പ്രധാനമന്ത്രിയുടെ ഓഫീസ്
ഇ.സി.ഒ.എസ്.ഒ.സിയുടെ ഉന്നതതല വിഭാഗത്തില്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തി
കേന്ദ്ര ബിന്ദുവായി പരിഷ്‌കൃത ഐക്യരാഷ്ട്ര സംഘടനയോടുകൂടിയ പരിഷ്‌കൃത ബഹുമുഖത്വം വേണമെന്നു പ്രധാനമന്ത്രി
ആരെയും ഉപേക്ഷിക്കരുതെന്ന എസ്.ഡി.ജി. ആദര്‍ശമാണ് ഞങ്ങളുടെ 'സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്' പ്രതിഫലിപ്പിക്കുന്നതെന്നു പ്രധാനമന്ത്രി
പുരോഗതിയിലേക്കു കുതിക്കുമ്പോള്‍ നാം ഭൂമിയോടുള്ള ഉത്തരവാദിത്തം മറക്കുന്നില്ല: പ്രധാനമന്ത്രി
താഴെത്തട്ടിലുള്ള ആരോഗ്യ സംവിധാനം കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രോഗമുക്തി നിരക്കു സ്വന്തമാക്കാന്‍ സഹായകമാകുന്നു: പ്രധാനമന്ത്രി
Posted On:
17 JUL 2020 8:46PM by PIB Thiruvananthpuram
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടനയില്‍ 2020 ജൂലൈ 17നു വെള്ളിയാഴ്ച നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക, സാമൂഹിക കൗണ്‍സിലി(ഇ.സി.ഒ.എസ്.ഒ.സി.)ന്റെ ഈ വര്‍ഷത്തെ ഉന്നതതല വിഭാഗത്തില്‍ വിര്‍ച്വല്‍ സംവിധാനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
2021-22ലേക്കുള്ള താല്‍ക്കാലിക സുരക്ഷാ കൗണ്‍സില്‍ അംഗത്വം ജൂണ്‍ 17നു ലഭിച്ചശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി യു.എന്‍.അംഗങ്ങളെ അഭിസംബോധന ചെയ്യുന്നത്.
'കോവിഡ് 19നു ശേഷം ബഹുമുഖത്വം: ഏതു തരത്തിലുള്ള യു.എന്‍. ആണ് 75ാം വാര്‍ഷികത്തിനുശേഷം വേണ്ടത്' എന്നതാണ് ഈ വര്‍ഷത്തെ ഇ.സി.ഒ.എസ്.ഒ.സി. ഉന്നതതല വിഭാഗത്തിന്റെ പ്രമേയം.
യു.എന്‍. സ്ഥാപിതമായതിന്റെ 75ാം വാര്‍ഷികത്തോടൊപ്പം യു.എന്‍. സുരക്ഷാ കൗണ്‍സില്‍ അംഗത്വം നേടുന്നതിന് ഇന്ത്യ കല്‍പിക്കുന്ന പ്രാധാന്യം ഇതോടൊപ്പം പ്രതിധ്വനിക്കുന്നു. വര്‍ത്തമാന കാല ലോകത്തിലെ യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുംവിധം പരിഷ്‌കൃത ബഹുമുഖത്വം ആവശ്യമാണെന്ന ഇന്ത്യയുടെ ആവശ്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് ഉള്‍പ്പെടെ യു.എന്നിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യക്ക് ഇസി.ഒ.എസ്.ഒ.സിയുമായുള്ള ദീര്‍ഘകാല ബന്ധം പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ആരെയും വിട്ടുകളയരുതെന്ന എസ്.ഡി.ജി. ആദര്‍ശത്തെ പ്രതിധ്വനിപ്പിക്കുന്നതാണ് ഇന്ത്യയുടെ വികസന മുദ്രാവാക്യമായ 'സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ധിച്ച ജനസംഖ്യയുടെ സാമൂഹിക, സാമ്പത്തിക സുചികകള്‍ മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യക്കുണ്ടായ വിജയത്തിന് ആഗോള എസ്.ഡി.ജി. ലക്ഷ്യങ്ങള്‍ക്കു മേല്‍ നിര്‍ണായക സ്വാധീനമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
സ്വച്ഛ് ഭാരത് അഭിയാന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ശുചിത്വം മെച്ചപ്പെടുത്താനും സ്ത്രീശാക്തീകരണവും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലും സാധ്യമാക്കാനും മുന്‍ഗണനാധിഷ്ഠിത പദ്ധതികളായ എല്ലാവര്‍ക്കും വീട്, ആയുഷ്മാന്‍ ഭാരത് എന്നിവ വഴി യഥാക്രമം പാര്‍പ്പിട, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും ഇന്ത്യ നടത്തിവരുന്ന ശ്രമങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
പരിസ്ഥിതി സുസ്ഥിരതയ്ക്കും ജൈവ വൈവിധ്യ സംരക്ഷണത്തിനും ഇന്ത്യ നല്‍കിവരുന്ന ഊന്നല്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യാന്തര സൗരോര്‍ജ സഖ്യവും ദുരന്തത്തെ അതിജിവിക്കാന്‍ കെല്‍പുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള സഖ്യവും കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യ വഹിക്കുന്ന നേതൃപരമായ പങ്കും പരാമര്‍ശിച്ചു.
മേഖലയില്‍ ആദ്യം പ്രതികരിക്കുന്ന രാജ്യമെന്ന നിലയില്‍ വിവിധ രാജ്യങ്ങള്‍ക്കു മരുന്നു ലഭ്യത ഉറപ്പാക്കുന്നതിനായും സാര്‍ക് രാജ്യങ്ങള്‍ക്കിടയില്‍ സംയുക്ത പ്രതികരണ തന്ത്രം ഏകോപിപ്പിക്കുന്നതിനായും കേന്ദ്ര ഗവണ്‍മെന്റും ഇന്ത്യന്‍ ഫാര്‍മ കമ്പനികളും നല്‍കിവരുന്ന പിന്‍തുണ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ഇ.സി.ഒ.എസ്.ഒ.സിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത് ഇതു രണ്ടാം തവണയാണ്. 2016 ജനുവരിയില്‍ ഇ.സി.ഒ.എസ്.ഒ.സിയുടെ എഴുപതാമതു വാര്‍ഷികത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നിര്‍വഹിച്ചിട്ടുണ്ട്.
***
(Release ID: 1639628)
Read this release in:
Gujarati
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada