പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിലെ പൂർണിയയിൽ 40,000 കോടിയോളം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു


രാജ്യത്തിന്റെ വ്യോമയാന ഭൂപടത്തിൽ പൂർണിയ ഇടം നേടി: പ്രധാനമന്ത്രി

ബിഹാറിലെ ജനങ്ങൾക്കായി ദേശീയ മഖാന ബോർഡ് രൂപീകരിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു, അത് സ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം കേന്ദ്ര ഗവണ്മെന്റ് ഇന്നലെ പുറപ്പെടുവിച്ചു: പ്രധാനമന്ത്രി

ഇന്ത്യയിൽ, ഇന്ത്യയുടെ നിയമമാണ് നിലനിൽക്കുക - നുഴഞ്ഞുകയറ്റക്കാരുടെ ഇഷ്ടാനിഷ്ടങ്ങളല്ല, ഇതാണ് മോദിയുടെ ഉറപ്പ്: നുഴഞ്ഞുകയറ്റക്കാർക്കെതിരെ നടപടിയെടുക്കും, രാജ്യം അനുകൂല ഫലങ്ങൾക്ക് സാക്ഷ്യം വഹിക്കും: പ്രധാനമന്ത്രി

Posted On: 15 SEP 2025 5:50PM by PIB Thiruvananthpuram

ബിഹാറിലെ പൂർണിയയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 40,000 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി എല്ലാവർക്കും ആദരപൂർണ്ണമായ അഭിവാദ്യങ്ങൾ അർപ്പിച്ചു. മാ പുരൺ ദേവിയുടെയും ഭക്ത പ്രഹ്ലാദന്റെയും മഹർഷി മേഹി ബാബയുടെയും നാടാണ് പൂർണിയ എന്ന് അദ്ദേഹം പറഞ്ഞു. ഫണീശ്വർനാഥ് രേണു, സതീനാഥ് ഭാദുരി തുടങ്ങിയ സാഹിത്യ പ്രതിഭകൾക്ക് ഈ മണ്ണ് ജന്മം നൽകിയിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. വിനോബ ഭാവയെപ്പോലെ അർപ്പണബോധമുള്ള കർമ്മയോഗികളുടെ രംഗഭൂമിയായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മണ്ണിനോടുള്ള തന്റെ ആദരവ് അദ്ദേഹം ആവർത്തിച്ചു പ്രകടമാക്കി.

റെയിൽവേ, വിമാനത്താവളങ്ങൾ, വൈദ്യുതി, ജലം എന്നീ മേഖലകളിലായി 40,000 കോടിയോളം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്ത ശ്രീ മോദി, ഈ പദ്ധതികൾ സീമാഞ്ചലിന്റെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള മാർഗമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 40,000-ത്തിലധികം ഗുണഭോക്താക്കൾക്ക് സ്ഥിരമായ വീടുകൾ ലഭിച്ചു. ഈ 40,000 കുടുംബങ്ങളുടെ ജീവിതത്തിൽ ഇന്ന് ഒരു പുതിയ തുടക്കം കുറിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ധൻതേരസ്, ദീപാവലി, ഛത് പൂജ എന്നിവയ്ക്ക് മുൻപുള്ള വേളയിൽ സ്ഥിരമായ ഒരു വീട്ടിലേക്ക് പ്രവേശിക്കുന്നത് വലിയ ഭാഗ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കുടുംബങ്ങൾക്കെല്ലാം അദ്ദേഹം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

തന്റെ ഭവനരഹിതരായ എല്ലാ സഹോദരീസഹോദരന്മാർക്കും ഒരു നാൾ സ്ഥിരമായ വീട് ലലഭിക്കുമെന്ന് ഉറപ്പ് നൽകുന്ന അവസരം കൂടിയാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ ഗവണ്മെന്റ് 4 കോടിയിലധികം വീടുകൾ പാവപ്പെട്ടവർക്കായി നിർമ്മിച്ച് നൽകി. ഇപ്പോൾ 3 കോടി പുതിയ വീടുകൾ നിർമ്മിക്കാൻ ഗവണ്മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ പാവപ്പെട്ടവർക്കും ഒരു സ്ഥിരം വീട് ലഭിക്കുന്നതുവരെ ഈ ശ്രമം അവസാനിപ്പിക്കുകയോ വിശ്രമിക്കുകയോ ചെയ്യില്ലെന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് മുൻഗണന നൽകുകയും പാവപ്പെട്ടവരെ സേവിക്കുകയും ചെയ്യുക എന്നതാണ് തന്റെ ഭരണത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ന്, എഞ്ചിനീയേഴ്സ് ദിനത്തിൽ, സർ എം. വിശ്വേശ്വരയ്യക്ക് രാജ്യം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി, വികസിത ഭാരതവും വികസിത ബിഹാറും കെട്ടിപ്പടുക്കുന്നതിൽ എഞ്ചിനീയർമാർക്ക് വലിയ പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള എല്ലാ എഞ്ചിനീയർമാർക്കും അദ്ദേഹം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. എഞ്ചിനീയർമാരുടെ അർപ്പണബോധവും കഴിവും ഇന്നത്തെ പരിപാടിയിലും പ്രകടമാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. പൂർണിയ വിമാനത്താവളത്തിന്റെ ടെർമിനൽ മന്ദിരം അഞ്ച് മാസത്തിനകം എന്ന റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. ടെർമിനൽ ഉദ്ഘാടനം ചെയ്തതായി അദ്ദേഹം പ്രഖ്യാപിക്കുകയും ആദ്യത്തെ വാണിജ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. "പുതിയ വിമാനത്താവളം ആരംഭിച്ചതോടെ, പൂർണിയ ഇപ്പോൾ രാജ്യത്തിന്റെ വ്യോമയാന ഭൂപടത്തിൽ ഇടം നേടിയിരിക്കുന്നു", പ്രധാനമന്ത്രി പറഞ്ഞു, ഇത് പൂർണിയയെയും സീമാഞ്ചലിനെയും രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളുമായും പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായും നേരിട്ട് ബന്ധിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

"നമ്മുടെ ഗവണ്മെന്റ് ഈ പ്രദേശത്തെമുഴുവൻ, ആധുനിക ഹൈടെക് റെയിൽ സേവനങ്ങളുമായി ബന്ധിപ്പിക്കുകയാണ്", ശ്രീ മോദി പറഞ്ഞു. ഒരു വന്ദേ ഭാരത്, രണ്ട് അമൃത് ഭാരത്, ഒരു പാസഞ്ചർ ട്രെയിൻ എന്നിവ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. പുതിയ അരാരിയ-ഗൽഗലിയ റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്തതായും വിക്രംശില-കതാരിയ റെയിൽവേ ലൈനിന് തറക്കല്ലിട്ടതായും അദ്ദേഹം പ്രഖ്യാപിച്ചു.

ബക്‌സർ-ഭാഗൽപൂർ അതിവേഗ ഇടനാഴിയുടെ മൊക്കാമ-മുംഗർ ഭാഗത്തിന് കേന്ദ്ര ഗവണ്മെന്റ് അടുത്തിടെ അംഗീകാരം നൽകിയിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇത് മുംഗർ, ജമാൽപൂർ, ഭാഗൽപൂർ തുടങ്ങിയ വ്യാവസായിക കേന്ദ്രങ്ങൾക്ക് വലിയ പ്രയോജനം ചെയ്യുമെന്ന് വ്യക്തമാക്കി. ഭാഗൽപൂർ-ദുമ്ക-റാംപൂർഹട്ട് റെയിൽവേ ലൈൻ ഇരട്ടിപ്പിക്കുന്നതിനും ഗവണ്മെന്റ് അംഗീകാരം നൽകുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.

രാഷ്ട്ര വികസനത്തിന് ബിഹാറിന്റെ വികസനം അനിവാര്യമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ബിഹാറിന്റെ പുരോഗതിക്ക് പൂർണിയയുടെയും സീമാഞ്ചൽ മേഖലയുടെയും വികസനം നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ഗവണ്മെന്റുകളുടെ ദുർഭരണം കാരണം ഈ മേഖലയ്ക്ക് വലിയ നഷ്ടം സംഭവിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ ഗവണ്മെന്റ് ഇപ്പോൾ സാഹചര്യങ്ങളിൽ മാറ്റം വരുത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന കാര്യത്തിൽ ഈ പ്രദേശം ഇപ്പോൾ ശ്രദ്ധാകേന്ദ്രമാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 

വൈദ്യുതി മേഖലയിൽ ബിഹാറിനെ സ്വയംപര്യാപ്തമാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഭാഗൽപൂരിലെ പിർപൈന്തിയിൽ 2400 മെഗാവാട്ടിന്റെ താപവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തതായി അറിയിച്ചു. കർഷകരുടെയും കന്നുകാലി വളർത്തുന്നവരുടെയും വരുമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പ്രതിജ്ഞാബദ്ധമാണ്. കോസി-മെച്ചി അന്തർസംസ്ഥാന നദീ സംയോജന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തറക്കല്ലിട്ടതായും ശ്രീ മോദി പ്രഖ്യാപിച്ചു. ഇത് കിഴക്കൻ കോസി പ്രധാന കനാലിന്റെ വികസനം സാധ്യമാക്കും. ഈ വികസനം ലക്ഷക്കണക്കിന് ഹെക്ടർ സ്ഥലത്ത് ജലസേചനം സുഗമമാക്കുകയും വെള്ളപ്പൊക്കത്തെ നേരിടാൻ സഹായിക്കുകയും ചെയ്യും. മഖാന കൃഷി ബിഹാറിലെ കർഷകരുടെ വരുമാന മാർഗ്ഗമായിരുന്നുവെന്നും, എന്നാൽ മുൻ ഗവൺമെന്റുകൾ ഈ വിളയെയും കർഷകരെയും അവഗണിക്കുകയായിരുന്നു. നിലവിലെ ഗവൺമെന്റാണ് മഖാനയ്ക്ക് അർഹമായ മുൻഗണന നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

“ ദേശീയ മഖാന ബോർഡ് രൂപീകരിക്കുമെന്ന് ഞാൻ ബിഹാറിലെ ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നു. ഇന്നലെ കേന്ദ്ര ഗവണ്മെന്റ് അത് സ്ഥാപിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു”, പ്രധാനമന്ത്രി പറഞ്ഞു. മഖാന കർഷകർക്ക് മികച്ച വില ഉറപ്പാക്കുന്നതിനും ഈ മേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും ബോർഡ് തുടർച്ചയായി പ്രവർത്തിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. മഖാന മേഖലയുടെ വികസനത്തിനായി 475 കോടിയോളം രൂപയുടെ പദ്ധതിക്ക് ഗവണ്മെന്റ് അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു.

ബിഹാറിന്റെ നിലവിലെ വികസന വേഗത ചിലരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. പതിറ്റാണ്ടുകളോളം ബിഹാറിനെ ചൂഷണം ചെയ്യുകയും അതിന്റെ മണ്ണിനെ വഞ്ചിക്കുകയും ചെയ്തവർക്ക് ബിഹാറിന് പുതിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നത്  അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ എല്ലാ മേഖലകളിലും ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്ഗീറിൽ നടന്ന ഹോക്കി ഏഷ്യാ കപ്പ്, ഔന്ത-സിമാരിയ പാലത്തിന്റെ ചരിത്രപരമായ നിർമ്മാണം, മെയ്ഡ്-ഇൻ-ബിഹാർ റെയിൽ എഞ്ചിനുകൾ ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്തത് തുടങ്ങിയ പ്രധാന നേട്ടങ്ങൾ അദ്ദേഹം പരാമർശിച്ചു. ഈ നേട്ടങ്ങൾ പ്രതിപക്ഷ നേതാക്കൾക്ക് ഉൾക്കൊള്ളാൻ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. ബിഹാർ മുന്നേറുമ്പോഴെല്ലാം  പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനത്തെ അപമാനിക്കാൻ ശ്രമിക്കുന്നു. അടുത്തിടെ ഒരു പ്രതിപക്ഷ പാർട്ടി സമൂഹ മാധ്യമത്തിൽ ബിഹാറിനെ ഒരു ബീഡിയുമായി താരതമ്യം ചെയ്തത് അങ്ങേയറ്റം അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയും തട്ടിപ്പുകളും വഴി ബിഹാറിന്റെ സൽപ്പേരിന് കോട്ടം വരുത്തിയ ഈ പാർട്ടികൾ, ഇപ്പോൾ സംസ്ഥാനം പുരോഗമിക്കുമ്പോൾ വീണ്ടും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അത്തരം മനോഭാവമുള്ളവർക്ക് ബിഹാറിന്റെ ക്ഷേമത്തിനായി ഒരിക്കലും പ്രവർത്തിക്കാൻ കഴിയില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സ്വന്തം കീശ നിറയ്ക്കാൻ മാത്രം താൽപ്പര്യമുള്ളവർക്ക് പാവപ്പെട്ടവരുടെ വീടുകളെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് നൽകുന്ന ഓരോ രൂപയിൽ നിന്നും 85 പൈസ അഴിമതിയാൽ നഷ്ടമാവുകയായിരുന്നുവെന്ന് ഒരു മുൻ പ്രധാനമന്ത്രി സമ്മതിച്ചതായി ശ്രി നരേന്ദ്രമോദി ഓർമ്മിപ്പിച്ചു. പ്രതിപക്ഷ ഭരണകാലത്ത് എപ്പോഴെങ്കിലും ആനുകൂല്യങ്ങൾ നേരിട്ട് പാവപ്പെട്ടവരിലേക്ക് എത്തിയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. കോവിഡ്-19 മഹാമാരിക്ക് ശേഷം, എല്ലാ പാവപ്പെട്ടവർക്കും സൗജന്യ റേഷൻ ലഭിക്കുന്നുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഗവണ്മെന്റുകളുടെ കീഴിൽ ഇത്തരം ആനുകൂല്യങ്ങൾ എപ്പോഴെങ്കിലും നൽകിയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം എല്ലാ പാവപ്പെട്ടവർക്കും ഇപ്പോൾ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്നുണ്ടന്ന്  പ്രധാനമന്ത്രി പറഞ്ഞു. ആശുപത്രികൾ നിർമ്മിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് ഇത്തരത്തിലുള്ള ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ നൽകാൻ കഴിയുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷ പാർട്ടികൾ ബിഹാറിന്റെ അന്തസ്സിന് മാത്രമല്ല, അതിന്റെ സ്വത്വത്തിനും ഭീഷണിയാകുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസ്താവിച്ചു. അനധികൃത നുഴഞ്ഞുകയറ്റക്കാർ കാരണം സീമാഞ്ചലിലും കിഴക്കൻ ഇന്ത്യയിലും ഉയർന്നുവരുന്ന ഗുരുതരമായ പ്രതിസന്ധി അദ്ദേഹം എടുത്തുകാട്ടി. ബിഹാർ, ബംഗാൾ, അസം എന്നിവിടങ്ങളിലെ ജനങ്ങൾ തങ്ങളുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സുരക്ഷയെക്കുറിച്ച് കൂടുതൽ ആശങ്കാകുലരാണെന്ന് ശ്രീ മോദി ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ചെങ്കോട്ടയിൽ നിന്ന് ജനസംഖ്യാനുപാതവുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിച്ചത് അദ്ദേഹം ഓർമ്മിപ്പിച്ചു. നുഴഞ്ഞുകയറ്റക്കാരെ  വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സംരക്ഷിക്കുന്നതിന് ശ്രമിക്കുന്ന പ്രതിപക്ഷ സഖ്യത്തെയും അതിന്റെ ആവാസവ്യവസ്ഥയെയും പ്രധാനമന്ത്രി വിമർശിച്ചു. ബിഹാറിന്റെയും രാജ്യത്തിന്റെയും വിഭവങ്ങളെയും സുരക്ഷയെയും അപകടപ്പെടുത്താൻ ഈ ഗ്രൂപ്പുകൾ തയ്യാറാണെന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. പൂർണിയയുടെ മണ്ണിൽ നിന്ന് സംസാരിച്ച അദ്ദേഹം, എല്ലാ നുഴഞ്ഞുകയറ്റക്കാരെയും നീക്കം ചെയ്യണമെന്ന് പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റം തടയുക എന്നത് തന്റെ സർക്കാരിന്റെ ഉറച്ച ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാരെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ട്, അവരെ സംരക്ഷിക്കുന്ന നേതാക്കൾ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ അവർ എത്ര ശ്രമിച്ചാലും അവരെ നീക്കം ചെയ്യാനുള്ള ദൃഢനിശ്ചയത്തോടെ സർക്കാർ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കല്ല പ്രാധാന്യമെന്നും,  മറിച്ച് ഇന്ത്യൻ നിയമമാണ് എല്ലാത്തിനും മുകളിലെന്നും, അത് വിജയിക്കുമെന്നും, നുഴഞ്ഞുകയറ്റക്കാർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. നുഴഞ്ഞുകയറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും രാജ്യം അതിന്റെ ഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം രാജ്യത്തിന് ഉറപ്പ് നൽകി. നുഴഞ്ഞുകയറ്റത്തെ പിന്തുണയ്ക്കുന്ന കഥകൾ പ്രചരിപ്പിക്കുന്ന പ്രതിപക്ഷ സഖ്യത്തെ ശ്രീ മോദി വിമർശിച്ചു, ബിഹാറിലെയും ഇന്ത്യയിലെയും ജനങ്ങൾ അവർക്ക് ശക്തവും നിർണ്ണായകവുമായ മറുപടി നൽകാൻ തയ്യാറെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബിഹാറിൽ പ്രതിപക്ഷം അധികാരത്തിന് പുറത്താണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ മാറ്റത്തിന് പിന്നിലെ പ്രേരകശക്തി ബിഹാറിലെ  അവരുടെ അമ്മമാരും സഹോദരിമാരുമാണെന്ന് അഭിപ്രായപ്പെട്ടു.. കഴിഞ്ഞ ഭരണകാലത്ത്, കൊലപാതകം, ബലാത്സംഗം, കൊള്ളയടിക്കൽ തുടങ്ങിയ വ്യാപകമായ കുറ്റകൃത്യങ്ങളുടെ പ്രാഥമിക ഇരകൾ സ്ത്രീകളായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിൽ, ഇതേ സ്ത്രീകൾ ഇപ്പോൾ "ലഖ്പതി ദീദികൾ", "ഡ്രോൺ ദീദികൾ" എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ സമൂഹത്തിന്റെ ഉയർന്ന തലങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും, സ്വയം സഹായ ഗ്രൂപ്പുകളിലൂടെ പരിവർത്തന വിപ്ലവത്തിന് നേതൃത്വം നൽകുന്നുണ്ടെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ശ്രീ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജീവിക ദീദി കാമ്പെയ്‌നിന്റെ അഭൂതപൂർവമായ വിജയത്തെ അദ്ദേഹം പ്രശംസിച്ചു.

ബിഹാർ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്ര മന്ത്രിമാരായ, ശ്രീ രാംമോഹൻ നായിഡു, ശ്രീ രാജീവ് രഞ്ജൻ സിംഗ്, ശ്രീ ജിതൻ റാം മാഞ്ചി, ശ്രീ ഗിരിരാജ് സിംഗ്, ശ്രീ ചിരാഗ് പാസ്വാൻ, ശ്രീ നിത്യാനന്ദ് റായ്, ശ്രീ രാം നാഥ് താക്കൂർ, ഡോ. രാജ് ഭൂഷൺ ചൗധരി, ശ്രീ സതീഷ് ചന്ദ്ര ദുബെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

പ്രധാനമന്ത്രി ബിഹാറിൽ ദേശീയ മഖാന ബോർഡ് ഉദ്ഘാടനം ചെയ്തു. ബോർഡ് ഉൽപ്പാദനവും പുതിയ സാങ്കേതിക വികസനവും പ്രോത്സാഹിപ്പിക്കുകയും, വിളവെടുപ്പിനു ശേഷമുള്ള  വിവിധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ശക്തിപ്പെടുത്തുകയും, മൂല്യവർദ്ധനവും സംസ്കരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മഖാനയിൽ വിപണി, കയറ്റുമതി, ബ്രാൻഡ് വികസനം എന്നിവ സുഗമമാക്കുകയും ചെയ്യും. അതുവഴി ബിഹാറിലെയും രാജ്യത്തെയും മഖാന കർഷകർക്ക് പ്രയോജനം ലഭിക്കും.

രാജ്യത്തെ മൊത്തം മഖാന (താമര വിത്തിന്റെ) ഉൽപാദനത്തിന്റെ ഏകദേശം 90% ബിഹാറിലാണ്. മധുബാനി, ദർഭംഗ, സീതാമർഹി, സഹർസ, കതിഹാർ, പൂർണിയ, സുപോൾ, കിഷൻഗഞ്ച്, അരാരിയ തുടങ്ങിയ പ്രധാന ജില്ലകൾ  മികച്ച ഗുണനിലവാരത്തിലുള്ള മഖാനയുടെ ഉത്പാദകരാണ്. ഇതിന് കാരണം,  അനുകൂലമായ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും ആണ്.  ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കുന്നത് സംസ്ഥാനത്തും രാജ്യത്തും മഖാന ഉൽപാദനത്തിന് വലിയ ഉത്തേജനം നൽകുകയും ഈ മേഖലയിൽ ആഗോള ഭൂപടത്തിൽ ബിഹാറിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യും.
പൂർണിയ വിമാനത്താവളത്തിലെ പുതിയ സിവിൽ എൻക്ലേവിൽ ഇടക്കാല ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ഇത് മേഖലയിലെ യാത്രക്കാരുടെ എണ്ണവും  അവർക്കുള്ള വർദ്ധിപ്പിക്കും.
പൂർണിയയിൽ ഏകദേശം 40,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.


ഭഗൽപൂരിലെ പിർപൈന്തിയിൽ 3x800 മെഗാവാട്ട് താപവൈദ്യുത പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു. 25,000 കോടി രൂപയുടെ ഈ നിക്ഷേപം  ബിഹാറിൽ സ്വകാര്യ മേഖലയിലെ ഏറ്റവും ബൃഹത്തായതാണ് . അൾട്രാ-സൂപ്പർ ക്രിട്ടിക്കൽ, ലോ-എമിഷൻ സാങ്കേതികവിദ്യയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആവശ്യത്തിനുള്ള വൈദ്യുതി നൽകുകയും ബിഹാറിന്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയാണിത്.
2680 കോടിയിലധികം രൂപയുടെ കോസി-മേച്ചി ഇൻട്രാ-സ്റ്റേറ്റ് നദീ സംയോജന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. ചെളി നീക്കം ചെയ്യൽ, തകർന്ന നിർമ്മാണങ്ങളുടെ പുനരുദ്ധാരണം, സെറ്റിലിംഗ് ബേസിൻ നവീകരണം എന്നിവയുൾപ്പെടെ കനാൽ നവീകരിക്കുന്നതിലും അതിന്റെ  ശേഷി 15,000 ൽ നിന്ന് 20,000 ക്യൂസെക്‌സായി വർദ്ധിപ്പിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. ജലസേചന വിപുലീകരണം, വെള്ളപ്പൊക്ക നിയന്ത്രണം, കാർഷിക പ്രതിരോധം എന്നിവയിലൂടെ വടക്കുകിഴക്കൻ ബിഹാറിലെ ഒന്നിലധികം ജില്ലകൾക്ക് ഇത് പ്രയോജനപ്പെടും.
റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയോടെ, പ്രധാനമന്ത്രി ബീഹാറിൽ റെയിൽ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തി, ഒന്നിലധികം ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു.


ഗംഗാ നദിക്ക് കുറുകെ നിർമ്മിക്കുന്ന 2,170 കോടി രൂപ ചെലവ് വരുന്ന ബിക്രംശില മുതൽ കതാരിയ വരെയുള്ള റെയിൽ പാതയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇത് ഗംഗയ്ക്ക് കുറുകെ നേരിട്ടുള്ള റെയിൽ ബന്ധം പ്രദാനം ചെയ്യും. ഇത് മേഖലയിലെ ജനങ്ങൾക്ക് ഗണ്യമായി പ്രയോജനം ചെയ്യും.


അരാരിയ - ഗാൽഗാലിയ (താക്കൂർഗഞ്ച്) എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന  4,410 കോടി രൂപയിലധികം ചിലവ് പ്രതിക്ഷിക്കുന്ന പുതിയ റെയിൽ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
അരാരിയ - ഗാൽഗാലിയ (താക്കൂർഗഞ്ച്) സെക്ഷനിൽ പ്രധാനമന്ത്രി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു, ഇത് വടക്കുകിഴക്കൻ ബിഹാറിലുടനീളം നേരിട്ട് റെയിൽ കണക്റ്റിവിറ്റി സാധ്യമാക്കുന്നു. വടക്കുകിഴക്കൻ ബിഹാറിലുടനീളം ഈ പദ്ധതിയിലൂടെ ഗതാഗത സൗകര്യം സുഗമമാകുന്നു. അരാരിയ, പൂർണിയ, മധേപുര, സഹർസ, ഖഗരിയ, ബെഗുസാരായ്, സമസ്തിപൂർ, മുസാഫർപൂർ, വൈശാലി, പട്ന തുടങ്ങിയ ജില്ലകൾക്ക് പ്രയോജനം ലഭിക്കുന്ന  ജോഗ്ബാനി - ധനാപൂർ  വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. സഹർസയ്ക്കും ഛെഹർത്തയ്ക്കും (അമൃത്സർ), ജോഗ്ബാനിക്കും ഈറോഡിനും ഇടയിലുള്ള അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. പ്രദേശങ്ങളിലുടനീളം സാമ്പത്തിക, സാംസ്കാരിക, സാമൂഹിക സംയോജനം വർദ്ധിപ്പിക്കുന്നതിനൊപ്പം ഈ ട്രെയിനുകൾ ആധുനിക ഇന്റീരിയർ, മെച്ചപ്പെട്ട സൗകര്യങ്ങൾ, വേഗത്തിലുള്ള യാത്രാ ശേഷികൾ എന്നിവ നൽകും.
പൂർണിയയിൽ കന്നുകാലികളുടെ ബീജകേന്ദ്രമായ സെക്സ് സോർട്ടഡ് സെമൻ ഫെസിലിറ്റിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ഗോകുൽ മിഷന്റെ കീഴിലുള്ള അത്യാധുനിക ബീജ കേന്ദ്രമാണിത്, പ്രതിവർഷം 5 ലക്ഷം  ബീജം ഉത്പാദിപ്പിക്കാൻ കഴിയും. കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യമായിട്ടാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നീ പദ്ധതികളുമായി യോജിപ്പിച്ച് 2024 ഒക്ടോബറിൽ ആരംഭിച്ച തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഇത് ഉപയോഗിക്കുന്നത്. പെൺ കന്നുകുട്ടികളുടെ ജനന സാധ്യത വർദ്ധിപ്പിക്കുന്നതിലൂടെ ചെറുകിട, നാമമാത്ര കർഷകർക്കും ഭൂരഹിത തൊഴിലാളികൾക്കും കൂടുതൽ പശുക്കിടാക്കളെ സുരക്ഷിതമാക്കാനും സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാനും മെച്ചപ്പെട്ട പാലുൽപാദനത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും.

പിഎംഎവൈ (ആർ) പ്രകാരം 35,000 ഗ്രാമീണ ഗുണഭോക്താക്കൾക്കും പിഎംഎവൈ (യു) പ്രകാരം 5,920 നഗര ഗുണഭോക്താക്കൾക്കും വേണ്ടി നടക്കുന്ന ഗൃഹപ്രവേശ ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കുകയും ഏതാനും ഗുണഭോക്താക്കൾക്ക് താക്കോലുകൾ കൈമാറുകയും ചെയ്തു.

ബിഹാറിലെ ഡിഎവൈ-എൻആർഎൽഎമ്മിന് കീഴിലുള്ള ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾക്ക് ഏകദേശം 500 കോടി രൂപയുടെ കമ്മ്യൂണിറ്റി നിക്ഷേപ ഫണ്ടുകൾ പ്രധാനമന്ത്രി വിതരണം ചെയ്യുകയും ഏതാനും സിഎൽഎഫ് പ്രസിഡന്റുമാർക്ക് ചെക്കുകൾ കൈമാറുകയും ചെയ്തു.

-SK-

(Release ID: 2167002) Visitor Counter : 2