പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025ലെ റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു
നമ്മുടെ വൈവിധ്യപൂർണമായ രാജ്യത്തിന്റെ ഏറ്റവും വൈവിധ്യമാർന്ന മേഖലയാണു വടക്കുകിഴക്കൻ മേഖല: പ്രധാനമന്ത്രി
നമ്മെ സംബന്ധിച്ചിടത്തോളം, EAST എന്നാൽ ശാക്തീകരിക്കൽ (Empower), പ്രവർത്തിക്കൽ (Act), കരുത്തേകൽ (Strengthen), പരിവർത്തനം ചെയ്യൽ (Transform) എന്നാണർഥം: പ്രധാനമന്ത്രി
വടക്കുകിഴക്കൻ മേഖലയെ അതിർത്തിമേഖലയായി മാത്രം കണ്ടിരുന്ന കാലമുണ്ടായിരുന്നു; ഇന്നത് ‘വളർച്ചയുടെ മുന്നണിപ്പോരാളി’യായി മാറുകയാണ്: പ്രധാനമന്ത്രി
വടക്കുകിഴക്കൻ മേഖല വിനോദസഞ്ചാരത്തിനുള്ള സമ്പൂർണ പാക്കേജാണ്: പ്രധാനമന്ത്രി
ഭീകരതയോ അശാന്തി പരത്തുന്ന മാവോയിസ്റ്റ് ഘടകങ്ങളോ ഏതുമാകട്ടെ, അതിനെല്ലാമെതിരെ നമ്മുടെ ഗവണ്മെന്റ് സഹിഷ്ണുതാരഹിതനയമാണു പിന്തുടരുന്നത്: പ്രധാനമന്ത്രി
ഊർജം, സെമികണ്ടക്ടറുകൾ തുടങ്ങിയ മേഖലകളിൽ വടക്കുകിഴക്കൻ മേഖല പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയാണ്: പ്രധാനമന്ത്രി
Posted On:
23 MAY 2025 12:57PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു നടന്ന റൈസിങ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി 2025 (Rising North East Investors Summit 2025) ഉദ്ഘാടനം ചെയ്തു. പരിപാടിയിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും ഹൃദയപൂർവം സ്വാഗതം ചെയ്ത പ്രധാനമന്ത്രി, വടക്കുകിഴക്കൻ മേഖലയുടെ ഭാവിയിൽ അഭിമാനവും ഊഷ്മളതയും വലിയ ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഭാരത് മണ്ഡപത്തിൽ അടുത്തിടെ നടന്ന അഷ്ടലക്ഷ്മി മഹോത്സവം അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ പരിപാടി വടക്കുകിഴക്കൻ മേഖലയിലെ നിക്ഷേപത്തിന്റെ ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ അവസരങ്ങളെ ചുറ്റിപ്പറ്റിയുള്ള ആവേശം പ്രതിഫലിപ്പിക്കുന്നതാണ് ഉച്ചകോടിയിൽ വ്യവസായ പ്രമുഖരുടെ ശ്രദ്ധേയമായ സാന്നിധ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന ഗവണ്മെന്റുകളും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആശംസകൾ നേർന്ന പ്രധാനമന്ത്രി, നോർത്ത് ഈസ്റ്റ് റൈസിങ് സമ്മിറ്റിനെ പ്രശംസിച്ച്, മേഖലയുടെ തുടർച്ചയായ വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു.
ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന രാഷ്ട്രമെന്ന ഇന്ത്യയുടെ പദവി ചൂണ്ടിക്കാട്ടി, “നമ്മുടെ വൈവിധ്യപൂർണമായ രാഷ്ട്രത്തിലെ ഏറ്റവും വൈവിധ്യമാർന്ന മേഖലയാണു വടക്കുകിഴക്കൻ മേഖല” എന്നു ശ്രീ മോദി പറഞ്ഞു. വ്യാപാരം, പാരമ്പര്യം, തുണിത്തരങ്ങൾ, വിനോദസഞ്ചാരം എന്നിവയിലുടനീളമുള്ള വിശാലമായ സാധ്യതകൾ അദ്ദേഹം ഉയർത്തിക്കാട്ടി. വൈവിധ്യമാണു വടക്കുകിഴക്കൻ മേഖലയുടെ ഏറ്റവും വലിയ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. അഭിവൃദ്ധി പ്രാപിക്കുന്ന ജൈവസമ്പദ്‌വ്യവസ്ഥ, മുള വ്യവസായം, തേയില ഉൽപ്പാദനം, പെട്രോളിയം, കായികമേഖല, വൈദഗ്ധ്യം എന്നിവയ്ക്കും പാരിസ്ഥിതിക വിനോദസഞ്ചാരത്തിനുമുള്ള വളർന്നുവരുന്ന കേന്ദ്രമായി വടക്കുകിഴക്കൻ മേഖല മാറുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജൈവ ഉൽപ്പന്നങ്ങൾക്കു വഴിയൊരുക്കുന്ന മേഖലയാണിതെന്നും ഊർജത്തിന്റെ ശക്തികേന്ദ്രമായി ഇവിടം നിലകൊള്ളുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൃദ്ധിയും അവസരവും കൊണ്ടുവരുന്ന അഷ്ടലക്ഷ്മിയുടെ ചൈതന്യമാണു വടക്കുകിഴക്കൻ മേഖലയെന്ന് അദ്ദേഹം പറഞ്ഞു. ഈ ശക്തിയോടെ, ഓരോ വടക്കുകിഴക്കൻ സംസ്ഥാനവും നിക്ഷേപത്തിനും നേതൃത്വത്തിനും തയ്യാറാണെന്ന ഉറച്ച പ്രഖ്യാപനമാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ കിഴക്കൻ ഇന്ത്യയുടെ നിർണായക പങ്കിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, വടക്കുകിഴക്കൻ മേഖല അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും വ്യക്തമാക്കി. “നമ്മെ സംബന്ധിച്ച്, EAST എന്നതു ദിശമാത്രമല്ല; മറിച്ച്, കാഴ്ചപ്പാടുകൂടിയാണ്. Empower (ശാക്തീകരിക്കൽ), Act (പ്രവർത്തിക്കൽ), Strengthen (കരുത്തേകൽ), Transform (പരിവർത്തനം ചെയ്യൽ) എന്ന കാഴ്ചപ്പാടാണു വടക്കുകിഴക്കിനെക്കുറിച്ചുള്ള ഞങ്ങളുടെ നയരൂപീകരണത്തിന് ആധാരം” - അദ്ദേഹം പറഞ്ഞു. ഈ സമീപനം കിഴക്കൻ ഇന്ത്യയെ, പ്രത്യേകിച്ചു വടക്കുകിഴക്കൻ മേഖലയെ, ഇന്ത്യയുടെ വളർച്ചാപാതയുടെ കേന്ദ്രത്തിൽ സ്ഥാപിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
കഴിഞ്ഞ 11 വർഷത്തിനിടെ വടക്കുകിഴക്കൻ മേഖല സാക്ഷ്യംവഹിച്ച പരിവർത്തനാത്മക മാറ്റങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. കണക്കുകളിൽ മാത്രമല്ല പുരോഗതിയെന്നും അതു നടപ്പാക്കലിലൂടെ ദൃഷ്ടിഗോചരമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയുമായുള്ള ഗവണ്മെന്റിന്റെ ഇടപെടൽ നയപരമായ നടപടികൾക്കപ്പുറത്തേക്കു പോകുമെന്നും, അവിടത്തെ ജനങ്ങളുമായി ഹൃദയംഗമമായ ബന്ധം വളർത്തിയെടുക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. കേന്ദ്രമന്ത്രിമാർ 700-ലധികംതവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു നടത്തിയ സന്ദർശനം, ഈ പ്രദേശത്തെ ആഴത്തിൽ മനസ്സിലാക്കാനും, ജനങ്ങളുടെ കണ്ണുകളിലുണ്ടായിരുന്ന പ്രതീക്ഷകൾ കാണാനും, ആ വിശ്വാസം വികസനപദ്ധതികളായി രൂപപ്പെടുത്താനും ഗവണ്മെന്റ് സ്വീകരിച്ച ശ്രമങ്ങളാണ് എന്നദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യപദ്ധതികൾ കല്ലും സിമന്റും മാത്രമല്ല, വൈകാരികബന്ധത്തിനുള്ള പാലമാണെന്നും അദ്ദേഹം പറഞ്ഞു. ‘കിഴക്കിലേക്കു നോക്കുക’ എന്നതിൽനിന്നു ‘കിഴക്കിനായി പ്രവർത്തിക്കുക’ എന്ന പ്രായോഗിക സമീപനത്തിലേക്കുള്ള മാറ്റം അദ്ദേഹം ആവർത്തിച്ചു. ഈ മാറ്റം വ്യക്തമായ ഫലങ്ങൾ നൽകുന്നതായി അദ്ദേഹം പറഞ്ഞു. “വടക്കുകിഴക്കൻ മേഖലയെ അതിർത്തിമേഖലയായി മാത്രം കണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്നതു ‘വളർച്ചയുടെ മുന്നണിപ്പോരാളി’യായി മാറുകയാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദസഞ്ചാര മേഖലയെ ആകർഷകമാക്കുന്നതിലും നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്തുന്നതിലും കരുത്തുറ്റ അടിസ്ഥാനസൗകര്യങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നു പറഞ്ഞ ശ്രീ മോദി, വികസിപ്പിച്ച റോഡുകൾ, വൈദ്യുതിവിതരണസംവിധാനം, ലോജിസ്റ്റിക് ശൃംഖലകൾ എന്നിവ ഏതൊരു വ്യവസായത്തിന്റെയും നട്ടെല്ലാണെന്ന് എടുത്തുപറഞ്ഞു. ഇതു തടസരഹിതവ്യാപാരത്തിനും സാമ്പത്തിക വളർച്ചയ്ക്കും സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ അടിത്തറയാണ് അടിസ്ഥാനസൗകര്യങ്ങളെന്നും വടക്കുകിഴക്കൻ മേഖലയിൽ ഗവണ്മെന്റ് അടിസ്ഥാനസൗകര്യവിപ്ലവം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മേഖലയുടെ മുൻകാല വെല്ലുവിളികളെക്കുറിച്ചു പറഞ്ഞ അദ്ദേഹം, ഇപ്പോൾ ഇത് അവസരങ്ങളുടെ നാടായി മാറുകയാണെന്നും പറഞ്ഞു. അരുണാചൽ പ്രദേശിലെ സേല തുരങ്കം, അസമിലെ ഭൂപെൻ ഹാസാരിക പാലം തുടങ്ങിയ പദ്ധതികൾ ഉദ്ധരിച്ച്, സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുന്നതിനായി ആയിരക്കണക്കിനു കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. 11,000 കിലോമീറ്റർ ഹൈവേകളുടെ നിർമാണം, വിപുലമായ പുതിയ റെയിൽപ്പാതകൾ, വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കൽ, ബ്രഹ്മപുത്ര-ബരാക് നദികളിലെ ജലപാതകളുടെ വികസനം, നൂറുകണക്കിനു മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കൽ എന്നിവയുൾപ്പെടെ കഴിഞ്ഞ ദശകത്തിലെ പ്രധാന പുരോഗതികളും ശ്രീ മോദി എടുത്തുപറഞ്ഞു. വ്യവസായങ്ങൾക്കു വിശ്വസനീയമായ ഊർജവിതരണം ഉറപ്പാക്കുന്ന 1600 കിലോമീറ്റർ നീളമുള്ള വടക്കുകിഴക്കൻ വാതകശൃംഖല സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഹൈവേകൾ, റെയിൽപ്പാതകൾ, ജലപാതകൾ, ഡിജിറ്റൽ വിനിമയക്ഷമത എന്നിവയെല്ലാം വടക്കുകിഴക്കൻ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾക്കു കരുത്തേകുന്നുണ്ടെന്നും, വ്യവസായങ്ങൾക്കു പുതിയ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലുമുള്ള മത്സരക്ഷമത കൈവരിക്കുന്നതിനു സാഹചര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. അടുത്ത ദശകത്തിൽ, മേഖലയുടെ വ്യാപാരസാധ്യത ഗണ്യമായി വർധിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ASEAN രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരം നിലവിൽ ഏകദേശം 125 ശതകോടി ഡോളറാണെന്നും വരുംവർഷങ്ങളിൽ ഇത് 200 ശതകോടി ഡോളറിൽ അധികമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വടക്കുകിഴക്കൻ മേഖല തന്ത്രപ്രധാനമായ വ്യാപാരമാർഗമായും ASEAN വിപണികളിലേക്കുള്ള കവാടമായും മാറും. പ്രാദേശിക സമ്പർക്കസൗകര്യം വർധിപ്പിക്കുന്നതിനായി അടിസ്ഥാനസൗകര്യ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു. മ്യാൻമറിൽനിന്നു തായ്‌ലൻഡിലേക്കു നേരിട്ടു പ്രവേശനം നൽകുന്നതും, തായ്‌ലൻഡ്, വിയറ്റ്നാം, ലാവോസ് എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതുമായ ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ത്രിരാഷ്ട്ര ഹൈവേയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ ശ്രീ മോദി, കൊൽക്കത്ത തുറമുഖത്തെ മ്യാൻമറിന്റെ സിറ്റ്‌വെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന കലാദൻ ബഹുതല ഗതാഗത പദ്ധതി വേഗത്തിലാക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ എടുത്തുകാട്ടി. ഇതു മിസോറമിലൂടെയുള്ള പ്രധാന വ്യാപാരപാതയായിരിക്കും. ഈ പദ്ധതി പശ്ചിമ ബംഗാളിനും മിസോറമിനും ഇടയിലുള്ള യാത്രാദൂരം ഗണ്യമായി കുറയ്ക്കും. വ്യാപാരവും വ്യാവസായിക വളർച്ചയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുവാഹാട്ടി, ഇംഫാൽ, അഗർത്തല എന്നിവ ബഹുതല ലോജിസ്റ്റിക്സ് ഹബ്ബുകളായി വികസിപ്പിക്കുന്നതിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, മേഘാലയയിലും മിസോറമിലും ലാൻഡ് കസ്റ്റം സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് അന്താരാഷ്ട്ര വ്യാപാര അവസരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. ഈ പുരോഗതികൾ ഇൻഡോ-പസഫിക് രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ വടക്കുകിഴക്കൻ മേഖലയെ വളർന്നുവരുന്ന ശക്തിയായി മാറ്റുന്നുവെന്നും നിക്ഷേപത്തിനും സാമ്പത്തിക വളർച്ചയ്ക്കും പുതിയ പാത തുറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ആരോഗ്യ-ക്ഷേമ പരിഹാരദാതാവാകാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിന് അടിവരയിട്ട പ്രധാനമന്ത്രി, ‘ഇന്ത്യയിൽ രോഗശാന്തി’ സംരംഭം ആഗോളപ്രസ്ഥാനമായി വികസിപ്പിക്കുകയാണെന്നു പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സമ്പന്നമായ ജൈവവൈവിധ്യം, സ്വാഭാവിക പരിസ്ഥിതി, ജൈവ ജീവിതശൈലി എന്നിവ എടുത്തുകാട്ടിയ അദ്ദേഹം, ക്ഷേമത്തിന് അനുയോജ്യമായ കേന്ദ്രം എന്നാണ് ഈ മേഖലയെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ‘ഹീൽ ഇൻ ഇന്ത്യ’ ദൗത്യത്തിന്റെ നിർണായകഘടകമായി വടക്കുകിഴക്കൻ മേഖലയെ അനാവരണം ചെയ്യാൻ നിക്ഷേപകരോടു പ്രധാനമന്ത്രി അഭ്യർഥിച്ചു. പ്രദേശത്തിന്റെ കാലാവസ്ഥയും പാരിസ്ഥിതിക വൈവിധ്യവും ക്ഷേമത്തിൽ അധിഷ്ഠിതമായ വ്യവസായങ്ങൾക്കു വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു.
സംഗീതം, നൃത്തം, ആഘോഷങ്ങൾ എന്നിവയുമായുള്ള ആഴത്തിലുള്ള ബന്ധത്തിന് ഊന്നൽ നൽകി, വടക്കുകിഴക്കൻ മേഖലയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ശ്രീ മോദി എടുത്തുകാട്ടി. ആഗോളസമ്മേളനങ്ങൾ, സംഗീതക്കച്ചേരികൾ, ഉദ്ദിഷ്ടസ്ഥാന വിവാഹങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ ഇടമാണിതെന്നും, ഇതെല്ലാം സമ്പൂർണ വിനോദസഞ്ചാരപാക്കേജായി ഈ മേഖലയെ മാറ്റുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വികസനം വടക്കുകിഴക്കിന്റെ എല്ലാ കോണുകളിലും എത്തുമ്പോൾ, വിനോദസഞ്ചാരത്തിൽ അതിന്റെ ഗുണപരമായ സ്വാധീനം പ്രകടമാണെന്നും സന്ദർശകരുടെ എണ്ണം ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവ വെറും കണക്കുകൾ മാത്രമല്ലെന്നും ഈ കുതിച്ചുചാട്ടം ഗ്രാമങ്ങളിൽ ഹോംസ്റ്റേകളുടെ വർധനയ്ക്കും യുവ ഗൈഡുകൾക്കു പുതിയ തൊഴിലവസരങ്ങൾക്കും, വിനോദസഞ്ചാര ആവാസവ്യവസ്ഥയുടെ വികാസത്തിനും കാരണമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വടക്കുകിഴക്കൻ വിനോദസഞ്ചാരത്തെ കൂടുതൽ ഉയർത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി വിശദീകരിച്ചു. പാരിസ്ഥിതിക വിനോദസഞ്ചാരത്തിലും സാംസ്കാരിക വിനോദസഞ്ചാരത്തിലുമുള്ള വിപുലമായ നിക്ഷേപ സാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനവും ക്രമസമാധാനപാലനവുമാണ് ഏതൊരു പ്രദേശത്തിന്റെയും വികസനത്തിന് ഏറ്റവും നിർണായക ഘടകങ്ങളെന്ന് ആവർത്തിച്ച്, “ഭീകരതയ്ക്കും കലാപത്തിനും എതിരെ നമ്മുടെ ഗവണ്മെന്റിന്റേതു സഹിഷ്ണുതാരഹിത നയമാണ്” എന്നു ശ്രീ മോദി പറഞ്ഞു. വടക്കുകിഴക്കൻ മേഖല ഒരുകാലത്ത് ഉപരോധങ്ങളുടെയും സംഘർഷങ്ങളുടെയും നാടായിരുന്നുവെന്നും അത് അവിടത്തെ യുവാക്കളുടെ അവസരങ്ങളെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാന കരാറുകൾക്കായുള്ള ഗവണ്മെന്റിന്റെ തുടർച്ചയായ ശ്രമങ്ങൾ അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ 10-11 വർഷത്തിനിടെ 10,000-ത്തിലധികം യുവാക്കൾ ആയുധങ്ങൾ ഉപേക്ഷിച്ചു സമാധാനത്തിന്റെ പാതയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഈ മാറ്റം മേഖലയിൽ പുതിയ തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും തുറന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ ലക്ഷക്കണക്കിനു യുവാക്കൾക്ക് ആയിരക്കണക്കിനു കോടി രൂപയുടെ സാമ്പത്തിക സഹായം നൽകിയ മുദ്ര പദ്ധതിയുടെ സ്വാധീനം ശ്രീ മോദി എടുത്തുപറഞ്ഞു. ഭാവിക്കു സജ്ജമായ കഴിവുകൾ വികസിപ്പിക്കാൻ യുവാക്കളെ സഹായിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കുകിഴക്കൻ മേഖലയിലെ യുവാക്കൾ ഇന്റർനെറ്റ് ഉപയോക്താക്കൾ മാത്രമല്ല, വളർന്നുവരുന്ന ഡിജിറ്റൽ നൂതനാശയ വിദഗ്ധരാണെന്നും അദ്ദേഹം പറഞ്ഞു. 13,000 കിലോമീറ്ററിലധികം ഒപ്റ്റിക്കൽ ഫൈബർ വികസനം, 4G-5G വിന്യാസം, സാങ്കേതിക മേഖലയിലെ വളർന്നുവരുന്ന അവസരങ്ങൾ തുടങ്ങിയ മുന്നേറ്റങ്ങൾ അദ്ദേഹം വിശദീകരിച്ചു. “വടക്കുകിഴക്കൻ മേഖലയിലെ യുവ സംരംഭകർ ഇപ്പോൾ പ്രദേശത്തുതന്നെ വലിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നു. ഇത് ഇന്ത്യയുടെ ഡിജിറ്റൽ കവാടം എന്ന നിലയിൽ വടക്കുകിഴക്കൻ മേഖലയുടെ പങ്കിനു കരുത്തേകുന്നു.” - അദ്ദേഹം കൂട്ടിച്ചേർത്തു.
വളർച്ചയെ മുന്നോട്ട് നയിക്കുന്നതിലും മികച്ച ഭാവി ഉറപ്പാക്കുന്നതിലും നൈപുണ്യ വികസനത്തിന്റെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വിദ്യാഭ്യാസത്തിലും നൈപുണ്യ വികസന സംരംഭങ്ങളിലും കേന്ദ്ര ഗവണ്മെന്റ് ഗണ്യമായ നിക്ഷേപം നടത്തുന്നതിനാൽ, വടക്കുകിഴക്കൻ മേഖല ഈ പുരോഗതിക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നുവെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദശകത്തിൽ, വടക്കുകിഴക്കൻ മേഖലയിലെ വിദ്യാഭ്യാസ സംരംഭങ്ങൾക്കായി 21,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 800-ലധികം പുതിയ സ്കൂളുകൾ, മേഖലയിലെ ആദ്യത്തെ എയിംസ്, ഒമ്പത് പുതിയ മെഡിക്കൽ കോളേജുകൾ, രണ്ട് പുതിയ ഐഐഐടികൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന വികസന പ്രവർത്തനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, മിസോറാമിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ കാമ്പസ് സ്ഥാപിച്ചതും മേഖലയിലുടനീളം 200-ഓളം പുതിയ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിച്ചതും അദ്ദേഹം പരാമർശിച്ചു. ഇന്ത്യയിലെ ആദ്യത്തെ കായിക സർവകലാശാല വടക്കുകിഴക്കൻ മേഖലയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, ഖേലോ ഇന്ത്യ പരിപാടിയുടെ കീഴിൽ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ട് ഖേലോ ഇന്ത്യ മികവിന്റെ കേന്ദ്രങ്ങളും 250-ലധികം ഖേലോ ഇന്ത്യ സെന്ററുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് മേഖലയിലുടനീളം കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ മികച്ച പ്രതിഭകളെ വടക്കുകിഴക്കൻ മേഖല ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുവെന്നും, ഈ മേഖലയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താൻ വ്യവസായങ്ങളും നിക്ഷേപകരും മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ജൈവ ഉത്പന്നങ്ങൾക്കുള്ള ആഗോള ആവശ്യം വർധിച്ചുവരുന്നതിനെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി ലോകത്തിലെ എല്ലാ തീൻമേശകളിലും ഒരു ഇന്ത്യൻ ഭക്ഷ്യ ബ്രാൻഡ് ഉണ്ടാകണമെന്നാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ നിർണായക പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിൽ വടക്കുകിഴക്കൻ മേഖലയിലെ ജൈവകൃഷിയുടെ വ്യാപ്തി ഇരട്ടിയായി. ഉയർന്ന ഗുണമേന്മയുള്ള ചായ, കൈതച്ചക്ക, ഓറഞ്ച്, നാരങ്ങ, മഞ്ഞൾ, ഇഞ്ചി എന്നിവ ഈ മേഖലയിൽ ഉത്പാദിപ്പിക്കുന്നു. ഈ ഉത്പന്നങ്ങളുടെ മികച്ച രുചിയും ഗുണമേന്മയും അന്താരാഷ്ട്ര തലത്തിൽ ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജൈവ ഭക്ഷ്യ കയറ്റുമതിയുടെ പ്രധാന ചാലകശക്തിയായിമാറാനുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാധ്യതകളെ തിരിച്ചറിഞ്ഞുകൊണ്ട്, വളരുന്ന ഈ വിപണി മുതലെടുക്കാൻ അദ്ദേഹം പങ്കാളികളെ പ്രോത്സാഹിപ്പിച്ചു.
വടക്കുകിഴക്കൻ മേഖലയിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയെ അടിവരയിട്ടുകൊണ്ട്, മെച്ചപ്പെട്ട കണക്റ്റിവിറ്റി ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനൊപ്പം മെഗാ ഫുഡ് പാർക്കുകൾ വികസിപ്പിക്കുന്നതിനും, കോൾഡ് സ്റ്റോറേജ് ശൃംഖലകൾ വികസിപ്പിക്കുന്നതിനും, ടെസ്റ്റിംഗ് ലാബ് സൗകര്യങ്ങൾ ഒരുക്കുന്നതിനും കൂടുതൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ മണ്ണും കാലാവസ്ഥയും പാം ഓയിൽ കൃഷിക്ക് വളരെ അനുയോജ്യമാണെന്ന് ഓയിൽ പാം മിഷൻ ആവിഷ്കരിച്ചതിനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഈ സംരംഭം കർഷകർക്ക് നല്ല വരുമാനം നേടിക്കൊടുക്കുകയും, ഭക്ഷ്യ എണ്ണ ഇറക്കുമതിയിലുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുകയും ചെയ്യും. പാം ഓയിൽ കൃഷി വ്യവസായങ്ങൾക്ക് ഒരു പ്രധാന അവസരം നൽകുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ ഇത്തരം കാർഷിക സാധ്യതകൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.
"ഊർജ്ജം, അർദ്ധചാലകങ്ങൾ എന്നീ രണ്ട് തന്ത്രപ്രധാന മേഖലകൾക്ക് വടക്കുകിഴക്കൻ മേഖല ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ഉയർന്നുവരുന്നു" ശ്രീ മോദി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുടനീളം ജലവൈദ്യുതിയും സൗരോർജ്ജവും ലക്ഷ്യമിട്ടുള്ള വിപുലമായ ഗവണ്മെന്റ് നിക്ഷേപങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇതിനോടകം ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്ലാന്റുകളിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം നടത്താൻ അവസരങ്ങളുണ്ട്. അതുകൂടാതെ, സോളാർ മൊഡ്യൂളുകൾ, സെല്ലുകൾ, എന്നിവയുടെ നിർമ്മാണത്തിലും സംഭരണ മാർഗ്ഗങ്ങൾ, ഗവേഷണം എന്നിവയിലും വലിയ സാധ്യതകളുണ്ട്. ഈ മേഖലകളിൽ പരമാവധി നിക്ഷേപം നടത്തേണ്ടത് പ്രധാനമാണ്. ഇന്ന് കൂടുതൽ സ്വയംപര്യാപ്തത നേടുന്നത് ഭാവിയിൽ വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ അസമിന്റെ വർദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ചും ശ്രീ മോദി പരമശിച്ചു. വടക്കുകിഴക്കൻ ആസ്ഥാനമായുള്ള സെമികണ്ടക്ടർ പ്ലാന്റിൽ നിന്നുള്ള ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ചിപ്പ് ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് ഈ മേഖലയ്ക്ക് ഒരു പ്രധാന നാഴികക്കല്ലാണ്. ഈ വികസനം അത്യാധുനിക സാങ്കേതികവിദ്യക്കുള്ള സാധ്യതകൾ തുറക്കുകയും, ഇന്ത്യയുടെ ഹൈടെക് വ്യവസായ വളർച്ചയിൽ വടക്കുകിഴക്കൻ മേഖലയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യും.
"റൈസിംഗ് നോർത്ത് ഈസ്റ്റ്, ഒരു നിക്ഷേപക ഉച്ചകോടി മാത്രമല്ല - അത് ഒരു പ്രസ്ഥാനവും പ്രവർത്തനത്തിലേക്കുള്ള ആഹ്വാനവുമാണ്", വടക്കുകിഴക്കൻ മേഖലയുടെ പുരോഗതിയിലൂടെയും സമൃദ്ധിയിലൂടെയും ഇന്ത്യയുടെ ഭാവി പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ചടങ്ങിൽ സന്നിഹിതരായിരുന്ന ബിസിനസ്സ് നേതാക്കളിൽ പ്രധാനമന്ത്രി പൂർണ്ണ വിശ്വാസം പ്രകടിപ്പിക്കുകയും വളർച്ചയെ മുന്നോട്ട് നയിക്കുന്നതിൽ ഒത്തൊരുമിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, വടക്കുകിഴക്കൻ മേഖലയുടെ സാധ്യതകളുടെ പ്രതീകമായ അഷ്ടലക്ഷ്മിയെ വികസിത ഭാരതത്തിനായുള്ള വഴികാട്ടിയായി മാറ്റുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ അദ്ദേഹം പങ്കാളികളോട് ആഹ്വാനം ചെയ്തു. അടുത്ത റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടിയാകുമ്പോഴേയ്ക്കും ഇന്ത്യ വളരെയധികം മുന്നേറിയിരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേന്ദ്ര, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ, മണിപ്പൂർ ഗവർണർ ശ്രീ അജയ് കുമാർ ഭല്ല, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, മിസോറാം മുഖ്യമന്ത്രി ശ്രീ കോൺറാഡ് സാങ്മ, നാഗാലാൻഡ് മുഖ്യമന്ത്രി ശ്രീ ലാൽദുഹോമ, സിക്കിം മുഖ്യമന്ത്രി ശ്രീ നെയ്ഫിയു റിയോ, ത്രിപുര മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാങ്, കേന്ദ്ര വടക്കുകിഴക്കൻ മേഖലാ വികസന സഹമന്ത്രി ശ്രീ മണിക് സാഹ, കേന്ദ്ര വടക്കുകിഴക്കൻ മേഖലാ വികസന സഹമന്ത്രി ഡോ. സുകാന്ത മജുംദാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
വടക്കുകിഴക്കൻ മേഖലയെ അവസരങ്ങളുടെ ഭൂമികയായി ഉയർത്തിക്കാട്ടുക, ആഗോള, ആഭ്യന്തര നിക്ഷേപങ്ങളെ ആകർഷിക്കുക, പ്രധാന പങ്കാളികളെയും നിക്ഷേപകരെയും നയരൂപീകരണവിദഗ്ധരെയും ഒരൊറ്റ വേദിയിൽ ഒരുമിച്ച് കൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ "റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി" ഉദ്ഘാടനം ചെയ്തു.
മെയ് 23-24 തീയതികളിൽ, കേന്ദ്ര ഗവണ്മെന്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സജീവ സഹകരണത്തോടെ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ഉച്ചകോടിയാണ് റൈസിംഗ് നോർത്ത് ഈസ്റ് നിക്ഷേപക ഉച്ചകോടി. റോഡ്‌ഷോകൾ, സംസ്ഥാനതല ചർച്ചാവേദികൾ, അംബാസഡർ മീറ്റ്, ബൈലാറ്ററൽ ചേംബേഴ്സ് മീറ്റ് തുടങ്ങിയ ഉച്ചകോടിക്ക് മുന്നോടിയായുള്ള വിവിധ പ്രവർത്തനങ്ങളുടെ പരിസമാപ്തിയാണിത്.
മന്ത്രിതല സെഷനുകൾ, ബിസിനസ്-ടു-ഗവൺമെന്റ് സെഷനുകൾ, ബിസിനസ്-ടു-ബിസിനസ് മീറ്റിംഗുകൾ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപ പ്രോത്സാഹനത്തിനായി സംസ്ഥാന ഗവൺമെന്റും കേന്ദ്ര മന്ത്രാലയങ്ങളും സ്വീകരിച്ച നയങ്ങളുടെയും അനുബന്ധ സംരംഭങ്ങളുടെയും പ്രദർശനങ്ങൾ എന്നിവ ഉച്ചകോടിയുടെ ഭാഗമാണ്.
നിക്ഷേപ പ്രോത്സാഹനത്തിന്റെ പ്രധാന ശ്രദ്ധാ മേഖലകളിൽ ടൂറിസം, ഹോസ്പിറ്റാലിറ്റി, കാർഷിക-ഭക്ഷ്യ സംസ്കരണം, അനുബന്ധ മേഖലകൾ; തുണിത്തരങ്ങൾ, കൈത്തറി, കരകൗശല വസ്തുക്കൾ; ആരോഗ്യ സംരക്ഷണം; വിദ്യാഭ്യാസം, നൈപുണ്യ വികസനം; വിവരസാങ്കേതികവിദ്യ അല്ലെങ്കിൽ വിവരസാങ്കേതികവിദ്യ അധിഷ്ഠിത സേവനങ്ങൾ; അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്സും; ഊർജ്ജം; വിനോദവും കായികവും എന്നിവ ഉൾപ്പെടുന്നു.
***
SK
(Release ID: 2130720)
Read this release in:
Bengali-TR
,
Odia
,
Khasi
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada