പ്രധാനമന്ത്രിയുടെ ഓഫീസ്
ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം പരിഭാഷ
Posted On:
29 AUG 2025 5:08PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇഷിബ,
ഇരു രാജ്യങ്ങളിലെയും പ്രതിനിധികളേ ,
മാധ്യമങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളെ
നമസ്‌തേ!
കൊൻബൻവ!
ആദ്യമായി, പ്രധാനമന്ത്രി ഇഷിബയുടെ നല്ല വാക്കുകൾക്കും ഊഷ്മളമായ സ്വാഗതത്തിനും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
ഇന്നത്തെ ഞങ്ങളുടെ ചർച്ച ഉൽപ്പാദനക്ഷമവും ലക്ഷ്യബോധമുള്ളതുമായിരുന്നു. രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളും ഊർജ്ജസ്വലമായ രണ്ട് ജനാധിപത്യ രാജ്യങ്ങളുമെന്ന നിലയിൽ, ഞങ്ങളുടെ പങ്കാളിത്തം രണ്ട് രാജ്യങ്ങൾക്കും മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും വളരെ പ്രധാനമാണെന്ന് ഞങ്ങൾ രണ്ടുപേരും സമ്മതിക്കുന്നു.
മെച്ചപ്പെട്ട ലോകം രൂപപ്പെടുത്തുന്നതിൽ ശക്തമായ ജനാധിപത്യങ്ങൾ സ്വാഭാവിക പങ്കാളികളാണ്.
സുഹൃത്തുക്കളേ,
ഇന്ന്, നമ്മുടെ തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിൽ പുതിയതും സുവർണ്ണവുമായ ഒരു അധ്യായത്തിന് നാം ശക്തമായ അടിത്തറ പാകിയിരിക്കുന്നു. അടുത്ത ദശകത്തിലേക്കുള്ള ഒരു റോഡ്മാപ്പ് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നിക്ഷേപം, നവീകരണം, സാമ്പത്തിക സുരക്ഷ, പരിസ്ഥിതി, സാങ്കേതികവിദ്യ, ആരോഗ്യം, മൊബിലിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം, രാജ്യത്തെ സംസ്ഥാനങ്ങളുമായോ അതിനു താഴെ മറ്റ് ഭരണതലങ്ങളുമായോ ഉള്ള സഹകരണം എന്നിവയിൽ ഞങ്ങളുടെ ദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ, ജപ്പാനിൽ നിന്ന് 10 ട്രില്യൺ യെൻ നിക്ഷേപം ഞങ്ങൾ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളിലെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും ബന്ധിപ്പിക്കുന്നതിലും ഞങ്ങൾ പ്രത്യേക ശ്രദ്ധ നൽകും.
ഇന്ത്യ-ജപ്പാൻ ബിസിനസ് ഫോറത്തിലും, "ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക" എന്ന് ഞാൻ ജാപ്പനീസ് കമ്പനികളോട് അഭ്യർത്ഥിച്ചു.
സുഹൃത്തുക്കളേ,
നമ്മുടെ ജോയിന്റ് ക്രെഡിറ്റ് മെക്കാനിസം(JCM)* ഊർജ്ജത്തിന് ഒരു വലിയ വിജയമാണ്. നമ്മുടെ സാമ്പത്തിക പങ്കാളിത്തം പോലെ തന്നെ ശക്തമാണ് നമ്മുടെ ഹരിത പങ്കാളിത്തം എന്ന് ഇത് കാണിക്കുന്നു. ഈ ദിശയിൽ, സുസ്ഥിര ഇന്ധന സംരംഭവും ബാറ്ററി വിതരണ ശൃംഖല പങ്കാളിത്തവും ഞങ്ങൾ ആരംഭിക്കുകയാണ്.
(*നൂതന ലോ-കാർബൺ സാങ്കേതികവിദ്യകളും അടിസ്ഥാന സൗകര്യങ്ങളും വ്യാപിപ്പിച്ചുകൊണ്ട് ഹരിതഗൃഹ വാതക (GHG) ഉദ്‌വമനം കുറയ്ക്കാൻ പങ്കാളി രാജ്യങ്ങളെ സഹായിക്കുന്നതിന് 2013 ൽ ജാപ്പനീസ് സർക്കാർ ആരംഭിച്ച ഒരു ഉഭയകക്ഷി സംരംഭമാണ് ജോയിന്റ് ക്രെഡിറ്റ് മെക്കാനിസം അഥവാ JCM).
സാമ്പത്തിക സുരക്ഷാ സഹകരണ സംരംഭവും ഞങ്ങൾ ആരംഭിക്കുന്നു . ഇതിന് കീഴിൽ, നിർണായകവും തന്ത്രപരവുമായ മേഖലകളിൽ സമഗ്രമായ ഒരു സമീപനത്തോടെ ഞങ്ങൾ മുന്നോട്ട് പോകും.
ഉയർന്ന സാങ്കേതികവിദ്യയുടെ മേഖലയിലെ സഹകരണം ഞങ്ങൾ രണ്ടുപേർക്കും മുൻഗണന നൽകുന്നു. ഈ സാഹചര്യത്തിൽ, ഡിജിറ്റൽ പങ്കാളിത്തം 2.0, AI സഹകരണ സംരംഭങ്ങൾ എന്നിവ ഏറ്റെടുക്കുന്നു. അർദ്ധചാലകങ്ങളും(semi conductors)അപൂർവ ഭൂമി ധാതുക്കളും(rare earths)ഞങ്ങളുടെ അജണ്ടകളിൽ ഒന്നാമതായി തുടരും.
സുഹൃത്തുക്കളേ,
ജാപ്പനീസ് സാങ്കേതികവിദ്യയും ഇന്ത്യൻ പ്രതിഭയും വിജയകരമായ സംയോജനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒരു വശത്ത് അതിവേഗ റെയിലിൽ പ്രവർത്തിക്കുമ്പോൾ തന്നെ, നെക്സ്റ്റ് ജനറേഷൻ മൊബിലിറ്റി പങ്കാളിത്തത്തിന് കീഴിൽ തുറമുഖങ്ങൾ, വ്യോമയാനം, കപ്പൽ നിർമ്മാണം തുടങ്ങിയ മേഖലകളിലും ഞങ്ങൾ അതിവേഗ പുരോഗതി കൈവരിക്കുന്നു.
ചന്ദ്രയാൻ -5 ദൗത്യത്തിൽ സഹകരണത്തിനായി ഇസ്രോയും ജാക്സയും തമ്മിൽ ഉണ്ടാക്കിയ കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഭൂമിയുടെ അതിരുകൾക്കപ്പുറത്തേക്ക്, ബഹിരാകാശത്തേക്ക് മനുഷ്യരാശിയുടെ പുരോഗതിയെ നമ്മുടെ സജീവ പങ്കാളിത്തം പ്രതീകപ്പെടുത്തും!
സുഹൃത്തുക്കളേ,
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മാനവ വിഭവശേഷി കൈമാറ്റ പ്രവർത്തന പദ്ധതി പ്രകാരം, ഇരു രാജ്യങ്ങളും വ്യത്യസ്ത മേഖലകളിലായി 5 ലക്ഷം പേരുടെ കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കും. ഇതിനായി 50,000 വൈദഗ്ധ്യമുള്ള ഇന്ത്യക്കാർ ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് സജീവമായി സംഭാവന നൽകും.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള പങ്കാളിത്തം ഡൽഹിയിലും ടോക്കിയോയിലും മാത്രമായി പരിമിതപ്പെടുത്തില്ല. ഇന്ത്യൻ സംസ്ഥാനങ്ങളും ജപ്പാനിലെ പ്രിഫെക്ചറുകളും(സംസ്ഥാനങ്ങൾ) തമ്മിലുള്ള സ്ഥാപനപരമായ സഹകരണത്തിലൂടെ നമ്മുടെ ഇടപെടൽ കൂടുതൽ ആഴത്തിലാകും. ഇത് വ്യാപാരം, ടൂറിസം, വിദ്യാഭ്യാസം, സാംസ്കാരിക വിനിമയങ്ങൾ എന്നിവയ്ക്ക് പുതിയ വാതിലുകൾ തുറക്കും.
സുഹൃത്തുക്കളെ,
സ്വതന്ത്രവും, തുറന്നതും, സമാധാനപരവും, സമൃദ്ധവും, നിയമാധിഷ്ഠിതവുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്കായി ഇന്ത്യയും ജപ്പാനും പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്.
ഭീകരതയെയും സൈബർ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ ഞങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പ്രതിരോധം, സമുദ്ര സുരക്ഷ എന്നീ മേഖലകളിലും ഞങ്ങൾക്ക് പൊതുവായ താൽപ്പര്യങ്ങളുണ്ട്. പ്രതിരോധ വ്യവസായം, നവീകരണം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ സംയുക്തമായി തീരുമാനിച്ചു.
സുഹൃത്തുക്കളെ,
ഇന്ത്യയും ജപ്പാനും തമ്മിലുള്ള പങ്കാളിത്തം പരസ്പര വിശ്വാസത്തിൽ വേരൂന്നിയതാണ്, നമ്മുടെ ദേശീയ മുൻഗണനകളെ പ്രതിഫലിപ്പിക്കുന്നു, നമ്മുടെ പൊതുവായ മൂല്യങ്ങളും വിശ്വാസങ്ങളും അതിനെ രൂപപ്പെടുത്തുന്നു.
ഒരുമിച്ച്, നമ്മുടെ ജനങ്ങളുടെയും ലോകത്തിന്റെയും സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയെക്കുറിച്ചുള്ള ഒരു പൊതു സ്വപ്നം ഞങ്ങൾ വഹിക്കുന്നു.
എക്സലൻസി,
താങ്കളുടെ സൗഹൃദത്തിന് ഒരിക്കൽ കൂടി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അടുത്ത വാർഷിക ഉച്ചകോടിക്ക് ഇന്ത്യ സന്ദർശിക്കാൻ ഞാൻ താങ്കളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
അരിഗാറ്റോ ഗോസൈമാസു.("വളരെ നന്ദി" എന്നർത്ഥമുള്ള ജാപ്പനീസ് വാക്യം)
നന്ദി
നിരാകരണം -പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസ്താവനകൾ ഹിന്ദിയിലാണ് നടത്തിയത്.
-NK-
(Release ID: 2162258)
Visitor Counter : 17
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada