പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്തീസ്ഗഡ് വിധാൻസഭയുടെ പുതിയ കെട്ടിടം ഛത്തീസ്ഗഢിലെ നവ റായ്പൂരിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഇന്ന്, ഛത്തീസ്ഗഢ് അതിന്റെ ലക്ഷ്യത്തിന്റെ പുതിയൊരു കൊടുമുടിയിൽ നിൽക്കുന്നു; ഈ അഭിമാനകരമായ അവസരത്തിൽ,  ഈ സംസ്ഥാനം സൃഷ്ടിക്കുന്നതിൽ കാര്യക്ഷമമായി പ്രവർത്തിച്ച  ദീർഘവീക്ഷണവും, കാര്യപ്രാപ്തിയുമുള്ള രാഷ്ട്ര നേതാവ് ബഹുമാന്യനായ ഭാരതരത്നം ശ്രീ അടൽ ബിഹാരി വാജ്‌പേയി ജിക്ക് ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു -  പ്രധാനമന്ത്രി

ഇന്ന്, മുഴുവൻ രാഷ്ട്രവും പൈതൃകത്തെയും വികസനത്തെയും ഒരുമിച്ച് സ്വീകരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുന്നു: പ്രധാനമന്ത്രി

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്: പ്രധാനമന്ത്രി

നക്‌സലിസത്തിന്റെയും മാവോയിസ്റ്റ് ഭീകരതയുടെയും ഉന്മൂലനത്തിലേക്ക് ഇന്ത്യ ഇപ്പോൾ നീങ്ങുകയാണ്: പ്രധാനമന്ത്രി

ഈ വിധാൻസഭ നിയമനിർമ്മാണത്തിനുള്ള ഒരു സ്ഥലം മാത്രമല്ല, ഛത്തീസ്ഗഢിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഒരു ഊർജ്ജസ്വലമായ കേന്ദ്രമാണ്: പ്രധാനമന്ത്രി

Posted On: 01 NOV 2025 2:59PM by PIB Thiruvananthpuram

ഛത്തീസ്ഗഢിലെ നവ റായ്പൂരിൽ ഛത്തീസ്ഗഢ് വിധാൻസഭയുടെ പുതിയ കെട്ടിടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട്, ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് ഇന്ന് ഒരു സുവർണ്ണ തുടക്കം കുറിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിപരമായി, ഇത് തനിക്ക് വളരെ സന്തോഷകരവും പ്രാധാന്യമുള്ളതുമായ ദിവസമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി പതിറ്റാണ്ടുകളായി വളർത്തിയെടുത്ത ഈ നാടുമായുള്ള തന്റെ ആഴത്തിലുള്ള വൈകാരിക ബന്ധത്തെ പറ്റി അദ്ദേഹം എടുത്തു പറഞ്ഞു. ഒരു സാധാരണ പാർട്ടി പ്രവർത്തകനായിരുന്ന സമയം മുതൽ ഛത്തീസ്ഗഢിൽ വളരെയധികം സമയം ചെലവഴിച്ചതായും അവിടെ നിന്നും ധാരാളം കാര്യങ്ങൾ പഠിച്ചതായും ശ്രീ മോദി സൂചിപ്പിച്ചു. ഛത്തീസ്ഗഢിനെ കുറിച്ചുള്ള ദർശനം, അതിന്റെ സൃഷ്ടിക്കായുള്ള ദൃഢനിശ്ചയം, ആ ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണം എന്നിവ അദ്ദേഹം ഓർമ്മിപ്പിച്ചു, ഛത്തീസ്ഗഢിന്റെ പരിവർത്തനത്തിന്റെ ഓരോ നിമിഷത്തിനും താൻ സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു.  25 വർഷത്തെ യാത്രയിൽ സംസ്ഥാനം ഒരു പ്രധാന നാഴികക്കല്ലിലെത്തുമ്പോൾ, ആ നിമിഷത്തിന്റെ ഭാഗമാകാൻ ലഭിച്ച അവസരത്തിന് അദ്ദേഹം നന്ദി പറഞ്ഞു. രജത ജൂബിലി ആഘോഷ വേളയിൽ, സംസ്ഥാനത്തെ ജനങ്ങൾക്കായി പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരത്തിൽ ഛത്തീസ്ഗഢിലെ ജനങ്ങൾക്കും സംസ്ഥാന സർക്കാരിനും അദ്ദേഹം തന്റെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.

"ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അമൃത് വർഷമായി 2025 ആഘോഷിക്കുന്നു. ഇന്ത്യ അതിന്റെ ഭരണഘടന പൗരന്മാർക്ക് സമർപ്പിച്ചതിന്റെ 75 വർഷങ്ങൾ ഇപ്പോൾ അനുസ്മരിക്കുന്നു", ശ്രീ മോദി പറഞ്ഞു. ഈ ചരിത്ര മുഹൂർത്തത്തിൽ, ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങളായി മേഖലയെ പ്രതിനിധീകരിച്ച പ്രമുഖരായ ശ്രീ രവിശങ്കർ ശുക്ല, ബാരിസ്റ്റർ താക്കൂർ ചെഡിലാൽ, ശ്രീ ഘനശ്യാം സിംഗ് ഗുപ്ത, ശ്രീ കിഷോരി മോഹൻ ത്രിപാഠി, ശ്രീ രാംപ്രസാദ് പൊട്ടായ്, ശ്രീ രഘുരാജ് സിംഗ് എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. അക്കാലത്ത് പ്രദേശത്തിന് പിന്നോക്കാവസ്ഥ ആയിരുന്നിട്ടും, ഡൽഹിയിലെത്തി ബാബാസാഹേബ് അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനാ നിർമ്മാണത്തിൽ ഇവർ നിർണായക പങ്ക് വഹിച്ചിരുന്നു.

ഛത്തീസ്ഗഢിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടേണ്ട അധ്യായമാണ് ഇത് എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗംഭീരവും ആധുനികവുമായ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ, ഒരു കെട്ടിട ഉദ്‌ഘാടന ചടങ്ങ് മാത്രമല്ല, പൊതുജനങ്ങളുടെ 25 വർഷത്തെ അഭിലാഷത്തിന്റെയും പോരാട്ടത്തിന്റെയും അഭിമാനത്തിന്റെയും ആഘോഷം കൂടിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഇന്ന്, ഛത്തീസ്ഗഢ് അതിന്റെ അഭിലാഷങ്ങളുടെ ഒരു പുതിയ കൊടുമുടിയിൽ നിൽക്കുന്നു; ഈ അഭിമാനകരമായ അവസരത്തിൽ, ഈ സംസ്ഥാനം സൃഷ്ടിക്കപ്പെടുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച ദീർഘവീക്ഷണവും, കാര്യപ്രാപ്തിയുമുള്ള നേതാവ് ബഹുമാന്യനായ ഭാരതരത്നം  ശ്രീ അടൽ ബിഹാരി വാജ്‌പേയി ജിക്ക് ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു”, ശ്രീ മോദി പറഞ്ഞു. 2000-ൽ അടൽ ജി ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകരിച്ചപ്പോൾ, അത് വെറും ഒരു ഭരണപരമായ തീരുമാനമായിരുന്നില്ല, മറിച്ച് വികസനത്തിന്റെ പുതിയ വഴികൾ തുറക്കുന്നതിനും ഛത്തീസ്ഗഢിന്റെ ആത്മാവിനെ തിരിച്ചറിയുന്നതിനുമുള്ള ഒരു ചുവടുവയ്പ്പായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനത്തോടൊപ്പം ഇന്ന് അടൽ ജിയുടെ പ്രതിമയുടെ അനാച്ഛാദനവും നടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘അടൽ ജി, നോക്കൂ, നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു, നിങ്ങൾ വിഭാവനം ചെയ്ത ഛത്തീസ്ഗഢ് ഇപ്പോൾ ആത്മവിശ്വാസം കൊണ്ട് നിറഞ്ഞിരിക്കുന്നു, വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുന്നു’ എന്ന് ഹൃദയം പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഛത്തീസ്ഗഢ് നിയമസഭയുടെ ചരിത്രം തന്നെ പ്രചോദനത്തിന്റെ ഉറവിടമാണെന്ന് പറഞ്ഞ ശ്രീ മോദി, 2000-ൽ ഈ മനോഹരമായ സംസ്ഥാനം സ്ഥാപിതമായപ്പോൾ, റായ്പൂരിലെ രാജ്കുമാർ കോളേജിലെ ജാഷ്പൂർ ഹാളിൽ ആദ്യത്തെ നിയമസഭാ സമ്മേളനം നടന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. ആ കാലഘട്ടത്തിലെ പരിമിതമായ സാഹചര്യങ്ങളും സൗകര്യങ്ങളും അതിലൂടെ നമുക്ക് മനസ്സിലാക്കാം, എന്നാൽ പരിധിയില്ലാത്ത സ്വപ്നങ്ങളായിരുന്നു എല്ലാപേർക്കും ഉണ്ടായിരുന്നത്. "നമ്മുടെ ഭാവി കൂടുതൽ ഉജ്ജ്വലമായി പ്രകാശിപ്പിക്കുക" എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭാ കെട്ടിടങ്ങൾ പിന്നീട് ഉയർന്നുവന്നത് യഥാർത്ഥത്തിൽ മറ്റൊരു വകുപ്പിന്റെ സ്ഥലത്തായിരുന്നുവെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. അവിടെ നിന്നാണ് ഛത്തീസ്ഗഢിലെ ജനാധിപത്യ യാത്ര നവോന്മേഷത്തോടെ ആരംഭിച്ചത്. 25 വർഷത്തിനുശേഷം ഇന്ന് അതേ ജനാധിപത്യത്തിനും അതേ ജനങ്ങൾക്കുമായി ആധുനികവും ഡിജിറ്റൽ, സംവിധാനങ്ങളും ഉള്ള  ഒരു നിയമസഭാ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

നിയമസഭാ മന്ദിരത്തെ ജനാധിപത്യത്തിന്റെ മൂല്യങ്ങൾ നിലനിൽക്കുന്ന തീർത്ഥാടന കേന്ദ്രമായി പരാമർശിച്ച പ്രധാനമന്ത്രി, നിയമസഭയുടെ ഓരോ തൂണും സുതാര്യതയെ പ്രതീകപ്പെടുത്തുന്നുവെന്നും, ഓരോ ഇടനാഴിയും നമ്മുടെ കടമകളെ ഓർമ്മിപ്പിക്കുന്നുവെന്നും, ഓരോ മുറികളും ജനങ്ങളുടെ ശബ്ദത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. ഇവിടെ എടുക്കുന്ന തീരുമാനങ്ങൾ വരും ദശകങ്ങളിൽ ഛത്തീസ്ഗഢിന്റെ ഉജ്ജ്വല ഭാവി നിർണ്ണയിക്കുമെന്നും, ഈ മതിലുകൾക്കുള്ളിൽ സംസാരിക്കുന്ന ഓരോ വാക്കും സംസ്ഥാനത്തിന്റെ ഭൂതകാലത്തിന്റെയും വർത്തമാനത്തിന്റെയും ഭാവിയുടെയും അവിഭാജ്യ ഘടകമായി മാറുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വരും ദശകങ്ങളിൽ ഛത്തീസ്ഗഢിന്റെ ഭാവിക്കായി നയങ്ങളും നിയമങ്ങളും സൃഷ്ടിക്കുന്ന, നയരൂപകർത്താക്കളുടെ കേന്ദ്രമായി ഈ കെട്ടിടം പ്രവർത്തിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

"ഇന്ന്, മുഴുവൻ രാജ്യവും പൈതൃകത്തെയും വികസനത്തെയും ഒരു പോലെ സ്വീകരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയാണ്" എന്ന് പ്രധാനമന്ത്രി പറഞ്ഞു, സർക്കാരിന്റെ ഓരോ നയത്തിലും തീരുമാനത്തിലും ഈ കൂടിച്ചേരൽ പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പവിത്രമായ ചെങ്കോൽ ഇപ്പോൾ ഇന്ത്യൻ പാർലമെന്റിനെ പ്രചോദിപ്പിക്കുന്നുവെന്നും പാർലമെന്റിന്റെ പുതിയ ഗാലറികൾ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പുരാതന വേരുകളുമായി ലോകത്തെ ബന്ധിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർലമെന്റ് സമുച്ചയത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമകൾ ഇന്ത്യയിലെ ജനാധിപത്യ പാരമ്പര്യങ്ങളുടെ ആഴം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നു. ഛത്തീസ്ഗഡിലെ പുതിയ നിയമസഭയിലും ഈ ധാർമ്മികതയും പാരമ്പര്യവും പ്രതിഫലിക്കുന്നതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിഫലനമാണ് പുതിയ നിയമസഭാ സമുച്ചയം എന്ന് അദ്ദേഹം പറഞ്ഞു. ഈ നിയമസഭയുടെ ഓരോ ഘടകങ്ങളും ഛത്തീസ്ഗഡിന്റെ മണ്ണിൽ ജനിച്ച മഹാന്മാരിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു. പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണന നൽകുന്നതും 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന തത്വവും അവരുടെ സർക്കാരിന്റെ സദ്ഭരണത്തിന്റെ മുഖമുദ്രകളാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവും, നമ്മുടെ മഹാനായ നേതാക്കളും സന്ന്യാസിമാരും ചിന്തകരും പകർന്ന് നൽകുന്ന മൂല്യങ്ങളുമാണിതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ നിയമസഭാ മന്ദിരം നിരീക്ഷിച്ചപ്പോൾ ബസ്തർ കലയുടെ മനോഹരമായ കാഴ്ച താൻ ശ്രദ്ധിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഏതാനും മാസങ്ങൾക്ക് മുൻപ് തായ്‌ലൻഡ് പ്രധാനമന്ത്രിക്കും ഇതേ ബസ്തർ കലാസൃഷ്ടിയാണ് സമ്മാനിച്ചത് എന്ന് അദ്ദേഹം ഓർമിച്ചു. ഇന്ത്യയുടെ സർഗാത്മകതയുടെയും സാംസ്കാരിക ശക്തിയുടെയും പ്രതീകമായി ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചു.

എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട്, എല്ലാവർക്കും ഉള്ള വികസനം, എല്ലാവരോടും ബഹുമാനം, എന്നീ മൂല്യങ്ങൾ പഠിപ്പിക്കുന്ന ബാബ ഗുരുഗാസി ദാസ് ജിയുടെ സന്ദേശം കെട്ടിടത്തിന്റെ ചുമരുകളിൽ ഉണ്ടെന്ന് ശ്രീ മോദി പറഞ്ഞു. മാതാ ശബരി പഠിപ്പിച്ച ഊഷ്മളതയെ ഓരോ വാതിലിലും പ്രതിഫലിപ്പിക്കുന്നുവെന്നും, എല്ലാ അതിഥികളെയും പൗരന്മാരെയും വാത്സല്യത്തോടെ സ്വാഗതം ചെയ്യാൻ നമ്മെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ഓരോ കസേരയും സന്ത്‌ കബീർ പഠിപ്പിച്ച സത്യത്തിന്റെയും നിർഭയത്വത്തിന്റെയും ആത്മാവിനെ ഉൾക്കൊള്ളുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. കെട്ടിടത്തിന്റെ അടിത്തറ മഹാപ്രഭു വല്ലഭാചാര്യയുടെ തത്വമായ നരസേവ നാരായണ സേവ എന്ന ആശയം വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്" എന്ന് ഉദ്ഘോഷിച്ചുകൊണ്ട്, ഇന്ത്യയിലെ ഗോത്ര സമൂഹങ്ങൾ തലമുറകളായി ജനാധിപത്യ പാരമ്പര്യങ്ങൾ പാലിച്ചുപോരുന്നുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ബസ്തറിലെ മുറിയ ദർബാറിനെ ഒരു ഉദാഹരണമായി അദ്ദേഹം ഉദ്ധരിച്ചു - അടിസ്ഥാന ജനാധിപത്യ രീതികളെ പ്രതിഫലിപ്പിക്കുന്ന ഒരു 'പുരാതന പാർലമെന്റ്'. വർഷങ്ങളായി, ഇന്ത്യൻ സമൂഹവും ഭരണകൂടങ്ങളും വെല്ലുവിളികൾ പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ നിയമസഭാ മന്ദിരത്തിൽ മുറിയ ദർബാറിന്റെ പാരമ്പര്യത്തിനും സ്ഥാനം ലഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

നമ്മുടെ മഹാന്മാരായ നേതാക്കളുടെ ആദർശങ്ങൾ നിയമസഭയുടെ ഓരോ കോണിലും പ്രതിഫലിക്കുമ്പോൾ, സ്പീക്കറുടെ കസേര ഡോ. രമൺ സിങ്ങിന്റെ അനുഭവപരിചയമുള്ള നേതൃത്വത്താൽ അലങ്കരിച്ചിരിക്കുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. സമർപ്പിതനായ ഒരു പാർട്ടി പ്രവർത്തകന് കഠിനാധ്വാനത്തിലൂടെയും പ്രതിബദ്ധതയിലൂടെയും ജനാധിപത്യ സ്ഥാപനങ്ങളെ എങ്ങനെ ശക്തിപ്പെടുത്താൻ കഴിയുമെന്നതിന്റെ ശക്തമായ ഉദാഹരണമാണ് ഡോ. രമൺ സിങ്ങെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഷ്ട്രകവി നിരാല, സരസ്വതി ദേവിയെ സ്തുതിച്ചു കൊണ്ട് രചിച്ച പ്രാർത്ഥനയെ ഉദ്ധരിച്ച പ്രധാനമന്ത്രി, അത് വെറും കവിതയല്ല, മറിച്ച് സ്വതന്ത്ര ഇന്ത്യയുടെ പുനർജന്മത്തിനായുള്ള ഒരു മന്ത്രമാണെന്ന് പറഞ്ഞു. പാരമ്പര്യത്തിൽ വേരൂന്നിയതും എന്നാൽ ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് നീങ്ങുന്നതുമായ ഒരു ഭാരതത്തെ പ്രതീകപ്പെടുത്തുന്ന തരത്തിൽ നിരാല നടത്തിയ "നവ ഗതി, നവ് ലയ, നവ് സ്വർ" എന്ന ആഹ്വാനം എടുത്തുകാട്ടി. ഛത്തീസ്ഗഢിലെ പുതിയ നിയമസഭയിൽ നിൽക്കുമ്പോൾ, ഈ വികാരം ഇവിടെയും ഒരുപോലെ പ്രസക്തമാണെന്ന് ശ്രീ മോദി സ്ഥിരീകരിച്ചു. മുൻകാല അനുഭവങ്ങളുടെ പ്രതിധ്വനികൾ പുതിയ സ്വപ്നങ്ങളുടെ ഊർജ്ജത്തെ കണ്ടുമുട്ടുന്ന 'നവ സ്വറിന്റെ' പ്രതീകമായാണ് ഈ കെട്ടിടത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഈ ഊർജ്ജം ഉപയോഗിച്ച്, നാം ഒരു പുതിയ ഭാരതം നിർമ്മിക്കണമെന്നും വികസനത്തിന്റെ പാതയിൽ മുന്നേറുന്നതിനിടയിൽ അതിന്റെ പൈതൃകവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ഛത്തീസ്ഗഢിന്റെ അടിത്തറ പാകണമെന്നും അദ്ദേഹം പറഞ്ഞു.

"നഗരിക് ദേവോ ഭവ" (പൗരന്മാർ ദൈവത്തിന് തുല്യം) എന്നത് സദ്ഭരണത്തിന്റെ മാർഗ്ഗനിർദ്ദേശ മന്ത്രമാണെന്ന് അടിവരയിട്ടുകൊണ്ട്, നിയമസഭയിൽ എടുക്കുന്ന ഓരോ തീരുമാനവും ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകിയുള്ളതാകണമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇവിടെ നടപ്പിലാക്കുന്ന നിയമങ്ങൾ, മുന്നോട്ടുള്ള വികസനം ത്വരിതപ്പെടുത്തുകയും പൗരന്മാരുടെ ജീവിതം സുഗമമാക്കുകയും അനാവശ്യമായ സർക്കാർ ഇടപെടൽ കുറയ്ക്കുകയും വേണം. ഭരണം ഇല്ലാതാകുകയോ അമിതമാകുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു - ദ്രുതഗതിയിലുള്ള പുരോഗതിക്കുള്ള ഒരേയൊരു യഥാർത്ഥ സൂത്രവാക്യം ഈ സന്തുലിതാവസ്ഥ മാത്രമാണ്.

ഛത്തീസ്ഗഢ് ഭഗവാൻ ശ്രീരാമന്റെ മാതൃഭവനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, അദ്ദേഹത്തെ ഈ നാടിന്റെ അനന്തരവൻ എന്നും പരാമർശിച്ചു. ഈ പുതിയ നിയമസഭാ സമുച്ചയത്തിൽ ശ്രീരാമന്റെ ആദർശങ്ങൾ അനുസ്മരിക്കാൻ ഇന്നത്തേക്കാൾ മികച്ച അവസരം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ മൂല്യങ്ങൾ സദ്ഭരണത്തിൽ കാലാതീതമായ പാഠങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോധ്യയിലെ രാമക്ഷേത്ര സമർപ്പണ വേളയിൽ, "ദേവ് ടു ദേശ്", "റാം ടു രാഷ്ട്ര" എന്ന ആശയം, അഥവാ ഭക്തിയിൽ നിന്ന് രാഷ്ട്രനിർമ്മാണത്തിലേക്ക് നീങ്ങാൻ രാജ്യം കൂട്ടായി ദൃഢനിശ്ചയം ചെയ്തതായി ശ്രീ മോദി പറഞ്ഞു. "റാം ടു രാഷ്ട്ര" എന്നതിന്റെ സാരാംശം, "സബ്കാ സാത്ത്, സബ്കാ വികാസ്" എന്ന സമഗ്ര വികസനത്തിന്റെ ആത്മാവിനെ  പ്രതിഫലിപ്പിക്കുന്നു. നല്ല ഭരണത്തിലും പൊതുജനക്ഷേമത്തിലും വേരൂന്നിയ ഒരു ഭരണത്തെ സൃഷ്ടിക്കുക എന്ന ദർശനമാണ് ഇതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ദാരിദ്ര്യത്തിൽ നിന്നും ദുഃഖത്തിൽ നിന്നും മുക്തമായ ഒരു സമൂഹം, ദാരിദ്ര്യം ഇല്ലാതാക്കി  മുന്നേറുന്ന ഒരു രാഷ്ട്രം എന്നിവയാണ് "റാം ടു രാഷ്ട്ര" വിഭാവനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. രോഗം മൂലം ആർക്കും അകാല മരണം സംഭവിക്കാത്തതും, ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന് ഇതിനർത്ഥമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒടുവിൽ, "റാം ടു രാഷ്ട്ര" എന്നത് വിവേചനരഹിതമായ ഒരു സമൂഹത്തെയും എല്ലാ സമുദായങ്ങളിലും സാമൂഹിക നീതി നിലനിൽക്കുന്ന ഒരു സമൂഹത്തെയും സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

"റാം ടു രാഷ്ട്ര" എന്നത് മനുഷ്യത്വത്തിന് എതിരായ ശക്തികളെ ഉന്മൂലനം ചെയ്യാനുള്ള ദൃഢനിശ്ചയത്തെയും ഭീകരതയെ നശിപ്പിക്കാനുള്ള പ്രതിജ്ഞയെയും സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഭീകരതയുടെ നട്ടെല്ല് തകർത്ത ഓപ്പറേഷൻ സിന്ദൂരിൽ ഈ ദൃഢനിശ്ചയം വ്യക്തമായി പ്രകടമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. "ഇന്ത്യ ഇപ്പോൾ നക്സലിസത്തിന്റെയും മാവോയിസ്റ്റ് ഭീകരതയുടെയും ഉന്മൂലനത്തിലേക്ക് നീങ്ങുകയാണ്, കൂടാതെ അതിന്റെ അഭൂതപൂർവമായ വിജയങ്ങളിൽ അഭിമാനം നിറഞ്ഞിരിക്കുന്നു", പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി, ഈ അഭിമാനബോധം ഛത്തീസ്ഗഡ് നിയമസഭയുടെ പുതിയ പരിസരത്ത് വ്യക്തമായ പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 25 വർഷക്കാലമായി ഛത്തീസ്ഗഢ് സാക്ഷ്യം വഹിച്ച പരിവർത്തനം ശ്രദ്ധേയവും പ്രചോദനാത്മകവുമാണെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, "ഒരുകാലത്ത് നക്സലിസത്തിനും പിന്നോക്കാവസ്ഥയ്ക്കും പേരുകേട്ട സംസ്ഥാനം ഇപ്പോൾ അഭിവൃദ്ധിയുടെയും സുരക്ഷയുടെയും സ്ഥിരതയുടെയും പ്രതീകമായി ഉയർന്നുവരുന്നു" എന്ന് പറഞ്ഞു. ബസ്തർ ഒളിമ്പിക്സ് ഇപ്പോൾ രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും നക്സൽ ബാധിത പ്രദേശങ്ങളിൽ വികസനവും സമാധാനവും തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പരിവർത്തനത്തിന് ഛത്തീസ്ഗഢിലെ ജനങ്ങളുടെ കഠിനാധ്വാനവും അവരുടെ സർക്കാരുകളുടെ ദീർഘവീക്ഷണമുള്ള നേതൃത്വവും കാരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഛത്തീസ്ഗഢിന്റെ രജതജൂബിലി ആഘോഷങ്ങൾ ഇപ്പോൾ ഒരു വലിയ ദേശീയ ലക്ഷ്യത്തിലേക്കുള്ള തുടക്കമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ട്, 2047 ഓടെ വികസിത ഇന്ത്യ എന്ന ദർശനം കൈവരിക്കുന്നതിൽ ഛത്തീസ്ഗഢ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തെ ഓരോ സംസ്ഥാനത്തിനും നവീകരിക്കാനും ഈ ദൗത്യത്തിന് സംഭാവന നൽകാനും പ്രചോദനം നൽകുന്ന ഒരു സംവിധാനം കെട്ടിപ്പടുക്കാനും നിയമസഭയിലൂടെ ഒരു മാതൃക സൃഷ്ടിക്കാനും ശ്രീ മോദി എല്ലാവരോടും അഭ്യർത്ഥിച്ചു. ഇവിടെ നടക്കുന്ന ചർച്ചകളിലും, ഉന്നയിക്കുന്ന ചോദ്യങ്ങളിലും, സഭയുടെ നടപടിക്രമങ്ങളിലും മികവ് പുലർത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ രൂപത്തിലുമുള്ള പ്രവർത്തനങ്ങൾ ഒരു വികസിത ഛത്തീസ്ഗഢും ഒരു വികസിത ഇന്ത്യയും കെട്ടിപ്പടുക്കുന്നതിലേക്ക് നയിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഛത്തീസ്ഗഢിലെ പുതിയ നിയമസഭയുടെ യഥാർത്ഥ മഹത്വം അതിനുള്ളിൽ എടുക്കുന്ന ക്ഷേമാധിഷ്ഠിത തീരുമാനങ്ങളിലാണ് എന്ന് പ്രധാനമന്ത്രി തുടർന്നു പറഞ്ഞു. ഛത്തീസ്ഗഢിന്റെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും സഭ എത്രത്തോളം ആഴത്തിൽ മനസ്സിലാക്കുന്നു, അവ നിറവേറ്റാൻ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത് എന്ന് അദ്ദേഹം പറഞ്ഞു. ഓരോ തീരുമാനവും കർഷകരുടെ കഠിനാധ്വാനത്തെ അംഗീകരിക്കുകയും, യുവാക്കളുടെ സ്വപ്നങ്ങൾക്ക് വഴികാട്ടുകയും, സ്ത്രീകൾക്ക് പുതിയ പ്രതീക്ഷ നൽകുകയും, ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉയർത്തുന്നതിനുള്ള ഒരു മാധ്യമമായി വർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. "ഈ വിധാൻസഭ നിയമനിർമ്മാണത്തിനുള്ള ഒരു സ്ഥലം മാത്രമല്ല, ഛത്തീസ്ഗഢിന്റെ മികച്ച ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഒരു ഊർജ്ജസ്വലമായ കേന്ദ്രമാണ്", ശ്രീ മോദി പറഞ്ഞു, ഈ സഭയിൽ നിന്ന് ഉയർന്നുവരുന്ന ഓരോ ആശയവും പൊതുജനസേവനത്തിന്റെ ആത്മാവും, വികസനത്തിനായുള്ള ദൃഢനിശ്ചയവും, ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ആത്മവിശ്വാസവും ഉൾക്കൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് നമ്മുടെ കൂട്ടായ അഭിലാഷമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

എല്ലാത്തിനും മുകളിൽ ജനാധിപത്യത്തിന്റെ കടമ നിർവഹിക്കുമെന്നും, പൊതുജീവിതത്തിലെ നമ്മുടെ കടമകൾ പ്രതിബദ്ധതയോടെ നിറവേറ്റുമെന്നും പ്രതിജ്ഞയെടുക്കുന്നതിലാണ് പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിന്റെ യഥാർത്ഥ പ്രാധാന്യം എന്ന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.  പ്രത്യേകിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഈ അമൃത് വർഷത്തിൽ, ജനങ്ങളുടെ സേവനത്തിനായി ജീവിതം സമർപ്പിക്കാനുള്ള ദൃഢനിശ്ചയത്തോടെ ഈ സമുച്ചയത്തിൽ നിന്നും പോകാൻ  പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. ജനാധിപത്യത്തിന്റെ ഈ മനോഹരമായ പുതിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് എല്ലാവർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേർന്നുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

ഛത്തീസ്ഗഢ് ഗവർണർ ശ്രീ രമൺ ദേക, ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള, ഛത്തീസ്ഗഢ് നിയമസഭാ സ്പീക്കർ ഡോ. രമൺ സിംഗ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദിയോ സായ്, കേന്ദ്രമന്ത്രി ശ്രീ ടോകൻ സാഹു, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

പശ്ചാത്തലം

ഛത്തീസ്ഗഢ് വിധാൻസഭയുടെ പുതിയ കെട്ടിടം ഗ്രീൻ ബിൽഡിംഗ് എന്ന ആശയത്തിൽ നിർമ്മിച്ചതാണ്. പൂർണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനും മഴവെള്ള സംഭരണം ​​നടത്തുന്നതിനും ഉള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്.

 

Speaking at the inauguration of the new building of Chhattisgarh Vidhansabha. May it serve as a centre for realising people's aspirations.
https://t.co/W1vz613FCP

— Narendra Modi (@narendramodi) November 1, 2025

आज छत्तीसगढ़ अपने स्वप्न के नए शिखर पर खड़ा है।

और इस गौरवशाली क्षण में, मैं उन महापुरुष को नमन करता हूँ जिनकी दूरदृष्टि और करुणा ने इस राज्य की स्थापना की।

वो महापुरुष हैं- भारत रत्न श्रद्धेय अटल बिहारी वाजपेयी जी: PM @narendramodi pic.twitter.com/VuuPfltsdO

— PMO India (@PMOIndia) November 1, 2025

आज पूरा देश विरासत और विकास को साथ लेकर चल रहा है: PM @narendramodi pic.twitter.com/fCJzU405CV

— PMO India (@PMOIndia) November 1, 2025

भारत लोकतंत्र की जननी है, Mother of Democracy है: PM @narendramodi pic.twitter.com/8n4UkGnreq

— PMO India (@PMOIndia) November 1, 2025

भारत आज नक्सलवाद...माओवादी आतंक को समाप्त करने की तरफ बढ़ रहा है: PM @narendramodi pic.twitter.com/Mxx9wXTgfB

— PMO India (@PMOIndia) November 1, 2025

यह विधानसभा केवल कानून बनाने का स्थान नहीं, बल्कि यह छत्तीसगढ़ के भाग्य निर्माण का प्रखर केंद्र है: PM @narendramodi pic.twitter.com/zNhrwiT6FF

— PMO India (@PMOIndia) November 1, 2025

 

***

SK


(Release ID: 2185258) Visitor Counter : 7