പ്രധാനമന്ത്രിയുടെ ഓഫീസ്
‘ഓർഡർ ഓഫ് ദ റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് & ടൊബാഗോ’ ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Posted On:
04 JUL 2025 10:45PM by PIB Thiruvananthpuram
നമസ്കാരം,
ഏവർക്കും സുപ്രഭാതം,
പ്രസിഡന്റ് ക്രിസ്റ്റീൻ കംഗലൂ-ജി,
പ്രധാനമന്ത്രി കമല പ്രസാദ്-ബിസ്സസ്സർ ജി,
വിശിഷ്ടാതിഥികളേ,
എനിക്കു പരമോന്നത ദേശീയ ബഹുമതിയായ ‘ഓർഡർ ഓഫ് ദ റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് & ടൊബാഗോ’ നൽകിയതിനു നിങ്ങൾക്കും നിങ്ങളുടെ ഗവണ്മെന്റിനും ജനതയ്ക്കും ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
ഈ ബഹുമതി നമ്മുടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള ശാശ്വതവും ആഴമേറിയതുമായ സൗഹൃദത്തിന്റെ പ്രതീകമാണ്. 140 കോടി ഇന്ത്യക്കാർക്കുവേണ്ടി, ഏവരുടെയും അഭിമാനം ഉയർത്തിപ്പിടിക്കുന്ന ഈ ബഹുമതി ഞാൻ സ്വീകരിക്കുന്നു.
സുഹൃത്തുക്കളേ,
ഈ ബഹുമതി ആദ്യമായി ഒരു വിദേശ നേതാവിനു നൽകുന്നത്, നമ്മുടെ പ്രത്യേക ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നു. ഈ ബന്ധം നമ്മുടെ പൊതുവായ ചരിത്രത്തിലും സാംസ്കാരിക പൈതൃകത്തിലും വേരൂന്നിയതാണ്.
180 വർഷങ്ങൾക്കുമുമ്പ് ഇന്ത്യയിൽനിന്ന് ഇവിടെ വന്നവർ നമ്മുടെ സൗഹൃദത്തിന്റെ അടിത്തറ പാകി. അവർ വെറുംകൈയോടെയാണു വന്നതെങ്കിലും, അവരുടെ മനസ്സുകൾ ഇന്ത്യൻ നാഗരികത, സംസ്കാരം, വൈവിധ്യം എന്നിവയാൽ സമ്പന്നമായിരുന്നു. അവർ വിതച്ച ഐക്യത്തിന്റെയും സൗഹാർദത്തിന്റെയും വിത്തുകൾ ഇപ്പോൾ ട്രിനിഡാഡ് & ടൊബാഗോയുടെ പുരോഗതിയുടെയും സമൃദ്ധിയുടെയും രൂപത്തിൽ പൂത്തുലയുകയാണ്.
ഇന്ത്യൻ സമൂഹം ഇന്നും നമ്മുടെ പൊതുവായ പാരമ്പര്യങ്ങളും സംസ്കാരവും ആചാരങ്ങളും സംരക്ഷിച്ചുപോരുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. പ്രസിഡന്റ് കംഗലൂ-ജിയും പ്രധാനമന്ത്രി കമല-ജിയും ഈ സമൂഹത്തിന്റെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർമാരാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവിനിമയം ഓരോ ഘട്ടത്തിലും ദൃശ്യമാണ്.
സുഹൃത്തുക്കളേ,
പ്രസിഡന്റ് കംഗലൂവിന്റെ പൂർവികർ വിശുദ്ധ തിരുവള്ളുവരുടെ നാടായ തമിഴ്‌നാട്ടിൽനിന്നുള്ളവരാണ്. ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ്, വിശുദ്ധ തിരുവള്ളുവർ പറഞ്ഞതിങ്ങനെയാണ്:
“പടൈ കുടി കുൽ അമൈച്ചു നട്ട്പരൻ ആറു ഉടൈയാൻ അരസരുൾ ഏറു”
അതിനർഥം ഇതാണ്:- കരുത്തുറ്റ രാഷ്ട്രത്തിന് ആറു കാര്യങ്ങൾ ഉണ്ടായിരിക്കണം: ധൈര്യമുള്ള സൈന്യം, ദേശസ്നേഹികളായ പൗരന്മാർ, വിഭവങ്ങൾ, മികച്ച പ്രതിനിധികൾ, കരുത്തുറ്റ പ്രതിരോധം... ഒപ്പം, എല്ലായ്പോഴും കൂടെയുള്ള സൗഹൃദരാഷ്ട്രങ്ങൾ. ട്രിനിഡാഡ് & ടൊബാഗോ ഇന്ത്യയുടെ വളരെയടുത്ത സുഹൃദ് രാഷ്ട്രമാണ്.
നമ്മുടെ ബന്ധത്തിൽ ക്രിക്കറ്റിന്റെ ആവേശവും ട്രിനിഡാഡ് കുരുമുളകിന്റെ ആസ്വാദ്യതയും ഉൾപ്പെടുന്നു. കാലിപ്സോ താളം തബലയുടെ താളവുമായി ഒത്തുചേരുമ്പോൾ, നമ്മുടെ ബന്ധങ്ങൾ കൂടുതൽ ശ്രുതിമധുരമാകുന്നു. നമ്മുടെ രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ഐക്യം നമ്മുടെ ബന്ധത്തിന്റെ വലിയ ശക്തിയാണ്.
സുഹൃത്തുക്കളേ,
ഈ ബഹുമതിയെ നമ്മുടെ ബന്ധത്തോടുള്ള ഉത്തരവാദിത്വമായും ഞാൻ കാണുന്നു. വളരെയടുത്തതും വിശ്വസനീയവുമായ പങ്കാളി എന്ന നിലയിൽ, ട്രിനിഡാഡ് & ടൊബാഗോയിലെ ജനങ്ങളുടെ നൈപുണ്യവികസനത്തിനും ശേഷിവികസനത്തിനും ഞങ്ങൾ എപ്പോഴും ഊന്നൽ നൽകിയിട്ടുണ്ട്. ഇന്ത്യക്ക്, ട്രിനിഡാഡ് & ടൊബാഗോ CARICOM-ലെ പ്രധാന പങ്കാളി മാത്രമല്ല, ആഗോളതലത്തിലെ സുപ്രധാന പങ്കാളികൂടിയാണ്.
ഗ്ലോബൽ സൗത്തിനാകെ നമ്മുടെ സഹകരണം നിർണായകമാണ്. രണ്ട് ഊർജസ്വലമായ ജനാധിപത്യരാഷ്ട്രങ്ങൾ എന്ന നിലയിൽ, നമ്മുടെ ജനങ്ങളുടെയും മനുഷ്യവർഗത്തിന്റെയാകെയും ക്ഷേമത്തിനായി ഞങ്ങൾ തുടർന്നും ഒരുമിച്ചു പ്രവർത്തിക്കും.
ശ്രേഷ്ഠരേ,
140 കോടി ഇന്ത്യക്കാരുടെ പേരിൽ, ഈ ബഹുമതിക്കു ഞാൻ വീണ്ടും അഗാധമായ നന്ദി അറിയിക്കുന്നു. എല്ലാ മേഖലകളിലും കൂടുതൽ ഉയരങ്ങൾ കൈവരിക്കാൻ ഈ അംഗീകാരം നമ്മെ തുടർന്നും പ്രചോദിപ്പിക്കും.
വളരെ നന്ദി.
***
SK
(Release ID: 2142884)
Read this release in:
Punjabi
,
Urdu
,
Bengali
,
Assamese
,
Telugu
,
English
,
Hindi
,
Gujarati
,
Odia
,
Tamil
,
Kannada