച്ചും ഒറ്റക്കെട്ടായി സ്വച്ഛ്ഭാരത് അഭിയാനുവേണ്ടി കിണഞ്ഞു പരിശ്രമിച്ചതിനു സമാനമായ ആവേശം ഈ കേന്ദ്രത്തിനു പിന്നിലും ഉണ്ട്. സത്യാഗ്രഹത്തിന്റെ പ്രേരണയാല്‍ സ്വച്ഛഗ്രഹത്തിലേക്കുള്ള നമ്മുടെ പ്രയാണം ആധുനിക സാങ്കേതിക വിദ്യയിലൂടെ ഈ കേന്ദ്രത്തില്‍ അതിസൂക്ഷ്മമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ വരുന്ന കുട്ടികള്‍ക്കിടയില്‍ സ്വച്ഛതാ റോബോട്ട് വളരെ സുപരിചിതമാകുന്നു എന്നതാണ്  ഞാന്‍ നിരീക്ഷിച്ച മറ്റൊരു കാര്യം. ഒരു സുഹൃത്തിനെ പോലെ റോബോട്ട് അവരോട് സംസാരിക്കുന്നു. ശുചിത്വവുമായി ബന്ധപ്പെട്ട ആശയങ്ങളില്‍ അതേ ബന്ധം ഇപ്പോള്‍ ഈ രാജ്യത്തെ ഓരോ വ്യക്തിക്കും ലോകത്തിനും അനുഭവപ്പെടുകയും നവീനമായ പ്രചോദനത്തിലൂടെ ഇന്ത്യക്കു പുതിയ പ്രതിച്ഛായ ലഭിക്കുകയും ചെയ്യും. 
സുഹൃത്തുക്കളേ,
വര്‍ത്തമാന കാല ലോകത്തിന് ഗാന്ധിജിയേക്കാള്‍ മഹത്തായ പ്രചോദനം സാധ്യമല്ല. ഗാന്ധിജിയുടെ ആദര്‍ശങ്ങളും ദര്‍ശനങ്ങളും ഏറ്റെടുക്കുന്നതിനായി ലോകം മുഴുവന്‍ മുന്നോട്ടു വരികയാണ്. മുമ്പെങ്ങുമില്ലാത്ത രീതിയില്‍ കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷമായി കൊണ്ടാടി. എത്രയോ രാജ്യങ്ങളില്‍ ഗാന്ധിജിയുടെ ഇഷ്ടഗാനമായ വൈഷ്ണവ ജന തോ തേനേ കഹിയേ' ഗായകരും സംഗീതജ്ഞരും ആലപിച്ചപ്പോള്‍ അത് ചരിത്രമായി. ഇന്ത്യന്‍ ഭാഷയിലുള്ള ഈ ഗാനം അത്ര മനോഹരമായിട്ടാണ് അവര്‍ അവതരിപ്പിച്ചത്. ഗാന്ധിജി പകര്‍ന്നുനല്‍കിയ പാഠങ്ങളും ആശയങ്ങളും ലോകത്തിലെ എല്ലാ പ്രമുഖ രാജ്യങ്ങളിലും അനുസ്മരിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് പ്രത്യേക ചടങ്ങു തന്നെ സംഘടിപ്പിക്കപ്പെട്ടു. ഗാന്ധിജി ലോകരാജ്യങ്ങളെ മുഴുവന്‍ ഒരു ചരടില്‍ കോര്‍ത്തു, ഒരൊറ്റ സ്നേഹ ബന്ധത്തില്‍.
സുഹൃത്തുക്കളേ,
ഗാന്ധിജിക്കുള്ള സ്വീകാര്യതയും ജനപ്രീതിയും കാലദേശങ്ങള്‍ക്കതീതമാണ്. ഇതിന് ഒരു കാരണം ലളിതമായ രീതികളിലൂടെ അഭൂതപൂര്‍മായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍  അദ്ദേഹത്തിനുള്ള കഴിവാണ്. അതിശക്തനായ ഒരു ഭരണാധികാരിയില്‍ നിന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടാന്‍  ശുചിത്വവും ഒരു വഴിയാണെന്ന് എന്ന് ഈ ലോകത്തില്‍ ആരെങ്കിലും ചിന്തിച്ചുകാണുമോ? ഗാന്ധിജി  അങ്ങിനെ ചിന്തിച്ചു എന്നു മാത്രമല്ല, ബഹുജന മുന്നേറ്റത്തിലൂടെ അതിനെ സ്വാതന്ത്ര്യത്തിനുള്ള ആവേശവുമായി ബന്ധിപ്പിക്കുകയും ചെയ്തു.
സുഹൃത്തുക്കളേ,
ഭയരഹിതവും ശുചിത്വബോധം ഉള്ളതുമായ ജനതയ്ക്കു മാത്രമേ രാജ്യത്തെ സ്വരാജിലേക്കു നയിക്കാന്‍ സാധിക്കുകയുള്ളു എന്ന് ഗാന്ധിജി പറയുമായിരുന്നു. ശുചിത്വവും സ്വരാജും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗാന്ധിജിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കാരണം ആര്‍ക്കെങ്കിലും വൃത്തിരഹിതമായ അവസ്ഥ വലിയ ഹാനിക്ക് ഇടയാക്കുന്നുണ്ടെങ്കില്‍ അത് പാവങ്ങള്‍ക്കായിരിക്കും എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വൃത്തിരഹിതമായ അവസ്ഥ പാവങ്ങളുടെ ശാരീരികവും മാനസികവുമായ ശക്തിയെ ഇല്ലാതാക്കും. മാലിന്യത്തില്‍ കഴിയുന്നിടത്തോളം കാലം ഇന്ത്യന്‍ ജനതയ്ക്ക് ആത്മവിശ്വാസം ആര്‍ജ്ജിക്കാന്‍ സാധിക്കില്ല എന്ന് ഗാന്ധിജിക്ക് അറിയമായിരുന്നു. ആത്മവിശ്വാസം സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കില്‍ പൊതു സമൂഹത്തിന് എങ്ങിനെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളാന്‍ സാധിക്കും? അതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നു ചമ്പാരനോളവും സബര്‍മതി ആശ്രമത്തോളവും ശുചിത്വത്തെ അദ്ദേഹം തന്റെ പ്രസ്ഥാനത്തിന്റെ മുഖ്യ ഉപാധിയാക്കി.
സുഹൃത്തുക്കളേ,
ഗാന്ധിജിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും വരെ ലക്ഷക്കണക്കിനു സ്വച്ഛഗ്രാഹികള്‍ സ്വച്ഛഭാരത് അഭിയാനെ അവരുടെ ജീവിത ദൗത്യമാക്കി എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. 60 മാസം കൊണ്ട് 60 കോടി ഇന്ത്യക്കാര്‍ ശുചിമുറി സൗകര്യങ്ങള്‍ ഉപയോഗിക്കാനും ആത്മവിശ്വാസമുള്ളവരായി മാറാനും ഇതാണ് കാരണം. തത്ഫലമായി നമ്മുടെ സഹോദരിമാര്‍ക്ക് ആദരവും സുരക്ഷയും സൗകര്യങ്ങളും കൈവന്നിരിക്കുന്നു, രാജ്യത്തെ കോടിക്കണക്കിനു പുത്രിമാര്‍ ആത്മവിശ്വാസത്തോടെ പഠനത്തില്‍ മുന്നേറുന്നു, ലക്ഷക്കണക്കിനു പാവപ്പെട്ട കുട്ടികള്‍ രോഗ പ്രതിരോധ ശക്തി നേടിയിരിക്കുന്നു. അതിനുമുപരി കോടിക്കണക്കിനു ദളിത് സഹോദരങ്ങള്‍, ദരിദ്ര വിഭാഗങ്ങള്‍, ചൂഷിതര്‍, ഗോത്രവര്‍ഗ്ഗക്കാര്‍ തുടങ്ങിയവര്‍ക്ക് സമത്വ സമൂഹത്തിന്റെ ആത്മവിശ്വാസം കൈവന്നിരിക്കുന്നു.
സുഹൃത്തുക്കളേ,
സ്വച്ഛഭാരത് അഭിയാന്‍ ഓരോ ഇന്ത്യന്‍ പൗരനിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. പക്ഷെ ഇതു മൂലമുള്ള ഏറ്റവും വലിയ പ്രയോജനം കാണാന്‍ സാധിച്ചത് രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതങ്ങളിലാണ്. സമൂഹത്തിന്റെ പെരുമാറ്റത്തിലും നമ്മുടെ സാമൂഹിക അവബോധത്തിലും സ്ഥായിയായ മാറ്റം കൊണ്ടുവരുവാന്‍ സ്വച്ഛ്ഭാരത് അഭിയാനു സാധിച്ചു. നാം ഇപ്പോള്‍ ഇടയ്ക്കിടെ കൈകള്‍ കഴുകുന്നു, പൊതുസ്ഥലങ്ങളില്‍ തുപ്പാറില്ല, മാലിന്യങ്ങള്‍ യഥാസ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുന്നു- ഈ ആശയങ്ങളെല്ലാം വളരെ എളുപ്പത്തിലും വേഗത്തിലും സാധാരണ ഇന്ത്യക്കാരിലേക്കു പകരാനും നമുക്കു സാധിക്കുന്നു.  എല്ലായിടത്തും മാലിന്യങ്ങള്‍ കണ്ടിട്ടും സൗകര്യമായി കഴിഞ്ഞിരുന്ന ആ മാസികാവസ്ഥയില്‍നിന്നു രാജ്യം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പൊതുസ്ഥലങ്ങളിലും റോഡിലും മറ്റും ചപ്പുചവറുകള്‍ തള്ളുന്നവര്‍ക്ക് ശിക്ഷ ഉറപ്പ്.  ആരാണ് ഇപ്പോള്‍ ഏറ്റവും മാതൃകാപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്? നമ്മുടെ കുട്ടികളും കൗമാരക്കാരും യുവാക്കളും തന്നെ.
സുഹൃത്തുക്കളേ,
വ്യക്തികളുടെയും സമൂഹത്തിന്റെയും ശുചിത്വം സംബന്ധിച്ച് രാജ്യത്തെ കുട്ടികളില്‍ ഉണര്‍ന്നിരിക്കുന്ന അവബോധം കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നമുക്ക് വലിയ നേട്ടം ഉണ്ടാക്കി. ചിന്തിച്ചു നോക്കൂ, 2014 നു മുമ്പ് കൊറോണ പോലുള്ള ഒരു മഹാമാരി പടര്‍ന്നു പിടിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു?  ശുചിമുറികളുടെ അഭാവത്തില്‍ ഇതിന്റെ വ്യാപനം തടയുവാന്‍ നമുക്കു സാധിക്കുമായിരുന്നോ? ഇന്ത്യയുടെ ജനസംഖ്യയില്‍ 60 ശതമാനവും തുറന്ന ഇടങ്ങളില്‍ വിസര്‍ജിക്കാന്‍ നിര്‍ബന്ധിതരായിരിക്കുമ്പോള്‍ ലോക് ഡൗണ്‍ പോലുള്ള ക്രമീകരണങ്ങള്‍ സാധിക്കുമായിരുന്നോ? കൊറോണയ്ക്ക് എതിരേയുള്ള പോരാട്ടത്തില്‍ സ്വച്ഛഗ്രഹ വലിയ പിന്തുണയാണ് നമുക്കു നല്കിയിരിക്കുന്നത്.
സുഹൃത്തുക്കളേ,
ശുചിത്വ പ്രചാരണം ഒരു യാത്രയാണ്. അതു തുടര്‍ന്നു കൊണ്ടോയിരിക്കും. തുറന്ന ഇടങ്ങളിലെ വിസര്‍ജ്ജനത്തില്‍ നിന്നു മുക്തമായ ശേഷം ജനങ്ങളുടെ ഉത്തരവാദിത്വം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിനുമപ്പുറമുള്ള ലക്ഷ്യത്തിനായി രാജ്യം പ്രവര്‍ത്തിക്കുന്നു. ഇനി ഇപ്പോള്‍ മാലിന്യ നിര്‍മ്മാജ്ജനമാണ് മെച്ചപ്പെടുത്തേണ്ടത്, അത് നഗരത്തിലായാലും ഗ്രാമത്തിലായാലും. മാലിന്യത്തെ പണമാക്കി മാറ്റാനുള്ള നടപടികള്‍ നമുക്ക് ഊര്‍ജ്ജിതമാക്കണം. ഈ പ്രതിജ്ഞയ്ക്ക് ക്വിറ്റ് ഇന്ത്യാ ദിനത്തെക്കാള്‍ ഉചിതമായ മറ്റ് ഏതു ദിവസമാണ് ഉള്ളത്?
സുഹൃത്തുക്കളേ,
രാജ്യത്തെ ദുര്‍ബലമാക്കുന്ന ശാപങ്ങള്‍ ഇന്ത്യ വിടുക എന്നതിലും നല്ല കാര്യം എന്താണുള്ളത്? ഈ ചിന്തയോടെ കഴിഞ്ഞ ആറു വര്‍ഷമായി സമഗ്രമായ മറ്റൊരു ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം രാജ്യത്ത് മുന്നേറിക്കൊണ്ടിരിക്കുന്നു. ദാരിദ്ര്യം ഇന്ത്യ വിടുക. തുറന്ന ഇടങ്ങളിലെ വിസര്‍ജ്ജനം ഇന്ത്യ വിടുക. ജലത്തിനായുള്ള നെട്ടോട്ടം ഇന്ത്യ വിടുക. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗം ഇന്ത്യ വിടുക. വിവേചനം ഇന്ത്യ വിടുക.അഴിമതി ഇന്ത്യ വിടുക. ഭീകരപ്രവര്‍ത്തനവും അക്രമവും ഇന്ത്യ വിടുക.

സുഹൃത്തുക്കളേ,
സ്വരാജില്‍ നിന്നു സുരാജിന്റെ ചൈതന്യത്തിലേയ്ക്കുള്ള മാറ്റമാണ് ഈ ക്വിറ്റ് ഇന്ത്യ പ്രതിജ്ഞകളെല്ലാം. ഇതേ ചൈതന്യത്തോടെ നാമെല്ലാവരും പൊതുഇടങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാതിരിക്കു എന്ന പ്രതിജ്ഞ പുതുക്കണം. അതുകൊണ്ട് വരൂ, ഇന്നു മുതല്‍ ഓഗസ്റ്റ് 15 വരെ അതായത് സ്വാതന്ത്ര്യ ദിനം വരെ, ഒരാഴ്ച്ച നീളുന്ന ഒരു പ്രചാരണ പരിപാടി നമുക്ക് തുടങ്ങാം. സ്വരാജ് ഉപചാര വാരം. അതായത് മാലിന്യവും അഴുക്കും ഇന്ത്യ വിടുക വാരം. രാജ്യത്തെ ഓരോ ജില്ലകളിലെയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ ആഴ്ചയില്‍ ജില്ലകളിലെ ഗ്രാമങ്ങളില്‍ സാമൂഹിക ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പ്രചാരണം ഏറ്റെടുക്കണം. ഇതിന് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ക്കാണ് മുന്‍ഗണന നല്കേണ്ടത്. ഇപ്രകാരം തന്നെ മാലിന്യങ്ങള്‍, ചാണകം, പ്ലാസ്റ്റിക് എന്നിവയുടെ നിര്‍മ്മാര്‍ജനം, ജല പുനഃചംക്രമണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഇതേ ദിശയില്‍ നാം ഒന്നിച്ചു മുന്നേറണം.
സുഹൃത്തുക്കളേ,
ഗംഗാജിയുടെ ശുചീകരണത്തില്‍ നമുക്ക് വളരെ പ്രോത്സാഹ ജനകമായ ഫലങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ രാജ്യത്തെ മറ്റു നദികളെയും നമുക്ക് മാലിന്യ വിമുക്തമാക്കണം. തൊട്ടടുത്ത് യമുനയുണ്ട്. അഴുക്കു ചാലുകളില്‍ നിന്നു യമുനയെയും വിമുക്തമാക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു. ഇതിന് യമുനയുടെ തീരങ്ങളിലെ ഗ്രാമങ്ങളില്‍ അധിവസിക്കുന്ന ഓരോ വ്യക്തിയുടെയും സഹകരണവും പിന്തുണയും നമുക്ക് വളരെ പ്രധാനമാണ്.
അതെ; ഇതു ചെയ്യുമ്പോള്‍, സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ഉപയോഗിക്കുക എന്നിവയും വളരെ നിര്‍ബന്ധമാണ്. ഈ നിയമം മറക്കരുത്. കൊറോണ വൈറസ് വ്യാപിക്കുന്നത് മൂക്ക്, വായ് എന്നിവിടങ്ങളിലൂടെയാണ്. ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പൊതു സ്ഥലങ്ങളില്‍ തുപ്പാതിരിക്കുക എന്നീ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. നമ്മെ സ്വയം സുരക്ഷിതരാക്കിക്കൊണ്ട് ഈ ബഹുജന മുന്നേറ്റം വിജയിപ്പിക്കാം. ഈ വിശ്വാസത്തോടെ ഒരിക്കല്‍ കൂടി രാഷ്ട്രീയ സ്വച്ഛതാ കേന്ദ്രത്തിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.
വളരെയധികം നന്ദി.
 


(Release ID: 1645338) Visitor Counter : 643