യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് (KIBG) കായിക മേഖലയുടെ പരിവര്‍ത്തനാത്മക ശക്തിയെ പ്രതിഫലിപ്പിക്കുന്നു, ഒരു പുതിയ അദ്ധ്യായം കൂട്ടിച്ചേര്‍ത്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ഗെയിംസ് ആരംഭിച്ചതായി പ്രഖ്യാപിച്ചു

Posted On: 20 MAY 2025 8:45AM by PIB Thiruvananthpuram
കായിക മേഖലയുടെ 'പരിവര്‍ത്തനാത്മക ശക്തിയെ' കുറിച്ചും ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് രാജ്യത്തിന്റെ കായിക ചരിത്രത്തിലെ നിര്‍ണ്ണായക മുഹൂര്‍ത്തമായി എങ്ങനെ മാറിയെന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിങ്കളാഴ്ച എടുത്തുപറഞ്ഞിരുന്നു . ദാദ്ര, നാഗര്‍ഹവേലി, ദാമന്‍, ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെയും ഗെയിംസ് സംഘാടകർക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍, ബീച്ച് ഗെയിസ് ഇന്ത്യയുടെ കായിക കലണ്ടറില്‍ ഒരു തരംഗം സൃഷ്ടിക്കുന്നതിന് പര്യാപ്തമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
 


 
ഖേലോ ഇന്ത്യ ബീച്ച് ഗെയിംസിന്റെ വേദിയായി ദിയുവിനെ തെരഞ്ഞെടുത്തത് ' ഉചിതമായി' എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ' സൂര്യന്‍, മണല്‍, വെള്ളം എന്നിവയുടെ സംയോജനം, ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നമ്മുടെ തീരദേശ പൈതൃകത്തെ പ്രഘോഷിക്കുകയും ചെയ്യുന്നു' എന്നു പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ' തിരകള്‍ തീരങ്ങളിലടിക്കുകയും, അത്‌ലറ്റുകള്‍ മാറ്റുരയ്ക്കുകയും ചെയ്യുന്നു. ഇന്ത്യ ഒരു പുതിയ അദ്ധ്യായം രചിക്കുകയാണ്' എന്നും കൂട്ടിച്ചേര്‍ത്തു.

വികസിച്ചുകൊണ്ടിരിക്കുന്ന ഖേലോ ഇന്ത്യ കുടക്കീഴില്‍ ആദ്യമായി നടക്കുന്ന ബീച്ച് ഗെയിംസ്, തിങ്കളാഴ്ച ദിയുവില്‍ ഗെയിംസ് വേദിയായ ഘോഗ്ല ബീച്ചില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഖേലോ ഇന്ത്യാ ബീച്ച് ഗെയിംസില്‍ 30-ലധികം സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 1350-ലധികം അത്‌ലറ്റുകള്‍ ഒത്തു ചേരുന്നു. മെയ് 24ന്, ഗെയിംസ് അവസാനിക്കുമ്പോള്‍, അത്‌ലറ്റുകള്‍ ആറു മെഡല്‍ ഇനങ്ങളില്‍ മാറ്റുരച്ചിട്ടുണ്ടാകും-സോക്കര്‍, വോളിബോള്‍, സെപാക്തക്രോ (കിക്ക് വോളിബോള്‍), കബഡി, പെന്‍ചക്‌സിലാത്ത് (അയോധനകല), ഓപ്പണ്‍ വാട്ടര്‍ സ്വിമ്മിംഗ്. മല്ലകാമ്പ (പ്രത്യേക ഇനം ഗുസ്തി), വടംവലി എന്നിവ പ്രദര്‍ശന മത്സരങ്ങളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ബീച്ച് സോക്കറോടെയായിരുന്നു തിങ്കളാഴ്ച മത്സരങ്ങള്‍ ആരംഭിച്ചത്.


 
' നമ്മുടേതുപോലുള്ള വൈവിധ്യപൂര്‍ണ്ണമായ ഒരു രാജ്യത്ത്, സംസ്‌കാരങ്ങളെയും പ്രാദേശികതയെയും ഭാഷകളെയും ഒന്നിപ്പിക്കുന്ന ഒരു സവിശേഷ ശക്തിയാകാന്‍ കായിക വിനോദങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കഴിഞ്ഞിട്ടുണ്ട്. വിനോദത്തിനുമപ്പുറം പോകുന്ന സ്‌പോര്‍ട്‌സിന്റെ ഊര്‍ജ്ജസ്വലത, നമ്മുടെ യുവാക്കളുടെ ദേശാഭിമാനത്തിന്റെയും അഭിലാഷങ്ങളുടെയും പ്രതീകമായ പരിവര്‍ത്തനാത്മക ശക്തിയായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഖേലോ ഇന്ത്യ ബീച്ച് ഗെയിംസിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്,' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
 


 
ഇന്ത്യയുടെ പരമ്പരാഗത നൃത്തരൂപങ്ങളുടെ അതിശയകരമായ വൈവിധ്യത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടു മനോഹരമായി തയ്യാറാക്കിയ ഉദ്ഘാടന ചടങ്ങില്‍ ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദിയു, ലക്ഷദ്വീപ് എന്നിവയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ പ്രഫുല്‍ പട്ടേല്‍, പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ കെ. കൈലാസനാഥന്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളുയെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അഡ്മിറല്‍ ഡി.കെ. ജോഷി എന്നിവരുള്‍പ്പടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

' നമ്മള്‍ ഇന്ന് ഒരു കായിക പരിപാടി ഉദ്ഘാടനം ചെയ്യുക മാത്രമല്ല, ഇന്ത്യയിലെ ആദ്യത്തെ ബിച്ച് സ്‌പോര്‍ട്‌സ് വിപ്ലവത്തിനു തുടക്കം കുറിക്കുകയും ചെയ്യുന്നു! തിരമാലകളുള്ളിടത്ത് അഭിനിവേശവും, മണല്‍പ്പരപ്പുകളില്‍ ഉത്സാഹത്തിന്റെ അഗ്നിയും ഉണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു-ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് ഇന്നു നമ്മുടെ എല്ലാം ഹൃദയങ്ങളില്‍ ആ അഗ്നി ജ്വലിപ്പിച്ചിരിക്കുന്നു,' ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ' മോദി ഗവണ്‍മെന്റിനു കീഴില്‍, ഞങ്ങള്‍ ഔപചാരികമായി മാത്രമല്ല പരിപാടികള്‍ സംഘടിപ്പിക്കുന്നത്-ഞങ്ങള്‍ ഒരു ദൗത്യത്തിലാണ്. ഈ ദൗത്യം സ്‌പോര്‍ട്‌സിനെ ജോലിയുമായി ബന്ധിപ്പിക്കുന്നു.  ഒരു വികസിത ഭാരതത്തിന്, യുവാക്കള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ഉറപ്പുള്ള പാതയാണ് ഖേലോ ഇന്ത്യ.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖേലോ ഇന്ത്യ ആഭ്യന്തര കലണ്ടറില്‍ കൂടുതല്‍ ഗെയിമുകള്‍ ചേര്‍ത്തിട്ടുണ്ടെന്നു പറഞ്ഞ ഡോ. മന്‍സുഖ് മാണ്ഡവ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങള്‍, മികച്ച പരിശീലന സൗകര്യങ്ങള്‍, കായികതാരങ്ങളെ പിന്തുണയ്ക്കുന്ന നടപടികള്‍ എന്നിവയിലൂടെ കായിക സാഹചര്യങ്ങളെ ഉത്തേജിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് എടുത്തുകാട്ടി. 'ആഭ്യന്തര കായിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഏതുനിലവാരത്തിലുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ പ്രാപ്തമാണെന്നുമുള്ള ശക്തമായ സന്ദേശം ലോകത്തിനു നല്‍കുന്നതിനുള്ള' ഒരു മാര്‍ഗ്ഗമാണ് പുതിയെ ഗെയിംസെന്ന് ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ഖേലോ ഇന്ത്യ ബീച്ച് ഗെയിംസിനെ ' നിസാരമായി' കാണരുതെന്നു ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ' ബീച്ച് വോളിബോള്‍ പോലുള്ള കായിക വിനോദങ്ങള്‍ ഒരു ഹോബി എന്ന നിലയില്‍ മാത്രമല്ല യുവാക്കളെ ആകര്‍ഷിക്കുന്നത്, അവര്‍ക്കു തൊഴിലവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇന്ത്യയിലെ ബീച്ചുകളില്‍ ഇത്രയും വിപുലമായ കായിക വിനോദ മത്സരങ്ങള്‍ നടക്കുന്നത് ഇതാദ്യമായാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഫിറ്റ്‌നസ് ബോധമുള്ള ഒരു രാഷ്ട്രമായി മാറുകയാണെന്നും കായിക സംസ്‌കാരം “പുതിയ ശീലം” ആയി മാറിയെന്നും ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്രഭരണ പ്രദേശത്തോടുള്ള സര്‍ക്കാരിന്റെ ശക്തമായ പ്രതിബദ്ധതയും അദ്ദേഹം എടുത്തു പറഞ്ഞു.

ഖോലോ ഇന്ത്യ ബീച്ച് ഗെയിംസ് 2025 നെക്കുറിച്ച് കൂടുതല്‍ അറിയാന്‍:  https://beach.kheloindia.gov.in/

ഖോലോ ഇന്ത്യ ബീച്ച് ഗെയിംസ് 2025 മെഡല്‍ നിലയ്ക്ക്: https://beach.kheloindia.gov.in/medal-tally

ഖോലോ ഇന്ത്യ ബീച്ച് ഗെയിംസിനെക്കുറിച്ച്

ഖേലോ ഇന്ത്യ ബാനറില്‍ നടത്തുന്ന ആദ്യത്തെ ബീച്ച് ഗെയിംസാണിത്. ഖോലോ ഇന്ത്യ പദ്ധതിക്കു കീഴില്‍ കായിക മത്സരത്തിന്റെ പ്രതിഭാ വികസനത്തിന്റെയും ഭാഗമായി 2025 മെയ് 19 മുതല്‍ മെയ് 24 വരെ , കേന്ദ്രഭരണ പ്രദേശമായി ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍, ദിയു എന്നിവിടങ്ങളിലാണ് ഗെയിംസ് നടക്കുന്നത്. ബീച്ച് കായിക വിനോദങ്ങലെ പ്രോത്സാഹിപ്പിക്കുന്നതിനും ബീച്ച് ഗെയിംസിന്റെ വ്യാപ്തിയും ജനപ്രീതിയും വര്‍ദ്ധിപ്പിക്കുന്നതിനും ഈ സംരഭം ലക്ഷ്യമിടുന്നു. ഈ പതിപ്പില്‍ ആറു മെഡല്‍ ഇനങ്ങള്‍:
സോക്കര്‍, വോളിബോള്‍, സെപാക്തക്രോ, കബഡി, പെന്‍ചക്‌സിലാത്ത്, ഓപ്പണ്‍ വാട്ടര്‍ സ്വിമ്മിംഗ്. പ്രദര്‍ശന മത്സരങ്ങള്‍:മല്ലകാമ്പ , വടംവലി എന്നിവ ദിയുവില്‍ നടക്കും.
 
******************

(Release ID: 2129814)