വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വ്യാജവാര്‍ത്തകള്‍ വര്‍ദ്ധിച്ചുവരുന്ന AI യുഗത്തില്‍, മാധ്യമ വിശ്വാസ്യത സംരക്ഷിക്കുകയെന്നത് നമ്മുടെ കൂട്ടുത്തരവാദിത്തം
Posted On:
16 NOV 2025 4:44PM by PIB Thiruvananthpuram
ഒരു ജനാധിപത്യ രാജ്യത്തെ പൗരന്മാരുടെ കണ്ണും കാതുമാണ് മാധ്യമങ്ങള്‍. വ്യാജവാര്‍ത്തകള്‍ വര്‍ദ്ധിച്ചുവരുന്ന AI യുഗത്തില്‍, , പൗരന്മാരെ ശാക്തീകരിക്കുന്നതിനായി മാധ്യമ വിശ്വാസ്യത സംരക്ഷിക്കുകയെന്നത് നിര്‍ണായകമാണ്. ന്യൂഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ ഇന്ന് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ഈ അഭിപ്രായം പങ്കുവയ്ക്കുകയുണ്ടായി. 'വര്‍ദ്ധിച്ചുവരുന്ന വ്യാജവാര്‍ത്തകള്‍ക്കിടയില്‍ മാധ്യമ വിശ്വാസ്യത സംരക്ഷിക്കുക' എന്ന പ്രമേയവുമായി ഈ വര്‍ഷത്തെ പരിപാടിക്ക് വേദിയൊരുക്കിയ, PCI ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് (റിട്ട.) രഞ്ജന പ്രകാശ് ദേശായി പറഞ്ഞു, 'AI ഒരിക്കലും മനുഷ്യ മനസ്സിന് പകരമാവില്ല'. ഓരോ പത്രപ്രവര്‍ത്തകനെയും നയിക്കുന്ന ബോധ്യവും മനസ്സാക്ഷിയും ഉത്തരവാദിത്തബോധവും തെറ്റായ വിവരങ്ങള്‍ വ്യാപിക്കുന്നത് തടയണം.

ഒരു സമൂഹമെന്ന നിലയില്‍ ഇന്ന് നാം നേരിടുന്ന ഇന്‍ഫോഡെമിക്കിനെ ചെറുക്കുന്നതിനുള്ള തന്റെ പരിഹാരം മുഖ്യ പ്രഭാഷണത്തില്‍ PTI സിഇഒ വിജയ് ജോഷി നിര്‍ദ്ദേശിക്കുകയുണ്ടായി. 'പരമ്പരാഗത മാധ്യമങ്ങള്‍ വേഗത്തെക്കാള്‍ കൃത്യതയ്ക്ക് മുന്‍ഗണന നല്കണം, AI അല്‍ഗൊരിതം നയിക്കുന്ന ഡിജിറ്റല്‍ മാധ്യമ ഇടപെടലുകള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ് ' അദ്ദേഹം പറഞ്ഞു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, റെയില്‍വേ, ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഡോ. എല്‍. മുരുകന്‍, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു, PCI സെക്രട്ടറി ശ്രീമതി ശുഭ ഗുപ്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഉത്തരവാദിത്ത പത്രപ്രവര്‍ത്തനം ഉയര്‍ത്തിപ്പിടിക്കാന്‍ PCI യുടെ ആഹ്വാനം
പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലും ഉന്നതമായ പത്രപ്രവര്‍ത്തന നിലവാരം നിലനിര്‍ത്തുന്നതിലും ഉള്ള PCI യുടെ ഇരട്ട ഉത്തരവാദിത്തം ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി എടുത്തുപറഞ്ഞു. പത്രപ്രവര്‍ത്തനത്തില്‍ സത്യസന്ധത, കൃത്യത, ശരിയായ വിവരങ്ങള്‍ പങ്കിടാനുള്ള പ്രതിബദ്ധത എന്നിവ അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു. പ്രത്യേകിച്ച് തെറ്റായ വിവരങ്ങളും സാങ്കേതികവിദ്യയുടെ ദുരുപയോഗവും വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് അത് തികച്ചും അനിവാര്യമാണ്.
സമിതികളും വസ്തുതാന്വേഷണ സംഘങ്ങളും PCI സൃഷ്ടിച്ചിട്ടുണ്ടെന്നും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനും എല്ലാ വസ്തുതകളും പരിശോധിക്കാനും മാധ്യമപ്രവര്‍ത്തകരെ സദാ ഓര്‍മ്മിപ്പിക്കുന്നതായും അവര്‍ പരാമര്‍ശിച്ചു. ക്ഷേമ പദ്ധതികളിലൂടെയും ഇന്‍ഷുറന്‍സിലൂടെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ എടുത്തു പറഞ്ഞു. കൂടാതെ PCI യുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ യുവ പത്രപ്രവര്‍ത്തകര്‍ക്ക് ധാര്‍മ്മിക രീതികള്‍ പഠിക്കാന്‍ സഹായകമാകുമെന്നും അവര്‍ വ്യക്തമാക്കി.

AI ഉപയോഗപ്രദമാണെങ്കിലും, അതിന്റെ ദുരുപയോഗം തടയാന്‍ PCI ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള സാങ്കേതിക ഉപാധികള്‍ എത്ര പുരോഗമിച്ചാലും, അവ ഒരിക്കലും മനുഷ്യ മനസ്സിന്റെ ബോധ്യത്തിനും മനസ്സാക്ഷിയ്ക്കും പകരമാവില്ല .
AI യുഗത്തില്‍ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുക
ജനാധിപത്യത്തിന്റെ ധാര്‍മ്മിക കാവലാള്‍ എന്ന നിലയില്‍ മാധ്യമങ്ങള്‍ ശക്തമായ ധാര്‍മ്മികതയെ ഉയര്‍ത്തിപ്പിടിക്കണമെന്ന് PTI യുടെ CEO ശ്രീ. വിജയ് ജോഷി പറഞ്ഞു. പണം നല്‍കിയുള്ള വാര്‍ത്തകള്‍, പരസ്യങ്ങള്‍, മഞ്ഞപ്പത്രങ്ങള്‍ എന്നിവ പൊതുജനവിശ്വാസത്തെ തകര്‍ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡിജിറ്റല്‍ ഇടപെടലുകള്‍ ഇപ്പോള്‍ കൃത്യതയെക്കാള്‍ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു, ഇത് പക്ഷപാതപരമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. സത്യവും തെറ്റായ വിവരങ്ങളും തിരിച്ചറിയാനാകാത്ത വിധം ഇഴചേരുമെന്ന് മഹാമാരി നമുക്ക് കാണിച്ചുതന്നു. ഇന്ന് ഈ അപകടത്തെ AI കൂടുതല്‍ വഷളാക്കുന്നു.
പരിശോധിച്ചുറപ്പിച്ച സത്യം ലഭ്യമാക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 99 പത്രങ്ങള്‍ ചേര്‍ന്ന് സ്ഥാപിച്ചതുമുതല്‍ PTI നിലനിര്‍ത്തുന്ന സത്യസന്ധത, കൃത്യത, നീതി, സ്വാതന്ത്ര്യം എന്നിവയുടെ പാരമ്പര്യം അദ്ദേഹം എടുത്തുപറഞ്ഞു. കൃത്യത എല്ലായ്‌പ്പോഴും വേഗതയ്ക്ക് മുകളിലായിരിക്കണം എന്നും വാര്‍ത്തകള്‍ അജണ്ടകളില്‍ നിന്ന് മുക്തമായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഫാക്റ്റ് ചെക്ക് പോലുള്ള സംരംഭങ്ങള്‍ തെറ്റായ വിവരങ്ങളുടെ പ്രളയത്തെ ബഹുതല പരിശോധനയിലൂടെ നേരിടാന്‍ സഹായിക്കുന്നു. വിശ്വാസ്യത സംരക്ഷിക്കുന്നതിന് ഭാവിയിലെ പത്രപ്രവര്‍ത്തകരെ ധാര്‍മ്മികതയും വിമര്‍ശനാത്മക ചിന്തയും പരിശീലിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്രസ്വാതന്ത്ര്യം വിവര ആവാസവ്യവസ്ഥയെ മലിനമാക്കുന്നതിനുള്ള ലൈസന്‍സല്ലെന്നും പത്രപ്രവര്‍ത്തനം വിശ്വാസ്യതയില്‍ അധിഷ്ഠിതമായ പൊതുസേവനമാണെന്നും ജോഷി ഓര്‍മ്മിപ്പിച്ചു.
****
(Release ID: 2190600)
Visitor Counter : 6
Read this release in:
Gujarati
,
Khasi
,
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Odia
,
Tamil
,
Telugu
,
Kannada