പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളിലെ പുതിയ വിവരങ്ങൾ
പി.എൻ.ജി കണക്ഷനുള്ള ഉപഭോക്താക്കൾ എൽ.പി.ജി കണക്ഷൻ സറണ്ടര്‍ ചെയ്യണമെന്ന് എൽ.പി.ജി നിയന്ത്രണ ഉത്തരവ് ഭേദഗതി നിർദേശിക്കുന്നു; എൽ.പി.ജി ലഭ്യത കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം
എൽ.പി.ജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് ഡിജിറ്റൽ സംവിധാനങ്ങള്‍ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് നിർദേശം.
ലഭ്യമായ ഇടങ്ങളിലെല്ലാം പി.എൻ.ജി സൗകര്യം തിരഞ്ഞെടുക്കാൻ ജനങ്ങള്‍ക്ക് പ്രോത്സാഹനം
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ വിവിധ സംസ്ഥാനങ്ങളിൽ പരിശോധനകള്‍
സാഹചര്യം നിരീക്ഷിക്കാന്‍ 22 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകൾ തുടങ്ങി; മറ്റിടങ്ങളില്‍ ഇതിനായി നടപടികള്‍ പുരോഗമിക്കുന്നു
ഫുജൈറ ടെർമിനലിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഇന്ത്യൻ കപ്പലായ 'ജഗ് ലാഡ്കി' സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചു.
രാജ്യത്തുടനീളം തുറമുഖങ്ങൾ കപ്പൽ നീക്കങ്ങളും ചരക്കുനീക്കങ്ങളും നിരീക്ഷിക്കുന്നു
പശ്ചിമേഷ്യയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളില്‍ 24 മണിക്കൂറും ഹെൽപ്പ് ലൈനുകൾ; പ്രവാസി സമൂഹത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നു
പോസ്റ്റഡ് ഓണ്‍:
15 MAR 2026 3:50PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്മെൻ്റ് കൈക്കൊണ്ട തയ്യാറെടുപ്പുകളും പ്രതിരോധ നടപടികളും സംബന്ധിച്ച വിവരങ്ങൾ താഴെ നൽകുന്നു. ഊർജ വിതരണം, സമുദ്ര പ്രവർത്തനങ്ങൾ, പ്രവാസി ക്ഷേമം, പൊതുവിനിമയം എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ നടപടികള്‍.
ഊർജ വിതരണവും ഇന്ധന ലഭ്യതയും
രാജ്യത്തുടനീളം പെട്രോളിയം ഉല്പന്നങ്ങളുടെയും എൽ.പി.ജി.യുടെയും സുസ്ഥിര ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൃത്യമായ വിതരണവും വിതരണ ശൃംഖലയും നിലനിർത്താനാവശ്യമായ ക്രമീകരണങ്ങൾ പൂര്‍ണ സജ്ജമാണ്. നിലവിലെ സാഹചര്യങ്ങള്‍ താഴെ:
ക്രൂഡ് / എണ്ണ സംസ്കരണശാലകൾ
-
എല്ലാ എണ്ണ സംസ്കരണശാലകളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുകയും ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം നിലനിർത്തുകയും ചെയ്യുന്നു.
-
പെട്രോൾ, ഡീസൽ ഉല്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തമാണ്. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യയ്ക്ക് പെട്രോളിൻ്റെയും ഡീസലിൻ്റെയും ഇറക്കുമതി ആവശ്യമില്ല.
ചില്ലറ വിൽപന കേന്ദ്രങ്ങൾ
-
എണ്ണ വിപണന കമ്പനികളുടെ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഇന്ധനം തീർന്നുപോയ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്രോൾ, ഡീസൽ വിതരണം പതിവുപോലെ തുടരുന്നു.
-
രാജ്യത്തുടനീളം ആവശ്യത്തിന് പെട്രോളിൻ്റെയും ഡീസലിൻ്റെയും ശേഖരമുണ്ട്. അതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തി മൂലം ഇന്ധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലേക്ക് കടക്കരുതെന്ന് നിർദേശിക്കുന്നു.
പ്രകൃതിവാതകം
-
പി.എൻ.ജി, സി.എൻ.ജി എന്നിവയുടെ 100% വിതരണം ഉൾപ്പെടെ മുൻഗണനാ മേഖലകൾക്ക് സംരക്ഷിത ഗ്യാസ് വിതരണം തുടരുന്നു. അതേസമയം വ്യവസായ-വാണിജ്യ ഉപഭോക്താക്കളുടെ വിതരണം ഏകദേശം 80% ആയി നിയന്ത്രിച്ചിരിക്കുന്നു.
-
പ്രധാന നഗരങ്ങളിലെയും നഗരപ്രദേശങ്ങളിലെയും വാണിജ്യ എൽ.പി.ജി ഉപഭോക്താക്കളെ പി.എൻ.ജി കണക്ഷനുകൾ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇതിന് ഇ-മെയില്‍ വഴിയോ കത്ത് വഴിയോ സിറ്റി ഗ്യാസ് വിതരണ കമ്പനികളുടെ ഉപഭോക്തൃ പോർട്ടൽ വഴിയോ അപേക്ഷിക്കാം.
-
പി.എൻ.ജി കണക്ഷനുകളുടെയും എൽ.പി.ജി-യിൽ നിന്ന് പി.എൻ.ജി-യിലേക്കുള്ള മാറ്റത്തിൻ്റെയും സ്ഥിതി അവലോകനം ചെയ്യാന്‍ 2026 മാർച്ച് 14-ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പെട്രോളിയം പ്രകൃതിവാതക നിയന്ത്രണ ബോർഡ് (പി.എൻ.ജി.ആർ.ബി), സിറ്റി ഗ്യാസ് വിതരണ (സി.ജി.ഡി) സ്ഥാപനങ്ങളുമായി കൂടിക്കാഴ്ച നടത്തി.
എൽ.പി.ജി
-
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് എൽ.പി.ജി വിതരണത്തിൻ്റെ നിരീക്ഷണം തുടരുന്നു.
-
എൽ.പി.ജി വിതരണ ഏജൻസികളിൽ സ്റ്റോക്ക് തീർന്നതായി റിപ്പോർട്ടുകളില്ല.
-
എൽ.പി.ജി ബുക്കിങില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2026 മാർച്ച് 13-ലെ 88.8 ലക്ഷം ബുക്കിങ് അപേക്ഷിച്ച് ഇന്നലെ ഏകദേശം 77 ലക്ഷം പേരാണ് ബുക്ക് ചെയ്തത്.
-
ഓൺലൈൻ എൽ.പി.ജി സിലിണ്ടർ ബുക്കിങ് 84 ശതമാനത്തിൽ നിന്ന് ഏകദേശം 87 ശതമാനമായി വർധിച്ചു.
-
ബിഹാർ, ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങി നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഗവണ്മെൻ്റ് മാർഗനിർദേശങ്ങൾ പ്രകാരം ഗാർഹികേതര എൽ.പി.ജി വിഹിതം നിശ്ചയിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചു.
-
മുൻഗണനാടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾ സംസ്ഥാന ഗവണ്മെൻ്റു കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇവ ഇപ്പോൾ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
സംസ്ഥാന സർക്കാരുകൾ നടത്തിയ യോഗങ്ങൾ
-
പെട്രോൾ, ഡീസൽ, എൽ.പി.ജി ഉൾപ്പെടെ അവശ്യ ഇന്ധനങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിൽ സംസ്ഥാന ഗവണ്മെൻ്റുക ളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സുപ്രധാന പങ്ക് തുടരുന്നു.
-
എൽ.പി.ജി വിതരണം അവലോകനം ചെയ്യാനും വിതരണത്തിലെ തുടർച്ച ഉറപ്പാക്കാനും കരിഞ്ചന്തയും പരിഭ്രാന്തി മൂലം അനാവശ്യ ബുക്കിങ് നടത്തുന്നത് തടയാനും ലക്ഷ്യമിട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉന്നതതല യോഗങ്ങൾ ചേർന്നു.
-
സാഹചര്യം നിരീക്ഷിക്കാൻ 22 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകൾ സ്ഥാപിച്ചു. പൗരന്മാരെ വിവരങ്ങൾ അറിയിക്കാന്‍ പല സംസ്ഥാനങ്ങളും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നുണ്ട്.
നിയമപാലന നടപടികൾ
-
പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ സംസ്ഥാന ഗവണ്മെൻുകൾ നടപടികൾ സ്വീകരിച്ചുവരുന്നു.
-
എൽ.പി.ജി സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിൻ്റെ ഭാഗമായി ആന്ധ്രാപ്രദേശ്, ബിഹാർ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ പരിശോധനകള്‍ പുരോഗമിക്കുന്നു.
-
തടസരഹിത വിതരണം ഉറപ്പാക്കാനും ക്രമക്കേടുകൾ തടയാനും പൊതുമേഖലാ എണ്ണ വിപണന കമ്പനികളിലെ ഉദ്യോഗസ്ഥർ എൽ.പി.ജി വിതരണ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനകള്‍ നടത്തുന്നു.
മറ്റ് സർക്കാർ നടപടികൾ
-
ആഭ്യന്തര ഉപഭോക്താക്കളുടെ താല്പര്യങ്ങൾ മുൻനിർത്തി വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മുൻഗണനാ മേഖലകൾക്കടക്കം തടസരഹിത എൽ.പി.ജി വിതരണം ഉറപ്പാക്കാന്‍ സർക്കാർ മുൻഗണന തുടരുന്നു.
-
എണ്ണ സംസ്കരണശാലകളിലെ ആഭ്യന്തര എൽ.പി.ജി ഉല്പാദനം പരമാവധി വർധിപ്പിക്കുകയും വിതരണ-ആവശ്യകത തലങ്ങളില്‍ നിരവധി നടപടികൾ കൈക്കൊള്ളുകയും ചെയ്തു.
-
2026 മാർച്ച് 14-ന് എൽ.പി.ജി നിയന്ത്രണ ഉത്തരവിൽ വരുത്തിയ ഭേദഗതി പ്രകാരം പി.എൻ.ജി കണക്ഷനുള്ള ഉപഭോക്താക്കൾ ആഭ്യന്തര എൽ.പി.ജി കണക്ഷനുകൾ സറണ്ടര്‍ ചെയ്യേണ്ടതുണ്ട്. കൂടാതെ പി.എൻ.ജി ഉപഭോക്താക്കൾക്ക് പുതിയ എൽ.പി.ജി കണക്ഷനുകൾ നൽകുന്നത് നിരോധിക്കുകയും ചെയ്യുന്നു.
-
തുല്യ വിതരണം ഉറപ്പാക്കാന്‍ ഗ്യാസ് സിലിണ്ടർ ബുക്കിങ് ഇടവേള നഗരപ്രദേശങ്ങളിൽ 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും പുനർനിശ്ചയിച്ചു.
-
ബദൽ ഇന്ധന ആവശ്യങ്ങൾക്കായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചു.
-
എൽ.പി.ജി വിതരണത്തിലെ സമ്മർദം കുറയ്ക്കാന്‍ ഹോസ്പിറ്റാലിറ്റി, റെസ്റ്റോറൻ്റ് തുടങ്ങിയ ചില മേഖലകളിൽ മണ്ണെണ്ണ, കൽക്കരി പോലുള്ള ബദൽ ഇന്ധനങ്ങൾ അനുവദിച്ചു.
-
സുഗമമായ വിതരണം ഉറപ്പാക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികൾ ഡിജിറ്റൽ ബുക്കിങ് പ്രോത്സാഹിപ്പിക്കുകയും പരിഭ്രാന്തി മൂലം അനാവശ്യമായി ബുക്ക് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുകയും ഞായറാഴ്ചകളിൽ എൽ.പി.ജി വിതരണ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.
പൊതുജന നിർദേശങ്ങൾ
-
വീടുകൾക്കും അവശ്യ മേഖലകൾക്കും ആവശ്യമായ എൽ.പി.ജി ലഭ്യത ഉറപ്പാക്കാൻ ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമായതിനാൽ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് നിർദേശിക്കുന്നു.
-
ഐ.വി.ആർ.എസ് കോളുകൾ, എസ്.എം.എസ്, വാട്ട്‌സ്ആപ്പ് ബുക്കിങ്, എണ്ണക്കമ്പനികളുടെ മൊബൈൽ അപ്ലിക്കേഷനുകൾ എന്നിവയുൾപ്പെടെ വിവിധ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ എൽ.പി.ജി സിലിണ്ടറുകൾ ബുക്ക് ചെയ്യാം.
-
പരിഭ്രാന്തി മൂലം അനാവശ്യമായി ബുക്ക് ചെയ്യുന്നത് ഒഴിവാക്കാനും ഡിജിറ്റൽ സംവിധാനങ്ങള്‍ ഉപയോഗിക്കാനും വിതരണ കേന്ദ്രങ്ങളിലേക്ക് അനാവശ്യ സന്ദർശനങ്ങൾ നടത്താതിരിക്കാനും ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.
-
സാധ്യമായ ഇടങ്ങളിലെല്ലാം പി.എൻ.ജി പോലുള്ള ബദൽ ഇന്ധനങ്ങൾ തിരഞ്ഞെടുക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
-
തടസരഹിത എൽ.പി.ജി വിതരണത്തെക്കുറിച്ചും പരിഭ്രാന്തി മൂലം അനാവശ്യമായി ബുക്ക് ചെയ്യുന്നതില്‍ അടുത്തിടെ കണ്ടുതുടങ്ങിയ കുറവിനെക്കുറിച്ചും അവബോധം പകരുന്നത് സർക്കാരും എണ്ണക്കമ്പനികളും തുടരുന്നു.
-
അനാവശ്യ പരിഭ്രാന്തി ഒഴിവാക്കാന്‍ ഔദ്യോഗിക വിവര സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും കൃത്യമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതില്‍ സഹായിക്കാനും പൊതുജനങ്ങളോടും മാധ്യമ സ്ഥാപനങ്ങളോടും അഭ്യർത്ഥിക്കുന്നു.
സമുദ്ര സുരക്ഷയും കപ്പൽ ഗതാഗത പ്രവർത്തനങ്ങളും
മേഖലയിലെ ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സുഗമമായ സമുദ്ര പ്രവർത്തനങ്ങൾക്ക് കപ്പല്‍ ഗതാഗത അധികാരികളുമായും ബന്ധപ്പെട്ടവരുമായും ഏകോപനം തുടരുന്നു.
-
മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ നാവികർ ഉൾപ്പെട്ട സമുദ്ര അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
-
2026 മാർച്ച് 14-ന് ഫുജൈറ സിംഗിൾ പോയിൻ്റ ് മൂറിംഗിൽ ഇന്ത്യൻ പതാക വഹിക്കുന്ന 'ജഗ് ലാഡ്കി' എന്ന കപ്പൽ ക്രൂഡ് ഓയിൽ കയറ്റുന്നതിനിടെ ഫുജൈറ ഇന്ധന തുറമുഖത്തിന് നേരെ ആക്രമണമുണ്ടായി. ഏകദേശം 80,800 മെട്രിക് ടൺ മർബൻ ക്രൂഡ് ഓയിലുമായി ഈ കപ്പൽ ഇന്ന് ഇന്ത്യൻ സമയം 10:30-ന് ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് സുരക്ഷിതമായി പുറപ്പെട്ടു. കപ്പലും അതിലെ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്.
-
ഏകദേശം 92,712 മെട്രിക് ടൺ എൽ.പി.ജി.യുമായി 2026 മാർച്ച് 14-ന് ഹോർമുസ് കടലിടുക്ക് കടന്ന 'ശിവാലിക്', 'നന്ദാദേവി' എന്നീ രണ്ട് ഇന്ത്യൻ എൽ.പി.ജി കപ്പലുകൾ ഇപ്പോൾ ഇന്ത്യയിലേക്ക് യാത്ര തുടരുകയാണ്. ഇവ യഥാക്രമം മാർച്ച് 16-ന് മുന്ദ്ര തുറമുഖത്തും മാർച്ച് 17-ന് കണ്ട്ല തുറമുഖത്തും എത്തിച്ചേരും.
-
നിലവിൽ 611 നാവികരുമായി ഇന്ത്യൻ പതാക വഹിക്കുന്ന 22 കപ്പലുകൾ പേർഷ്യൻ ഉൾക്കടൽ മേഖലയ്ക്ക് പടിഞ്ഞാറ് ഭാഗത്തുണ്ട്. കപ്പല്‍ഗതാഗത ഡയറക്ടറേറ്റ് ജനറൽ കപ്പലുടമകളുമായും ആർ.പി.എസ്.എൽ ഏജൻസികളുമായും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുമായും ചേർന്ന് സാഹചര്യം നിരീക്ഷിച്ചുവരുന്നു.
-
കപ്പല്‍ഗതാഗത കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതു മുതൽ വിവരങ്ങൾക്കും സഹായത്തിനുമായി നാവികരുടെയും അവരുടെ കുടുംബങ്ങളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും 2,995 ഫോൺ കോളുകളും 5,357-ലധികം ഇമെയിലുകളും കൈകാര്യം ചെയ്തു.
-
കഴിഞ്ഞ 24 മണിക്കൂറിനിടെ വിമാനത്താവളങ്ങൾ വഴിയും പ്രാദേശിക കേന്ദ്രങ്ങൾ വഴിയും തിരിച്ചെത്തിയ 23 പേർ ഉൾപ്പെടെ ഇതുവരെ 276 ഇന്ത്യൻ നാവികരെ ഗൾഫ് മേഖലയിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കപ്പല്‍ഗതാഗത ഡയറക്ടറേറ്റിന് സാധിച്ചു.
-
സമുദ്ര മേഖലയിലെ മാറിവരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ തുറമുഖങ്ങളെല്ലാം കപ്പൽ നീക്കങ്ങളും ചരക്ക് നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.
-
സമുദ്ര വ്യാപാരത്തിൻ്റെയും തുറമുഖ പ്രവർത്തനങ്ങളുടെയും തുടർച്ച നിലനിർത്തുന്നതിനൊപ്പം ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍, കപ്പല്‍ഗതാഗത കമ്പനികൾ എന്നിവയുമായി മന്ത്രാലയം ഏകോപനം തുടരുന്നു.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ പ്രവാസി സമൂഹവുമായി സമ്പർക്കം പുലർത്തുകയും ആവശ്യമായ ഇടങ്ങളിൽ സഹായം ഉറപ്പാക്കുയും ചെയ്യുന്നു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് തുടരുന്നു.
-
പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും സാഹചര്യങ്ങൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് ഗവണ്മെൻ്റ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്.
-
ഇന്ത്യൻ പൗരന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ചോദ്യങ്ങൾക്ക് മറുപടി നല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന ഗവണ്മെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഏകോപനം തുടരുന്നു.
-
മേഖലയിലുടനീളം ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങള്‍ 24 മണിക്കൂറും പ്രവർത്തിക്കുകയും ഹെൽപ്പ് ലൈനുകൾ സജ്ജീകരിക്കുകയും പ്രവാസി സംഘടനകളുമായി നിരന്ത്ര ബന്ധം പുലര്‍ത്തി കൃത്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
-
വിസ സഹായം, ലോജിസ്റ്റിക്കല്‍ സഹായം, .യാത്രാസൗകര്യം സുഗമമാക്കൽ എന്നിവയുൾപ്പെടെ മേഖലയിലെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാർക്കും സന്ദർശകർക്കും നയതന്ത്ര കാര്യാലയങ്ങള്‍ സഹായം ഉറപ്പാക്കുന്നു. മേഖലയിലെ ഇന്ത്യൻ നാവികർക്കും ഈ കേന്ദ്രങ്ങള്‍ പിന്തുണ നൽകുന്നു.
-
2026 ഫെബ്രുവരി 28 മുതൽ ഏകദേശം 1,94,000 യാത്രക്കാർ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തി.
-
യു.എ.ഇ. സിവിൽ ഏവിയേഷൻ അധികൃതരുടെ നിർദേശപ്രകാരം വിമാനക്കമ്പനികള്‍ പരിമിതമായ വിമാന സർവീസുകൾ നടത്തുന്നുണ്ട്. അബുദാബി, ദുബായ്, റാസൽഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാനങ്ങളുണ്ട്. പുതുക്കിയ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ക്ക് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണം.
-
സൗദി അറേബ്യയിലും ഒമാനിലും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ നടത്തുന്നുണ്ട്.
-
ഖത്തർ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ഇന്ന് ഡൽഹിയിലേക്ക് ഒരു വിമാനമുള്‍പ്പെടെ ഖത്തർ എയർവേയ്‌സ് ഇന്ത്യയിലേക്ക് പരിമിതമായ സർവീസുകൾ നടത്തുന്നു.
-
വ്യോമപാത അടച്ച ബഹ്‌റൈൻ, കുവൈറ്റ്, ഇറാഖ് എന്നിവിടങ്ങളിലെ ഇന്ത്യക്കാർക്ക് സൗദി അറേബ്യ വഴി യാത്രാ സൗകര്യമൊരുക്കുന്നു.
-
നേരത്തെയുണ്ടായ ആക്രമണ സംഭവങ്ങളിൽ അഞ്ച് ഇന്ത്യൻ പൗരന്മാർ മരണപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായ വ്യക്തിയെ കണ്ടെത്താനും മരിച്ചവരുടെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കാനും ഒമാൻ, ഇറാഖ്, യു.എ.ഇ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടുവരുന്നു.
പ്രധാന മേഖലകളിലെ തയ്യാറെടുപ്പുകൾ ഉറപ്പാക്കാനും ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാനും സർക്കാർ ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഏജൻസികളും തമ്മിലെ ഏകോപനം തുടരുന്നു.
***
( റിലീസ് ഐ.ഡി: 2240412)
സന്ദര്‍ശക കൗണ്ടര്‍ : 6