വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ആഗോള ചലച്ചിത്ര നിർമ്മാണത്തിന് പ്രാദേശികമായി സൗകര്യമൊരുക്കുന്നതിന് ഇന്ത്യ സിനി ഹബ് പോർട്ടൽ ഉപയോഗിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം അഭ്യർത്ഥിച്ചു; പിന്നോക്ക മേഖലകളിൽ കുറഞ്ഞ ചെലവിലുള്ള ചലച്ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു രൂപരേഖയും അവതരിപ്പിച്ചു

Posted On: 05 AUG 2025 6:39PM by PIB Thiruvananthpuram
2025 ഓഗസ്റ്റ് 5 ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് (ഐ-പിആർ) സെക്രട്ടറിമാരുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു ഉന്നതതല സമ്മേളനം നടത്തി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ, വാർത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. പൊതു ആശയവിനിമയത്തിൽ കേന്ദ്ര-സംസ്ഥാന ഏകോപനം ശക്തിപ്പെടുത്തുക, പ്രസ് സേവാ പോർട്ടലിന്റെയും ഇന്ത്യ സിനി ഹബ്ബിന്റെയും പൂർണ്ണ തോതിലുള്ള നിർവഹണവും പ്രവർത്തനക്ഷമതയും ഉറപ്പാക്കുക, ചലച്ചിത്ര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മേഖലകളിലുടനീളം ഇന്ത്യയുടെ സൃഷ്ടിപരമായ സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുമു ള്ള   സഹകരണ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുക എന്നിവയാണ് സമ്മേളനം ലക്ഷ്യമിട്ടത്.
 
*മാധ്യമ പരിഷ്‌കാരങ്ങളും ഇന്ത്യയുടെ സൃഷ്ടിപരമായ സമ്പദ്വ്യവസ്ഥയുടെ വികാസവും*
 
ഇന്ത്യൻ സിനിമാ ഹബ് പോർട്ടൽ ഏകീകൃത ഏകജാലക സംവിധാനത്തിലേക്ക് നവീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയിലുടനീളം ചലച്ചിത്ര നിർമ്മാണ അനുമതികളും സേവനങ്ങളും സുഗമമായി ലഭ്യമാക്കുന്നുണ്ടെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ പറഞ്ഞു. ജിഐഎസ് സവിശേഷതകളും പൊതുവായ രൂപമാതൃകകളും ഉപയോഗിച്ച്, ഇത് വ്യാപാര സുഗമ വത്കരണത്തെ പിന്തുണയ്ക്കുകയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ചലച്ചിത്ര സൗഹൃദ നയങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
കുറഞ്ഞ ചെലവിലുള്ള തിയേറ്ററുകളിലൂടെ സ്ത്രീകളെയും പ്രാദേശിക സമൂഹങ്ങളെയും ശാക്തീകരിക്കുന്ന അടിത്തട്ടിലുള്ള സിനിമാ സംരംഭങ്ങളെയും മന്ത്രി എടുത്തുപറഞ്ഞു. ആഗോള പ്രതിഭകളെ ആകർഷിക്കുക, ഇന്ത്യയുടെ സൃഷ്ടിപരമായ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ലോകമെമ്പാടും സാംസ്‌കാരിക നയതന്ത്രം പ്രോത്സാഹിപ്പിക്കുകയും നാളത്തെ സൃഷ്ടിപരമായ മനസ്സുകളെ ശാക്തീകരിക്കുകയും ചെയ്യുന്ന വേവ്‌സ് 2025, ഐ.എഫ്.എഫ്.ഐ, ഗോവ തുടങ്ങിയ പ്രമുഖ ആഗോള പരിപാടികളെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
രാജ്യത്തെ സൃഷ്ടിപരമായ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമങ്ങളെ എടുത്തുകാണിച്ചുകൊണ്ട് ആനിമേഷൻ, ഗെയിമിങ്, സംഗീതം, മറ്റ് സൃഷ്ടിപരമായ മേഖലകൾ എന്നിവയിൽ യുവാക്കളെ നൈപുണ്യവത്കരിക്കാൻ ലക്ഷ്യമിട്ട് അടുത്തിടെ ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജി (ഐഐസിടി)ക്ക് അദ്ദേഹം പ്രത്യേക ഊന്നൽ നൽകി. 
 
*മാധ്യമ പുരോഗതിക്കായി സഹകരണ ഭരണം*
 
പരിപാടിയിൽ, ഫലപ്രദമായ ആശയവിനിമയത്തിലും മാധ്യമ വികസനത്തിലും കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ നിർണായക പങ്കിനെക്കുറിച്ച് വാർത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ സ്രഷ്ടാക്കളുടെ ഉയർച്ച,  പ്രാദേശിക മാധ്യമങ്ങൾ, ജില്ലാതല ഐ-പിആർ സജ്ജീകരണങ്ങൾ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു.
 
 
മെട്രോകൾക്കപ്പുറത്തേക്ക് വികസിക്കേണ്ടതിന്റെയും പ്രാദേശിക പ്രതിഭകളെ പിന്തുണയ്‌ക്കേണ്ടതിന്റെയും ആവശ്യകതയ്ക്ക് ഊന്നൽ കൊടുത്ത് കൊണ്ട്, സിനിമയുടെയും ഉള്ളടക്ക സൃഷ്ടിയുടെയും സാമ്പത്തിക സാധ്യതകളെക്കുറിച്ച് ശ്രീ ജാജു എടുത്തുപറഞ്ഞു. വേവ്‌സ് ഉച്ചകോടി ഒരു ആഗോള പ്രസ്ഥാനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മാധ്യമ ആവാസവ്യവസ്ഥയിലുടനീളം സംവാദവും സഹകരണവും വർദ്ധിപ്പിക്കുന്നതിനായി ഒരു റേഡിയോ കോൺക്ലേവിനുള്ള പദ്ധതികൾ ഗോവയിൽ നടന്ന ഐഎഫ്എഫ്‌ഐയുടെ സമയത്ത് പ്രഖ്യാപിക്കുകയും ചെയ്തു.
 
 
*പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ*:
 
പ്രസ് സേവാ പോർട്ടലിൽ സംസ്ഥാനത്തിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കുകയും ഉൾപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് ആക്ട് (പിആർപി ആക്ട്), 2023 പ്രകാരം പ്രസ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ പോർട്ടൽ, ആനുകാലികങ്ങളുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷനും അനുവർത്തന പ്രക്രിയകളും സുഗമമാക്കുന്ന ഒരു ഏകജാലക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായിരുന്നു
.
2024 ജൂൺ 28-ന് പ്രവർത്തനക്ഷമമായ, നവീകരിച്ച ഇന്ത്യ സിനി ഹബ് പോർട്ടലിന് ഊന്നൽ നൽകിയതാണ് മറ്റൊരു പ്രധാന ആകർഷണം. ഇന്ത്യയിലുടനീളമുള്ള സിനിമാസംബന്ധിയായ സൗകര്യങ്ങൾക്കായുള്ള  ഒരു ഏകജാലക സംവിധാനമായി ഈ പോർട്ടൽ ഇപ്പോൾ പ്രവർത്തിക്കുന്നു. കേന്ദ്ര, സംസ്ഥാന, പ്രാദേശിക തലങ്ങളിൽ ചിത്രീകരണ അനുമതികൾ, പ്രോത്സാഹനങ്ങൾ, വിഭവങ്ങൾ കണ്ടെത്തൽ എന്നിവയിലേക്ക് ഏകീകൃത അഭിഗമ്യത വാഗ്ദാനവും ചെയ്യുന്നു. 21 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും ഒരു പൊതു അപേക്ഷാ ഫോം വഴി പ്രവേശിച്ചപ്പോൾ, ഏഴ് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനകം സമ്പൂർണ ഉദ്ഗ്രഥനം പൂർത്തീകരിച്ചിട്ടുണ്ട്. 
 
 
ഇന്ത്യ സിനിമ ഹബ് പോർട്ടൽ ജിഐഎസ് അടിസ്ഥാനത്തിലുള്ള ലൊക്കേഷൻ മാപ്പിംഗിനെയും, സിനിമാ വ്യവസായത്തിലെ പ്രൊഫഷണലുകൾ നൽകുന്ന ക്രൗഡ്സോഴ്‌സ് ചെയ്ത ഉള്ളടക്കത്തെയും, ചിത്രീകരണത്തിനും, ചിത്രീകരണമല്ലാത്തതിനും, ആനുകൂല്യങ്ങൾക്കുമായി വ്യത്യസ്തമായ പ്രവർത്തനമുറകളെയും പിന്തുണച്ചു. 
 
ഇന്ത്യയെ ആഗോള ചിത്രീകരണ ഗമ്യകേന്ദ്രമെന്ന നിലയിൽ കൂടുതൽ ആകർഷകമാക്കുന്നതിനായി അപേക്ഷകളുടെ പ്രവർത്തന നടപടികളും, സ്ഥിരീകരിച്ച ഡാറ്റ സംഭാവന ചെയ്യുന്നതും സംബന്ധിച്ച വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.
 
പര്യാപ്തമായ സാങ്കേതിക സംവിധാനങ്ങളില്ലാത്ത പ്രദേശങ്ങളിലെ കുറഞ്ഞ ചെലവിലുള്ള സിനിമാ ഹാളുകളുടെ പ്രോത്സാഹനവും സമ്മേളനത്തിൽ ചർച്ച ചെയ്തു. ടയർ-3, ടയർ-4 പട്ടണങ്ങൾ, ഗ്രാമീണമേഖലകൾ, അഭിലാഷ ജില്ലകൾ എന്നിവയ്ക്ക് സിനിമാനുഭവം പ്രാപ്യമാക്കുന്നതിനായി ആധുനികവും സഞ്ചരിക്കുന്നതുമായ സിനിമാ മാതൃകകൾ വികസിപ്പിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു.
ജിഐഎസ് മാപ്പിംഗ് ഉപയോഗിച്ച് കുറഞ്ഞ സ്‌ക്രീൻ സാന്ദ്രതയുള്ള മേഖലകളെ കണ്ടെത്തുന്നതിനെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്തു. നിലവിലുള്ള പൊതു അടിസ്ഥാന സൗകര്യങ്ങൾ പുനരുപയോഗം ചെയ്യുക, ലൈസൻസിംഗ് നടപടികൾ ഏകജാലക സംവിധാനം വഴി ലളിതമാക്കുക, ചെലവുകുറഞ്ഞ സിനിമാ അടിസ്ഥാനസൗകര്യങ്ങൾക്ക് സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിന് നികുതി, ഭൂമി നയ പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുക എന്നിവയെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. 
 
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.ഐ), വേവ്‌സ് ബസാർ തുടങ്ങിയ പ്രധാന ചലച്ചിത്ര, ഉള്ളടക്ക പ്ലാറ്റ്‌ഫോമുകളിലെ പങ്കാളിത്തവും ചർച്ചകളിൽ ഉൾപ്പെട്ടു. സംസ്ഥാനങ്ങളുടേയും
 കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചിത്രീകരണ സ്ഥലങ്ങൾ പ്രദർശിപ്പിക്കാനും, പ്രാദേശിക അനുകൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക പ്രതിഭയെ പിന്തുണയ്ക്കാനുമായി ഇത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  
 
 
ഇന്ത്യയുടെ തത്സമയ വിനോദ സമ്പദ്വ്യവസ്ഥയുടെ വികസനമായിരുന്നു മറ്റൊരു പ്രധാന ചർച്ചാ മേഖല. 
ഇതിന് ആവശ്യമായ അനുമതിപ്രക്രിയകൾ ഇന്ത്യ സിനിമ ഹബ് പോർട്ടലിൽ ഉൾപ്പെടുത്തുന്നത്, പരിപാടികൾക്ക് നിലവിലുള്ള കായിക-സാംസ്‌കാരിക അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നത്, നോഡൽ ഓഫീസർമാരെ നിയമിക്കുന്നത്, തത്സമയ വിനോദ പരിപാടികളുടെ  അടിസ്ഥാനസൗകര്യങ്ങളിൽ നിക്ഷേപത്തിന് നയപരമായും സാമ്പത്തികപരമായും പിന്തുണ ഉറപ്പാക്കുന്നത് തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനങ്ങളുമായി സമ്മേളനത്തിൽ വിശദമായ ചർച്ച നടത്തി.
**************

(Release ID: 2152818)