57th International Film Festival of India 2026
20 – 28 Nov 2026

‘അതിരുകളില്ലാത്ത കഥകൾ’: ഭൂമിശാസ്ത്ര, സാമൂഹ്യ-സാംസ്കാരിക അതിർവരമ്പുകൾക്കപ്പുറം സിനിമയെ ആഘോഷിക്കാനൊരുങ്ങി 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള

പോസ്റ്റഡ് ഓണ്‍: 20 NOV 2026 2:09PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2339156Views: 13

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഗോവയിലെ പനജി പി.ഐ.ബി. മീഡിയ സെൻ്ററിൽ ഇന്ന് വാർത്താസമ്മേളനം സംഘടിപ്പിച്ചു.  മേളയുടെ ഡയറക്ടർ ശ്രീ അശുതോഷ് ഗൊവാരിക്കർ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ  മാനേജിങ് ഡയറക്ടർ ശ്രീ ധീരജ് സിങ്  എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ പശ്ചിമ മേഖല ഡയറക്ടർ ജനറൽ ശ്രീമതി സ്മിത വാത്‍സ് ശർമ്മ വാര്‍ത്താസമ്മേളനം ഏകോപിപ്പിച്ചു.  

 

‘അതിരുകളില്ലാത്ത കഥകൾ’  എന്ന പ്രമേയത്തെ കേന്ദ്രീകരിച്ച് 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ശ്രീ അശുതോഷ് ഗൊവാരിക്കർ വിശദീകരിച്ചു. ഭൂമിശാസ്ത്രപരവും പ്രാദേശികവുമായ അതിരുകൾക്കപ്പുറം ജാതി, സാമൂഹ്യ ഭിന്നതകള്‍, മറ്റ് സാമൂഹ്യ-സാംസ്കാരിക യാഥാർത്ഥ്യങ്ങൾ എന്നിവയടക്കം കാരണങ്ങളാല്‍ കുടുംബങ്ങളിലും  സമൂഹങ്ങളിലുമുണ്ടാകുന്ന വിഭജനങ്ങളെ കണ്ടെത്തുന്നതാണ്  പ്രമേയമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം അതിർവരമ്പുകളെ ഭേദിക്കുന്നതും വിവിധ സംസ്കാരങ്ങളിലെ പൊതു മാനുഷിക അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നതുമായ കഥകൾ ഒരുമിച്ചുകൊണ്ടുവരാനാണ് മേള ലക്ഷ്യമിടുന്നത്.

 

 

മേളയുടെ വൈവിധ്യമാർന്ന ചലച്ചിത്ര സൃഷ്ടികള്‍ എടുത്തുപറഞ്ഞ ശ്രീ ഗൊവാരിക്കർ  ഈ വർഷം അനിമേഷൻ, ഡോക്യുമെൻ്ററി, സിനിമകളെക്കുറിച്ചുള്ള സിനിമകൾ എന്നിങ്ങനെ മൂന്ന് പുതിയ വിഭാഗങ്ങൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഡോക്യുമെ ൻ്ററികളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും ഡോക്യുമെൻ്ററി പ്രവർത്തകർക്ക് കൂടുതൽ ദൃശ്യപരതയും അവസരങ്ങളും നൽകേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. ഈ സംരംഭത്തിൻ്റെ ഭാഗമായി അടുത്തിടെ സമാപിച്ച മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ  വിജയികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക ഗാല പ്രദർശനം ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സംഘടിപ്പിക്കും.

 

മേളയിലെ വൈവിധ്യമാർന്ന പരിപാടികളുടെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം റെട്രോസ്പെക്റ്റീവുകൾ, ക്യുറേറ്റഡ് പ്രദർശനങ്ങൾ, പ്രത്യേക പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ ഓരോ വിഭാഗവും സിനിമയുടെ സമ്പന്നതയും വൈവിധ്യവും അവതരിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. വ്യക്തിപരമായ സിനിമാ താല്പര്യങ്ങൾക്കപ്പുറം മേളയെ അടുത്തറിയാനും ഗാല പ്രദർശനങ്ങൾ, റെഡ്-കാർപെറ്റ് പരിപാടികൾ, അന്താരാഷ്ട്ര വാർത്താസമ്മേളനങ്ങൾ, പനോരമ സംവാദങ്ങൾ എന്നിവയിൽ പങ്കെടുക്കാനും അദ്ദേഹം മാധ്യമപ്രവർത്തകരെ പ്രോത്സാഹിപ്പിച്ചു. ഇത്തരം ഇടപെടലുകൾ ചലച്ചിത്രപ്രവർത്തകർക്കും സന്ദർശകര്‍ക്കും അവരുടെ സൃഷ്ടികൾ അവതരിപ്പിക്കാന്‍ അവസരം നൽകുന്നതിനൊപ്പം വൈവിധ്യമാർന്ന ചലച്ചിത്ര കാഴ്ചപ്പാടുകൾ കണ്ടെത്താൻ പ്രേക്ഷകരെ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

 

മേളയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വിശദീകരിച്ച ശ്രീ ഗൊവാരിക്കർ, സ്വതന്ത്ര വിലയിരുത്തലും വിമർശനാത്മക കാഴ്ചപ്പാടും നിലനിർത്തി റെട്രോസ്പെക്റ്റീവുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ ചിത്രങ്ങൾ കാണാനും അവ റിപ്പോർട്ട് ചെയ്യാനും മാധ്യമപ്രതിനിധികളോട് അഭ്യർത്ഥിച്ചു. മേളയുടെ കഥകളും ചലച്ചിത്ര അനുഭവങ്ങളും രാജ്യത്തുടനീളം പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ മാധ്യമങ്ങളുടെ ഇടപെടൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

 

മേളയിലുടനീളം സംഘാടക സമിതിയും മാധ്യമപ്രതിനിധികളും തമ്മിൽ അർത്ഥപൂര്‍ണവും അനൗപചാരികവുമായ ആശയവിനിമയങ്ങൾ സുഗമമാക്കാൻ  സന്നദ്ധനാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ഔദ്യോഗിക തിരക്കുകൾ കണക്കിലെടുത്ത് മേളയിലെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് കൂടുതൽ സൗകര്യവും മതിയായ സമയവും ലഭിക്കുന്ന തരത്തിലാണ് ആശയവിനിമയത്തിൻ്റെ സമയക്രമം തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

 

വാർത്താസമ്മേളനത്തിൽ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക ലഘുലേഖ  ശ്രീ അശുതോഷ് ഗൊവാരിക്കർ പ്രകാശനം ചെയ്തു.

 

മേളയുടെ കാഴ്ചപ്പാടിനെയും പരിപാടികളുടെ മുൻഗണനകളെയും കുറിച്ച്  സമഗ്ര അവലോകനം നൽകിയ വാര്‍ത്താസമ്മേളനം സിനിമയ്ക്കും സാംസ്കാരിക വിനിമയത്തിനുമുള്ള അന്താരാഷ്ട്ര വേദിയെന്ന നിലയിൽ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയെ ശക്തിപ്പെടുത്തുന്നതിൽ മാധ്യമ പങ്കാളിത്തത്തിൻ്റെയും കൂട്ടായ പരിശ്രമങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കി.  

 

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ  ഔദ്യോഗിക  വാർത്താപത്രിക  IFFILOID ഇവിടെ വായിക്കാം: https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48 

***


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2339156
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026