പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശിലെ വാരാണസിയിൽ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനത്തിലും ഉദ്ഘാടനത്തിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ  മലയാളം പരിഭാഷ 

Posted On: 02 AUG 2025 3:51PM by PIB Thiruvananthpuram

नम: पार्वती पतये, हर हर महादेव, सावन के पावन महीने में आज हमके काशी के हमरे परिवार के लोगन से मिले का अवसर मिलल हौ। हम काशी के हर परिवारजन के प्रणाम करत हई। 
(നമഃ പാർവതി പതയേ, ഹർ ഹർ മഹാദേവ്, പുണ്യമാസമായ ഇന്ന് സാവനത്തിൽ, കാശിയിലെ എന്റെ കുടുംബാംഗങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. കാശിയിലെ ഓരോ കുടുംബാംഗത്തെയും ഞാൻ നമിക്കുന്നു.)

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ജി, ബ്രജേഷ് പഥക് ജി,പട്നയിൽ നിന്ന് ഞങ്ങളോടൊപ്പം ചേർന്ന എന്റെ സഹപ്രവർത്തകൻ  കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ജി,  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ ബഹുമാന്യ മുഖ്യമന്ത്രിമാർ , ഗവർണർമാർ , മന്ത്രിമാർ, യുപി ഗവൺമെന്റിലെ മന്ത്രിമാർ, യുപി ബിജെപി പ്രസിഡന്റ് ഭൂപേന്ദ്ര സിംഗ് ചൗധരി ജി, എല്ലാ എം‌എൽ‌എമാരും പൊതു പ്രതിനിധികളും, എന്റെ പ്രിയപ്പെട്ട കർഷക സഹോദരീസഹോദരന്മാരേ , പ്രത്യേകിച്ച് കാശിയിലെ പൊതുജനങ്ങളായ  എന്റെ യജമാനരേ !

ഇന്ന് കാശിയിൽ നിന്ന് രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കർഷകരുമായി നമ്മൾ ബന്ധപ്പെട്ടിരിക്കുന്നു. കാശി പോലെ പുണ്യമായ  സാവൻ മാസമാണിത്,ആ വേളയിൽ  രാജ്യത്തെ കർഷകരുമായി ബന്ധപ്പെടാൻ അവസരമുണ്ടായിരിക്കുന്നു . ഇതിനേക്കാൾ വലിയ ഭാഗ്യം മറ്റെന്താണ്? ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ന് ഞാൻ ആദ്യമായി കാശിയിൽ വന്നിരിക്കുന്നു. ഏപ്രിൽ 22 ന് പഹൽഗാമിൽ ഒരു ഭീകരാക്രമണം നടന്നപ്പോൾ, 26 നിരപരാധികൾ അതിക്രൂരമായി കൊല്ലപ്പെട്ടു, അവരുടെ കുടുംബങ്ങളുടെ വേദന, ആ കുട്ടികളുടെ ദുഃഖം, ആ പെൺമക്കളുടെ വേദന, എന്റെ ഹൃദയം അതിയായ വേദനയാൽ നിറഞ്ഞു. അപ്പോൾ ഞാൻ ബാബ വിശ്വനാഥിനോട് പ്രാർത്ഥിച്ചു, എല്ലാ ദുരിതബാധിത കുടുംബങ്ങൾക്കും ഈ ദുഃഖം താങ്ങാൻ ധൈര്യം നൽകണമേ എന്ന്. കാശിയിലെ എന്റെ യജമാനന്മാരേ, എന്റെ പെൺമക്കളുടെ സിന്ദൂരത്തിന് പ്രതികാരം ചെയ്യുമെന്ന് ഞാൻ നൽകിയ വാഗ്ദാനവും നിറവേറ്റപ്പെട്ടു. മഹാദേവന്റെ അനുഗ്രഹത്താൽ മാത്രമേ ഇത് സാധ്യമായിട്ടുള്ളൂ. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം ഞാൻ അദ്ദേഹത്തിന്റെ പാദത്തിങ്കൽ സമർപ്പിക്കുന്നു.

സുഹൃത്തുക്കളേ,

കാശിയിൽ ഗംഗാജലം ചുമന്നുകൊണ്ടു പോകുന്ന ശിവഭക്തരുടെ ചിത്രങ്ങൾ കാണാൻ നമുക്ക് അവസരം ലഭിക്കുമ്പോൾ, പ്രത്യേകിച്ച് സാവനത്തിലെ ആദ്യ തിങ്കളാഴ്ചകളിൽ, നമ്മുടെ യാദവ സഹോദരന്മാർ ഗൗരി കേദാരേശ്വറിൽ നിന്ന് ഗംഗാജലം തോളിൽ ചുമന്നുകൊണ്ട് ബാബയ്ക്ക്  ജലാഭിഷേകം നടത്താൻ പോകുമ്പോൾ, അത് എത്ര മനോഹരമായ കാഴ്ചയാണ്. ദമൃവിന്റെ ശബ്ദം, തെരുവുകളിലെ ആരവം, ലോകത്ത് ഒരു അത്ഭുതകരമായ അനുഭൂതി സൃഷ്ടിക്കപ്പെടുന്നു. പുണ്യമാസമായ സാവനത്തിൽ ബാബ വിശ്വനാഥനെയും മാർക്കണ്ഡേയ മഹാദേവനെയും സന്ദർശിക്കാനും എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു! എന്നാൽ ഞാൻ അവിടെ പോകുന്നത് മഹാദേവ ഭക്തർക്ക് അസൗകര്യം ഉണ്ടാക്കാതിരിക്കാനും അവരുടെ ദർശനത്തിന് തടസ്സമാകാതിരിക്കാനും, ഇന്ന് ഇവിടെ നിന്ന് ഭോലേനാഥിനും ഗംഗാ മാതാവിനും ഞാൻ എന്റെ പ്രണാമം അർപ്പിക്കുന്നു. സേവാപുരിയിലെ  ഈ വേദിയിൽ  നിന്ന് നമുക്ക്  ബാബ കാശി വിശ്വനാഥന് പ്രണാമം അർപ്പിക്കാം . नम: पार्वती पतये, हर हर महादेव!

സുഹൃത്തുക്കളേ,

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഞാൻ തമിഴ്‌നാട്ടിലായിരുന്നു. ആയിരം വർഷം പഴക്കമുള്ള ഒരു ചരിത്രപ്രസിദ്ധ  ക്ഷേത്രമായ ഗംഗൈ-കൊണ്ട ചോളപുരം ക്ഷേത്രം ഞാൻ സന്ദർശിച്ചു. ഈ ക്ഷേത്രം രാജ്യത്തെ ശൈവ പാരമ്പര്യത്തിന്റെ ഒരു പുരാതന കേന്ദ്രമാണ്. നമ്മുടെ രാജ്യത്തെ മഹാനും പ്രശസ്തനുമായ രാജാവായ രാജേന്ദ്ര ചോളനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. വടക്കേ ഇന്ത്യയിൽ നിന്ന് ഗംഗാ ജലം കൊണ്ടുവന്ന് രാജേന്ദ്ര ചോളൻ വടക്കും തെക്കും തമ്മിൽ  ബന്ധിപ്പിച്ചു. ആയിരം വർഷങ്ങൾക്ക് മുമ്പ്, ശിവനോടും ശൈവ പാരമ്പര്യത്തോടുമുള്ള തന്റെ ഭക്തിയാൽ, രാജേന്ദ്ര ചോളൻ 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' പ്രഖ്യാപിച്ചു. ഇന്ന്, കാശി-തമിഴ് സംഗമം പോലുള്ള ശ്രമങ്ങളിലൂടെ, അത് മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ഒരു എളിയ ശ്രമം നടത്തുകയാണ് . അടുത്തിടെ ഞാൻ ഗംഗൈ-കൊണ്ട ചോളപുരത്ത് പോയപ്പോൾ, ആയിരം വർഷങ്ങൾക്ക് ശേഷം, നിങ്ങളുടെ അനുഗ്രഹത്താൽ, ഞാനും ഗംഗാജലവുമായി അവിടെ പോയത് എനിക്ക് വലിയ സംതൃപ്തി നൽകുന്ന കാര്യമായിരുന്നു. ഗംഗാ മാതാവിന്റെ അനുഗ്രഹത്താൽ, വളരെ പവിത്രമായ അന്തരീക്ഷത്തിലാണ് അവിടെ പൂജ നടത്തിയത്. ഗംഗാജലത്താൽ അവിടെ ജലാഭിഷേകം നടത്താനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.

സുഹൃത്തുക്കളേ,

ജീവിതത്തിലെ ഇത്തരം അവസരങ്ങൾ വളരെയധികം പ്രചോദനം നൽകുന്നു. രാജ്യത്തിന്റെ ഐക്യം എല്ലാ കാര്യങ്ങളിലും ഒരു പുതിയ അവബോധം ഉണർത്തുന്നു, അതുകൊണ്ടാണ് ഓപ്പറേഷൻ സിന്ദൂർ വിജയകരമാകുന്നത്. 140 കോടി ജനങ്ങളുടെ  ഐക്യമാണ് ഓപ്പറേഷൻ സിന്ദൂറിൻ്റെ  ശക്തിയായി മാറിയത്.

സുഹൃത്തുക്കളേ,

സൈനികരുടെ ധീരതയുടെ നിമിഷമായിരുന്നു ഓപ്പറേഷൻ സിന്ദൂറെങ്കിൽ , ഇന്ന് കർഷകരെ അഭിവാദ്യം ചെയ്യാനുള്ള അവസരമാണിത്. ഇന്ന് ഇവിടെ ഒരു വലിയ കിസാൻ ഉത്സവ് സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ രൂപത്തിൽ രാജ്യത്തെ 10 കോടി കർഷക സഹോദരീ സഹോദരന്മാരുടെ അക്കൗണ്ടുകളിലേക്ക് 21,000 കോടി രൂപ അയച്ചു. കാശിയിൽ നിന്ന് പണം പോകുമ്പോൾ അത് സ്വാഭാവികമായും പ്രസാദമായി മാറുന്നു. കർഷകരുടെ അക്കൗണ്ടുകളിൽ 21,000 കോടി രൂപ നിക്ഷേപിക്കപ്പെടുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, 2000 കോടി രൂപയിലധികം വിലമതിക്കുന്ന വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ബാബയുടെ അനുഗ്രഹത്താൽ, കാശിയിലെ വികസനത്തിന്റെ തടസ്സമില്ലാത്ത ഒഴുക്ക് മാതാ  ഗംഗയോടൊപ്പം മുന്നോട്ട് നീങ്ങുന്നു. രാജ്യത്തെ കർഷകരായ നിങ്ങളെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കാശിയിൽ എംപി ടൂറിസ്റ്റ് ഗൈഡ് മത്സരവും സംഘടിപ്പിച്ചു. അതായത്, മത്സരത്തിലൂടെയുള്ള നൈപുണ്യ വികസനം, സ്വയം പരിശ്രമത്തിലൂടെയുള്ള നൈപുണ്യ വികസനം എന്നിവ , ഇന്ന് കാശിയുടെ നാട്ടിൽ ഇതുപോലുള്ള  നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ, കാശി എംപി ഫോട്ടോഗ്രാഫി മത്സരം, എംപി തൊഴിൽ മേള എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കാൻ പോകുന്നു.ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട  എല്ലാ സർക്കാർ ജീവനക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും ഞാൻ ഇവിടെ പരസ്യമായി അഭിനന്ദിക്കുന്നു, അതുവഴി യുവതലമുറയെ പൊതുജനപങ്കാളിത്തവുമായി ബന്ധിപ്പിച്ച് അത്തരം അത്ഭുതകരമായ പരിപാടികൾ സൃഷ്ടിക്കാനും അത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും അവർക്ക് കഴിയും. ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് എല്ലാ ആശംസകളും നേരുന്നു.

സുഹൃത്തുക്കളേ,

കർഷകരുടെ അഭിവൃദ്ധിക്കായി നമ്മുടെ സർക്കാർ നിരന്തരം പ്രവർത്തിക്കുന്നു. മുൻ സർക്കാരുകളുടെ കാലത്ത്, കർഷകരുടെ പേരിൽ നടത്തിയ ഒരു പ്രഖ്യാപനം പോലും നടപ്പിലാക്കാൻ പ്രയാസമായിരുന്നു. എന്നാൽ ബിജെപി സർക്കാർ പറയുന്നത് പോലെ ചെയ്യുന്നു! ഇന്ന്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സർക്കാരിന്റെ ഉറച്ച ഉദ്ദേശ്യങ്ങളുടെ ഒരു ഉദാഹരണമായി മാറിയിരിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

2019-ൽ പിഎം-കിസാൻ സമ്മാൻ നിധി ആരംഭിച്ചപ്പോൾ, വികസന വിരുദ്ധരായ ആളുകൾ, എസ്പി-കോൺഗ്രസ് പോലുള്ള വികസന വിരുദ്ധ പാർട്ടികൾ എന്തൊക്കെ കിംവദന്തികളാണ്  പ്രചരിപ്പിച്ചതെന്ന് നിങ്ങൾ ഓർക്കണം? അവർ ആളുകളെ തെറ്റിദ്ധരിപ്പിച്ചു, കർഷകരെ ആശയക്കുഴപ്പത്തിലാക്കി, ചിലർ പറയുമായിരുന്നു, മോദി പദ്ധതി കൊണ്ടുവന്നിരിക്കാം, പക്ഷേ 2019 ലെ തിരഞ്ഞെടുപ്പ് നടക്കും, ഇതെല്ലാം നിർത്തും, ഇത് മാത്രമല്ല, മോദി ഇപ്പോൾ നിക്ഷേപിച്ച പണവും അദ്ദേഹം പിൻവലിക്കും. എന്തെല്ലാം തരത്തിലുള്ള നുണകളാണ് അവർ പറയുന്നത്? രാജ്യത്തിന്റെ ദൗർഭാഗ്യമാണിത്, പ്രതിപക്ഷ മാനസികാവസ്ഥയുള്ള ആളുകൾ, നിരാശയുടെ ആഴങ്ങളിൽ മുങ്ങി, അത്തരം തെറ്റായ സത്യങ്ങളുമായി ജീവിക്കുന്നു. അവർക്ക് കർഷകരോടും രാജ്യത്തെ ജനങ്ങളോടും മാത്രമേ കള്ളം പറയാൻ കഴിയൂ. നിങ്ങൾ പറയൂ, ഇത്രയും വർഷത്തിനിടയിൽ ഒരു ഗഡു പോലും നിർത്തിയിട്ടുണ്ടോ? പിഎം സമ്മാൻ കിസാൻ നിധി ഒരു ഇടവേളയുമില്ലാതെ തുടരുന്നു. ഇന്നുവരെ, 3.75 ലക്ഷം കോടി രൂപ, കണക്ക് ഓർക്കുക, 3.75 ലക്ഷം കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. എത്രയെന്ന് നിങ്ങൾ എന്നോട് പറയുമോ? 3.75 ലക്ഷം കോടി. എത്ര? എത്ര? ഈ 3.75 ലക്ഷം കോടി, ആരുടെ അക്കൗണ്ടിലാണ് ഇത്രയും പണം നിക്ഷേപിച്ചത്? ആരുടെ അക്കൗണ്ടിലാണ് ഇത് നിക്ഷേപിച്ചത്? എന്റെ കർഷക സഹോദരീ സഹോദരന്മാരുടെ അക്കൗണ്ടുകളിലാണ് ഇത് നിക്ഷേപിച്ചത്.ഇവിടെ, ഉത്തർപ്രദേശിലെ ഏകദേശം 2.5 കോടി കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിച്ചു. ഈ പദ്ധതി പ്രകാരം 90,000 കോടിയിലധികം രൂപ യുപിയിലെ കർഷകർക്ക് അയച്ചു. ഇതു മാത്രമല്ല, എന്റെ കാശിയിലെ കർഷകർക്ക് ഏകദേശം 900 കോടി രൂപയും ലഭിച്ചു. നിങ്ങൾ ഒരു എംപിയെ തിരഞ്ഞെടുത്തതിനാൽ 900 കോടി രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നു. ഏറ്റവും വലിയ കാര്യം, കമ്മിഷൻ ഇല്ലാതെ, ഇടനിലക്കാരനില്ലാതെ,പണമിടപാടുകളില്ലാതെ, ഈ പണം നേരിട്ട് കർഷകരുടെ അക്കൗണ്ടിൽ എത്തി എന്നതാണ്. മോദി ഇതൊരു സ്ഥിരം സംവിധാനമാക്കിയിരിക്കുന്നു. ഒരു ചോർച്ചയും ഉണ്ടാകില്ല, ദരിദ്രരുടെ അവകാശങ്ങൾ കവർന്നെടുക്കുകയുമില്ല.

സുഹൃത്തുക്കളേ,

മോദിയുടെ വികസന മന്ത്രം ഇതാണ് - രാജ്യം കൂടുതൽ പിന്നോട്ട് പോകുന്തോറും അതിന് കൂടുതൽ മുൻഗണന ലഭിക്കുന്നു! രാജ്യം കൂടുതൽ പിന്നോട്ട് പോകുന്തോറും അതിന് കൂടുതൽ മുൻഗണന ലഭിക്കുന്നു! ഈ മാസം കേന്ദ്ര സർക്കാർ മറ്റൊരു വലിയ പദ്ധതി അംഗീകരിച്ചു. അതിന്റെ പേര് - പ്രധാൻ മന്ത്രി ധൻ-ധന്യ കൃഷി യോജന എന്നാണ് . കർഷകരുടെ ക്ഷേമത്തിനും കാർഷിക വ്യവസ്ഥയ്ക്കും കാർഷിക വികസനത്തിനും വേണ്ടി ഈ പദ്ധതിയിൽ 24,000 കോടി രൂപ ചെലവഴിക്കും. മുൻ സർക്കാരുകളുടെ തെറ്റായ നയങ്ങൾ കാരണം വികസനത്തിന്റെ പാതയിൽ പിന്നാക്കം പോയ രാജ്യത്തെ ജില്ലകൾ പിന്നാക്കം തുടർന്നു, കാർഷിക ഉൽപ്പാദനം കുറഞ്ഞു  , കർഷകരുടെ വരുമാനവും കുറവായിരുന്നു ,അന്ന് ഇതൊന്നും  ചോദിക്കാൻ ആരുമില്ലായിരുന്നു,എന്നാൽ ഇന്ന് ആ ജില്ലകളായിരിക്കും പ്രധാനമന്ത്രി ധൻ-ധന്യ കൃഷി യോജനയുടെ ശ്രദ്ധാകേന്ദ്രം. ഇത് യുപിയിലെ ലക്ഷക്കണക്കിന് കർഷകർക്കും ഗുണം ചെയ്യും.

സുഹൃത്തുക്കളേ,

കർഷകരുടെ ജീവിതത്തിൽ മാറ്റം വരുത്തുന്നതിനും, അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും, കൃഷിച്ചെലവ് കുറയ്ക്കുന്നതിനും, എൻ‌ഡി‌എ സർക്കാർ പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നു, എല്ലാ ശ്രമങ്ങളും നടത്തുന്നു. വിത്ത് മുതൽ വിപണി വരെ ഞങ്ങൾ കർഷകർക്കൊപ്പം നിൽക്കുന്നു. കൃഷിയിടങ്ങളിൽ വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ലക്ഷക്കണക്കിന് കോടി രൂപയുടെ ജലസേചന പദ്ധതികൾ രാജ്യത്ത് നടത്തിവരുന്നു.

സുഹൃത്തുക്കളേ,

കാലാവസ്ഥ, കർഷകർക്ക് ഒരു വലിയ വെല്ലുവിളിയാണ്, ചിലപ്പോൾ അമിതമായ മഴ, ചിലപ്പോൾ ആലിപ്പഴം, മഞ്ഞ് വീഴ്ച! ഇതിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനാണ് പ്രധാനമന്ത്രി ഫസൽ ബീമ യോജന ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം, ഈ കണക്ക് ഓർക്കുക, ഈ ഇൻഷുറൻസ് പദ്ധതി പ്രകാരം, ഇതുവരെ 1.75 ലക്ഷം കോടിയിലധികം രൂപ കർഷകർക്ക് ക്ലെയിമുകളായി നൽകിയിട്ടുണ്ട്. ഇൻഷുറൻസ് വഴി 1.75 ലക്ഷം കോടി രൂപ. നിങ്ങൾ എത്ര പറയും? എത്ര? 1.75 ലക്ഷം കോടി രൂപ.

സുഹൃത്തുക്കളേ,

നിങ്ങളുടെ വിളകൾക്ക് ശരിയായ വില ലഭിക്കുന്നുണ്ടെന്ന് ഞങ്ങളുടെ ഗവൺമെന്റ് ഉറപ്പാക്കുന്നു. ഇതിനായി, വിളകളുടെ എംഎസ്പിയിൽ(കുറഞ്ഞ താങ്ങുവില)റെക്കോർഡ് വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നെല്ല്, ഗോതമ്പ് തുടങ്ങിയ പ്രധാന വിളകളുടെ എംഎസ്പിയും വർദ്ധിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ, രാജ്യത്ത് ആയിരക്കണക്കിന് പുതിയ ധാന്യസംഭരണികളും  സർക്കാർ നിർമ്മിക്കുന്നുണ്ട്.

സഹോദരീ സഹോദരന്മാരേ,

കാർഷിക സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഞങ്ങൾ ലഖ്പതി ദീദി കാമ്പെയ്‌ൻ(ലക്ഷാധിപതി സഹോദരിമാരെ സൃഷ്ടിക്കൽ പരിപാടി)നടത്തുന്നു. രാജ്യത്ത് മൂന്ന് കോടി ലക്ഷാധിപതി സഹോദരിമാരെ സൃഷ്ടിക്കുക  എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ കണക്കുകൾ കേട്ടാൽ ഈ എസ്‌പിക്കാർ  അവരുടെ സൈക്കിളുകളുമായി ഓടിപ്പോകും. ഇതുവരെ ഒന്നര കോടിയിലധികം ലക്ഷാധിപതി സഹോദരിമാരെ സൃഷ്ടിച്ചു. 3 കോടി എന്ന ലക്ഷ്യത്തിന്റെ പകുതി ജോലി പൂർത്തിയായി. ഗ്രാമങ്ങളിൽ ജോലി ചെയ്യുന്ന ദരിദ്ര കുടുംബങ്ങളിൽ നിന്നും കർഷക കുടുംബങ്ങളിൽ നിന്നുമുള്ള നമ്മുടെ ഒന്നര കോടി സഹോദരിമാർ, ഒന്നര കോടി സഹോദരിമാർ ലക്ഷാധിപതി സഹോദരിമാരായി,ഇത് ഒരു മികച്ച പ്രവൃത്തിയാണ്. ഗവൺമെൻ്റിൻ്റെ  ഡ്രോൺ ദീദി അഭിയാൻ ലക്ഷക്കണക്കിന് സഹോദരിമാരുടെ വരുമാനം വർദ്ധിപ്പിച്ചു.

സുഹൃത്തുക്കളേ,

കൃഷിയുമായി ബന്ധപ്പെട്ട ആധുനിക ഗവേഷണങ്ങൾ വയലുകളിലേക്ക് കൊണ്ടുപോകുന്നതിലും നമ്മുടെ സർക്കാർ ഏർപ്പെട്ടിരിക്കുന്നു. ഇതിനായി മെയ്, ജൂൺ മാസങ്ങളിൽ പ്രത്യേകം വികസിപ്പിച്ചെടുത്ത കൃഷി സങ്കൽപ്പ് അഭിയാൻ നടത്തി. ലാബിൽ നിന്ന്  ഭൂമിയിലേക്ക് എന്ന മന്ത്രത്തോടെ, 1.25 കോടിയിലധികം കർഷകരുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്.നമ്മുടെ രാജ്യത്ത്,കൃഷി ഒരു സംസ്ഥാന വിഷയമാണെന്നും അത് ശരിയാണെന്നും വിശ്വസിക്കപ്പെടുന്നു.അവർക്ക് അത് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നത് പരിഗണിക്കാതെ,സംസ്ഥാനങ്ങൾ അത് ചെയ്യണമെന്നാണ് വ്യവസ്ഥ. പക്ഷേ സംഗതി  അങ്ങനെയാണെങ്കിലും, ഇന്ത്യൻ ഗവൺമെന്റ്,അതായത്  എൻ‌ഡി‌എ ഗവൺമെന്റ്, മോദി ഗവൺമെന്റ് കരുതിയത്, അത് ഒരു സംസ്ഥാന വിഷയമാണെങ്കിൽ പോലും, അത് ചെയ്യാൻ കഴിയാത്ത നിരവധി സംസ്ഥാനങ്ങളുണ്ട്, അതിനാൽ ഞങ്ങൾ സ്വയം എന്തെങ്കിലും ചെയ്യുമെന്ന് തീരുമാനിക്കുകയും കോടിക്കണക്കിന് കർഷകരുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു.

സുഹൃത്തുക്കളേ,

കേന്ദ്ര സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നിങ്ങളിലേക്ക് എത്തുന്നതിനായി ഇന്ന് ഞാൻ നിങ്ങളുമായി പ്രധാനപ്പെട്ട വിവരങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്നു. അതിൽ നിങ്ങളുടെയും ഇവിടെ ഇരിക്കുന്ന ആളുകളുടെയും സഹായം എനിക്ക് ആവശ്യമാണ്. ജൻ ധൻ യോജന പ്രകാരം രാജ്യത്ത് 55 കോടി പാവപ്പെട്ടവർ  ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് നിങ്ങൾക്കറിയാം. ബാങ്കിന്റെ വാതിലുകൾ കാണാൻ ഭാഗ്യമില്ലാത്ത 55 കോടി ആളുകളുടെ അക്കൗണ്ടുകൾ, നിങ്ങൾ മോദിക്ക് ജോലി ചെയ്യാൻ അവസരം നൽകിയതുമുതൽ ഞാൻ ഈ ജോലി ചെയ്യുന്നു, 55 കോടി. ഇപ്പോൾ ഈ പദ്ധതി അടുത്തിടെ 10 വർഷം പൂർത്തിയാക്കി. ഇപ്പോൾ ബാങ്കിംഗ് മേഖലയിൽ ചില നിയമങ്ങളുണ്ട്, 10 വർഷത്തിനുശേഷം വീണ്ടും ബാങ്ക് അക്കൗണ്ടുകളുടെ KYC(know your customer ) ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് നിയമങ്ങൾ പറയുന്നു. ഒരു പ്രക്രിയ  നാം പൂർത്തിയാക്കേണ്ടതുണ്ട്. ഇപ്പോൾ നിങ്ങൾ ബാങ്കിൽ പോയാലും ചെയ്താലും ഇല്ലെങ്കിലും, നിങ്ങൾ എല്ലാവരും  ആദ്യം ഇത്  ചെയ്യണം. ഇപ്പോൾ നിങ്ങളുടെ ഭാരം അൽപ്പം കുറയ്ക്കാൻ ഞാൻ മുൻകൈയെടുത്തിട്ടുണ്ട്. അതിനാൽ, ആളുകൾ വന്ന് KYC ചെയ്യുമെന്ന് ഞാൻ ബാങ്ക് അധികൃതരോട്  പറഞ്ഞു, അത് ഒരു നല്ല കാര്യമാണ്.എന്നാൽ ബാങ്കുകാർ  പൗരന്മാരെ എപ്പോഴും ഈ ആവശ്യത്തിനായി  ജാഗരൂകരായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.നോക്കൂ,ഇതിനായി   നമുക്ക് ഒരു പ്രചാരണ പരിപാടി  നടത്താൻ കഴിയുമോ? ഇന്ന്, റിസർവ് ബാങ്കിനെയും, നമ്മുടെ രാജ്യത്തെ എല്ലാ ബാങ്കുകളെയും, ബാങ്കുകളുമായി ബന്ധപ്പെട്ട  എല്ലാ ആളുകളെയും ഞാൻ പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു. ഇന്ന് അവർ  അത്തരമൊരു ദൗത്യം ഏറ്റെടുത്തിരിക്കുന്നു, അത് നമ്മെ അഭിമാനഭരിതരാക്കുന്നു. പത്ത് വർഷത്തിന് ശേഷം ഈ 10 കോടി ആളുകളുടെയും ഈ 55 കോടി ആളുകളുടെയും കെ‌വൈ‌സി ബാങ്കുകാർ  അവലോകനം ചെയ്യണം, അതിനാൽ ജൂലൈ 1 മുതൽ രാജ്യത്തുടനീളം ഈ ജോലി പൂർത്തിയാക്കുന്നതിനായി ഒരു വലിയ പ്രചരണ പരിപാടി   നടക്കുന്നു. നമ്മുടെ ബാങ്കുകൾ ഓരോ ഗ്രാമപഞ്ചായത്തിലേക്കും സ്വന്തമായി എത്തിച്ചേരുന്നു. അവർ അവിടെ മേളകൾ സംഘടിപ്പിക്കുന്നു. ഇതുവരെ, ഏകദേശം ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ബാങ്കുകൾ ക്യാമ്പുകളും മേളകളും സംഘടിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ അവരുടെ കെ‌വൈ‌സി വീണ്ടും പൂർത്തിയാക്കിയിട്ടുണ്ട്. ഈ പരിപാടി  കൂടുതൽ കാലം  തുടരും. ജൻ ധൻ അക്കൗണ്ട് ഉള്ള ഓരോ വ്യക്തിയും വീണ്ടും കെ‌വൈ‌സി പൂർത്തിയാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

 സുഹൃത്തുക്കളേ,

ഗ്രാമപഞ്ചായത്തുകളിൽ ബാങ്കുകൾ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്; ലക്ഷക്കണക്കിന് പഞ്ചായത്തുകളിൽ ഇപ്പോഴും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ ക്യാമ്പുകൾ പ്രയോജനപ്പെടുത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു . ഇതിന്  നിരവധി ഗുണങ്ങളുണ്ട്, മറ്റൊരു നേട്ടവുമുണ്ട്, ഈ ക്യാമ്പുകളിൽ, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയ നിരവധി പദ്ധതികളുടെ രജിസ്ട്രേഷനും നടക്കുന്നുണ്ട്. ഒരു കപ്പ് ചായയുടെ വിലയേക്കാൾ കുറഞ്ഞ ചിലവ്  മാത്രമേ ഈ ഇൻഷുറൻസിന് ചെലവാകൂ. ഈ പദ്ധതികൾ നിങ്ങളെ വളരെയധികം സഹായിക്കുന്നു. അതിനാൽ, ബാങ്കുകൾ ആരംഭിച്ച വലിയ കാമ്പെയ്‌ൻ പൂർണ്ണമായി പ്രയോജനപ്പെടുത്തുക, മുഴുവൻ രാജ്യത്തെയും ജനങ്ങളോട് ഞാൻ പറയുന്നു, നിങ്ങൾ തീർച്ചയായും ഈ ക്യാമ്പുകളിൽ പോകണം. നിങ്ങൾ ഇതുവരെ ഈ പദ്ധതികളിൽ ചേർന്നിട്ടില്ലെങ്കിൽ, അവയിൽ രജിസ്റ്റർ ചെയ്യുക, നിങ്ങളുടെ ജൻ ധൻ അക്കൗണ്ടുകളുടെ  കെ‌വൈ‌സി പൂർത്തിയാക്കുക. എല്ലാ ബിജെപി, എൻ‌ഡി‌എ പ്രതിനിധികളോടും ഈ കാമ്പെയ്‌നിനെക്കുറിച്ച് കഴിയുന്നത്ര ആളുകളെ ബോധവാന്മാരാക്കാനും, ബാങ്കുകളുമായി സംസാരിക്കാനും, ക്യാമ്പ് എപ്പോൾ, എവിടെ നടക്കുമെന്ന് അറിയിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു?നമുക്ക്  എന്ത് സഹായം നൽകാൻ കഴിയും? ഇത്രയും വലിയൊരു ദൗത്യത്തിൽ ബാങ്കുകളെ സഹായിക്കാൻ നമ്മൾ മുന്നോട്ട് വരണം, അവരെ സഹായിക്കണം, ക്യാമ്പ് നടക്കുന്നിടത്തെല്ലാം കഴിയുന്നത്ര ആളുകളെ ഈ കാമ്പെയ്‌നുമായി ബന്ധിപ്പിക്കണം.

സുഹൃത്തുക്കളേ,

ഇന്ന് മഹാദേവൻ്റെ  നഗരത്തിൽ വളരെയധികം വികസനവും പൊതുജനക്ഷേമവും നടന്നു! ശിവന്റെ അർത്ഥം തന്നെ,  - ക്ഷേമം! എന്നാണ് .എന്നാൽ ശിവന് മറ്റൊരു രൂപവുമുണ്ട്, ശിവന്റെ ഒരു രൂപം കല്യാണ്‍(ക്ഷേമം)ആണ്, ശിവന്റെ മറ്റൊരു രൂപം - രുദ്ര രൂപം! ഭീകരതയും അനീതിയും ഉണ്ടാകുമ്പോൾ, നമ്മുടെ മഹാദേവൻ രുദ്രന്റെ രൂപം സ്വീകരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത്, ലോകം ഇന്ത്യയുടെ ഈ രൂപം കണ്ടു. ഇന്ത്യയെ ആക്രമിക്കുന്ന ആർക്കും നരകത്തിൽ പോലും അതിജീവിക്കാൻ കഴിയില്ല.

പക്ഷേ സഹോദരീ സഹോദരന്മാരേ,

നിർഭാഗ്യവശാൽ, നമ്മുടെ രാജ്യത്തെ ചില ആളുകൾക്കും ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ വയറുവേദന അനുഭവപ്പെടുന്നുണ്ട്. ഈ കോൺഗ്രസ് പാർട്ടിക്കും അവരുടെ അനുയായികൾക്കും, അവരുടെ സുഹൃത്തുക്കൾക്കും, ഇന്ത്യ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിച്ചു എന്ന വസ്തുത ദഹിക്കാൻ കഴിയുന്നില്ല. എന്റെ കാശിയിലെ യജമാനന്മാരോട് ഞാൻ ചോദിക്കട്ടെ. ഇന്ത്യയുടെ ശക്തിയിൽ നിങ്ങൾ അഭിമാനിക്കുന്നുണ്ടോ ഇല്ലയോ? ഓപ്പറേഷൻ സിന്ദൂറിൽ നിങ്ങൾ അഭിമാനിക്കുന്നില്ലേ? തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിക്കുന്നതിൽ നിങ്ങൾ അഭിമാനിക്കുന്നുവോ  ഇല്ലയോ?

സുഹൃത്തുക്കളേ,

നമ്മുടെ ഡ്രോണുകളും മിസൈലുകളും എങ്ങനെയാണ് കൃത്യമായ ആക്രമണങ്ങൾ നടത്തി ഭീകര ആസ്ഥാനം തകർത്തതെന്ന് നിങ്ങൾ ചിത്രങ്ങളിലൂടെ കണ്ടിട്ടുണ്ടാകും. പാകിസ്ഥാനിലെ പല വ്യോമതാവളങ്ങളും ഇപ്പോഴും ഐസിയുവിലാണ്. പാകിസ്ഥാൻ ദുഃഖിതനാണ്, എല്ലാവർക്കും ഇത് മനസ്സിലാകും, പക്ഷേ കോൺഗ്രസിനും എസ്പിക്കും പാകിസ്ഥാന്റെ ഈ ദുഃഖം സഹിക്കാൻ കഴിയുന്നില്ല, ഒരു വശത്ത് ഭീകരതയുടെ യജമാനൻ നിലവിളിക്കുന്നു, മറുവശത്ത് കോൺഗ്രസ്-എസ്പിക്കാർ തീവ്രവാദികളുടെ അവസ്ഥ കണ്ട് കരയുന്നു.

സുഹൃത്തുക്കളേ,

കോൺഗ്രസ് നമ്മുടെ സായുധ സേനയുടെ വീര്യത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ഓപ്പറേഷൻ സിന്ദൂറിനെ ഒരു തമാശ എന്നാണ് വിളിച്ചത്. നിങ്ങൾ പറയൂ, സിന്ദൂറിന് എപ്പോഴെങ്കിലും ഒരു തമാശയാകാൻ കഴിയുമോ? അങ്ങനെയാകാൻ കഴിയുമോ? ആർക്കെങ്കിലും സിന്ദൂരത്തെ ഒരു തമാശ എന്ന് വിളിക്കാൻ കഴിയുമോ? നമ്മുടെ സായുധ സേനയുടെ വീര്യവും, നമ്മുടെ സഹോദരിമാരുടെ സിന്ദൂരത്തോടുള്ള പ്രതികാരവുമായി മാറിയ അതിനെ ഒരു പ്രഹസനമെന്ന് വിളിക്കുന്നതിലെ ധിക്കാരവും ലജ്ജയില്ലായ്മയും നിങ്ങൾ തിരിച്ചറിയണം .

സഹോദരീ സഹോദരന്മാരേ,

വോട്ട് ബാങ്കിന്റെയും പ്രീണനത്തിന്റെയും രാഷ്ട്രീയത്തിൽ സമാജ്‌വാദി പാർട്ടിയും പിന്നിലല്ല. പഹൽഗാമിലെ തീവ്രവാദികളെ എന്തിനാണ് ഇപ്പോൾ കൊന്നതെന്ന് എസ്പി നേതാക്കൾ പാർലമെന്റിൽ ചോദിച്ചുകൊണ്ടിരുന്നു. ഇപ്പോൾ പറയൂ. ഞാൻ അവരെ വിളിച്ച് ചോദിക്കണോ? എസ്പിക്കാരെ കൊല്ലണോ വേണ്ടയോ? ആരെങ്കിലും ദയവായി എന്നോട് പറയൂ സഹോദരാ, സാമാന്യബുദ്ധിയോടെ പറയൂ. തീവ്രവാദികളെയും കൊല്ലാൻ നമ്മൾ കാത്തിരിക്കണോ? അവർക്ക് രക്ഷപ്പെടാൻ അവസരം നൽകണോ? യുപിയിൽ അധികാരത്തിലിരുന്നപ്പോൾ തീവ്രവാദികൾക്ക് ക്ലീൻ ചിറ്റ് നൽകിയ അതേ ആളുകളാണ് ഇവർ. ബോംബ് സ്ഫോടനങ്ങൾ നടത്തിയ തീവ്രവാദികൾക്കെതിരായ കേസുകൾ പിൻവലിച്ചു. ഇപ്പോൾ തീവ്രവാദികൾ കൊല്ലപ്പെടുമ്പോൾ അവർക്ക് പ്രശ്‌നങ്ങളുണ്ട്. ഓപ്പറേഷൻ സിന്ദൂരിന്റെ പേരിൽ അവർ പ്രശ്‌നങ്ങൾ നേരിടുന്നു. കാശിയിലെ നിങ്ങളോട്  ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു. ഇതാണ് പുതിയ ഇന്ത്യ. ഈ പുതിയ ഇന്ത്യ ഭോലെനാഥിനെ ആരാധിക്കുന്നു, കൂടാതെ  ശത്രുക്കളുടെ മുന്നിൽ എങ്ങനെ കാലഭൈരവനാകാൻ  കഴിയുമെന്നും രാജ്യത്തിനറിയാം .

സുഹൃത്തുക്കളേ,

ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത്, ലോകം മുഴുവൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത  ആയുധങ്ങളുടെ ശക്തി കണ്ടു. നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തദ്ദേശീയ മിസൈലുകൾ, തദ്ദേശീയ ഡ്രോണുകൾ എന്നിവ സ്വാശ്രയ ഇന്ത്യയുടെ ശക്തി തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നമ്മുടെ ബ്രഹ്മോസ് മിസൈലുകൾ, അവയുടെ ശക്തി  ഇന്ത്യയുടെ എല്ലാ ശത്രുക്കളിലും ഭീതി  നിറച്ചിരിക്കുന്നു. പാകിസ്ഥാനിൽ എവിടെയെങ്കിലും ബ്രഹ്മോസിന്റെ ശബ്ദം കേട്ടാൽ, അവർക്ക്   ഉറക്കം നഷ്ടപെടും. 

എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,

ഞാൻ യുപിയിൽ നിന്നുള്ള ഒരു എംപിയാണ്. യുപിയിൽ നിന്നുള്ള ഒരു എംപി എന്ന നിലയിൽ, ആ ബ്രഹ്മോസ് മിസൈലുകൾ നമ്മുടെ യുപിയിലും നിർമ്മിക്കപ്പെടുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ബ്രഹ്മോസ് മിസൈലുകളുടെ നിർമ്മാണം ലഖ്‌നൗവിൽ ആരംഭിക്കുന്നു. നിരവധി വലിയ പ്രതിരോധ കമ്പനികളും യുപി യുടെ  പ്രതിരോധ ഇടനാഴിയിൽ അവരുടെ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്. വരും കാലങ്ങളിൽ, യുപിയിൽ നിർമ്മിച്ച ആയുധങ്ങൾ, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും നിർമ്മിച്ച ആയുധങ്ങൾ, ഇന്ത്യൻ സേനയുടെ ശക്തിയായി മാറും. എന്റെ സുഹൃത്തുക്കളേ, ഈ സ്വാശ്രയ സൈനിക ശക്തിയെക്കുറിച്ച് കേൾക്കുമ്പോൾ, നിങ്ങൾക്ക് അഭിമാനം തോന്നുന്നുണ്ടോ ഇല്ലയോ എന്ന് പറയൂ? പൂർണ്ണ ശക്തിയോടെ നിങ്ങളുടെ കൈകൾ ഉയർത്തി എന്നോട് പറയൂ, നിങ്ങൾക്ക് അഭിമാനം തോന്നുന്നുണ്ടോ ഇല്ലയോ? നിങ്ങൾക്ക് അഭിമാനം തോന്നുന്നുണ്ടോ ഇല്ലയോ എന്ന് പറയൂ, ഹർ ഹർ മഹാദേവ്. പാകിസ്ഥാൻ വീണ്ടും എന്തെങ്കിലും അനീതി ചെയ്താൽ, യുപിയിൽ നിർമ്മിച്ച മിസൈലുകൾ തീവ്രവാദികളെ നശിപ്പിക്കും.

സുഹൃത്തുക്കളേ,

ഇന്ന് യുപി വളരെ വേഗത്തിൽ വ്യാവസായികമായി വികസിച്ചുകൊണ്ടിരിക്കുകയാണ്, രാജ്യത്തെയും ലോകത്തെയും വൻകിട കമ്പനികൾ ഇവിടെ നിക്ഷേപം നടത്തുന്നു, ബിജെപി സർക്കാരിന്റെ വികസന നയങ്ങൾക്ക് ഇതിന് പിന്നിൽ വലിയ പങ്കുണ്ട്. എസ്പിയുടെ കാലത്ത് കുറ്റവാളികൾ യുപിയിൽ ഭയമില്ലാത്തവരായിരുന്നു, നിക്ഷേപകർ ഇവിടെ വരാൻ പോലും ഭയപ്പെട്ടിരുന്നു. എന്നാൽ, ബിജെപി സർക്കാരിന്റെ കീഴിൽ കുറ്റവാളികൾ ഭയപ്പെടുന്നു, നിക്ഷേപകർ യുപിയുടെ ഭാവിയിൽ ആത്മവിശ്വാസം കാണുന്നു. വികസനത്തിന്റെ ഈ വേഗതയ്ക്ക് യുപി സർക്കാരിനെ ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

കാശിയിൽ വികസനത്തിന്റെ മഹായജ്ഞം തുടരുന്നതിൽ ഞാൻ സംതൃപ്തനാണ്. ഇന്ന് ആരംഭിച്ച റെയിൽ മേൽപ്പാലം, ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട പദ്ധതികൾ, കാശിയിലെ സ്കൂളുകളുടെ നവീകരണ പ്രവർത്തനങ്ങൾ, ഹോമിയോപ്പതിക് കോളേജിന്റെ നിർമ്മാണം, മുൻഷി പ്രേംചന്ദിന്റെ പൈതൃകം സംരക്ഷിക്കൽ, ഈ പ്രവൃത്തികളെല്ലാം മഹത്തായ കാശിയുടെയും ദിവ്യ കാശിയുടെയും സമ്പന്നമായ കാശിയുടെയും എന്റെ കാശിയുടെയും നിർമ്മാണത്തെ ത്വരിതപ്പെടുത്തും. സേവാപുരിയിൽ  വരുന്നത് ഭാഗ്യമാണ്. ഇതാണ് മാതാ കൽക്ക ദേവിയുടെ കവാടം. ഇവിടെ നിന്ന് ഞാൻ മാതാ  കൽക്കയുടെ കാൽക്കൽ പ്രണാമം അർപ്പിക്കുന്നു. നമ്മുടെ സർക്കാർ മാ കൽക്ക ധാം മനോഹരമാക്കി അതിനെ കൂടുതൽ ഗംഭീരമാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്. ക്ഷേത്രത്തിലേക്ക് വരുന്നതും എളുപ്പമായി തീർന്നു.സേവാപുരിയുടെ ചരിത്രം വിപ്ലവത്തിന്റെ ചരിത്രമാണ്. ഇവിടെ നിന്നുള്ള നിരവധി പേർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിച്ച അതേ സേവാപുരിയാണിത്. ഇവിടെ, എല്ലാ വീട്ടിലും, പുരുഷന്മാരുടെയും സ്ത്രീകളുടെയും കൈകളിൽ ഒരു ചർക്ക  ഉണ്ടായിരുന്നു, യാദൃശ്ചികത നോക്കൂ, ഇപ്പോൾ ചാന്ദ്പൂർ മുതൽ ഭാദോഹി റോഡ് വരെയുള്ള പദ്ധതികൾക്കൊപ്പം ഭാദോഹിയിലെ നെയ്ത്തുകാരും കാശിയിലെ നെയ്ത്തുകാരോടൊപ്പം ചേരുന്നു. ബനാറസി സിൽക്ക് നെയ്ത്തുകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും, ഭാദോഹിയിലെ കരകൗശല തൊഴിലാളികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,

കാശി ബുദ്ധിജീവികളുടെ നഗരമാണ്. ഇന്ന്, നമ്മൾ സാമ്പത്തിക പുരോഗതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, ആഗോള സാഹചര്യത്തിലേക്കും നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന്, ലോക സമ്പദ്‌വ്യവസ്ഥ നിരവധി ആശങ്കകളിലൂടെ കടന്നുപോകുന്നു, അസ്ഥിരതയുടെ അന്തരീക്ഷമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ലോക രാജ്യങ്ങൾ അവരവരുടെ താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ പോകുന്നു. അതിനാൽ, ഇന്ത്യയും അതിന്റെ സാമ്പത്തിക താൽപ്പര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. നമ്മുടെ കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും യുവാക്കളുടെ തൊഴിൽ മേഖലയുടെയും താൽപ്പര്യങ്ങൾ നമുക്ക് പരമപ്രധാനമാണ്. ഈ ദിശയിൽ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നു. എന്നാൽ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ, നമുക്ക് ചില ഉത്തരവാദിത്തങ്ങളുമുണ്ട്.ഇത് മോദി മാത്രമല്ല, ഇന്ത്യയിലെ ഓരോ വ്യക്തിയും ഓരോ നിമിഷവും ഹൃദയത്തിൽ പറയേണ്ട കാര്യമാണ്, മറ്റുള്ളവരോട് പറയണം, രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവർ, രാജ്യത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാൻ ആഗ്രഹിക്കുന്നവർ, അത് ഏത് രാഷ്ട്രീയ പാർട്ടിയായാലും, ഏത് രാഷ്ട്രീയക്കാരനായാലും, അവരുടെ മടി മാറ്റിവെച്ച്, രാജ്യത്തിന്റെ താൽപ്പര്യാർത്ഥം, ഓരോ നിമിഷവും, എല്ലാ സമയത്തും, എല്ലാ സ്ഥലത്തും, അവർ നാട്ടുകാരിൽ ഒരു വികാരം ഉണർത്തേണ്ടതുണ്ട്, അതായത് - നമുക്ക് സ്വദേശിക്കായി ഒരു പ്രതിജ്ഞയെടുക്കാം! ഇനി നമ്മൾ ഏതൊക്കെ സാധനങ്ങൾ വാങ്ങും, ഏത് അളവുകോലിലാണ്  അവ തൂക്കിനോക്കേണ്ടത് എന്ന് നമുക്ക് തീരുമാനമെടുക്കാം.

എന്റെ സഹോദരീ സഹോദരന്മാരേ, എന്റെ നാട്ടുകാരേ,

ഇനി, നമ്മൾ എന്ത് വാങ്ങിയാലും, ഒരു അളവുകോൽ  മാത്രമേ ഉണ്ടാകൂ, ഒരു ഇന്ത്യക്കാരന്റെ വിയർപ്പ് കൊണ്ട് നിർമ്മിച്ച സാധനങ്ങൾ മാത്രമേ നമ്മൾ വാങ്ങൂ. ഇന്ത്യയിലെ ജനങ്ങൾ നിർമ്മിച്ചതും, ഇന്ത്യയിലെ ജനങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് നിർമ്മിച്ചതും, ഇന്ത്യയിലെ ജനങ്ങളുടെ വിയർപ്പ് കൊണ്ട് നിർമ്മിച്ചതും. നമുക്ക്, അതാണ് സ്വദേശി. നമ്മൾ വോക്കൽ ഫോർ ലോക്കൽ എന്ന മന്ത്രം സ്വീകരിക്കണം. മെയ്ക്ക് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾ മാത്രമേ പ്രോത്സാഹിപ്പിക്കൂ എന്ന് നാം പ്രതിജ്ഞയെടുക്കണം.  നമ്മുടെ വീട്ടിലേക്ക് പുതിയ സാധനങ്ങൾ വരുന്നതെന്തും, അത് സ്വദേശിയായിരിക്കും, രാജ്യത്തെ ഓരോ പൗരനും ഈ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. ഇന്ന് ബിസിനസ്സ് ലോകത്തുള്ള  എന്റെ സഹോദരീസഹോദരന്മാരോട് ഒരു പ്രത്യേക അഭ്യർത്ഥന നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കടയുടമകളായ  സഹോദരീസഹോദരന്മാരോട് ഞാൻ അഭ്യർത്ഥിക്കുന്നു, ലോകം അത്തരമൊരു അസ്ഥിരതയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ, നമ്മളും, അത് ബിസിനസ്സായാലും, ചെറിയ കടയായാലും, ബിസിനസ്സ് ചെയ്യൂ. ഇനി നമ്മൾ നമ്മുടെ സ്ഥലത്ത് നിന്ന് തദ്ദേശീയ വസ്തുക്കൾ മാത്രമേ വിൽക്കൂ എന്ന മന്ത്രത്തോടെ.. 

സുഹൃത്തുക്കളേ,

സ്വദേശി സാധനങ്ങൾ വിൽക്കാനുള്ള ഈ തീരുമാനം രാജ്യത്തോടുള്ള ഒരു യഥാർത്ഥ സേവനവുമായിരിക്കും. വരും മാസങ്ങൾ ഉത്സവങ്ങളുടെ മാസങ്ങളാണ്. ദീപാവലി വരും, പിന്നീട് വിവാഹങ്ങളുടെ സമയം വരും. ഇനി നമ്മൾ ഓരോ നിമിഷവും സ്വദേശി വാങ്ങും. ഞാൻ  ഇത് നാട്ടുകാരോട് പറഞ്ഞപ്പോൾ, നമ്മൾ  ഇന്ത്യയിലായിരുന്നു. ഇനി വിദേശത്ത് പോയി വിവാഹം കഴിച്ച് രാജ്യത്തിന്റെ സമ്പത്ത് പാഴാക്കരുത്. ഞങ്ങളുടെ കുടുംബം വിദേശത്ത് വിവാഹം കഴിക്കാൻ തീരുമാനിച്ചതായി പറഞ്ഞുകൊണ്ട് നിരവധി യുവാക്കൾ എനിക്ക് കത്തുകൾ എഴുതാറുണ്ടായിരുന്നു.അതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ നിങ്ങളുടെ വാക്കുകൾ കേട്ടതിനുശേഷം, ചില ചിലവുകൾ വന്നെങ്കിൽ കൂടി,ഞങ്ങൾ ഇപ്പോൾ അവിടെയുള്ളതെല്ലാം റദ്ദാക്കി,ഇപ്പോൾ ഞങ്ങൾ ഇന്ത്യയിൽ മാത്രമേ വിവാഹം കഴിക്കൂ എന്ന് എന്നെ അറിയിച്ചിരിക്കുകയാണ്. വിവാഹം നടക്കാൻ കഴിയുന്ന വളരെ നല്ല സ്ഥലങ്ങളും നമുക്കിവിടെയുണ്ട്. എല്ലാത്തിലും സ്വദേശി എന്ന വികാരം വരും ദിവസങ്ങളിൽ നമ്മുടെ ഭാവി തീരുമാനിക്കും. സുഹൃത്തുക്കളേ, ഇത് മഹാത്മാഗാന്ധിക്കുള്ള ഒരു വലിയ ആദരവ് കൂടിയായിരിക്കും.

 സുഹൃത്തുക്കളേ,

എല്ലാവരുടെയും പരിശ്രമത്തിലൂടെ മാത്രമേ വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. ഇന്നത്തെ വികസന പ്രവർത്തനങ്ങൾക്ക് ഞാൻ നിങ്ങളെ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. ഭാവിയിൽ നമ്മൾ വോക്കൽ ഫോർ ലോക്കൽ വാങ്ങിയാൽ, നമ്മൾ സ്വദേശി വാങ്ങും, നമ്മുടെ വീടുകൾ അലങ്കരിച്ചാൽ, നമ്മൾ സ്വദേശി കൊണ്ട് അലങ്കരിക്കും, നമ്മുടെ ജീവിതം മെച്ചപ്പെടുത്തിയാൽ,  അതും നമ്മൾ സ്വദേശി കൊണ്ട് മെച്ചപ്പെടുത്തും. ഈ മന്ത്രവുമായി നമുക്ക് മുന്നോട്ട് പോകാം. വളരെ നന്ദി. എന്നോടൊപ്പം ഹർ ഹർ മഹാദേവ് എന്ന് പറയൂ.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.
 

****


(Release ID: 2152255) Visitor Counter : 12