ആഭ്യന്തരകാര്യ മന്ത്രാലയം
രാജ്യത്തെ വെള്ളപ്പൊക്ക പ്രതിരോധ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയില്‍ ന്യൂഡൽഹിയിൽ ഉന്നതതല യോഗം
2014-ൽ കാലാവസ്ഥാ ശാസ്ത്ര രംഗത്ത് ഇന്ത്യ ഏറെ പിന്നിലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇന്ന് വികസിത രാജ്യങ്ങള്‍ക്കൊപ്പം; ഇനി നാം ഒന്നാമതെത്തണം
Posted On:
10 JUN 2025 8:17PM by PIB Thiruvananthpuram
രാജ്യത്തെ വെള്ളപ്പൊക്ക പ്രതിരോധ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയില്‍ ന്യൂഡൽഹിയിൽ ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ വെള്ളപ്പൊക്ക ഭീഷണി ലഘൂകരിക്കാന്‍ സ്വീകരിച്ചുവരുന്ന ദീർഘകാല നടപടികളും കഴിഞ്ഞ വർഷത്തെ യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങളിൽ കൈക്കൊണ്ട നടപടികളും കേന്ദ്ര ആഭ്യന്തര മന്ത്രി വിലയിരുത്തി.
വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏജൻസികള്‍ സ്വീകരിച്ച പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും അവയുടെ ശൃംഖല വിപുലീകരിക്കുന്നത് സംബന്ധിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി യോഗത്തിൽ ചർച്ച ചെയ്തു. വെള്ളപ്പൊക്ക നിയന്ത്രണത്തിനും ജലവിഭവ നിര്‍വഹണത്തിനും കേന്ദ്ര ഏജൻസികൾ ബഹിരാകാശ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ദുരന്തനിവാരണ സംവിധാനം 'ദുരന്തരഹിത സമീപന'വുമായി മുന്നോട്ടു പോകുകയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളുമായും (എസ്ഡിഎംഎ) ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുമായും (ഡിഡിഎംഎ) ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയ്ക്ക് (എൻഡിഎംഎ) നിർദേശം നല്‍കിയ ശ്രീ അമിത് ഷാ വെള്ളപ്പൊക്ക പ്രതിരോധത്തിന് എൻഡിഎംഎ പുറപ്പെടുവിക്കുന്ന ഉപദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു. സംസ്ഥാനങ്ങളുമായി പൂർണ ഏകോപനത്തോടെ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ എൻഡിഎംഎയോടും എൻഡിആർഎഫിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളപ്പൊക്ക പ്രവചനങ്ങളുടെയും നിര്‍ദേശങ്ങളുടെയും സമയപരിധി വർധിപ്പിച്ചതില്‍ കേന്ദ്ര ജല കമ്മീഷനെയും (സിഡബ്ല്യുസി) കേന്ദ്ര കാലാവസ്ഥാ വകുപ്പിനെയും (ഐഎംഡി) അഭിനന്ദിച്ച ആഭ്യന്തര മന്ത്രി പ്രവചനങ്ങളുടെ കൃത്യത മെച്ചപ്പടുത്തുന്നത് സംബന്ധിച്ച് പ്രത്യേകം പരാമര്‍ശിച്ചു. സിഡബ്ല്യുസിയുടെ വെള്ളപ്പൊക്ക നിരീക്ഷണ കേന്ദ്രങ്ങൾ രാജ്യത്തിന്റെ ആവശ്യകതകൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസൃതമായിരിക്കണമെന്ന് ശ്രീ ഷാ പറഞ്ഞു. മഞ്ഞുമലകള്‍ രൂപപ്പെടുന്നത് സൂക്ഷ്മമായി നിരീക്ഷിക്കാനും ഏതെങ്കിലും തരത്തില്‍ പൊട്ടിത്തെറിയുണ്ടാകുന്ന സാഹചര്യത്തില്‍ സമയബന്ധിത നടപടികൾ സ്വീകരിക്കാനും ജലശക്തി മന്ത്രാലയത്തോടും എൻഡിഎംഎയോടും ദേശീയ റിമോട്ട് സെൻസിംഗ് കേന്ദ്രത്തോടും (എൻആർഎസ്‌സി) ശ്രീ ഷാ നിർദേശിച്ചു.
സംസ്ഥാന - ജില്ലാ പാതകളിലടക്കം ഏകീകൃത രൂപകല്‍പന ഉറപ്പാക്കാനും കനത്ത മഴയില്‍ റോഡുകളിലെ വെള്ളക്കെട്ട് നേരിടാൻ റോഡ് നിർമാണ രൂപകൽപനയുടെ അവിഭാജ്യ ഘടകമായി ദേശീയപാതകളിലെ ഓവുചാല്‍ സംവിധാനം മാറ്റാനും റോഡ് ഗതാഗത - ദേശീയപാത മന്ത്രാലയവും (എംഒആര്‍ടിഎച്ച്) ദേശീയപാത അതോറിറ്റിയും (എന്‍എച്ച്എഐ) സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആഭ്യന്തര മന്ത്രി എടുത്തുപറഞ്ഞു. കൂടാതെ വെള്ളപ്പൊക്ക പ്രതിരോധ തയ്യാറെടുപ്പിനും ലഘൂകരണത്തിനുമായി കേന്ദ്ര ഏജൻസികളും സംസ്ഥാനങ്ങളും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ എന്‍ഡിഎംഎ ഏകോപിപ്പിക്കണം.
നർമദ നദീതട മേഖലയിലെ വനവിസ്തൃതി വർധിപ്പിക്കുന്നതിന് ഊന്നൽ നൽകിയ ആഭ്യന്തര മന്ത്രി ഈ പരീക്ഷണം വിജയിച്ചാൽ മറ്റ് നദീതട മേഖലകളിലും സമാന ശ്രമങ്ങൾ നടത്തുമെന്ന് വ്യക്തമാക്കി. നദീതടം പുനരുജ്ജീവിപ്പിക്കാനും മണ്ണൊലിപ്പ് കുറയ്ക്കാനും മേഖലയിൽ മഴ കുറയുന്നതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിലും ഉത്തർപ്രദേശിലും ശക്തമായ വെള്ളപ്പൊക്ക പ്രതിരോധ നടപടികൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ വഴികള്‍ തേടണമെന്നും ശ്രീ അമിത് ഷാ പറഞ്ഞു.
നഗരപ്രദേശങ്ങളിൽ കൂടിവരുന്ന വെള്ളപ്പൊക്കത്തെ പരാമർശിച്ച ആഭ്യന്തരമന്ത്രി നഗരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് ആവശ്യമായ സമയബന്ധിത നടപടികൾ സ്വീകരിക്കാനും വന്‍കിട നഗരങ്ങളിലെ വെള്ളപ്പൊക്ക പ്രതിരോധത്തിന് സമഗ്ര പദ്ധതികള്‍ ആവിഷ്ക്കരിക്കാനും എല്ലാ കേന്ദ്ര ഏജൻസികൾക്കും നിർദേശം നൽകി. കാലവര്‍ഷ സമയത്ത് കുറഞ്ഞ സമയത്തിലുണ്ടാകുന്ന കനത്ത മഴയുടെ സാഹചര്യം നേരിടാൻ തണ്ണീർത്തട പുനരുജ്ജീവനത്തിന്റെയും വനവൽക്കരണത്തിന്റെയും പ്രാധാന്യം ശ്രീ ഷാ എടുത്തുപറഞ്ഞു. ബ്രഹ്മപുത്ര നദീതടത്തിലെ തണ്ണീർത്തടങ്ങളുടെ പുനരുജ്ജീവനവും വനവല്‍ക്കരണ നടപടികളും വിപുലീകരിക്കാന്‍ ജലശക്തി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയ ശ്രീ ഷാ വെള്ളപ്പൊക്ക പ്രതിരോധത്തിനും സാമ്പത്തിക - വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഏറെ പ്രധാനമാണെന്നും വ്യക്തമാക്കി.
ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയും (എൻഡിഎസ്‌എ) ഐഎംഡിയും എൻആർഎസ്‌സി ഉൾപ്പെടെ മറ്റു വകുപ്പുകളും സംയുക്തമായി വെള്ളപ്പൊക്കവും ബഹിരാകാശവുമടക്കം വിവിധ തലങ്ങള്‍ ചർച്ച ചെയ്യാൻ വിദഗ്ധരെ ക്ഷണിച്ച് സമ്മേളനം സംഘടിപ്പിക്കാനും ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചു. 2014 ൽ കാലാവസ്ഥാ ശാസ്ത്ര രംഗത്ത് ഏറെ പിന്നിലായിരുന്ന ഇന്ത്യ ഇന്ന് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്നുവെന്നും ഇനി നാം ഒന്നാമതെത്തണമെന്നും ശ്രീ ഷാ പറഞ്ഞു.
യോഗത്തിൽ ഐഎംഡി, സിഡബ്ല്യുസി ഉൾപ്പെടെ വകുപ്പുകൾ വിശദമായ അവതരണങ്ങൾ നടത്തി. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്ക അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി നൽകിയ നിർദേശങ്ങളിൽ സ്വീകരിച്ച നടപടികള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും യോഗത്തില്‍ വിശദീകരിച്ചു. നിലവിലെ കാലവര്‍ഷ തയ്യാറെടുപ്പ് സംബന്ധിച്ചും ഭാവി പ്രവർത്തന പദ്ധതിയെക്കുറിച്ചും അവർ കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിച്ചു. വകുപ്പുകളുടെ തയ്യാറെടുപ്പുകളിൽ സംതൃപ്തി പ്രകടിപ്പിച്ച ആഭ്യന്തര മന്ത്രി അതിതീവ്ര കാലാവസ്ഥ സാഹചര്യങ്ങളെ നേരിടാൻ പ്രത്യേക സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളുടെയും സംഭാവനയോടെ ഏകോപിച്ച് പ്രവർത്തിക്കാൻ അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേതൃത്വത്തിൽ വെള്ളപ്പൊക്കത്തിന്റെയും മറ്റ് പ്രകൃതി ദുരന്തങ്ങളുടെയും ആഘാതം കുറയ്ക്കാന്‍ കൈക്കൊള്ളുന്ന തയ്യാറെടുപ്പുകള്‍ക്ക് ശ്രീ അമിത് ഷാ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നു. വര്‍ഷംതോറും വെള്ളപ്പൊക്ക പ്രതിരോധ തയ്യാറെടുപ്പ് നടപടികൾ അവലോകനം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം ഐഎംഡിയും സിഡബ്ല്യുസിയും മഴ - വെള്ളപ്പൊക്ക മുൻകൂർ പ്രവചനങ്ങള്‍ 3 ദിവസത്തിൽ നിന്ന് 7 ദിവസത്തേക്ക് വർധിപ്പിക്കുകയും ഉഷ്ണതരംഗ പ്രവചന മാനദണ്ഡങ്ങള്‍ വിപുലീകരിക്കുകയും ചെയ്തതടക്കം നിരവധി സംരംഭങ്ങൾ ഏറ്റെടുത്തു.
കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി.ആർ. പാട്ടീൽ, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കു പുറമെ നദീ വികസന - ഗംഗാ പുനരുജ്ജീവനം, ഭൗമശാസ്ത്രം, പരിസ്ഥിതി, വന - കാലാവസ്ഥാ വ്യതിയാനം, റോഡ് ഗതാഗത - ദേശീയ പാത എന്നീ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സെക്രട്ടറിമാർ, റെയിൽവേ ബോർഡ് ചെയർപേഴ്‌സൺ, എൻ.ഡി.എം.എ അംഗങ്ങളും വകുപ്പ് മേധാവികളും, എൻ.ഡി.ആർ.എഫിന്റെയും ഐ.എം.ഡി.യുടെയും ഡയറക്ടർ ജനറൽമാർ, എൻ.എച്ച്.എ.ഐ., സി.ഡബ്ല്യു.സി. ചെയർമാൻമാർ, എൻ.ആർ.എസ്.സി.യിലെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
(Release ID: 2135553)
Read this release in:
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali-TR
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada