പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങള്‍ സംബന്ധിച്ച അന്തര്‍-മന്ത്രാലയ വാർത്താക്കുറിപ്പ്
പോസ്റ്റഡ് ഓണ്‍:
12 MAR 2026 7:53PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, തുറമുഖ-കപ്പൽ-ജലപാത മന്ത്രാലയം, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ നാഷണല്‍ മീഡിയ സെന്ററില്‍ മാധ്യമങ്ങളുമായി പങ്കുവെച്ചു. ഇന്ധന വിതരണ സാഹചര്യം, തടസ്സരഹിത ഊർജ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തയ്യാറെടുപ്പുകൾ, സമുദ്ര സുരക്ഷ, വിദേശത്തെ ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം എന്നിവ സംബന്ധിച്ച പുതിയ വിവരങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചത്. പരിഭ്രാന്തി മൂലം പാചകവാതകത്തിന്റെ അനാവശ്യ ബുക്കിങ് നടത്തരുതെന്നും വ്യാജ വാർത്തകളും അഭ്യൂഹങ്ങളും വിശ്വസിക്കരുതെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ ഉദ്യോഗസ്ഥർ പൗരന്മാരോട് അഭ്യർത്ഥിച്ചു.
ഊർജ വിതരണവും ഇന്ധന ലഭ്യതയും:
തടസ്സരഹിത ഊർജ വിതരണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുനൽകിയ കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയം രാജ്യത്ത് പ്രതിദിനം 50 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്നും അറിയിച്ചു.
ക്രൂഡ് ഓയിലും എണ്ണ സംസ്കരണശാലകളും
- ഇന്ന് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ 13-ാം ദിവസമാണ്. ചരിത്രത്തിലാദ്യമായി ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കു മുന്നില്‍ ഫലത്തിൽ അടച്ചിരിക്കുകയാണ്. 40-ലധികം രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ശേഖരിക്കുന്നത്. രാജ്യത്തേക്കുള്ള ക്രൂഡ് ഓയിലിന്റെ 70 ശതമാനവും ഇപ്പോൾ ഹോർമുസ് കടലിടുക്ക് ഒഴികെ മറ്റ് പാതകളിലൂടെയാണ് വരുന്നത്. ഇന്ത്യയുടെ പ്രതിദിന ഉപഭോഗം 5.5 ദശലക്ഷം ബാരലാണെന്നും 22 എണ്ണ സംസ്കരണ ശാലകളുള്ള ഇന്ത്യ ലോകത്തെ നാലാമത് വലിയ എണ്ണ സംസ്കരണ കേന്ദ്രമാണെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. കൂടാതെ, എണ്ണ സംസ്കരണ ശാലകള്‍ ഉയർന്ന ശേഷിയിൽ, പലയിടത്തും ശേഷിയുടെ 100 ശതമാനത്തിന് മുകളിലും പ്രവർത്തിക്കുന്നു.
- ഇന്ത്യയുടെ ഉയര്‍ന്ന എണ്ണ സംസ്കരണ ശേഷി പെട്രോളിയം ഉല്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും പ്രതിസന്ധി അതിജീവിക്കാനും സഹായിക്കുന്നു.
- വിശാലമായ ചില്ലറവില്പന ശൃംഖലയും ഇന്ത്യയ്ക്കുണ്ട്. രാജ്യത്തെ ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ചില്ലറവില്പന കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ശേഖരമുണ്ടെന്നും ഇവ പ്രവർത്തനക്ഷമമാണെന്നും മന്ത്രാലയം അറിയിച്ചു.
പ്രകൃതിവാതകം
അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലം തടസപ്പെട്ട പ്രകൃതിവാതക വിതരണം പുനഃസ്ഥാപിക്കുന്നതിന് ഇതര മാർഗ്ഗങ്ങളിലൂടെയും വിതരണക്കാരിൽ നിന്നും വാതകം ലഭ്യമാക്കാന്‍ നടപടികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് വിതരണത്തിൽ മുൻഗണന നൽകുന്നത് സംബന്ധിച്ച് 2026 മാർച്ച് 9-ന് സർക്കാർ അവശ്യ സാധന നിയമപ്രകാരം 'പ്രകൃതിവാതക നിയന്ത്രണ ഉത്തരവ്' പുറപ്പെടുവിച്ചിരുന്നു.
എൽപിജി വിതരണം
- ഇന്ത്യയുടെ എൽപിജി ഉപഭോഗത്തിന്റെ 60 ശതമാനത്തോളം ഇറക്കുമതിയാണ്. ഇതിന്റെ 90 ശതമാനവും വരുന്നത് ഇപ്പോൾ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയാണെന്നത് ഈ സാഹചര്യത്തെ യുദ്ധസമാനമാക്കുന്നു. വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യത്തില്‍ ആവശ്യകതയും വിതരണവും തമ്മിലെ സന്തുലിതാവസ്ഥ നിലനിർത്താൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
- എണ്ണ സംസ്കരണശാലകളിലെ എൽപിജി ഉല്പാദന വർധന: 2026 മാർച്ച് 9-ന് പുറപ്പെടുവിച്ച 'എൽ.പി.ജി നിയന്ത്രണ ഉത്തരവ്' എൽപിജി ഉല്പാദനം പരമാവധി വർധിപ്പിക്കാനും പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ, പ്രൊപ്പിലീൻ, ബ്യൂട്ടീൻ എന്നിവ അടങ്ങിയ C3, C4 ഹൈഡ്രോകാർബൺ വാതകങ്ങളുടെ മുഴുവൻ ഉല്പന്നങ്ങളും ഗാർഹിക പാചകവാതക ആവശ്യത്തിനായി മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് മാത്രമായി നൽകാനും എല്ലാ എണ്ണസംസ്കരണ ശാലകള്‍ക്കും നിർദേശം നല്‍കി. ഇതിൻ്റെ ഫലമായി കഴിഞ്ഞ 5 ദിവസത്തിനിടെ എൽപിജി ഉല്പാദനം 28 ശതമാനം വർധിച്ചു. കൂടുതൽ ശേഖരണം സജീവമായി നടക്കുന്നു.
- രാജ്യത്ത് ആകെ 25,000-ത്തിലേറെ വിതരണക്കാരുണ്ട്. സ്റ്റോക്ക് വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരിടത്തും സ്റ്റോക്ക് തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിദിനം 50 ലക്ഷത്തിലധികം സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ട്. പരിഭ്രാന്തി മൂലം ബുക്കിങുകളിൽ പലമടങ്ങ് വർധനയുണ്ടായിട്ടുണ്ട്. ആഗോള അനിശ്ചിതത്വത്തിന്റെ ഈ സാഹചര്യത്തില്‍ പരിഭ്രാന്തി മൂലം ബുക്കിങ് നടത്തുന്നത് ഒഴിവാക്കാനും അധികാരികളുമായി സഹകരിക്കാനും സാധ്യമായ ഇടങ്ങളിൽ ഇന്ധനം ലാഭിക്കാനും പൗരന്മാരോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
- ഗാർഹികേതര എൽപിജി വിതരണത്തില്‍ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അവശ്യ മേഖലകൾക്കാണ് മുൻഗണന നൽകുന്നത്. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ ഉപഭോക്താക്കൾ എന്നിവരുടെ വിഹിതം പുനഃപരിശോധിക്കാന്‍ ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവയിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ട മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ലഭ്യമായ എൽ.പി.ജി നീതിയുക്തവും സുതാര്യവുമായ രീതിയിൽ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് കര്‍മപദ്ധതി അന്തിമമാക്കാൻ സംസ്ഥാന അധികാരികളുമായും വ്യവസായ സ്ഥാപനങ്ങളുമായും സമിതി കൂടിയാലോചന നടത്തുന്നു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഇല്ലാതാക്കുന്നതിന് സുപ്രധാന തീരുമാനമെന്ന നിലയിൽ വാണിജ്യ എൽ.പി.ജി ആവശ്യകതയുടെ ശരാശരി പ്രതിമാസ വിഹിതത്തിന്റെ 20 ശതമാനം സംസ്ഥാന സർക്കാരുകളുമായി ഏകോപനത്തോടെ എണ്ണക്കമ്പനികൾ ഇന്നു മുതൽ അനുവദിക്കും.
- വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് എണ്ണക്കമ്പനികൾ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സമീപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡൽഹി ചീഫ് സെക്രട്ടറിയുമായി ഇന്ന് ചർച്ചകൾ നടന്നു.
- എൽ.പി.ജി-യുടെയും ഗ്യാസ് ചാനലുകളുടെയും സമ്മർദം കുറയ്ക്കാന്‍ ബദൽ ഇന്ധന മാർഗങ്ങൾ സജീവമാക്കുന്നുണ്ട്. ചില്ലറവില്‍പന കേന്ദ്രങ്ങളിലൂടെയും റേഷൻ കടകളിലൂടെയും മണ്ണെണ്ണ ലഭ്യമാക്കുന്നുണ്ട്. വ്യവസായ - വാണിജ്യ ഉപഭോക്താക്കൾക്ക് ഫ്യുവൽ ഓയിലും ലഭ്യമാക്കുന്നു. ഹോസ്പിറ്റാലിറ്റി, റെസ്റ്റോറന്റ് മേഖലകൾക്ക് ബയോമാസ്, ആർ.ഡി.എഫ് പെല്ലറ്റുകൾ, മണ്ണെണ്ണ/കൽക്കരി എന്നിവ ബദൽ ഇന്ധനങ്ങളായി ഒരു മാസത്തേക്ക് ഉപയോഗിക്കാൻ അനുമതി നൽകുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് നിർദേശം നൽകി. മുൻഗണനാ ഉപഭോക്താക്കൾക്കുവേണ്ടി എൽ.പി.ജി ലാഭിക്കാൻ ഇത് സഹായിക്കും.
- സംസ്ഥാനങ്ങൾ നാമനിർദേശം ചെയ്യുന്ന ഏജൻസികൾക്ക് കൂടുതൽ കൽക്കരി അനുവദിക്കാനും ചെറുകിട-ഇടത്തരം ഉപഭോക്താക്കൾക്ക് ഇവ വിതരണം ചെയ്യാനും കൽക്കരി മന്ത്രാലയം ഇന്നലെ ഉത്തരവുകൾ പുറപ്പെടുവിച്ചു.
- പാചക ആവശ്യത്തിന് ഇതിനകം പാദവാര്‍ഷിക കാലയളവിലേക്ക് അനുവദിച്ച ഒരു ലക്ഷത്തിലധികം കിലോലിറ്ററിന് പുറമെ 48,000 കിലോലിറ്റർ മണ്ണെണ്ണ കൂടി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ചിട്ടുണ്ട്.
സമുദ്ര സുരക്ഷയും കപ്പൽ ഗതാഗതവും
പേർഷ്യൻ ഉള്‍ക്കടല്‍ മേഖലയിലെ സമുദ്ര സാഹചര്യങ്ങള്‍ സംബന്ധിച്ചും ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കി സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കാന്‍ മന്ത്രാലയം സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ഏറ്റവും പുതിയ വിവരങ്ങൾ തുറമുഖ-കപ്പൽ-ജലപാത മന്ത്രാലയം മാധ്യമങ്ങളുമായി പങ്കുവെച്ചു. വിവരങ്ങൾ താഴെ:
- പേർഷ്യൻ ഉള്‍ക്കടല്‍ മേഖലയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകളുടെ എണ്ണം മാറ്റമില്ലാതെ 28 ആയി തുടരുന്നു. ഇതിൽ ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തെ 24 കപ്പലുകളില്‍ 677 ഇന്ത്യൻ നാവികരുണ്ട്. കടലിടുക്കിന് കിഴക്ക് ഭാഗത്തെ നാല് കപ്പലുകളില്‍ 101 ഇന്ത്യൻ നാവികരുമുണ്ട്. എല്ലാ ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ സജീവമായി നിരീക്ഷിച്ചുവരുന്നു.
- നാവികരുടെ സുരക്ഷ ഉറപ്പാക്കാനും വൈദ്യസഹായം നൽകാനും അധികൃതരും കപ്പൽ മാനേജർമാരും റിക്രൂട്ട്‌മെന്റ് ഏജൻസികളും ഇന്ത്യൻ എംബസികളുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുന്നു.
- ഇന്ത്യൻ നാവികരുടെയും ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകളുടെയും സമുദ്ര വ്യാപാരത്തിന്റെയും സുരക്ഷയ്ക്ക് ഷിപ്പിങ് ഡയറക്ടറേറ്റ് ജനറൽ 2026 ഫെബ്രുവരി 28-ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ നിലവിലുണ്ട്.
- ഇന്ത്യയിലുടനീളം തുറമുഖ പ്രവർത്തനങ്ങൾ സുസ്ഥിരമായി തുടരുന്നു. ബന്ധപ്പെട്ട കക്ഷികളുടെ ഏകോപനത്തിലൂടെയും കൃത്യസമയത്തെ പരാതി പരിഹാരത്തിലൂടെയും കപ്പല്‍ പാതകള്‍ക്കും കയറ്റുമതിക്കാർക്കും സഹായം നൽകാന്‍ എല്ലാ പ്രധാന തുറമുഖങ്ങൾക്കും സംസ്ഥാന സമുദ്ര ബോര്‍ഡുകൾക്കും ഒരു ഏകീകൃത പ്രവർത്തന മാനദണ്ഡം (SOP) പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ പ്രധാന തുറമുഖങ്ങളും ഇതിനായി നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്.
- എൽപിജി കപ്പലുകൾക്ക് തുറമുഖത്ത് കപ്പലടുപ്പിക്കുന്നതിന് മുൻഗണന നൽകാൻ പ്രധാന തുറമുഖങ്ങൾക്ക് നിർദേശം നൽകി.
- പശ്ചിമേഷ്യയിലേക്ക് പോകേണ്ടിയിരുന്നതും നിലവിലെ സാഹചര്യം ബാധിച്ചതുമായ ചരക്കുകൾ ട്രാൻസ്ഷിപ്പ്‌മെന്റ് ചരക്കുകളെന്ന നിലയില്‍ താല്‍ക്കാലികമായി തുറമുഖങ്ങളിൽ സൂക്ഷിക്കാൻ അനുവദിക്കുക, ചരക്കുകള്‍ സൂക്ഷിക്കാന്‍ അധിക സ്ഥലം അനുവദിക്കുക, പ്രത്യേക സാഹചര്യത്തില്‍ അധിക ബർത്തിങ് സൗകര്യം നൽകുക, പെട്ടെന്ന് നശിക്കുന്ന ചരക്കുകൾക്കും തിരിച്ചുവരുന്ന കയറ്റുമതി ചരക്കുകൾക്കും മുൻഗണന നൽകുക, കസ്റ്റംസുമായി ചേർന്ന് "ബാക്ക് ടു ടൗൺ" നീക്കം വേഗത്തിലാക്കുക, ബങ്കറിങ് സൗകര്യം വർധിപ്പിക്കുക തുടങ്ങിയ ഇളവുകൾ തുറമുഖങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
- പ്രതിസന്ധി ഘട്ടത്തിൽ തടസരഹിത ചരക്കുനീക്കത്തിന് പിന്തുണ ഉറപ്പാക്കാന്‍ കസ്റ്റംസ്, ഡിജിഎഫ്ടി തുടങ്ങിയ ഏജൻസികളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാനും തുറമുഖ നിരക്കുകളില്‍ ഇളവ് നൽകുന്നത് പരിഗണിക്കാനും പ്രതിദിന റിപ്പോർട്ടുകൾ മന്ത്രാലയത്തിന് സമർപ്പിക്കാനും പ്രധാന തുറമുഖങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
- അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക സഹായം, ഊർജ സുരക്ഷാ നിരീക്ഷണം, കപ്പൽ സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയിൽ സർക്കാർ ഏകോപിത നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
- മന്ത്രാലയത്തിലും (2026 ഫെബ്രുവരി 28 മുതൽ) ഷിപ്പിങ് ഡയറക്ടറേറ്റ് ജനറൽ ഓഫീസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. കപ്പൽ ഉടമകൾ, ഓപ്പറേറ്റർമാർ, നാവികരുടെ കുടുംബങ്ങൾ എന്നിവരുമായി ഡയറക്ടറേറ്റ് നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നു.
- വിദേശ പതാക വഹിക്കുന്ന കപ്പലുകളിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ ജീവനക്കാര്‍ക്ക് സമുദ്രത്തില്‍വെച്ച് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. 78 ഇന്ത്യൻ നാവികരാണ് ഈ കപ്പലുകളിൽ ഉണ്ടായിരുന്നത്. ഇതിൽ 70 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, 4 പേർക്ക് പരിക്കേറ്റെങ്കിലും നില തൃപ്തികരമാണ്. നിർഭാഗ്യവശാൽ 3 പേർ മരണപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
- തുറമുഖ-കപ്പൽ-ജലഗതാഗത മന്ത്രാലയം പേർഷ്യൻ ഉള്‍ക്കടല്‍ മേഖലയിലെ സമുദ്ര സാഹചര്യം നിരീക്ഷിക്കുന്നത് തുടരുകയും തയ്യാറെടുപ്പുകൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. വ്യാവസായിക മേഖലയുമായും ബന്ധപ്പെട്ടവരുമായും നിരന്തരം സമ്പർക്കം പുലർത്തിവരുന്നു.
- ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും ഇന്ത്യയുടെ സമുദ്ര താല്പര്യങ്ങൾ സംരക്ഷിക്കാനും സർക്കാർ പൂർണ പ്രതിജ്ഞാബദ്ധമാണ്.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
ജി.സി.സി രാജ്യങ്ങളിലെയും ഇറാനിലെയും ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു. വിവരങ്ങൾ താഴെ:
- ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങള്‍ ഇന്ത്യൻ പ്രവാസികളുമായി നിരന്തര സമ്പർക്കം പുലർത്തുകയും വാണിജ്യ വിമാന സർവീസുകളെക്കുറിച്ച് വിവരങ്ങൾ നൽകി അവരെ സഹായിക്കുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ വിസ സംബന്ധമായ സഹായങ്ങളും നൽകുന്നുണ്ട്.
- അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിലൂടെ വാണിജ്യ വിമാനങ്ങളിൽ മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാര്‍ക്കും എംബസി സഹായം ഉറപ്പാക്കുന്നു. വിസ നടപടികൾക്കും കരാതിർത്തി കടക്കുാനും എംബസി സൗകര്യമൊരുക്കുന്നു.
- നിലവിലെ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ നമുക്ക് നഷ്ടമായി. ഒരു ഇന്ത്യൻ പൗരനെ കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- ഈ നാല് ഇന്ത്യൻ പൗരന്മാരും മേഖലയിൽ സർവീസ് നടത്തുന്ന ചരക്ക് കപ്പലുകളിലെ ജീവനക്കാരായിരുന്നു.
- മരിച്ചവരുടെ ഭൗതികശരീരം ഉടന്‍ ഇന്ത്യയിലേക്കെത്തിക്കാന്‍ ഒമാൻ, ഇറാഖ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളും ദുബൈല കോൺസുലേറ്റും പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നു.
- ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ഏത് ഭാഗത്തുനിന്നായാലും ഇന്ത്യ അവയെ ശക്തമായി അപലപിക്കുന്നതിന്റെ കാരണമിതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
- മാർഷൽ ഐലൻഡ്‌സ് പതാക വഹിക്കുന്ന 'സേഫ്സീ വിഷ്ണു' എന്ന കപ്പലിലാണ് ഏറ്റവും ഒടുവിൽ മരണം റിപ്പോർട്ട് ചെയ്തത്. ഇറാഖിന് സമീപമായിരുന്നു ഈ സംഭവം.
- കപ്പലിൽ 16 ഇന്ത്യക്കാരടക്കം ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ നിർഭാഗ്യവശാൽ മരണപ്പെട്ടു. മരണത്തില്‍ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നു. രക്ഷപ്പെടുത്തിയ മറ്റ് 15 ഇന്ത്യക്കാര്‍ നിലവിൽ ബസ്രയിലാണ്. ഇന്ത്യന്‍ എംബസി ഇവരുമായി സമ്പർക്കം പുലർത്തുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യുന്നു.
- സംഘർഷത്തിൽ ഇതുവരെ രണ്ട് ഡസനിലേറെ ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരും ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച് നാട്ടിലേക്ക് മടങ്ങി. ഏതാനും പേര്‍ ഇപ്പോഴും ആശുപത്രിയിൽ തുടരുന്നു.
മാധ്യമങ്ങളിലൂടെ പൗരന്മാരോട് അഭ്യര്‍ത്ഥന:
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം:
-
- പരിഭ്രാന്തി മൂലം പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്യരുതെന്നും, തടസരഹിത വിതരണം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ചു.
- താഴെത്തട്ടിൽ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം നിരീക്ഷിക്കുന്നതിലും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിലും ജില്ലാതല നിരീക്ഷണ സമിതികളുടെയും സംസ്ഥാന സർക്കാരുകളുടെയും പങ്ക് മന്ത്രാലയം എടുത്തുപറഞ്ഞു.
- തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും വിശ്വസനീയവും സ്ഥിരീകരിച്ചതുമായ വിവരങ്ങൾ മാത്രം പങ്കുവെക്കണമെന്നും സമൂഹമാധ്യമ ഉപയോക്താക്കളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
- സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ടിവി ചാനലുകൾ ഒരേ ദൃശ്യങ്ങൾ ആവർത്തിച്ച് കാണിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ കാണിക്കുമ്പോൾ അവയുടെ സമയവും തീയതിയും വ്യക്തമാക്കണമെന്ന് ചാനലുകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. എങ്കിൽ മാത്രമേ അടിസ്ഥാനതലത്തിലെ യഥാർത്ഥ സാഹചര്യം പൗരന്മാരെ ശരിയായി അറിയിക്കാനാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.
- അവശ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പിനെതിരെ കർശന നടപടി സ്വീകരിക്കാനും അവശ്യസാധനങ്ങളുടെ തടസരഹിത ലഭ്യത ഉറപ്പാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.
****
( റിലീസ് ഐ.ഡി: 2239406)
സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada