റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

തദ്ദേശീയമായി വികസിപ്പിച്ച കവച് 4.0 ഡൽഹി-മുംബൈ റൂട്ടിലെ മഥുര-കോട്ട മേഖലയില്‍ കമ്മീഷന്‍ ചെയ്തു

Posted On: 30 JUL 2025 5:58PM by PIB Thiruvananthpuram

ഇന്ത്യൻ റെയിൽവേയുടെ തദ്ദേശീയ റെയിൽവേ സുരക്ഷാ സംവിധാനമായ കവച് 4.0 തിരക്കേറിയ ഡൽഹി-മുംബൈ റൂട്ടിലെ മഥുര-കോട്ട മേഖലയില്‍ കമ്മീഷൻ ചെയ്തു. റെയിൽവേ സുരക്ഷാ സംവിധാനങ്ങളുടെ ആധുനികവൽക്കരണത്തിലേക്ക് രാജ്യം നടത്തുന്ന സുപ്രധാന ചുവടുവെയ്പ്പാണിത്.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'ആത്മനിർഭർ ഭാരത്' ദർശനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് റെയിൽവേ സ്വയം പ്രവര്‍ത്തിക്കുന്ന കവച് ട്രെയിൻ സുരക്ഷാ സംവിധാനം  തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചതും നിർമിച്ചതുമെന്ന്  കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു.  കവച് 4.0 ഒരു സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനമാണ്. 2024 ജൂലൈയിൽ ഗവേഷണ രൂപകല്പന ഏകീകരണ സംഘടന  (ആർഡിഎസ്ഒ) ഇതിന് അംഗീകാരം നല്‍കി.  പല വികസിത രാജ്യങ്ങളും ട്രെയിൻ സുരക്ഷ സംവിധാനങ്ങൾ വികസിപ്പിക്കാനും സ്ഥാപിക്കാനും 20 മുതല്‍ 30 വരെ വർഷമെടുത്തിട്ടുണ്ട്. കോട്ട-മഥുര മേഖലയില്‍ വളരെ കുറഞ്ഞ സമയത്തിനകം കവച് 4.0 കമ്മീഷന്‍ ചെയ്യാനായത് വളരെ വലിയ നേട്ടമാണെന്നും ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. 

 

സ്വാതന്ത്ര്യാനന്തരം കഴിഞ്ഞ 60 വർഷമായി രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ നൂതന ട്രെയിൻ സുരക്ഷ സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നില്ല. ട്രെയിൻ യാത്രികരുടെ സുരക്ഷ  ഉറപ്പാക്കാനാണ്  കവച് സംവിധാനം ഈയിടെ പ്രവർത്തനക്ഷമമാക്കിയത്. 

 

ആറ് വർഷത്തിനകം രാജ്യത്തുടനീളം വിവിധ പാതകളില്‍ കവച് 4.0 കമ്മീഷൻ ചെയ്യാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. കവച് സംവിധാനങ്ങളിൽ 30,000-ത്തിലധികം പേര്‍ക്ക് ഇതിനകം പരിശീലനം നൽകി. ബിടെക്  പാഠ്യപദ്ധതിയുടെ ഭാഗമായി കവച് ഉൾപ്പെടുത്താന്‍ 17 എഐസിടിഇ  അംഗീകൃത എന്‍ജിനീയറിംഗ് കോളേജുകളും സ്ഥാപനങ്ങളും സർവകലാശാലകളുമായി ഐആര്‍ഐഎസ്ഇടി (ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ എഞ്ചിനീയറിംഗ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്) ധാരണാപത്രം ഒപ്പുവെച്ചു.

 

ഫലപ്രദമായ ബ്രേക്ക് പ്രയോഗത്തിലൂടെ ട്രെയിൻ വേഗം നിലനിർത്താൻ ലോക്കോ പൈലറ്റുമാരെ കവച് സഹായിക്കും. മൂടൽമഞ്ഞ് ഉള്‍പ്പെടെ ദൃശ്യപരത കുറഞ്ഞ സാഹചര്യങ്ങളിൽ പോലും ലോക്കോ പൈലറ്റുമാർക്ക് സിഗ്നലിനായി  പുറത്തേക്ക് നോക്കേണ്ടിവരില്ല. ക്യാബിനകത്ത് സ്ഥാപിച്ച ഡാഷ്‌ബോർഡില്‍ വിവരങ്ങൾ കാണാനാവും.  

 

എന്താണ് കവച് ?

 

  • തദ്ദേശീയമായി വികസിപ്പിച്ച ഒരു ട്രെയിൻ സുരക്ഷാ സംവിധാനമാണ് കവച്. ട്രെയിനുകളുടെ വേഗം നിരീക്ഷിച്ചും നിയന്ത്രിച്ചും അപകടങ്ങൾ തടയാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

  • സുരക്ഷാ സമഗ്രത തലം  4-ലാണ് (എസ്ഐഎല്‍-4) ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഏറ്റവും ഉയർന്ന സുരക്ഷാ രൂപകൽപ്പനയാണിത്.  

 

  • കവച് വികസനം 2015 ൽ ആരംഭിച്ചു. 3 വർഷത്തിലേറെ  ഈ സംവിധാനം വിപുലമായി പരീക്ഷിച്ചു.

 

  • സാങ്കേതിക വിപുലീകരണത്തിന് ശേഷം ദക്ഷിണ-മധ്യ  റെയിൽവേയിൽ (എസ്‌‍സിആര്‍) ഈ സംവിധാനം വിന്യസിച്ചു.  2018 ൽ ആദ്യ പ്രവർത്തന സാക്ഷ്യപത്രം ലഭിച്ചു.

 

  • എസ്‍സിആറിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ  വികസിപ്പിച്ച 'കവച് 4.0' എന്ന നൂതന പതിപ്പിന് 160 കിലോമീറ്റർ വരെ വേഗപരിധിയില്‍  2025 മെയ് മാസം  അംഗീകാരം നല്‍കി. 

 

  • കവച് ഘടകങ്ങൾ തദ്ദേശീയമായാണ് നിർമിക്കുന്നത്. 

 

 

കവചിന്റെ സങ്കീർണത

 

കവച് ഏറെ സങ്കീർണമായ സംവിധാനമാണ്. കവച് കമ്മീഷൻ ചെയ്യുന്നത് ഒരു ടെലികോം കമ്പനി സ്ഥാപിക്കുന്നതിന് തുല്യമാണ്. ഇതിൽ ഇനിപ്പറയുന്ന ഉപസംവിധാനങ്ങൾ ഉൾപ്പെടുന്നു:

 

  • ആര്‍എഫ്ഐഡി ടാഗുകൾ: പാതയുടെ മുഴുവൻ ദൂരപരിധിയിലും ഓരോ  കിലോമീറ്ററിലും ആര്‍എഫ്ഐഡി ടാഗുകള്‍ സ്ഥാപിക്കുന്നു.  കൂടാതെ എല്ലാ സിഗ്നലിലും ടാഗുകളുണ്ടാവും.  ഈ ആര്‍എഫ്ഐഡി ടാഗുകൾ ട്രെയിനുകളുടെ കൃത്യമായ സ്ഥാനം നൽകുന്നു.

 

  • ടെലികോം ടവറുകൾ: ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റിയും വൈദ്യുതി വിതരണവും ഉൾപ്പെടെ പൂർണ ടെലികോം ടവറുകൾ പാതയുടെ ദൂരപരിധിയില്‍ ഓരോ നിശ്ചിത കിലോമീറ്ററിലും സ്ഥാപിച്ചിട്ടുണ്ട്. ലോക്കോ ക്യാബിനില്‍ സ്ഥാപിച്ച കവച് സംവിധാനങ്ങളും സ്റ്റേഷനുകളിലെ കവച് നിയന്ത്രണ സംവിധാനങ്ങളും ഈ ടവറുകളുപയോഗിച്ച് നിരന്തരം ആശയവിനിമയം നടത്തുന്നു. ഒരു ടെലികോം സേവനദാതാവിന്റെ  പൂർണ ശൃംഖല സ്ഥാപിക്കുന്നതിന് തുല്യമാണിത്.  

 

  • ലോക്കോ കവച്: ഇത് പാതകളില്‍ സ്ഥാപിച്ച ആര്‍എഫ്ഐഡി ടാഗുകളുമായി ആശയവിനിമയം നടത്തുകയും ടെലികോം ടവറുകളിലേക്ക് വിവരങ്ങൾ കൈമാറുകയും സ്റ്റേഷൻ കവചിലെ  റേഡിയോ സിഗ്നല്‍ വിവരങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. ട്രെയിനിന്റെ ബ്രേക്കിംഗ് സംവിധാനവുമായും ലോക്കോ കവച് സംയോജിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ബ്രേക്കുകൾ പ്രയോഗിക്കുന്നുണ്ടെന്ന് ഈ സംവിധാനം ഉറപ്പാക്കുന്നു.

 

  • സ്റ്റേഷൻ കവച്: എല്ലാ സ്റ്റേഷനുകളിലും ബ്ലോക്ക് സെക്ഷനുകളിലും ഇത് സ്ഥാപിച്ചിട്ടുണ്ട്. ലോക്കോ കവചിൽ നിന്നും സിഗ്നലിംഗ് സംവിധാനത്തില്‍ നിന്നും ഇത്  വിവരങ്ങൾ സ്വീകരിക്കുകയും ലോക്കോ കവചിന് സുരക്ഷിത വേഗം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.  

(Installation of Station Kavach)

(Station Kavach)

 

  • ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒഎഫ്സി): അതിവേഗ വിവര  കൈമാറ്റത്തിന്  ഈ സംവിധാനങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന പാതകളില്‍ ഒപ്റ്റിക്കൽ ഫൈബർ കേബിളുകള്‍ സ്ഥാപിച്ചിരിക്കുന്നു.

 

  • സിഗ്നലിംഗ് സംവിധാനം: ലോക്കോ കവചുമായും സ്റ്റേഷൻ കവചുമായും ടെലികോം ടവറുകളുമായും സിഗ്നലിംഗ് സംവിധാനത്തെ സംയോജിപ്പിച്ചിരിക്കുന്നു.

 

പാസഞ്ചർ, ഗുഡ്സ് ട്രെയിനുകളുടെ തിരക്കേറിയ ഗതാഗതമടക്കം  റെയിൽവേ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാതെ ഈ സംവിധാനങ്ങൾ സ്ഥാപിക്കുകയും പരിശോധിക്കുകയും സാക്ഷ്യപ്പെടുത്തുകയും വേണം.

 

കവച് പുരോഗതി
 

ക്രമ നമ്പർ

ഇനം

പുരോഗതി

1

ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിച്ചത്

5,856 കി.മീ 

2

ടെലികോം ടവറുകൾ സ്ഥാപിച്ചത് 

619

3

സ്റ്റേഷനുകളിൽ കവച് സ്ഥാപിച്ചത്

708

4

ലോക്കോമോട്ടീവുകളിൽ കവച് സ്ഥാപിച്ചത്

1,107

5

പാത അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചത് 

4,001 ആർ‌കെ‌എം

 

സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇന്ത്യൻ റെയിൽവേ  പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപ നിക്ഷേപിക്കുന്നു. യാത്രക്കാരുടെയും ട്രെയിനുകളുടെയും സുരക്ഷ വർധിപ്പിക്കാന്‍ കൈക്കൊണ്ട  നിരവധി സംരംഭങ്ങളിലൊന്നാണ് കവച്. കൈവരിച്ച പുരോഗതിയും കവച് വിന്യാസത്തിന്റെ വേഗവും  സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.

 

 

********************


(Release ID: 2150467)