ധനകാര്യ മന്ത്രാലയം
ഇന്ത്യയെ ഭാവിയിലേക്ക് സജ്ജമാക്കാനായി ശരിയായ നൈപുണ്യ വികസനം: സാമ്പത്തിക സർവേ 2025-2026
നിർമിത ബുദ്ധി (AI), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), പുനരുപയോഗ ഊർജ്ജം, 3D പ്രിന്റിംഗ് എന്നിവയിലെ ഭാവി നൈപുണ്യ കോഴ്സുകൾ ഇന്ത്യയിൽ നൈപുണ്യ വിപ്ലവത്തിന് നേതൃത്വം നൽകുന്നു
ഐടിഐകൾ നവീകരിക്കുന്നതിനുള്ള രാജ്യവ്യാപക പദ്ധതി പ്രകാരം 1,000 ഗവൺമെന്റ് ഐടിഐകൾ അത്യാധുനികമാക്കും
പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീമിന് (PM-NAPS) കീഴിൽ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 43.47 ലക്ഷത്തിലധികം അപ്രന്റീസുകലെ നിയമിച്ചു
प्रविष्टि तिथि:
29 JAN 2026 1:52PM by PIB Thiruvananthpuram
കൃത്യമായി സംയോജിപ്പിക്കപ്പെട്ടതും ഭാവിയിലേക്കായി പ്രവർത്തിക്കുന്നതുമായ ഒരു നൈപുണ്യ സംവിധാനത്തിലൂടെ ഇന്ത്യയുടെ ജനസംഖ്യാപരമായ മികവ് പ്രയോജനപ്പെടുത്താനും തൊഴിൽ വിപണിയിലെ മാറുന്ന ആവശ്യങ്ങളോട് പ്രതികരിക്കാനും രാജ്യം ലക്ഷ്യമിടുന്നതായി കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ സമർപ്പിച്ച 2025-2026 സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
നൈപുണ്യ ലഭ്യത വർദ്ധിപ്പിക്കുന്നതിനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കൃത്യമായി സംയോജിപ്പിച്ച ഒരു നൈപുണ്യ ആവാസവ്യവസ്ഥ അത്യാവശ്യമാണ്. വിദ്യാഭ്യാസം, തൊഴിൽ വിപണി, വ്യവസായം എന്നിവ കൂടിച്ചേരുന്ന ഇടത്താണ് നൈപുണ്യ നയം നിലകൊള്ളുന്നത്. അതിനാൽ വിവിധ മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ, ഗവൺമെന്റ് തലങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, തൊഴിലാളികൾ, തൊഴിലുടമകൾ, ട്രേഡ് യൂണിയനുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ പങ്കാളികൾ തമ്മിലുള്ള അടുത്ത ഏകോപനവും സഹകരണവും അത്യാവശ്യമാണ്. 2017-18 കാലയളവിൽ 8.1 ശതമാനമായിരുന്ന തൊഴിലധിഷ്ഠിതമോ സാങ്കേതികമോ ആയ പരിശീലനം നേടിയവരുടെ എണ്ണം (15-59 പ്രായപരിധിയിൽ) 2023-24 ഓടെ 34.7 ശതമാനമായി ഉയർന്നുവെന്ന് പി.എൽ.എഫ്.എസ് (PLFS) കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ഇന്ത്യയിലെ നൈപുണ്യ പദ്ധതികളുടെ ഗുണപരമായ സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു.
ഭാവി നൈപുണ്യ കോഴ്സുകൾ
എൻ.എസ്.ക്യു.എഫ് (NSQF) മാനദണ്ഡങ്ങൾ പാലിച്ചുള്ള പരിശീലനം 169 ട്രേഡുകളിലേക്ക് വ്യാപിപ്പിച്ചു. ഇതിൽ എഐ (AI), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), പുനരുപയോഗ ഊർജ്ജം, 3D പ്രിന്റിംഗ് തുടങ്ങിയ മേഖലകളിലെ 31 ഭാവി നൈപുണ്യ കോഴ്സുകളും ഉൾപ്പെടുന്നു. രാജ്യത്തുടനീളമുള്ള ഐടിഐകളിലൂടെയും (ITI) നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെയുമാണ് ഇവ ലഭ്യമാക്കുന്നത്.
ഐടിഐകളിലൂടെ നൈപുണ്യ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നു
പരിശീലനത്തിന്റെ ഗുണനിലവാരം, വ്യാവസായിക പ്രസക്തി, സ്ഥാപനപരമായ ശേഷി എന്നിവ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിഷ്കാരങ്ങൾ ഐ.ടി.ഐ തലത്തിൽ നൈപുണ്യ വികസന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ഐടിഐകൾ നവീകരിക്കുന്നതിനുള്ള ദേശീയ പദ്ധതി പ്രകാരം സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക ലാബുകൾ, ഡിജിറ്റൽ പാഠ്യപദ്ധതികൾ, വ്യവസായങ്ങൾക്ക് അനുയോജ്യമായ ദീർഘകാല-ഹ്രസ്വകാല കോഴ്സുകൾ എന്നിവ വഴി 200 ഹബ് ഐടിഐകളും 800 സ്പോക്ക് ഐടിഐകളും ഉൾപ്പടെ 1,000 ഗവൺമെന്റ് ഐടിഐകളെ നവീകരിക്കാൻ ഉദ്ദേശിക്കുന്നു.

നൈപുണ്യത്തെ വ്യവസായവുമായി ബന്ധിപ്പിക്കുന്നു
പാഠ്യപദ്ധതി, പരിശീലനം, അപ്രന്റീസ്ഷിപ്പ്, മൂല്യനിർണ്ണയം എന്നിവയിൽ വ്യവസായ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് വഴി നൈപുണ്യത്തെ വിപണിക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കാൻ ലക്ഷ്യമിടുന്നു. സ്ഥാപനങ്ങൾ, മാനദണ്ഡങ്ങൾ, പ്രോഗ്രാം മേൽനോട്ടം എന്നിവയിൽ വ്യവസായ പങ്കാളിത്തം ഉൾച്ചേർക്കുന്നത് പരിശീലനത്തിന്റെ വിശ്വാസ്യതയും പ്രസക്തിയും വർദ്ധിപ്പിക്കും. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, PMKVY 4.0 പ്രകാരം വ്യവസായ മേഖലാ നൈപുണ്യ കൗൺസിലുകൾ (SSC) വികസിപ്പിച്ചെടുത്ത NSQF അധിഷ്ഠിത തൊഴിൽ റോളുകളിൽ പരിശീലനം നൽകുന്നു. കൂടാതെ നിരവധി കോഴ്സുകൾ തൊഴിലുടമകളിൽ നിന്നുള്ള പരിശീലകരെ ഉപയോഗിച്ച് വ്യവസായ സ്ഥാപനങ്ങളിൽ നേരിട്ട് തന്നെ നൽകുന്നു. പതിവായി സംഘടിപ്പിക്കുന്ന റോസ്ഗാർ മേളകളും നാഷണൽ അപ്രന്റീസ്ഷിപ്പ് മേളകളും തൊഴിലുടമകളും ഉദ്യോഗാർത്ഥികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നു.
തൊഴിലുടമകളെ തൊഴിലന്വേഷകരമായി ബന്ധിപ്പിക്കുന്നു
സർവേ പ്രകാരം, സ്ഥിരമായ റോസ്ഗാർ മേളകളും അപ്രന്റീസ്ഷിപ്പ് മേളകളും തൊഴിലുടമകളും തൊഴിലന്വേഷകരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നു. PMKVY 4.0 പ്രകാരം ഡിജിറ്റൽ സാങ്കേതികവിദ്യ, ഹരിത ഊർജ്ജം, ആരോഗ്യ സംരക്ഷണം, ആധുനിക കൃഷി, ധനകാര്യ സേവനങ്ങൾ, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിൽ നൽകുന്ന മുൻഗണന, ഇന്ത്യയുടെ ദീർഘകാല വളർച്ചാ ചാലകങ്ങളിലേക്കും ആഗോള സമ്പദ്‌വ്യവസ്ഥയിലെ പുതിയ അവസരങ്ങളിലേക്കും നൈപുണ്യ നിക്ഷേപങ്ങളെ നയിക്കുന്നതിനുള്ള ഗുണകരമായ ചുവടുവെപ്പാണ്.
SIDH, NCS, eShram പോർട്ടലുകളുടെ സംയോജനം തത്സമയ നിരീക്ഷണത്തിനും വിലയിരുത്തലിനും വേണ്ടി പ്രയോജനപ്പെടുത്താവുന്ന ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചു. ഇത് തത്സമയ നിരീക്ഷണത്തിനും പരിശീലന രേഖകളെ തൊഴിൽ ഫലങ്ങളുമായും തൊഴിലുടമകളുടെ ആവശ്യങ്ങളുമായും വ്യക്തിഗത നൈപുണ്യ പാതകളുമായും ബന്ധിപ്പിക്കുന്നതിനും സഹായകരമാകുന്നു.
ഇന്ത്യയുടെ അപ്രന്റീസ്ഷിപ്പ് ചട്ടക്കൂട്
അപ്രന്റീസ്ഷിപ്പ് ആവാസവ്യവസ്ഥയും നയപരവും ഘടനാപരവുമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.. നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം (NAPS), NATS എന്നിവ കൂടുതൽ മേഖലകളെയും സംരംഭങ്ങളെയും ഉൾക്കൊള്ളുന്നതിനായി വിപുലീകരിച്ചു. 36 സംസ്ഥാനങ്ങളിലും/ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 43.47 ലക്ഷത്തിലധികം അപ്രന്റീസുകൾ PM-NAPS-ന് കീഴിൽ പങ്കാളികളായിട്ടുണ്ട്. 51,000-ത്തിലധികം സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു, കൂടാതെ സ്ത്രീ പങ്കാളിത്തം 20 ശതമാനത്തിലെത്തി. 2025 സാമ്പത്തിക വർഷത്തിൽ NATS വഴി 5.23 ലക്ഷം അപ്രന്റീസുകൾ നിയമിതരായി എന്നത് ഇന്ത്യയുടെ അപ്രന്റീസ്ഷിപ്പ് സംവിധാനത്തിന്റെ വളർച്ചയെയും പക്വതയെയും കാണിക്കുന്നു.
മുന്നോട്ടുള്ള പാത
ഇന്ത്യ അതിന്റെ വളർച്ചാ പാതയിൽ മുന്നേറുമ്പോൾ വിവിധ സ്ഥാപന സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഗവൺമെന്റ് സമീപനം നൈപുണ്യ വികസന-തൊഴിൽ സംരംഭങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും. ഇത് വ്യവസായാധിഷ്ഠിത നൈപുണ്യത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന് വേദിയൊരുക്കും. തൊഴിൽ സജ്ജരായ പ്രതിഭകളെ വാർത്തെടുക്കുന്നതിനും നൈപുണ്യ-വ്യവസായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും.
***
SK
(रिलीज़ आईडी: 2220229)
आगंतुक पटल : 7