ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

താഴ്ന്ന, ഇടത്തരം വരുമാനമുള്ള സമ്പദ്‌വ്യവസ്ഥകളിൽ, അടിസ്ഥാന സൗകര്യങ്ങളിൽ സ്വകാര്യ നിക്ഷേപം നടത്തുന്ന അഞ്ച് മികച്ച രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ ലോകബാങ്ക് ഉൾപ്പെടുത്തിയിരിക്കുന്നു

प्रविष्टि तिथि: 29 JAN 2026 2:10PM by PIB Thiruvananthpuram

ഇന്ത്യയുടെ വളർച്ചാ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി അടിസ്ഥാന സൗകര്യങ്ങൾ തുടരുന്നു. 2015 സാമ്പത്തിക വർഷം മുതൽ പൊതു മൂലധന ചെലവ് തുടർച്ചയായി വർദ്ധിച്ചുവരുന്നത് ഇതിന് പിന്തുണയുന്നു. കൂടാതെ ഈ പരിവർത്തനത്തിന്റെ ഒരു നിർവചിക്കുന്ന സവിശേഷത പ്രധാനമന്ത്രി ഗതിശക്തിയിലൂടെ ബഹുതല ആസൂത്രണത്തിന്റെ സ്ഥാപനവൽക്കരണമാണ്. കൂടാതെ ഇടപാട് ചെലവുകളും നിർവ്വഹണ അപകടസാധ്യതകളും കുറയ്ക്കുന്ന ദേശീയ ലോജിസ്റ്റിക്സ് നയവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഇതിന് അനുബന്ധമാണെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2025-26 ലെ സാമ്പത്തിക സർവേയിൽ പറഞ്ഞു.

പൊതു മൂലധന ചെലവിൽ ഗണ്യമായ വർദ്ധന

ഈ മാറ്റത്തിന്റെ ഒരു പ്രധാന ഘടകം പൊതു മൂലധന ചെലവിലെ ഗണ്യമായ വർദ്ധനയാണ്. 2018 സാമ്പത്തിക വർഷത്തിലെ ₹2.63 ലക്ഷം കോടിയിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിൽ ₹11.21 ലക്ഷം കോടിയായി ഇന്ത്യാ ഗവൺമെന്റിന്റെ മൂലധന ചെലവ് ഏകദേശം 4.2 മടങ്ങ് വർദ്ധിച്ചു. അതേസമയം, 2026 സാമ്പത്തിക വർഷത്തിലെ ഫലപ്രദമായ മൂലധന ചെലവ് ₹15.48 ലക്ഷം കോടിയാണ്. ഇത് അടിസ്ഥാന സൗകര്യങ്ങളെ ഒരു പ്രധാന വളർച്ചാ ചാലകമായി സ്ഥാപിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന ശക്തമായ ഗുണിത ഫലങ്ങൾ പ്രത്യക്ഷമാകുന്നതായി 2025-26 ലെ സാമ്പത്തിക സർവേ പറഞ്ഞു.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ധനസഹായ ഭൂമികയിൽ മാറ്റം വരുത്തൽ

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ധനസഹായ മേഖല ഒരു മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ബാങ്ക് വായ്പയ്ക്കപ്പുറം അത് വൈവിധ്യവൽക്കരിക്കപ്പെടുന്നു. 2020-25 സാമ്പത്തിക വർഷത്തിൽ വാണിജ്യ മേഖലയിലേക്കുള്ള എൻ‌ബി‌എഫ്‌സി വായ്പ 43.3% CAGR എന്ന നിരക്കിൽ വളരുന്നു. കൂടാതെ ദീർഘകാല സ്ഥാപന മൂലധനം സമാഹരിക്കുന്നതിൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളുടെയും (InVITs) റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളുടെയും (REIT) പങ്ക് വർദ്ധിച്ചുവരുന്നതായി സർവേ 2025-26 പറയുന്നു.

 പൊതു-സ്വകാര്യ പങ്കാളിത്തം

താഴ്ന്ന, ഇടത്തരം വരുമാനമുള്ള സമ്പദ്‌വ്യവസ്ഥകളിൽ അടിസ്ഥാന സൗകര്യ മേഖലയിലെ സ്വകാര്യ നിക്ഷേപത്തിന്റെ കാര്യത്തിൽ, ലോകബാങ്ക് ലോകത്തിലെ മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ റാങ്ക് ചെയ്തിട്ടുണ്ടെന്ന് 2025-26 ലെ സാമ്പത്തിക സർവേ പ്രസ്താവിച്ചു. ദക്ഷിണേഷ്യയിൽ പിപിഐ നിക്ഷേപത്തിന്റെ ഏറ്റവും വലിയ സ്വീകർത്താവായും ഇന്ത്യ ഉയർന്നുവന്നു. മേഖലയിലെ മൊത്തം സ്വകാര്യ അടിസ്ഥാന സൗകര്യ നിക്ഷേപത്തിന്റെ 90 ശതമാനത്തിലധികവും ഇന്ത്യയാണ് വഹിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത വിലയിരുത്തൽ സമിതി (പിപിപിഎസി) നടത്തിയ പദ്ധതി അംഗീകാരങ്ങളിലെ ഗണ്യമായ വർദ്ധനവിൽ ഈ ശക്തമായ ആഗോള സ്ഥാനം പ്രതിഫലിക്കുന്നു.

ഭൗതിക അടിസ്ഥാന സൗകര്യം

ദേശീയ പാത:

അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി വികസിച്ചു. ദേശീയ പാതാ ശൃംഖല ഏകദേശം 60 ശതമാനം വളർന്ന് 91,287 കിലോമീറ്ററിൽ നിന്ന് (FY 14) 1,46,572 കിലോമീറ്ററായി (FY 26, ഡിസംബർ വരെ). പ്രവർത്തനക്ഷമമായ ഹൈ-സ്പീഡ് ഇടനാഴികൾ ഏകദേശം പത്തിരട്ടിയായി വർദ്ധിച്ചു - 550 കിലോമീറ്ററിൽ നിന്ന് (FY 14) 5,364 കിലോമീറ്ററായി (FY 26, ഡിസംബർ വരെ). റോഡ്‌, ഹൈവേ മേഖലയിലെ പ്രധാന സംരംഭങ്ങളിലും പരിഷ്കാരങ്ങളിലും ഹൈ-സ്പീഡ് ഇടനാഴി വികസനം, സാമ്പത്തിക നോഡ് കണക്റ്റിവിറ്റി, അർബൻ ഡീകഞ്ചഷൻ [ഒരു ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങൾക്കായി പ്രവേശനം നിയന്ത്രിതമാക്കിയ റിംഗ് റോഡുകൾക്കും ബൈപാസുകൾക്കുമുള്ള ഒരു പുതിയ നയം അന്തിമമാക്കിയിട്ടുണ്ട്] എന്നിവ ഉൾപ്പെടുന്നു എന്ന് 2025-26 ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു .

റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ

റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായി സാമ്പത്തിക സർവ്വേ വ്യക്തമാക്കുന്നു. റെയിൽ ശൃംഖല 2025 മാർച്ച് വരെ 69,439 റൂട്ട് കിലോമീറ്ററിലെത്തി. 2026 സാമ്പത്തിക വർഷത്തിൽ 3,500 കിലോമീറ്റർ കൂടി ലക്ഷ്യമിട്ടിട്ടുണ്ട്. 2025 ഒക്ടോബറോടെ 99.1 ശതമാനം വൈദ്യുതീകരണം കൈവരിക്കാൻ കഴിഞ്ഞു. സമീപ വർഷങ്ങളിലെ ഒരു നിർണായക സവിശേഷത റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള റെക്കോർഡ് മൂലധന ചെലവാണ്.പുതിയ പാതകൾ, ഇരട്ടിപ്പിക്കൽ, മൾട്ടി-ട്രാക്കിംഗ്, റോളിംഗ് സ്റ്റോക്ക് വർദ്ധനവ്, സിഗ്നലിംഗ്, സുരക്ഷയുമായി ബന്ധപ്പെട്ട ജോലികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇതിന് ഊന്നൽ നൽകുന്നു. റെയിൽവേ മേഖലയിലെ പ്രധാന അടിസ്ഥാന സൗകര്യ സംരംഭങ്ങളിൽ സാമ്പത്തിക റെയിൽവേ ഇടനാഴികൾ (മൂന്ന് ഇടനാഴി പരിപാടികൾ - ഊർജ്ജം, ധാതു & സിമൻറ്; തുറമുഖ കണക്റ്റിവിറ്റി; ഉയർന്ന ഗതാഗത സാന്ദ്രതയുള്ള റൂട്ടുകൾ), മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ, സമർപ്പിത ചരക്ക് ഇടനാഴികൾ, സ്റ്റേഷൻ പുനർവികസനം [അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി - 1337 സ്റ്റേഷനുകൾ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്നു], സുരക്ഷ & സാങ്കേതിക നവീകരണം [കവച് - അഡ്വാൻസ് ട്രെയിൻ സംരക്ഷണ സംവിധാനം], ട്രാക്ക് നവീകരണം [ട്രാക്കിന്റെ 78 ശതമാനത്തിലധികം മണിക്കൂറിൽ 110 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയ്ക്കായി നവീകരിച്ചു], പിപിപി എന്നിവ ഉൾപ്പെടുന്നു.

സിവിൽ വ്യോമയാനം :

ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്, 2014-ൽ 74 ആയിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം 2025-ൽ 164 ആയി വർദ്ധിച്ചു. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിമാനത്താവളങ്ങൾ 412 ദശലക്ഷം യാത്രക്കാരെ ഉൾക്കൊണ്ടു. 2031 സാമ്പത്തിക വർഷത്തോടെ ഇത് 665 ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, എയർ കാർഗോ അളവ് 2015 സാമ്പത്തിക വർഷത്തിലെ 2.53 MMT-യിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 3.72 MMT ആയി വർദ്ധിച്ചു. RCS-UDAN, ഗ്രീൻഫീൽഡ് എയർപോർട്ട് നയം, എയർപോർട്ട് ആധുനികവൽക്കരണവും ശേഷി വികസനവും, ഡിജിറ്റൽ & സാങ്കേതിക സംരംഭങ്ങൾ [ഡിജി യാത്ര, ഉദാരവൽക്കരിച്ച ഡ്രോൺ നിയന്ത്രണങ്ങൾ], ഭാരതീയ വായുയാൻ വിധേയക് 2024 & വിമാനങ്ങളുടെ താൽപ്പര്യ സംരക്ഷണ നിയമം 2025 പോലുള്ള നിയമനിർമ്മാണ പരിഷ്കാരങ്ങൾ തുടങ്ങിയ നിരവധി പ്രധാന നയ സംരംഭങ്ങളും പരിഷ്കാരങ്ങളുമാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് സാമ്പത്തിക സർവേ 2025-26 പറയുന്നു.

 തുറമുഖങ്ങളും ഷിപ്പിംഗും:

മാരിടൈം ഇന്ത്യ വിഷൻ 2030, മാരിടൈം അമൃത് കാൽ വിഷൻ 2047 എന്നിവ പ്രകാരം, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിലും, നിയന്ത്രണ ചട്ടക്കൂടുകൾ മെച്ചപ്പെടുത്തുന്നതിലും, പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും, സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഇന്ത്യൻ തുറമുഖങ്ങൾ, കണ്ടെയ്നർ കപ്പലുകളുടെ ശരാശരി ടേൺ അറൗണ്ട് സമയത്തിൽ ആഗോള നിലവാരം കൈവരിച്ചു. ലോക ബാങ്കിന്റെ കണ്ടെയ്നർ തുറമുഖ പ്രകടന സൂചിക 2024 ലെ മികച്ച 100 എണ്ണത്തിൽ ഇപ്പോൾ ഏഴ് തുറമുഖങ്ങൾ ഇന്ത്യയിൽ നിന്നും ഇടം നേടിയിട്ടുണ്ട്. തുറമുഖ- ഷിപ്പിംഗ് മേഖലയിലെ സമീപകാല നിയമനിർമ്മാണ പരിഷ്കാരങ്ങളിൽ മർച്ചന്റ് ഷിപ്പിംഗ് ആക്ട് 2025, കോസ്റ്റൽ ഷിപ്പിംഗ് ആക്ട് 2025, ഇന്ത്യൻ തുറമുഖ നിയമം 2025, ബിൽസ് ഓഫ് ലേഡിംഗ് ആക്ട് 2025, കാരിയേജ് ഓഫ് ഗുഡ്സ് ബൈ സീ ആക്ട് 2025 എന്നിവ ഉൾപ്പെടുന്നു.

ഉൾനാടൻ ജലഗതാഗതത്തിൽ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു. 2025 നവംബർ വരെ, 5155 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന 32 ദേശീയ ജലപാതകൾ പ്രവർത്തനക്ഷമമാണ്. 29 ജല പാതകളിൽ ചരക്ക് പ്രവർത്തനങ്ങളും 15 ജല പാതകളിൽ ക്രൂയിസ് പ്രവർത്തനങ്ങളും 23 ജല പാതകളിൽ യാത്രാ സേവനങ്ങളും ലഭ്യമാണ് ; മൂന്ന് രീതികളെയും പിന്തുണയ്ക്കുന്ന 11 ശക്തമായ ജലപാതകൾ ശക്തമായ ബഹുതല ഗതാഗത സംയോജനത്തെ പ്രതിഫലിപ്പിക്കുന്നു. ഉൾനാടൻ ജലഗതാഗതം (IWT) വഴിയുള്ള ചരക്ക് നീക്കം 2013-14 ലെ 18 MMT യിൽ നിന്ന് 2024-25 ൽ 146 MMT ആയി ഗണ്യമായി ഉയർന്നു.

കപ്പൽ നിർമ്മാണ മേഖലയിൽ, രാജ്യത്തിന്റെ കപ്പൽ നിർമ്മാണ, സമുദ്ര ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി 2025 സെപ്റ്റംബറിൽ ₹69,725 കോടിയുടെ സമഗ്ര പാക്കേജ് അംഗീകരിച്ചു. ആഗോളതലത്തിൽ മത്സരാധിഷ്ഠിതവും സാങ്കേതികമായി പുരോഗമിച്ചതും സുസ്ഥിരവുമായ ഒരു സമുദ്ര മേഖല വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനമാണ് ഈ സംരംഭം സ്വീകരിക്കുന്നതെന്ന് 2025-26 ലെ സാമ്പത്തിക സർവേ പറയുന്നു.

ഊർജ്ജ മേഖല

വൈദ്യുതി: ഊർജ്ജമേഖലയിൽ സുസ്ഥിരമായ ശേഷി വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 നവംബർ വരെയുള്ള കണക്കനുസരിച്ച് സ്ഥാപിത ശേഷി 11.6 ശതമാനം (y-o-y) വർധിച്ച് 509.74 ജിഗാവാട്ടിൽ എത്തി. ഏവർക്കും തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങളെയും വിതരണ കമ്പനികളെയും സഹായിക്കാൻ ഗവൺമെന്റ് നിരവധി പദ്ധതികൾ നടപ്പിലാക്കി.

ദീനദയാൽ ഉപാധ്യായ ഉജ്ജ്വല യോജന, സംയോജിത വൈദ്യുതി വികസന പദ്ധതി (IPDS), പിഎം സൗഭാഗ്യ (PM SAUBHAGYA) എന്നീ പദ്ധതികൾക്ക് കീഴിൽ വിതരണശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഏകദേശം 1.85 ലക്ഷം കോടി രൂപ നിക്ഷേപിച്ചു. ഇതിലൂടെ DDUGJY-ക്ക് കീഴിൽ 18,374 ഗ്രാമങ്ങളിൽ വൈദ്യുതീകരണവും, സൗഭാഗ്യ കാലയളവിൽ 2.86 കോടി വീടുകളിൽ വൈദ്യുതി കണക്ഷനും ലഭ്യമാക്കി. ഇതിന്റെ ഫലമായി 2014 സാമ്പത്തിക വർഷത്തിൽ 4.2 ശതമാനമായിരുന്ന വൈദ്യുതിയുടെ ആവശ്യകതയും വിതരണവും തമ്മിലുള്ള അന്തരം 2025 നവംബറോടെ പൂജ്യമായി കുറഞ്ഞു.

വൈദ്യുതി വിതരണ കമ്പനികളുടെ സാമ്പത്തിക സുസ്ഥിരതയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി 3.03 ലക്ഷം കോടി രൂപ അടങ്കലുള്ള 'പുനരുജ്ജീവിപ്പിച്ച വിതരണ മേഖല പദ്ധതി' 2021-ൽ ആരംഭിച്ചു. ഇതിന്റെയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുടെയും ഫലമായി ഊർജ്ജമേഖലയിൽ ചരിത്രപരമായ മാറ്റമാണ് ഉണ്ടായത്. 2025 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലാദ്യമായി വിതരണ കമ്പനികൾ 2,701 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. കൂടാതെ, സാങ്കേതിക-വാണിജ്യ നഷ്ടം 2014-ലെ 22.62 ശതമാനത്തിൽ നിന്ന് 2025-ൽ 15.04 ശതമാനമായി കുറയ്ക്കാനും സാധിച്ചു. വിതരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, കാര്യക്ഷമത, മത്സരക്ഷമത, സാമ്പത്തിക അച്ചടക്കം എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് 'വൈദ്യുതി (ഭേദഗതി) ബിൽ, 2026' നിർദേശിച്ചതായി 2025-26 ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.

പുനരുൽപ്പാദക ഊർജ്ജം: ഇന്ത്യയുടെ ഊർജ്ജ മേഖല വലിയൊരു ഘടനാപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2025 നവംബറിലെ കണക്കനുസരിച്ച്, രാജ്യത്തെ മൊത്തം വൈദ്യുതി ഉൽ‌പ്പാദന ശേഷിയുടെ 49.83 ശതമാനവും പുനരുൽപ്പാദക ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ്. മൊത്തം പുനരുൽപ്പാദക ഊർജ്ജ ശേഷിയിലും സൗരോർജ്ജ ശേഷിയിലും ഇന്ത്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തും, കാറ്റിൽ നിന്നുള്ള ഊർജ്ജ ഉൽ‌പ്പാദനത്തിൽ നാലാം സ്ഥാനത്തുമാണ്. കഴിഞ്ഞ ദശകത്തിൽ പുനരുൽപ്പാദക ഊർജ്ജ ശേഷിയിൽ മൂന്നിരട്ടിയിലധികം വർധനയാണ് ഉണ്ടായത്. 2014 മാർച്ചിലെ 76.38 ജിഗാവാട്ടിൽ (GW) നിന്ന് 2025 നവംബറോടെ ഇത് 253.96 ജിഗാവാട്ടായി കുതിച്ചുയർന്നുവെന്ന് 2025-26 ലെ സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.

അടുത്ത കാലത്തായി ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസനതന്ത്രങ്ങളിൽ ഗുണമേന്മയ്ക്കും സംയോജിത പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമാണ് നൽകി വരുന്നത്. പൊതുമേഖലയിലെ മൂലധന നിക്ഷേപം സാമ്പത്തിക വളർച്ചയുടെ കരുത്തുറ്റ ചാലകശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സാമ്പത്തിക സർവേ വിലയിരുത്തുന്നു. റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ, വ്യോമയാനം, ഊർജ്ജം, ഡിജിറ്റൽ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലുടനീളം നടത്തിയ ഏകോപിതമായ നിക്ഷേപം വലിയ നേട്ടങ്ങളാണ് നൽകിത്തുടങ്ങിയത്. യാത്രാസമയം കുറയുക, ചരക്ക് നീക്കം വേഗത്തിലാക്കുക, മെച്ചപ്പെട്ട ലോജിസ്റ്റിക്സ് പ്രകടനം, അവശ്യസേവനങ്ങളിലേക്കുള്ള വിപുലമായ പ്രവേശനം എന്നിവ ഇതിന്റെ ഭാഗമായി കൈവരിക്കാൻ സാധിച്ചു. 'പിഎം ഗതിശക്തി' വഴി സംയോജിത ആസൂത്രണം നടപ്പിലാക്കിയതും, ധനസഹായം, ആസ്തി ധനസമ്പാദനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവയിലെ പരിഷ്കാരങ്ങളും പദ്ധതികളുടെ നിർവ്വഹണം കൂടുതൽ ശക്തമാക്കി. ഇത് സ്വകാര്യ നിക്ഷേപത്തെ വലിയ തോതിൽ ആകർഷിക്കാനും സഹായിച്ചു.
 
***

(रिलीज़ आईडी: 2220258) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati