ധനകാര്യ മന്ത്രാലയം
കാർഷികമേഖലയിലെ ഭരണനിർവഹണത്തിന്റെ സംസ്ഥാനതല നവീകരണങ്ങൾ മികച്ച ഫലങ്ങളിലേക്ക് നയിക്കുന്നു: സാമ്പത്തിക സർവേ
ഭൂവിഭവങ്ങളുമായി ബന്ധപ്പെട്ട ഭരണനിർവഹണം, വിപണി പരിഷ്കാരങ്ങൾ, ജലവിഭവങ്ങളുടെ പരിപാലനം, സാങ്കേതികവിദ്യ, ഡിജിറ്റൽ കൃഷി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നൂതനാശയങ്ങൾ
प्रविष्टि तिथि:
29 JAN 2026 2:00PM by PIB Thiruvananthpuram
ഭൂവിഭവങ്ങളുമായി ബന്ധപ്പെട്ട ഭരണനിർവഹണം, വിപണികൾ, ജലവിഭവങ്ങളുടെ പരിപാലനം, സാങ്കേതികവിദ്യയുടെ ഉപയോഗം, വിള വൈവിധ്യവൽക്കരണം എന്നീ മേഖലകളിൽ നിരവധി ഇന്ത്യൻ സംസ്ഥാനങ്ങൾ കൃത്യമായ ലക്ഷ്യത്തോടെയുള്ള കാർഷിക പരിഷ്കാരങ്ങൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. ഈ സംരംഭങ്ങൾ കാർഷിക ഫലങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2025-26 സ്ഥിരീകരിക്കുന്നു.
വിവിധ സംസ്ഥാനങ്ങൾ ഏറ്റെടുത്ത ചില പ്രധാന പരിപാടികളും ഭരണനിർവഹണത്തിന്റെയും പദ്ധതി അധിഷ്ഠിത സംരംഭങ്ങളുടെയും ഫലങ്ങളും ഇനി പറയുന്നു:
ഭൂവിഭവങ്ങളുമായി ബന്ധപ്പെട്ട ഭരണനിർവഹണം: അനധികൃത ഇടപെടലുകളില്ലാത്ത ഡിജിറ്റൽ ഭൂമി പട്ടയങ്ങൾ നൽകുന്നതിനായി ഡ്രോണുകൾ, കണ്ടിന്യുസ്ലി ഓപ്പറേറ്റിംഗ് റെഫറൻസ് സ്റ്റേഷൻ (CORS), GIS എന്നിവ ഉപയോഗിച്ച് ആന്ധ്രാപ്രദേശ് റീസർവേ പദ്ധതി (2021), ആന്ധ്രാപ്രദേശിൽ നടപ്പിലാക്കി. 2025 വരെയുള്ള കണക്കുകൾ പ്രകാരം, 6,901 ഗ്രാമങ്ങൾ ഇതിൽ ഉൾച്ചേർക്കപ്പെട്ടു. 81 ലക്ഷം ഭൂവസ്തുക്കൾ റീസർവേ ചെയ്യപ്പെട്ടു, ഏകദേശം 86,000 അതിർത്തി തർക്കങ്ങൾ പരിഹരിക്കപ്പെട്ടു.
ചൗർ ഭൂമി മത്സ്യകൃഷിക്കായി ഉപയോഗപ്പെടുത്തുന്നതിനായി ബിഹാർ സംസ്ഥാനത്ത് മുഖ്യമന്ത്രി സമേകിത് ചൗർ വികാസ് യോജന (2025) ആരംഭിച്ചു. ഇത് 22 ജില്ലകളിലായി 1,933 ഹെക്ടറിലധികം ഭൂമി മത്സ്യാധിഷ്ഠിത ഉൽപാദനത്തിന് ഉപയോഗപ്രദമാക്കി.
വിപണി പരിഷ്കാരങ്ങൾ: മധ്യപ്രദേശിന്റെ സൗദ പത്രക് സംരംഭം (2021) ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി കർഷകരെ നേരിട്ട് ഇടപെടുത്തിക്കൊണ്ട് കുറഞ്ഞ താങ്ങുവില അടിസ്ഥാനമാക്കിയുള്ള കച്ചവടം സാധ്യമാക്കി. ഇതുവഴി ചന്തകളിൽ തിരക്ക് കുറയ്ക്കാൻ സാധിക്കുകയും ധനവിനിമയത്തിലെ സുതാര്യത മെച്ചപ്പെടുകയും ചെയ്തു. 2025 ഡിസംബർ വരെ, 1.03 ലക്ഷത്തിലധികം ഇടപാടുകളാണ് നടന്നത്.
ആന്ധ്രാപ്രദേശിന്റെ ഇ-ഫാർമാർക്കറ്റ് പ്ലാറ്റ്‌ഫോം കർഷകരെയും കച്ചവടക്കാരെയും റൈതു ഭരോസ കേന്ദ്രങ്ങൾ വഴി ബന്ധിപ്പിച്ചു.
ജലവിഭവങ്ങളുടെ പരിപാലനം: അസം സംസ്ഥാന ജലസേചന പദ്ധതി (2022) പുതിയ സംരംഭങ്ങളിലൂടെയും സോളാർ പമ്പുകളിലൂടെയും ജലസേചന വ്യാപ്തി വർദ്ധിപ്പിക്കാനും, അതുവഴി 2024–25 ഓടെ മൊത്തം ജലസേചന വിസ്തൃതി കാർഷിക ഭൂമിയുടെ 24.28 ശതമാനമായി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടു.
ഉത്തർപ്രദേശ് ഭൂഗർഭജല നിയമങ്ങൾ (2020) ജലചൂഷണ നിയന്ത്രണം ശക്തിപ്പെടുത്തി. 2025 ഓടെ ഭൂഗർഭജല റീചാർജ് നേരിയ തോതിൽ വർദ്ധിച്ചു, എങ്കിലും ജലചൂഷണ തീവ്രതയും വർദ്ധനവ് രേഖപ്പെടുത്തി.
സാങ്കേതികവിദ്യയും ഡിജിറ്റൽ കൃഷിയും: കർണാടകയുടെ FRUITS പ്ലാറ്റ്‌ഫോം (2020), ഡിബിടി, എംഎസ്പി സംഭരണം, വിള സർവേകൾ എന്നിവയ്ക്ക് സഹായകമാകുന്ന വിധത്തിൽ കർഷകരുടെ ഒരു ഡാറ്റാബേസ് തയ്യാറാക്കി. 55 ലക്ഷത്തിലധികം കർഷകരെയും വിവിധ പദ്ധതികളെയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കൃഷിഭൂമിയുടെ തലത്തിലുള്ള ട്രാക്കിംഗും കാലാവസ്ഥയെക്കുറിച്ചുള്ള അറിവ് മുൻനിർത്തിയുള്ള ആസൂത്രണവും സാധ്യമാക്കുന്നതിനായി ഝാർഖണ്ഡ് ഒരു ജിഐഎസ് അധിഷ്ഠിത ക്ലൈമറ്റ് സ്മാർട്ട് അഗ്രിക്കൾച്ചർ ആൻഡ് അഗ്രി സ്റ്റാക്ക് സ്കീം (2024) അവതരിപ്പിച്ചു. ഇതിന്റെ ഫല സൂചകങ്ങൾ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു. മത്സ്യ, ക്ഷീര ഉൽപാദനത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായിട്ടുള്ള മുൻകാല മാതൃകകളെ അടിസ്ഥാനമാക്കി ബിഹാറിന്റെ നാലാമത്തെ കാർഷിക റോഡ്മാപ്പ് (2023–28) നിലവിലുണ്ട്.
കാർഷികമേഖലയിലെ ഭരണനിർവഹണത്തിലെ സംസ്ഥാനതല നവീകരണങ്ങൾ ഇന്ത്യൻ കാർഷികമേഖലയുടെ വളർച്ചയെ എങ്ങനെ നയിക്കുന്നുവെന്ന് ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു, ഇത് മികച്ച ഫലങ്ങളിലേക്ക് നയിക്കുന്നു.
***
SK
(रिलीज़ आईडी: 2220054)
आगंतुक पटल : 10