പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത സംരംഭങ്ങൾക്കു തുടക്കംകുറിച്ച്, കൗശൽ ദീക്ഷാന്ത് സമാരോഹിനെ അഭിസംബോധന ചെയ്തു
ഇന്ത്യ അറിവിന്റെയും നൈപുണ്യത്തിന്റെയും രാജ്യമാണ്; ഈ ബൗദ്ധിക ശക്തിയാണു നമ്മുടെ ഏറ്റവും വലിയ കരുത്ത്: പ്രധാനമന്ത്രി
ഐടിഐകൾ വ്യാവസായിക വിദ്യാഭ്യാസത്തിന്റെ മുൻനിര സ്ഥാപനങ്ങൾ മാത്രമല്ല, സ്വയംപര്യാപ്ത ഇന്ത്യയുടെ ശിൽപ്പശാലകൾ കൂടിയാണ്: പ്രധാനമന്ത്രി
പിഎം-സേതു യോജന ഇന്ത്യയിലെ യുവാക്കളെ ലോകത്തിന്റെ നൈപുണ്യ ആവശ്യങ്ങളുമായി കൂട്ടിയിണക്കും: പ്രധാനമന്ത്രി
ഭാരതരത്നം കർപ്പൂരി ഠാക്കുർജി ജീവിതമാകെ സാമൂഹ്യസേവനത്തിനും വിദ്യാഭ്യാസപുരോഗതിക്കുമായി സമർപ്പിച്ചു; അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിക്കപ്പെടുന്ന നൈപുണ്യസർവകലാശാല ആ കാഴ്ചപ്പാടു മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കരുത്തുറ്റ മാർഗമായി വർത്തിക്കും: പ്രധാനമന്ത്രി
യുവാക്കളുടെ കരുത്തു വർധിക്കുമ്പോൾ, രാഷ്ട്രം കൂടുതൽ കരുത്താർജിക്കും: പ്രധാനമന്ത്രി
Posted On:
04 OCT 2025 1:42PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന കൗശൽ ദീക്ഷാന്ത് സമാരോഹിൽ 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. രാജ്യത്തുടനീളമുള്ള ഐടിഐകളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും, ബിഹാറിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഏതാനും വർഷങ്ങൾക്ക് മുമ്പ്, ഐടിഐ വിദ്യാർത്ഥികൾക്കായി വലിയ തോതിലുള്ള ബിരുദദാനച്ചടങ്ങുകൾ സംഘടിപ്പിക്കുന്ന പുതിയ പാരമ്പര്യം ഗവണ്മെന്റ് കൊണ്ടുവന്നതായി അനുസ്മരിച്ചു. ആ പാരമ്പര്യത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഇന്നത്തെ സന്ദർഭമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നൈപുണ്യവികസനത്തിന് ഇന്ത്യ നൽകുന്ന മുൻഗണനയുടെ പ്രതീകമാണ് ഇന്നത്തെ ചടങ്ങെന്നു പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ-നൈപുണ്യവികസന മേഖലകളിൽ രാജ്യത്തുടനീളമുള്ള യുവാക്കൾക്കായി രണ്ടു പ്രധാന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ₹60,000 കോടിയുടെ പ്രധാനമന്ത്രി സേതു പദ്ധതി പ്രകാരം, ഐടിഐകൾ കൂടുതൽ കരുത്തോടെ ഇപ്പോൾ വ്യവസായങ്ങളുമായി സംയോജിപ്പിക്കപ്പെടുമെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള നവോദയ വിദ്യാലയങ്ങളിലും ഏകലവ്യ മോഡൽ സ്കൂളുകളിലുമായി 1200 നൈപുണ്യ ലാബുകൾ ഇന്ന് ഉദ്ഘാടനം ചെയ്തതായും അദ്ദേഹം അറിയിച്ചു.
വിജ്ഞാൻ ഭവനിൽ ബിരുദദാന ചടങ്ങ് നടത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രാരംഭ പദ്ധതിയെന്ന് ശ്രീ മോദി പറഞ്ഞു. എന്നിരുന്നാലും, അദ്ദേഹം പറഞ്ഞതുപോലെ, ഈ അവസരത്തെ ബൃഹത്തായ ആഘോഷമാക്കി ഉയർത്താനുള്ള ശ്രീ നിതീഷ് കുമാറിന്റെ നിർദേശത്താൽ അത് മഹത്തായ ആഘോഷമായി മാറി. അതിലൂടെ “അലങ്കാരങ്ങളാൽ നിറഞ്ഞ സ്വർണപ്പെട്ടി”യായി ഇതു മാറി. ഈ വേദിയിൽ നിരവധി പദ്ധതികൾ ബിഹാറിലെ യുവാക്കൾക്കായി സമർപ്പിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിൽ പുതിയ നൈപുണ്യപരിശീലന സർവകലാശാല സ്ഥാപിക്കൽ, മറ്റു സർവകലാശാലകളിലെ സൗകര്യങ്ങൾ വികസിപ്പിക്കൽ, പുതിയ യുവജന കമ്മീഷൻ രൂപീകരിക്കൽ, ആയിരക്കണക്കിനു യുവാക്കൾക്കു സ്ഥിരം ഗവണ്മെന്റ് ജോലികൾക്കുള്ള നിയമനപത്രങ്ങൾ നൽകൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സംരംഭങ്ങൾ ബിഹാറിലെ യുവാക്കൾക്കു ശോഭനമായ ഭാവി ഉറപ്പുനൽകുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
അടുത്തിടെ ബിഹാറിലെ സ്ത്രീകൾക്കായി, തൊഴിലിനും സ്വയംപര്യാപ്തതയ്ക്കും ഊന്നൽ നൽകിയ വൻകിട പരിപാടി നടത്തിയതായും, അതിൽ ലക്ഷക്കണക്കിനു സഹോദരിമാർ പങ്കെടുത്തതായും പ്രധാനമന്ത്രി അനുസ്മരിച്ചു. ബിഹാറിലെ യുവജന ശാക്തീകരണത്തിനായുള്ള ഇന്നത്തെ ബൃഹദ് പരിപാടി സംസ്ഥാനത്തെ യുവാക്കൾക്കും സ്ത്രീകൾക്കും അവരുടെ ഗവണ്മെന്റ് നൽകുന്ന മുൻഗണനയുടെ പ്രതിഫലനമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
ഇന്ത്യ അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും രാജ്യമാണെന്നും ഈ ബൗദ്ധിക ശക്തിയാണ് അതിന്റെ ഏറ്റവും വലിയ സമ്പത്തെന്നും പ്രധാനമന്ത്രി പറഞ്ഞു. നൈപുണ്യവും അറിവും രാജ്യത്തിന്റെ ആവശ്യകതകളുമായി പൊരുത്തപ്പെടുകയും അവ നിറവേറ്റാൻ സഹായിക്കുകയും ചെയ്യുമ്പോൾ, അവയുടെ സ്വാധീനം പലമടങ്ങ് വർധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ആവശ്യകതകൾക്ക് അനുസൃതമായി പ്രാദേശിക കഴിവുകൾ, പ്രാദേശിക വിഭവങ്ങൾ, പ്രാദേശിക നൈപുണ്യങ്ങൾ, പ്രാദേശിക അറിവുകൾ എന്നിവ അതിവേഗം മുന്നോട്ട് കൊണ്ടുവരേണ്ടത് 21-ാം നൂറ്റാണ്ടിന്റെ ആവശ്യകതയാണ്. ഈ ദൗത്യത്തിൽ ആയിരക്കണക്കിന് ഐടിഐകളുടെ പ്രധാന പങ്കിന് അടിവരയിട്ട പ്രധാനമന്ത്രി, നിലവിൽ ഐടിഐകൾ ഏകദേശം 170 ട്രേഡുകളിൽ പരിശീലനം നൽകുന്നുവെന്നും കഴിഞ്ഞ 11 വർഷത്തിനിടെ 1.5 കോടിയിലധികം യുവാക്കൾക്ക് ഈ വിഷയങ്ങളിൽ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും വിവിധ മേഖലകളിലായി സാങ്കേതിക യോഗ്യതകൾ നേടിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. മികച്ച ധാരണയും പ്രാപ്യതയും സാധ്യമാക്കുന്ന തരത്തിൽ പ്രാദേശിക ഭാഷകളിൽ ഈ കഴിവുകൾ പകർന്നു നൽകുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം, 10 ലക്ഷത്തിലധികം വിദ്യാർത്ഥികൾ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ പങ്കെടുത്തു. ഈ പരിപാടിയിൽ നാൽപ്പത്തിയഞ്ചിലധികം പേരെ അനുമോദിക്കാൻ പ്രധാനമന്ത്രിക്ക് അവസരം ലഭിച്ചു.
പുരസ്കാരം നേടിയവരിൽ ഭൂരിഭാഗം പേരും ഇന്ത്യയുടെ ഗ്രാമീണ-വിദൂരമേഖലകളിൽനിന്നുള്ളവരാണെന്നതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. അവരിൽ പെൺമക്കളുടെയും ദിവ്യാംഗ സഹോദരരുടെയും സാന്നിധ്യം അദ്ദേഹം എടുത്തുകാട്ടി. സമർപ്പണത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും അവർ കഠിനാധ്വാനം ചെയ്ത് നേടിയ വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു.
“ഇന്ത്യയിലെ ഐടിഐകൾ വ്യാവസായിക വിദ്യാഭ്യാസത്തിനുള്ള മുൻനിര സ്ഥാപനങ്ങൾ മാത്രമല്ല; മറിച്ച്, സ്വയംപര്യാപ്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ശിൽപ്പശാലകൾ കൂടിയാണ്” – ഐടിഐകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും തുടർച്ചയായി നവീകരിക്കുന്നതിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി പറഞ്ഞു. 2014 വരെ രാജ്യത്ത് 10,000 ഐടിഐകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ ദശകത്തിൽ ഏകദേശം 5000 പുതിയ ഐടിഐകൾ സ്ഥാപിതമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ വ്യവസായ നൈപുണ്യ ആവശ്യകതകൾ നിറവേറ്റുന്നതിനും അടുത്ത പത്തുവർഷത്തിനുള്ളിൽ ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കാണുന്നതിനും ഐടിഐ ശൃംഖല തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ഈ വിന്യാസം ശക്തിപ്പെടുത്തുന്നതിന്, വ്യവസായവും ഐടിഐകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയാണ്. ഇന്ത്യയിലുടനീളമുള്ള 1000-ത്തിലധികം ഐടിഐ സ്ഥാപനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പിഎം സേതു പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ സംരംഭത്തിലൂടെ, ഐടിഐകളെ പുതിയ യന്ത്രസാമഗ്രികൾ, വ്യവസായ പരിശീലന വിദഗ്ധർ, വർത്തമാനകാല-ഭാവി നൈപുണ്യ ആവശ്യങ്ങൾക്കനുസൃതമായ പാഠ്യപദ്ധതികൾ എന്നിവ ഉപയോഗിച്ച് നവീകരിക്കും. “പിഎം സേതു പദ്ധതി ഇന്ത്യൻ യുവാക്കളെ ആഗോള നൈപുണ്യ ആവശ്യകതകളുമായി കൂട്ടിയിണക്കും”- ശ്രീ മോദി പറഞ്ഞു.
ഇന്നത്തെ പരിപാടിയിൽ ബിഹാറിൽനിന്നുള്ള ആയിരക്കണക്കിനു യുവജനങ്ങൾ പങ്കെടുത്ത കാര്യം ശ്രദ്ധയിൽപ്പെടുത്തി, രണ്ടരപ്പതിറ്റാണ്ട് മുൻപ് ബിഹാറിലെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നതെങ്ങനെയെന്ന് ഈ തലമുറയ്ക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല എന്ന് ശ്രീ മോദി പറഞ്ഞു. വിദ്യാലയങ്ങൾ കാര്യക്ഷമമായി തുറന്നുപ്രവർത്തിക്കുകയോ നിയമനങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ല. ഓരോ രക്ഷിതാവും തങ്ങളുടെ മക്കൾ നാട്ടിൽ തന്നെ പഠിക്കാനും വളരാനും ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, നിവൃത്തിയില്ലാതെ ലക്ഷക്കണക്കിന് കുട്ടികൾക്കു ബിഹാർവിട്ട് ബനാറസ്, ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറേണ്ടിവന്നു. കുടിയേറ്റത്തിന്റെ യഥാർത്ഥ തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വേരുകൾ നശിച്ച വൃക്ഷത്തെ പുനരുജ്ജീവിപ്പിക്കുന്നത് മഹത്തായ നേട്ടമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന്റെ ദുർഭരണത്തിൻ കീഴിലുള്ള ബിഹാറിന്റെ അവസ്ഥയെ അത്തരമൊരു വൃക്ഷത്തോട് അദ്ദേഹം ഉപമിച്ചു. ഭാഗ്യവശാൽ, ബിഹാറിലെ ജനങ്ങൾ ശ്രീ നിതീഷ് കുമാറിനെ ഭരണത്തിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചുവെന്നും, പാളംതെറ്റിയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ സഖ്യഗവണ്മെന്റിന്റെ മുഴുവൻ സംഘവും കൂട്ടായി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ പരിപാടി ആ പരിവർത്തനത്തിന്റെ നേർക്കാഴ്ച നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ കൗശൽ ബിരുദദാന ചടങ്ങിൽ ബിഹാറിന് പുതിയ നൈപുണ്യസർവകലാശാല ലഭിച്ചതിൽ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി, ശ്രീ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് സർവകലാശാലയ്ക്ക് ജനനായകനായ ഭാരതരത്‌നം കർപ്പൂരി ഠാക്കുറിന്റെ പേര് നൽകിയതായി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരന്തരം വാദിച്ച്, പൊതുസേവനത്തിനും വിദ്യാഭ്യാസത്തിന്റെ വികാസത്തിനുമായി ഭാരതരത്നം കർപ്പൂരി ഠാക്കുർ ജീവിതം മുഴുവൻ സമർപ്പിച്ചതായി ശ്രീ മോദി എടുത്തുപറഞ്ഞു. ആ കാഴ്ചപ്പാടു മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശക്തമായ മാധ്യമമായി അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട നൈപുണ്യസർവകലാശാല പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ബിഹാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആധുനികവൽക്കരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഐടി പട്‌നയിൽ അടിസ്ഥാനസൗകര്യവികസനം ആരംഭിച്ചതായും ബിഹാറിലുടനീളമുള്ള നിരവധി പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. എൻഐടി പട്‌നയുടെ ബിഹ്ട ക്യാമ്പസ് ഇപ്പോൾ കഴിവുറ്റ വിദ്യാർത്ഥികൾക്കായി തുറന്നതായി ശ്രീ മോദി പ്രഖ്യാപിച്ചു. കൂടാതെ, പട്‌ന സർവകലാശാല, ഭൂപേന്ദ്ര മണ്ഡൽ സർവകലാശാല, ഛപ്രയിലെ ജയ് പ്രകാശ് സർവകലാശാല, നാളന്ദ ഓപ്പൺ സർവകലാശാല എന്നിവിടങ്ങളിൽ പുതിയ അക്കാദമിക അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം, ബിഹാറിലെ യുവാക്കളുടെ വിദ്യാഭ്യാസപരമായ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് ശ്രീ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ് അടയ്ക്കുന്നതിൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് പദ്ധതിയിലൂടെ ബിഹാർ ഗവണ്മെന്റ് വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നുണ്ടെന്നും, ഈ പദ്ധതി പ്രകാരമുള്ള വിദ്യാഭ്യാസവായ്പകൾ പലിശരഹിതമാക്കാൻ ഇപ്പോൾ പ്രധാന തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വിദ്യാർത്ഥി സ്കോളർഷിപ്പുകൾ ₹1800-ൽനിന്ന് ₹3600 ആയി വർദ്ധിപ്പിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
“ലോകത്തിലെ ഏറ്റവും ചെറുപ്പമാർന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. യുവാക്കളുടെ അനുപാതം ഏറ്റവും ഉയർന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ” - ബിഹാറിലെ യുവാക്കളുടെ സാധ്യത വളരുമ്പോൾ, രാജ്യത്തിന്റെ ശക്തി വർദ്ധിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ യുവാക്കളെ കൂടുതൽ ശാക്തീകരിക്കുന്നതിന് തങ്ങളുടെ ഗവണ്മെന്റ് പൂർണ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിലെ പ്രതിപക്ഷ ഗവണ്മെന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ബിഹാറിന്റെ വിദ്യാഭ്യാസ ബജറ്റ് പലമടങ്ങ് വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇന്ന്, ബിഹാറിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും സ്കൂളുണ്ട്. എൻജിനിയറിങ്-മെഡിക്കൽ കോളേജുകളുടെ എണ്ണവും ഗണ്യമായി വർധിച്ചു. ബിഹാറിലെ 19 ജില്ലകളിൽ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര ഗവണ്മെന്റ് അടുത്തിടെ അംഗീകാരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള കായിക അടിസ്ഥാന സൗകര്യങ്ങൾ ബിഹാറിൽ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നുവെന്നും, എന്നാൽ ഇന്ന് ദേശീയ-അന്തർദേശീയ കായിക മത്സരങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ബിഹാർ ഗവണ്മെന്റ് 50 ലക്ഷം യുവാക്കളെ സംസ്ഥാനത്തെ തൊഴിലവസരങ്ങളുമായി കൂട്ടിയിണക്കിയിട്ടുണ്ടെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, സമീപവർഷങ്ങളിൽ മാത്രം ബിഹാറിലെ യുവാക്കൾക്ക് ഏകദേശം 10 ലക്ഷം സ്ഥിരം ഗവണ്മെന്റ് ജോലികൾ നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. വലിയ തോതിലുള്ള അധ്യാപക നിയമനം നടക്കുന്ന വിദ്യാഭ്യാസ വകുപ്പിനെ പ്രധാന ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബിഹാറിൽ 2.5 ലക്ഷത്തിലധികം അധ്യാപകരെ നിയമിച്ചതായും ഇത് യുവാക്കൾക്ക് തൊഴിലവസരം നൽകുമെന്നും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലവാരത്തിൽ ഗണ്യമായ പുരോഗതി കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
ബിഹാർ ഗവണ്മെന്റ് ഇപ്പോൾ പുതിയ ലക്ഷ്യങ്ങളോടെയാണു പ്രവർത്തിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ സൃഷ്ടിക്കപ്പെട്ടതിന്റെ ഇരട്ടി തൊഴിലവസരങ്ങൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സൃഷ്ടിക്കാൻ സംസ്ഥാനം ലക്ഷ്യമിടുന്നുവെന്ന് വ്യക്തമാക്കി. ബിഹാറിലെ യുവാക്കൾ ബിഹാറിൽത്തന്നെ ജോലി ലഭിക്കണമെന്ന ദൃഢനിശ്ചയം വ്യക്തമാണെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചുപറഞ്ഞു.
ബിഹാറിലെ യുവാക്കൾക്ക് ഇത് ഇരട്ടി ബോണസിന്റെ സമയമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളം നടക്കുന്ന GST സമ്പാദ്യോത്സവം ചൂണ്ടിക്കാട്ടി, ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും GST കുറച്ചതിനാൽ ബിഹാറിലെ യുവാക്കൾ സന്തോഷത്തിലാണെന്നു തനിക്കു വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ധൻതേരസിനോടനുബന്ധിച്ച് നിരവധി യുവാക്കൾ ഇവ വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്. മിക്ക അവശ്യവസ്തുക്കളുടെയും GST കുറച്ചതിന്റെ പേരിൽ ബിഹാറിലെയും രാജ്യത്തെയും യുവാക്കൾക്ക് ശ്രീ മോദി ആശംസകൾ അറിയിച്ചു.
"കഴിവുകൾ വളരുമ്പോൾ, രാജ്യം സ്വയംപര്യാപ്തമാകുന്നു, കയറ്റുമതി വർധിക്കുന്നു, തൊഴിലവസരങ്ങൾ വികസിക്കുന്നു," പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2014-ന് മുമ്പ്, കുറഞ്ഞ വളർച്ചയും പരിമിതമായ തൊഴിലവസരങ്ങളും കാരണം ഇന്ത്യയെ 'ദുർബലമായ അഞ്ച്' (Fragile Five) സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായിട്ടാണ് കണക്കാക്കിയിരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ന്, ഉത്പാദനത്തിലും തൊഴിലവസരങ്ങളിലും ഗണ്യമായ വളർച്ചയോടെ, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനുള്ള പാതയിലാണ്.
മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽസ്, പ്രതിരോധം തുടങ്ങിയ മേഖലകളിലെ ഉത്പാദനത്തിലും കയറ്റുമതിയിലും ഉണ്ടായ അഭൂതപൂർവമായ വളർച്ചയെക്കുറിച്ച് ശ്രീ. മോദി പ്രത്യേകം എടുത്തുപറഞ്ഞു. ഈ കുതിച്ചുചാട്ടം വലിയ വ്യവസായങ്ങളിലും എംഎസ്എംഇകളിലും ശ്രദ്ധേയമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും, ഇവ ഐടിഐകളിൽ പരിശീലനം ലഭിച്ചവർ ഉൾപ്പെടെയുള്ള യുവജനങ്ങൾ വളരെയധികം പ്രയോജനപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുദ്ര യോജന കോടിക്കണക്കിന് യുവജനങ്ങളെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ സഹായിച്ചുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, സ്വകാര്യമേഖലയിൽ 3.5 കോടിയോളം യുവജനങ്ങൾക്ക് തൊഴിൽ നേടാൻ സഹായകമാകുന്ന,1 ലക്ഷം കോടി രൂപയുടെ 'പ്രധാൻമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന' നടപ്പിലാക്കിയതായും പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്തെ എല്ലാ യുവാക്കൾക്കും അവസരങ്ങൾ നിറഞ്ഞ ഒരു സമയമാണിതെന്ന് ഉറപ്പിച്ചു പറഞ്ഞ പ്രധാനമന്ത്രി, പല കാര്യങ്ങൾക്കും ബദലുകൾ നിലവിലുണ്ടാകുമെങ്കിലും, വൈദഗ്ദ്ധ്യം, നൂതനാശയം, കഠിനാധ്വാനം എന്നിവയ്ക്ക് പകരമായി മറ്റൊന്നില്ലെന്ന് എടുത്തുപറഞ്ഞു. ഈ ഗുണങ്ങളെല്ലാം ഇന്ത്യയിലെ യുവജനങ്ങളിൽ അന്തർലീനമാണെന്നും, അവരുടെ ശക്തി വികസിത ഭാരതത്തിന്റെ ശക്തിയായി മാറുമെന്നും ഉറപ്പിച്ചു പറഞ്ഞുകൊണ്ട് അദ്ദേഹം എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ നേർന്നു.
കേന്ദ്രമന്ത്രി ശ്രീ. ജയന്ത് ചൗധരിയും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബീഹാർ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാർ, കേന്ദ്രമന്ത്രിമാരായ ശ്രീ. ജുവൽ ഓറം, ശ്രീ. രാജീവ് രഞ്ജൻ സിംഗ്, ശ്രീ. സുകാന്ത മജുംദാർ തുടങ്ങിയ വിശിഷ്ട വ്യക്തികൾ വീഡിയോ കോൺഫറൻസിംഗ് വഴി പരിപാടിയുടെ ഭാഗമായി.
പശ്ചാത്തലം
യുവജന വികസനത്തിനായുള്ള സുപ്രധാന ഉദ്യമത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 62,000 കോടിയിലധികം രൂപയുടെ വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഇത് രാജ്യത്തുടനീളം വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയ്ക്ക് വലിയ ഉത്തേജനം നൽകും. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി സംഘടിപ്പിച്ച ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ ദേശീയ നൈപുണ്യ കൺവോക്കേഷനും ഈ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിയിൽ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ഐടിഐ) നിന്നും അഖിലേന്ത്യാ തലത്തിൽ മുൻപന്തിയിലെത്തിയ 46 പേരെ ആദരിച്ചു.
60,000 കോടി രൂപ നിക്ഷേപമുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം-സേതു (പ്രധാൻ മന്ത്രി സ്കില്ലിംഗ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്ഫോർമേഷൻ ത്രൂ അപ്ഗ്രേഡഡ് ഐടിഐ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 200 ഹബ് ഐടിഐകളും 800 സ്പോക്ക് ഐടിഐകളും ഉൾപ്പെടുന്ന ഒരു ഹബ്-ആൻഡ്-സ്പോക്ക് മാതൃകയിൽ രാജ്യത്തുടനീളമുള്ള 1,000 ഗവൺമെന്റ് ഐടിഐകളെ നവീകരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ഹബ്ബും ശരാശരി നാല് സ്പോക്കുകളുമായി ബന്ധിപ്പിക്കും, ഇത് നൂതനമായ അടിസ്ഥാന സൗകര്യങ്ങൾ, ആധുനിക ട്രേഡുകൾ, ഡിജിറ്റൽ പഠന സംവിധാനങ്ങൾ, ഇൻകുബേഷൻ സൗകര്യങ്ങൾ എന്നിവയോടുകൂടിയ ക്ലസ്റ്ററുകൾ സൃഷ്ടിക്കും. വിപണി ആവശ്യകതയ്ക്ക് അനുസൃതമായി ഫലത്തെ അടിസ്ഥാനമാക്കിയുള്ള നൈപുണ്യ പരിശീലനം ഉറപ്പാക്കിക്കൊണ്ട് ആങ്കർ ഇൻഡസ്ട്രി പാർട്ണർമാർ ഈ ക്ലസ്റ്ററുകൾ കൈകാര്യം ചെയ്യും. ഇന്നൊവേഷൻ കേന്ദ്രങ്ങൾ, പരിശീലകർക്കുള്ള പരിശീലന സൗകര്യങ്ങൾ, ഉല്പാദന യൂണിറ്റുകൾ, പ്ലേസ്‌മെന്റ് സേവനങ്ങൾ എന്നിവയും ഹബ്ബുകളിൽ ഉണ്ടാകും, അതേസമയം സ്പോക്കുകൾ പരിശീലനം കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ലോകബാങ്കിൽ നിന്നും ഏഷ്യൻ വികസന ബാങ്കിൽ നിന്നും ലഭിക്കുന്ന ആഗോള സഹ-ധനസഹായത്തോടെ, ഗവണ്മെന്റ് ഉടമസ്ഥതയിലുള്ളതും എന്നാൽ വ്യവസായം കൈകാര്യം ചെയ്യുന്നതുമായ ഒന്നായി ഇന്ത്യയുടെ ഐടിഐ സംവിധാനത്തെ പിഎം-സേതു പുനർനിർവചിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പട്‌നയിലെയും ദർഭംഗയിലെയും ഐടിഐകൾക്ക് പ്രത്യേക ശ്രദ്ധ നൽകും.
34 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 400 നവോദയ വിദ്യാലയങ്ങളിലും 200 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും സ്ഥാപിച്ച 1,200 വൊക്കേഷണൽ സ്കിൽ ലാബുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വിദൂര, ഗോത്ര മേഖലകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഐടി, ഓട്ടോമോട്ടീവ്, കൃഷി, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ 12 ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ ഈ ലാബുകൾ പ്രായോഗിക പരിശീലനം നൽകും. ദേശീയ വിദ്യാഭ്യാസ നയം 2020, സിബിഎസ്ഇ പാഠ്യപദ്ധതി എന്നിവയുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. വ്യവസായവുമായി ബന്ധപ്പെട്ട പഠനം നൽകുന്നതിനും തൊഴിൽ ലഭ്യതയ്ക്ക് പ്രാഥമിക അടിത്തറ സൃഷ്ടിക്കുന്നതിനുമായി 1,200 വൊക്കേഷണൽ അധ്യാപകർക്ക് പരിശീലനം നൽകുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
ബീഹാറിന്റെ സമ്പന്നമായ പൈതൃകവും യുവജനസംഖ്യയും പ്രതിഫലിപ്പിച്ചുകൊണ്ട്, ആ സംസ്ഥാനത്തെ പരിവർത്തനാത്മക പദ്ധതികൾക്ക് പരിപാടിയിൽ പ്രത്യേക ഊന്നൽ നൽകി.
ബീഹാറിലെ, നവീകരിച്ച 'മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായ ഭട്ട യോജനയ്ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഇതിലൂടെ, ഏകദേശം അഞ്ച് ലക്ഷം ബിരുദധാരികളായ യുവജനങ്ങൾക്കായി വർഷംതോറും രണ്ട് വർഷത്തേക്ക് 1,000 രൂപ പ്രതിമാസ അലവൻസും സൗജന്യ നൈപുണ്യ പരിശീലനവും ലഭിക്കും.
നവീകരിച്ച 'ബീഹാർ സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് സ്കീമീനും അദ്ദേഹം തുടക്കം കുറിച്ചു. ഇതിലൂടെ 4 ലക്ഷം രൂപ വരെ പൂർണ്ണമായും പലിശരഹിത വിദ്യാഭ്യാസ വായ്പകൾ ലഭ്യമാക്കും. ഇതുവരെ 3.92 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ പദ്ധതി പ്രകാരം 7,880 കോടി രൂപയുടെ വായ്പകൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കായി രൂപീകരിച്ച ബീഹാർ യുവ ആയോഗ് എന്ന സ്റ്റാറ്റ്യൂട്ടറി കമ്മീഷൻ പ്രധാനമന്ത്രി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ യുവ ശക്തിയെ ഫലപ്രദമായി ഉപയോഗിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.
ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ഒരു തൊഴിൽ ശക്തിയെ സൃഷ്ടിക്കുന്നതിനായി വ്യവസായ അധിഷ്ഠിത കോഴ്സുകളും വൊക്കേഷണൽ വിദ്യാഭ്യാസവും നൽകാൻ ലക്ഷ്യമിട്ടുള്ള ജൻ നായക് കർപ്പൂരി താക്കൂർ സ്കിൽ യൂണിവേഴ്സിറ്റിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ സാധ്യതകൾ മെച്ചപ്പെടുത്താനുള്ള ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ കാഴ്ചപ്പാട് മുൻനിറുത്തി പിഎം-യുഎസ്എച്ച്എ (പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ) പദ്ധതിക്ക് കീഴിൽ ബീഹാറിലെ നാല് സർവകലാശാലകളിലെ പുതിയ അക്കാദമിക്, ഗവേഷണ സൗകര്യങ്ങക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. പട്‌ന യൂണിവേഴ്സിറ്റി, മധേപുരയിലെ ഭൂപേന്ദ്ര നാരായൺ മണ്ഡൽ യൂണിവേഴ്സിറ്റി, ഛപ്രയിലെ ജയ് പ്രകാശ് വിശ്വവിദ്യാലയ, പട്‌നയിലെ നളന്ദ ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവയാണവ. മൊത്തം 160 കോടി രൂപ വകയിരുത്തിയിട്ടുള്ള ഈ പദ്ധതികൾ ആധുനിക അക്കാദമിക് അടിസ്ഥാന സൗകര്യങ്ങൾ, അഡ്വാൻസ്ഡ് ലബോറട്ടറികൾ, ഹോസ്റ്റലുകൾ, മൾട്ടിഡിസിപ്ലിനറി പഠനം എന്നിവ സാധ്യമാക്കിക്കൊണ്ട് 27,000-ത്തിലധികം വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യും.
എൻഐടി പട്‌നയുടെ ബിഹ്ത കാമ്പസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 6,500 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ കാമ്പസിൽ 5ജി യൂസ് കേസ് ലാബ്, ഐഎസ്ആർഒയുമായി സഹകരിച്ച് സ്ഥാപിച്ച റീജിയണൽ അക്കാദമിക് സെന്റർ ഫോർ സ്പേസ്, കൂടാതെ ഇതിനകം ഒമ്പത് സ്റ്റാർട്ടപ്പുകളെ പിന്തുണച്ച ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ എന്നിവയുൾപ്പെടെയുള്ള നൂതന സൗകര്യങ്ങളുണ്ട്.
ബീഹാർ ഗവൺമെന്റിൽ പുതുതായി നിയമനം ലഭിച്ച 4,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി നിയമന ഉത്തരവുകൾ വിതരണം ചെയ്തു. കൂടാതെ, മുഖ്യമന്ത്രി ബാലക്/ബാലിക സ്കോളർഷിപ്പ് സ്കീമിന് കീഴിൽ 9, 10 ക്ലാസുകളിലെ 25 ലക്ഷം വിദ്യാർത്ഥികൾക്ക് 450 കോടി രൂപയുടെ സ്കോളർഷിപ്പുകൾ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി (ഡിബിടി) വഴി അദ്ദേഹം വിതരണം ചെയ്തു.
ഈ സംരംഭങ്ങൾ ഇന്ത്യയിലെ യുവജനങ്ങൾക്ക് വലിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംയോജിപ്പിക്കുന്നതിലൂടെ, രാജ്യത്തിന്റെ പുരോഗതിക്ക് ശക്തമായ അടിത്തറ നൽകാൻ ഇവ ലക്ഷ്യമിടുന്നു. ബീഹാറിന് പ്രത്യേക ഊന്നൽ നൽകുന്നതിനാൽ, സംസ്ഥാനം നൈപുണ്യമുള്ള മനുഷ്യശേഷിയുടെ ഒരു കേന്ദ്രമായി വളരുകയും പ്രാദേശി- ദേശീയ വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യും
-SK-
(Release ID: 2174785)
Visitor Counter : 13
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada