പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ - ജപ്പാൻ സാമ്പത്തിക ഫോറത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

Posted On: 29 AUG 2025 11:57AM by PIB Thiruvananthpuram


ആദരണീയ പ്രധാനമന്ത്രി ഇഷിബ,
ഇന്ത്യയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള ബിസിനസ്സ് നേതാക്കളേ,
സ്ത്രീകളേ, മാന്യരേ,
നമസ്‌കാരം

കൊന്നിച്ചിവ!

ഞാൻ ഇന്ന് രാവിലെയാണ് ടോക്കിയോയിൽ എത്തിയത്. ബിസിനസ്സ് ലോകത്തിലെ അതികായർക്കൊപ്പമാണ് എന്റെ യാത്ര ആരംഭിക്കുന്നത് എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.

നിങ്ങളിൽ പലരെയും എനിക്ക് വ്യക്തിപരമായി അറിയാം. ഗുജറാത്തിലായിരുന്നപ്പോഴോ ഡൽഹിയിലേക്ക് മാറിയതിനു ശേഷമോ ആകട്ടെ, നിങ്ങളിൽ പലരുമായും എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ന് നിങ്ങളെയെല്ലാം കാണാൻ അവസരം ലഭിച്ചതിൽ ഞാൻ ശരിക്കും സന്തോഷിക്കുന്നു.

ഈ ഫോറത്തിൽ ചേർന്നതിന് പ്രധാനമന്ത്രി ഇഷിബയോട് ഞാൻ പ്രത്യേകം നന്ദി പറയുന്നു. അദ്ദേഹത്തിന്റെ വിലയേറിയ അഭിപ്രായങ്ങൾക്ക് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ വളർച്ചാ യാത്രയിൽ ജപ്പാൻ എപ്പോഴും ഒരു പ്രധാന പങ്കാളിയാണ്. അത് മെട്രോകളായാലും, നിർമ്മാണമായാലും, സെമികണ്ടക്ടറുകളായാലും, സ്റ്റാർട്ടപ്പുകളായാലും, എല്ലാ മേഖലകളിലുമുള്ള ഞങ്ങളുടെ പങ്കാളിത്തം പരസ്പര വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.

ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം 13 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപം ഉണ്ടായിട്ടുണ്ട്. ഇന്ത്യയാണ് ഏറ്റവും 'വാഗ്ദാനപ്രദമായ' ലക്ഷ്യസ്ഥാനമെന്ന് ജെബിഐസി (Japan Bank for International Cooperation) പറയുന്നു. 80 ശതമാനം കമ്പനികളും ഇന്ത്യയിൽ വികസിക്കാൻ ആഗ്രഹിക്കുന്നുവെന്നും 75 ശതമാനം കമ്പനികൾ ഇതിനകം ലാഭത്തിലാണെന്നും ജെട്രോ (Japan External Trade Organization) പറയുന്നു.

അതായത്, ഇന്ത്യയിൽ മൂലധനം വളരുക മാത്രമല്ല, വർദ്ധിക്കുകയും ചെയ്യുന്നു!

സുഹൃത്തുക്കളേ,

കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ ഇന്ത്യയിലുണ്ടായ  ശ്രദ്ധേയമായ മാറ്റങ്ങൾ നിങ്ങൾക്കെല്ലാവർക്കും പരിചിതമായിരിക്കും. ഇന്ന് നമുക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരതയും വ്യക്തവും പ്രവചനാത്മകവുമായ നയങ്ങളുമുണ്ട്. ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ്, വളരെ വേഗം, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇത് മാറും.

ആഗോള വളർച്ചയുടെ 18% ഇന്ത്യ സംഭാവന ചെയ്യുന്നു. രാജ്യത്തിന്റെ മൂലധന വിപണികൾ നല്ല വരുമാനം നൽകുന്നുണ്ട്, നമുക്ക് ശക്തമായ ഒരു ബാങ്കിംഗ് മേഖലയുമുണ്ട്. പണപ്പെരുപ്പവും പലിശനിരക്കും കുറവാണ്, വിദേശനാണ്യ കരുതൽ ശേഖരം ഏകദേശം 700 ബില്യൺ ഡോളറാണ്.

സുഹൃത്തുക്കളേ,

ഈ മാറ്റത്തിന് പിന്നിൽ 'പരിഷ്കാരം, പ്രകടനം, പരിവർത്തനം' എന്ന ഞങ്ങളുടെ സമീപനമാണ്. 2017 ൽ ഞങ്ങൾ "ഒരു രാഷ്ട്രം - ഒരു നികുതി" അവതരിപ്പിച്ചു, ഇപ്പോൾ അതിൽ പുതിയതും വലുതുമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഞങ്ങളുടെ പാർലമെന്റ് പുതിയതും ലളിതവുമായ ആദായ നികുതി വ്യവസ്ഥ അംഗീകരിച്ചു.

ഞങ്ങളുടെ പരിഷ്കാരങ്ങൾ നികുതി സമ്പ്രദായത്തിൽ മാത്രം ഒതുങ്ങുന്നില്ല. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ബിസിനസുകൾക്കായി ഒരൊറ്റ ഡിജിറ്റൽ വിൻഡോ അംഗീകാരം ഞങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 45,000 പ്രവൃത്തിപഥങ്ങൾ ഞങ്ങൾ യുക്തിസഹമാക്കി. ഈ പ്രക്രിയ വേഗത്തിലാക്കാൻ ഞങ്ങൾ നിയന്ത്രണം നീക്കുന്നതിനുള്ള ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്.

പ്രതിരോധം, ബഹിരാകാശം തുടങ്ങിയ സൂക്ഷ്മസംവേദനക്ഷമതയുള്ള മേഖലകൾ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തു. ഇപ്പോൾ, ഞങ്ങൾ ആണവോർജ്ജ മേഖലയും തുറന്നുകൊടുക്കുന്നു.

സുഹൃത്തുക്കളേ,

ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെയാണ് ഈ പരിഷ്കാരങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ഞങ്ങൾക്ക് പ്രതിബദ്ധതയും ബോധ്യവും തന്ത്രവുമുണ്ട്, ലോകം അത് അംഗീകരിക്കുക മാത്രമല്ല, അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം എസ് & പി ഗ്ലോബൽ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി.

ലോകം ഇന്ത്യയെ വെറുതെ നോക്കുകയല്ല, മറിച്ച് ഇന്ത്യയെ ആശ്രയിക്കുകയാണ്.

സുഹൃത്തുക്കളേ,

ഇന്ത്യ-ജപ്പാൻ ബിസിനസ് ഫോറം റിപ്പോർട്ട് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നു, അതിൽ ഇരു രാജ്യങ്ങളിലേയും കമ്പനികൾ തമ്മിലുള്ള ബിസിനസ് ഇടപാടുകൾ വിശദീകരിക്കുന്നു. ഈ ശ്രദ്ധേയമായ പുരോഗതിക്ക് നിങ്ങളെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു. കൂടാതെ, നമ്മുടെ പങ്കാളിത്തത്തിന്  ഉതകുന്ന ചില നിർദ്ദേശങ്ങൾ താഴ്മയോടെ അവതരിപ്പിക്കാൻ  ഞാൻ ആഗ്രഹിക്കുന്നു.

ആദ്യത്തേത് ഉത്പാദനമാണ്. ഓട്ടോ മേഖലയിലെ നമ്മുടെ പങ്കാളിത്തം അങ്ങേയറ്റം വിജയകരമായിരുന്നു. പ്രധാനമന്ത്രി അത് വളരെ വിശദമായി വിവരിച്ചു. ബാറ്ററികൾ, റോബോട്ടിക്സ്, സെമി കണ്ടക്ടറുകൾ, കപ്പൽ നിർമ്മാണം, ആണവോർജ്ജം എന്നിവയിൽ നമുക്ക് ഒരുമിച്ച് ഇതേ മാജിക് ആവർത്തിക്കാൻ കഴിയും. ഒരുമിച്ച്, ഗ്ലോബൽ സൗത്തിൻ്റെ, പ്രത്യേകിച്ച് ആഫ്രിക്കയുടെ വികസനത്തിന് നമുക്ക് ഗണ്യമായ സംഭാവന നൽകാൻ കഴിയും.

ഞാൻ നിങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു: വരൂ, ഇന്ത്യയിൽ നിർമ്മിക്കൂ, ലോകത്തിനായി നിർമ്മിക്കൂ. സുസുക്കിയുടെയും ഡൈക്കിന്റെയും വിജയഗാഥകൾ നിങ്ങളുടെയും  വിജയഗാഥകളാക്കാം 

രണ്ടാമതായി, സാങ്കേതികവിദ്യയും നവീകരണവുമാണ്. ജപ്പാൻ ഒരു "ടെക് പവർഹൗസ്" ആണ്. ഇന്ത്യ ഒരു "ടാലന്റ് പവർഹൗസ്" ആണ്. AI, സെമികണ്ടക്ടറുകൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്, സ്പേസ് എന്നിവയിൽ ഇന്ത്യ ധീരവും അഭിലാഷപൂർണ്ണവുമായ സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ജപ്പാന്റെ സാങ്കേതികവിദ്യയ്ക്കും ഇന്ത്യയുടെ പ്രതിഭയ്ക്കും ഒരുമിച്ച് ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാൻ കഴിയും.

മൂന്നാമത്തെ മേഖല ഗ്രീൻ എനർജി ട്രാൻസിഷൻ (ഹരിത ഉർജ്ജത്തിലേക്കുള്ള മാറ്റം) ആണ്. 2030 ആകുമ്പോഴേക്കും ഇന്ത്യ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജത്തിലേക്ക് വേഗത്തിൽ നീങ്ങുകയാണ്. 2047 ആകുമ്പോഴേക്കും 100 ജിഗാവാട്ട് ആണവോർജ്ജം എന്ന ലക്ഷ്യവും ഞങ്ങൾക്കുണ്ട്. സോളാർ സെല്ലുകൾ മുതൽ ഗ്രീൻ ഹൈഡ്രജൻ വരെ, പങ്കാളിത്തത്തിന് വലിയ അവസരങ്ങളുണ്ട്.

സംയുക്ത ക്രെഡിറ്റ് മെക്കാനിസത്തിൽ ഇന്ത്യയും ജപ്പാനും തമ്മിൽ ഒരു കരാറിലെത്തിയിട്ടുണ്ട്. ശുദ്ധവും ഹരിതവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ സഹകരിക്കാൻ ഇത് ഉപയോഗിക്കാം.

നാലാമതായി, നെക്സ്റ്റ്-ജെൻ ഇൻഫ്രാസ്ട്രക്ചർ. കഴിഞ്ഞ ദശകത്തിൽ, അടുത്ത തലമുറ മൊബിലിറ്റിയിലും ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചറിലും ഇന്ത്യ അഭൂതപൂർവമായ പുരോഗതി കൈവരിച്ചു. നമ്മുടെ തുറമുഖങ്ങളുടെ ശേഷി ഇരട്ടിയായി. 160-ലധികം വിമാനത്താവളങ്ങളുണ്ട്. 1000 കിലോമീറ്റർ മെട്രോ ലൈനുകൾ നിർമ്മിച്ചിട്ടുണ്ട്. ജപ്പാനുമായി സഹകരിച്ച് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിലിലും ജോലികൾ നടക്കുന്നുണ്ട്.

എന്നാൽ ഞങ്ങളുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. ജപ്പാന്റെ മികവും ഇന്ത്യയുടെ നിലവാരവും ഒരു തികഞ്ഞ പങ്കാളിത്തം സൃഷ്ടിക്കാൻ കഴിയും.

അഞ്ചാമത്തേത് നൈപുണ്യ വികസനവും ആളുകൾ തമ്മിലുള്ള ബന്ധവുമാണ്. ഇന്ത്യയിലെ വൈദഗ്ധ്യമുള്ള യുവാക്കളുടെ കഴിവുകൾക്ക് ആഗോള ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവുണ്ട്. ജപ്പാനും ഇതിൽ നിന്ന് പ്രയോജനം നേടാം. നിങ്ങൾക്ക് ഇന്ത്യൻ പ്രതിഭകളെ ജാപ്പനീസ് ഭാഷയിലും സോഫ്റ്റ് സ്കില്ലുകളിലും പരിശീലിപ്പിക്കാനും ഒരുമിച്ച് ഒരു "ജപ്പാൻ-റെഡി" വർക്ക്ഫോഴ്‌സ് സൃഷ്ടിക്കാനും കഴിയും. കൂട്ടായ തൊഴിൽ ശക്തി കൂട്ടായ അഭിവൃദ്ധിയിലേക്ക് നയിക്കും.

സുഹൃത്തുക്കളേ,

അവസാനമായി ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു - ഇന്ത്യയും ജപ്പാനും തമ്മിലുള്ള പങ്കാളിത്തം തന്ത്രപരവും സമർത്ഥവുമാണ്. സാമ്പത്തിക യുക്തിയാൽ ശക്തിപ്പെട്ട നമ്മൾ, കൂട്ടായ താൽപ്പര്യങ്ങളെ കൂട്ടായ അഭിവൃദ്ധിയാക്കി മാറ്റിയിരിക്കുന്നു.

ഗ്ലോബൽ സൗത്തിലേക്കുള്ള ജാപ്പനീസ് ബിസിനസുകൾക്ക് ഇന്ത്യ ഒരു സ്പ്രിംഗ്‌ബോർഡാണ്. സ്ഥിരത, വളർച്ച, സമൃദ്ധി എന്നിവയ്ക്കായി നമ്മൾ ഒരുമിച്ച് ഏഷ്യൻ നൂറ്റാണ്ടിനെ രൂപപ്പെടുത്തും.

ഈ വാക്കുകളിലൂടെ, പ്രധാനമന്ത്രി ഇഷിബയ്ക്കും നിങ്ങൾക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.

അരിഗതോ ഗോസൈമാസു!

വളരെ നന്ദി.

നിരാകരണം - പ്രധാനമന്ത്രിയുടെ പ്രസ്താവനകളുടെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസ്താവനകൾ ഹിന്ദിയിലാണ് നടത്തിയത്.

***

SK


(Release ID: 2161848) Visitor Counter : 15