പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകദേശം 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു


രാജ്യത്തെ 9.7 കോടിയിലധികം കർഷകർക്ക് 20,500 കോടിയിലധികം രൂപ കൈമാറി, പിഎം-കിസാന്റെ 20-ാം ഗഡു വിതരണം ചെയ്തു

കർഷകരുടെ ജീവിതം മാറ്റിമറിക്കുന്നതിനും, അവരുടെ വരുമാനം വർധിപ്പിക്കുന്നതിനും, കൃഷിച്ചെലവു കുറയ്ക്കുന്നതിനും ഗവണ്മെന്റ് പൂർണശക്തിയോടെ പ്രവർത്തിക്കുന്നു; വിത്തുമുതൽ വിപണിവരെ കർഷകർക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു: പ്രധാനമന്ത്രി

ഇന്ത്യയെ ആക്രമിക്കുന്നവർ നരകത്തിൽപോലും സുരക്ഷിതരായിരിക്കില്ല: പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂറി’നിടെ, ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങളുടെ ശക്തി ലോകമാകെ വീക്ഷിച്ചു: പ്രധാനമന്ത്രി

നമ്മുടെ കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും താൽപ്പര്യങ്ങൾ ഞങ്ങൾക്കു പരമപ്രധാനമാണ്; ഈ ദിശയിൽ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നു: പ്രധാനമന്ത്രി

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനൊരുങ്ങുകയാണ് ഇന്ത്യ; അതിന്റെ സാമ്പത്തിക താൽപ്പര്യങ്ങളെക്കുറിച്ചു ജാഗ്രത പുലർത്തണം: പ്രധാനമന്ത്രി

Posted On: 02 AUG 2025 1:58PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്‌ഘാടനവും നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്യവേ, ശുഭകരമായ സാവൻ മാസത്തിൽ വാരാണസിയിലെ കുടുംബങ്ങളെ കണ്ടുമുട്ടാനായതു ഹൃദയം നിറയ്ക്കുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വാരാണസിയിലെ ജനങ്ങളുമായുള്ള ആഴത്തിലുള്ള വൈകാരിക ബന്ധം എടുത്തുകാട്ടിയ അദ്ദേഹം, നഗരത്തിലെ ഓരോ കുടുംബാംഗത്തിനും ആദരപൂർവം ആശംസകൾ നേർന്നു. ശുഭകരമായ സാവൻ മാസത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തുടനീളമുള്ള കർഷകരുമായി  ബന്ധപ്പെടാനായതിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു.

‘ഓപ്പറേഷൻ സിന്ദൂറി’നുശേഷം വാരാണസിയിലേക്കുള്ള തന്റെ ആദ്യ സന്ദർശനമാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏപ്രിൽ 22-നു പഹൽഗാമിൽ നടന്ന ഭീകരാക്രമണം അദ്ദേഹം ഓർമിപ്പിച്ചു. 26 നിരപരാധികൾ അന്നു ക്രൂരമായി കൊല്ലപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾ അനുഭവിച്ച അതിയായ വേദന, പ്രത്യേകിച്ച് ദുരന്തത്തിൽപ്പെട്ട കുട്ടികളുടെയും പെൺമക്കളുടെയും ദുഃഖം, ശ്രീ മോദി ഉയർത്തിക്കാട്ടി. തന്റെ ഹൃദയം ദുഃഖത്താൽ നിറഞ്ഞിരുന്നുവെന്നും, ആ സമയത്ത്, ദുഃഖിതരായ എല്ലാ കുടുംബങ്ങൾക്കും അവരുടെ കഷ്ടപ്പാടുകൾ സഹിക്കാൻ ശക്തി നൽകണമെന്നു ബാബ വിശ്വനാഥിനോടു പ്രാർഥിച്ചതായും അദ്ദേഹം പറഞ്ഞു. പെൺമക്കളുടെ സിന്ദൂരം മായ്ചതിനു പ്രതികാരം ചെയ്യുമെന്നു താൻ നൽകിയ വാഗ്ദാനം നിറവേറ്റിയതായി പ്രധാനമന്ത്രി പറഞ്ഞു. മഹാദേവന്റെ അനുഗ്രഹത്താലാണ് ഇതു സാധ്യമായതെന്നും ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ വിജയം മഹാദേവന്റെ കാൽക്കൽ സമർപ്പിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ, വാരാണസിയിലെ ശിവഭക്തരുടെ പുണ്യദൃശ്യങ്ങൾ ശ്രദ്ധിച്ചി‌രുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് സാവൻ മാസത്തിലെ ആദ്യ തിങ്കളാഴ്ച, തീർഥാടകർ ബാബ വിശ്വനാഥനു പുണ്യജലാഭിഷേകം നടത്താൻ പുറപ്പെടുന്ന വേളയിൽ, വാരാണസിയിൽ ഗംഗാജലം വഹിച്ചെത്തുന്ന ദൃശ്യങ്ങൾ താൻ കണ്ടിരുന്നു. ഗൗരി കേദാർനാഥിൽ നിന്നുള്ള ഗംഗാജലം തോളിൽ ചുമന്നുകൊണ്ടുവരുന്ന യാദവ സഹോദരരുടെ കാഴ്ച അത്യന്തം മനോഹരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡമരുവിന്റെ നാദം, പാതകളിൽ നിറഞ്ഞ ഊർജം എന്നിവയാൽ മുഖരിതമായ അന്തരീക്ഷത്തെ അദ്ദേഹം അസാധാരണമെന്നു വിശേഷിപ്പിച്ചു. പുണ്യമാസമായ സാവനിൽ ബാബ വിശ്വനാഥിനെയും മാർക്കണ്ഡേയ മഹാദേവനെയും സന്ദർശിക്കാനുള്ള തന്റെ വ്യക്തിപരമായ ആഗ്രഹം ശ്രീ മോദി പ്രകടിപ്പിച്ചു. എന്നാൽ, തന്റെ സാന്നിധ്യം മഹാദേവന്റെ ഭക്തർക്ക് അസൗകര്യമുണ്ടാക്കുകയോ അവരുടെ ദർശനം തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നു കരുതിയാണ്, ഇവിടെനിന്നു ഭഗവാൻ ഭോലേനാഥിനും ഗംഗാമാതാവിനും വന്ദനം അർപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആയിരം വർഷം പഴക്കമുള്ള സ്മാരകവും ഇന്ത്യയിലെ ശൈവപാരമ്പര്യത്തിന്റെ പുരാതന കേന്ദ്രവുമായ തമിഴ്‌നാട്ടിലെ ചരിത്രപ്രസിദ്ധമായ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം ഏതാനും ദിവസംമുമ്പു സന്ദർശിച്ചതു ശ്രീ മോദി അനുസ്മരിച്ചു. വടക്കും തെക്കും പ്രതീകാത്മകമായി ഒന്നിപ്പിക്കുന്നതിനായി വടക്കേ ഇന്ത്യയിൽനിന്നു ഗംഗാജലം കൊണ്ടുവന്ന പ്രശസ്ത രാജാവ് രാജേന്ദ്ര ചോളനാണ് ഈ ക്ഷേത്രം നിർമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരം വർഷംമുമ്പ്, ശിവഭക്തിയും ശൈവപാരമ്പര്യത്തോടുള്ള പ്രതിജ്ഞാബദ്ധതയുംവഴി രാജേന്ദ്ര ചോളൻ “ഏകഭാരതം, ശ്രേഷ്ഠഭാരതം” എന്ന കാഴ്ചപ്പാടു പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ന്, കാശി-തമിഴ് സംഗമംപോലുള്ള സംരംഭങ്ങളിലൂടെ, ആ പൈതൃകം മുന്നോട്ടുകൊണ്ടുപോകുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടുത്തിടെ ഗംഗൈകൊണ്ട ചോളപുരം സന്ദർശിച്ചപ്പോൾ, ഗംഗാജലം താൻ കൊണ്ടുപോയിരുന്നെന്നും, ഗംഗാമാതാവിന്റെ അനുഗ്രഹത്താൽ, വളരെ പവിത്രമായ അന്തരീക്ഷത്തിലാണു പൂജ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സവിശേഷമായ അവസരങ്ങൾ രാജ്യത്തെ ഐക്യത്തിന്റെ ചൈതന്യം ജ്വലിപ്പിക്കുകയും, ‘ഓപ്പറേഷൻ സിന്ദൂർ’ പോലുള്ള ദൗത്യങ്ങളുടെ വിജയത്തിലേക്കു നയിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 140 കോടി ഇന്ത്യക്കാരുടെ ഐക്യമാണ് ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ ശക്തിയായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാരാണസിയിൽ നടക്കുന്ന മഹത്തായ കാർഷികോത്സവത്തെക്കുറിച്ചു പറഞ്ഞ അദ്ദേഹം, പിഎം കിസാൻ സമ്മാൻ നിധി പദ്ധതിപ്രകാരം രാജ്യത്തുടനീളമുള്ള 10 കോടി കർഷകസഹോദരരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 21,000 കോടി രൂപ കൈമാറിയതായി പ്രഖ്യാപിച്ചു. ചടങ്ങിൽ 2000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചതായി അദ്ദേഹം അറിയിച്ചു. ബാബയുടെ അനുഗ്രഹത്താൽ വാരാണസിയിൽ വികസനത്തിന്റെ തടസ്സമില്ലാത്ത പ്രവാഹം തുടരുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. രാജ്യത്തെ കർഷകർക്കും ചടങ്ങിൽ സന്നിഹിതരായ ഏവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുമുമ്പു പാർലമെന്റ് അംഗങ്ങളുടെ വിനോദസഞ്ചാര ഗൈഡ് മത്സരത്തിനു വാരാണസി ആതിഥേയത്വം വഹിച്ചതായി പ്രധാനമന്ത്രി പരാമർശിച്ചു. വരുംദിവസങ്ങളിൽ, പാർലമെന്റ് അംഗങ്ങളുടെ ഫോട്ടോഗ്രാഫി മത്സരം, തൊഴിൽമേള തുടങ്ങിയ പരിപാടികൾക്കും കാശി സാക്ഷ്യം വഹിക്കും. ഈ ഉദ്യമങ്ങളുടെ വിജയത്തിന് ആശംസകൾ നേരുന്നു. അത്തരം സംരംഭങ്ങൾ ഒരുക്കുന്ന ഭരണസംവിധാനത്തെ അദ്ദേഹം പ്രശംസിച്ചു.

കർഷകരുടെ അഭിവൃദ്ധിക്കായി ഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നു പറഞ്ഞ ശ്രീ മോദി, മുൻ ഗവണ്മെന്റുകളുമായുള്ള താരതമ്യവും നടത്തി. കർഷകരുടെ പേരിൽ നടത്തിയ പ്രഖ്യാപനം അപൂർവമായി മാത്രമേ മുമ്പു നിറവേറ്റിയിരുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഗവണ്മെന്റിന്റെ ഉറച്ച പ്രതിജ്ഞാബദ്ധതയുടെ തെളിവായി പിഎം -കിസാൻ സമ്മാൻ നിധി ഉയർത്തിക്കാട്ടി, നിലവിലെ ഗവണ്മെന്റ് വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

2019-ൽ പിഎം-കിസാൻ സമ്മാൻ നിധി ആരംഭിച്ചപ്പോൾ, ചില പ്രധാന പ്രതിപക്ഷ കക്ഷികൾ വിവിധ കിംവദന്തികൾ പ്രചരിപ്പിച്ചുവെന്നു ശ്രീ മോദി പറഞ്ഞു. ചിലർ തെരഞ്ഞെടുപ്പിനുശേഷം പണമടയ്ക്കൽ നിർത്തുമെന്ന് അവകാശപ്പെട്ടു. മറ്റു ചിലർ കൈമാറ്റം ചെയ്യപ്പെടുന്ന പണം തിരികെ എടുക്കുമെന്ന് അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന്റെ യഥാർഥ സ്വഭാവത്തെയാണ് ഇതു പ്രതിഫലിപ്പിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു കർഷകരെയും രാജ്യത്തെ ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു. ഒരു ഗഡുവെങ്കിലും നിർത്തിയിട്ടുണ്ടോ എന്ന് ആരാഞ്ഞ പ്രധാനമന്ത്രി, പിഎം-കിസാൻ സമ്മാൻ നിധി തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇന്നുവരെ, കർഷകരുടെ അക്കൗണ്ടുകളിലേക്കു നേരിട്ട് 3.75 ലക്ഷം കോടി രൂപ കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഉത്തർപ്രദേശിൽ മാത്രം, ഏകദേശം 2.5 കോടി കർഷകർക്ക് ഈ പദ്ധതിപ്രകാരം 90,000 കോടിയിലധികം രൂപ ലഭിച്ചു. വാരാണസിയിലെ കർഷകർക്ക് ഏകദേശം 900 കോടി രൂപ ലഭിച്ചു - ശ്രീ മോദി കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട വശം കിഴിവുകളോ കമ്മീഷനുകളോ ഇല്ലാതെ പണം കർഷകരിൽ എത്തിയിരിക്കുന്നു എന്നതാണ് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇതു തന്റെ ഗവണ്മെന്റ് ഉറപ്പാക്കിയ സ്ഥിരം സംവിധാനമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.  ഇതിൽ ചോർച്ചയുണ്ടാകില്ലെന്നും ദരിദ്രരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
"ഒരു പ്രദേശം എത്രത്തോളം പിന്നാക്കമാണോ, അതിന് അത്രത്തോളം ഉയർന്ന മുൻഗണന ലഭിക്കും," എന്ന വികസന മന്ത്രം ആവർത്തിച്ചുകൊണ്ട്, ഈ മാസം തുടക്കത്തിൽ കേന്ദ്ര ഗവണ്മെന്റ് ഒരു പുതിയ സംരംഭത്തിന് - പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്ക്ക്- അംഗീകാരം നൽകിയതായി ശ്രീ മോദി പറഞ്ഞു . പദ്ധതിക്കായി 24,000 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുൻ ഗവണ്മെന്റുകളുടെ തെറ്റായ നയങ്ങൾ കാരണം പിന്നാക്കം പോയ ജില്ലകളായിരിക്കും പദ്ധതിയുടെ പ്രധാന ശ്രദ്ധാകേന്ദ്രമെന്നും കുറഞ്ഞ കാർഷിക ഉൽപ്പാദനവും, കർഷകരുടെ വരുമാനം പരിമിതമായി നിലനിൽക്കുന്നതുമായ മേഖലകൾക്ക് ഇത് പ്രത്യേക പരിഗണന നൽകുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന ഉത്തർപ്രദേശിലെ ലക്ഷക്കണക്കിന് കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

"കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും, അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും, കൃഷിച്ചെലവ് കുറയ്ക്കുന്നതിനും ഞങ്ങളുടെ ഗവണ്മെന്റ് പൂർണ്ണ ശക്തിയോടെ പ്രവർത്തിക്കുന്നു, വിത്ത് മുതൽ വിപണി വരെ ഞങ്ങൾ കർഷകരോടൊപ്പം ഉറച്ചുനിൽക്കുന്നു", പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പാടങ്ങളിൽ വെള്ളമെത്തിക്കാൻ രാജ്യത്തുടനീളം ലക്ഷക്കണക്കിന് കോടി രൂപയുടെ ജലസേചന പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിവൃഷ്ടി, ആലിപ്പഴം, മഞ്ഞുവീഴ്ച തുടങ്ങിയ കാലാവസ്ഥാ വെല്ലുവിളികൾ കർഷകർക്ക് എന്നും വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ടെന്നത് ശ്രീ മോദി അംഗീകരിച്ചു. ഇത്തരം അനിശ്ചിതത്വങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനായി ഗവണ്മെന്റ്  പ്രധാനമന്ത്രി ഫസൽ ബീമ യോജന ആരംഭിച്ചു. ഈ പദ്ധതി പ്രകാരം ഇതുവരെ 1.75 ലക്ഷം കോടിയിലധികം രൂപയുടെ ക്ലെയിം സെറ്റിൽമെന്റുകൾ കർഷകർക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന്  വ്യക്തമാക്കിയ പ്രധാനമന്ത്രി, അരിയും ഗോതമ്പും പോലുള്ള പ്രധാന വിളകളുടെ മിനിമം താങ്ങുവിലയിൽ (എംഎസ്പി) റെക്കോർഡ് വർദ്ധനവ് വരുത്തിയിട്ടുണ്ടെന്ന് പറഞ്ഞു. വിളവെടുത്ത കാർഷികോല്പന്നങ്ങൾ സംരക്ഷിക്കുന്നതിനായി, രാജ്യത്തുടനീളം ആയിരക്കണക്കിന് പുതിയ സംഭരണകേന്ദ്രങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക സമ്പദ്‌വ്യവസ്ഥയിൽ വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പരാമർശിച്ച  ശ്രീ മോദി, "ഇന്ത്യയിലുടനീളം മൂന്ന് കോടി ലഖ്‌പതി  ദീദിമാരെ  സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള "ലഖ്‌പതി ദീദി"കാമ്പെയ്‌നിനെക്കുറിച്ച് എടുത്തുപറഞ്ഞു. ഇതിനോടകം 1.5 കോടിയിലധികം സ്ത്രീകൾ ഈ നേട്ടം കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവണ്മെന്റിന്റെ "ഡ്രോൺ ദീദി" പദ്ധതി ലക്ഷക്കണക്കിന് സ്ത്രീകളുടെ വരുമാനം ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.

ആധുനിക കാർഷിക ഗവേഷണഫലങ്ങൾ നേരിട്ട് കൃഷിയിടങ്ങളിലെത്തിക്കാൻ ഗവണ്മെന്റ് സജീവമായി പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു."പരീക്ഷണശാലയിൽനിന്ന് പാടത്തേയ്ക്ക്" എന്ന തത്വത്തിൽ ഊന്നി 2025 മെയ്, ജൂൺ മാസങ്ങളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത "വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ" സംഘടിപ്പിച്ചതായും, ഇതിലൂടെ 1.25 കോടിയിലധികം കർഷകരുമായി നേരിട്ട് ബന്ധം സ്ഥാപിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. കേന്ദ്ര ഗവണ്മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ തടസ്സങ്ങളില്ലാതെ എല്ലാ പൗരന്മാരിലേക്കും തുടർന്നും എത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

പൊതുജനങ്ങളുമായി ഒരു പ്രധാന വിവരം പങ്കുവെച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു, "ജൻ ധൻ യോജന പ്രകാരം രാജ്യത്തുടനീളം ദരിദ്രർക്കായി 55 കോടി ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്." ഈ പദ്ധതിക്ക് അടുത്തിടെ പത്ത് വർഷം പൂർത്തിയായെന്നും, പത്ത് വർഷത്തിന് ശേഷം  ബാങ്ക് അക്കൗണ്ടുകൾക്ക് നിയമാനുസരണം പുതിയ കെ‌വൈ‌സി പരിശോധന ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി 2025 ജൂലൈ 1 മുതൽ രാജ്യവ്യാപകമായ ഒരു കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കുകൾ ഓരോ ഗ്രാമപഞ്ചായത്തിലും എത്തുന്നുണ്ടെന്നും, ഒരു ലക്ഷത്തോളം ഗ്രാമപഞ്ചായത്തുകളിൽ ഇതിനോടകം ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും അതോടൊപ്പം ലക്ഷക്കണക്കിന് ആളുകൾ അവരുടെ കെ‌വൈ‌സി പുതുക്കൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൻ ധൻ അക്കൗണ്ടുള്ള ഓരോ വ്യക്തിയും കാലതാമസമില്ലാതെ കെവൈസി നടപടികൾ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ഗ്രാമപഞ്ചായത്തുകളിൽ സംഘടിപ്പിക്കുന്ന പ്രത്യേക ബാങ്ക് ക്യാമ്പുകളുടെ ഒരു അധിക നേട്ടം അടിവരയിട്ടുകൊണ്ട്, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, അടൽ പെൻഷൻ യോജന എന്നിവയുൾപ്പെടെ നിരവധി പ്രധാന പദ്ധതികൾക്കുള്ള രജിസ്ട്രേഷനുകൾ ഈ ക്യാമ്പുകളിലൂടെ സുഗമമാക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.  ഈ പദ്ധതികൾ പൗരന്മാർക്ക് വലിയ പിന്തുണ നൽകുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, എല്ലാവരും ക്യാമ്പുകൾ സന്ദർശിക്കണമെന്ന് അഭ്യർത്ഥിച്ചു. ഈ പദ്ധതികളിൽ ഇതുവരെയും ചേരാത്തവർ രജിസ്റ്റർ ചെയ്യാനും, ഒപ്പം തങ്ങളുടെ ജൻ ധൻ അക്കൗണ്ടുകളുടെ കെവൈസി നടപടികൾ പൂർത്തിയാക്കാനും അദ്ദേഹം പ്രോത്സാഹനം നൽകി.  ഈ പ്രചാരണത്തെക്കുറിച്ച് സജീവമായി ബോധവൽക്കരണം നടത്താനും, ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ സഹകരിക്കാനും, പൊതുജന പങ്കാളിത്തം പരമാവധി ഉറപ്പാക്കാനും എല്ലാ ജനപ്രതിനിധികളോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഇന്ന് മഹാദേവന്റെ നഗരത്തിൽ, വികസനത്തിനും പൊതുജനക്ഷേമത്തിനും വേണ്ടിയുള്ള നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശിവൻ "ക്ഷേമം" എന്നതിനെ സൂചിപ്പിക്കുന്നു, എന്നാൽ ഭീകരതയും അനീതിയും നേരിടുമ്പോൾ അദ്ദേഹം ഉഗ്രമായ രുദ്രരൂപം കൈക്കൊള്ളുന്നു വെന്ന്, 'ശിവൻ' എന്നതിന്റെ അർഥം വിശദമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത്, ലോകം ഇന്ത്യയുടെ ഈ രുദ്രരൂപത്തിന് സാക്ഷ്യം വഹിച്ചതായി പറഞ്ഞ ശ്രീ മോദി, "ഇന്ത്യയെ ആക്രമിക്കുന്ന ആരെയും അധോലോകത്തിന്റെ ആഴങ്ങളിൽ പോലും വെറുതെ വിടില്ല" എന്ന് ഉറക്കെ പ്രഖ്യാപിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിനിടയിലും, രാജ്യത്തിനകത്തുള്ള ചില വ്യക്തികൾക്ക് ഇത് അസ്വസ്ഥത ഉണ്ടാക്കുന്നതിൽ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ നശിപ്പിച്ചത് പ്രതിപക്ഷത്തിനും സഖ്യകക്ഷികൾക്കും അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഡ്രോണുകൾ തീവ്രവാദ കേന്ദ്രങ്ങളെ കൃത്യമായി ലക്ഷ്യം വച്ചതും തകർത്തെറിയുന്നതും കാണിക്കുന്ന ദൃശ്യങ്ങൾ ശ്രീ മോദി പരാമർശിച്ചു, നിരവധി പാകിസ്ഥാൻ വ്യോമതാവളങ്ങൾ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഭീകരതയുടെ സൂത്രധാരന്മാർ ഒരു വശത്ത് വിലപിക്കുമ്പോൾ, മറുവശത്ത് ഈ പാർട്ടികളും ഭീകരരുടെ അവസ്ഥയിൽ വിലപിക്കുന്നുവെന്ന് പറഞ്ഞ് പ്രധാനമന്ത്രി പ്രതിപക്ഷ പാർട്ടി നേതാക്കളെ വിമർശിച്ചു.

ഇന്ത്യൻ സായുധ സേനയുടെ വീര്യത്തെ ആവർത്തിച്ച് അപമാനിച്ചതിന് പ്രതിപക്ഷത്തെ ശക്തമായി വിമർശിച്ച ശ്രീ മോദി, ഓപ്പറേഷൻ സിന്ദൂരിനെ പ്രതിപക്ഷം "തമാശ" എന്ന് വിശേഷിപ്പിച്ചതായും എന്നാൽ അന്തസ്സിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ സിന്ദൂരത്തെ ഒരു തമാശയായി കണക്കാക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. സായുധ സേനയുടെ ധീരതയും, സഹോദരിമാരുടെ സിന്ദൂരിന് പ്രതികാരം ചെയ്യാനുള്ള പ്രതിജ്ഞയും ഇത്തരത്തിൽ നിസ്സാരവൽക്കരിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
വോട്ട് ബാങ്കിലും പ്രീണന രാഷ്ട്രീയത്തിലും ഊന്നിയുള്ള പ്രതിപക്ഷത്തിന്റെ നിലപാടുകളെ പ്രധാനമന്ത്രി അപലപിച്ചു. പഹൽഗാമിലെ തീവ്രവാദികളെ ഉടൻ ഇല്ലാതാക്കിയത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കൾ പാർലമെന്റിൽ നടത്തിയ പ്രസ്താവനകൾ അദ്ദേഹം ഉദ്ധരിച്ചു. തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് ഇന്ത്യ കാത്തിരിക്കണോ എന്ന് ശ്രീ മോദി ചോദിച്ചു. ഉത്തർപ്രദേശിലെ അവരുടെ ഭരണകാലത്ത് തീവ്രവാദികൾക്ക് ക്ലീൻ ചിറ്റ് നൽകുകയും ബോംബ് സ്ഫോടനങ്ങളിൽ ഉൾപ്പെട്ടവർക്കെതിരായ കേസുകൾ പിൻവലിക്കുകയും ചെയ്ത അതേ വ്യക്തികളാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന്  അദ്ദേഹം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. തീവ്രവാദികളെ ഇല്ലാതാക്കിയതും ഓപ്പറേഷൻ സിന്ദൂർ എന്ന പേരും കാരണം ഇപ്പോൾ ഈ പാർട്ടികൾ അസ്വസ്ഥരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ഭഗവാൻ ഭോലെനാഥിനെ ആരാധിക്കുന്ന, രാജ്യത്തിന്റെ ശത്രുക്കളുടെ മുന്നിൽ കാല  ഭൈരവനാകാൻ സാധിക്കുന്ന ഒരു പുതിയ ഇന്ത്യയാണ് ഇതെന്ന്" വാരണാസിയിലെ പുണ്യഭൂമിയിൽ നിന്ന്, പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
 
"ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത്, ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങളുടെ ശക്തിയും, ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തദ്ദേശീയ മിസൈലുകൾ, ഡ്രോണുകൾ എന്നിവയുടെ മികവും ഫലപ്രാപ്തിയും ലോകം കണ്ടു. ഇത്  ആത്മനിർഭർ ഭാരതിന്റെ ശക്തി പ്രകടമായി മാറി.", പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളുടെ സ്വാധീനം അദ്ദേഹം പ്രത്യേകം എടുത്ത് പറഞ്ഞു, അവയുടെ സാന്നിധ്യം രാജ്യത്തിന്റെ എല്ലാ ശത്രുക്കളിലും ഭയം ജനിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശിൽ നിന്നുള്ള പാർലമെന്റ് അംഗമെന്ന നിലയിൽ, ബ്രഹ്മോസ് മിസൈലുകൾ സംസ്ഥാനത്ത് ഉടൻ നിർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു. ലഖ്‌നൗവിൽ ബ്രഹ്മോസ് മിസൈലുകളുടെ ഉത്പാദനം ആരംഭിച്ചതായും നിരവധി പ്രമുഖ പ്രതിരോധ കമ്പനികൾ ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴിയിൽ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വരും വർഷങ്ങളിൽ ഉത്തർപ്രദേശിൽ നിർമ്മിക്കുന്ന ആയുധങ്ങൾ ഇന്ത്യയുടെ സൈനിക ശക്തിയുടെ ഒരു പ്രധാന ഭാഗമായി മാറുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഈ നേട്ടത്തിൽ അഭിമാനിക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി പൊതുജനങ്ങളോട് ചോദിച്ചു. പാകിസ്ഥാൻ മറ്റൊരു തെറ്റ് ചെയ്താൽ, ഉത്തർപ്രദേശിൽ നിർമ്മിക്കുന്ന മിസൈലുകൾ തീവ്രവാദികളെ നശിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് അതിവേഗം വ്യാവസായിക വികസനത്തിന് വിധേയമാകുകയാണെന്നും, പ്രധാന ദേശീയ, അന്തർദേശീയ കമ്പനികളെ സംസ്ഥാനത്ത് നിക്ഷേപിക്കാൻ സ്വാഗതം ചെയ്യുന്നുണ്ടെന്നും പറഞ്ഞ ശ്രീ മോദി, ഈ പരിവർത്തനത്തിന് കാരണം അവരുടെ സർക്കാരിന്റെ വികസനാധിഷ്ഠിത നയങ്ങളാണെന്നും അഭിപ്രായപ്പെട്ടു. കുറ്റവാളികൾ നിർഭയമായി പ്രവർത്തിക്കുകയും നിക്ഷേപകർ സംസ്ഥാനത്ത് പ്രവേശിക്കാൻ മടിക്കുകയും ചെയ്ത മുൻ ഭരണകൂടത്തിന്റെ ഭരണ കാലവുമായി നിലവിലെ സാഹചര്യത്തെ താരതമ്യം ചെയ്തുകൊണ്ട് , മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ കുറ്റവാളികൾ ഇപ്പോൾ ഭയപ്പെടുന്നുണ്ടെന്നും നിക്ഷേപകർ ഉത്തർപ്രദേശിന്റെ ഭാവിയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വികസനത്തിന്റെ ഈ വേഗതയ്ക്ക് ഉത്തർപ്രദേശ് സർക്കാരിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു, വാരണാസിയിലെ വികസനത്തിന്റെ മഹത്തായ പ്രചാരണം തടസ്സമില്ലാതെ തുടരുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ചു.

പുതിയ റെയിവേ  മേൽപ്പാലം, ജൽ ജീവൻ മിഷന്റെ കീഴിലുള്ള സംരംഭങ്ങൾ, വാരണാസിയിലെ സ്കൂളുകളുടെ പുനരുദ്ധാരണം, ഹോമിയോപ്പതി കോളേജിന്റെ നിർമ്മാണം, മുൻഷി പ്രേംചന്ദിന്റെ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ എന്നിവയുൾപ്പെടെ ഇന്ന് ആരംഭിച്ച നിരവധി പദ്ധതികളെക്കുറിച്ച് വിശദീകരിച്ച ശ്രീ മോദി, ഈ പദ്ധതികൾ ഒരു മഹത്തായ, ദിവ്യവും സമ്പന്നവുമായ വാരണാസിയുടെ സൃഷ്ടിയെ ത്വരിതപ്പെടുത്തുമെന്ന് പറഞ്ഞു. സേവാപുരി സന്ദർശിക്കുന്നത് ഒരു ഭാഗ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, മാ കൽക്ക ദേവിയുടെ കവാടമായി ഇതിനെ വിശേഷിപ്പിച്ചു. മാ കൽക്ക ധാമിനെ കൂടുതൽ മനോഹരമാക്കുകയും ക്ഷേത്രത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്തതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യസമരത്തിൽ സേവാപുരിയുടെ വിപ്ലവകരമായ ചരിത്രം പ്രധാനമന്ത്രി അനുസ്മരിച്ചു, അതിന്റെ ഗണ്യമായ സംഭാവന അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ ദർശനം സാക്ഷാത്കരിക്കപ്പെട്ട സേവാപുരി ഇതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു, എല്ലാ വീടുകളിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും കൈകളിൽ നൂൽനൂൽക്കുന്ന യന്ത്രങ്ങൾ ഉണ്ടെന്നും പ്രധാനമത്രി പറഞ്ഞു. ചാന്ദ്പൂർ-ഭദോഹി റോഡ് പോലുള്ള പദ്ധതികളിലൂടെ വാരണാസിയിലെ നെയ്ത്തുകാർ ഇപ്പോൾ ഭാദോഹിയിലെ ജനങ്ങളുമായി  ബന്ധപ്പെട്ടിരിക്കുന്നു. ഇത് ബനാറസി സിൽക്കിലെ കരകൗശല വിദഗ്ധർക്കും ഭാദോഹിയിലെ കരകൗശല വിദഗ്ധർക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

"വാരണാസി ബുദ്ധിജീവികളുടെ നഗരമാണ്", സാമ്പത്തിക പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ, നിലവിലുള്ള ആഗോള സാഹചര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥ നിലവിൽ ഒന്നിലധികം അനിശ്ചിതത്വങ്ങളെയും അസ്ഥിരതകളെയും അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അത്തരം സാഹചര്യത്തിൽ, ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സ്വന്തം താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള പാതയിലാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. അതിനാൽ, ഇന്ത്യ അതിന്റെ സാമ്പത്തിക താൽപ്പര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും ക്ഷേമം പരമപ്രധാനമാണെന്നും ഈ ദിശയിൽ സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.


പൗരന്മാർക്കും ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് അടിവരയിട്ടുകൊണ്ട്, സ്വദേശി പ്രസ്ഥാനം സാധ്യമാക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരു ഇന്ത്യക്കാരന്റെ വിയർപ്പും പരിശ്രമവും ഉപയോഗിച്ച് നിർമ്മിച്ച എന്തും സ്വദേശിയാണെന്ന് അദ്ദേഹം നിർവചിച്ചു, "വോക്കൽ ഫോർ ലോക്കൽ " എന്ന മന്ത്രം സ്വീകരിക്കാൻ രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു. "മെയ്ക്ക് ഇൻ ഇന്ത്യ" ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു. നമ്മുടെ വീടുകളിൽ പ്രവേശിക്കുന്ന ഓരോ പുതിയ ഉല്പന്നവും സ്വദേശിയായിരിക്കണമെന്നും ഈ ഉത്തരവാദിത്തം ഓരോ ഇന്ത്യക്കാരനും ഏറ്റെടുക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു. സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം വിൽക്കാൻ എല്ലാ വ്യാപാരികളോടും കടയുടമകളോടും ശ്രീ മോദി അഭ്യർത്ഥിച്ചു, ഇത് രാഷ്ട്രത്തിനായുള്ള യഥാർത്ഥ സേവനമാകുമെന്ന് ഉറപ്പിച്ചു പറഞ്ഞു. വരാനിരിക്കുന്ന ഉത്സവ സീസണിൽ സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു, ഇത് മഹാത്മാഗാന്ധിക്കുള്ള യഥാർത്ഥ ശ്രദ്ധാഞ്ജലിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗം ഉപസംഹരിച്ചു. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥുള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിപാടിയില്‍ പങ്കുചേര്‍ന്നു.

പശ്ചാത്തലം

അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ടൂറിസം, നഗരവികസനം, പൈതൃകം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെ പരിപാലിക്കുന്ന ഈ പദ്ധതികള്‍, വരണാസിയുടെ സമഗ്ര നഗര പരിവര്‍ത്തനം, സാംസ്‌കാരിക പുനരുജ്ജീവനം, മെച്ചപ്പെട്ട കണക്റ്റിവിറ്റി, ജീവിതനിലവാരം എന്നിവയാണ് ലക്ഷ്യമിടുന്നത്.

വരണാസിയിലെ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്നതില്‍ പ്രധാനമന്ത്രിക്കുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, നിരവധി സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. വരണാസി - ഭദോഹി റോഡിന്റെയും ചിതൗനി-ശൂല്‍ ടങ്കേശ്വര്‍ റോഡിന്റെയും വീതികൂട്ടലും, ബലപ്പെടുത്തലും, മോഹന്‍ സരായി - അദല്‍പുര റോഡിലെ തിരക്ക് കുറയ്ക്കുന്നതിനായി നിര്‍മ്മിച്ച ഹര്‍ദത്പൂരിലെ റെയില്‍വേ മേല്‍പ്പാലം എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്തു. മറ്റുള്ളവയ്‌ക്കൊപ്പം ദല്‍മണ്ടി, ലഹര്‍താര-കോട്വ, ഗംഗാപൂര്‍, ബാബത്പുര്‍ തുടങ്ങി നിരവധി ഗ്രാമീണ, നഗര ഇടനാഴികളിലെ റോഡുകളുടെ സമഗ്രമായ വികസനത്തിനും ലെവല്‍ ക്രോസിംഗ് 22സി, ഖാലിസ്പൂര്‍ യാര്‍ഡ് എന്നിവിടങ്ങളിലെ റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു.
മേഖലയിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി, സ്മാര്‍ട്ട് വിതരണ പദ്ധതിയ്ക്ക് കീഴിലും ഭൂഗര്‍ഭ വൈദ്യുത അടിസ്ഥാനസൗകര്യത്തിനു കീഴിലുമായി 880 കോടി രൂപയിലധികം വരുന്ന വിവിധ പ്രവൃത്തികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

8 നദീതീരങ്ങളിലെ കച്ചാ ഘട്ടുകളുടെ പുനര്‍വികസനം, കാളികാ ധാമിലെ വികസന പ്രവര്‍ത്തനങ്ങള്‍, ശിവ്പൂരിലെ രംഗില്‍ദാസ് കുട്ടിയയിലെ കുളത്തിന്റേയും ഘാട്ടിന്റേയും സൗന്ദര്യവല്‍ക്കരണം, ദുര്‍ഗാകുണ്ഡിന്റെ പുനരുദ്ധാരണവും ജലശുദ്ധീകരണവും തുടങ്ങി വിനോദസഞ്ചാര മേഖലയ്ക്ക് വലിയ തോതിൽ ഉത്തേജനം നല്‍കുന്ന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മറ്റുള്ളവയ്‌ക്കൊപ്പം കര്‍ദമേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങക്കും നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെ ജന്മസ്ഥലമായ കര്‍ഖിയോണിന്റെ വികസനത്തിനും സാരാനാഥ്, ഋഷി മാന്‍ഡവി, രാംനഗര്‍ മേഖലകളിലെ നഗര സൗകര്യ കേന്ദ്രങ്ങള്‍ (സിറ്റി ഫെസിലിറ്റേഷന്‍ സെന്റര്‍)ക്കും, മുന്‍ഷി പ്രേംചന്ദിന്റെ ലമഹിയിലെ ജന്മഗൃഹത്തിന്റെ പുനര്‍വികസനത്തിനും അതിനെ ഒരു മ്യൂസിയമാക്കി മാറ്റുന്നതിനും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു. കൂടാതെ, കാഞ്ചന്‍പൂരില്‍ ഒരു നഗര മിയാവാക്കി വനത്തിന്റെ വികസനത്തിനും ഷഹീദ് ഉദ്യാനത്തിന്റേയും മറ്റ് 21 പാര്‍ക്കുകളുടേയും പുനര്‍വികസനത്തിനും സൗന്ദര്യവല്‍ക്കരണത്തിനും അദ്ദേഹം തറക്കല്ലിട്ടു.
ഇതിനു പുറമെ, സാംസ്‌കാരിക പ്രാധാന്യമുള്ള ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനായി, രാംകുണ്ഡ്, മന്ദാകിനി, ശങ്കുല്‍ധാര എന്നിവയുള്‍പ്പെടെ വിവിധ കുണ്ഡുകളുടെ ജലശുദ്ധീകരണ, പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നാലു (ഫ്‌ലോട്ടിംഗ് പൂജന്‍ പ്ലാറ്റ്ഫോമുകള്‍) പൂജാ പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഗ്രാമപ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനായി, ജല്‍ ജീവന്‍ മിഷന് കീഴിലുള്ള 47 ഗ്രാമീണ കുടിവെള്ള പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി, മുനിസിപ്പല്‍ പരിധിയില്‍ നവീകരിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതിയ ജില്ലാ ലൈബ്രറിയുടെ നിര്‍മ്മാണം, ജാഖിനി, ലാല്‍പൂര്‍ എന്നിവിടങ്ങളിലെ ഗവണ്മെന്റ് ഹൈസ്‌കൂളുകളുടെ പുനരുദ്ധാരണം എന്നിവ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു.

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ കാന്‍സര്‍ സെന്റര്‍, ഹോമി ഭാഭ കാന്‍സര്‍ ആശുപത്രി എന്നിവിടങ്ങളില്‍ റോബോട്ടിക് സര്‍ജറി, സി.ടി സ്‌കാന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക മെഡിക്കല്‍ സംവിധാനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഒരു ഹോമിയോപ്പതിക് കോളേജിന്റേയും ആശുപത്രിയുടേയും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. അതിനുപുറമെ, ഒരു അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്ററും (മൃഗ ജനനനിയന്ത്രണ കേന്ദ്രം) അനുബന്ധമായുള്ള ഡോഗ് കെയര്‍ സെന്ററും (നായപരിരക്ഷണ കേന്ദ്രം) അദ്ദേഹം ഉദ്ഘാടനം ചെയ്തു.

വരണാസിയില്‍ ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്ന തന്റെ കാഴ്ചപ്പാടിനനുസൃതമായി, ഡോ. ഭീംറാവു അംബേദ്കര്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ സജ്ജമാക്കിയ സിന്തറ്റിക് ഹോക്കി ടര്‍ഫും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നിയമപാലകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, രാംനഗറിലെ പ്രാദേശിക് ആംഡ് കോണ്‍സ്റ്റബുലറി (കേന്ദ്ര സായുധ സേനകള്‍-പി.എ.സി) യില്‍ 300 പേര്‍ക്ക് ഇരിക്കാവുന്ന വിവിധോദ്ദേശ ഹാള്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ധ്രുതകര്‍മ്മസേന (ക്വിക്ക് റെസ്‌പോണ്‍സ് ടീം -ക്യു.ആര്‍.ടി) ബാരക്കുകളുടെ തറക്കല്ലിടല്‍ നിര്‍വഹിക്കുകയും ചെയ്തു.


കര്‍ഷകരുടെ ക്ഷേമത്തിനായിയുള്ള ഒരു സുപ്രധാന നടപടിയുടെ ഭാഗമായി, പി.എം-കിസാന്‍ പദ്ധതിയുടെ 20-ാം ഗഡുവിന്റെ വിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇതോടെ രാജ്യത്തുടനീളമുള്ള 9.7 കോടിയിലധികം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 20,500 കോടിയിലധികം രൂപ നേരിട്ട് കൈമാറപ്പെടും. ഇതോടെ, പദ്ധതിയുടെ ആരംഭം മുതല്‍ ഇതുവരെയുള്ള മൊത്ത വിതരണം 3.90 ലക്ഷം കോടി രൂപ കവിയും.

കാശി സന്‍സദ് പ്രതിയോഗിതക്ക് കീഴില്‍ സ്‌കെച്ചിംഗ്, പെയിന്റിംഗ്, ഫോട്ടോഗ്രാഫി മത്സരങ്ങള്‍, ഖേല്‍-കൂദ് പ്രതിയോഗിത, ഗ്യാന്‍ പ്രതിയോഗിത, തൊഴില്‍ മേള തുടങ്ങിയ വിവിധ പരിപാടികള്‍ക്കും മത്സരങ്ങള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ പോര്‍ട്ടലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദിവ്യാംഗര്‍ക്കും വയോജനങ്ങള്‍ക്കുമായി 7,400-ലധികം സഹായ ഉപകരണങ്ങളുടെ വിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
 

 

-NK-

(Release ID: 2151778)