ധനകാര്യ മന്ത്രാലയം
ഡിജിറ്റൽ പണമിടപാട് വിപ്ലവത്തിന് 10 വർഷം തികച്ച് യുപിഐ; ലോകത്തെ ഏറ്റവും വലിയ തത്സമയ പണമിടപാട് സംവിധാനമെന്ന ആഗോള അംഗീകാരം
प्रविष्टि तिथि:
24 AUG 2026 1:57PM by PIB Thiruvananthpuram
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ നാഷണൽ പെയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2016 ഓഗസ്റ്റ് 25-ന് തുടക്കം കുറിച്ച യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (യുപിഐ) രാജ്യത്തിന്റെ ഡിജിറ്റൽ ഇടപാടുകളെ മാറ്റിമറിച്ച് വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കി. ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് മേഖലയുടെ നട്ടെല്ലായും നിർണായക ചാലകശക്തിയായും യുപിഐ മാറിക്കഴിഞ്ഞു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അസാധാരണ വളർച്ചയ്ക്കും മുന്നേറ്റത്തിനുമാണ് യുപിഐ സാക്ഷ്യം വഹിച്ചത്. 2016-17 സാമ്പത്തിക വർഷം വെറും 1.78 കോടിയായിരുന്ന വാർഷിക ഇടപാടുകള്‍ 2025-26 സാമ്പത്തിക വർഷം 24,162 കോടിയിലധികമായി ഉയർന്നു. ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 13,000 മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയത്. ഒപ്പം 2016-17 സാമ്പത്തിക വർഷം 0.07 ലക്ഷം കോടി രൂപയായിരുന്ന ഇടപാട് മൂല്യം 2025-26 സാമ്പത്തിക വർഷം ഏകദേശം 314 ലക്ഷം കോടി രൂപയായി കുത്തനെ ഉയർന്നു. മൂല്യത്തിൽ 4,000 മടങ്ങിലേറെയാണ് വർധന.
ഒരൊറ്റ അപ്ലിക്കേഷനിലൂടെ വ്യക്തികൾ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലും തടസ്സമില്ലാതെ തത്സമയം പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന പരസ്പരബന്ധിത വേദിയൊരുക്കി ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വിജയകരമായ സ്തംഭങ്ങളിലൊന്നായി യുപിഐ മാറി. ഇന്ന് കോടിക്കണക്കിന് പേരുടെ പ്രിയപ്പെട്ട പണമിടപാട് രീതിയായി മാറിയ യുപിഐ ഇന്ത്യക്കാരുടെ സാമ്പത്തിക ഇടപാടുകളുടെ രീതി വലിയതോതില്‍ മാറ്റിമറിച്ചു. ഡിജിറ്റൽ അന്തരം കുറയ്ക്കുകയും സാമ്പത്തിക ഉൾച്ചേർക്കലില്‍ മുന്നേറ്റമുണ്ടാക്കുകയും ഡിജിറ്റൽ സാമ്പത്തിക സേവന ലഭ്യത വ്യാപിപ്പിക്കുകയും ചെയ്തതിലൂടെ രാജ്യത്തെ വ്യക്തികളെയും സമൂഹങ്ങളെയും ശാക്തീകരിക്കാനും വിപുലമായ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാനും യുപിഐക്ക് സാധിച്ചു.
ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലുമുണ്ടായ ഈ സമാന്തര വളർച്ച പ്രതിദിന ചെറുകിട ചില്ലറ ഇടപാടുകളില്‍ യുപിഐ വഹിക്കുന്ന ആഴത്തിലുള്ള പങ്കിനെ അടിവരയിടുന്നു. യുപിഐ കൈവരിച്ച അഭൂതപൂർവമായ വ്യാപ്തിയ്ക്കും വിശ്വാസ്യതയ്ക്കും പരസ്പര പ്രവർത്തനക്ഷമതയ്ക്കും ആഗോള അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇടപാടുകളുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും വലിയ തത്സമയ പണമിടപാട് സംവിധാനമെന്ന അന്താരാഷ്ട്ര നാണയ നിധിയുടെ അംഗീകാരം യുപിഐ-യ്ക്ക് ലഭിച്ചു. വിശാലവും സമഗ്രവും നൂതനവുമായ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിൽ ഇന്ത്യയുടെ ആഗോള നേതൃത്വപദവി ഇതിലൂടെ പ്രകടമാകുന്നു.
I. ഒരു പതിറ്റാണ്ടിന്റെ കണക്കുകൾ
|
യുപിഐ ഒറ്റനോട്ടത്തില്‍: പ്രധാന സ്ഥിതിവിവരക്കണക്കുകള്‍ (NPCI)
|
|
വാർഷിക ഇടപാടുകളുടെ എണ്ണം (2016-17 സാമ്പത്തിക വർഷം)
|
1.78 കോടി
|
|
വാർഷിക ഇടപാടുകളുടെ എണ്ണം (2025-26 സാമ്പത്തിക വർഷം)
|
24,162 കോടി
|
|
വാർഷിക സംയോജിത വളർച്ചാ നിരക്ക്
|
188%
|
|
വാർഷിക ഇടപാട് മൂല്യം (2016-17 സാമ്പത്തിക വർഷം)
|
0.07 ലക്ഷം കോടി രൂപ
|
|
വാർഷിക ഇടപാട് മൂല്യം (2025-26 സാമ്പത്തിക വർഷം)
|
314 ലക്ഷം കോടി രൂപ
|
|
വാർഷിക സംയോജിത വളർച്ചാ നിരക്ക്
|
155%
|
|
ഇടപാടുകളുടെ എണ്ണത്തിലെ വാർഷിക വളർച്ച
|
30%
|
|
ഇടപാട് മൂല്യത്തിലെ വാർഷിക വളർച്ച
|
21%
|
|
പ്രതിദിന ശരാശരി ഇടപാടുകൾ
|
66 കോടി
|
|
എക്കാലത്തെയും ഉയർന്ന പ്രതിമാസ ഇടപാടുകളുടെ എണ്ണം (2026 ജൂലൈ)
|
2,366 കോടി
|
|
എക്കാലത്തെയും ഉയർന്ന പ്രതിമാസ ഇടപാട് മൂല്യം (2026 ജൂലൈ)
|
29.88 ലക്ഷം കോടി രൂപ
|
|
നിലവിൽ യുപിഐ സേവനം ലഭ്യമായ ബാങ്കുകൾ (2026 ജൂലൈ വരെ)
|
741 ബാങ്കുകൾ
|
|
തുടക്ക ഘട്ടത്തിലുണ്ടായിരുന്ന ബാങ്കുകൾ (2016 ഏപ്രിൽ)
|
21 ബാങ്കുകൾ
|
|
ആദ്യ മാസത്തെ ആകെ ഇടപാടുകൾ (2016 ഓഗസ്റ്റ്)
|
90,000
|
|
ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളിൽ യുപിഐ വിഹിതം
|
84% (2025-26 സാമ്പത്തിക വർഷം)
|
|
ആഗോള തത്സമയ ഇടപാടുകളിലെ വിഹിതം
|
ലോകത്തിന്റെ 49% (2025)
|
|
യുപിഐ സ്വീകരിക്കുന്ന വിദേശ രാജ്യങ്ങൾ
|
11 രാജ്യങ്ങൾ
|
വാർഷിക ഇടപാടുകളുടെ എണ്ണം (2016-17 സാമ്പത്തിക വർഷം മുതൽ 2026-27 സാമ്പത്തിക വർഷം വരെ)*

ചിത്രം 1: യുപിഐ വാർഷിക ഇടപാടുകളുടെ എണ്ണം (കോടിയിൽ)
*2026 ജൂലൈ 31 വരെയുള്ള കണക്ക്
വാർഷിക ഇടപാട് മൂല്യം (2016-17 സാമ്പത്തിക വർഷം മുതൽ 2026-27 സാമ്പത്തിക വർഷം വരെ)*

ചിത്രം 2: യുപിഐ വാർഷിക ഇടപാട് മൂല്യം (ലക്ഷം കോടി രൂപയിൽ)
*2026 ജൂലൈ 31 വരെയുള്ള കണക്ക്
II. പ്രതിമാസ പ്രകടനം (2026)
യുപിഐ-യുടെ വളർച്ചാ പാതയിൽ സുപ്രധാന നാഴികക്കല്ലാണ് 2026-ല്‍ അടയാളപ്പെടുത്തിയത്. 2026 മെയ് മാസം പ്രതിമാസ ഇടപാടുകളുടെ എണ്ണം ചരിത്രത്തിലാദ്യമായി 2,300 കോടി കടന്ന് 2,320 കോടിയിലെത്തി; യുപിഐ സ്വീകാര്യതയുടെ പുതിയ ഉയരമാണ് ഇത് വ്യക്തമാക്കിയത്. വർഷം മുഴുവൻ ഈ മുന്നേറ്റം തുടർന്നു. 2026 ജൂലൈയിൽ 2,366 കോടി ഇടപാടുകൾ രേഖപ്പെടുത്തി; യുപിഐയുടെ ഒരു പതിറ്റാണ്ട് നീണ്ട യാത്രയിലെ ഏറ്റവും ഉയർന്ന പ്രതിമാസ ഇടപാടുകളാണിത്.
III. ആവാസവ്യവസ്ഥയുടെ കരുത്ത്: ബാങ്കുകളും ആപ്പുകളും ഭൂമിശാസ്ത്രപരമായ വ്യാപനവും
യുപിഐ സേവനം ലഭ്യമായ ബാങ്കുകൾ: അഭൂതപൂർവമായ പങ്കാളിത്തം
തുടക്കം മുതൽ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ സുസ്ഥിരവും വിപുലവുമായ വളർച്ചയാണ് യുപിഐ കൈവരിച്ചത്. പ്രവർത്തനത്തിന്റെ ആദ്യ വർഷമായ 2016-17 സാമ്പത്തിക വർഷം യുപിഐ സേവനമുണ്ടായിരുന്ന ബാങ്കുകളുടെ എണ്ണം വെറും 44 ആയിരുന്നെങ്കിൽ 2025-26 സാമ്പത്തിക വർഷത്തോടെ ഇത് 703 ആയി ഉയർന്നു. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, പണമിടപാട് ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു; യുപിഐ രാജ്യത്തിന്റെ മുക്കിലും മൂലയിലുമെത്തിക്കാൻ ഇത് വഴിയൊരുക്കി. ഓരോ ബാങ്കും റെമിറ്റർ പിഎസ്പി (പണമയക്കുന്ന ഇടപാടുകളുടെ നിര്‍വഹണം), ബെനിഫിഷ്യറി പിഎസ്പി (പണം സ്വീകരിക്കുന്നത്) എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എല്ലാ പങ്കാളികളുടെയും പ്രവർത്തനക്ഷമത നാഷണല്‍ പെയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
യുപിഐ സേവനം ലഭ്യമായ ബാങ്കുകളുടെ എണ്ണം
ചിത്രം 4: യുപിഐ സേവനം ലഭ്യമായ ബാങ്കുകളുടെ എണ്ണം (2017-2026 സാമ്പത്തിക വർഷം)

IV. ഇടപാടുകളുടെ തരംതിരിവ് P2P & P2M വിശകലനം
യുപിഐ ഇടപാടുകളുടെ വിശകലനം വിവിധ പണമിടപാട് രീതികളിലെ എണ്ണവും മൂല്യവും തമ്മിലെ വ്യക്തമായ വ്യത്യാസം വെളിപ്പെടുത്തുന്നു. ആകെ ഇടപാടുകളുടെ എണ്ണത്തിൽ 63 ശതമാനം വ്യക്തികളും വ്യാപാരികളും തമ്മിലെ (P2M) ഇടപാടുകളാണ്. ഇടയ്ക്കിടെ നടത്തുന്നതും കുറഞ്ഞ തുകയുടേതുമായ ചില്ലറ വ്യാപാര പണമിടപാടുകള്‍ക്ക് യുപിഐ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ ഇടപാടിന്റെ മൂല്യത്തിൽ മുന്നിട്ടു നില്‍ക്കുന്നത് വ്യക്തികൾ തമ്മിലെ (P2P) ഇടപാടുകളാണ് (71%). വ്യക്തികൾ തമ്മില്‍ വലിയ തുക കൈമാറാനാണ് യുപിഐ ഉപയോഗിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. ചില്ലറ വ്യാപാര പണമിടപാടുകള്‍ക്ക് ജനകീയ സംവിധാനമെന്ന നിലയിലും ഉയർന്ന തുകയുടെ കൈമാറ്റങ്ങൾക്ക് വിശ്വസ്ത മാധ്യമമെന്ന നിലയിലും യുപിഐ വഹിക്കുന്ന ഇരട്ട പദവിയെ ഈ വ്യത്യാസം എടുത്തുകാട്ടുന്നു.


ചിത്രം 5: യുപിഐ P2P vs P2M വിഭജനം - ഇടപാടുകളുടെ എണ്ണവും മൂല്യവും
ഇടപാട് തുകയുടെ അടിസ്ഥാനത്തിലുള്ള വിശകലനം: മൈക്രോ പണമിടപാടുകള്‍ മുന്നിട്ടു നില്‍ക്കുന്നു

രാജ്യത്തുടനീളം ദൈനംദിന ഡിജിറ്റൽ പണമിടപാടുകളില്‍ യുപിഐ സംവിധാനം എത്രത്തോളം ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ തെളിവാണ് 2026 സാമ്പത്തിക വർഷത്തെ ആകെ 24,162 കോടി യുപിഐ ഇടപാടുകൾ; പ്രത്യേകിച്ച് വ്യാപാരികളുടെ മേഖലയിൽ വലിയ മുന്നേറ്റമാണ് ഇതിലൂടെ ഉണ്ടായത്. വ്യക്തികളും വ്യാപാരികളും തമ്മിലെ ഇടപാടുകളിൽ ഭൂരിഭാഗവും ചെറിയ തുകകളാണ്; ഇതിൽ 86 ശതമാനവും 500 രൂപയിൽ താഴെയാണ്. ഉയർന്ന തുകയുടെ ഇടപാടുകളില്‍ വളർച്ച തുടരുമ്പോഴും സാധാരണ ചില്ലറ വ്യാപാരങ്ങളിലും ദൈനംദിന വാണിജ്യ ഇടപാടുകളിലും യുപിഐ എത്രമാത്രം ആഴത്തിൽ സ്വാധീനം ചെലുത്തിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. വ്യക്തികള്‍ തമ്മിലെ ഇടപാടുകളിലും ചെറിയ തുകകളുടെ കൈമാറ്റം വ്യാപകമായി കാണാം (59% ഇടപാടുകളും 500 രൂപയിൽ താഴെയാണ്). അതേസമയം 41 ശതമാനത്തോളം വരുന്ന 500 രൂപയ്ക്ക് മുകളിലെ ഇടപാടുകൾ സാധാരണ വ്യക്തിഗത പണമിടപാടുകളും ഉയർന്ന തുകയുടെ കൈമാറ്റങ്ങളും ഒരുപോലെ സുഗമമാക്കുന്നതിൽ യുപിഐ-യുടെ വര്‍ധിച്ചുവരുന്ന വൈവിധ്യം പ്രകടമാക്കുന്നു.
ചിത്രം 6: ഇടപാട് തുകയുടെ അടിസ്ഥാനത്തിലുള്ള യുപിഐ ഇടപാടുകളുടെ വിശകലനം
V. യുപിഐ ആഗോള വേദിയിൽ
പ്രാദേശിക പണമിടപാട് എന്ന നിലയില്‍ ഒരു നൂതനാശയമായി ആരംഭിച്ച യുപിഐ ഇന്ന് ഡിജിറ്റൽ പണമിടപാട് മേഖലയിലെ ആഗോള മാതൃകയായി മാറിയിരിക്കുന്നു.
2025-ലെ കണക്കനുസരിച്ച് ലോകത്തെ തത്സമയ പണമിടപാടുകളുടെ എണ്ണത്തിൽ ഏകദേശം 49 ശതമാനവും യുപിഐ വഴിയാണ്; ഈ സുപ്രധാന നേട്ടം അന്താരാഷ്ട്ര നാണയ നിധി അംഗീകരിച്ചിട്ടുണ്ട്.
പ്രതിദിനം 66 കോടിയിലധികം ഇടപാടുകളുടെ നിര്‍വഹണത്തിലൂടെ ആഗോള പണമിടപാട് ശൃംഖലകളെ മറികടന്ന യുപിഐ തത്സമയവും സുരക്ഷിതവും സമഗ്രവുമായ ഡിജിറ്റൽ ഇടപാടുകളിൽ ലോകത്തെ നയിക്കുന്ന രാജ്യമെന്ന ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തി.
അതിർത്തി കടന്നുള്ള ഡിജിറ്റൽ പണമിടപാടുകളുടെ ആഗോള വേദിയായും യുപിഐ മാറിയിട്ടുണ്ട്. നിലവിൽ യുഎഇ, ഫ്രാൻസ്, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ, സിംഗപ്പൂർ, മൗറീഷ്യസ്, ഖത്തർ, കംബോഡിയ, ഗ്രീസ്, മാലിദ്വീപ് എന്നീ 11 രാജ്യങ്ങളിൽ യുപിഐ സേവനം ലഭ്യമാണ്.
VI. മുന്നോട്ടുള്ള പാത: യുപിഐയുടെ അടുത്ത പതിറ്റാണ്ട്
ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് രംഗത്ത് കൂടുതൽ വലിയ പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ യുപിഐ-യുടെ വരും പതിറ്റാണ്ട് സജ്ജമായിക്കഴിഞ്ഞു. പുതിയ ഉപഭോക്താക്കളെയും വ്യാപാരികളെയും യുപിഐ രംഗത്തേക്ക് കൊണ്ടുവരുന്നതിലൂടെയും തുടർച്ചയായ നയപരമായ പിന്തുണ, സാങ്കേതിക മുന്നേറ്റം, വിപുലമായ സാമ്പത്തിക ഉൾച്ചേർക്കൽ എന്നിവ ഉറപ്പാക്കുന്നതിലൂടെയും യുപിഐ നയിക്കുന്ന നൂതനാശയങ്ങളുടെ അടുത്ത ഘട്ടത്തിന് കരുത്തേകാനും ഇന്ത്യയുടെ ഡിജിറ്റൽ പണമിടപാട് സംവിധാനത്തെ ശക്തിപ്പെടുത്താനും കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.
***
(रिलीज़ आईडी: 2302817)
आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें:
Khasi
,
English
,
Gujarati
,
Urdu
,
Nepali
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Tamil
,
Telugu
,
Kannada