പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യന്‍ ചേംബര്‍ ഓഫ് കേമേഴ്സിന്റെ 95-ാമത് വാര്‍ഷിക പ്ലീനറി സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

Posted On: 11 JUN 2020 12:54PM by PIB Thiruvananthpuram


നമസ്‌ക്കാരം! നിങ്ങളെല്ലാവരും നല്ല ഉത്സാഹത്തിലാണെന്ന് ഞാന്‍ കരുതുന്നു രാജ്യത്തെ തുടര്‍ച്ചയായി 95 വര്‍ഷം സേവിക്കുകയെന്നത് ഏതൊരു സംഘടനയെ സംബന്ധിച്ചും വലിയ കാര്യമാണ്. ഐ.സി.സി, ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമഴ്സ് കിഴക്കന്‍ ഇന്ത്യയുടെയും വടക്കുകിഴക്കിന്റെയും വികസനത്തില്‍, പ്രത്യേകിച്ച് അവിടുത്തെ ഉല്‍പ്പാദന യൂണിറ്റുകള്‍ക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അത് തീര്‍ത്തും ചരിത്രപരമാണ്. ഐ.സി.സിക്ക് വേണ്ടി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഇവിടെ സന്നഹിതരായിരിക്കുന്ന ഓരോ വിശിഷ്ടാംഗങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ, 1925ല്‍ രൂപീകരണം മുതല്‍ ഐ.സി.സി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് സാക്ഷ്യംവഹിച്ചു. അത് കടുത്ത ക്ഷാമത്തിനും ഭക്ഷ്യപ്രതിസന്ധിക്കും സാക്ഷ്യംവഹിച്ചു ഇന്ത്യയുടെ വളര്‍ച്ചാപഥത്തിന്റെ പങ്കാളിയുമായിരുന്നു.
ഇപ്പോള്‍ ഈ സമയത്ത്, നമ്മുടെ രാജ്യം ബഹുതല വെല്ലുവിളികള്‍ക്കെതിരെ പോരാടുന്ന സമയത്താണ് വാര്‍ഷിക പൊതുയോഗം (എ.ജി.എം) നടക്കുന്നത്. ലോകമാകെത്തന്നെ കൊറോണാ വൈറസിനെതിരെ പോരാടുകയാണ്; ഇന്ത്യയും പോരാടുന്നു, എന്നാല്‍ മറ്റു വിധത്തിലുള്ള വെല്ലുവിളികളും നിരന്തരമായി വളരെ പെട്ടെന്ന് ഉയര്‍ന്നുവരുന്നു.
ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന്റെ വെല്ലുവിളി; ചിലയിടങ്ങള്‍ വെട്ടുകിളിയുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു; ചിലയിടങ്ങളില്‍ ആലിപ്പഴം പൊഴിഞ്ഞ് നാശങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ മറ്റു ചിലയിടങ്ങളില്‍ എണ്ണപ്പാടങ്ങളില്‍ തീപടരുന്നു. അല്ലെങ്കില്‍ ചെറിയ ഭൂകമ്പങ്ങളുടെ ശൃംഖലയുണ്ടാകുന്നു. ഇതിനെല്ലാമുപരിയായി പൂര്‍വ്വ-പശ്ചിമ തീരമേഖലകളില്‍ തുടരെത്തുടരെ രണ്ടു ചുഴലിക്കാറ്റുകള്‍ ആഞ്ഞടിച്ച് യഥാര്‍ത്ഥ വെല്ലുവിളി ഉയര്‍ത്തി.
അത്തരം പോര്‍മുഖങ്ങളില്‍ നമ്മള്‍ ഒന്നിച്ചുനിന്ന് പോരാടുകയാണ്. സാധാരണ ഉണ്ടാകുന്ന ഇവ ഇപ്പോള്‍ വേഗത്തിലായി നമ്മെ പരീക്ഷിക്കുകയാണ്. ചില സമയത്ത് നിരവധി ബുദ്ധിമുട്ടുകളും വെല്ലുവിളികളും ഒന്നിച്ച് ഉയര്‍ന്നുവരും.
അത്തരം അവസരങ്ങളില്‍ നമ്മുടെ മനോഭാവം മികച്ച ഭാവി ഉറപ്പുനല്‍കുന്നുവെന്നും നമുക്കറിയാം. ഒരു വെല്ലുവിളിയെ നമ്മള്‍ എങ്ങനെ കൈകാര്യംചെയ്യുന്നുവെന്നതും എത്ര ശക്തമായാണ് ബുദ്ധുമുട്ടുകള്‍ക്കെതിരെ നമ്മള്‍ പോരാടുന്നത് എന്നതുമാണ് വരാനിരിക്കുന്ന അവസരങ്ങളെ നിശ്ചയിക്കുന്നത്.
സുഹൃത്തുക്കളെ,  मन के हारे हार, मन के जीते जीत,   എന്നൊരു ചൊല്ലുണ്ട്, അതായത് നമ്മുടെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് മുന്നോട്ടുള്ള വഴി നിശ്ചയിക്കുന്നത്. പരാജയം നേരത്തെ സമ്മതിക്കുന്നവര്‍ക്ക് മുന്നില്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ ലഭിക്കാറുള്ളു. എന്നാല്‍ വിജയത്തിന് വേണ്ടി പരിശ്രമിക്കുകയും പരസ്പരം സഹായിച്ചുകൊണ്ട് മുന്നോട്ടുപോകുകയും ചെയ്യുന്നവര്‍ക്ക് മുന്നില്‍ കൂടുതല്‍ അവസരങ്ങള്‍ വരും.
സുഹൃത്തുക്കളെ, നമ്മുടെ ഐക്യദാര്‍ഢ്യം, വലിയ ദുരന്തങ്ങളെപ്പോലും ഒന്നിച്ചുനിന്ന് നേരിടുന്നതിനുള്ള ഊര്‍ജ്ജസ്വലത, നമ്മുടെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമൊക്കെയാണ് ഒരു രാജ്യം എന്ന നിലയില്‍ നമ്മുടെ ഏറ്റവും വലിയ കരുത്ത്.
ഏത് ബുദ്ധിമുട്ടിനുമുള്ള ഒറ്റമൂലി ശക്തമായി നിലനില്‍ക്കുക എന്നതാണ്. ഒരു രാജ്യം എന്ന നിലയില്‍ ഓരോ തവണയും ദുര്‍ഘട കാലങ്ങള്‍ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുകയും രാജ്യവാസികളുടെ ദൃഢനിശ്ചയത്തെ വളര്‍ത്തുകയും ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു. അതേ വികാരം എനിക്ക് ഇന്ന് നിങ്ങളുടെ മുഖങ്ങളിലും കോടിക്കണക്കിനുള്ള രാജ്യവാസികളുടെ പ്രയത്നത്തിലും കാണാന്‍ കഴിയുന്നുണ്ട്. കൊറോണയുടെ ഈ പ്രതിസന്ധി ലോകമാകെ തുടരുകയാണ്. ലോകം മുഴുവന്‍ ഇതിനെതിരെ പോരാടുകയാണ്. കൊറോണാ യോദ്ധാക്കളുടെ സഹായത്തോടെ നമ്മുടെ രാജ്യവും ഇതിനെതിരെ പോരാടുകയാണ്.
എന്നാല്‍ ഇതിന്റെയൊക്കെ നടുവില്‍ ഓരോ രാജ്യവാസിയിലും ഇപ്പോള്‍ ഈ ദുരന്തത്തെ അവസരമാക്കി പരിവര്‍ത്തനപ്പെടുത്തണമെന്ന നിശ്ചയദാര്‍ഢ്യം നിറയുകയാണ്; ഇതിനെ രാജ്യത്തിന്റെ വലിയ വഴിത്തിരിവാക്കി നമുക്ക് മാറ്റേണ്ടതുണ്ട്.
എന്താണ് ആ വഴിത്തിരിവ്? ആത്മനിര്‍ഭര്‍ ഭാരത്, സ്വയം പര്യാപ്ത ഇന്ത്യ. ഈ സ്വയം പര്യാപ്തതയുടെ ഊര്‍ജ്ജം ഓരോ ഇന്ത്യാക്കാരനിലും വര്‍ഷങ്ങളായി അഭിലാഷമായി ജീവിച്ചിരുന്നു.
എന്നാല്‍ ഓരോ ഇന്ത്യാക്കാരന്റെയും മനസില്‍ പ്രധാനപ്പെട്ട ഒരു ആഗ്രഹമുണ്ട്- മെഡിക്കല്‍ ഉപകരണങ്ങളുടെ മേഖലയില്‍ നമ്മള്‍ സ്വാശ്രയത്വം നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു! പ്രതിരോധ ഉല്‍പ്പാദനത്തില്‍ നമ്മള്‍ സ്വാശ്രയത്വം നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു! കല്‍ക്കരി ധാതു മേഖലകളില്‍ നമ്മള്‍ സ്വാശ്രയത്വം നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു!
ഭക്ഷ്യ എണ്ണയുടെയും വളങ്ങളുടെയും മേഖലകളില്‍ നമ്മള്‍ സ്വാശ്രയത്വം നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു! ഇലക്ട്രോണിക് നിര്‍മ്മാണത്തില്‍ നമ്മള്‍ സ്വാശ്രയത്വം നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു! സൗരോര്‍ജ്ജ പാനലുകളില്‍, ബാറ്ററികളില്‍ ചിപ്പ് ഉല്‍പ്പാദനത്തില്‍ നമ്മള്‍ സ്വാശ്രയത്വം നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ എണ്ണമറ്റ ആഗ്രഹങ്ങളും താല്‍പര്യങ്ങളും എല്ലായ്പ്പോഴും ഓരോ ഇന്ത്യാക്കാരനെയും പിടിച്ചുകുലുക്കിയിട്ടുണ്ട്.
സുഹൃത്തുക്കളെ, കഴിഞ്ഞ 5-6 വര്‍ഷങ്ങളായി ഈ രാജ്യത്തിന്റെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഇന്ത്യയുടെ സ്വാശ്രയത്വമെന്ന ലക്ഷ്യം പരമപ്രധാനമായിരിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്. ഇപ്പോള്‍ കൊറോണ പ്രതിസന്ധി എങ്ങനെയാണ് ഇതിനെ വേഗതയിലാക്കേണ്ടതെന്ന പാഠം നമ്മെ പഠിപ്പിച്ചു. ഈ പാഠത്തില്‍ നിന്നാണ് ആത്മനിര്‍ഭര്‍ ഭാരത് എന്ന സംഘടിതപ്രവര്‍ത്തനം ആരംഭിച്ചത്.
സുഹൃത്തുക്കളെ, ഒരുകുടുംബത്തിലാണെങ്കില്‍ പോലും ഒരു കുട്ടി, അത് മകനോ അല്ലെങ്കില്‍ മകളോ ആയിക്കോട്ടെ 18-20 വയസ് തികയുമ്പോള്‍, സ്വന്തന്ത്രവും സ്വാശ്രയവുമാകുന്നത് പഠിക്കാന്‍ നമ്മള്‍ പറയാറുണ്ട്. ഒരുതരത്തില്‍ ഒരു സ്വയം പര്യാപ്ത ഇന്ത്യയുടെ ആദ്യപാഠം ആരംഭിക്കുന്നത് തന്നെ കുടുംബത്തില്‍ നിന്നാണ്. ഇന്ത്യ സ്വാശ്രയവുമാകണം.
സുഹൃത്തുക്കളെ, ഇന്ത്യ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുകയെന്നതാണ് ആത്മനിര്‍ഭര്‍ ഭാരത് പ്രചരണത്തിന്റെ ലളിതമായ അര്‍ത്ഥം. രാജ്യം ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നതെല്ലാം ഇന്ത്യക്കുള്ളില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ നമ്മള്‍ പഠിക്കണം. എങ്ങനെ ഇന്ത്യയ്ക്ക് ഭാവയില്‍ ഈ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കാരാകാന്‍ കഴിയും, ഈ ദിശയില്‍ നമ്മള്‍ അതിവേഗത്തില്‍ പ്രവര്‍ത്തിക്കണം.
അതോടൊപ്പം, പതിറ്റാണ്ടുകളായി ഇവിടെ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ചെറിയ സംരംഭകര്‍, നമ്മുടെ കൈത്തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ ബന്ധപ്പെടുന്ന നമ്മുടെ സ്വയം സഹായ സംഘങ്ങള്‍, എന്നിവര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും നമുക്ക് നിയന്ത്രിക്കേണ്ടതുണ്ട്. ഇതേ ചരക്കുകള്‍ വിദേശത്തുനിന്നും ലഭ്യമാക്കുന്ന പ്രവണത നമ്മള്‍ നിയന്ത്രിക്കേണ്ടതുണ്ട്.
ഈ പ്രവര്‍ത്തനങ്ങളിലൂടെ നമ്മള്‍ ഈ ചെറിയ സംരംഭകരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക മാത്രമല്ല, അവര്‍ക്ക് നമ്മള്‍ പണം കൊടുക്കുക മാത്രമല്ല, മറ്റൊരു രീതിയില്‍ നമ്മള്‍ അവരുടെ കഠിനപ്രയത്നത്തിന് പാരിതോഷികം നല്‍കുകയും അവരോട് ബഹുമാനം കാണിക്കുകയുമാണ്. ഈ പ്രകടനങ്ങള്‍ അവരുടെ ഹൃദയത്തില്‍ എത്രമാത്രം പ്രഭാവം ഉണ്ടാക്കുമെന്നോ, അവര്‍ക്ക് എത്രത്തോളം അഭിമാനം തോന്നുമെന്നോ നമുക്ക് അറിയില്ല!
അതുകൊണ്ട് ഇത് 'പ്രാദേശികത്വത്തിന് വേണ്ടിയുള്ള നിങ്ങളുടെ ശബ്ദത്തിന്റെ' സമയമാണ്. ഓരോ ഗ്രാമവും പട്ടണവും ജില്ലയും സംസ്ഥാനവും രാജ്യമാകെയും സ്വയംപര്യാപ്തമാക്കുന്നതിനുള്ള സമയമാണിത്.
സുഹൃത്തുക്കളെ, നിലവില്‍ പ്രാവര്‍ത്തികമാക്കേണ്ട ഏറ്റവും ലളിതമായ രീതി സ്വന്തം വിളകളെ ഉപയോഗിക്കുന്നതില്‍ ഭാരതീയത ഉള്‍ച്ചേര്‍ക്കുകയും മറ്റു രാജ്യങ്ങളില്‍ ഇന്ത്യന്‍ ചരക്കുകള്‍ക്കു വിപണികള്‍ കണ്ടെത്തുകയുമാണെന്ന് കാട്ടിക്കൊണ്ട് ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ കത്തെഴുതിയിരുന്നു. സ്വാമി വിവേകാനന്ദജി കാട്ടിത്തന്ന പാത കോവിഡാനന്തരകാലത്ത് ഇന്ത്യയ്ക്ക് പ്രചോദമാണ്. ഇപ്പോള്‍ രാജ്യം പ്രതിജ്ഞയെടുക്കുകയും ഒപ്പം നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
ആത്മനിര്‍ഭര്‍ ഭാരത പ്രചാരണത്തിന്റെ കീഴില്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട പരിഷ്‌ക്കരണങ്ങളൊക്കെ അതിവേഗത്തില്‍ നടപ്പാക്കികൊണ്ടിരിക്കുകയാണ്.
എം.എസ്.എം.ഇയുടെ പരിപ്രേക്ഷ്യം വിശാലമാക്കുന്നതായിക്കോട്ടെ അല്ലെങ്കില്‍ എം.എസ്.എം.ഇകളെ സഹായിക്കാനായി ആയിരക്കണക്കിന് കോടിരൂപയുടെ പ്രത്യേക ഫണ്ട് ഒരുക്കുന്നതായിക്കോട്ടെ, ഇവയെല്ലാം ഇന്ന് യാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇത് ഐ.ബി.സിയുമായി ബന്ധപ്പെട്ട തീരുമാനമാകട്ടെ, ചെറിയ തെറ്റുകള്‍ക്ക് നിയമപരമായ വിലക്കുകള്‍ ഒഴിവാക്കുന്നതാകട്ടെ, അല്ലെങ്കില്‍ നിക്ഷേപങ്ങളെ അതിവേഗത്തില്‍ പിന്തുടരുന്നതിന് പദ്ധതി വികസന സെല്ലുകള്‍ രൂപീകരിക്കുന്നതാകട്ടെ, നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ചെയ്തുകഴിഞ്ഞു.
ഇപ്പോള്‍ വിവിധ മേഖലകളെ, പ്രത്യേകിച്ച് കല്‍ക്കരി, ഖനന മേഖലകളെ, കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിന് പ്രഖ്യാപിച്ച പരിഷ്‌ക്കാരങ്ങളുടെ നേട്ടം പൂര്‍ണ്ണമായി എടുക്കുന്നതിന് വ്യവസായമേഖല മുന്നോട്ടുവരണം. യുവസുഹൃത്തുക്കളും മുന്നോട്ടുവരണം.
സുഹൃത്തുക്കളെ, കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ്ഘടനയ്ക്കും വേണ്ടി അടുത്തിടെ കൈക്കൊണ്ട ചില തീരുമാനങ്ങള്‍ കാര്‍ഷിക സമ്പദ്ഘടനയെ വര്‍ഷങ്ങള്‍ നീണ്ട അടിമത്വത്തില്‍നിന്നു മോചിപ്പിച്ചു. ഇപ്പോള്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ രാജ്യത്തിലെവിടെയും വില്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
എ.പി.എം.സി നിയമത്തിലും അവശ്യവസ്തു നിയമത്തിലും കൊണ്ടുവന്ന ഭേദഗതികള്‍ കര്‍ഷകരും വ്യവസായവും തമ്മിലുള്ള പങ്കാളിത്തത്തിനുള്ള പാത തുറന്നു. കര്‍ഷകരേയും ഗ്രാമീണ സമ്പദ്ഘടനയേയും ഇത് പുനരുജ്ജീവിപ്പിക്കുമെന്നത് ഉറപ്പാണ്. ഈ തീരുമാനങ്ങള്‍ കര്‍ഷകരെ ഉല്‍പ്പാദകരായും അവരുടെ വിളകളെ ഉല്‍പ്പന്നങ്ങളായും മാറ്റും.
സുഹൃത്തുക്കളെ, കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറ്റം ചെയ്യുന്നതാകട്ടെ, എം.എസ്.പിയുടെ തീരുമാനമായിക്കോട്ടെ, അല്ലെങ്കില്‍ അവരുടെ പെന്‍ഷന്‍ പദ്ധതിയായിക്കോട്ടെ, കര്‍ഷകരെ ശാക്തീകരിക്കുന്നതിനാണ് നമ്മുടെ പരിശ്രമം. ഇപ്പോള്‍ കര്‍കഷരെ വലിയ വിപണി ശക്തികളായി വളരുന്നതിന് സഹായിക്കുന്നു.
സുഹൃത്തുക്കളെ, ഇപ്പോള്‍ ഇന്ത്യയില്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലസ്റ്റര്‍ അധിഷ്ഠിത സമീപനവും എല്ലാവര്‍ക്കുമുള്ള അവസരമാണ്. എന്താണോ ജില്ലകളിലും ബ്ലോക്കുകളിലും ഉല്‍പ്പാദിപ്പിക്കുന്നത് ബന്ധപ്പെട്ട ക്ലസ്റ്ററുകള്‍ സമീപത്ത് വികസിക്കും. ഉദാഹരണത്തിന് പശ്ചിമ ബംഗാളിലെ ചണം കര്‍ഷകര്‍ക്ക് വേണ്ടി സമീപത്ത് ചണാധിഷ്ഠിത വ്യവസായങ്ങള്‍ ശക്തിപ്പെടുത്തും.
വിശാലമായ വന വിള സമ്പത്തുകള്‍ ശേഖരിക്കുന്ന ഗ്രോത്ര കൂട്ടായ്മയ്ക്കായി സമീപത്ത് തന്നെ ആധുനിക സംസ്‌ക്കരണ യൂണിറ്റുകള്‍ ലഭ്യമാക്കും. ഇതോടൊപ്പം മുളയ്ക്കും ജൈവ ഉല്‍പ്പന്നങ്ങള്‍ക്കും ക്ലസ്റ്ററുകള്‍ ഉണ്ടാക്കും. വടക്കുകിഴക്കിന് മുഴുവനും സിക്കിമിനെപോലെ ജൈവകൃഷിയുടെ പ്രധാനപ്പെട്ട കേന്ദ്രമായി മാറാന്‍ കഴിയും. ഒരു ജൈവതലസ്ഥാനം വികസിപ്പിക്കാനും കഴിയും.
ഐ.സി.സിയുമായി ബന്ധപ്പെട്ട എല്ലാ വ്യാപാരികളും നിശ്ചദാര്‍ഢ്യം പ്രകടിപ്പിച്ചാല്‍ വടക്കുകിഴക്കില്‍ ജൈവകൃഷി ഒരു വലിയ പ്രസ്ഥാനമാക്കി മാറ്റാന്‍ കഴിയും. നിങ്ങള്‍ക്ക് ഒരു ആഗോള വ്യക്തിത്വം ഉണ്ടാക്കാനും ആഗോളവിപണിയില്‍ ആധിപത്യം സ്ഥാപിക്കാനും കഴിയും.
സുഹൃത്തുക്കളെ, വടക്കുകിഴക്കും കിഴക്കന്‍ ഇന്ത്യയിലും നിങ്ങളെല്ലാം നിരവധി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയാണ്. ഗവണ്‍മെന്റ് എടുത്ത എല്ലാ നടപടികളും കിഴക്കിലേയും വടക്കുകിഴക്കിലേയും ജനങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
കൊല്‍ക്കത്തയ്ക്ക് തന്നെ ഒരു വലിയ നേതാവായി മാറാന്‍ വീണ്ടും കഴിയുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പഴയ ശോഭയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഈ മേഖലയുടെ ആകെ ഭാവി വികസനത്തിന് നേതൃത്വം നല്‍കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിയും.
കിഴക്കിന്റെ തൊഴിലാളികള്‍, വസ്തുക്കള്‍, വിഭവങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഈ മേഖലയ്ക്ക് എത്രവേഗത്തില്‍ വളരാന്‍ കഴിയുമെന്നത് നിങ്ങളെക്കാള്‍ നന്നായി മറ്റാര്‍ക്കാണ് അറിയാനാകുക.!
സുഹൃത്തുക്കളെ, 5 വര്‍ഷത്തിന് ശേഷം അതായത് 2025ല്‍ നിങ്ങളുടെ സംഘടന 100 വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുകയാണ്. മറുവശത്ത് 2022ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാകും. ഇതാണ് നിങ്ങളുടെ സംഘടനയ്ക്ക് നിങ്ങള്‍ ഓരോ അംഗങ്ങള്‍ക്ക് ഒരു വലിയ പ്രതിജ്ഞയെടുക്കാനുള്ള ഏറ്റവും മികച്ച സമയം. ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിനായി നിങ്ങളുടെ തലത്തില്‍ 50-100 ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയെന്നുകൂടി ഞാന്‍ ഐ.സി.സിയോട് അഭ്യര്‍ത്ഥിക്കുന്നു.
ഈ ലക്ഷ്യങ്ങള്‍ സ്ഥാപനത്തിന് വേണ്ടി, ഓരോ വ്യവസായത്തിന് വേണ്ടി അതുമായി ബന്ധപ്പെട്ട ഓരോ വ്യാപാര യൂണിറ്റുകള്‍ക്ക് വേണ്ടി ഒപ്പം ഓരോ വ്യക്തികള്‍ക്കു വേണ്ടിയുള്ളതായിരിക്കണം. നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ പോകുമ്പോള്‍ ഈ സംഘടിതപ്രവര്‍ത്തനം കിഴക്കന്‍ ഇന്ത്യയിലും വടക്കുകിഴക്കും പുരോഗതി സാധ്യമാക്കും.
നിര്‍മ്മാണത്തില്‍ ബംഗാളിന്റെ ചരിത്രപരമായ മേധാവിത്വം നമുക്ക് പുനരുജ്ജീവിപ്പിക്കണം. ''ഇന്ന് ബംഗാള്‍ എന്താണോ ചിന്തിക്കുന്നത് അത് ഇന്ത്യ നാളെ ചിന്തിക്കും'', എന്നതിനെ നാം എല്ലായ്പ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് മുന്നോട്ട് നീങ്ങണം.ഇന്ത്യന്‍ സമ്പദ്ഘടനയെ 'കമാന്റ് ആന്റ് കണ്‍ട്രോളി'ല്‍ നിന്നും 'പ്ലഗ് ആന്റ് പ്ലേ'യിലേക്ക് മാറ്റേണ്ട സമയമാണിത്. ഇത് യാഥാസ്ഥിതിക സമീപനത്തിന്റെ സമയമല്ല, ഇത് ധീരമായ തീരുമാനങ്ങളുടെയും ധീരമായ നിക്ഷേപത്തിന്റെയും സമയമാണ്.
ആഗോളതലത്തില്‍ മത്സരസ്വഭാവമുള്ള ഒരു ആഭ്യന്തര വിതരണ ശൃംഖല ഇന്ത്യയില്‍ രൂപീകരിക്കേണ്ട സമയമാണിത്.
ഇതിനായി, വ്യവസായം അതിന്റെ നിലവിലെ വിതരണശൃംഖലയിലെ എല്ലാ ഓഹരിപങ്കാളികളെയും പ്രതിസന്ധിയില്‍ നിന്നും പുറത്തുവരുന്നതിന് സഹായിക്കുകയും മൂല്യവര്‍ദ്ധനയ്ക്ക് അവര്‍ക്കു സഹായം നല്‍കുകയും വേണം.
സുഹൃത്തുക്കളെ,
ആത്മനിര്‍ഭര്‍ ഭാരത് സംഘടിതപ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമ്പോഴും ഈ കൊറോണാകാലത്തെ പോരാട്ടങ്ങള്‍ക്കിടയിലും നിങ്ങള്‍ ഇന്നത്തെ എ.ജി.എമ്മില്‍ ഉയര്‍ത്തിയ ജനങ്ങള്‍, ഗ്രഹം, ലാഭം എന്ന വിഷയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ചില ആളുകള്‍ ചിന്തിക്കുന്നത് ഇവ മൂന്നും ഒന്നിനൊന്ന് എതിരാണെന്നും പരസ്പര വിരുദ്ധമാണെന്നുമാണ്. എന്നാല്‍ ഇത് അങ്ങനെയല്ല. ജനങ്ങള്‍, ഗ്രഹം, ലാഭം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഈ മൂന്നിനും ഒരേസമയം പുഷ്ടിപ്പെടാനും സഹവര്‍തിത്വം പാലിക്കാനും കഴിയും.
എല്‍.ഇ.ഡി ബള്‍ബു പോലെ ചില ഉദാഹരണങ്ങള്‍ ഞാന്‍ നല്‍കാം. അഞ്ചാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്‍.ഇ.ഡി ബള്‍ബ് 350 രൂപയ്ക്ക് മുകളിലെ ലഭിക്കുമായിരുന്നുള്ളു. ഇന്ന് അതേ ബള്‍ബ് 50 രൂപയ്ക്ക് ലഭിക്കും. ഒന്നു ചിന്തിക്കു. എല്‍.ഇ.ഡി ബള്‍ബിന്റെ വിലകുറച്ചത് രാജ്യത്താകമാനമുള്ള കോടിക്കണക്കിന് വീടുകളില്‍ ഇവ എത്തുന്നതിന് സഹായിക്കുകയും ഇവയെ ഇപ്പോള്‍ തെരുവിളക്കുകളായി സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ അളവ് വളരെ വലുതായതുകൊണ്ട് ഉല്‍പ്പാദനചെലവ് കുറയുകയും അത് ലാഭം വര്‍ദ്ധിപ്പിക്കുകും ചെയ്തു. ആര്‍ക്കാണ് ഇതില്‍ നിന്നും നേട്ടമുണ്ടായത്?
ജനങ്ങള്‍ക്ക് നേട്ടമുണ്ടായി. കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ സാധാരണക്കാര്‍ക്ക് നേട്ടമുണ്ടായി. ഇന്ന് വൈദ്യുതി ബില്ലിലുണ്ടായ കുറവുമൂലം ഏകദേശം 19,000 കോടി രൂപ ജനങ്ങള്‍ക്ക് ലാഭമുണ്ടാകുന്നുണ്ട്, എല്‍.ഇ.ഡികള്‍ക്ക് നന്ദി. ഈ ലാഭം രാജ്യത്തെ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കുമാണ് നേട്ടമുണ്ടാക്കിയത്.
ഗ്രഹത്തിനും ഇതുകൊണ്ട് നേട്ടമുണ്ടായി. ഗവണ്‍മെന്റ് ഏജന്‍സികള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രം പ്രതിവര്‍ഷം 4 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വികിരണം കുറച്ചിട്ടുണ്ട്.
അതാണ്; ഇരുകൂട്ടര്‍ക്കും ലാഭമുണ്ടായി. ഇരുകൂട്ടര്‍ക്കും ഗുണമുണ്ടാകുന്ന സാഹചര്യമുണ്ടിവിടെ. ഗവണ്‍മെന്റിന്റെ മറ്റ് പദ്ധതികളും തീരുമാനങ്ങളും നിങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ജനങ്ങള്‍, ഗ്രഹം, ലാഭം എന്ന ആശയം വളരെ ശക്തമായി കഴിച്ച അഞ്ചാറു വര്‍ഷമായി നടപ്പാക്കിവരുന്നത് കാണാനാകും.
ഉള്‍നാടന്‍ ജലഗതാഗത്തിന് ഗവണ്‍മെന്റ് എന്തുമാത്രം ഊന്നല്‍ നല്‍കുന്നുവെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് കാണാനായിക്കാണും. ഹാല്‍ഡിയ മുതല്‍ വാരണാസി വരെയുള്ള ജലപാത കമ്മിഷന്‍ ചെയ്തുകഴിഞ്ഞു. ഇപ്പോള്‍ വടക്കുകിഴക്കിലേക്കും ജലപാതകള്‍ നീട്ടുകയാണ്.
ഈ ജലപാതകളില്‍ നിന്നും ജനങ്ങള്‍ക്ക് നേട്ടമുണ്ടായിട്ടുണ്ട്, എന്തെന്നാല്‍ ഇത് ചരക്കുനീക്കത്തിന്റെ ചെലവ് കുറയ്ക്കും.
ഗ്രഹത്തിനും ജലപാതകള്‍കൊണ്ട് നേട്ടമുണ്ടാകുന്നുണ്ട്, എന്തെന്നാല്‍ അത് കുറച്ച് ഇന്ധനം മാത്രമേ കത്തിക്കുന്നുള്ളു. ഇത് പെട്രോളിന്റേയും ഡീസലിന്റെയും ഇറക്കുമതി കുറയ്ക്കുമെന്നും റോഡിലെ ഗതാഗത തിരക്ക് കുറയ്ക്കുമെന്നും നമ്മള്‍ മറക്കാന്‍ പാടില്ല.
ചരക്കുകള്‍ക്ക് വില കുറയുകയും ഹ്രസ്വവഴികളിലൂടെ അവ ലക്ഷ്യസ്ഥാനത്ത് വേഗത്തില്‍ എത്തിച്ചേരുകയും ചെയ്യും. വാങ്ങുന്ന ആളിനും വില്‍പ്പനക്കാരനും ഇരുകൂട്ടര്‍ക്കും ഇതുകൊണ്ട് ലാഭമുണ്ടാകുകയും ചെയ്യും.
സുഹൃത്തുക്കളെ, ഇന്ത്യയില്‍ മറ്റൊരു സംഘടിതപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്-രാജ്യത്തെ ഏകോപയോഗ പ്ലാസ്റ്റിക്കില്‍ നിന്നും സ്വതന്ത്രമാക്കുക. ഈ മൂന്ന് വിഷയങ്ങളും അതായത്, ജനങ്ങള്‍, ഗ്രഹം, ലാഭം എന്നിവയെ ഇവിടെ അഭിസംബോധന ചെയ്യുന്നുണ്ട്.
ഇത് വളരെ ഗുണകരമാണ്, പ്രത്യേകിച്ചും പശ്ചിമബംഗാളിന്. ഇത് ഇവിടെ ചണ വ്യാപാരം വളര്‍ത്തുന്നതിന് നിങ്ങള്‍ക്കുള്ള അവസരമാണ്. നിങ്ങള്‍ ഇതിന്റെ പ്രയോജനം എടുത്തുവോ? നിങ്ങള്‍ ചണമുപയോഗിച്ച് പാക്കിംഗ് വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയോ? ഒരു കണക്കിന് നിങ്ങളാണ് ഏറ്റവും അനുകൂലാവസ്ഥയിലുള്ളത്.
നിങ്ങള്‍ ഈ അവസരത്തിന്റെ പ്രയോജനം ഇനിയും എടുക്കണം. നിങ്ങള്‍ ഈ അവസരം നഷ്ടപ്പെടുത്തുകയാണെങ്കില്‍ നിങ്ങളെ ആരാണ് രക്ഷിക്കുക? ഒന്നു ചിന്തിക്കൂ! പശ്ചിമബംഗാളില്‍ നിര്‍മ്മിക്കുന്ന ഒരു ചണസഞ്ചി, എല്ലാവരുടെയും കൈകളിലിരിക്കുമ്പോള്‍ ബംഗാളിലെ ജനങ്ങളുടെ ലാഭം എത്ര വലുതായിരിക്കും!
സുഹൃത്തുക്കളെ, ജനകേന്ദ്രീകൃത, ജനങ്ങള്‍ നയിക്കുന്ന ഗ്രഹസൗഹൃദ സമീപന വികസനം ഇപ്പോള്‍ രാജ്യത്തിന്റെ ഭരണത്തിന്റെ ഒരു ഭാഗമായിട്ടുണ്ട്. നമ്മുടെ സാങ്കേതിക ഇടപെടലുകളും ജനങ്ങള്‍, ഗ്രഹം, ലാഭം എന്ന ആശയത്തിന് അനുഗുണമായതാണ്.
യു.പി.ഐയിലൂടെ നമ്മുടെ ബാങ്കിംഗ് സ്പര്‍ശനരഹിതവും, സമ്പര്‍ക്കരഹിതവും പണരഹിതവും ദിവസം 24 മണിക്കൂര്‍ വച്ച് ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കുന്നതുമായിട്ടുണ്ട്. ഭീം ആപ്പുവഴിയുള്ള പണമിടപാടുകള്‍ ഇപ്പോള്‍ പുതിയ റെക്കാര്‍ഡ് സൃഷ്ടിക്കുകയാണ്. റുപേകാര്‍ഡ് ഇപ്പോള്‍ പാവപ്പെട്ടവരുടെ, കര്‍ഷകരുടെ, ഇടത്തരക്കാരുടെ രാജ്യത്തെ മറ്റ് എല്ലാ വിഭാഗങ്ങളുടെയും പ്രിയപ്പെട്ട കാര്‍ഡായി മാറിയിട്ടുണ്ട്. നമ്മള്‍ സ്വാശ്രയ ഇന്ത്യയെക്കുറിച്ച് പറയുമ്പോള്‍ എന്തുകൊണ്ട് റുപേ കാര്‍ഡിനെ അഭിമാനത്തോടെ ഉപയോഗിച്ചുകൂട?
സുഹൃത്തുക്കളെ, ഇപ്പോള്‍ ബാങ്കിംഗ് സേവനങ്ങളുടെ പരിപ്രേക്ഷ്യം രാജ്യത്ത് ഒന്നുമില്ലാത്തവര്‍ എന്ന വിഭാഗത്തിലുള്‍പ്പെടുത്തി ദീര്‍ഘകാലമായി ഒതുക്കിയിരുന്നവരുടെ അടുത്തേയ്ക്ക് വരെ എത്തി. ഡി.ബി.ടി, ജാം അതായത് ജന്‍ധന്‍ ആധാര്‍ മൊബൈല്‍, എന്നിവയിലൂടെ കോടിക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് അനിവാര്യമായി പിന്തുണ ചോര്‍ച്ചയില്ലാതെ നല്‍കാന്‍ സാധിക്കും.
അതുപോലെ ഗവണ്‍മെന്റിന്റെ ഇ-വിപണനസ്ഥലം അതായത് ജെം (ജി.ഇ.എം) ഗവണ്‍മെന്റുമായി ബന്ധിപ്പിച്ച് ജനങ്ങള്‍ക്ക് ലാഭമുണ്ടാക്കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്. ചെറിയ സ്വയം സഹായസംഘങ്ങള്‍, എം.എസ്.എം.ഇകള്‍, എന്നിവയ്ക്ക് അവരുടെ ചരക്കുകളും സേവനങ്ങളും ജെമ്മിലൂടെ നേരിട്ട് ഇന്ത്യാ ഗവണ്‍മെന്റിന് ലഭ്യമാക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ ബോദ്ധ്യമുണ്ട്. അല്ലെങ്കില്‍ കുറച്ച് ലക്ഷങ്ങള്‍ മാത്രം വിറ്റുവരവുള്ള ഒരു സംരംഭകന് അയാള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഏതെങ്കിലും ഒരു ചരക്കോ സേവനമോ നേരിട്ട് കേന്ദ്ര ഗവണ്‍മെന്റിന് വില്‍ക്കാന്‍ കഴിയുമെന്ന് ചിന്തിക്കാന്‍ പോലുമാവില്ല.
അതുകൊണ്ട് നിങ്ങളുടെ അംഗങ്ങളേയും ബന്ധപ്പെട്ട നിര്‍മ്മാതാക്കളെയൂം പരമാവധി ജെമ്മില്‍ ചേരാനായി പ്രചോദിപ്പിക്കുകയെന്നും ഞാന്‍ ഐ.സി.സിയോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഓരോ ഉല്‍പ്പാദകനും ജെമ്മില്‍ ചേരുകയാണെങ്കില്‍ ചെറിയ വ്യാപാരികള്‍ക്കും പോലും അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഗവണ്‍മെന്റിന് വില്‍ക്കാം.
സുഹൃത്തുക്കളെ, നമ്മള്‍ ഗ്രഹത്തിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് ഐ.എസ്.എ അതായത് അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ ഒരു വലിയ ആഗോളപ്രസ്ഥാനമായി മാറിയതും നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. സൗരോര്‍ജ്ജമേഖലയില്‍ ഇന്ത്യ കാണുന്ന നേട്ടങ്ങള്‍ മുഴുവന്‍ ലോകത്തോടൊപ്പം നിന്നുകൊണ്ട് പങ്കുവയ്ക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. രാജ്യത്ത് പുനരുപയോഗ ഊര്‍ജ്ജം, സൗരോര്‍ജ്ജ ഉല്‍പ്പാദനം എന്നിവയ്ക്കായി നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ക്കായി തങ്ങളും സംഭാവനകളും നിക്ഷേപങ്ങളും വ്യാപിപ്പിക്കുക എന്ന് ഞാന്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ എല്ലാ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
രാജ്യത്ത് സൗരോര്‍ജ്ജ പാനലുകളുടെ ശേഖരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി മികച്ച ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിനും ഗവേഷണ വികസനത്തിനും നിക്ഷേപിക്കുക. ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എം.എസ്.എം.ഇകള്‍ക്കും അത്തരം മറ്റ് സ്ഥാപനങ്ങള്‍ക്കും നിങ്ങള്‍ക്ക് കൈകൊടുക്കാം. മാറിവരുന്ന ലോകത്ത് പുനര്‍ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന സൗരോര്‍ജ്ജ ബാറ്ററികള്‍ക്ക് വലിയ വിപണിയുണ്ടാകും. ഇന്ത്യന്‍ വ്യവസായത്തിന് ഇതിനെ നയിക്കാന്‍ കഴിയുമോ? ഇന്ത്യയ്ക്ക് ഈ മേഖലയില്‍ വലിയ ഒരു ഹബ്ബായി മാറാന്‍ കഴിയും.
ഐ.സി.സിക്കും അതിന്റെ അംഗങ്ങള്‍ക്കും ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75വര്‍ഷം പൂര്‍ത്തിയാക്കുന്ന 2022ഉം ഐ.സി.സി 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന 2025നും വിധേയമായി ഈ വിഷയങ്ങളില്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാം.
സുഹൃത്തുക്കളെ, ഇത് അവസരങ്ങള്‍ തിരിച്ചറിയാനുള്ള അവസരമാണ്, നിങ്ങള്‍ ഉത്സാഹത്തോടെ പരിശ്രമിച്ചുകൊണ്ട് പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിക്കുക. ഇത് വലിയ പ്രതിസന്ധിയാണെങ്കില്‍ അതിന്റെ വലിയ പാഠങ്ങള്‍ എടുക്കുന്നതിനൊപ്പം നമ്മള്‍ അതിന്റെ മുഴുവന്‍ പ്രയോജനവും എടുക്കണം,
ഗവണ്‍മെന്റ് ഈ ലക്ഷ്യത്തില്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും നിങ്ങളോടൊപ്പമുണ്ടെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു. പുതിയ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകാന്‍ മടിക്കേണ്ടതില്ല. പുതിയ ദൃഢവിശ്വാസത്തോടെ മുന്നോട്ടുപോകുക! സ്വാശ്രയ ഇന്ത്യയുടെ മേല്‍ക്കൂരയുടെ ഏറ്റവും മുകളില്‍ ആത്മവിശ്വാസ ഇന്ത്യയാണ്.
''ചോളേ ചോളേ ബാജ്ബേ ജ്യോയര്‍ ഭേരി, പായേര്‍ ബേഗൈ പോത് കെതേ ജായ് കോരിഷ് നാ ആര്‍ ദേരി'' എന്ന് ഗുരുദേവ് ടാഗോള്‍ 'നൂറ്റോണ്‍ ജുഗര്‍ ബോര്‍'-എന്ന അദ്ദേഹത്തിന്റെ കവിതയില്‍ പറഞ്ഞിട്ടുണ്ട്. അതായത് '' സഞ്ചരിക്കുന്ന ഓരോ പടവുകളും പ്രഖ്യാപിക്കും. മുന്നോട്ടു ചലിക്കുന്ന പാദങ്ങള്‍ പുതിയ പന്ഥാവുകള്‍ സൃഷ്ടിക്കും. ഇനി താമസിക്കരുത്'' എന്നാണ് അര്‍ത്ഥമാക്കുന്നത്.
ഈ മന്ത്രം എത്ര വലുതാണെന്ന് ഒന്നു ചിന്തിച്ചുനോക്കൂ- സഞ്ചരിക്കുന്ന പാദങ്ങള്‍ പുതിയ പന്ഥാവുകള്‍ സൃഷ്ടിക്കും. ഇത്തരത്തിലുള്ള ഒരു വലിയ പ്രചോദനം നമുക്ക് മുന്നിലുള്ളപ്പോള്‍ വിരമാത്തിന്റെ ചോദ്യം ഉദിക്കുന്നില്ല.
നിങ്ങള്‍ നിങ്ങളുടെ സംരംഭത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, രാജ്യം അതിന്റെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, നമ്മുടെ രാജ്യം സ്വാശ്രയ ഭാരതം എന്ന വഴിയിലൂടെ മുന്നോട്ടു സഞ്ചരിച്ചിരിക്കുമെന്ന് എനിക്ക് ദൃഢവിശ്വാസമുണ്ട്.

ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാം എന്റെ ശുഭാശംസകള്‍!
ആരോഗ്യകരമായി ഇരിക്കൂ, സുരക്ഷിതമായിരിക്കൂ!

വളരെയധികം നന്ദി!

ശ്രദ്ധചെലുത്തുക !


(Release ID: 1631298) Visitor Counter : 191