വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
प्रविष्टि तिथि:
29 JUN 2026 8:27PM by PIB Thiruvananthpuram
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ വളർച്ചയ്ക്ക് സഹായകരമാകുന്ന രണ്ട് നിർണായക തീരുമാനങ്ങൾ ഇന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സ്വീകരിച്ചു. രാജ്യത്തുടനീളമുള്ള തിയേറ്റർ സ്ക്രീനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ഈ നടപടികൾ കാരണമാകും.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ഇന്ന് ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ചലച്ചിത്ര നിർമാണം, വിതരണം, സാങ്കേതിക സംയോജനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി അടിയന്തര ഘടനാപരമായ നടപടികൾ കൈക്കൊള്ളാൻ മന്ത്രി നിർദ്ദേശം നൽകി.
ഒരു പഠന ഗ്രൂപ്പ് രൂപീകരിച്ചു:
മന്ത്രാലയം ഒരു ഉന്നതതല പഠന ഗ്രൂപ്പിന് രൂപം നൽകിയിട്ടുണ്ട്. ശ്രീ പ്രസൂൺ ജോഷി ഈ ഗ്രൂപ്പിന്റെ അധ്യക്ഷനാകും. ചലച്ചിത്ര മേഖലയിലെ വിദഗ്ധരും സാങ്കേതിക പങ്കാളികളും ഇതിൽ അംഗങ്ങളായിരിക്കും.
ഇന്ത്യൻ സിനിമ നേരിടുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ഈ ഗ്രൂപ്പ് പഠിക്കും. ചലച്ചിത്ര മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും നിർദ്ദേശിക്കും. കൂടാതെ ഇന്ത്യൻ സിനിമയെ ആഗോളതലത്തിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള ശുപാർശകളും സമർപ്പിക്കും.
പഠന ഗ്രൂപ്പ് പ്രധാനമായും ഇനിപ്പറയുന്ന വിഷയങ്ങൾ പരിശോധിക്കും:
* ലോക വിപണിയിൽ ഇന്ത്യൻ സിനിമകളെ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾ.
* സിനിമയിൽ പുതിയ സാങ്കേതികവിദ്യകൾ ചെലുത്തുന്ന സ്വാധീനം. ഇതിൽ നിർമിത ബുദ്ധി (AI), വെർച്വൽ പ്രൊഡക്ഷൻ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് ഈ സാങ്കേതിക വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഗ്രൂപ്പ് നിർദ്ദേശിക്കും.
* ചലച്ചിത്ര നിർമാതാക്കൾക്ക് വിപണിയിൽ നിന്ന് എങ്ങനെ സ്ഥാപനപരമായ ധനസഹായം , ചലച്ചിത്ര നിർമാണത്തിനുള്ള പുതിയ ധനസഹായ മാർഗങ്ങൾ എന്നിവ കണ്ടെത്തുക.
* നിർമ്മാണത്തിനും വിതരണത്തിനുമായി പണം കണ്ടെത്തുന്നതിൽ ചലച്ചിത്ര പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ.
* സംസ്ഥാന ഗവണ്മെന്റുകളുമായും മറ്റ് പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കുക. ഗ്രൂപ്പ് മികച്ച മാതൃകകൾ കണ്ടെത്തുകയും ഇന്ത്യൻ സിനിമയുടെ ദീർഘകാല വളർച്ചയ്ക്കായുള്ള സമഗ്രമായ ഒരു നയരൂപരേഖ ശുപാർശ ചെയ്യുകയും ചെയ്യും.
പഠന ഗ്രൂപ്പ് രാജ്യത്തുടനീളമുള്ള എല്ലാ പ്രധാനപ്പെട്ട തല്പരകക്ഷികളുമായും കൂടിയാലോചനകൾ നടത്തും. മൂന്ന് മാസത്തിനകം ഗ്രൂപ്പിന്റെ റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിക്കും.
സംസ്ഥാനങ്ങൾക്ക് നടപ്പിലാക്കാനായി ' സംസ്ഥാന സിനിമ നിയന്ത്രണ മാതൃക ':
സിനിമകളുടെയും തിയേറ്ററുകളുടെയും നിയന്ത്രണം സംസ്ഥാന ലിസ്റ്റിൽ പെട്ടതാണ്. തിയേറ്ററുകൾക്ക് ആവശ്യമായ വിവിധ അനുമതികൾക്കായി വ്യത്യസ്ത സംസ്ഥാനങ്ങൾ വ്യത്യസ്ത നിയമങ്ങളാണ് പിന്തുടരുന്നത്. ഇത് സിനിമയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്, പ്രത്യേകിച്ച് ചെറുകിട നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വലിയൊരു തടസ്സമായിരുന്നു.
സിനിമാ മേഖലയിലെ അടിസ്ഥാന സൗകര്യം വേഗത്തിലാക്കുന്നതിനായി മന്ത്രാലയം മാതൃകാ ചട്ടങ്ങളുടെ (Model Rules) ഒരു കരട് തയ്യാറാക്കിയിട്ടുണ്ട്. എല്ലാ പങ്കാളികളുമായും ചർച്ച ചെയ്ത ശേഷമാണ് ഈ ചട്ടങ്ങൾക്ക് രൂപം നൽകിയത്. മന്ത്രാലയം ഇപ്പോൾ ഈ ' സിനിമാ നിയന്ത്രണം സംബന്ധിച്ച മാതൃകകൾ ' എല്ലാ സംസ്ഥാന ഗവൺമെന്റുകൾക്കും അയച്ചിട്ടുണ്ട്. ഇവ നടപ്പിലാക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. ഈ നിയമങ്ങൾ പ്രായോഗികമാക്കാൻ മന്ത്രാലയം സംസ്ഥാനങ്ങളെ സഹായിക്കും.
ഈ രണ്ട് തീരുമാനങ്ങളും ചേർന്ന് ശക്തവും ആധുനികവും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ ഒരു ഇന്ത്യൻ ചലച്ചിത്ര വ്യവസായം കെട്ടിപ്പടുക്കും. സർഗ്ഗാത്മകതയുടെയും സംസ്കാരത്തിന്റെയും നൂതനാശയങ്ങളുടെയും ശക്തമായ മാധ്യമമായി ഇന്ത്യൻ സിനിമ തുടർന്നും നിലകൊള്ളും.
****