ആയുഷ്
അന്താരാഷ്ട്ര യോഗ ദിനം 2026: 100 ദിന കൗണ്ട്ഡൗണിന് തുടക്കം കുറിച്ചുകൊണ്ട് വിജ്ഞാൻ ഭവനിൽ ‘യോഗ മഹോത്സവം’
പോസ്റ്റഡ് ഓണ്‍:
12 MAR 2026 10:27AM by PIB Thiruvananthpuram
2026-ലെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ നൂറ് ദിവസത്തെ കൗണ്ട്ഡൗണിന് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY) 'യോഗ മഹോത്സവം-2026' സംഘടിപ്പിക്കുന്നു. നാളെ (2026 മാർച്ച് 13) ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ രാവിലെ 9 മണി മുതലാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
ആയുഷ് മന്ത്രാലയവും വിവിധ പങ്കാളികളും ചേർന്ന് വിഭാവനം ചെയ്ത നൂറ് ദിവസത്തെ കൗണ്ട്ഡൗൺ പരിപാടിയുടെ ഭാഗമായി, നൂറ് നഗരങ്ങളിലായി നൂറ് പ്രമുഖ സംഘടനകൾ യോഗയുടെ പ്രചാരണം നടത്തും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും വിപുലമായ ആഘോഷപരിപാടികളുമാണ് നാളെ വിജ്ഞാൻ ഭവനിൽ നടക്കുക.
വിജ്ഞാൻ ഭവനിൽ നടക്കുന്ന ഈ സവിശേഷ ചടങ്ങിൽ കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരുടെ സാന്നിധ്യമുണ്ടാകും. കേന്ദ്ര ആയുഷ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ പ്രതാപ്‌റാവു ജാദവ് പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച, ബംഗളൂരു എസ്-വ്യാസ സൊസൈറ്റി പ്രസിഡന്റ് ഡോ. എച്ച്.ആർ. നാഗേന്ദ്ര, ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി കുമാരി മോണാലിസ ദാഷ് എന്നിവർക്കൊപ്പം പ്രമുഖ യോഗ ഗുരുക്കന്മാരും യോഗ ആചാര്യന്മാരും പരിപാടിയിൽ പങ്കെടുക്കും.യോഗ വിദഗ്ധർ, ആയുഷ് മേഖലയിലെ പ്രമുഖർ, ആധുനിക വൈദ്യശാസ്ത്ര രംഗത്തെ പ്രതിനിധികൾ, യോഗാ പ്രേമികൾ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിലുള്ള നിരവധി വ്യക്തികൾ ഈ വിപുലമായ ആഘോഷത്തിന്റെ ഭാഗമാകും.
"2014-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സവിശേഷ ഇടപെടലിന്റെ ഫലമായി ഐക്യരാഷ്ട്രസഭ, ചരിത്രപ്രധാനമായൊരു തീരുമാനം എടുത്ത് ജൂൺ 21-നെ അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു"വെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ് പറഞ്ഞു. യോഗ നമ്മുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അതുകൊണ്ടുതന്നെ യോഗയ്ക്ക് ലഭിച്ച ഈ ആഗോള അംഗീകാരം നമ്മുടെ രാജ്യത്തിന് അഭിമാനകരമാണെന്നും ശ്രീ ജാദവ് പറഞ്ഞു. കേന്ദ്ര ആയുഷ് മന്ത്രാലയമാണ് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ നോഡൽ മന്ത്രാലയമായി വർത്തിക്കുന്നത്. എല്ലാ വർഷവും പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നൽകുന്ന വിപുലമായ യോഗ പ്രദർശനമാണ് ഈ ദിനത്തിന്റെ പ്രധാന ആകർഷണം. 2026-ലെ അന്താരാഷ്ട്ര യോഗാ ദിനത്തിനായുള്ള ഒരുക്കങ്ങൾ ഇപ്പോൾത്തന്നെ സജീവമായി ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായുള്ള 100 ദിവസത്തെ കൗണ്ട്ഡൗൺ ഓരോ വർഷവും അതീവ പ്രാധാന്യത്തോടെയാണ് ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്നത്. രാജ്യമൊട്ടാകെ യോഗയുടെ സന്ദേശം എത്തിക്കാനും ജനപങ്കാളിത്തം ഉറപ്പാക്കാനുമാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
വരാനിരിക്കുന്ന 12-ാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ (IDY-2026) ഭാഗമായി രാജ്യത്തെ 100 ചരിത്രപ്രധാന സ്ഥലങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 100 ദിവസത്തെ കൗണ്ട്ഡൗൺ ആരംഭിച്ചതോടെ, രാജ്യത്തുടനീളം യോഗ ദിനത്തിനായുള്ള ഒരുക്കങ്ങൾ ഊർജ്ജിതമായിരിക്കുകയാണ്. ഈ ദിനം സമഗ്ര ആരോഗ്യത്തിനായുള്ള മാർഗമായി യോഗയെ സ്വീകരിക്കാനും ആഘോഷിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നു.
*****
( റിലീസ് ഐ.ഡി: 2238770)
സന്ദര്‍ശക കൗണ്ടര്‍ : 47
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada