പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭരണഘടനാ ദിനത്തിൽ പൗരന്മാർക്ക് കത്തെഴുതി പ്രധാനമന്ത്രി


വികസിത ഭാരതം എന്ന ദർശനത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ, പൗരന്മാർ തങ്ങളുടെ കടമകൾക്ക് പ്രഥമ സ്ഥാനം നൽകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

വോട്ടവകാശം വിനിയോഗിച്ചുകൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു

Posted On: 26 NOV 2025 9:00AM by PIB Thiruvananthpuram

 

1949-ൽ ഭരണഘടനയുടെ ചരിത്രപരമായ അംഗീകാരത്തെ അനുസ്മരിച്ചും രാജ്യത്തിന്റെ പുരോഗതിക്ക് വഴികാട്ടുന്നതിൽ അതിന്റെ ശാശ്വതമായ പങ്കിനെ അടിവരയിട്ടും ഭരണഘടനാ ദിനമായ നവംബർ 26-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ പൗരന്മാർക്ക് കത്തെഴുതി. ഈ പവിത്രമായ രേഖയെ ആദരിക്കുന്നതിനായി 2015-ൽ ​ഗവൺമെന്റ് നവംബർ 26 ഭരണഘടനാ ദിനമായി പ്രഖ്യാപിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടന എങ്ങനെയാണ് സാധാരണ പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികളെ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ച്  രാഷ്ട്രത്തെ സേവിക്കാൻ പ്രാപ്തരാക്കിയതെന്ന് എടുത്തുപറഞ്ഞുകൊണ്ട്, പാർലമെന്റിനോടും ഭരണഘടനയോടുമുള്ള തന്റെ ആദരവിന്റെ അനുഭവങ്ങൾ ശ്രീ മോദി പങ്കുവെച്ചു. ആദരസൂചകമായി 2014-ൽ പാർലമെന്റിന്റെ പടികളിൽ വണങ്ങിയതും 2019-ൽ ഭരണഘടന നെറ്റിയിൽ വെച്ചതും അദ്ദേഹം അനുസ്മരിച്ചു. ഭരണഘടന എണ്ണമറ്റ പൗരന്മാർക്ക് സ്വപ്നം കാണാനുള്ള ശക്തിയും ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള കരുത്തും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങൾക്ക് ആദരം അർപ്പിച്ചുകൊണ്ട്, ഡോ.രാജേന്ദ്ര പ്രസാദ്, ഡോ.ബാബാസാഹേബ് അംബേദ്കർ, ഭരണഘടനയെ സമ്പന്നമാക്കിയ നിരവധി വിശിഷ്ട വനിതാ അംഗങ്ങൾ എന്നിവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഭരണഘടനയുടെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിൽ നടന്ന സംവിധാൻ ഗൗരവ് യാത്ര, പ്രത്യേക പാർലമെന്റ് സമ്മേളനം, 75-ാം വാർഷികം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച, വൻ പൊതുജന പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച രാജ്യവ്യാപക പരിപാടികൾ തുടങ്ങിയ നാഴികക്കല്ലുകളെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു.

സർദാർ വല്ലഭായ് പട്ടേലിന്റെയും ഭഗവാൻ ബിർസ മുണ്ടയുടെയും 150-ാം ജന്മവാർഷികവും വന്ദേമാതരത്തിന്റെ 150-ാം വാർഷികവും ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ വാർഷികവും ഒത്തുചേരുന്നതിനാൽ ഈ വർഷത്തെ ഭരണഘടനാ ദിനം സവിശേഷ പ്രാധാന്യമർഹിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഭരണഘടനയുടെ ആർട്ടിക്കിൾ 51A-ൽ പ്രതിപാദിച്ചിരിക്കുന്നതുപോലെ നമ്മുടെ കടമകളുടെ പ്രാധാന്യം ഈ മഹത് വ്യക്തിത്വങ്ങളും നാഴികക്കല്ലുകളും നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. കടമകളുടെ നിർവ്വഹിക്കുന്നതിലൂടെയാണ് അവകാശങ്ങൾ ഒഴുകിയെത്തുന്നത് എന്ന മഹാത്മാഗാന്ധിയുടെ വിശ്വാസത്തെ അദ്ദേഹം ഓർമ്മിപ്പിച്ചു, കടമകൾ നിറവേറ്റുന്നത് സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ അടിത്തറയാണെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ഈ നൂറ്റാണ്ട് ആരംഭിച്ചിട്ട് 25 വർഷങ്ങൾ പിന്നിട്ടിരിക്കുന്നുവെന്നും വെറും രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയിട്ട് 100 വർഷങ്ങൾ പിന്നിടുമെന്നും ശ്രീ മോദി നിരീക്ഷിച്ചു. 2049 ൽ ഭരണഘടന അംഗീകരിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുമെന്നും അദ്ദേഹം അടിവരയിട്ടു. ഇന്ന് എടുക്കുന്ന നയങ്ങളും തീരുമാനങ്ങളും വരും തലമുറകളുടെ ജീവിതത്തെ രൂപപ്പെടുത്തുമെന്ന് അദ്ദേഹം അടിവരയിട്ടു. ഇന്ത്യ ഒരു വികസിത  ഭാരതം എന്ന ദർശനത്തിലേക്ക് നീങ്ങുമ്പോൾ പൗരന്മാർ അവരുടെ കടമകൾക്ക് പ്രഥമ സ്ഥാനം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വോട്ടവകാശം വിനിയോഗിച്ചുകൊണ്ട് ജനാധിപത്യം ശക്തിപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 18 വയസ്സ് തികയുന്ന, ആദ്യമായി വോട്ട് ചെയ്യുന്നവരെ ആദരിച്ചുകൊണ്ട് സ്കൂളുകളും കോളേജുകളും ഭരണഘടനാ ദിനം ആഘോഷിക്കണമെന്ന് നിർദ്ദേശിച്ചു. യുവാക്കളെ ഉത്തരവാദിത്തത്തോടെയും അഭിമാനത്തോടെയും പ്രചോദിപ്പിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെയും രാജ്യത്തിന്റെ ഭാവിയെയും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തന്റെ കത്ത് ഉപസംഹരിച്ചുകൊണ്ട്, ഈ മഹത്തായ രാഷ്ട്രത്തിന്റെ പൗരന്മാർ എന്ന നിലയിൽ തങ്ങളുടെ കടമകൾ നിറവേറ്റുന്നതിനുള്ള പ്രതിജ്ഞ വീണ്ടും ഉറപ്പിക്കാനും അതുവഴി വികസിതവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അർത്ഥവത്തായ സംഭാവന നൽകാനും പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു.

എക്സിൽ  ശ്രീ മോദി കുറിച്ചു:

"ഭരണഘടനാ ദിനത്തിൽ, എൻ്റെ സഹപൗരന്മാർക്ക് ഒരു കത്തെഴുതി, അതിൽ ഞാൻ നമ്മുടെ ഭരണഘടനയുടെ മഹത്വത്തെക്കുറിച്ചും നമ്മുടെ ജീവിതത്തിലെ മൗലിക കർത്തവ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ആദ്യമായി വോട്ടറാകുന്നത് ആഘോഷിക്കേണ്ടത് എന്തിന്  എന്നതിനെക്കുറിച്ചും അതിലേറെ കാര്യങ്ങളെക്കുറിച്ചും എടുത്തുപറഞ്ഞിട്ടുണ്ട്..."

“संविधान दिवस पर मैंने देशभर के अपने परिवारजनों के नाम एक पत्र लिखा है। इसमें हमारे संविधान की महानता, जीवन में मौलिक कर्तव्यों का महत्त्व और हमें पहली बार मतदाता बनने का उत्सव क्यों मनाना चाहिए, ऐसे कई विषयों पर अपने विचार साझा किए हैं… “

***

AT


(Release ID: 2194553) Visitor Counter : 8