വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

അത്യാവശ്യ ഭക്ഷണ വസ്തുക്കള്‍ ആവശ്യമുള്ളവരില്‍ശ്രദ്ധ ചെലുത്തുവാന്‍ താപാല്‍ വകുപ്പിനോട് മന്ത്രി ശ്രീ.രവിശങ്കര്‍ പ്രസാദ്

Posted On: 18 APR 2020 5:02PM by PIB Thiruvananthpuram


·    രാജ്യത്തിന്റെ വിദൂര മേഖലകളില്‍ ഇന്ത്യാ പോസ്റ്റ് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നു

തിരുവനന്തപുരം, ഏപ്രില്‍ 18, 2020


അവസരത്തിനൊത്ത് ഉയര്‍ന്ന ഇന്ത്യന്‍ തപാല്‍, വകുപ്പ് കോവിഡ് -19 പ്രതിസന്ധിക്കാലത്ത് തപാല്‍ ഓഫീസുകളുടെ വിശാലമായ വിതരണ ശൃംഖല വഴി രാജ്യമെമ്പാടുമുള്ള ജനങ്ങളെ സഹായിച്ചു വരുന്നു. ഇതുസംബന്ധിച്ച് വാര്‍ത്താ വിനിമയ, നിയമ നീതിന്യായ, ഇലക്ട്രോണിക്സ് ഐടി വകുപ്പു മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍മാര്‍ക്കും ചീഫ് ജനറല്‍ മാനേജര്‍മാര്‍ക്കും തപാല്‍ ശൃംഖല രാജ്യത്തെ ആവശ്യമുള്ള ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് സജീവവും പ്രവര്‍ത്തനക്ഷമവുമായി നിലനിര്‍ത്തുന്നിന് വിഡിയോ കോണ്‍ഫറണ്‍സിലൂടെ നിര്‍ദേശം നല്കി.   രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍ വസിക്കുന്ന ദശലക്ഷക്കണക്കിനാളുകള്‍ക്ക് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തുകൊണ്ട്  കൊറോണയ്ക്ക് എതിരെ  ഇന്ത്യ പോസ്റ്റ് അതിന്റെ സേവനം തുടരുന്നു.

ഭക്ഷ്യസാധനങ്ങളുടെയും  റേഷന്റെയും വിതരണം 

ഭക്ഷണസാധനങ്ങള്‍ വളരെ അടിയന്തിരമായി ആവശ്യമുള്ള രാജ്യത്തെ പിന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ക്കും സാധാരണ ജനങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ ഉടന്‍ എത്തിച്ചു കൊടുക്കുന്നതിന് വിഡിയോ കോണ്‍ഫറണ്‍സില്‍ ശ്രീ രവിശങ്കര്‍ പ്രസാദ് നിര്‍ദ്ദേശം നല്കി. തപാല്‍ വകുപ്പിലെ ജീവനക്കാര്‍ അവരുടെ സമ്പാദ്യങ്ങള്‍ വരെ ഒന്നിച്ചു കൂട്ടി, ചേരിനിവാസികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ദിവസ കൂലിക്കാര്‍ക്കും ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളും റേഷന്‍ സാധനങ്ങളും മുഖാവരണങ്ങള്‍ പോലും വിതരണം ചെയ്യുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തോളം റേഷന്‍ ഭക്ഷ്യ പായ്ക്കറ്റുകളാണ് വിതരണം ചെയ്തത്. യുപിയിലെ നോയിഡ, ഗാസിയാബാദ്, ലക്നോ, പ്രയാഗരാജ്, ഫൈസാബാദ് എന്നി കേന്ദ്രങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, പാവപ്പെട്ട മറ്റുള്ളവര്‍ എന്നിവര്‍ക്കെല്ലാം  50000 ഭക്ഷ്യ റേഷന്‍ പായ്ക്കറ്റുകളും വിതരണം ചെയ്തു.  അതുപോലെ ബിഹാറില്‍ ഏകദേശം 16000 ഭക്ഷണപൊതികള്‍, 11500 പായ്ക്കറ്റുകളില്‍ സോപ്പ്, മുഖാവരണം, സാനിറ്റൈസര്‍, കൈയുറകള്‍  എന്നിവ സൗജന്യമായി നല്കി. തെലുങ്കാനായില്‍ ലോക്ഡൗണ്‍ കാലത്ത് തപാല്‍ വാനുകള്‍ വഴി 18000 ഊണുകളാണ് വിതരണം ചെയ്തത്. കൂടാതെ ഹൈദരാബാദ് സിറ്റിയില്‍ മാത്രം തപാല്‍ ജീവനക്കാര്‍ 1750 കുടുംബങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍, റേഷന്‍ എന്നിവ വിതരണം ചെയ്യുകയുണ്ടായി. നാഗ്പൂരില്‍ തപാല്‍ ജീവനക്കാര്‍ നഗരത്തിലെ 1500 കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യവസ്തുക്കളും റേഷന്‍ സാധനങ്ങളും എത്തിച്ചു നല്‍കി. തൊഴിലാളികള്‍, വഴിവാണിഭക്കാര്‍, റിക്ഷാവാലകള്‍, വിവിധ ആശുപത്രികളിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍, ചണ്ഡിഗഡിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി പോയ കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് പഞ്ചാബ് പോസ്റ്റല്‍ സര്‍ക്കിള്‍ ഫുഡ് ഓണ്‍ വീല്‍സ് എന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്.

ഭക്ഷ്യ വിതരണ വകുപ്പുമായി സഹകരിച്ച് ചണ്ഡിഗഡിലെ തപാല്‍ ഉദ്യോഗസ്ഥര്‍, തപാല്‍ വകുപ്പിന്റെ മെയില്‍ വാഹനത്തില്‍ ഭക്ഷണപൊതികള്‍ ശേഖരിച്ച് രണ്ടു ദിവസത്തില്‍ ഒരിക്കല്‍ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്തുവരുന്നു. നിര്‍ദ്ദിഷ്ഠ സാമൂഹിക അകലം പാലിച്ചു കൊണ്ടു തന്നെ  2000 മുതല്‍ 3500 വരെ ആളുകള്‍ക്ക് രണ്ടു ദിവസത്തില്‍ ഒരിക്കല്‍  ഫുഡ് ഓണ്‍ വീല്‍സ് വഴി ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നു. ഈ ഭവനരഹിതര്‍ക്കും ദരിദ്രര്‍ക്കും തപാല്‍ വകുപ്പിന്റെ ചുവന്ന നിറമുള്ള മെയില്‍ വാഹനം ഇപ്പോള്‍ പ്രതീക്ഷയുടെ ദീപമാണ്. അവര്‍ അതിന്റെ വരവും പ്രതീക്ഷിച്ചു നില്‍ക്കുന്നു. മുംബൈയില്‍ തപാല്‍ ജീവനക്കാര്‍ ധാരാവി പോലുള്ള രോഗ ബാധിത മേഖലകളില്‍ മുഖാവരണങ്ങളും സാനിറ്റൈസറുകളും വിതരണം ചെയ്യുന്നുമുണ്ട്.

മരുന്നുകള്‍ ലഭ്യമാക്കല്‍

സാധാരണ മരുന്നുകള്‍ എല്ലായിടത്തും തന്നെ ലഭ്യമായിരുന്നു. എന്നാല്‍ ക്യാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ തുടങ്ങിയവയ്ക്കു രോഗികള്‍ അവരുടെ മക്കളോ ബന്ധുക്കളോ വഴി വലിയ നഗരങ്ങളില്‍ നിന്നു വാങ്ങിയിരുന്ന  ജീവന്‍ രക്ഷാ ഔഷധങ്ങള്‍ ലോക് ഡൗണ്‍ കാലത്ത്  ലഭ്യമായിരുന്നില്ല. ട്വിറ്ററും മറ്റ് സാമൂഹിക മാധ്യമങ്ങളും വഴി പല നിര്‍ദ്ദേശങ്ങളും വാര്‍ത്താ വിനിമയമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.  തുടര്‍ന്ന് തപാല്‍ വകുപ്പിനും സ്പീഡ് പോസ്റ്റ് ഓഫീസുകള്‍ ഉപയോഗിച്ച് അവസാന നാഴിക വരെ ഈ ജീവന്‍ രക്ഷാ ഔഷധങ്ങള്‍ വിതരണം ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഉദാഹരണത്തിന് ഇന്ത്യന്‍ ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുശീല്‍ ജോഷിയുടെ പിതാവ്  ഉത്തരാഖണ്ഡിലെ വിദൂര പ്രദേശത്തു താമസിക്കുന്ന ശ്രീ. എംപി ജോഷിക്ക് ജീവന്‍ രക്ഷാ ഔഷധം എത്തിച്ചു നല്‍കിയത് തപാല്‍ വകുപ്പാണ്.  അതുപോലെ മൈലാബ് കമ്പനിയുടെ അഭ്യര്‍ത്ഥന മാനിച്ച് കോവിഡ് പരിശോധന കിറ്റുകള്‍ പുനെയിലെ എംഎംഎസില്‍ നിന്ന് ഏപ്രില്‍ 13 രാത്രി 11 നു ശേഖരിച്ച് 14 പുലര്‍ച്ചെ ഗുജറാത്തിലെ അങ്കലേശ്വറില്‍ എത്തിച്ചു കൊടുത്തതും തപാല്‍ വകുപ്പു തന്നെ.  ചെന്നെയില്‍ നിന്ന് 40 വ്യക്തിഗത സംരക്ഷണ കവചങ്ങള്‍ ഉത്തര്‍പ്രദേശിലെ ലക്നോവിലുള്ള മെഡിക്കല്‍ സപ്ലൈ കോര്‍പ്പറേഷനില്‍ എത്തിച്ചു കൊടുത്തത് 36 മണിക്കൂര്‍ കൊണ്ടാണ്. മരുന്നുകള്‍ മാത്രമല്ല പോണ്ടിച്ചേരിയില്‍ നിന്ന് ഒഡിഷയിലേയ്ക്കും ഗുജറാത്തിലേയ്ക്കും വെന്റിലേറ്ററുകള്‍ പോലും തപാല്‍ വകുപ്പ് എത്തിച്ചു നല്കി. റോഡ് മാര്‍ഗ്ഗം കൊല്‍കൊത്ത, റാഞ്ചി, സിലിഗുരി മുതലായ കേന്ദ്രങ്ങളിലേയ്ക്കും ഇത്തരം വിതരണങ്ങള്‍ നടന്നു.

സാമ്പത്തിക സേവനങ്ങള്‍ വീട്ടു പടിക്കല്‍

ബാങ്ക് അക്കൗണ്ട് തുറക്കുക, പണം പിന്‍വലിക്കുക തുടങ്ങിയ സാമ്പത്തിക സേവനങ്ങള്‍ പാവപ്പെട്ടവരുടെ വീട്ടു പടിക്കല്‍ എത്തിക്കുന്നതില്‍ തപാല്‍ വകുപ്പ് സജീവമാണ്. ആധാന്‍ എനേബിള്‍ഡ് പോസ്റ്റല്‍ പെയ്മെന്റ് സിസ്റ്റം വഴിയാണ് ഇത് സാധ്യമാക്കുന്നത്. വിവിധ ക്ഷേമ പെന്‍ഷനുകള്‍, മഹാത്മഗാന്ധി തൊഴിലുറപ്പ് വേതനം, പ്രധാന്‍ മന്ത്രി ഗരിബ് കല്യാണന്‍ യോജന പായ്ക്കേജ് തുടങ്ങി നേരിട്ടു ലഭിക്കുന്ന ആനുകൂല്യ തുക അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കാന്‍ ഇത് ജനങ്ങളെ സഹായിക്കുന്നു. ഈ സേവനം ജനങ്ങള്‍ വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഇന്ത്യന്‍ പോസ്റ്റല്‍ പെയ്മെന്റ് ബാങ്ക് ഏപ്രില്‍ 13 ന് അതിന്റെ 1.09  ഇടപാടുകാര്‍ക്കായി റെക്കോഡ് തുകയായ 22.82 കോടി രൂപ കൈമാറി.

ഷില്ലോംങ്ങിലെ ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തില്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള ക്യാമ്പ് നടത്തി. അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നെല്ലാം പ്രാദേശിക ഭരണാധികാരികളുടെ സഹായത്തോടെ കുടിയേറ്റ തൊഴിലാളികള്‍ എത്തി. ഇവരെല്ലാം മുഖാവരണം ധരിച്ചിരുന്നു. സാമൂഹിക അകലം പാലിച്ചു. കൈകള്‍ സാനിറ്റൈസ് ചെയ്തു. ഇവര്‍ക്കെല്ലാം കേന്ദ്ര സംസ്ഥാന പദ്ധതികളുടെ വിവിധ ആനുകൂല്യങ്ങള്‍ ഇനി ലഭിക്കും. ജമ്മുകാഷ്മീര്‍, ലേ, ഗുജറാത്ത്, തെലുങ്കാന, കര്‍ണാടക, ജാര്‍ക്കണ്ഡിലെയും ബിഹാറിലെയും മധ്യപ്രദേശിലെയും ഗിരിവര്‍ഗ്ഗ മേഖലകള്‍ ഉള്‍പ്പെടെ ഉള്ള മേഖലകളിലെ വിധവകള്‍, വികലാംഗര്‍, വയോധികര്‍ എന്നിവര്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വീട്ടു വാതില്‍ക്കല്‍ എത്തിച്ചു നല്കുന്നതും തപാല്‍ വകുപ്പാണ്.
 



(Release ID: 1615876) Visitor Counter : 291